ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 23, 2019

ദേശീയവിദ്യാഭ്യാസ നയത്തിന്റെ നിര്‍വഹണപ്പാത ( ചര്‍ച്ച -2)

ദേശീയവിദ്യാഭ്യാസ നയരേഖ അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിനു മുമ്പ് ഒരു രേഖയും ഇത്ര കൃത്യമായി നിര്‍വഹണവിശദാംശങ്ങള്‍ തയ്യാറാക്കിയിട്ടില്ല.. . സമഗ്രശിക്ഷാ പ്രോജക്ട് അവസാനിപ്പിച്ച് രാഷ്ട്രീയ  ശിക്ഷാ ആയോഗഎന്ന സര്‍വതല സ്പര്‍ശിയായ സംവിധാനം വരികയാണ്.
ദേശീയതലം മുതല്‍ സംസ്ഥാനതലം വരെ വിവിധ ഏജന്‍സികളും മന്ത്രാലയങ്ങളും സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങള്‍ നയരേഖയില്‍ പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രം പറയുന്നതുപോലെ അനുസരിക്കണം എന്നാണ് അതു വായിച്ചാല്‍ മനസിലാവുക
2019 ല്‍ തന്നെ MHRD നടപ്പിലാക്കേണ്ടവ
  • രാഷ്ട്രീയ ശിക്ഷാ ആയോഗ് (RSA) / National Education Commission (NEC) രൂപീകരിക്കലാകണം ഒന്നാം മുന്‍ഗണന
  • പ്രധാനമന്ത്രിയും ചീഫ് ജസ്റ്റീസും ലോകസഭാസ്പീക്കറും പ്രതിപക്ഷ നേതാവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും അടങ്ങുന്ന കമ്മറ്റിയെ RSA യിലെയും മറ്റും നിയമനം നടത്തുന്നതിനായി രൂപീകരിക്കണം. RSA Appointment Committee (RSAAC) ഉടന്‍ രൂപപ്പെടുത്തും
  • മൂന്നാമതായി MHRD ചെയ്യേണ്ടത് സന്തം പേര് കൊഴിച്ച് കളഞ്ഞ് Ministry of Education (MoE) പുതിയ പേരു ചാര്‍ത്തണം. മനുഷ്യവിഭവം എന്ന പദം കൊണ്ടുവന്ന കാലത്ത് വിമര്‍ശമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിലേക്ക് പേരില്‍ തിരികെ വരികയാണെന്നു സാരം.
2020 ല്‍ പ്രാവര്‍ത്തികമാക്കേണ്ടവ
  • ആര്‍ എസ് എയും വിദ്യാഭ്യാസ മന്ത്രാലയവും രാഷ്ട്രീയ ശിക്ഷാ ആയോഗിലേക്കുളള വിവിധ കമ്മറ്റികള്‍ ( എക്സിക്യൂട്ടീവ് കമ്മറ്റി, സ്റ്റാന്‍ഡിംഗ് കമ്മറ്റി, ഉപദേശക സമിതി) രൂപീകരിക്കുകയും എക്സിക്യൂട്ടീവ് ഡയറക്ടറെ നിയമിക്കുകയും വേണം. വിദ്യാഭ്യാസ നയരേഖയില്‍ സൂചിപ്പിച്ചതു പ്രകാരം ആര്‍ എസ് എയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിശ്ചയിക്കണം
  • National Higher Education Regulatory Authority (NHERA) രൂപീകരിക്കുക എന്നതാണ് അടുത്ത നടപടി. യു ജി സി പോയി Higher Education Grants Council (HEGC) വരും. Professional Standard Setting Bodies (PSSBs), The General Education Council (GEC) എന്നിവയും അടുത്ത വര്‍ഷം രൂപീകരിക്കണം
  • 2020 ല്‍ പ്രീപ്രൈമറി വിദ്യാഭ്യാസം ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസവുമായി ഉദ്ഗ്രഥിക്കും. ആദ്യകാല ശിശുവിദ്യാഭ്യാസ ചുമതല വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും എന്നാല്‍ വനിതാശിശുവികസനവകുപ്പും (MWCD ) ആരോഗ്യ കുടുംബക്ഷേമ വകുപ്പും ( MHFW) അവരുടെ പ്രവര്‍ത്തനം തുടരും. ആര്‍ എസ് എ യുമായി അവ ഏകോപിപ്പിക്കും
  • വിദ്യാഭ്യാസ അവകാശ നിയമം സമഗ്രമായി പുനപ്പരിശോധിക്കും. 9-12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും സൗജന്യവും നിര്‍ബന്ധിതവും ഗുണമേന്മയുളളതുമായ വിദ്യാഭ്യാസം അവകാശമാക്കും. പ്രീപ്രൈമറി വിദ്യാഭ്യാസവും അവകാശമായി ഉള്‍പ്പെടുത്തും.
  • ഉന്നത വിദ്യാഭ്യാസത്തെ ഗവേഷണതലം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ രൂപീകരിക്കും.
  • National Educational Technology Forum (NETF), National Repository of Educational Data (NRED) എന്നിവയും രൂപീകരിക്കും
ആര്‍ എസ് എയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളും ചെയ്യേണ്ട കാര്ങ്ങള്‍
  • Rajya Shiksha Aayog (RjSA)/ State Education Commission (SEC) രൂപീകരിക്കണം . മുഖ്യമന്ത്രി ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രി ഉപാധ്യക്ഷനും ആയി സമതി രൂപീകരിക്കണം
  • 5 +3+3+4എന്നീ ഘടനയും കുട്ടികളുടെ പ്രായവും കണക്കിലെടുത്ത് സ്കൂള്‍ പാഠ്യപദ്ധതിയും ബോധനശാസ്ത്രവും പുനരാസൂത്രണം ചെയ്യണം. ആദ്യത്തെ അഞ്ചുവര്‍ഷത്തിനുളളിലാണ് പ്രീസ്കൂള്‍ വിദ്യാഭ്യാസവും ഒന്ന് രണ്ട് ക്ലാസുകളും വരിക. അടിസ്ഥാനതലമാണിത്. മൂന്നു മുതല്‍ അഞ്ചുവരെ ക്ലാസുകള്‍ കുട്ടികളെ മധ്യതല വിദ്യാഭ്യാസത്തിനു സജ്ജമാക്കുന്ന ഘട്ടമാണ്. അതിനു ശേഷം അപ്പര്‍ പ്രൈമറി വിഭാഗം. 6-8 ക്ലാസുകള്‍. പിന്നീടുളള നാലു വര്‍ഷം സെക്കണ്ടറി ഘട്ടമാണ്. ഇതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന ഘട്ടം ( High Stage)
  • സെക്കണ്ടറി ഘട്ടത്തില്‍ സെമസ്റ്റര്‍ സമ്പ്രദായമായിരിക്കും. ഓരോ വര്‍ഷവും രണ്ട് സെമസ്റ്ററുകളായി തിരിക്കും ആകെ എട്ട് സെമസ്റ്ററുകളാവും ഉണ്ടാവുക 2022 നുളളില്‍ ഈ ക്രമീകരണം പൂര്‍ത്തിയാക്കണം.
  • വിശകലനം
    • ശ്രദ്ധിക്കേണ്ട സംഗതി ഈ രേഖ ഹയര്‍ സെക്കണ്ടറി എന്നോ സീനയര്‍ സെക്കണ്ടറി എന്നോ പറയുന്നില്ല. 9-12 ക്ലാസുകള്‍ ഒറ്റ യണിറ്റാണ്. അധ്യാപകരടക്കം അങ്ങനെയേ വരൂ. കേരളത്തിലെ സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രേഖ നല്‍കുന്ന സൂചന വായിച്ചെടുക്കേണ്ടതാണ്.
    • സെക്കണ്ടറി ഘട്ടത്തിലെ സെമസ്റ്റര്‍ സമ്പ്രദായമാണ് പരിശോധിക്കപ്പെടേണ്ട മറ്റൊരിനം. പരീക്ഷയ്കായി മൂന്നു കാലം നീക്കി വെക്കുന്ന സംസ്ഥാനമാണ് കേരളം. ശ്രീ ബേബി വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് രണ്ടു ഭാഗങ്ങളായി പാഠപുസ്തകം വിഭജിക്കുകയും അര്‍ധവാര്‍ഷിക പരീക്ഷയും വാര്‍ഷിക പരീക്ഷയും എന്ന ആശയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ പരീക്ഷ നടത്തുന്നത് ഗുണനിലവാരം ഉയര്‍ത്തുമെന്ന വാദമാണ് അന്ന് എതിര്‍ക്കാനായി ഉന്നയിക്കപ്പെട്ടത്. പരീക്ഷയുടെ പേരില്‍ സാധ്യായദിനങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടാന്‍ വളരെക്കുറച്ച് ആളുകളേ ഉണ്ടായിരുന്നുളളൂ. ദേശീയ രേഖ സെമസ്റ്റര്‍ മുന്നോട്ടു വെക്കുമ്പോള്‍ രണ്ടു പരീക്ഷകളായി ചുരുക്കേണ്ടി വരും. അത് സാധ്യായദന ലഭ്യത കൂട്ടും. എന്നാല്‍ പരീക്ഷാമൂല്യനിര്‍ണയം കേന്ദ്രീകൃതമാണെങ്കില്‍ ഇപ്പോള്‍ ഡി എഡ് കോഴ്സിനു സംഭവിക്കുന്നതുപോലെ ദയനീയമാകും കാര്യങ്ങള്‍. മൂല്യനിര്‍ണയനത്തിനും പരീക്ഷയ്കുമേ സമയം കാണൂ. സമയബന്ധിതമായി അധ്യാപകര്‍ പാഠ്യപദ്ധതി വിനിമയം ചെയ്യേണ്ടി വരും. അവധിനഷ്ടം ഓരോ സെമസ്റ്ററിലും നകത്തിയെടുക്കലും പ്രശ്നമാകും.
    • മൂന്നാമത്തെ സംഗതി പത്താംക്ലാസ് പരീക്ഷയുടെ പകിട്ട് ഇല്ലാതാകും എന്നതാണ്. പന്ത്രണ്ട് സെക്കണ്ടറി ഘട്ടത്തില്‍ നിര്‍ണായകമാകുമ്പോള്‍ എന്തിനാണ് പത്താംതരത്തില്‍ കേന്ദ്രീകൃത പൊതുപരീക്ഷ. അതത് തലത്തില്‍ നടത്തി അടുത്ത ഘട്ടത്തിലേക്ക് ടി സി കൊടുത്താല്‍ പോരെ? ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയുടേതിനേക്കാള്‍ കവിഞ്ഞ പ്രാധാന്യമൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
    • നാലാമതായി സെമസ്റ്റര്‍ സമയബന്ധിതമായി തുടങ്ങുകയും അവസാനിക്കുകയും ചെയ്യണമെന്നതാണ്. ഇല്ലെങ്കില്‍ ആകെ താറുമാറാകും. സര്‍വകലാശാലകള്‍ ഇത്തരം പ്രതിസന്ധികളില്‍ പെട്ടത് നാം കണ്ടതാണ്. പാഠപുസ്തക ലഭ്യത, അധ്യാപകരുടെ സ്ഥലം മാറ്റം, പ്രമോഷന്‍ എന്നിവയെല്ലാം സമയബന്ധിതമാകണം.
    • അഞ്ചാമത് എട്ടാം ക്ലാസിനെ മുറിച്ച് കളഞ്ഞ് ഒമ്പതു മുതല്‍ സെക്കണ്ടറി എന്നു തീരുമാനിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങളാണ്. പിരീഡ് കണക്കാക്കി നിയമനം നടത്തുന്ന സംസ്ഥാനങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകാം. രേഖതന്നെ അവതരിപ്പിക്കുന്ന സ്കൂള്‍ കോംപ്ലക്സ് സംവിധാനം ഇത് അഭിസംബോധന ചെയ്യും.
    • അടുത്തത് അധ്യാപകയോഗ്യതയുമായി ബന്ധപ്പെട്ടതാണ്. ഉയര്‍ന്ന യോഗ്യതയുളളവര്‍ ഒമ്പതാം ക്ലാസുകാരെ മുതല്‍ പഠിപ്പിക്കുന്നത് സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടും എന്നതില്‍ തര്‍ക്കമില്ല. ബിരുദാനന്തര ബിരുദത്തിനു പഠിപ്പിക്കുന്ന കോളജ് അധ്യാപകര്‍ ബിരുദക്ലാസില്‍ പഠിപ്പിച്ചാല്‍ അത് കുറച്ചിലാണോ? പണ്ട് പ്രീഡിഗ്രിക്കും അവരൊക്കെ പഠിപ്പിച്ചിരുന്നല്ലോ? പതിനൊന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരെ തരം താഴ്ത്തലാണ് ഒമ്പതിലും പത്തിലും പഠിപ്പിക്കാന്‍ നിയോഗിക്കുന്നതെന്ന വിചാരം ചിലര്‍ക്കുണ്ട്. ദേശീയ തലത്തില്‍ അത്തരം കാഴ്ചപ്പാടല്ല ഉളളത്.
    • ഘടനാപരമായ മറ്റൊരു സംഭവം അടിസ്ഥാനഘട്ടവുമായി ബന്ധപ്പെട്ടതാണ്. പ്രീസ്കൂളുകളും ഒന്ന് , രണ്ട് ക്ലാസുകളും ചേര്‍ന്ന ഒരു യൂണിറ്റ്. പ്രീസ്കൂള് വിദ്യാഭ്യാസത്തെ ഔപചാരികമാക്കുമോ അതോ ഒന്ന് രണ്ട് ക്ലാസുകളെ കൂടുതല്‍ വഴക്കമുളളതാക്കി മാറ്റുമോ? ഇപ്പോള്‍ തന്നെ തീം അടിസ്ഥാനത്തിലുളള ഉദ്ഗ്രഥിത പഠനാനുഭവമാണ് കേരളത്തിലെ പ്രീസ്കൂളുകളിലും അങ്കണവാടികളും ഒന്ന് രണ്ട് ക്ലാസുകളിലും നടക്കുന്നത്. വലിയൊരു വിഭാഗം പ്രീസ്കൂളുകളും ഒന്ന് രണ്ട് ക്ലാസുകളും ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറിയിരിക്കുന്നു. ഈ ചുവടുമാറ്റത്തെ തടയിടാന്‍ കഴിയുമോ ഘടനാപരമായ മാറ്റത്തിന്? അതോ അണ്‍ എയ്ഡഡ് മേഖലകളെ നിയന്ത്രിക്കുന്നതില്‍ എന്നും പരാജയപ്പെട്ടിട്ടുളള സര്‍ക്കാരുകള്‍ക്ക് പുതിയ സാഹചര്യം അവര്‍ മുതലാക്കുന്നത് കണ്ടിരിക്കേണ്ട ഗതികേടുണ്ടാകുമോ?
    • എട്ടു വയസുവരെ രേഖീയവും വിഷയാധിഷ്ടിതവുമായ ഒൗപചാരിക പഠനത്തിന് കുട്ടികള്‍ പാകമല്ലെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതായി രേഖ പറയുന്നുണ്ട്. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികള്‍ വേണ്ടത്ര ശേഷി ആര്‍ജിക്കാത്തതിന്റെ കാരണം അടിസ്ഥാനതലത്തിലെ തെറ്റായ സമീപനമാണ്. അതിനാല്‍ ഉളളടക്കപരവും പ്രക്രിയാപരവുമായ മാറ്റമാണ് രേഖ നിര്‍ദേശിക്കുന്നത്. തീരെ ചെറിയ പ്രായത്തില്‍ത്തന്നെ വിശ്വവിജ്ഞാനകോശം പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് മധ്യവര്‍ഗരക്ഷിതാക്കള്‍. അതിനാല്‍ത്തന്നെ വേണ്ടത് ജനാവബോധം സൃഷ്ടിക്കാതെ പരിഷ്കാരം കൊണ്ടു വന്നാല്‍ അത് പൊതുവിദ്യാഭ്യാസത്തെ പ്രതികൂലമായി ബോധിച്ചേക്കാം.

    • ഇപ്പോഴത്തെ ലോവര്‍ പ്രൈമറി സ്കൂളില്‍ നിന്ന് മൂന്നും നാലും ക്ലാസിനു പുറമേ അഞ്ചാം ക്ലാസും വരിക. അപ്പര്‍ പ്രൈമറി തലത്തില്‍ എട്ടാം ക്ലാസ് വരികയും അഞ്ചാം ക്ലാസ് വിടുതല്‍ ചെയ്യുകയും. ഇത് സ്ഥലലഭ്യത, അധ്യാപക വിന്യാസം, തസ്തിക, അധ്യാപനയോഗ്യത എന്നിവയുമായി കൂടിക്കുഴയും. വലിയൊരു പ്രായോഗിക പ്രശ്നമാണ് മുന്നിലുളളത്. അതത്ര നിസാരമല്ല.
    • ഓരോ ഘട്ടത്തിലും പൊതുപരീക്ഷയും തോല്‍വിയുമുണ്ടാകുമോ? എങ്കില്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും വെച്ച് വലിയൊരു വിഭാഗം പഠനം നിറുത്തും. ഒമ്പതുമുതല്‍ പന്ത്രണ്ട് വരെ എല്ലാവര്‍ക്കും സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം വെറും വാക്കായി പരിണമിക്കും.
ഈ പരിഷ്കാരങ്ങളെല്ലാം പൊതുവിദ്യാഭ്യാസ മേഖലയില്‍ മാത്രമാണോ ഉണ്ടാവുക? അണ്‍ എയ്ഡഡ് മേഖല പഴയതുപോലെ പ്രവര്‍ത്തിക്കുമോ? ഒരു പ്രദേശത്ത് എത്ര വിദ്യാലയങ്ങള്‍ വേണമെന്ന് ആരാണ് തീരുമാനിക്കേണ്ടത്?
(അടുത്ത ലക്കത്തില്‍ സ്കൂള്‍ കോംപ്സക്സ് )

No comments: