Pages

▼

Sunday, August 18, 2013

അവര്‍ പാഠ്യപദ്ധതി വിലയിരുത്തിയപ്പോള്‍

കോന്നിയില്‍ 27/07/2013 വിദ്യാഭ്യാസശില്പശാല നടന്നു. ലക്ഷ്യങ്ങള്‍ പുതിയപാഠ്യപദ്ധതി അനുഭവങ്ങള്‍ മുന്‍വിധി കൂടാതെ പങ്കിടുക .മികവുകള്‍ ശക്തിപ്പെടുത്തുക. പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയായിരുന്നു.
മുപ്പതോളം അധ്യാപകരെ ക്ഷണിച്ചു. ഇരുപത്തിയെട്ടു പേര്‍ വന്നു.
അനുഭവം പങ്കിടലിങ്ങനെ . മികവുകളാണ് ആദ്യം പങ്കിട്ടത്.
  • പുതിയപാഠ്യപദ്ധതി വരുന്നതിനു മുമ്പുളള അധ്യാപികയാണ് വി ആര്‍ രാജലക്ഷ്മി. ( പ്രമാടം ഗവണ്മെന്റ് എല്‍ പി സ്കൂള്‍) രണ്ടാം ക്ലാസില്‍ പഠിപ്പിക്കുന്നു. പണ്ടത്തെ പഠനരീതി ടീച്ചര്‍ അനുസ്മരിച്ചു. പുസ്തകം മാത്രം പഠിപ്പിച്ചാല്‍ മതി.അധ്യാപിക വായിച്ച് വിശദീകരണം നല്‍കും, എന്നിട്ട് വായിപ്പിക്കും ഏറ്റുവായാനയും നടത്തും.ചോദ്യം എഴുതിക്കൊടുക്കും, അഭ്യാസം ചെയ്യിക്കും, ഉത്തരം പറഞ്ഞു കൊടുക്കും. ബോര്‍ഡില്‍ എഴുതിക്കൊടുക്കും.അവര്‍ പകര്‍ത്തിയെഴുതും. അതിനാല്‍ തെറ്റുകള്‍ കുറവ്. പാഠപുസ്തകത്തിനകത്തു നിന്നുളളവ പകര്‍ത്തിയെഴുതുന്ന ചോദ്യങ്ങളാണ് അഭ്യാസം. . ഇന്നാകട്ടെ സ്വയം വായിച്ചു കണ്ടെത്താന്‍ അവസരം,കുട്ടികള്‍ കൂടുതല്‍ എഴുതുന്നു. സ്വന്തം ആശയമാണ് എഴുതുന്നത്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം..സസ്യങ്ങളുടെ ധാരാളം സവിശേഷതകള്‍ കണ്ടെത്താന്‍ വര്‍ഷയ്ക്കും അരവിന്ദനും കഴിഞ്ഞു. പതിപ്പു നിര്‍മാണം രണ്ടാം ക്ലാസില്‍ പണ്ട് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.
  • അതിരുങ്കല്‍ ഗവണ്മെന്റ് എല്‍ പി സ്കൂളിലെ എം എസ് ദീപടീച്ചര്‍ നാലാം ക്ലാസിലാണ് പഠിപ്പിക്കുന്നത് . ടിച്ചറുടെ അഭിപ്രായം ഇങ്ങനെ- പുതിയ പാഠ്യപദ്ധതിയനുസരിച്ചുളള പഠനപ്രകാരം കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനു സാധിച്ചു. പ്രതികരണശേഷിയുളള കുട്ടികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. വായനയില്‍ താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.ഇംഗ്ലീഷില്‍ സംഭാഷണം, റൈംസ് എന്നിവ കുട്ടികള്‍ക്ക വലിയതെറ്റില്ലാതെ എഴുതുന്നതിനും പൂരിപ്പിക്കുന്നതിനും കഴിയുന്നു.
  • പ്രഥമാധ്യാപിക ശോഭന.:- ഒന്നാം ക്ലാസില്‍ നൂറ്റിപ്പതിമൂന്നു കുട്ടികളും രണ്ടില്‍ നൂറ്റിപ്പതിനാലു കുട്ടികളും മൂന്നില്‍ എഴുപത്തിയാറു പേരും നാലില്‍ എഴുപത്തിരണ്ടുപേരും പഠിക്കുന്നു, കുട്ടികളില്‍ താല്പര്യം . സ്വയംപര്യാപ്തത നേടാന്‍ സഹായകം.യാതൊരുമടിയും പേടിയും കൂടാതെ ഇടപെടല്‍ നടത്തുന്നു. സംഭാഷണം,വിവരണം,കഥ,കവിതാസ്വാദനം എന്നിവ എല്‍പി വിഭാഗത്തില്‍ ഉറപ്പാക്കാന്‍ കഴിയുന്നു.കൂടുതല്‍ വായിക്കാനുളള അവസരം കിട്ടുന്നു.
  • എല്‍ഗ സോളമന്‍ കലഞ്ഞൂര്‍ഗവണ്മെന്റ് എല്‍ പി എസ്..ക്ലാസ് ഒന്ന്. :-പൊതുവേ പ്രതികരണശേഷി കൂടി. ക്ലാസ് മുറിയില്‍ എത്താന്‍ താല്പര്യം. ഇംഗ്ലീഷ് പഠിക്കാന്‍ താല്പര്യം.
  • കലഞ്ഞൂര്‍ഗവണ്മെന്റ് എല്‍ പി എസ് .പി സുജ. ക്ലാസില്‍ നാല്പത് കുട്ടികള്‍. ക്ലാസ് ഒന്ന്.:-കുട്ടികള്‍ അധ്യാപകരുമായി തുറന്നു സംസാരിക്കുന്നു.ഗ്രൂപ്പ് പ്രവര്‍ത്തനം മൂലം പരസ്പരസഹകരണം വര്‍ദ്ധിക്കുന്നു.
