Pages

Thursday, June 16, 2011

കഥപറയുന്ന ചിത്രത്തൂണുകള്‍ കുട്ടികളിലേക്ക്

പഞ്ചതന്ത്രം കഥകളും ഈസോപ്പ് കഥകളും കല്‍ത്തൂണുകളില്‍ വര്‍ണചിത്രങ്ങളായി ജീവന്‍ തുടിച്ച് നില്‍ക്കുക, ഉറുമ്പിന്റെ പരോപകാരവും കുറുക്കന്റെ കൗശലവും കുരങ്ങിന് പറ്റിയ അമളിയും വലയില്‍ കുടുങ്ങിയ സിംഹവും തൊണ്ടയില്‍ നിന്ന് മുള്ളെടുക്കുന്ന കൊക്കും അപ്പം കടിച്ച് പാട്ടുപാടുന്ന കാക്കയും വാലിറുങ്ങിയ കുരങ്ങനുമെല്ലാം ചിത്രകഥാ താളുകളില്‍ നിന്ന് കുട്ടികളിലേക്കിറങ്ങിവരികയാണ്.

ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ ചുള്ളിക്കര ഗവ.എല്‍.പി. സ്‌കൂളാണ് പ്രൈമറി ക്ലാസുകളിലെ ചിത്രവായനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അറിവ് നിര്‍മ്മാണത്തിന്റെ ഈ നൂതന സാധ്യത കുട്ടികള്‍ക്കായി പകര്‍ന്നു നല്‍കുന്നത്. ബാല(ബില്‍ഡിങ് ലേണിങ് എയ്‌സ്)യുടെ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കഥപറയുന്ന കരിങ്കല്‍ തൂണുകള്‍ കുട്ടികള്‍ ഒരുക്കിയത്.

ചിത്രവായന, ചിത്രങ്ങളുടെ ക്രമപ്പെടുത്തല്‍, കഥാപാത്രങ്ങളുടെ വിവരണം പ്രകൃതിവര്‍ണന, ചിത്രം വരക്കല്‍, നാടകീകരണം തുടങ്ങിയവ പഠനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ചിത്രങ്ങളുടെ ഈ വര്‍ണ ലോകത്തിലൂടെ കഴിയുമെന്ന് അധ്യാപകര്‍ പറയുന്നു.

ഇതിന്റെ തുടര്‍ച്ചയായി ഇംഗ്ലീഷിലും മലയാളത്തിലും സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് 'തൂണില്‍ നിന്ന് പുസ്തകത്തിലേക്ക്' എന്ന പ്രവര്‍ത്തനം അടുത്ത ഘട്ടത്തില്‍ നടക്കും. ചിത്രങ്ങളില്‍ നിന്ന് ജനിക്കുന്ന കഥകള്‍ ഉള്‍പ്പെടുത്തി കഥാപതിപ്പ് പ്രസിദ്ധീകരണം, ഇഷ്ടപ്പെട്ട ചിത്രം തിരഞ്ഞെടുത്ത് ബാലസഭകളില്‍ നാടകം അവതരിപ്പിക്കുക, ചിത്രങ്ങളുടെ സംരക്ഷണത്തിന് ചിത്രപോലീസ് രൂപവത്കരിക്കുക എന്നീ പ്രവര്‍ത്തനങ്ങളും നടത്തും.

പരിചിതമായ ഭൗതിക സൗകര്യങ്ങളുള്ള ഈ വിദ്യാലയം നേരത്തെ തന്നെ ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരായ സ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെ ആര്‍ട്ടിസ്റ്റ് സാജന്‍ ബിരിക്കുളമാണ് 'കഥ പറയുന്ന കല്‍ത്തൂണുകള്‍'ക്ക് ജീവന്‍ പകര്‍ന്നത്.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി