Pages

Saturday, December 4, 2010

ശിശു സൌഹൃദ വിദ്യാലയം -സൂചകങ്ങള്‍.

അച്ചടക്കം- അതിന്റെ ഈ നിര്‍ബന്ധിച്ചുറക്കല്‍
അച്ചടക്കം- അതിന്റെ പേരില്‍ നിര്‍ബന്ധിച്ചുറക്കല്‍ അവര്‍ക്കുണ്ടോ ഉറക്കം ? പാതി കണ്ണടച്ച് കിടന്നു കുശു കുശുക്കും.നിയമ ലംഘനത്തിന്റെ ബാലപാഠങ്ങള്‍ അവര്‍ അഭ്യസിക്കുകയാണ്.ഒപ്പം കള്ളത്തരം ചെയ്യാനും.ഇതാണോ സ്കൂളുകള്‍ ചെയ്യേണ്ടത്?
പല സ്കൂളുകാരും അവകാശപ്പെടാറുണ്ട് അവര്‍ ശിശു സൌഹൃദമാണെന്ന് (.ഈ രണ്ടു ചിത്രങ്ങള്‍ നോക്കൂ )
മത്സര പരീക്ഷയ്ക്ക് പരിശീലിപ്പിക്കുന്നതാണോ അതിന്റെ സൂചകം?.അതെങ്ങനെ പ്രവര്ത്തനാധിഷ്ടിതമാകും.ശിശു കേന്ദ്രിതമാകും? ശിശു സൌഹൃദ വിദ്യാലയം-എന്താണ് ആ വാക്കിന്‍ പൊരുള്‍.ആര്‍ക്കും ഇഷ്ടം പോലെ വ്യാഖ്യാനിക്കാം!? .എങ്കിലും ചില പൊതു ധാരണകള്‍ ആകുന്നതു നല്ലത്.
സ്വയം പരിശോധിക്കാനും മുന്നേറാനും ഈ സൂചകങ്ങള്‍.
ഒന്ന്) എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസം.
  • ആരെയും പുറന്തള്ളില്ല .ഏവരെയും ഉള്‍കൊള്ളുക എന്ന് വച്ചാല്‍ അഡ്മിഷന്‍ കൊടുക്കുക എന്ന് മാത്രമല്ല.(അങ്ങനെ അഡ്മിഷന്‍ പോലും ചെയ്യാത്തവയാണ് ഇപ്പോള്‍ മുന്തിയോരുടെ മക്കള്‍ മാത്രമുള്ള -----------സ്കൂളുകള്‍ )
  • സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം.( ഇന്ന് സ്കൂളുകള്‍ പലവിധ പരോക്ഷ ഫീസ്‌ വാങ്ങുന്നുണ്ട് .പി ടി ഇ ഫണ്ട് തന്നെ അഞ്ഞൂറ് രൂപയാണെന്ന് ഒരു എല്‍ പി സ്കൂള്‍ എച് എം പറഞ്ഞു.സൌജന്യ വിദ്യാഭ്യാസ സങ്കല്‍പ്പത്തെ നിരാകരിക്കലാണ് സമ്മര്‍ദം ചെലുത്തിയുള്ള ഫീസ്‌ പിരിവു.നിര്‍ബന്ധിതം എന്നാല്‍ എല്ലാ ദിവസവും ക്ലാസില്‍ വരുന്നുവെന്ന് ഉറപ്പാക്കലാണ്. പല കാരണങ്ങളാല്‍ കുട്ടികള്‍നിത്യം സ്കൂളില്‍വരാത്ത്ത അവസ്ഥ ചിലയിടങ്ങളില്‍ ഉണ്ട്.ഒരു കുട്ടിയാണെങ്കിലും അത് കണക്കിലെടുക്കണം.)
  • വൈവിധ്യത്തെ അംഗീകരിക്കുന്നത് .പല കഴിവുള്ളവര്‍,.പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, വ്യത്യസ്ത സാമൂഹിക സാമ്പത്തിക ശ്രേണിയില്‍ ഉള്ളവര്‍, വിഭിന്ന മതക്കാര്‍,സാംസ്കാരിക സവിശേഷതയുള്ളവര്‍.ഒക്കെ ഉള്ളതാവണം നല്ല സ്കൂള്‍.ശിശു സൌഹൃദ വിദ്യാലയം.അവിടെ അവര്‍ക്കെല്ലാം നല്ല നിലവാരമുള്ള വിദ്യയും ലഭിക്കണം.
രണ്ടു ) ഫലപ്രദമായ പഠനം
  • ഓരോ കുട്ടിയുടെയും വികാസനില കണക്കിലെടുത്ത് വ്യക്തിഗത ശ്രദ്ധ നല്‍കി നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നത്
  • കുട്ടിയുടെ താല്പര്യം, പഠന ശൈലി, ആവശ്യം ഇവ പരിഗണിക്കുന്നത്.(ഇത് അടിവര ഇടേണ്ടത്.പല അധ്യാപകരും ഇനിയും നേടേണ്ടത്)
  • സജീവതയുള്ളതും സഹകരണാത്മകവും പ്രവര്ത്തനാധിഷ്ടിതവും ജനാധിപത്യപരവുമായ പഠന രീതികള്‍ പിന്തുടരുന്നത്.
  • ഉയര്‍ന്ന കാര്യക്ഷമതയുള്ളവരും പ്രതിബദ്ധതയുള്ളവരും കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നവരുമായ അധ്യാപകരാല്‍ നയിക്കുന്നത്.
മൂന്നു ) സുരക്ഷയും ആരോഗ്യകരവും
  • സുരക്ഷിതമായ പഠനാന്തരീക്ഷം.ശാരീരികവും മാനസികവുമായി വേദനിപ്പിക്കാത്ത്തത്.(അടി,ശകാരം,നിന്ദ,മറ്റു ശിക്ഷകല്‍, മോശംമായി താരതമ്യ പ്പെടുത്തല്‍ ,അവഗണന, ..)
  • ആരോഗ്യകരമായ അന്തരീക്ഷം.(കളിക്കാനും വിനോദത്തിനും അവസരം,സ്ഥലം,കുടിവെള്ളം,ആരോഗ്യ സേവനം പ്രദാനം ചെയ്യുന്നത്, വൃത്തിയുള്ള കക്കൂസ്, മൂത്രപ്പുര ആവശ്യാനുസരണം.)
  • ജീവിത നൈപുണി ആധാരമാക്കിയുള്ള വിദ്യാഭ്യാസം
  • ശാരീരികവും മാനസീകവും വൈകാരികവും സാമൂഹികവുമായ ആരോഗ്യത്തെ പോഷിപ്പിക്കുന്നത്.
  • ബാല ചൂഷണം മറ്റു പലവിധ അനാരോഗ്യപ്രവണതകള്‍ എന്നിവയില്‍ നിന്നും കുട്ടിയെ സംരക്ഷിക്കുന്നത്.
  • പോസിറ്റീവ് ആയ അനുഭവങ്ങള്‍ നല്‍കുന്നത്.
നാല് ) ആണ്‍ പെണ്‍ വിവേചന രഹിതം.
  • ആണ്‍ പെണ്‍ അവസര തുല്യത എല്ലാ കാര്യങ്ങളിലും
  • സാമ്പ്രദായിക ലിംഗ പദവീ സങ്കല്പത്തെ (വാര്‍പ്പ് മാതൃക )നിരാകരിക്കുന്നത്.
  • പെണ്‍ സൌഹൃദപരമായ സൌകര്യങ്ങള്‍,കരിക്കുലം ,പാഠപുസ്തകം, പഠന്പ്രക്രിയ ,
  • ആണ്‍ പെണ്‍ സാമൂഹികവത്കരണം
  • വേദനിപ്പിക്കാത്ത അന്തര്ടീക്ഷം
  • മറ്റുള്ളവരുടെ അവകാശത്തെ, അന്തസിനെ മാനിക്കുന്നത്
  • തുല്യത പ്രോത്സാഹിപ്പിക്കുന്നത്.

എ.എല്‍.പി.സ് , തങ്കയം

അഞ്ച്‌ ) കുടുംബം സമൂഹം എന്നിവയുടെ സഹകരണം.
  • പ്രാദേശിക സമൂഹത്തെ കുട്ടികള്‍ക്ക് വേണ്ടി പങ്കാളികളാക്കുന്നത്
  • അധ്യാപകര്‍-കുട്ടി-രക്ഷിതാക്കള്‍ ഈ ബന്ധം നല്ലതും ശക്തവുമാക്കുന്നത്
  • കുടുംബത്തില്‍ കുട്ടിക്ക് ലഭിക്കേണ്ട പരിഗണനയെ കുറിച്ച് ജാഗ്രതയുള്ളത്
  • വിദ്യാലയ ജീവിതത്തിന്റെ എല്ലാ അംശങ്ങളിലും കുട്ടിയുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്.
  • ഈ കുറിപ്പിന് യുണിസഫ് ആശയങ്ങളോട് കടപ്പാട്

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി