Pages

Friday, February 21, 2014

മലായാളത്തിന്റെ ഭാവി വിദ്യാലയങ്ങളുടേയും


മാതൃഭാഷയെക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു പുസ്തകം വായിച്ചു. ശ്രീ : കെ.സേതുരാമന്‍ എഴുതിയ മലയാളത്തിന്റെ ഭാവി ഭാഷാ ആസൂത്രണവും മാനവ വികസനവും. മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 
അതിലെ ചില കാര്യങ്ങള്‍ ലോക മാതൃഭാഷാദിനത്തില്‍ പങ്കിടുകയാണ്.
ഇംഗ്ലീഷിനെ പുണര്‍ന്നു പൊളളിയ രാജ്യമുണ്ട്
  • രണ്ടായിരത്തി രണ്ടില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ശാസ്ത്രവും ഗണിതവും ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നതിനു തീരുമാനമെടുത്തു.അതു വരെ പഠനമാധ്യമം മലായ്, ചൈനീസ്,തമിഴ് എന്നിവയായിരുന്നു. ആറുവര്‍ഷക്കാലത്തെ പരീക്ഷണത്തില്‍ നിന്നും അവര്‍ക്കു മനസിലായത് വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ താഴാനേ ഈ നടപടി വഴിയൊരുക്കിയുളളൂ എന്നാണ്. 2009 ല്‍ വീണ്ടും പഠനമാധ്യമം മാതൃഭാഷയിലേക്കു കൊണ്ടുവന്നു.
ഏതു രാജ്യത്താണ് മികച്ചനിലവാരമുളള വിദ്യാഭ്യാസമുളളത്?
  • പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍റ് അസസ്മെന്റ് (PISA),അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസഗുണനലവാരം കണക്കാക്കുന്ന പ്രധാന പരീക്ഷയാണ്. അറുപത്തിയഞ്ചു രാജ്യങ്ങള്‍ പങ്കെടുത്ത 2009 ലെ പരീക്ഷയില്‍ ചൈന, കൊറിയ, ഹോംങ്കോഗ്,ഫിന്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് മുന്നില്‍. ഈ രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയിലാണ് പഠിക്കുന്നത്
  • ഇന്റര്‍നാഷണല്‍ മാത്ത്മാറ്റിക്സ് ആന്‍ഡ് സയന്‍സ് സ്റ്റഡി ആണ് മറ്റൊരു അന്താരാഷ്ട്രപ്പരീക്ഷ.നാലും ഏട്ടും ക്ലാസുകളിലെ കുട്ടികളുടെ ശാസ്ത്രത്തിലും ഗണിതത്തിലുമുളള നിലവാരം ആണ് പരിശോധിക്കുക.2007ല്‍ അമ്പത്തൊമ്പതു രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.കൊറിയ, ജപ്പാന്‍, ഫിന്‍ലാന്റ്,തായ്വാന്‍ എന്നിവ ഉയര്‍ന്ന സ്കോര്‍ നേടി.മാതൃഭാഷയിലെ പഠനം ഈ വിഷയങ്ങളില്‍ കുട്ടികല്‍ക്ക് മുന്നിലെത്തുന്നതിനു തടസ്സമായില്ല.
  • എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ മുന്തിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നടത്തിയ പഠനത്തില്‍ ഈ വിദ്യാലയങ്ങളിലെ കുട്ടികള്‍ ലോകശരാശരിയിലും താഴെയാണെന്നു കണ്ടെത്തി.(2006)
  • അന്താരാഷ്ട്ര ഗണിത-ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പ്രകടനം മാതൃഭാഷയിലൂടെ ബോധനം നടത്തുന്ന രാജ്യങ്ങളുടേതിനേക്കാള്‍ പിന്നിലാണ്. ( ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേസ്, ഫിലിപ്പൈന്‍സ് മലേഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ ഇംഗ്ലീെ,ില്‍ പരീക്ഷ എഴുതി പിന്നിലായപ്പോള്‍ ചൈന,ഇന്തോനേഷ്യ, കൊറിയ, തായ്ലന്റ്, വിയറ്റ്നാം, തായ്വാന്‍ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ അവരുടെ മാതൃഭാഷയിലെഴുതി മുന്നിലെത്തി.)
  • 2010 ലെ ഗണിത ഒളിമ്പ്യാഡില്‍ ഉന്നതസ്ഥാനം നേടിയ ആദ്യത്തെ ഇരുപത് രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയില്‍ പഠിച്ചവരും പരീക്ഷ അതേ ഭാഷയിലെഴുതിയവരുമാണ്.
ഉന്നതവിദ്യാഭ്യാസത്തിനു മാതൃഭാഷ അശക്തമോ?
കേരളത്തില്‍ പൊതുവേ ആളുകളുടെ വിശ്വാസമാണ് ഉന്നതവിദ്യാഭ്യാസത്തിനു മാതൃഭാഷ പര്യാപ്തമല്ലെന്ന്. അതിനാല്‍ പ്ലസ് ടു മുതല്‍ ആംഗലേയം തന്നെ. എന്താണ് ലോകത്തെ അവസ്ഥ?
  • മെഡിക്കല്‍, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, നിയമം എന്നീ കോഴ്സുകളില്‍ പഠനമാധ്യമം മാതൃഭാഷയിലുളള നിരവധി രാജ്യങ്ങളുണ്ട്. ചൈനീസ്, സ്പാനിഷ്,പോര്‍ച്ചഗീസ്, ജാപ്പാനീസ്,ജര്‍മന്‍, വിയറ്റ്നാമീസ്,ഫ്രഞ്ച്, കൊറിയന്‍,ഇറ്റാലിയന്‍,ടര്‍ക്കിഷ്,പോളിഷ്, ഉക്രേനിന്‍, മലായ്, പേര്‍ഷ്യന്‍, അസേറി പിന്നെ ഇംഗ്ലീഷ് നാട്ടിലെ അവരുടെ മാതൃഭാഷയും.(ഇന്ത്യയിലെ ഏതു മാതൃഭാഷ ഈ നിലയിലേക്കു പരിഗണിച്ചു? അധമബോധം നയിക്കുന്ന ജനതയും ഭരണകൂടവും!)
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
  • ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കായുളള ആവശ്യം കൂടിക്കൊണ്ടിരിക്കുകയാണ്. 2003-2006 കാലയളവിലാണ് വര്‍ധനയുടെ പ്രവണത കടിയത്. ആന്ധ്രാപ്രദേശില്‍ നൂറുശതമാനം വര്‍ധന. സര്‍ക്കാര്‍ എല്ലാ വിദ്യാലയങ്ങളും ഇംഗ്ലീഷ് മാധ്യമമാക്കാന്‍ തീരുമാനിച്ചു. തമിഴ്നാട്ടില്‍ 17% മഹാരാഷ്ട്രയില്‍ 12%, പഞ്ചാബില്‍4%, ഹിമാചല്‍പ്രദേശില്‍4%, കര്‍ണാടകയില്‍2%, കേരളത്തില്‍ 3%വീതം ഇംഗ്ലീഷ് മീഡയത്തിലേക്കുളള വര്‍ധനവുണ്ടായി.
  • മുംബൈ നഗരത്തില്‍ മറാത്തി മീഡിയക്കാര്‍ 4.31 ലക്ഷം.അതേ സമയം ഇംഗ്ലീഷ് മീഡിയക്കാര്‍ 5.57 ലക്ഷം (2009)
  • വാര്‍ത്തകള്‍ ശുഭകരമല്ല. ജമ്മുവില്‍ എല്ലാ വിദ്യാലയങ്ങളും ഇഗ്ലീഷ് മാഡിയത്തിലാക്കുമെന്ന് വിദ്യാഭ്യസമന്ത്രി (2003 FEB 16), പഞ്ചാബില്‍ ഗ്രാമീണവിദ്യാര്‍ഥികള്‍ക്ക ഗുണപരമായ വിദ്യാഭ്യാസം നല്‍കാന്‍ ഇരുപത്തിയൊന്നു ഇംഗ്ലീഷ് മീഡിയം മോഡല്‍സ്കൂളുകള്‍ സ്ഥാപിച്ചപ. ബംഗാളില്‍ ഇംഗ്ലീഷ് മീഡിയം മദ്രസകള്‍ ആരംഭിക്കാന്‍ 2010-11 തീരുമാനം.
മാതൃഭാഷ പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുമോ?ഗവേഷണങ്ങള്‍ എന്തു പറയുന്നു?
  • മാതൃഭാഷാ വിദ്യാഭ്യാസം വിദ്യാര്‍ഥികളെ സ്വന്തം കാലില്‍ നിറുത്തുകയും അവരുടെ ബുദ്ധിസാമര്‍ഥ്യം പോലെ തന്നെ അവരുടെ വ്യക്തിത്വവും വികസിപ്പിക്കുകയും ചെയ്യും (THE IMPORTANCE OF MOTHERTONGUE BASED SCHOOLING FOR EDUCATIONAL QUALITY ,UNESCO 2004, Benson,Carole)
  • മെച്ചപ്പെട്ട അറിവുനേടലിന് ,വിജ്ഞാനത്തിന് മാതൃഭാഷാടിസ്ഥാനവിദ്യാഭ്യാസം. പ്രൈമറിതലത്തിലെ വിദ്യാഭ്യാസത്തിനുവേണ്ടി ജി എട്ട് രാജ്യങ്ങളിലെ ഒരു വികസിത രാജ്യം പോലും ,യൂറോപ്യന്‍യുണിയനിലെ രാജ്യങ്ങളിലൊന്നു പോലും, ഒ ഇ സി ഡി രാജ്യങ്ങളും ഒരു വിദേശഭാഷയെ ഉപയോഗിക്കുന്നില്ല.
മാതൃഭാഷയുടെ അവഗണന എങ്ങനെ ബാധിക്കും?
  • സാഹിത്യം, മാനവിക വികസനം, സാമ്പത്തിക പുരോഗതി,സാങ്കേതികവിദ്യാമേല്‍ക്കോയ്മ, ഇന്റര്‍നെറ്റ്, വെബ്സൈറ്റുകള്‍ എന്നിവയിലെല്ലാം മാതൃഭാഷാബോധനമാധ്യമ രാജ്യങ്ങള്‍ മുന്നിലാണ്.( സ്ഥിതിവിവരക്കണക്കുകള്‍ ഈ പുസ്തകത്തിലുണ്ട്)
  • അധികാരം,തൊഴില്‍ ,ഉന്നതവിദ്യാഭ്യാസം, സിവില്‍ സര്‍വീസ്, എന്നിവയിലെല്ലാം വൈദേശികഭാഷയെ ആദരിച്ചിരുത്തുന്ന മനോഭാവമാണ് പ്രശ്നങ്ങള്‍ക്കു കാരണം.
  • വോട്ടു ചോദിക്കുന്ന ഭാഷയില്‍ ജനങ്ങളെ ഭരിക്കുമ്പോഴേ ജനാധിപത്യം ചലനാത്മകമാകൂ.. ജനങ്ങള്‍ക്കു മനസിലാകാത്ത ഭാഷയില്‍ ഭരിക്കുമ്പോഴാണ് അഴിമതി കൂടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പുസ്തകം തന്നെ വായിക്കണം.  
വിദേശഭാഷാമാധ്യമപഠനത്തെക്കുറിച്ചുളള കെട്ടുകഥകള്‍ ഓരോന്നായി പൊളിച്ചെറിയുന്ന പുസ്തകം. ആധികാരിക പഠനത്തിന്റെ പിന്‍ബലം.  
ശക്തമായ നിരീക്ഷണങ്ങള്‍ ധാരാളം.അധിനിവേശത്തിന്റെയും ഭാഷാസാമ്രാജ്യത്വത്തിന്റെയും തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം വിലപ്പെട്ട തിരിച്ചറിവുകളിലേക്കു നയിക്കും. വായിക്കാതിരിക്കരുത്.
( പവര്‍പോയന്റ് പ്രസന്റേഷനുളള സ്ലൈഡുകളെ മനസില്‍ കണ്ടാണ് ഈ കുറിപ്പ് ഇങ്ങനെ തയ്യാറാക്കിയത്.ആവശ്യക്കാര്‍ സമൂഹ,രക്ഷാകര്‍തൃ യോഗങ്ങളില്‍ പ്രയോജനപ്പെടുത്തുക) 

Saturday, February 15, 2014

കുട്ടികള്‍ (ഗോപാലേട്ടന്റെ) ജീവിതം പഠിക്കുന്നു...

ഫോട്ടോ കണ്ട് ഇതൊരു നാടകക്യാമ്പാണെന്ന് തെറ്റിദ്ധരിക്കരുത്.സാമൂഹ്യശാസ്ത്രക്ലാസ്സാണ്.ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പീരിയഡ്.
ഗോപാലേട്ടന്റെ ജീവിതമാണ് കുട്ടികള്‍ നാടകമാക്കി കളിക്കുന്നത്.ഗോപാലേട്ടനായി രൂപം മാറാന്‍ അവര്‍ക്കു പത്തു മിനിട്ടു സമയം മാത്രമേ വേണ്ടു..കുട്ടികള്‍ക്ക് ഒരു ഷാളോ ലുങ്കിയോ തുണിക്കഷണമോ മതി കഥാപ്പാത്രങ്ങളായി മാറാന്‍. ഡസ്ക്കും ബെഞ്ചും പുതപ്പും പായയും ഉപയോഗിച്ച് അവര്‍ രംഗം സജ്ജീകരിക്കുന്നു.

  • ആരാണീ ഗോപാലേട്ടന്‍?
ഏഴാം ക്ലാസ്സിലെ കൈകോര്‍ത്തു മുന്നേറാം എന്ന പാഠഭാഗത്തിലെ ഒരു കഥാപ്പാത്രം.താഴ്ന്ന ഇടത്തരം കുടുംബത്തിലെ ഒരംഗം.ജീവിതം തള്ളിനീക്കാന്‍ പെടാപാടുപെടുന്ന സത്യസന്ധനായ ഒരു മനുഷ്യന്‍. കടം കയറി വീടും പുരയിടവും ജപ്തിചെയ്യാന്‍ വരുന്നതറിഞ്ഞ് ആത്മഹത്യചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരാള്‍.
  • കുട്ടികള്‍ എന്തിനാണ് ഗോപാലേട്ടന്റെ ജീവിതം പഠിക്കുന്നത്?
സാമ്പത്തികമായ അസമത്വങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് തിരിച്ചറിയാനും ദാരിദ്ര്യം മനുഷ്യജീവിതത്തെ വല്ലാതെ പരിമിതപ്പെടുത്തുന്നുവെന്ന് മനസ്സിക്കാനും.
പാഠത്തിന്റെ തുടക്കത്തില്‍ ഗോപാലേട്ടന്റെ ജീവിത സന്ദര്‍ഭങ്ങള്‍ വിശദമാക്കുന്ന നാല് കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ കൊടുത്തിട്ടുണ്ട്.ഇതുവായിച്ച് ഇതിനെ നാടകമാക്കിക്കോളൂ എന്നു പറഞ്ഞാല്‍ കുട്ടികള്‍ നാടകമാക്കും. പക്ഷേ, നന്നാവില്ല.പഠനം നടക്കില്ല.

കുട്ടികള്‍നാടകം കളിക്കുന്നത്ഗോപാലേട്ടനെക്കുറിച്ച് പഠിക്കാനാണ്.നാടകം നന്നാവണമെങ്കില്‍ കുട്ടികള്‍ ഗോപാലേട്ടനെക്കുറിച്ച് ആലോചിക്കണം.അയാളുടെ മനസ്സിലേക്കു കടക്കണം.ഇത്ര  ചെറിയകുട്ടികള്‍ക്ക് അതിനു കഴിയുമോയെന്ന് നാം സംശയിക്കും. പക്ഷേ, കഴിയും.അവരുടെ ചിന്തയെ തൊട്ടുണര്‍ത്തിയാല്‍.അവരുടെ മനസ്സിനെ പിടിച്ചു കുലുക്കിയാല്‍.അതിനു ചില പ്രവര്‍ത്തനങ്ങളിലേക്കു കുട്ടികളെ നയിക്കണം.അത് എന്തൊക്കെയാണെന്ന് നോക്കാം.
ക്ലാസിനു നടുക്കുള്ള സ്ഥലത്ത് കുട്ടികള്‍ പരസ്പരം തൊടാതെ നടക്കുന്നു.അവര്‍ക്കു ചുറ്റുമുള്ള ഒരു കഥാപ്പാത്രത്തിന്റെ പേര് ഞാന്‍ വിളിച്ചു പറയുന്നു.
തെങ്ങുകയറ്റക്കാരന്‍ കുമാരേട്ടന്‍ കുട്ടികള്‍ പെട്ടെന്ന് കുമാരേട്ടനായി ഫ്രീസ് ചെയ്യുന്നു. ഒരു നിമിഷനേരത്തേക്കു ക്ലാസ് നിശബ്ദം.എവിടയോ കണ്ടുമറന്ന ഒരു തെങ്ങുകയറ്റതൊഴിലാളിയായി കുട്ടികള്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
വീണ്ടും നടക്കുന്നു.കുട്ടികളുടെ പൊട്ടിച്ചിരി.
ഇതുപോലെ മറ്റു ചില കഥാപ്പാത്രങ്ങളുടെ പേരുകള്‍.....
കൃഷിക്കാരന്‍ നാരായണേട്ടന്‍
അടയ്ക്കാപൊളിക്കുന്ന ശശിയേട്ടന്‍
മീന്‍കാരി കല്ല്യാണിയേച്ചി
കള്ളുകുടിയന്‍ രാഘവേട്ടന്‍...
നടക്കുന്നതിനിടയില്‍ കുട്ടികള്‍ ഓരോതവണയും ഫ്രീസ് ചെയ്യുന്നു.ഒടുവില്‍
കൂലിപ്പണിക്കാരന്‍ ഗോപാലേട്ടന്‍...
കുട്ടികള്‍ ഒരു നിമിഷം ആലോചിക്കുന്നു.ഗോപാലേട്ടനായി
ഫ്രീസ് ചെയ്യുന്നു.
കുട്ടികള്‍ നിലത്ത് വൃത്താകൃതിയിലിരിക്കുന്നു. 
കൂലിപ്പണിക്കാരന്‍ ഗോപാലേട്ടനെ പരിചയമുണ്ടോ എന്ന് ചോദിക്കുന്നു.കുട്ടികള്‍ ഇല്ലെന്നു പറയുന്നു.നിങ്ങള്‍ ഗോപാലേട്ടനായപ്പോള്‍ ആരായിരുന്നു മനസ്സില്‍?
കുട്ടികള്‍ അവര്‍ക്കു പരിചയമുള്ള കൂലിപ്പണിക്കാരായ ചിലരുടെ പേരുകള്‍ പറയുന്നു.
  • ശരിക്കും ഗോപാലേട്ടന്‍ ആരാണ്?
പാഠപുസ്തകം നോക്കുന്നു.ഗോപാലേട്ടന്റെ ജീവിതം എന്ന തലക്കെട്ടില്‍ കൊടുത്ത നാലു കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ വായിക്കുന്നു.ചര്‍ച്ചചെയ്യുന്നു.
  • ആരാണ് ഗോപാലേട്ടന്‍?
  • ഗോപാലേട്ടന് എത്ര പ്രായം കാണും?
  • ഗോപാലേട്ടന്റെ കുടുംബം?ഭാര്യ, മക്കള്‍...?
  • അദ്ദേഹത്തിന്റെ സന്തോഷം? പ്രയാസം..?
  • ഇനി ഗോപാലേട്ടന്റെ ജീവിതത്തില്‍ ഉണ്ടാകാന്‍പോകുന്ന പ്രതിസന്ധി എന്തായിരിക്കും?
    കുട്ടികളെ നാലു ഗ്രൂപ്പുകളാക്കുന്നു.ഓരോഗ്രൂപ്പിനും ഓരോ സ്ട്രിപ്പുകള്‍ നല്‍കുന്നു.ഗോപാലേട്ടന്റെ ജീവിതത്തിലെ ഈ സന്ദര്‍ഭങ്ങള്‍ കുട്ടികള്‍ നാടകരൂപത്തില്‍ അവതരിപ്പിക്കണം.പ്രധാന ആശയം ചോര്‍ന്നുപോകാതെ. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം.
    പ്ലാനിങ്ങിനു പതിനഞ്ചുമിനുട്ട് സമയം അനുവദിക്കുന്നു.

    കുട്ടികള്‍ ഗ്രൂപ്പില്‍ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി
    •  കഥാപ്പാത്രങ്ങള്‍ ആരൊക്കെ?  
    • എന്തൊക്കെ സംഭവങ്ങള്‍
    •  എവിടെയാണ് നടക്കുന്നത്?പിന്നീട് കഥാപ്പാത്രങ്ങളെ നിശ്ചയിച്ചു.ചില ഗ്രൂപ്പില്‍ ഇതു തര്‍ക്കങ്ങള്‍ക്കു വഴിവെച്ചു.ചിലര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്ത് തര്‍ക്കങ്ങള്‍ക്കു പരിഹാരവും കണ്ടെത്തി.കഥാപ്പാത്രങ്ങളുടെ സംഭാഷണങ്ങളെക്കുറിച്ച് ചില ധാരണകളില്‍ എത്തിച്ചേര്‍ന്നു.
    അവതരണത്തിനുള്ള സമയമായി.ക്ലാസില്‍ ലഭിക്കുന്നതെന്തും അവര്‍ വേഷവിതാനത്തിനായി ഉപയോഗിച്ചു. തുണിക്കഷണങ്ങള്‍ മുതല്‍ മേശവിരി വരെ. ഇന്‍സ്ട്രുമെന്‍റ്ബോക്സു്മുതല്‍ ചൂല് വരെ അവര്‍ പ്രോപ്പര്‍ട്ടികളാക്കി.  ബെഞ്ചും ഡസ്ക്കും മേശവിരിയും ഉപയോഗിച്ച് അവര്‍ ഗോപാലേട്ടന്റെ വീടുണ്ടാക്കി. അപ്പോഴാണ് രണ്ടാം ഗ്രൂപ്പിന്റെ സംശയം.
    കോണ്‍ഗ്രീറ്റ് വീടാണ് ഞങ്ങള്‍ക്കു വേണ്ടത്. ഇതെങ്ങനെ ശരിയാകും?
    കടം വാങ്ങി വീട് പുതുക്കിപണിത ഗോപാലേട്ടന്റെ പ്രതിസന്ധികളാണ് രണ്ടാം ഗ്രൂപ്പ് അവതരിപ്പിക്കേണ്ടത്.
    അഭിജിത്ത് അതിനു പരിഹാരം നിര്‍ദ്ദേശിച്ചു.
    "നമുക്ക് പുല്ലുപായ മുകളില്‍ വലച്ചുകെട്ടാം.അപ്പോള്‍ അത് കോണ്ക്രീറ്റുപോലെ തോന്നിക്കും.”
    അവരങ്ങനെ ചെയ്യുകയുംചയ്തു.
    അങ്ങനെ നാടകാവതരണം തുടങ്ങി.
    നാലുഗ്രൂപ്പിലെയും നാലു ഗോപാലേട്ടന്‍മാര്‍.അവരുടെ നാലുഭാര്യമാര്‍. അവരുടെ മക്കള്‍..ഒരുഗ്രൂപ്പ് അവസാനിപ്പിച്ചിടത്തുനിന്ന് മറ്റൊരുഗ്രൂപ്പ് തുടങ്ങുന്നു.ഗോപാലേട്ടന്റെ സ്വപ്നങ്ങള്‍,പ്രതീക്ഷകള്‍,പ്രയാസങ്ങള്‍...കുട്ടികള്‍ ഭംഗിയായി ഇംപ്രൊവൈസ് ചെയ്തു.ഇംപ്രൊവൈസ് ചെയ്യാനുള്ള കുട്ടികളുടെ കഴിവ് വര്‍ദ്ധിച്ചിരിക്കുന്നതായി എനിക്കുതോന്നി..ഇംപ്രൊവൈസ് ചെയ്യണമെങ്കില്‍ നല്ല ഭാവന വേണം.
    ഓരോഗ്രൂപ്പിന്റെയും അവതരണം എത്രത്തോളം നന്നായി?എന്തോക്കെയായിരുന്നു അവരുടെ ഗുണങ്ങള്‍?പോരായ്മകള്‍?പ്രധാന ആശയത്തോട് അവര്‍ എത്രത്തോളം നീതിപുലര്‍ത്തി?
    ഓരോ ഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു  ഗ്രൂപ്പുകള്‍ വിലയിരുത്തുന്നതാണ്  അടുത്തഘട്ടം
    വിലയിരുത്തുന്നതിനുമുമ്പ് ഓരോ ഗ്രൂപ്പിനും കൂടിയാലോചിക്കാനുള്ള സമയം നല്‍കി . തുടര്‍ന്ന് ഗ്രൂപ്പിന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു. ഏതു ഗ്രൂപ്പിന്റെ അവതരണത്തെയാണോ വിലയിരുത്തിയത് ആ ഗ്രൂപ്പിന് മറുപടി പറയാന്‍ അവസരം നല്കി.
    • ഇനി ഗോപാലേട്ടന്റെ ജീവിതം ഒരിക്കല്‍കൂടി അപഗ്രഥിക്കണം.

    കുട്ടികള്‍ വീണ്ടും പാഠഭാഗത്തേക്കു വന്നു. ഗോപാലേട്ടന്റെ ജീവിതവുമായി ബന്ധപ്പെട്ട് പാഠഭാഗത്തു നല്‍കിയ ചോദ്യങ്ങള്‍ വിശകലനം ചെയ്തു.
    • വരുമാനത്തില്‍ കൂടുതല്‍ കടം വാങ്ങി ആധുനിക സുഖസൗകര്യങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നതിനോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?
    വളരെ പ്രധാനപ്പെട്ട ചോദ്യം.ഈ ചോദ്യത്തോടുള്ള പ്രതികരണം കുട്ടികളുടെ ഹൃദയത്തില്‍ നിന്നു വരണം.അതിനു വേണ്ടിയാണ് കുട്ടികള്‍ ഇതുവരെ ഗോപാലേട്ടന്റെ ജീവിതം പഠിച്ചത്.ഗോപാലേട്ടനായി അവര്‍ രൂപാന്തരപ്പെട്ടത്.
     
    • സാമൂഹ്യശാസ്ത്രക്ലാസ് സര്‍ഗാത്മകമാകുന്നതെപ്പോള്‍ ?

    ക്ലാസുമുറിയില്‍ കുട്ടിക്ക് ആത്മാവിഷ്ക്കാരത്തിനുള്ള അവസരം വേണം.ചിത്രംവരയിലൂടെ,അഭിനയത്തിലൂടെ,കളിയിലൂടെ,വിവിധ രചനകളിലൂടെ...എങ്കിലേ ക്ലാസ്സുമുറി കുട്ടിയുടേതാകൂ.കുട്ടിയുടെ മനസ്സ് ശാന്തമാകൂ.
    • കുട്ടിയുടെ ചിന്തകളെ കൂടു തുറന്നു വിടണം.എങ്കിലേ അവന്‍/ള്‍  പഠനത്തിന്റെ അടുത്ത പടി കയറൂ.
    • കുട്ടിയുടെ വികാരങ്ങളെ തൊടാന്‍ കഴിയണം.എങ്കിലേ അവന്/ള്‍ക്ക്  പഠനം അര്‍ത്ഥവത്തായി തോന്നൂ.
    • കുട്ടിയുടെ നിലപാടുകളെ നിര്‍ഭയം അവതരിപ്പിക്കാന്‍ കഴിയണം. എങ്കിലേ അവര്‍ വ്യക്തിത്വമുള്ളവരായി വളരൂ.
    • ക്ലാസ്സുമുറി  പ്രചോദിപ്പിക്കണം.എങ്കിലേ കുട്ടിയുടെ ഭാവനയ്ക്കു ചിറകുമുളയ്ക്കൂ......

    എം എം സുരേന്ദ്രന്‍ 
    ഈ പോസറ്റിന്റെ അടുത്തഭാഗം വായിക്കാന്‍ കാനത്തൂര്‍പെരുമ സന്ദര്‍ശിക്കുക (http://kanathurperumagups.blogspot.in/2014/02/ii.html?spref=fb)

Friday, February 7, 2014

സാമൂഹ്യശാസ്ത്രക്ലാസില്‍ ചിത്രംവര വേണോ?



സാമൂഹ്യശാസ്ത്രക്ലാസില്‍ ചിത്രംവരയ്ക്ക് എന്തു പ്രാധാന്യം എന്നല്ലേ...?പ്രാധാന്യമുണ്ട്.മാത്രമല്ല കുട്ടികളെ ചരിത്രപഠനത്തിലേക്കു നയിക്കാനുള്ള ശക്തമായ ഒരു ടൂള്‍ കൂടിയാണ് ചിത്രംവര. എനിക്ക് ഈയിടെയാണ് അത് ബോധ്യപ്പെട്ടത്.
ഏഴാം ക്ലാസിലെ വേഷം മാറുന്ന കേരളം യൂണിറ്റ് 7 എന്ന പാഠഭാഗത്തിലെ ഒന്നാമത്തെ മൊഡ്യൂള്‍ പഠിപ്പിക്കുന്ന സന്ദര്‍ഭം.
സ്വദേശികളും വിദേശികളുമായ സസ്യങ്ങളെ പട്ടികപ്പെടുത്തിയ ശേഷം കേരളത്തിനു വിദേശ രാജ്യങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന വായനക്കുറിപ്പു വായിക്കുന്നു.തുടര്‍ന്ന്
  • വാസ്ഗോഡിഗാമയുടെ ചിത്രം പ്രൊജക്ട് ചെയ്തു കാണിക്കുന്നു.
  • ഇത് ആരാണെന്നു ചോദിക്കുന്നു.ഇദ്ദേഹത്തെ കുറിച്ചുളള സൂചന 'പുതുവഴിതേടി' എന്ന വയനാക്കുറിപ്പിലുണ്ട്. അതു വായിച്ചു നോക്കാന്‍ ആവശ്യപ്പെടുന്നു.
വാസ്ഗോഡിഗാമ എവിടെ നിന്നാണ് കേരളത്തിലേക്കു വന്നത് ?
  • ലോക ഭൂപടം കാണിക്കുന്നു.
  • കുട്ടികള്‍ വാസ്ഗോഡിഗാമയുടെ റൂട്ട് കണ്ടെത്തുന്നു.
  • യാത്രക്കിടയില്‍ ഗാമയും കൂട്ടരും നേരിട്ട പ്രയാസങ്ങള്‍ വിവരിക്കുന്ന വായനാക്കുറിപ്പു വായിക്കുന്നു.ചര്‍ച്ച.
ഗാമയുടെ വരവ് ചിത്രം വരയിലൂടെ ആവിഷ്ക്കരിക്കാമോ?
കഴിയില്ല എന്നായിരുന്നു കുട്ടികളുടെ ആദ്യ പ്രതികരണം.വരയ്ക്കാനുള്ള കുട്ടികളുടെആത്മവിശ്വാസം നഷ്ടപ്പെട്ടതായി തോന്നി.നിലത്ത് ചോക്കുകൊണ്ടാണ് വരയ്ക്കേണ്ടത് എന്നുപറഞ്ഞപ്പോള്‍ കുട്ടികള്‍ തയ്യാറായി.കടലാസിനെയും ബ്രഷിനെയുമാണ് അവര്‍ക്ക് പേടി.
കട്ടികളെ നാല് ഗ്രൂപ്പുകളാക്കി.
ഓരോഗ്രൂപ്പിനും വരയ്ക്കാനുള്ള സ്ഥലവും കളര്‍ചോക്കുകളും നല്‍കി.
നേര്‍ത്ത സംഗീതം കേള്‍പ്പിച്ചു.
അവര്‍ വര അരംഭിച്ചു.അപ്പോഴാണ് അവര്‍ക്ക് ഒരു നൂറുകൂട്ടം സംശയങ്ങള്‍....
അന്നത്തെ പായക്കപ്പല്‍ എങ്ങനെയായിരുന്നു? അത് എങ്ങനെയാണ് മുന്നോട്ടു നീങ്ങുന്നത് ?അതില്‍ സാധനങ്ങള്‍ എവിടെയാണ് സൂക്ഷിക്കുന്നത് ?അതിലെ ജോലിക്കാരുടെ വേഷം എന്തായിരുന്നു? ഞാന്‍ നേരത്തെ സുക്ഷിച്ചുവച്ച പായക്കപ്പലിന്റെയും മറ്റും ചിത്രങ്ങള്‍ പ്രൊജക്ടു ചെയ്തു കാണിച്ചുകൊടുത്തു.എന്നിട്ടും അവരുടെ സംശയങ്ങള്‍ തീര്‍ന്നില്ല.
ഗാമയെ സ്വീകരിക്കാന്‍ കാപ്പാട് കടപ്പുറത്ത് അപ്പോള്‍ ആരായിരുന്നു ഉണ്ടായിരുന്നത് ?
സാമൂതിരിയുടെ പടയാളികളുടെ വേഷം എങ്ങനെയായിരുന്നു ?
കൈയ്യിലെ ആയുധം എങ്ങനെയുള്ളതായിരുന്നു...?
തുടങ്ങി നീണ്ടുപോയ കുട്ടികളുടെ സംശയങ്ങള്‍ എന്നെ വല്ലാതെ കുഴക്കി.കുട്ടികള്‍ ശരിയായ ചരിത്ര പഠനത്തിലേക്കു നീങ്ങുകയാണെന്ന് എനിക്കു ബോധ്യപ്പെട്ടു.കുട്ടികള്‍ക്ക് റഫറന്‍സിനായി നല്‍കാവുന്ന വിഭവങ്ങള്‍ ഞാന്‍ വേണ്ടത്ര ശേഖരിച്ചിരുന്നില്ല.ഒരു സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ എന്ന നിലയില്‍ എന്റെ പരിമിതി ബോധ്യപ്പെട്ട ഒരു സന്ദര്‍ഭമായിരുന്നു അത്. ക്രിയേറ്റീവ് ഡ്രോയിങ്ങിനുള്ള അവസരങ്ങള്‍ ക്ലാസില്‍ ധാരാളമായി നല്‍കേണ്ടതുണ്ടെന്ന് എന്നെ പഠിപ്പിച്ച ഒരു സന്ദര്‍ഭം.



Saturday, February 1, 2014

'കൊരമ്പ' ഒരു പഠനപ്രവര്‍ത്തനമാകുന്നതെങ്ങനെ?

പുരാവസ്തുക്കള്‍ പഴയജീവിതത്തിന്റെ അവശേഷിക്കുന്ന തെളിവുകളാണ്.  ആ സംസ്ക്കാരത്തെയാണ് നാം നമ്മുടെ വീട്ടുമൂലയില്‍ കുഴിച്ചുമൂടുന്നത്. 
അനേകം വര്‍ഷങ്ങള്‍ക്കുശേഷം ചിതലരിച്ചുകിടന്നിരുന്ന ആ നിധികളെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ് കാനത്തൂര്‍ സ്ക്കൂള്‍ കുട്ടികള്‍. ചെല്ലപ്പെട്ടി,ഓട്ടുപാത്രങ്ങള്‍,ഭസ്മക്കൊട്ട,കോളാമ്പി,മരി, റാത്തല്‍,നാഴി,വിളക്കുകള്‍,സരസ്വതിപ്പല,ഏത്താംകൊട്ട,കൊരമ്പ,നുകം,ഉലക്ക എന്നിവ പ്രദര്‍ന വസ്തുക്കളില്‍ ചിലതുമാത്രം.
പുരാവസ്തുക്കളെക്കറിച്ചുള്ള സംശയങ്ങള്‍ ഏറെയായിരുന്നു നാട്ടുകാര്‍ക്ക്.ഇവ ദൂരികരിക്കാന്‍ കാനത്തൂര്‍ സ്ക്കൂള്‍ കുട്ടികള്‍തന്നെ വേണ്ടിവന്നു.ഇന്ന് ഇവയ്ക്ക് പകരം വന്ന യന്ത്രോപകരണങ്ങള്‍ ഏതൊക്കെയെന്നും സന്ദര്‍ശകര്‍ക്കു മനസ്സിലായി. 
വിദ്യാഭ്യാസമില്ലാത്ത സംസ്ക്കാരനിഷേധികള്‍ എന്ന് പൂര്‍വികരെ പുഛിക്കുന്ന പുതുതലമുറ പൂര്‍വികരുടെ ഉള്ളില്‍ മുളച്ചുപൊന്തിയ കഴിവുകളെക്കുറിച്ചു മനസ്സിലാക്കിയ അനര്‍ഘ നിമിഷമായിരുന്നു അത്.
അശ്വതി.
VII B
ഉടുപ്പുപെട്ടിമുതല്‍ മണ്ണെണ്ണ വിളക്കുവരെയുള്ള ഏതാണ്ട് എണ്‍പതോളം പുരാവസ്തുക്കളായിരുന്നു ഞങ്ങള്‍ ശേഖരിച്ചിരുന്നത്.അവ ഓരോന്നിനെക്കുറിച്ചും ഞങ്ങള്‍ കുറിപ്പു തയ്യാറാക്കി.രക്ഷിതാക്കളുടെ പൂര്‍ണ്ണ സഹകരണം ഈ പരിപാടിക്കുണ്ടായിരുന്നു.ഇതില്‍ ഓരോവസ്കക്കളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങള്‍ രക്ഷിതാക്കള്‍ക്കു വിശദീകരിച്ചുകൊടുത്തു.സോഷ്യല്‍ ക്ലബ്ബിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ പ്രദര്‍ശനത്തിനു നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു......
                                                   മന്യ.കെ
                                                           VII B
നമ്മുടെ സംസ്ക്കാരത്തില്‍ നിന്ന് വേരറ്റുപോയ ഉപകരണങ്ങളാണ് എനിക്കു പ്രദര്‍ശനത്തില്‍ കാണാന്‍ കഴിഞ്ഞത്.കാലത്തിനനുസരിച്ച് ഉപകരണങ്ങള്‍ എങ്ങനെ മാറുന്നു എന്നു മനസ്സിലായി.ഒരു ഉപകരണം ഞാന്‍ പ്രദര്‍ശനത്തില്‍ തേടി നടന്നു.എന്റെ അമ്മൂമ്മ ഒരു ഉപകരണത്തെക്കുറിച്ചു പറഞ്ഞിരുന്നു.പണ്ട് ജന്മിമാര്‍ക്കു പഴച്ചാറുണ്ടാക്കികൊടുക്കുന്ന ഒരു പാത്രം. ഇന്നത്തെ ജ്യൂസ് മെഷീനു പകരം.വാഴപ്പഴവും മാമ്പഴവും ആ പാത്രത്തിലേക്കു ഇടും.അതില്‍ ഘടിപ്പിച്ച ഒരു ഞെക്കി കൊണ്ടു അതിനെ പിഴിയും.പാത്രത്തിലെ സുഷിരത്തിലൂടെ പഴച്ചാര്‍ നമുക്കുലഭിക്കും.ഈ ഉപകരണം നമുക്കുകണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍....
അഭിജിത്ത് പി വി.
VII B
സാമൂഹ്യയശാസ്ത്രത്തിലെ ആറാം അധ്യായമായ ജീവിതം പടുക്കുന്ന കൈകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി നടത്തിയ ഒരു പരിപാടിയായിരുന്നു കൊരമ്പ എന്ന പുരാവസ്തു പ്രദര്‍ശനം,....
ഞാന്‍ കണ്ടിട്ടില്ലാത്ത എത്രയോ ഉപകരണങ്ങള്‍ എന്റെ നാട്ടിലെ വീടുകളില്‍ ഉണ്ടെന്ന് എനിക്കു മനസ്സിലാക്കിത്തന്നു ഈ പ്രദര്‍ശനം...പല ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ നാട്ടിലെ
വീടുകളില്‍ കറിയാണ് ഉപകരണങ്ങള്‍ ശേഖരിച്ചത്...മെതിയടിയെന്ന പഴയകാല ചെരുപ്പ് ‍‍ഞാന്‍ ആദ്യമായാണ് കാണുന്നത്...
  • പുരാവസ്തു പ്രദര്‍ശനം ഒരു പഠനപ്രവര്‍ത്തനമാകുന്നതെങ്ങനെ?
  • പ്രദര്‍ശനം ഒരുക്കുന്നതിലൂടെ കുട്ടികള്‍ എന്താണ് പഠിച്ചത്?
പ്രദര്‍ശനം ഒരുക്കാന്‍ തീരുമാനിച്ചതു മുതലുള്ള മൂന്നാഴ്ച സമയം കുട്ടികള്‍ എന്തൊക്കെ പ്രക്രിയകളിലൂടെയാണ് കടന്നുപോയത്?

