Pages

Monday, May 30, 2011

മാണിക്യകല്ലു സ്കൂളില്‍

സ്കൂള്‍ തുറക്കാന്‍ പോകുകയാണ്.സ്കൂളിനു സ്വപ്നങ്ങളുണ്ടോ
ഇല്ലെങ്കില്‍ ഈ സിനിമ കാണുക, സിനിമ എന്ന കലാ മാധ്യമത്തിന്റെ മികവുകള്‍ പലതും കണ്ടില്ലെന്നു വരും.
എങ്കിലും കാണണം.പൊതു സമൂഹം എങ്ങനെ സ്കൂളുകളെ നോക്കികാണുന്നു എന്നറിയാമല്ലോ.
മാണിക്യകല്ല് ഒരു സാധാരണ സിനിമ മാത്രമാണ് .
സിനിമ ഒറ്റ വാക്യത്തില്‍ ഇതാണ്-
തകര്‍ന്നു പോയ ഒരു സ്കൂള്‍ ഉയര്ത്തെഴുന്നേല്‍ക്കുന്നതിന്റെ ചിത്രം .
സ്കൂളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു....
പൊട്ടി പൊളിഞ്ഞ തറ, തൂക്കാത്ത വാരാത്ത വൃത്തിയില്ലാത്ത , നാല്‍ക്കാലിയും നായും കയറി ഇറങ്ങുന്ന ആരുടേയും മനസ്സില്‍ ഇടമില്ലാത്ത ഒരു പൊതു വിദ്യാലയം.
(അതെ ഇങ്ങനെയുള്ള സ്കൂളുകള്‍ ഇപ്പോഴും ഉണ്ടോ എന്ന് സംശയിക്കും. കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു സ്കൂള്‍ ഇതുപോലെ ..യുവാക്കള്‍ പന്ത് കളിച്ചു തകര്‍ന്ന ഓടു മാറ്റിയിടാന്‍ മടിച്ചതിനാല്‍ നനഞ്ഞു കുതിര്‍ന്നു ചുമരും തറയും ദ്രവിച്ചിരിക്കുന്നു.ടീച്ചര്‍മാര്‍ക്ക് ഒരു ഭാവ ഭേദവുമില്ല..സ്കൂള്‍ കെട്ടിടം പൊളിഞ്ഞാല്‍ എന്താ? മേല്‍ക്കൂര മുഴുവന്‍ കാട് കയറി കിടക്കുന്നു...)
ആവശ്യത്തിനു പണം നല്‍കിയിട്ടും ചില സ്കൂളുകള്‍ ഇപ്പോഴും ഇങ്ങനെ ആയി പോകുന്നുണ്ടെങ്കില്‍ അവര്‍ ഈ സിനിമാ കാണണം.
ഈ സിനിമയില്‍ ഒരു സംഘടനാ നേതാവുണ്ട്.അയാളെ അവതരിപ്പിച്ചിരിക്കുന്നത് ബോധ പൂര്‍വമാണ്.
ക്ലാസില്‍ പഠിപ്പിക്കാതെ പൊതു വിദ്യാഭ്യാസ സംരക്ഷണ ജാഥ നടത്തുന്ന നേതാവ്.
എല്ലാ
നേതാക്കന്മാരും ഇങ്ങനെ അല്ല എന്ന് നമ്മള്‍ക്കറിയാം.എങ്കിലും ഇവരും ഉണ്ട്.
എസ് എസ് എല്‍ സി വിജയ ശതമാനം കുറഞ്ഞ സ്കൂളുകളെ പറ്റി പഠിക്കാന്‍ നിയോഗിച്ച ടീമില്‍ ഞാനും ഉണ്ടായിരുന്നു.
മാവേലിക്കര സ്കൂളിലെ രക്ഷിതാക്കളുമായി സംസാരിച്ചപ്പോള്‍ അവര്‍ പങ്കു വെച്ച കാര്യം ഓര്മ വരുന്നു,
'സര്‍,ഈ സ്കൂളില്‍ എല്ലാ സംഘടനക്കാരുടെയും നേതാക്കള്‍ ഒരു കാലത്ത് ഉണ്ടായിരുന്നു.അവര്‍ ഒപ്പിട്ടിട്ട് സംഘടനാ പ്രവര്‍ത്തനത്തിനു പോകും.കുട്ടികള്‍ അനാഥമായി.അങ്ങനെ ഈ സ്കൂള്‍ തകര്‍ന്നു..'
നേതാക്കന്മാര്‍ നയിക്കെണ്ടാവരാന് സ്കൂളിനെ ജോലി എടുക്കുന്ന സ്ഥാപനത്തെ മറന്നുള്ള സംഘടനാ പ്രവര്‍ത്തനം സാമൂഹിക വിരുദ്ധമാണെന്ന് പറയാന്‍ കഴിയണം.

സ്കൂളിനെ കോമാളി വേഷം കെട്ടി ആണ് അവതരിപ്പിക്കുന്നത്‌ .അത് തെറ്റായിപ്പോയി.
ഒരു പക്ഷെ സിനിമയുടെ ആഖ്യാനത്തിന് ഒരു ദുരവസ്ഥ ആദ്യം വരച്ചു കാട്ടേണ്ടത്‌ കൊണ്ടാവാം.
എന്നാല്‍ ആ കാഴ്ചകള്‍ അസത്യമാണെന്ന് പറയാനും വയ്യ.
എനിക്ക് അറിയാവുന്ന ഒരു സംസ്ഥാന നേതാവിന് അധ്യാപനത്തിന് പുറമേ ബ്ലേഡ് കച്ചവടം ,മറ്റു സൈഡ്‌ ബിസിനസ് ഒക്കെ ഉണ്ട്.
ആ നേതാവ് ഇപ്പോഴും ഉണ്ട്.എന്ത് കൊണ്ടാണ് ഇത്തരം അപവാദങ്ങള്‍ .
ചോദ്യം ചെയ്യാന്‍ ഭയക്കുന്ന അണികള്‍ ഉള്ളതിനാലോ.

അക്കാദമിക ഉണര്‍വില്ലാത്ത്ത ഒരു വിദ്യാലയത്തില്‍ ആര് ആര്‍ക്കു ആവേശം പകരും അത് സ്വയം ജീര്‍ണിക്കുകയെ ഉള്ളൂ.
അപ്പോള്‍ എന്തിനു സ്കൂളില്‍ പോകണം എന്ന് ചിന്തിക്കും .
മരവിപ്പ് പടരും.
സ്കൂള്‍ ഉപ ജീവനത്തിനുള്ള ഒരു ഇടം മാത്രമായി ചുരുങ്ങും.
കുട്ടികള്‍ അവരുടെ പ്രകാശപൂര്‍ണവും തുടിക്കുന്നതുമായ സജീവ അന്വേഷണ തൃഷ്ണകള്‍ നശിച്ചു സമയം കൊല്ലി ജീവിതം സ്കൂളിനു സമ്മാനിക്കും .
പരസ്പരം പഴി പറഞ്ഞു എല്ലാവരും തോറ്റു കൊടുക്കും.എല്ലാവരും തോറ്റു കൊടുക്കും.തോറ്റു കൊടുക്കും