  • കലഞ്ഞൂര്‍ഗവണ്മെന്റ് എല്‍ പി എസ് .അമ്പിളി ഗോപാല്‍.ക്ലാസ് രണ്ട്. പത്തൊമ്പത് കുട്ടികള്‍.:-ആത്മവിശ്വാസം സ്വാതന്ത്ര്യം എന്നിവ വര്‍ദ്ധിച്ചിട്ടുണ്ട്.എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം .ഒന്നാം ക്ലാസില്‍ പോകാതെ രണ്ടാം ക്ലാസില്‍ വന്ന ഗംഗ എന്ന കുട്ടിക്കു പോലും നല്ല നിലയില്‍ ആശയവിനിമയം ചെയ്യാന്‍ കഴിയുന്നു.പഠനപ്രവര്‍ത്തനങ്ങളിലും തുടര്‍പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നു.എല്ലാ വിഭാഗക്കാരെയും ഒരു പോലെ പരിഗണിക്കാന്‍ കഴിയുന്നുണ്ട്. അവനവന്റെ കാര്യം മാത്രം നോക്കുന്ന പ്രവണതയില്‍ നിന്ന് ഒരു സമൂഹിക ജീവിയായി മാറുന്ന കാഴ്ച ഓരോ പ്രവര്‍ത്തനം നടക്കുമ്പോഴും കാണാന്‍ കഴിയും.
  • ശാന്തമ്മ കെ.ഗവ എല്‍ പി എസ് വളളിക്കോട്. ക്ലാസ് രണ്ട്. പത്തു കുട്ടികള്‍. :-ഭാഷാ പഠനത്തില്‍ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. നല്ല പ്രതികരണശേഷിയുണ്ട്.വായനയില്‍ താല്പര്യം. വായനക്കുറിപ്പെഴുതുന്നു. ആത്മവിശ്വാസത്തോടെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും സഹായകമായ പഠനരീതിയാണ്. ഇംഗ്ലീഷ് ചില യൂണിറ്റുകള്‍ കുട്ടികളുടെ നിലവാരത്തിനപ്പുറത്താണ്. ലേഖനത്തില്‍ പ്രശ്നങ്ങളുണ്ട്.
  • സജിജോണ്‍ നാലാം ക്ലാസധ്യാപിക ഗവ എല്‍ പി എസ് വെട്ടൂര്‍:- .കുട്ടികള്‍ക്കു വായനയോട് താല്പര്യം കൂടി.ഇംഗ്ലീഷിനോട് കൂടുതല്‍ ഇഷ്ടം.ചിന്താശേഷിയും അന്വേഷണതാല്പര്യംവു കൂടി.ഗണിതം ജിവിതവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കാന്‍ കഴിയുന്നു. പക്ഷെ സങ്കീര്‍ണം, സമയക്കുറവ് അനുഭവപ്പെടുന്നു.
  • ഗവണ്മെന്റ് എല്‍ പി എസ് നരിയാപുരത്തെ അധ്യാപികയാണ് സാലിജോഷ് രണ്ടാം ക്ലാസ്:-ഏഴു കുട്ടികള്‍.ആറെണ്ണവും നല്ല മിടുക്കര്‍.എഴുതാനും വായിക്കാനും അറിയും.സ്വന്തമായി കഥ എഴുതാനും സംഭാഷണങ്ങള്‍ എഴുതാനും ചില കുട്ടികള്‍ മികവു കാണിക്കുന്നു. കുറുവാലിയും കിന്നരിയും തമ്മിലുളള സംഭാഷണം മികച്ച നിലവാരത്തില്‍ ആരോമല്‍ എസ് എഴുതി.കറുമ്പിക്കാക്ക തളളിയിട്ടതും മറ്റും സ്വാഭാവികതയുളള ഒന്നാന്തരം സംഭാഷണം.എനിക്കു തോന്നുന്നത് പത്താം ക്ലാസിലെ കുട്ടികള്‍ പോലും ഇങ്ങനെ എഴുതില്ലെന്നാണ്.ഈ വര്‍ഷം വളരെ സംതൃപ്തയാണ്. കണക്ക് കൂട്ടും കുറയ്ക്കും .ഇംഗ്ലീഷ് വായിക്കാനും എഴുതാനും വളരെ താല്പര്യം.അപഗ്രഥനം വേണ്ട രീതിയില്‍ നടക്കുന്നില്ല. സംഖ്യാവ്യാഖ്യാനം ശരിയാകുന്നില്ല. ചിഹ്നങ്ങള്‍ വിട്ടുപോകുന്നു.
  • അനിതകുമാരി എസ് എന്‍ വി എല്‍ പി എസ് വകയാര്‍:- ഇംഗ്ലീഷിലുളള ആശയവിനിമയശേഷി വളരെ വര്‍ധിച്ചു.സര്‍ഗാത്മകതയ്ക്ക് അവസരം. സ്വയം വിലയിരുത്താനും മെച്ചപ്പെടാനും കഴിയുന്നു.തെറ്റു തിരുത്തലിനുളള എഡിറ്റിംഗ് നല്ലതാണ്.നല്ല ഇംഗ്ലീഷ് കേള്‍ക്കുന്നതിനുളള അവസരം കിട്ടണം.നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിവു നേടി. എണ്‍പത്തിയഞ്ചു മുതല്‍ പഠിപ്പിക്കുന്നു .അന്ന് നാലാം ക്ലാസില്‍ ഓറല്‍ മാത്രമായിരുന്നു.പേന കാണിച്ച് ഓണപ്പരീക്ഷക്ക് വാട്ടീസ് ദിസ് എന്നു ചോദിച്ചിരുന്ന അവസ്ഥ.. അതെല്ലാം മാറി. അവതരണശേഷി, ഭാഷാനൈപുണി, വളര്‍ന്നു. ഒരു കുട്ടി, അതിന് ഭാരക്കുറവ്, വീട്ടിലെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചു. സഹായിക്കുന്നു.പലരീതിയിലുളള കുട്ടികള്‍.നിലവാരം കുറവുളള കുട്ടികളെ പരിഗണിച്ച് പ്രത്യേകം ശ്രദ്ധ നല്‍കുന്നു. എഡിറ്റിംഗ് നടത്തുന്നു.
  • ഷീബ. പി.ജി.എസ്‍ എന്‍വിഎല്‍ പി എസ് വകയാര്‍:- ക്ലാസില്‍ ചെന്നാലാദ്യം ഇംഗ്ലീഷ് പഠിക്കണമെന്നാവശ്യപ്പെടുന്നു. അത്രയ്ക്കു താല്പര്യം. ഇംഗ്ലീഷിനോടുളള ഭയം കുറഞ്ഞു.
  • ഗവ എല്‍ പി സ്കൂള്‍ കൂടല്‍ .അധ്യാപിക കല :-കണക്കില്‍ എണ്‍പതു ശതമാനം കുട്ടികള്‍ക്കും രൂപയുമായി ബന്ധപ്പെട്ട പാഠത്തിലെ ശേഷികള്‍ നേടാനായി.സമയപരിമിതി.
  • എന്‍ കെ ലൈജു. ജി എല്‍ പി എസ് കൂടല്‍:- എന്റെ രണ്ടാം ക്ലാസില്‍ പതിനാലു കുട്ടികളുണ്ട്. അഞ്ചു കുട്ടികള്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്നു.അഴര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ടീച്ചേഴ്സ് വേര്‍ഷനേക്കാല്‍ മികച്ചതാണ്.പിന്നാക്കം നില്‍ക്കുന്ന കുട്ടികളുണ്ട്. അവരെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടിയും എഡിറ്റിംഗില്‍ കൂടിയും മെച്ചപ്പെടുത്തുന്നു.
  • പ്രമോദ് കുമാര്‍ യു പി വിഭാഗത്തിലെ സാമൂഹികശാസ്ത്രം അധ്യാപകനാണ്. അദ്ദേഹം പറയുന്നു:-പുതിയ പഠന രീതി കുട്ടിയുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നു.ആനുകാലിക വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നു , പത്രവായന. വായനാഗ്രൂപ്പ് , ക്ലാസില്‍ ചര്‍ച്ച, പാഠ്യവിഷയവുമായി ബന്ധപ്പെട്ടപത്രങ്ങളില്‍ വന്നവ പ്രയോജനപ്പെടുത്തുന്നു. സാമൂഹികവിഷയങ്ങളിലുളള പ്രതികരണങ്ങള്‍,പഠനസാമഗ്രികള്‍ കുട്ടികള്‍ തയ്യാറാക്കല്‍. ഭൂപടെ വ്യവസായങ്ങളള്‍ ഇന്ത്യയില്‍ .പത്തെണ്ണം. ഔട്ട് ലൈന്‍ മാപ്പ് ട്രേസിംഗ് ഷീറ്റില്‍ . സൂപ്പര്‍ ഇംപോസിംഗ്. വ്യാവസായികമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍, പിന്നാക്കാവസ്ഥയുളളവ.പട്ടിക നിര്‍മാണം.മാതൃകാകൃഷിത്തോട്ടം നിര്‍മിച്ചു. മൂല്യബോധം വികസിപ്പിക്കാനാകുന്നു. മാനുഷികമൂല്യങ്ങള്‍ വളരുന്നു.ദരിദ്രരായ കുട്ടികള്‍. പ്രഭാതഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികള്‍.ക്ലാസ് ഗ്രൂപ്പ്.പ്രഭാതപ്പൊതി കൊണ്ടുവരികയും പങ്കിടുകയും ചെയ്ത. ദിവസം പതിന്ഞ‌്ചു കുട്ടികള്‍ക്കു വരെ. അഞ്ഞൂറു കുട്ടികളാണ് ആകെയുളളത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിശാലമാണ്.അതിനേറെ സഹായകമാണ് ഈ പാഠ്യപദ്ധതി. മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ഇവയുണ്ട്.മലയാളം മീഡിയത്തിന്റെ അധ്യാപകസഹായിയാണ് ഉപയോഗിക്കുന്നത്.പാഠ്യപദ്ധതി നല്ലതാണ്. സമീപിക്കുന്ന രീതിയും മനോഭാവവുമാണ് പ്രശ്നം.
നിഗമനങ്ങള്‍
  1. ഓരോ പാഠ്യപദ്ധതി വരുമ്പോഴും പോരായ്മയുണ്ട്. ഇപ്പോഴത്തെ പാഠ്യപദ്ധതിക്കും പ്രശ്നങ്ങള്‍ ഉണ്ട്.പൂര്‍ണതയുളള പാഠ്പദ്ധതി ലോകത്തുണ്ടോ?
  2. പുതിയ പാഠ്യപദ്ധതിക്ക് മികവുകള്‍ ധാരാളം.അത് നിലനിറുത്തണം
  3. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ഗവേഷണ സ്വഭാവത്തോടെയുളള ഇടപെടലുകള്‍ നടത്തണം.
  4. പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ഇവയാണ്. (ചില പരിഹാര സാധ്യതകളും ബ്രാക്കറ്റില്‍ നല്‍കുന്നു)
  • ഭാഷ -ലേഖനത്തില്‍ തെറ്റുകള്‍ വരുന്നു .ചിഹ്നങ്ങള്‍
    വിട്ടുപോകുന്നു..കൂടുതല്‍ എഴുതുമ്പോള്‍ ഓരോ കുട്ടിയുടേയും തിരുത്താന്‍ കഴിയുന്നില്ല. തിരുത്താതെ പോകുന്നതും ശരിയല്ല. ലേഖന പ്രശ്നം പരിഹരിക്കാന്‍ ഒന്നാം ക്ലാസുമുതല്‍ അക്ഷരത്തില്‍ ഊന്നി പഠിപ്പിച്ച അധ്യാപിക അനുഭവം പറഞ്ഞു. വിദ്യാലയത്തിന്റെ തീരുമാനമായിരുന്നു. ഞാന്‍ നാലില്‍ നിന്നും ഒന്നാം ക്ലാസിലേക്കു പോയി, ഒരു വര്‍ഷം കഴിഞ്ഞ് ആ കുട്ടികള്‍ രണ്ടിലെത്തിയപ്പോള്‍ ഞാന്‍ കരഞ്ഞു പോയി, ഫലം നിരാശ. മറ്റൊരു സ്കൂളില്‍ എല്ലാ ക്ലാസിലും കഴിഞ്ഞ വര്‍ഷം അക്ഷമുറപ്പിക്കല്‍ പരിപാടി നടന്നു ( പദപ്പട്ടിക, ആവര്‍ത്തിച്ചെഴുതല്‍, പദനിര്‍മാണം, മുതലായവ )എന്നിട്ടും ഈ വര്‍ഷം പഴയ അവസ്ഥ !എന്താണ് സ്വീകരിക്കാവുന്ന പരിഹാരം? റിപ്പോര്‍ട്ടു ചെയ്തവരാരും ഗ്രൂപ്പ് എഡിറ്റിംഗ് പ്രക്രിയ നിര്‍ദ്ദേശിച്ച പോലെ നടത്തിയിരുന്നില്ല. (പ്രതികരണം-എഡിറ്റിംഗ് വെളളം ചേര്‍ക്കാതെ ഒരു മാസം പരീക്ഷിക്കുന്നതിനു തീരുമാനിക്കുക തെറ്റുകളെ തരംതിരിക്കുക. ഓരോ കുട്ടിയുടേയും പ്രശ്നം മനസിലാക്കി ലേഖനത്തിലെ പിന്തുണാ സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തുക. എഴുതാന്‍ പ്രയാസമുളള കുട്ടി ഉണ്ടെന്ന ധാരണയില്‍ ആസൂത്രണവും ഇടപടെലും നടത്തുക, വ്യക്തിഗത ശ്രദ്ധ. പ്രക്രിയക്കിടയിലെ പരിഹാരബോധനം.രണ്ടാം ക്ലാസിലെ കുട്ടി എഴുതിയ കത്താണ് മുകളില്‍ നല്‍കിയത്. ഒറ്റപ്പെട്ട അക്ഷരവും പദവും എഴുതിക്കാതെ വാക്യങ്ങള്‍ തന്നെ എഴുതിക്കുക. ബോര്‍ഡില്‍ കുട്ടികളുടെ എഴുത്ത് അനുവദിക്കുക. അവരുടെ പ്രശ്നം മനസിലാക്കി സമാന്തര രചന അധ്യാപിക ബോര്‍ഡില്‍ എഴുതി വിശകലനവിധേയമാക്കുക. ഇവ കൂടി വായിക്കുക   ശ്രേഷ്ഠ വിദ്യാലയം ശ്രേഷ്ഠ മലയാളം പദ്ധതി )
  • അക്ഷരങ്ങള്‍ക്ക് ഭംഗിയില്ല.രണ്ടുവര ബുക്കില്‍ എഴുതിയിക്കും.( പ്രതികരണം-ചിത്ര രചനാനുഭവം ക്ലാസില്‍ കുറവ്. ഏകാഗ്രതയോടെ എഴുതാനുളള ആന്തരിക സമ്മര്‍ദ്ദം കുട്ടിക്കില്ല.അക്ഷര വടിവിന് , വ്യക്തതയോടെ എഴുതുന്നതിന് പ്രതിദിന ക്ലാസ് പത്രം, ചുമര്‍മാസിക എന്നിവയുടെ സാധ്യത പരിശോധിച്ചുകൂടേ? നോട്ടീസ് തയ്യാറാക്കല്‍, പരസ്യം തയ്യാറാക്കല്‍, അറിയിപ്പെഴുതല്‍, ആശംസാകാര്‍ഡ്..  എന്നിവയില്‍ ആകര്‍ഷകവും ഭംഗിയും വ്യക്തതയും മാനദണ്ഡമാക്കിക്കൂടേ?ലേ ഔട്ട് , ലിപിവിന്യാസം എന്നിവയുടെ മനോഹാരിത കാണണം.  )
  • രക്ഷിതാക്കള്‍ക്ക് പകര്‍ത്തെഴുത്ത്, കേട്ടെഴുത്ത് ഇവ വേണമെന്ന നിര്‍ബന്ധം ഉളളതിനാല്‍ അവ കൂടി ചെയ്യിക്കുന്നു.( പ്രതികരണം- കവിതകള്‍ പകര്‍ത്തിയെഴുതട്ടെ. ഒറ്റ വര ബുക്കില്‍ മനോഹരമായി. എന്റെ മധുരമലയാളം ബുക്ക്. മനോഹരമായ പ്രയോഗങ്ങളും ചൊല്ലുകളും ശൈലികളും കഥാഭാഗങ്ങളും ഒക്കെയാകാമല്ലോ?അതെങ്ങനെ .കടുവയെ പിടിച്ച കിടുവ- ഇതിനെ ആസ്പദമാക്കി കഥ എഴുതാം.കഥകളുടെ പുനരാവിഷ്കാരം, ക്ലാസ് പ്രവര്‍ത്തന ‍ഡോക്യുമെന്റേഷന്‍ (ജനാധിപത്യവാദിയായ അധ്യാപകന്‍ ക്ലാസ് വിലയിരുത്താന്‍ .. വായിക്കുക) .കേട്ടെഴുതാനുളള കഴിവ് വളര്‍ത്തണം. തത്സമയക്കുറിപ്പെടുക്കാനും മിനിറ്റസ് തയ്യാറാക്കാനും അനുവദിക്കാം. പ്രസക്തമായവ മാത്രം എഴുതുന്നതിനുളള പരിശീലനം കിട്ടണം. ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുമ്പോഴും കുട്ടിക്ക് പ്രധാനപ്പെട്ടതും ഇഷ്ടപ്പെട്ടതും എഴുതാമല്ലോ. അതു ക്ലാസില്‍ പ്രോസസ് ചെയ്യാം.വാര്‍ത്തകള്‍ റേഡിയോ, ടി വി എന്നിവയില്‍ നിന്നും തത്സമയം കേട്ടെഴുതിയെടുത്ത് അടുത്ത ദിവസം ക്ലാസില്‍ അവതരിപ്പിക്കാമല്ലോ. യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്?)
  • കണ്ടെത്തിക്കൊണ്ടുവരാന്‍ പറയുന്നത് വീട്ടിലെ സാഹചര്യം കുറവുളളവര്‍ക്ക് കഴിയുന്നില്ല. മഴപ്പന്തല്‍.. രണ്ടുപേര്‍ ചെയ്തില്ല.( പ്രതികരണം- ചെയ്യാതെ വരാന്‍ സാധ്യതയുളളവ മുന്‍കൂട്ടിക്കാണണം. വിദ്യാലയത്തില്‍ പകല്‍ മഴയളക്കല്‍ നടത്താമായിരുന്നു. അളക്കാനുളള ശേഷി ഈ കുട്ടികള്‍ക്കും കിട്ടണം. മറ്റുളളവരുടെ ദത്തങ്ങള്‍ ദിനം പ്രതി ക്ലാസില്‍ അവതരിപ്പിച്ച് ഈ കുട്ടികളുടെ പട്ടികാനിര്‍മാണത്തിനു ഉപയോഗിക്കണം. വിവരങ്ങള്‍ ലഭ്യമായാല്‍ പട്ടിക സ്വയം അപഗ്രഥിക്കാനാകും. പ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടം ചെയ്യാനായില്ലെങ്കില്‍ അതു മറികടക്കാനുളള ആലോചന നടത്തുകയാണ് വേണ്ടത്. ഗണിതത്തിലെ ഉദാഹരണം നോക്കൂ പാര്‍വതി അച്ഛന്റെ ഡയറി വായിച്ചതെന്തിന്?..(CEE -Par... )
  • മലയാളത്തില്‍ ആസ്വാദനക്കുറിപ്പ് തയ്യാറാക്കാന്‍ പ്രയാസം നേരിടുന്നു. ( കഴിഞ്ഞ എല്‍ എസ് എസ് അധ്യാപകര്‍ക്കുളള മാര്‍ഗരേഖ പരിശോധിക്കുക)
  • ഇംഗ്ലീഷ് -നിലവാരം കൂടുതല്‍. പാഠപുസ്തകപരിഷ്കാരം ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചെയ്തതിനാലാകും. ( പാഠങ്ങള്‍ മാറ്റണം. അതുവരെ അനുരൂപീകരിക്കുക. )
  • ഒന്നാം ക്ലാസില്‍ ഇംഗ്ലീഷില്‍ ആഖ്യാനം പലപ്പോഴും വിരസമാകുന്നു. ( ആഖ്യാനം അവതരിപ്പിക്കാന്‍ പരിശീലനം ആവശ്യം.നല്‍കുന്ന ആഖ്യാനം ആസ്വാദ്യകരമായ അനുഭവമാകുന്നില്ലെങ്കില്‍ അത് കേവലം സംഭവവിവരണം മാത്രമാണ്.ആസ്വാദ്യകരമായ ആഖ്യാനം വികസിപ്പിക്കുക മാത്രമേ വഴിയുളളൂ. നല്ല ധാരണയുളളവര്‍ക്കേ നല്ല അധ്യാപകസഹായി തയ്യാറാക്കാനാകൂ.)
  • ഇംഗ്ലീഷില്‍ ആത്മഗതം എഴുതാനും പ്രയാസം. ആത്മഗതം എഴുതാന് നിര്‍ബന്ധിക്കേണ്ടതില്ല.മറ്റുളളവയ്ക്ക് അവസരം കൊടുക്കൂ.
  • ഗ്രാഫിക് റീഡിംഗ് നടത്തുന്നതു കൊണ്ട് കുറെ ഭാഗം കാണാതെ പഠിച്ച് വായിക്കുന്നു.(പ്രതികരണം-  ഗ്രാഫുകള്‍ വിശകലനം ചെയ്യാനവസരം കിട്ടണം.പുതിയ സന്ദര്‍ഭത്തില്‍ പ്രയോഗിക്കാനും കണ്ടെത്താനും തിരിച്ചറിയാനും അവസരം. ബിഗ് പിക്ചറില്‍ ചിത്രീകരിക്കാന്‍ അനുവദിക്കാം.രംഗത്തിന്റെ പടം വരക്കാം .അടിക്കുറിപ്പ് ,ശീര്‍ഷകം, സംഭാഷണം,ലേബല്‍ എന്നിവ പടത്തില്‍ ചേര്‍ക്കാനും അത് പരിചയപ്പെട്ട പ്രധാന ഗ്രാഫുകള്‍ പ്രയോജനപ്പെടുത്തുന്ന വിധമാവുകയും വേണം. പുനരനുഭവം.കുട്ടിയുടെ നിറയുന്ന ബുക്ക്  വിഭാവനം ചെയ്യണം.കുട്ടിയുടെ ഗ്രാഫെഴുത്തിനെ ശരിവരമൊഴിയിലാക്കുക.യൂണിറ്റ് കഴിയുമ്പോള്‍ കുട്ടിയുടെ ചിത്രകഥാ പുസ്തകമായി ബുക്ക് മാറണം. ചിത്രകഥയില്‍ ചിലപ്പോള്‍ ഒറ്റപ്പെട്ട വാക്കുകളും മുറിവാക്യങ്ങളും പൂര്‍ണവാക്യങ്ങളുമൊക്കെ തുടക്കത്തില്‍ അനുവദിക്കാം.ഈ സന്ദര്‍ഭം ഉണര്‍ത്തിയ ഓര്‍മകളും ചിന്തകളും ഉപയോഗിച്ച്  മൈന്‍ഡ് മാപ്പിംഗ് നടത്തിക്കാം.കുട്ടി ഭാഷയ്ക്കായി ആന്തരിക സമരത്തിലേര്‍പ്പെടുമ്പോള്‍ അധ്യാപികയ്ക്ക് സംഭാവനചെയ്യാം. ക്ലാസിലെ തെളിവുകളെ ചൂണ്ടിക്കാട്ടാം. ആശയഭൂപടം ക്ലാസില്‍ രൂപപ്പെടുത്താം. ഇതു കൂടി വായിക്കുക ആന്ധ്രപ്രദേശത്ത് നിന്നും പഠിക്കാനുണ്ട്  )
  • ഭാഷാ പഠനത്തില്‍ വായന ചിലര്‍ക്ക് കാണാപാഠ വായനയാകുന്നു .  
  • പരിസരപഠനം-പട്ടിക അപഗ്രഥനവും നിഗമനവും.നിഗമനത്തിലെത്തിച്ചേരാന്‍ കഴിയുന്നില്ല. (പ്രതികരണം-പൊതുവായി ഒരു അപഗ്രഥനപ്രക്രിയ നടക്കണം. എന്താണ് അപഗ്രനം എന്ന വാക്കു കൊണ്ട് രണ്ടാം ക്ലാസിലെയും മൂന്നിലേയു കുട്ടികള്‍ മനസിലാക്കുക? ഈ പട്ടികയില്‍ പലതരം ബന്ധങ്ങളുണ്ട്. ചില കാര്യങ്ങള്‍ നോക്കിയാല്‍ സമാനത കാണാം. പൊതുവായിട്ടുളളതെന്തെല്ലാമാണ്? സാമനതകളില്ലാത്തവ ഏതെല്ലാമാണ്? ഇങ്ങനെ പട്ടികയോടു ചോദിക്കാവുന്ന ചോദ്യങ്ങള്‍ പരിചയപ്പെടലും വികസിപ്പിക്കലും നടക്കണം. ഗ്രൂപ്പില്‍ പട്ടികാപഗ്രഥനം പങ്കിടുമ്പോഴും ഘട്ടം ഘട്ടമായി നിര്‍ദ്ദേശങ്ങള്‍ നല്‍കണം. എന്തൊക്കെ കാര്യങ്ങള്‍ ഈ പട്ടികയില്‍ നിന്നും നിങ്ങള്‍ മറ്റുളളവരോടു പറയും? അതു കണ്ടെത്തിയോ? എന്തെങ്കിലും പ്രത്യേകതകള്‍ കൂടൂതല്‍ കുറവ് ഒരേ പോലെയഉളളത് കണ്ടെത്താനായോ? എങ്കില്‍ അങ്ങനെയുളളവ എല്ലാവരും കണ്ടെത്തിയോ? വേറിട്ടു നില്‍ക്കുന്ന കാര്യങ്ങളുണ്ടോ? അതു കണ്ടെത്തിയവരു പങ്കിടൂ. ഇങ്ങനെ അപഗ്രഥനശേഷി ഗ്രൂപ്പില്‍ വികസിപ്പിക്കണം.)
  • കണക്ക്- തുടര്‍ച്ചയായി പാഠഭാഗങ്ങളില്‍ വരുന്നില്ല. പാഠപുസ്തകത്തില്‍ കുറെ പ്രവര്‍ത്തനങ്ങള്‍ കൂടി വേണം..(പ്രതികരണം-ഗണിതത്തിലാണ് ഈ നിര്‍ദ്ദേശം. സമയക്കുറവിനെക്കുറിച്ചും പരാതിയുളളവരാണ് .രണ്ടും കൂടി പൊരുത്തപ്പെടുത്തണം. നിലവില്‍ത്തന്നെ സാധ്യതയേറയുണ്ട് പ്രയോജനപ്പെടുത്തുമോ?( ഉദ്ഗ്രഥനക്ലാസിലെ ഗണിത വെച്ച് ഉദാഹണം നല്‍കാം.)
  • സംഖ്യാവ്യാഖ്യാനം ശരിയാകുന്നില്ല. ( എന്തു ചെയ്യാം?)
  • കുട്ടികള്‍ കുറവായതിനാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ചെയ്യാന്‍ പ്രയാസം. ( പ്രതികരണം-അഞ്ചില്‍ താഴെ മാത്രം കുട്ടികളഉളള ക്ലാസില്‍ മൂന്നു വീതം ടീച്ചറുള്‍പ്പടെ രണ്ടു ഗ്രൂപ്പ്.അതിനും കഴിയില്ലെങ്കില്‍ മശയ്ക് ചുറ്റും പഠനക്കൂട്ടം. അതിലൊന്ന് അധ്യാപിക. ഗ്രൂപ്പ് പങ്കിടലില്‍ അധ്യാപികയും കുട്ടിക്കൊപ്പം. മെച്ചപ്പെടുത്തിയെഴുതലിലടക്കം. കുട്ടികളുടെ എണ്ണക്കുറവ് അനുഗ്രഹമാക്കുക.)
  • പിന്നാക്കക്കാരെ വേണ്ടത്ര മുന്നോക്കമെത്തിക്കാന്‍ കഴിയുന്നില് (ക്ലാസിലെ പിന്നാക്ക പരിഗണന ആസൂത്രണക്കുറിപ്പ് എത്തിക്കാം)
  • ഓരോ പ്രവര്‍ത്തനത്തിനും കൂടുതല്‍ സമയം ആവശ്യമാണ് ( കൂടുതല്‍ സമയമെടുത്ത് പ്രാതിന്ധ്യസ്വഭാവത്തോടെ പ്രധാനശേഷികള്‍ മനസില്‍ വെച്ച് കുറച്ച് പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്യുകസംതൃപ്തി അനുഭവിക്കുക നേട്ടം ആഘോഷിക്കുക..ബാക്കി സ്വയം പഠനപ്രവര്‍ത്തനമാക്കുക)
അവസാന പ്രതികരണങ്ങള്‍
എസ് എന്‍ വി എല്‍ പി എസ് വകയാര് - ഇംഗ്ലീഷ് പഠിപ്പിക്കുന്നു.ആത്മവിശ്വാസം വന്നു. നിരാശ ഒട്ടുമില്ല. തന്റേടത്തോടെ ക്ലാസെടുക്കാന്‍ കഴിയുന്നു. നറേഷന്‍ അവതരിപ്പിക്കുമ്പോള്‍ നല്ല പ്രതികരണം. താല്പര്യം. ഡി പി ഇ പി കാലം മുതല്‍ പഠിപ്പിച്ചു വരുന്നു. എസ് എസ് എ വന്നതില്‍ നല്ല മാറ്റം. 
ശോഭനടീച്ചര്‍ -നമ്മുടെ അധ്യാപകരില്‍ തന്നെയാണ് പ്രശ്നം. കഷ്ടപ്പെടാനുളള മനസില്ല. നമ്മുടേതായതെല്ലാം കഴിഞ്ഞ് പരിഹരിക്കാന്‍ മാത്രം ശ്രമം.
പുതിയ രീതിയോടുളള ചില അധ്യാപകരുടെ സമീപനം മാറണം. അധ്യാപക പരിശീലനത്തില്‍ പാകപ്പിഴകളുണ്ട്.
മറ്റൊരു അധ്യാപിക-  വീട്ടില്‍ ശ്രദ്ധകിട്ടാത്ത കുട്ടികളാണ് തൊണ്ണൂറ്റിയേഴു ശതമാനം പേരും. തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊണ്ടു വരുന്നവര്‍ പരിമിതമായ എണ്ണം മാത്രം.പാഠഭാഗത്തോടൊപ്പെ അഭ്യാസം നല്‍കുന്നത് രക്ഷിതാക്കള്‍ക്ക് പാഠ്യപദ്ധതിയില്‍ പങ്കാളിത്തം നല്‍കാന്‍ സഹമായിക്കും. രക്ഷിതാക്കളില്‍ നിന്ന് പാഠ്യപദ്ധതി അകന്നു പോയത് വലിയൊരു പോരായ്മയാണ്.
  • ഇത് ജനകീയമായ വിലയിരുത്തലാണ്. ഇത്തരം വിലയിരുത്തല്‍ നടത്തി മുന്നോട്ടുളള ദിശ തീരുമാനിക്കാന്‍ കഴിവില്ലാതെ വരുമ്പോഴാണ് നാം തളളിപ്പറഞ്ഞ് ഒളിച്ചോടുക.
  •  നന്മ തേടുക തടസ്സങ്ങളെ ആശയവ്യക്തത കൊണ്ടു മറികടക്കുക. അതിനാകണം പാഠ്യപദ്ധതി ശില്പശാലകളും സെമിനാറുകളും നടത്തേണ്ടത്. ആ നിലക്ക് കോന്നി നല്ല തുടക്കമായിരുന്നു. ഇനിയും അവര്‍ കൂടും ഒക്ടോബറില്‍. 
  • ഇത്തരം മനസുതുറന്നുളള ശില്പശാലകള്‍ എനിക്കേറെ പ്രിയം. കാരണം വളരാനും പഠിക്കാനും അന്വേഷിക്കാനും അതു വാതില്‍ തുറന്നിടുന്നു.
അനുബന്ധം
ഇതാണ് ഇപ്പോഴും ഒരു വിഭാഗം അധ്യാപകര്‍ക്ക് പ്രിയം. ഓര്‍മയുണ്ടാകണം ഇത്തരം പ്രക്രിയ.
1
What is this?
This is a pencil
What is this ?
This is a pen 
2
അധ്യാപികയുടെ മാതൃകാവായന
ഏറ്റു വായന
ഏതാനും കുട്ടികളുടെ വായന
ചോദ്യങ്ങള്‍ക്കുത്തരം എഴുതുക
പാഠഭാഗം നാലു തവണ പകര്‍ത്തിയെഴുതുക
പാഠഭാഗത്തുളള അഭ്യാസ ചോദ്യങ്ങള്‍ക്കുത്തമെഴുതുക
3
ഓണം
ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്
കുടില്‍ തൊട്ടു കൊട്ടാരം വരെ ആബാലവൃദ്ധം ജനങ്ങളും ഓണം ആഘോഷിക്കുന്നു.
ചിങ്ങമാസത്തിലാണ് ഓണം കൊണ്ടാടുന്നത്.
പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലിയുടെ ഓര്‍മയ്കായാണ് കേരളീയല്‍ ഓണം ആഘോ‍ഷിക്കുന്നത്
......................................
( ബോര്‍ഡില്‍ നിന്നും പകര്‍ത്തി രചനാബുക്കില്‍ അക്ഷരത്തെറ്റില്ലാതെ ഏഴുതുക)
4
......................
........................

6 comments:

  1. പുതിയ പരിഷ്‌കരണം വരുത്തിയ ചില അനുഭവങ്ങള്‍

    ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്ക്് പണികൂടി
    കണ്ടെത്തലിന് ഉത്തരം തേടല്‍ =ടൂട്ടോറിയല്‍,ലേബര്‍ ഇന്ത്യ , സ്‌കൂള്‍മാസ്റ്റര്‍,etc....
