ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 28, 2016

ദിനാചരണങ്ങളെ ഗവേഷണാത്മകമായി ഏറ്റെടുത്തപ്പോള്‍


(പ്രീതിക്കുളങ്ങര എല്‍ പി സ്കൂളില്‍ നടന്ന സംസ്ഥാനതല അധ്യാപക ശില്പശാലയിലാണ് ശ്രീ ഷുക്കൂര്‍ തന്റെ വിദ്യാലയത്തില്‍ നടത്തിയ ശ്രദ്ധേയമായ ഗവേഷണപ്രവര്‍ത്തനാനുഭവം പങ്കിട്ടത്. ദിനാചരണങ്ങളെ അക്കാദമിക പ്രശ്നപരിഹരത്തിനുളള സന്ദര്‍ഭം കൂടിയാക്കി മാറ്റിയതോടെ സംസ്ഥാനത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനമായി അത് മാറി. ഗവേഷണാത്മക അധ്യാപനസംസ്കാരം നാം ഇവിടെ ദര്‍ശിക്കുന്നു. ചൂണ്ടുവിരല്‍ അഭിമാനപൂര്‍വം ആ റിപ്പോര്‍ട്ട് പങ്കിടുകയാണ്)
"ഒരു വിദ്യാലയത്തിന്റെ മികവ് എന്നത് ആ വിദ്യാലയത്തിന്റെ നല്ലപ്രവര്‍ത്തനങ്ങളെ കാണിക്കുന്നു. പൊതുവിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതു സ്കൂളിനും പൊതുസമൂഹത്തിന്റെ വിശ്വാസ്യത ആര്‍ജ്ജിച്ചുകൊണ്ടുമാത്രമേ മുന്നോട്ടു പോകാനാകൂ. ഈ വിശ്വാസ്യത ആര്‍ജ്ജിക്കണമെങ്കില്‍ കുട്ടികളില്‍ അക്കാദമികതലത്തിലെ പ്രകടമായ മാറ്റം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ശ്രീ ഷുക്കൂറിന്റെ നേതൃത്വത്തില്‍ 2015-16 ല്‍ നടുഭാഗം ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ ഏറ്റെടുത്തു നടപ്പിലാക്കിയ ഗവേഷണാത്മകമായ പ്രവര്‍ത്തനമാണ് 'ചുവരെഴുത്ത് ' എന്ന വിദ്യാഭ്യാസ പ്രോജക്ട്. സ്കൂളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കിയപ്പോള്‍ ചില കുട്ടികള്‍ക്ക നേരിട്ട പഠനപിന്നാക്കാവസ്ഥയാണ് ഈ
പ്രവര്‍ത്തനം ഏറ്റെടുക്കുവാന്‍ അധ്യാപകരെ പ്രേരിപ്പിച്ചത്
ലക്ഷ്യങ്ങള്‍
  1. ദിനാചരണങ്ങളെ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്.
  2. ഭാഷാപരമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നൂതനമായ സന്ദര്‍ഭങ്ങള്‍ കണ്ടെത്തി കുട്ടികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്.
  3. വായന, ലേഖനം എന്നീ ശേഷികള്‍ ആര്‍ജ്ജിക്കുന്നതിനുള്ള നൂതന സങ്കേതങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന്.
  4. കുട്ടികളുടെ പൊതുവിജ്ഞാനമേഖല വികസിപ്പിക്കുന്നതിന്. 
  5. സ്കൂളില്‍ ഒഴിഞ്ഞുകിടക്കുന്ന ചുവരുകള്‍, വാതിലുകള്‍, ജനാലകള്‍ പോലുള്ളവ ഫലപ്രദമായി ഉപയോഗിക്കുന്നതിന് 
  6. വലിയ പണച്ചെലവില്ലാതെ സ്കൂള്‍ ആകര്‍ഷകമാക്കുന്നതിന്.. 
  7. പൊതുസമൂഹത്തിന് പൊതുവിദ്യാഭ്യാസത്തോടുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന്.  
ദിനാഘോഷങ്ങളുടെ ഭാഗമായി ഒട്ടനവധി പ്രാദേശികപാഠങ്ങള്‍ തയ്യാറാക്കുകയും അവ കുട്ടികള്‍ക്ക് പഠനത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മഹാന്മാരായ വ്യക്തികളുടെ വിവരങ്ങളടങ്ങിയ പോസ്റ്ററുകളും മേല്‍സൂചിപ്പിച്ച ദിനാചരണങ്ങളുടെ ഭാഗമായി തയ്യാറാക്കപ്പെട്ട പോസ്റ്ററുകളും കുട്ടികളുടെ വായന, ലേഖനം എന്നീ ശേഷികള്‍ ഉറപ്പിക്കുന്നതിനും അതുവഴി കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു.

ക്ലാസ് പ്രവര്‍ത്തനങ്ങളുടെയും സ്കൂള്‍പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കുട്ടികളില്‍ ചിലര്‍ വായന, ലേഖനം എന്നീ ശേഷികള്‍ കൂടാതെ പൊതുവിജ്ഞാനം എന്ന
മേഖലയിലും പിന്നാക്കം നില്‍ക്കുന്നതായി കണ്ടു. ജൂലൈ 15 ന് പ്രീടെസ്റ്റ് നടത്തിക്കൊണ്ട് വായന, ലേഖനം,പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കൃത്യതപ്പെടുത്തി.
ക്ലാസ് വായന ലേഖനം പൊതുവിജ്ഞാനം
II 33.00% 33.00% 16.50%
III 16.33% 16.33% ---------
IV 50.00% 50.00% ---------

വായന പ്രോത്സാഹിപ്പിക്കാന്‍ രണ്ട് പ്രവര്‍ത്തനങ്ങള്‍ നല്‍കി. അതില്‍ ഒന്ന് എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കുള്ള ഇടവേളകളില്‍, തെരഞ്ഞെടുക്കപ്പെട്ട കഥകള്‍ വായിക്കുക എന്നതായിരുന്നു. 'വായനക്കൂട്ടം' എന്നപേരില്‍ ഈ പ്രവര്‍ത്തനം സ്കൂളില്‍ നടക്കുന്നുണ്ട്. മറ്റൊന്ന് ദിനാചരണങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ചുവര്‍പോസ്റ്ററുകളെ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു. ഇതിലൂടെ പൊതുവിജ്ഞാനത്തിന്റെ വികാസവും ലക്ഷ്യമിട്ടിരുന്നു.

  1. വായന ഉറപ്പിക്കാന്‍ ചുവര്‍ക്വിസ് 
    എല്ലാ വെള്ളിയാഴ്ച്ചയും ചുവര്‍പോസ്റ്ററുകളെ പ്രയോജനപ്പെടുത്തുവാന്‍ പാകത്തിന് 5 ചോദ്യങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ നല്‍കുന്നു. ചോദ്യങ്ങള്‍ വായിച്ചതിനു ശേഷം ഉത്തരങ്ങള്‍ ചുവര്‍പോസ്റ്ററുകളില്‍ നിന്നും കണ്ടെത്തി, നോട്ടീസ് ബോര്‍ഡിനു താഴെ വച്ചിരിക്കുന്ന ബോക്സില്‍ ഇടുന്നു.മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ശരിയാക്കിയവരില്‍നിന്നും നറുക്കിലൂടെ വിജയികളെ തീരുമാനിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.അസംബ്ലികളില്‍ പോസ്റ്ററുകളെ അടിസ്ഥാനമാക്കിയുള്ള പൊതുവിജ്ഞാനചോദ്യങ്ങള്‍.

  • 2. ലേഖനം ഉറപ്പിക്കാന്‍ കുറിപ്പുകള്‍ 
    ആഴ്ചയിലൊരു ദിവസം, പോസ്റ്ററുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കുട്ടികള്‍ കുറിപ്പുകളാക്കി മാറ്റുന്നു. (ഇതിനായി ഓരോ കുട്ടിക്കും ഓരോ ബുക്ക് വീതം. നല്‍കിയിട്ടുണ്ട്).കുട്ടികള്‍ പോസ്റ്ററിലെ വിവരങ്ങളെ വിശകലനം ചെയ്ത് കുറിപ്പുകളാക്കി മാറ്റുന്നു. തയ്യാറാക്കിയ കുറിപ്പുകള്‍ കുട്ടികള്‍ അസംബ്ലിയില്‍ വായിച്ചവതരിപ്പിക്കുന്നു. അവതരണത്തിന് ഊഴമനുസരിച്ച് കുട്ടികള്‍ക്ക് അവസരങ്ങള്‍ മാറിമാറി നല്‍കുന്നു.
    • രണ്ടു പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുന്നു.
    നേട്ടങ്ങള്‍
    • വായന,ലേഖനം, പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ അനുകൂലമായ മാറ്റം.
    ക്ലാസ്
    വായന
    2015 ജൂലൈ
    വായന
    2016
    ഫെബ്രുവരി
    ലേഖനം
    2015
    ജൂലൈ
    ലേഖനം
    2016
    ഫെബ്രുവരി
    പൊതുവിജ്ഞാനം
    2015
    ജൂലൈ
    പൊതുവിജ്ഞാനം
    2016
    ഫെബ്രുവരി
    II 33.00% 100.00% 33.00% 66.00% 16.50% 50.00%
    III 16.33% 100.00% 16.33% 66.00% --------- 50.00%
    IV 50.00% 100.00% 50.00% 100.00% --------- 50.00%
    മറ്റു നേട്ടങ്ങള്‍
    • പഠനത്തില്‍ താത്പര്യം വര്‍ദ്ധിച്ചു.
    • അറിവിന്റെ വ്യാപനത്തിന് ഉപകരിച്ചു.
    • പൊതുവിജ്ഞാനത്തില്‍ വളര്‍ച്ച.
    • ഒന്നാം ക്ലാസിലെകുട്ടികളുടെയും പൊതുവിജ്ഞാനത്തില്‍ വളര്‍ച്ച.
    • റഫറന്‍സ് സ്കില്‍ വളര്‍ത്തുന്നതിനു സഹായിച്ചു.
    • വായന,ലേഖനം എന്നീ ശേഷികള്‍ക്കുപുറമേ വിശകലനം, അപഗ്രഥനം എന്നീ ശേഷികള്‍ക്ക് കൂടി വികാസം.
    • രക്ഷാകര്‍ത്തൃസമൂഹത്തിന്റെ പിന്തുണ കൂടി
    • അധ്യാപക കൂട്ടായ്മ ഫലം കണ്ടു.
    • കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.
    • സ്കുള്‍ ആകര്‍ഷകമായി.
    • കുട്ടികള്‍ക്ക് സ്വന്തമായി പോസ്റ്ററുകള്‍ തയ്യാറാക്കാന്‍ കഴിയുന്നു.
     
തുടര്‍പ്രവര്‍ത്തനങ്ങള്‍
  1. പ്രാദേശികപാഠമെന്ന രീതിയില്‍ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള വിജ്ഞാനശകലങ്ങള്‍ പോസ്റ്റര്‍ രൂപത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുക.
  2. നാലാംക്ലാസ് കഴിയുന്നമുറയ്ക്ക് ഓരോ കുട്ടിക്കും‌, സ്വന്തമായി, സ്വതന്ത്രമായി തയ്യാറാക്കിയ വ്യത്യസ്തമായ നൂറുവിഷയങ്ങളുടെ ഒരു പൊതുവിജ്ഞാന ഡയറി നല്‍കുക.
  3. കുട്ടികള്‍ തയ്യാറാക്കുന്ന പോസ്റ്ററുകളെ പ്രോല്‍സാഹിപ്പിക്കുക.
  4. രക്ഷിതാക്കളുടെ ക്വിസ് നടത്തുക.
  5. കുട്ടികളുടെ നേട്ടങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് സാമൂഹികബോധവല്‍ക്കരണം നടത്തുക.
    ഇത് വിദ്യാഭ്യാസമേഖലയില്‍ അനുകൂലമായി ചിന്തിക്കുന്നവര്‍ക്ക് ഒരു കൈത്തിരിയായി മാറുമെങ്കില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി. അറിവിന്റെ വ്യാപനത്തിനുപകരിക്കുന്ന ഈ മാതൃക മറ്റു സ്കൂളുകള്‍ക്കും സ്വീകരിക്കാവുന്നതാണെന്ന് വിനയപൂര്‍വ്വം അറിയിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുന്നു.
    ഷുക്കൂര്‍ ( പ്രഥമാധ്യാപകന്‍)
     

Wednesday, June 22, 2016

ഒന്നാം ക്ലാസുകാര്‍ക്ക് ലൈബ്രറിയില്‍ അംഗത്വം. വായിക്കാന്‍ അമ്മമാരുടെ ബാലസാഹിത്യവും

 
ടഗോര്‍ മെമ്മോറിയല്‍ എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസുകാരോട് അസൂയ തോന്നുന്നു. അസൂയ അത്ര നല്ലതല്ലെങ്കിലും അതു തോന്നിയാല്‍ പിന്നെ മറച്ചുവെക്കേണ്ട കാര്യമില്ല.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന നൂറോളം കുട്ടികള്‍ 20-06-2016 ന് ലൈബ്രറിയില്‍ അംഗത്വം എടുത്തു.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് സ്ലേറ്റും പെന്‍സിലും മലയാളപാഠാവലിയും മാത്രമേ ഉണ്ടായിരുന്നുളളൂ. പിന്നെന്നോ ഒരു എഞ്ചുവടി പുസ്തകം കിട്ടി. അഞ്ചാം ക്സാസിലെത്തിയപ്പോഴാണ് ലൈബ്രറി പുസ്തകം വായിക്കാന്‍ കിട്ടുന്നത്. സാരാപദേശ കഥകളും മഹാന്മാരുടെ ജീവചരിത്രവും ഒക്കെയാണ്. ആഴ്ചതോറും മാറും. എന്റെ വായനയുടെ ഗതി മാറുന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. നാലു കിലോമീറ്റര്‍ ദൂരെയുളള മുക്കം വായനശാലയില്‍ അംഗത്വമെടുത്തു. ഞായറാഴ്ചകളില്‍ വായനശാലയിലേക്കുളള യാത്ര. മാമ്പാറയില്‍ വെളുത്താലക്കുഴിയില്‍ ബോസിന് ഒരു സ്വകാര്യ ലൈബ്രറി ഉണ്ടായിരുന്നു. രണ്ടു രൂപ കൊടുത്ത് അവിടെയും ചേര്‍ന്നു. പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്ന വലിയ ഇടപെടലൊന്നും വി്യാലയത്തില്‍ ഉണ്ടായിട്ടില്ല. യാന്ത്രികമായ പുസ്തകവിതരണത്തിനപ്പുറം.ആ ഓര്‍മയുളളതിനാലാണ് ഈ കുട്ടികളുടെ സൗഭാഗ്യം കണ്ട് അതിശയിച്ചു പോയത്.
വായനാദിന സന്ദേശം ഉള്‍കൊണ്ട് പ്രീതിക്കുളങ്ങര എല്‍ പി സ്കൂളിലെ 'എല്ലാ കുട്ടികള്‍ക്കും YMA ഗ്രന്ഥശാല സൗജന്യ അംഗത്വം നല്‍കി. ചടങ്ങ് ഗ്രന്ഥശാല ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകനും, പ്രശസ്ത നാടക രചയിതാവുമായ ശ്രീ. മാലൂര്‍ ശ്രീധരന്‍ നിര്‍വ്വഹിച്ചു. മൊബൈല്‍ വനിതാ ലൈബ്രേറിയന്‍ ആഴ്ചയില്‍ ഒരുദിവസം സ്കൂളില്‍ എത്തി കുട്ടികള്‍ക്ക് അവരുടെ നിലവാരത്തിനനുസരിച്ച പുസ്തകങ്ങള്‍ല്‍കും. എല്ലാ ആഴ്ചയിലും ഓരോ പുസ്തകം . ഒരു വര്‍ഷം അമ്പത് പുസ്തകം. നാലു വര്‍ഷം കൊണ്ട് എല്‍ പി സ്കൂളിലെ കുട്ടി ഇരുനൂറു പുസ്തകങ്ങളിലൂടെ കടന്നു പോകും. ഇതാണ് പഠനം, ഇതാണ് ഭാഷാപരമായ വളര്‍ച്ചയുടെ നേര്‍പ്പാത. പാഠപുസ്തകത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വായനയും ചിന്തയും വികസിക്കുകയാണ്. സ്കൂളിലെ അധ്യാപകരുടെയും എസ് എം സി അംഗങ്ങളുടെയും പ്രാദേശിക സാംസ്കാരിക പ്രവര്‍ത്തകരുടെയും ഉത്തരവാിദിത്വങ്ങള്‍ കൂടുകയുമാണ്.
  • പുസ്തകവായനക്കാരായ കുട്ടികള്‍ക്ക് വായനാനുഭവം പങ്കിടാനുളള വൈവിധ്യമുളള അവസരം സൃഷ്ടിച്ച് അവിരുടെ വായനാതാല്പര്യത്തെ ജ്വലിപ്പിച്ച് നിറുത്തണം.
  • പുസ്തക ചര്‍ച്ചകള്‍ സംഘടിപ്പിക്കണം,
  • വായിച്ച പുസ്തകങ്ങളെ ആധാരമാക്കി ആവിഷ്കാരങ്ങള്‍ക്കുളള സാധ്യത അന്വേഷിക്കണം.
  • വൈവിധ്യമുളള വായനാസാമഗ്രികളിലേക്ക് ശ്രദ്ധ ക്ഷണിക്കണം.
  • വായനയുടെ ആഴം വര്‍ധിപ്പിക്കാനുളള ഇടപെടല്‍ നടത്തണം.
  • സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന സ്കൂള്‍ വായനാസംസ്കാരം വികസിപ്പിക്കണം. അതിനായി സംസ്ഥാനത്തെ മികവുറ്റ അനുഭവങ്ങളെ സ്വാംശീകരിക്കണം.
  • വായനയ്കൊരു പാഠ്യപദ്ധതി വികസിച്ചുവരണം. 
    വായന ജീവിതചര്യയായി മാറുമ്പോള്‍ വാരാചരണത്തിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടും എന്നുറപ്പ്. കുട്ടികള്‍ മാത്രം വായിച്ചാല്‍ മതിയോ ?രക്ഷിതാക്കളും സമൂഹവും വായിക്കണ്ടേ? വായനാന്തരീക്ഷമുളള വീടുകള്‍ സൃഷ്ടിക്കണ്ടേ? വേണം. അതിനും മാര്‍ഗം രൂപപ്പെടണം. ജനകീയ രചനോത്സവം അത്തരം ഒരു സാധ്യത തുറന്നിടുകയാണ്.

ജനകീയ രചനോത്സവം
കുട്ടികള്‍ക്കുളള വായനാസാമഗ്രികളില്‍ രക്ഷിതാക്കള്‍ പ്രാദേശികമായി തയ്യാറാക്കിയവയും ഇടം പിടിക്കുകയാണ്. രക്ഷിതാക്കളെ എഴുത്തുകാരാക്കുന്ന പ്രക്രിയ വിചാരിച്ചതിലധികം മുന്നേറിക്കഴിഞ്ഞു .പതിനൊന്ന് വാര്‍ഡുകളിലും രചനോത്സവം നടന്നു. വിശദാംശങ്ങളറിയാന്‍ വാര്‍ത്ത വായിക്കാം.
 രചനോത്സവം ഉദ്ഘാടനം ചെയ്തത്  കുട്ടികള്‍ക്കായി മുപ്പത്തിയെട്ടോളം കൃതികള്‍ രചിച്ചിട്ടുളള ശ്രീമതി വിമലാമേനോനാണ്. കേരളസര്‍ക്കാരിന്റെയും എസ് ബി ടിയുടെയും കൈരളി ബുക്ക് ട്രസ്റ്റിന്റെയും അവാര്‍ഡ് നേടിയ വിമലാമേനോനെത്തന്നെ ജനകീയ രചനോത്സവത്തിനു ലഭിച്ചത് ഒരു മഹാഭാഗ്യമായി സ്കൂള്‍ അധികൃതര്‍ കരുതുന്നു. 
ജനകീയ രചനോത്സവത്തെക്കുറിച്ച് രതീഷ് ഇപ്രകാരം പറയുന്നു.
ഒറ്റ ദിവസം കൊണ്ട് ഇരുനൂറ് രചനകളാണ് മാരാരിക്കുളത്ത് ഉണ്ടായത്. അടുത്ത ശനിയാഴ്ചയും രചനോത്സവം ഉണ്ടാകും. പങ്കെടുത്തവരെല്ലാം രചനയുടെ ആവേശത്തിലാണ്. വീട്ടിലിരുന്നും രചനകള്‍ നടത്തുന്നു. കുടുംബശ്രീ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി രചനോത്സവം നാടിന്റെ മഹാസംഭവമാക്കി മാറ്റാനുളള ഒരുക്കത്തിലാണ് സംഘാടകര്‍. രക്ഷിതാക്കള്‍ക്കും നല്ല അഭിപ്രായം
മനോജ് പറയുന്നു-
കുട്ടികളുമായി സാഹിത്യസല്ലാപം
വായനാസാമഗ്രി കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയോ? അവരെ പുസ്തകത്തിന്റെ  മധുരം അറിയിക്കണ്ടേ? ശ്രീമതി വിമലാമേനോന്‍  കവിതകളും കഥകളും പറഞ്ഞും വ്യാഖ്യാനിപ്പിച്ചും ചൊല്ലിച്ചും വായനയുടെയും ആസ്വാദനത്തിന്റെയും ചെറു പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു. 
ജൂണ്‍ മാസം സ്കൂളില്‍ നടന്ന സംസ്ഥാനതല ശില്പശാലയില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ 50 ഓളം ചെറു കഥകളും കവിതകളും ഇതേ ചടങ്ങില്‍ പ്രകാശനം ചെയ്തു. . അമ്മമാരെഴുതിയ രചനകള്‍ കൗതുകത്തോടെയാണ് കുട്ടികള്‍ ഏറ്റു വാങ്ങിയത്. വീടായ വീടെല്ലാം ചര്‍ച്ചയായി.
നാടുണര്‍ത്തിയ ഈ സവിശേഷ സംരംഭത്തിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.റ്റി.മാത്യു ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാഥിതികളായി. വാര്‍ഡ് മെമ്പര്‍ ശ്രീ.വി.ദിനകരന്‍, എസ്.എം.സി പ്രസിഡന്റ് ശ്രീ.വി.വി. മോഹൻ ദാസ്, ഗ്രന്ഥശാല സെക്രട്ടറി ശ്രീ.വി.കെ.രാജു ,ഹെഡ്മിസ്ട്രസ് ശ്രീമതി. പുഷ്പവല്ലി, എന്നിവർ ആശംസകരായി. ടീച്ചേഴ്‌സ് ,ശാസ്ത്ര സാഹിത്യ പരിഷത്ത് കലവൂര്‍ യൂണിറ്റ് സെക്രട്ടറി ശ്രീ. രജീഷ്, പി.റ്റി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നൽകി.
രചനാശില്പശാലയിലെ പങ്കാളിത്തം
വായനയും രചനയും ആസ്വാദന ക്ലാസുകളുമായി മുന്നേറുന്ന ഈ കൊച്ചു കൂട്ടുകാരുടെ അടുത്തേക്ക് അടുത്ത മാസം മുതല്‍ മലയാളത്തിലെ പ്രധാന കവികള്‍ വരും. കവികളില്‍ നിന്നും നേരിട്ട് കവിത പഠിക്കാനവസരം ലഭിക്കുന്ന ഭാഗ്യം ചെയ്ത കുട്ടികളായിരിക്കും ഇവര്‍, മലയാളം മീഡിയത്തിന്റെ കരുത്ത് എന്നാല്‍ മലയാളത്തിന്റെ കരുത്തറിയലു കൂടിയാണ്. 


Tuesday, June 14, 2016

വായനാദിനത്തില്‍ മാരാരിക്കുളത്ത് ജനകീയ രചനോത്സവം


"കഥയും കവിതയുമൊക്കെ എഴുതാൻ സാധാരണക്കാരായ ഞങ്ങൾക്കാകുമോ ?... അതൊക്കെ വലിയ സാഹിത്യകാരന്മാർ ചെയ്യേണ്ട ജോലിയല്ലേ... ?  കുട്ടികൾക്കായുള്ള വായനാസാമാഗ്രികൾ സ്വന്തമായി നിർമ്മിക്കാനായി TMPLPS ൽ   സംഘടിപ്പിച്ച രചനാ ശില്പ ശാലയിലെത്തിയ രക്ഷിതാക്കൾക്കു ഉണ്ടായ  ആശങ്ക ചെറുതായിരുന്നില്ല. എന്തെഴുതണം ??... സംശയം . തീർന്നില്ല..... എന്തിനു വേറെ വിഷയം തേടണം?..  സ്കൂൾ ചുവരുകളിൽ വരച്ചു ചേർത്ത   ചിത്രങ്ങൾ തന്നെയാകട്ടെ  രചനാ  തന്തുക്കൾ..... പൂക്കളും മരങ്ങളും ശലഭങ്ങളും കുരങ്ങന്മാരും ആനയും മാനും വരയൻ കുതിരയും ജിറാഫും കടലും വയലുമെല്ലാം  കഥാപാത്രങ്ങളായി...... കഥയും കവിതയും... ഒരു പെരുമഴതന്നെ !!! 
 ഇത് ഞാൻ തന്നെ എഴുതിയതാണോ ? ഇത്ര മനോഹരമായി ?.. ഇത്ര ഈണത്തിൽ ?....പുതിയ കവികൾക്ക് പലർക്കും ആശ്ചര്യം അടക്കാൻ കഴിയുന്നില്ല......ഒപ്പം  സന്തോഷവും !! ഞാനിതെന്തേ മുൻപേ ചെയ്തില്ല ?? ചിലർക്ക്  സങ്കടം !!. സ്വന്തം കുട്ടികൾക്ക് വായന പരിചയിക്കാൻ സ്വന്തം രചനകൾ തന്നെ നല്കാനായതി ന്റെയും  തന്നിലെ ഉറങ്ങികിടന്ന കവിയെ, കഥാകാരിയെ കണ്ടെത്തിയതിന്റെയും  സംതൃപ്തി ഒന്ന് വേറെ തന്നെ... അനുഭവിച്ചു തന്നെ അറിയണം... ഇക്കാര്യത്തിൽ  എല്ലാവർക്കും ഒരേ സ്വരം... ഇന്നത്തെ ദിനം കൊണ്ട് തീർന്നില്ല
കേട്ടോ... അടുത്ത ആഴ്ച ബാലകൈരളികളെ കേന്ദ്രികരിച്ച് നടക്കുന്ന തുടർ രചനകളിൽ കൂടുതൽ രക്ഷിതാക്കൾ പങ്കെടുക്കും... വീണ്ടും രചനകൾ പിറ ക്കും... ഒപ്പം പുതിയ കവികളും കഥാകൃത്തുക്കളും.....   TMPLPS ന്റെ  സ്വന്തം എഴുത്തുകാർ !!!....  
രചനകളെല്ലാം ഒരുമിച്ചു ചേർത്തു  വരുന്ന വായനാ ദിനത്തിൽ നമ്മുടെ കൊച്ചു കുസൃതികൾ ക്കു സമ്മാനിക്കും .. വായിച്ചു രസിക്കാൻ.....ഈണത്തിൽ പാടാൻ.....  അച്ഛൻ  എഴുതിയ കഥയും അമ്മയുടെ സ്നേഹം ചേ ർന്ന കുഞ്ഞി ക്കവിതകളും ....രക്ഷിതാക്കളുടെ അനുഭവക്കുറിപ്പ് ആണ് നാം വായിച്ചത്. 
പ്രീതിക്കുളങ്ങര സ്കൂള്‍ ചരിത്രം സുഷ്ടിക്കുകയാണ്. ജൂൺ പത്തിനു നടന്ന രചനാ ശില്പ ശാലയിലെ ചില രചനകൾ പരിചയപ്പെടാം.
രതീഷ് പരിണാമസിദ്ധാന്തത്തെ എത്ര ലളിതമായി അവതരിപ്പിച്ചിരിക്കുന്നു! കുട്ടികള്‍ വളരുമ്പോള്‍ അതിന്റെ ആശയം വിപുലീകരിച്ചുകൊളളും. മാത്രമല്ല വിദ്യാലയച്ചുവരില്‍ കുരങ്ങന്മാരുടെ ചരിത്രപരമായ ചിത്രീകരണമുണ്ടല്ലോ. ചുമരിനെ പഠനസാമഗ്രിയാക്കുമ്പോള്‍ അതിന്റെ ആഴം എത്രവരെയാകാം എന്ന ചോദ്യത്തിനുത്തരം കൂടിയാണ് ഈ രചന.
 രണ്ടാമത്തെ രചന ഇങ്ങനെ
അപ്പൂപ്പന്‍ താടിയും പൊന്‍വണ്ടും

ശൂ.... ശൂ.... ശൂ.... കാറ്റ് വീശാന്‍ തുടങ്ങി
അപ്പൂപ്പന്‍താടികളെല്ലാം റെഡിയായി
അടുത്ത കാറ്റിന് ചാടണം
ഒരു വലിയ കാറ്റുവീശി
ശൂ.... ശൂ.... ശൂ....ടപ്.....കായ പൊട്ടി.കായക്കുള്ളില്‍ നിന്നും
അപ്പൂപ്പന്‍താടികളെല്ലാം
ഒരുമിച്ച പുറത്തേക്ക് ചാടി....ഹായ്.... ഹായ്.... എന്തുരസം !എല്ലാവരും ഒരുമിച്ച് ഉയരത്തിലേക്കേ നോക്കി പറന്നു.കാറ്റിലാടി ചാഞ്ഞും ചരിഞ്ഞും പറന്നു . 

ഉയര്‍ന്നു പറന്നു. ഉല്ലസിച്ച് പറന്നുഒരു അപ്പൂപ്പന്‍താടി താഴേക്ക് നോക്കി
അതാ താഴെ ഒരു വണ്ട്
ഒരു പൊന്‍വണ്ട്
അതിനെന്താ ഒരു വിഷമം?എന്താ എന്തുപറ്റി?ങ്ങീ.... ങ്ങീ..... ങ്ങീ....എനിക്കു പറക്കാന്‍ വയ്യ.കാറ്റടിച്ച് ചിറകു മുറിഞ്ഞു ..ങ്ങീ.... ങ്ങീ..... ങ്ങീ....സാരമില്ല ഞാന്‍ കൊണ്ടുപോകാലോ
അപ്പൂപ്പന്‍താടി പൊന്‍വണ്ടിനെ തോളിലേറ്റി പറന്നു.

( സൂര്യ നടേശന്‍)
ഈ കഥ ഒരു സാധാരണ രക്ഷിതാവ് എഴുതിയതാണ്. അതിന്റെ മാനം വലുതാണ്. ഒന്നു വിശകലനം ചെയ്തുനോക്കാം. ഉയരം നോക്കി ഉല്ലസിച്ച് പറക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ താഴേക്ക് നോക്കുന്നവര്‍ക്കേ ദുരിതവും വേദനയും അനുഭവിക്കുന്നവരെ കാണാനാകൂ. അടിസ്ഥാനജീവിതം ദര്‍ശിക്കാനാകൂ. സങ്കടപ്പെടുന്നവരേ ആശ്വസിപ്പിക്കാനാകൂ. തന്നാലാകും വിധം പോന്‍വണ്ട് സഹായിക്കുകയാണ്. പ്രവൃത്തിയാണ് പൊന്നാകുന്നത്. പൊന്‍വണ്ട് എന്ന പേര് അങ്ങനെ അന്വര്‍ഥമാകുന്നു. മറ്റ് അപ്പൂപ്പന്‍താടികളെ നാം ഓര്‍ക്കുന്നില്ല. എന്നാല്‍ ഈ അപ്പൂപ്പന്‍ താടി നമ്മുടെ മനസില്‍ ഇടം തേടിക്കഴിഞ്ഞു. ജീവിതം മറ്റുളളവര്‍ക്ക് പ്രകാശമാക്കി മാറ്റിയതിലൂടെ ഈ കഥാപാത്രം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുകയാണ്. വളരെ ലളിതമായി ഒരു മഹത്തായ കാര്യം പറയുന്ന മട്ടില്ലാതെ കുട്ടികളുടെ ഭാഷയില്‍ അമ്മ എഴുതിയിരിക്കുന്നു. രചനാശില്പശാല നാട്ടിലെ എഴുത്തുകാരെ കണ്ടെത്തല്‍ കൂടിയാണ്. വലിയൊരു സാധ്യതയാണ് തിരിച്ചറിവാണ് ഉണ്ടായിരിക്കുന്നത്.

മൂന്ന്
രേ പ്രമേയത്തെ രണ്ടുപേര്‍ സമീപിച്ചപ്പോള്‍ എങ്ങനെ എന്നറിയണ്ടേ?
മുതല ഒടുവില്‍ പ്ലും


ഒരു വലിയ കാട്
അവിടെ തളളയാനയും കുട്ടിയാനയും ഉല്ലസിച്ച് കഴിയുകയായിരുന്നു
കുട്ടിയാനയ്ക് വയറു നിറവോളം ആഹാരം വേണം
തളളയാന മരങ്ങള് കുലുക്കി പഴങ്ങള് താഴത്തേക്കിടും
കുട്ടിയാന പറയും വെളളം വേണം വെളളം വേണം വല്ലാത്ത ദാഹം
അടുത്ത പുഴയിലേ്ക്ക് തളളയാന കൊണ്ടുപോകും
വെളളം കുടിക്കാന് മാത്രമാണോ കുട്ടിയാന പോകുന്നത്?
വെളളത്തില് കളിക്കാന് കൂടിയാണ്.
തുമ്പിക്കൈയില് വെളളം കോരി അമ്മേടെ ദേഹത്തൊഴിക്കും
ആകാത്തേക്ക് ചീറ്റി മഴവില്ല് കാണും
പുഴക്കരയിലെ ചെടികളില് മഴപെയ്യിക്കും
അങ്ങനെ വെളളം കോരി കളിച്ചുകൊണ്ടിരിക്കേ ഒരു മുതല പൊങ്ങി വന്നു
കുട്ടിയാന പേടിച്ചു പോയി.
നിലവിളിച്ച് അമ്മയുടെ അടുത്തേക്കോടി
തളളയാന തുമ്പിക്കൈകൊണ്ട് മുതലയെ തൂക്കിയെടുത്ത് വട്ടം കറക്കി ഒരേറ്
മുതല ദൂരെ പോയി വീണു
പ്ലും

മുതല ചമ്മന്തിയായി
ഒരു വനം
നിറയെ മരങ്ങളും വളളിച്ചെടികളുമുളള വനം
അമ്മയാനയും കുട്ടിയാനയും അവിടെയാണ് താമസിച്ചിരുന്നത്
ഒരു ദിവസം അവര് കാട്ടുകുളത്തില് കുളിക്കാന് പോയി
പായലു നീക്കി കുളത്തിലേക്കിറങ്ങി
കുളി തുടങ്ങി.
കുട്ടിയാനയുടെ ദേഹത്തെ ചേറും ചെമ്മണ്ണുമെല്ലാം അമ്മ കഴുകി
അങ്ങനെ കുളിക്കുമ്പോള് ആതാ ഒരു മുതല പതിയെ വരുന്നു!
അത് തളളയാനയുടെ തുമ്പിക്കൈയില് പിടിയിട്ടു.
കടിച്ചു പിടിച്ചു വലിച്ചു
അയ്യോ രക്ഷിക്കണേ. തളളയാന വേദനകൊണ്ട് കരഞ്ഞു
അയ്യോ അയ്യോ മുതലച്ചാ എന്റെ അമ്മയെ ഒന്നും ചെയ്യല്ലേ
കുട്ടിയാന അപേക്ഷിച്ചു
മുതലയുണ്ടോ അതു കേള്ക്കുന്നു
അത് തുമ്പിക്കൈയില് കടിച്ചു പിടിച്ച് ആഞ്ഞ് വലിച്ചു
കുട്ടിയാന ഓടിച്ചെന്ന് മുതലയുടെ പളളയ്ക് തലകൊണ്ട് ഒരൊറ്റ ഇടി
ശക്തിയായ ഇടികൊണ്ട് മുതല വായ് പൊളിച്ചുപോയി
പിടിവിട്ട് വെളളത്തില് വീണു
ഈ തക്കത്തിന് തളളയാന മുതലയ്കിട്ട് ഒരു തൊഴിയും കൊടുത്തു
ഇടീം തൊഴീം കൊണ്ട് മുതല ചമ്മന്തിയായി.

പ്രീതിക്കുളങ്ങര സ്കൂളിന്റെ വായനാസാമ്ഗ്രി നിര്‍മാണ ഘട്ടങ്ങൾ ഇങ്ങനെ -
  1. അധ്യാപകരുടെ രചനാ ശില്ലശാല 'മെയ് അവസാനം നടന്നു.എല്ലാവർക്കും സർഗാത്മക രചന വഴങ്ങും എന്ന് ബോധ്യപെട്ടു. രചനാ തന്ത്രം വികസിപ്പിച്ചു.
  2. രക്ഷിതാക്കളുടെ രചനാ ശില്ലശാല ' ജൂൺ പത്ത്' നാല് പതു പേർ പങ്കെടുത്തു' 40 കഥകളും 40 കവിതകളും ഉണ്ടായി.(അതിനെ അനുഭവമാണ് ആദ്യം വായിച്ചത് )
  3. ജൂണ്‍ പത്തൊമ്പതിന് വായനാദിനത്തിൽ 11 വാർഡുകളിലും രചനാ ശില്പശാലകൾ '200-300 പേർ പങ്കെടുക്കും.
  4. ജൂൺ 20 പ്രാദേശികമായി തയ്യാറാക്കിയ വായനാ സാമഗ്രികളുടെ പ്രകാശനം  ശ്രീമതി വിമലാ മേനോൻ നിർവഹിക്കും' കുട്ടികളുമായി സാഹിത്യ സല്ലാപം . അന്നേ ദിവസം ഒന്നാം ക്ലാസിലെ 97 കുട്ടികൾക്കും മറ്റു ക്ലാസിലെ കുട്ടികൾക്ക് വൈ എം എ ലൈബ്രറി അംഗത്വം നൽകും. പുസ്തകവും'
  5.  കുടുംബശ്രീ കേന്ദ്രീകരിച്ച് രചനാ ശില്പശാലകൾ ' പുസ്തക ചർച്ചകൾ '  
  6. രചനകളുടെ ഇംഗ്ലീഷ് പതിപ്പുകൾ തയ്യാറ്ക്കൽ'
  7. മറ്റു വ്യവഹാര രൂപങ്ങളുടെ നിർമിതിയിൽ രക്ഷിതാക്കളെ പങ്കാളികളാക്കൽ
  8. ഇംഗ്ലീഷിലുള്ള 100 വായനാ സാമഗ്രികളും മലയാളത്തിലുള്ള 500 വായനാ സാമഗ്രികളും ലക്ഷ്യം' ജനകീയ രചനോത്സവം'
  9.  കുട്ടികൾ രചയിതാക്കളാകം' പ്രീതിക്കുളങ്ങരയിലെ കുട്ടികളുo പൂർവ വിദ്യാർഥികളും പങ്കെടുക്കം' ശിശുദിനത്തിൽ '
കൂടാതെ സാഹിത്യകാരുമായി സംവദിക്കൽ. ഇവിടെ വായനാദിന പരിപാടികള്‍ വാരാചരണത്തോടെ അവസാനിക്കുന്നില്ല. നാടിന്റെ സാംസ്കാരിക പരിപാടിയായി വികസിപ്പിക്കുംഒരു സമൂഹത്തെ മൊത്തം എഴുത്തിന്റെ പാതയിലേക്ക് ക്ഷണിക്കുന്ന കേരളത്തിലെ  (ലോകത്തിലെ) ആദ്യ സംരംഭം മാരാരിക്കുളത്ത്  
'ആഗ്രഹം ശക്തവും തീവ്രവും ആണെങ്കിൽ അസാധ്യമായി ഒന്നുമില്ല എന്നു മാരാരിക്കുളം തെളിയിക്കും.