നായകനിലൂടെ സിനിമ പകരുന്ന സന്ദേശം ഇങ്ങനെ.
  • തോല്‍ക്കാന്‍ മനസ്സില്ല എന്ന് കരുതുന്നവരാണ് ചരിത്രം സൃഷ്ടിക്കുക.
  • അവര്‍ ജങ്ങളിലേക്കിറങ്ങി ചെല്ലും
  • കാരണങ്ങളും പരിഹാരവും ഉണ്ടെന്നു വിശ്വസിക്കും..
  • പ്രതിസന്ധികളില്‍ തളരില്ല
  • സ്നേഹത്തെ ആയുധമാക്കും.
  • സൌഹാര്‍ദം മുദ്രാവാക്യമാക്കും.
  • ലകഷ്യ ബോധം ഊര്‍ജമാക്കി മാറ്റും.
  • അസാധ്യമായി ഒന്നുമില്ലെന്ന സമീപനം സ്വീകരിക്കും
  • തന്നില്‍ വിശ്വാസം ,മാനവസത്ത ക്രിയാത്മകം എന്ന് തിരിച്ചറിയും.
  • സഹ പ്രവര്‍ത്തകര്‍ക്ക് പ്രവൃത്തി കൊണ്ട് പ്രചോദനം നല്‍കി കൊണ്ടിരിക്കും
  • അവര്‍ ലക്‌ഷ്യം നേടുക തന്നെ ചെയ്യും.
ഇതു പോലെ ഉയത്തെഴുന്നേറ്റസ്കൂളുകള്‍ ഉണ്ട്.
കോഴിക്കോട്ടെ ചന്ദ്രന്‍ മാഷ്‌ ഇപ്പ്പോള്‍ നമ്മോടൊപ്പമില്ല.
ആഴ്ചവട്ടം സ്കൂളിനെ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ എഴുതി ചേര്‍ത്ത മാഷ്‌.
ആ സ്കൂളില്‍ ഞാന്‍ പലവട്ടം പോയിട്ടുണ്ട്.
മാഷ്‌ ഒരു സംഘടനാ പ്രവര്‍ത്തകനായിരുന്നു. നല്ല നല്ല വിദ്യാലയ അനുഭവങ്ങള്‍ പഠിക്കാന്‍ സ്വന്തം ചെലവില്‍
തിരുവന്തപുരത്തേക്ക് സംഘടനയുടെ സബ്ജില്ലാ കമ്മറ്റി അംഗങ്ങളെയും കൊണ്ട് സ്കൂള്‍ സന്ദര്‍ശന യാത്ര നടത്തിയ മാഷ്‌ '' നിരവധി അക്കാദമിക ഇടപെടല്‍ നടത്തി.
അനാദായകരം എന്നു സമൂഹം മുദ്രകുത്തിയ സ്കൂളിനെ മുന്നില്‍ എത്തിച്ചു.
പുതിയ സ്കൂള്‍ വര്‍ഷം ചന്ദ്രന്‍ മാഷ്‌ പോലെയുള്ള അധ്യാപകര്‍ തെളിയിച്ച അക്കാദമിക സമര പാതയിലൂടെ മുന്നേറാന്‍ നമ്മോടു ആവശ്യപ്പെടുന്നു
അതിനു ഈ സിനിമ ഒരു നിമിത്തമാകട്ടെ
സിനിമയുടെ നന്മയുടെ വശം അതിനു മുന്‍പില്‍ മറ്റു വൈരുദ്ധ്യങ്ങള്‍ മറക്കാം..

6 comments:

  1. മാണിക്യക്കല്ല് 'ചൂണ്ടിക്കാണിച്ചതില്‍' വളരെ സന്തോഷം.
    സിനിമ കണ്ടിരുന്നു.എന്തൊക്കെ പരിമിതികളുണ്ടെങ്കിലും പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമ കാണണമെന്ന് തോന്നിയിരുന്നു.
    ഒരധ്യാപക പരിശിലനത്തനു പകരം ബ്രീഫിങ്ങും ക്രോഡീകരണവുമില്ലാതെ ഈ സിനിമ കാണിച്ച് പിരിച്ചു വിടാനുള്ള ധൈര്യം നമുക്ക് കാണിച്ചാലോ?

    ReplyDelete
  2. പൊട്ടിപ്പൊളിഞ്ഞു താറുമാറായ സ്കൂളിനെ നല്ല നിലയിലേക്ക് കൊണ്ട് വരിക എന്നത് ശരി തന്നെ..പക്ഷെ ഇന്ന് ഏത് സ്കൂളിലാണ് മാണിക്യ കല്ലില്‍ കാണിച്ച പോലെ അധ്യാപകര്‍ ഇരുന്നു ഉറങ്ങുന്നതും, ഒരു ടീച്ചര്‍ മോട്ടക്കച്ചവടം നടത്തുന്നതും ഒക്കെ..?കോമാളി വേഷം കെട്ടി തന്നെയാണ് ഒരു സ്കൂളിനെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്..ഇത് ഇന്നത്തെ സ്കൂള്‍ അല്ല..ഇന്ന് സ്കൂളില്‍ ഇങ്ങനെയൊക്കെ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല..ചോദിച്ച ഒരു അധ്യാപകനും ഈ ചിത്രം ഇഷ്ടമായിട്ടില്ല..

    ReplyDelete
  3. എല്ലാ സ്കൂളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനകരമാണ്. നല്ല സന്ദേശം. ഒപ്പം കുട്ടികളിലും അത് പോസിറ്റീവ് എനെര്‍ജി കൊണ്ട് വരും. മൊട്ട കച്ചവടം ചെയ്യുന്ന ടീച്ചറുംമാരില്ലായിരിക്കാം കല സൃഷ്ടി എന്നാ നിലക്ക് അല്പ്പം ഫാന്റസി ഇതില്‍ ഉണ്ട് പക്ഷെ അത് ആ നിലക്ക് കണ്ടാല്‍ മതി , ഒരു മാസത്തെ ശമ്പളം ചിട്ടിക്കാശടക്കാന്‍ പോലും തികയില്ല എന്ന ദയലോഗ് പറയുന്ന അദ്ധ്യാപകര്‍ ഇന്നും ധാരാളം ഉണ്ട് .
    മാഷുടെ പോസ്റ്റിന്നു നന്ദി .

    ReplyDelete
  4. പ്രിയ രാമകൃഷ്ണന്‍,ജോഷി,സത്യമേവ ജയതേ,
    ഈ സിനിമ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം.
    ഡി ഇ ഓ -എന്ത് കൊണ്ടാണ് ഔപചാരിക ഉത്തരവിന്റെ ഭാഷയില്‍ മാത്രം സംസാരിക്കുന്നത്.?
    ജനപ്രതിനിധി-(മന്ത്രി )-എടുത്ത നിലപാടുകള്‍ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതാണോ? അത്തരം മന്ത്രിമാര്‍ ഉണ്ടാവില്ലേ ചരിത്രത്തില്‍?
    എച് എം -എനിക്കറിയാവുന്ന ഒരു എച് എം ഉണ്ട്.അയാള്‍ റബ്ബര്‍ സ്വയം ടാപ്പ് ചെയ്യും.എന്നിട്ടാണ് പതിനൊന്നു മണിക്ക് സ്കൂളില്‍ എത്തുക.എന്നാല്‍ ഞാന്‍ ആരാധിക്കുന്ന ഒരു എച് എം ഉണ്ട് അദ്ദേഹം ജനാധിപത്യത്തിന്റെ വക്താവ് .സ്കൂളില്‍ ആദ്യം എത്തുകയും അവസാനം പോകുകയും ചെയ്യും.എല്ലാം കുട്ടികളോട് ആലോചിച്ചു മാത്രമേ ചെയ്യൂ.അതിനാല്‍ എല്ലാത്തരം എച് എം മാറും ഉണ്ടെന്നു കരുതിക്കൂടെ.?
    അധ്യാപിക-മുട്ട വില്‍ക്കുന്നവര്‍ ഇല്ലായിരിക്കാം.സാരി എമ്ബ്രോയിഡാറി ചെയ്തു വിപണ നടത്തും.ക്ലാസിലും പ്രവൃത്തി പരിചയം.സ്റാഫ് റൂമിലും..പക്ഷെ ഇക്കൂട്ടര്‍ വിരലില്‍ എണ്ണാവുന്നവര്‍
    .അവരെ സാമാന്യവത്കരിക്കരുത്.
    നേരെ ചൊവ്വേ പഠിപ്പിക്കാതത്തവര്‍ ഉണ്ടോ അവര്‍ മുട്ടക്കച്ചവടം നടത്തുന്നതിനു തുല്യം എന്ന് കരുതുക.
    പിതാവിന്റെ തോല്‍വി പരിഹരിക്കാന്‍ വരുന്ന മകനെ വിടുക.
    സ്കൂള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് ജനമനസ്സില്‍ പൊതു വിദ്യാലയങ്ങളെ കുറിച്ച് തെറ്റായ അവബോധം വളര്‍ത്തുമോ എന്ന് നോക്കിയാല്‍ പോരെ.ഒരിടത്ത് ഒരു വന്നാന്‍ മലയില്‍ ഒരു സ്കൂള്‍ ഇങ്ങനെ ഉണ്ടായിരുന്നു.നിങ്ങള്‍ ഈ സ്കൂളില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിക്കൂ.

    എല്ലാ മസാലകളും ഉള്ള സിനിമയാണ്.
    പക്ഷെ എവിടെയോ അത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

    ReplyDelete
  5. facebook
    Hi Kaladharan,
    Manoj Kumar commented on your link.
    Manoj wrote: "സര്‍, മാനിക്കക്കല്ലിനെ കുറിച്ചുള്ള പോസ്റ്റിങ്ങ്‌ കണ്ടു. സന്തോഷം തോന്നി. ഞാന്‍ ഈ സിനിമ കണ്ടിരുന്നു. തുടര്‍ന്ന് പരിശീലനങ്ങളില്‍ അധ്യാപകരോട് ഇത് കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഞാന്‍ കണ്ട സവിശേഷതകള്‍ ഇവയാണ്- കുട്ടികളുടെ സ്വാഭാവിക കുസൃതികള്‍ തിരിച്ചറിഞ്ഞു അദ്ധ്യാപകന്‍ അതിനോട് സ്വീകരിക്കുന്ന നിലപാട്. ഏകാന്തമായ ചില മുന്നേറ്റങ്ങള്‍ നടത്തുമ്പോഴും നായകന്‍റെ ചെയ്തികളില്‍ അതിഭാവുകത്വം തോന്നുന്നില്ല, മറിച്ച്, ആവേശവും പ്രതീക്ഷയും പകര്‍ന്നു നല്‍കുന്നു. മധ്യവര്‍ഗ വ്യാമോഹങ്ങല്‍ക്കടിമയായ നമ്മുടെ ചില സഹജീവികളെ ജനമധ്യത്തില്‍ പിടിച്ചുനിര്‍ത്തി വിസ്തരിക്കുന്നു. ............................................................................... എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ തോന്നിവാസം കാട്ടുന്നവരുടെ പ്രതിനിധിയെ അവതരിപ്പിക്കുന്നതില്‍ കാഴ്ചക്കാരനെ ഈ ചിത്രം വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നു.( വസ്തുതകള്‍ തിരിച്ചറിയുന്ന കാണിക്ക് ഒരിക്കലും ഇത് വിശ്വസിക്കാന്‍ കഴിയില്ല.) താങ്കള്‍ പ്രതിപാതിചിട്ടുള്ള ചന്ദ്രന്‍ മാഷേ പോലെ പോതുവിദ്യാലയ സംരക്ഷണത്തിന് കരുത്തേകുന്നവരുടെ പ്രസ്ഥാനത്തെ എന്തായാലും ജനത്തിനറിയാം. എന്നിരുന്നാലും സിനിമ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയം കരുത്തുറ്റ ഒരു ഇടപെടലാനെന്നതില്‍ സംശയമില്ല. നന്ദി."

    ReplyDelete

പ്രതികരിച്ചതിനു നന്ദി