    ഭാഷാപരമായി അടിസ്ഥാനശേഷിയില്ലായ്മ eg=-പത്താം ക്ലാസ് കഴിഞ്ഞ കുട്ടിയ്ക്ക് 'തന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിബോധിച്ചു'എന്നുപോലും എഴുതാനറിയാത്ത അവസ്ഥ
    ഗ്രൂപ്പ് പ്രവര്‍ത്തനം:വ്യക്തിവ്യത്യാസത്തിനനുസരിച്ച് ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ

    ReplyDelete
  2. അലിയോടോന്നു വിയോജിക്കട്ടെ...
    പഴയ കാലത്ത് പത്തുവരെ പഠിച്ചവരെല്ലാം 'സര്‍ടിഫിക്കറ്റ് കിട്ടി ബോധിച്ചു' യെന്നെഴുതിയവരായിരുന്നോ?

    ReplyDelete
  3. അലിയോടോന്നു വിയോജിക്കട്ടെ...
    പഴയ കാലത്ത് പത്തുവരെ പഠിച്ചവരെല്ലാം 'സര്‍ടിഫിക്കറ്റ് കിട്ടി ബോധിച്ചു' യെന്നെഴുതിയവരായിരുന്നോ?

    ReplyDelete
  4. പുതിയ രീതിയോട് കലഹിക്കുന്നവര്‍ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാറുണ്ട് ."മുന്‍പത്തെ രീതിയില്‍ പഠിച്ചിട്ടും നമ്മള്‍ ഇങ്ങനെയൊക്കെ ആയില്ലേ?നമുക്കെന്താ കുഴപ്പമെന്ന് ".അവര്‍ പഠിച്ചിരുന്ന അന്‍പതോളം കുട്ടികളുള്ള ക്ലാസില്‍ ആകെ "രക്ഷപ്പെട്ടത്" മൂന്നോ നാലോ പേര്‍ മാത്രം.അതാണോ വിദ്യാഭ്യാസത്തിന്‍റെ ലക്‌ഷ്യം ?എത്രയോപേര്‍ ..എഴുത്തുകാരും ചിത്രകാരന്‍ മാരും ഒക്കെ ആകെണ്ടവര്‍..അവര്‍ എവിടെയോ എവിടെയോ പോയി മറഞ്ഞു .ഒട്ടേറെ സാധ്യതകള്‍ മുന്നില്‍ നില്‍ക്കുന്ന രീതി നിലവില്‍ വരുമ്പോള്‍ ,ഓരോ നിമിഷവും ഉണ്ടാകുന്ന തിരിച്ചറിവില്‍ സ്വയം മുന്നേറാന്‍ വിദ്യാലയം കൂട്ടിനെത്തുമ്പോള്‍ എന്തിനു ആശങ്ക?ഇവിടെ അധ്യാപകര്‍ പങ്കിട്ടതൊക്കെ പൊതു അനുഭവങ്ങള്‍.നമുക്കും സ്വീകരിക്കാവുന്നവ.ജീവിതവുമായി ബന്ധപ്പെടുത്തുന്നത് കൊണ്ട് കുട്ടിയും അധ്യാപികയും തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടാകുന്നു.എത്ര സങ്കേതങ്ങലാണ് ക്ലാസില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്‌ .നാലാം ക്ലാസില്‍ ഇന്ത്യ യെക്കുറിച്ച് ഭൂപട ക്കാഴ്ച്ചകളിലൂടെ ,റഫരന്‍സ് ഗ്രന്ഥങ്ങളിലൂടെ .സി ഡി കളിലൂടെ കടന്നു പോകുമ്പോള്‍ കുട്ടികളില്‍ വന്നു ചേരുന്ന മാറ്റം .ദാരുണമായ ട്രെയിന്‍ അപകടം നടന്ന സ്ഥലം സ്വയം കണ്ടെത്താന്‍ അവര്‍ ഭൂപടം ഉപയോഗിക്കുന്നു .അതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.റോഡ്‌ അപകടങ്ങളും ട്രാഫിക് നിയമങ്ങളും കടന്നു വരുന്നു .ആ അര മണിക്കൂറില്‍ നടന്ന പഠനത്തെ നമുക്ക് സ്വാഗതം ചെയ്യാം .മൃതിയടഞ്ഞവര്‍ക്ക് അനുശോചനം അര്‍പ്പിക്കാനുള്ള മനസ്സു കുരുന്നുകള്‍ക്ക് ഉ ണ്ടാവുന്നത് നല്ല വിദ്യഭ്യാസത്തിന്റെ ലക്ഷണമാണ്

    ReplyDelete
  5. ഗ്രൂപ്പ് പ്രവര്‍ത്തനം സംബന്ധിച്ച് ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അത് ആശ്രിതരെ സൃഷ്ടിക്കാതെ എങ്ങനെ നടത്താം എന്ന്. അതേ പോലെ എഴുത്തിന്റെ തിളക്കം എന്ന ലേബലില്‍ ഉളളവ കൂടി വായിക്കുക. എഴുപതുകളില്‍ മുപ്പത്താറു-അമ്പതു ശതമാനമൊക്കെയായിരുന്നു എസ് എസ് എല്‍ സി വിജയം.അന്നത്തെ സംഭാവനയാണ് കേമം‍ ചരിത്രബോധമില്ലാതെ എഴുതരുത്. ഇന്ന് ചില അധ്യാപകര്‍ അധ്യാപനത്തെ വെറും തൊഴിലായി കാണുന്നുണ്ട്. അവര്‍ ജീവിതം പഠിപ്പിക്കുന്നില്ല. ഭാഷയ്ക്ക് ചിന്തേരിടാന്‍ പഠിപ്പിക്കുന്നില്ല. ഭാഷയുടെ കൂട്ടിലേക്കു കുട്ടികള്‍ കയറാതെ പുറത്തു നിന്നു മഴ നനയുന്നു.എന്റെ കുട്ടി നനയുന്നുവെന്നു മനസുവിങ്ങാത്തവരുടെ ക്ലാസുകളിലെ ദുരന്തം സാമാന്യവത്കരിക്കരുത്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി