Pages

Tuesday, November 23, 2021

കെ ആർ മീരയും ടീച്ചേഴ്സ് ക്ലബ്ബും ഗായത്രിയും

 ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി നടത്തിയ ഓൺലൈൻ അധ്യാപക വായനാ പരിപാടിയെക്കുറിച്ച് ഈ ബ്ലോഗിൽ നേരത്തെ കുറിച്ചിരുന്നു. (അധ്യാപക വായനയുടെ..)

ആ പരിപാടിയുടെ ഉജ്ജ്വലത ബോധ്യപ്പെടാൻ പ്രശസ്ത എഴുത്തുകാരി കെ ആർ മീര FB യിൽ എഴുതിയ കുറിപ്പ് പങ്കിടുന്നു

'ഘാതകൻ' വായനാനുഭവം - 100

നൂറാമത്തെ   ഈ വായനാനുഭവം 'ഘാതക'ന്റെ ആദ്യ വായനാനുഭവമാണ്. 

'ഘാതകൻ' പുസ്തകമായി അച്ചടിക്കുന്ന സമയത്ത് 'ആരാച്ചാർ' നോവലിനെപ്പറ്റി ഒരു ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കാൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് എന്നെ ക്ഷണിച്ചു.  'ആരാച്ചാർ' ഒരുപാടു ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞെന്നും 'ആരാച്ചാർ പഠനങ്ങൾ' എന്ന പേരിൽ പ്രമുഖരായ നിരൂപകർ എഴുതിയ ലേഖനങ്ങൾ ചേർത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 'ഘാതകൻ' വായനക്കാർ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനാണ് ആകാംക്ഷയെന്നും ഞാൻ അറിയിച്ചു. പുതിയ പുസ്തകത്തിന്റെ ആദ്യ ചർച്ച നടത്താൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിലേക്ക് എന്നെ ക്ഷണിച്ച കോലഞ്ചേരി പുറ്റുമാനൂര്‍ ഗവ. സ്കൂള്‍ അധ്യാപകനായ ശ്രീ ടി.ടി. പൗലോസ് താൽപര്യം പ്രകടിപ്പിച്ചു. അച്ചടി കഴിഞ്ഞു പുസ്തകശാലകളിൽ എത്തുന്നതിനു മുമ്പു തന്നെ പ്രസാധകരിൽ നിന്നു നേരിട്ട് 'ഘാതകൻ' കോപ്പികൾ വാങ്ങി പരസ്പരം കൈമാറി വായിച്ച് കേരളത്തിലുടനീളമുള്ള ഇരുനൂറ്റിയമ്പതോളം അധ്യാപകർ പങ്കെടുത്ത ഗംഭീരമായ ഓൺലൈൻ ചർച്ച തന്നെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് നടത്തി. അതെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. അതായിരുന്നു 'ഘാതക'നെ കുറിച്ചുള്ള ആദ്യ ചർച്ച. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിലാണ് ഈ സംഭവം.  ഈ ചർച്ച എനിക്കു നൽകിയ  മാനസികമായ ഊർജ്ജം അളവറ്റതായിരുന്നു.