Pages

Wednesday, February 16, 2011

കുട്ടികളെ ഇംഗ്ലീഷിന്റെ 'മലകയറ്റാ'ന്‍ അധ്യാപക കൂട്ടായ്മ

സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുടെ ഇംഗ്ലീഷ് നിലവാരം വര്‍ധിപ്പിക്കുന്നതിനായി നിലമ്പൂരിലെ ഒരുകൂട്ടം അധ്യാപകര്‍ നടത്തുന്ന ശ്രമം വന്‍വിജയത്തിലേക്ക്. നിലമ്പൂര്‍ ബി.ആര്‍.സിക്ക് കീഴിലെ യു.പി സ്‌കൂളുകളിലുള്ള മുപ്പതോളം അധ്യാപകരാണ് സംസ്ഥാനത്തിനുതന്നെ മാതൃകയായ പുത്തന്‍ പദ്ധതി വിജയത്തിലെത്തിച്ചത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനുള്ള കാരണംതേടി ഇവര്‍ ചര്‍ച്ചനടത്തിയിരുന്നു. അധ്യാപകരുടെ ഇംഗ്ലീഷിലുള്ള വൈദഗ്ധ്യക്കുറവും ക്ലാസ്മുറികളില്‍ ഇംഗ്ലീഷിന്റെ ഉപയോഗംകുറഞ്ഞതും കുട്ടികളുടെ എണ്ണക്കുറവിന് കാരണമായതായി ഇവര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുപ്പതോളം അധ്യാപകര്‍ ഒത്തുചേര്‍ന്നാണ് പുതിയ പദ്ധതിക്ക് രൂപംനല്‍കിയത്. അധ്യാപകര്‍ക്ക് പരിശീലനം, സ്‌കൂള്‍തലത്തിലും പഞ്ചായത്ത്തലത്തിലും കുട്ടികള്‍ക്ക് ഇംഗ്ലീഷ്‌ഫെസ്റ്റ്, ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 20 ദിവസത്തെ പരിശീലനമാണ് അധ്യാപകര്‍ക്ക് നല്‍കിയത്. ഭക്ഷണത്തിന്റെയും വണ്ടിക്കൂലിയുടെയും ചെലവുകള്‍ അധ്യാപകര്‍ സ്വന്തമായി എടുത്തു. ശമ്പളക്കൂടുതലിനുവേണ്ടിയും രാഷ്ട്രീയ കാരണങ്ങളാലും ക്ലസ്റ്റര്‍ മീറ്റിങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുന്ന അധ്യാപകര്‍ക്കിടയിലൂടെയാണ് ഇവര്‍ അവധിദിവസങ്ങളില്‍ പരിശീലനത്തിനെത്തിയത്.

പദ്ധതിയെക്കുറിച്ചറിഞ്ഞ എസ്.എസ്.എ സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. ആനന്ദ് ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. അരീക്കോട് ബി.ആര്‍.സിയിലെ അഷ്‌റഫ്, റഹ്മത്ത് എന്നീ അധ്യാപകരാണ് ഇവരുടെ പരിശീലകരായി എത്തിയത്.

തങ്ങളുടെ ക്ലാസ്മുറികളില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് അനായാസമാക്കുന്നതിനുള്ള ചെറിയ പദ്ധതികള്‍ ഇവര്‍ ആദ്യം നടപ്പാക്കി. പിന്നീട് ഈ കുട്ടികളെ പങ്കെടുപ്പിച്ച് സ്‌കൂളുകളില്‍ ഇംഗ്ലീഷ്‌ഫെസ്റ്റ് നടത്തി. ഇവരില്‍നിന്നുള്ള പ്രതിനിധികളാണ് പഞ്ചായത്ത്തലത്തില്‍ നടത്തിയ ഇംഗ്ലീഷ് ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. ആറ്, ഏഴ് ക്ലാസിലെ കുട്ടികളാണ് പങ്കെടുത്തതില്‍ അധികവും. നിലമ്പൂരിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും നടന്ന ക്യാമ്പുകള്‍ വന്‍ വിജയമായിരുന്നു.

പ്രശസ്ത ഇറാനി സംവിധായകന്‍ മജീദി മജീദിയുടെ 'ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍' എന്ന സിനിമയെ അവലംബിച്ചാണ് രണ്ടുദിവസം നീണ്ടുനിന്ന ക്യാമ്പ് നടന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ കുട്ടികള്‍ക്ക് തങ്ങളുടെ ചെരിപ്പ് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷവും വേദനയും കുട്ടികള്‍ വിവിധ രീതിയില്‍ അവതരിപ്പിച്ചു. സംഭാഷണങ്ങള്‍, ലഘുനാടകങ്ങള്‍, കവിത, കൊറിയോഗ്രാഫി എന്നിങ്ങനെ ഇവരുടെ രചനകളെല്ലാം മികച്ചതാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു
പിടിച്ചാല്‍ കിട്ടില്ലെന്ന് കരുതി ഭയപ്പെട്ടിരുന്ന ഇംഗ്ലീഷ്ഭാഷ തങ്ങളുടെ മുമ്പില്‍ വഴങ്ങിനില്‍ക്കുന്നത് കണ്ട കുട്ടികളുടെ കണ്ണില്‍ ആഹ്ലാദത്തിന്റെ പൂത്തിരി. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ബാലികേറാമലയെന്ന അന്ധവിശ്വാസം ഇല്ലാതാക്കിയ നിലമ്പൂരിന്റെ ഈ പ്രിയപ്പെട്ട അധ്യാപകരുടെ കണ്ണുകളില്‍ ശുഭപ്രതീക്ഷയും. വഴിക്കടവില്‍നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം നഫീസ കരീം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പുളിക്കല്‍ മുഹമ്മദാലി, അധ്യാപകരായ വിനോ വി. ഇഞ്ചപ്പാറ, അമലി ജെറി, പ്രധാനാധ്യാപകന്‍ എം.പി. വര്‍ഗീസ്, ബി.ആര്‍.സി കോ- ഓര്‍ഡിനേറ്റര്‍ സി. അഷറഫ്, ബി.പി.ഒ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

Mathrubhumi daily. 14-02-2011

1 comment:

  1. ആശംസകളോടെ...!

    GeoGebra_i​n_Practica​l_Life_പ്രാ​യോഗിക ജീവിതത്തിലെ ഉപയോഗത്തെക്​കുറിച്ച്‌
    Here

    ReplyDelete

പ്രതികരിച്ചതിനു നന്ദി