 സാമൂഹ്യശാസ്ത്രം ആറാം പാഠത്തില്‍ പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ പറയുന്നുണ്ട്.അന്നുതന്നെ കുട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.എന്നാല്‍ ഞാന്‍ അത് പരിഗണിച്ചില്ല.പാഠം തീരാന്‍ ബാക്കിയുള്ളതുകൊണ്ടും ഒരുക്കങ്ങള്‍ക്കായി ധാരാളം സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ടും.എന്നാല്‍ സോഷ്യല്‍ ക്ലബ്ബിന്റെ യോഗത്തിനിടയില്‍ ഈ മാസത്തെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുമ്പോള്‍ കുട്ടികള്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചു.അങ്ങനെയാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത്.
 "എന്റെ വീട്ടില്‍ ഉലക്കയുണ്ട് സാര്‍, ഞാനതുകൊണ്ടുവരാം.”
വിഷ്ണുനാഥ് പറഞ്ഞു.
"എന്റെ വീട്ടില്‍ തൈരുകടയുന്ന മന്തും നാഴിയുമുണ്ട്."ശ്രീലക്ഷ്മി പറഞ്ഞു."എന്റെ വീട്ടില്‍ചെല്ലപ്പെട്ടിയുണ്ട്...മുരടയുണ്ട്...."കുട്ടികള്‍ ഓരോരുത്തരായി വിളിച്ചു പറയാന്‍ തുടങ്ങി..
ആ യോഗത്തില്‍ വെച്ചുതന്നെ ഓരോരുത്തരും കൊണ്ടുവരാമെന്നേറ്റ സാധനങ്ങളുടെ ലിസ്റ്റു തയ്യാറാക്കി.
പിറ്റേ ദിവസം മുതല്‍ കുട്ടികള്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങി.ഉച്ചഭക്ഷണ സമയത്തും വൈകുന്നേരം സ്ക്കൂള്‍വിട്ടതിനു ശേഷവും കുട്ടികള്‍ കാനത്തൂരിലെ വീടുവീടാന്തരം കയറിയിറങ്ങി പുരാവസ്തുക്കള്‍ ശേഖരിച്ചു.  കുട്ടികളെ ഏറെ സന്തോഷിപ്പിച്ച ഒരു പ്രവര്‍ത്തനമായിരുന്നു ഇത്. ഭാരമുള്ള വസ്തുക്കള്‍വരെ അവര്‍ ആഘോഷത്തോടെ ചുമലിലേറ്റി കൊണ്ടുവന്നു. അതോടൊപ്പം അവര്‍ ഒരു കാര്യംകൂടി മനസ്സിലാക്കി.പുരാവസ്തുക്കളുടെ സ്ഥാനം ഇന്നു വീടുകള്‍ക്കു പുറത്താണ്.വിറകുപുരയിലോ പശുതൊഴുത്തിലോ.മരസാമാനങ്ങള്‍ ചിതലരിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനി അധികകാലം ഇവയ്ക്കു നിലനില്പില്ല.


ഏതാണ്ട് രണ്ടാഴ്ചക്കാലം സാധനങ്ങള്‍ ശേഖരിക്കാന്‍ ചെലവഴിച്ചു.
പ്രദര്‍ശനത്തിനു പേരു കണ്ടെത്തി -കൊരമ്പ.പണ്ടുകാലത്ത് മഴ കൊള്ളാതിരിക്കാന്‍ കൃഷിക്കാര്‍ തലയില്‍ ചൂടുന്ന, ഉണങ്ങിയ തെങ്ങോല മടഞ്ഞുണ്ടാക്കിയ ഒരു സാധനം.ഗോഗുലാണ് കൊരമ്പ കൊണ്ടുവന്നത്.അതും തലയില്‍വെച്ച് അവന്‍ ഒരു ഫോട്ടോയ്ക്കു പോസ് ചെയ്തു.
പ്രദര്‍ശനത്തിനുള്ള തീയ്യതി നിശ്ചയിച്ചു. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തി- തൊണ്ണൂറുവയസ്സുകഴിഞ്ഞ ബൈരന്‍ മൂപ്പന്‍. തുളുനൃത്തകലാകാരന്‍. കാനത്തൂരിന്റെ മണ്ണില്‍ പൊന്നുവിളയിച്ച കൃഷിക്കാരന്‍.ആദിവാസി മൂപ്പന്‍
കുട്ടികള്‍ ഗ്രൂപ്പുതിരിഞ്ഞ് പോസ്റ്ററുകളും നോട്ടീസും തയ്യാറാക്കി.
പോസ്റ്റര്‍ കാനത്തൂര്‍ ടൗണില്‍ കൊണ്ടുപോയി ഒട്ടിച്ചു.നോട്ടീസുകള്‍ വിതരണം ചെയ്തു.കാണുന്നവരെയെല്ലാം പ്രദര്‍ശനത്തിനു വരാന്‍ ക്ഷണിച്ചു. അവര്‍ ശേഖരിച്ചുകൊണ്ടുവന്ന ഒരോ സാധനത്തിന്റെയും കുറിപ്പുകള്‍ തയ്യാറാക്കി. കുട്ടികള്‍ക്ക് അന്യമായ വസ്തുക്കളായിരുന്നു എല്ലാം. വീടുകളിലെ മുത്തശ്ശിമാരുടെ സേവനം കുട്ടികള്‍ ഉപയോഗപ്പെടുത്തി. തലേദിവസം ഓലകൊണ്ടുള്ള ലളിതമായ ഗേറ്റു തയ്യാറാക്കി. സാധനങ്ങള്‍ തരംതിരിച്ച് നന്നായി ഡിസ്പേ ചെയ്തു. പ്രദര്‍ശന ഹാളിനു മുന്നില്‍ തൂക്കിയിട്ട കടലാസില്‍ കുട്ടികള്‍ ഇങ്ങനെ കുറിച്ചിട്ടു.
'പുരാവസ്തുക്കള്‍ ഒരു ജനതയുടെ ജീവിതമാണ്.
അവരുടെ സംസ്ക്കാരമാണ്.
പുരാവസ്തുക്കള്‍ സംരക്ഷിക്കുക.
ഇല്ലെങ്കില്‍ ഓര്‍മകളില്ലാത്ത ഒരു ജനതയായ് നാം മാറും.'
 ഈ പ്രവര്‍ത്തനത്തിലൂടെ കടന്നുപോയ കുട്ടികളെ നിരീക്ഷിച്ചതില്‍ നിന്നും എനിക്കു ബോധ്യപ്പെട്ടത് ഇവയാണ്
  • കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള,കുട്ടകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഏതൊരു പ്രവര്‍ത്തനത്തിലും കുട്ടികള്‍ പൂര്‍ണ്ണമായും മുഴുകും.പ്രത്യേകിച്ചും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍.
  • സംഘം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ശക്തമായ ആവശ്യകത സൃഷ്ടിക്കുന്നുണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍.ക്ലാസിലെ കേവലമായ ഗ്രൂപ്പുപ്രവര്‍ത്തനം പോലെയല്ല ഇത്.പ്രവര്‍ത്തനം വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഓരോകുട്ടിയും സ്വയം ഏറ്റെടുക്കുന്നു.
  • വസ്തുക്കള്‍ ശേഖരിക്കല്‍,അന്വേഷണം,കുറിപ്പുതയ്യാറാക്കല്‍,പോസ്റ്റര്‍ രചന, നോട്ടീസ് തയ്യാറാക്കല്‍, പ്രദര്‍ശനഹാള്‍ ഒരുക്കല്‍ തുടങ്ങിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഒരു ലക്ഷ്യത്തില്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നു.
  • കാലാകാലങ്ങളിലായി നാം ഉപയോഗിക്കുന്ന വസ്തുക്കളില്‍ വരുന്ന മാറ്റം തിരിച്ചറിയുന്നതിലൂടെ,അതിനെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതിലൂടെ ചരിത്രാവബോധം രൂപപ്പെടുന്നു.
ഏതായാലും കൊരമ്പ കൊണ്ട് വലിയൊരുനേട്ടമുണ്ടായി. പുരാവസ്തുക്കള്‍ നമ്മുടെ നാടിന്റെ സമൃദ്ധമായ ഭൂതകാലമാണെന്നും അവ  സംരക്ഷിക്കേണ്ടതുമാണെന്നുമുള്ള ബോധ്യം നാട്ടുകാരിലും രക്ഷിതാക്കളിലും ഉണ്ടാക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞു. സ്ക്കൂളിനു സ്വന്തമായി ഒരു മ്യൂസിയം വേണം എന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.അടുത്തവര്‍ഷത്തെ വികസന പരിപാടിയിലെ ഒന്നാമത്തെ ഇനമായി മ്യൂസിയത്തെ ഉള്‍ക്കൊള്ളിച്ചു.

.................................................വാര്‍ത്ത..................................
കാനത്തൂര്‍ ഗവ. യു പി സ്ക്കൂളിലെ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ പുരാവസ്തു പ്രദര്‍ശനം ശേഖരിക്കപ്പെട്ട വസ്തുക്കളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.'കൊരമ്പ' എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ഓടില്‍ തീര്‍ത്ത ചെല്ലപ്പെട്ടി മുതല്‍ പറ പ്രചാരത്തില്‍ വരുന്നതിനു മുന്നേ നെല്ല് അളന്നു കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കാട്ടുവള്ളികൊണ്ടു മടഞ്ഞുണ്ടാക്കിയ കളസ്യവരെ പെടും.വ്യത്യസ്ത ഇനത്തില്‍പ്പെട്ട ഏതാണ്ട് എണ്‍പതോളം പുരാവസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തൈര് കടയാന്‍ഉപയോഗിച്ചിരുന്ന പാല്‍ക്കുറ്റി ,കരിങ്കല്ലില്‍ തീര്‍ത്ത തൂക്കക്കട്ടികള്‍,ഉപ്പും മുളകും ജീരകവും ഇട്ടുവെക്കാന്‍ ഉപയോഗിക്കുന്ന  മരം കൊണ്ടുണ്ടാക്കിയ മെരിയ,ചെമ്പ് കൊണ്ടുണ്ടാക്കിയ മണ്ണെണ്ണ വിളക്കുകള്‍,പാത്രങ്ങള്‍,മെതിയടികള്‍,ജലസേചനത്തിനു ഉപയോഗിച്ചിരുന്ന ഏത്താംകൊട്ട  തുടങ്ങി   കൗതുകമുണര്‍ത്തുന്ന നിരവധി വസ്തുക്കളില്‍  പലതും ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്കുതന്നെ അന്യമാണ്.
കാനത്തൂരെയും പരിസരപ്രദേശങ്ങളിലെയും വീടുകളില്‍ നിന്നും കുട്ടികള്‍ തന്നെയാണ് ഇവ ശേഖരിച്ചത്.പ്രായമായവരോട് ചോദിച്ചും അന്വേഷിച്ചും കുട്ടികള്‍  തയ്യാറാക്കിയ കുറിപ്പുകളും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു,
തൊണ്ണൂറു വയസ്സുകഴിഞ്ഞ ശ്രീ ബൈരന്‍ മൂപ്പനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണന്‍,പി ടി എ പ്രസിഡണ്ട് ശ്രീ മാധവന്‍,സോഷ്യല്‍ക്ലബ്ബ് കണ്‍വീനര്‍ അശ്വതി, അഭിജിത്ത്, ദിലീപ്,വിഷ്ണുനാഥ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.
.....................................................................
കുറിപ്പ് തയ്യാറാക്കിയത് :എം എം സുരേന്ദ്രന്‍ ,കാനത്തൂര്‍ ജി യു പി എസ്
.............................................................................................................
ശ്രീ സുരേന്ദ്രന്‍മാഷ് പങ്കുവെച്ച ഈ അനുഭവം പുതിയ പാഠ്യപദ്ധതിയുടെ ശക്തിയും സാധ്യതയും വെളിവാക്കുന്നു.
'പുരാവസ്തുക്കള്‍ ഒരു ജനതയുടെ ജീവിതമാണ്.
അവരുടെ സംസ്ക്കാരമാണ്.
പുരാവസ്തുക്കള്‍ സംരക്ഷിക്കുക.
ഇല്ലെങ്കില്‍ ഓര്‍മകളില്ലാത്ത ഒരു ജനതയായ് നാം മാറും.'
 പ്രദര്‍ശന ഹാളിനു മുന്നില്‍ തൂക്കിയിട്ട കടലാസില്‍ കുട്ടികള്‍  കുറിച്ചിട്ട ഈ വാക്യങ്ങള്‍ .അതാണ് തിരിച്ചറിവിന്റെ അടയാളം. ശരിയായ പഠനത്തിന്റെ കാനത്തൂര്‍ സ്റ്റൈല്‍.

അനുബന്ധമായി ഈ കവിത കൂടി ചൂണ്ടുവിരല്‍ പങ്കിടുന്നു.
കൊരമ്പ
---------
പറത്ത്മ്മ തപ്പ്യപ്പോളാണു
പഴയൊരു കൊരമ്പ കിട്ട്യത്‌.

കാച്ച്യണ്ണേരെ മണം
വെള്ളൂല താളീരെ കൊണം

പച്ചത്തെങ്ങോല
തീയിൽ വാട്ട്യെടുത്തത്‌

കയ്യുള്ള വള്ള്യോണ്ട്‌
മുളം തൂശിയിൽ
തുന്നിയെടുത്തത്‌

പൊരിവെയിലത്തമ്മ
മുളിയരിയുമ്പൊ ചൂട്യത്‌

പെരുമഴയത്തമ്മ
നാട്ടി നടുമ്പൊ പൊതച്ചത്‌

പച്ചക്കറിയുമായ്‌
പുതിയോട്ട ചന്തക്ക്‌ പോവാൻ
അഛനു തൊണയായത്‌

പൊടമുറി കഴിഞ്ഞ്‌
പുരുവോന്റെ കൂടെ പോവാൻ
പെങ്ങക്ക്‌ തണലായത്‌

ശീലക്കുടയുടെ പളപളപ്പിൽ
ശീലങ്ങൾ മാറ്യപ്പോളാണു
ഓളെ ഇരുട്ടിലേക്ക്‌ തള്ള്യത്‌.
******
വേണുഗോപാലൻ ചുണ്ണംകുളം
---------------------------------
ഉത്തരദേശം,കാസർ കോട്‌