Pages

Friday, November 4, 2011

കാര്‍ഷിക സംസ്കൃതിയുടെ ഉപകരണക്കാഴ്ചയുമായി പ്രദര്‍ശനം

പഴയ കാലത്തെ  ഗൃഹോപകരണങ്ങളും കാര്‍ഷികോപകരണങ്ങളും സംബന്ധിച്ച് കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. ഒരിക്കല്‍ കോഴിക്കോട് കോര്പറേഷനിലെ ഒരു സ്കൂളില്‍ ചെന്നപ്പോള്‍ അവിടുത്തെ നാലാം ക്ലാസുകാരില്‍ ബഹു ഭൂരിപക്ഷവും നാഴി കണ്ടിട്ടില്ല. ഗണിതത്തിന്റെ ക്ലാസില്‍ പഠിക്കാനുണ്ട്. നാഴി അളവ് ഏകദേശം എത്രയെന്നു പോലും അറിയാതെ നാല് നാഴി ഒരു ഇടങ്ങഴി എന്ന് പഠിക്കുന്നു. ഇത്രകാലം പഠിപ്പിച്ചിട്ടും സ്കൂളിനു ഈ അറിവിന്റെ വിടവ് ഒരു പ്രശ്നമല്ല. ഇത് എന്നെ അത്ഭുതപ്പെടുത്തി .അധ്യാപകര്‍ ഇങ്ങനെ ആയാല്‍ പോരാ. ഈ സ്കൂള്‍ മറ്റു പല  കാര്യങ്ങളിലും മുന്പന്തിയില്‍ ആണ്. എന്നാല്‍ അക്കാദമിക ആവശ്യങ്ങള്‍ ചിലത് വിട്ടു പോകുന്നു.
എല്ലാ സ്കൂളുകളും സ്വയം പരിശോധന നടത്തുന്നത് നല്ലതാണ്. അത്തരം ആലോചനകള്‍ക്ക് ചൂണ്ടു വിരല്‍ ആശയങ്ങളും അനുഭവങ്ങളും നല്‍കുന്നു. 
 തിരുവനന്തപുരം പാലുവള്ളി സ്കൂളുകാര്‍ അറിവിന്റെ പാലാഴി തീര്‍ത്തു. ആഗസ്റ്റു മാസത്തില്‍ ഒരു പ്രദര്‍ശനം .അത് നേരില്‍കണ്ടപ്പോള്‍ കുരുന്നുകളുടെ കണ്ണുകളില്‍ വിസ്മയം. വടക്കന്‍ പാട്ടുകളില്‍ കേട്ട ആഭരണം സൂക്ഷിക്കുന്ന ആമാടപ്പെട്ടിയും മുളനാഴിയും മുളങ്കുറ്റിയും അളവിന് ഉപയോഗിച്ചിരുന്ന നാഴിയും പക്കയും ഇടങ്ങഴിയും വരിവരിയായി നിരന്നത്  നന്ദിയോട് പച്ച പാലുവള്ളി ഗവ. യുപിഎസുകാര്‍  ഒരുക്കിയ പ്രദര്‍ശനത്തില്‍ .
  • വിവിധതരം മണ്‍പാത്രങ്ങള്‍ , 
  • പാള ഉല്‍പ്പന്നങ്ങള്‍ ,
  • മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ഉറ്റാല്‍ , 
  • ധാന്യങ്ങള്‍ പൊടിക്കുന്നതിനുള്ള തിരികല്ല് എന്നിവയും ശ്രദ്ധ പിടിച്ചു.
  • തുണികള്‍ സൂക്ഷിച്ചിരുന്ന വട്ടപ്പെട്ടി,
  • മുളകൊണ്ടുള്ള ഉപകരണങ്ങള്‍ , 
  • വിവിധയിനം സംഗീത ഉപകരണം, വെങ്കലപാത്രങ്ങള്‍ , 
  • കൂറ്റന്‍ മണ്‍ഭരണി, 
  • നായാട്ടിന് ഉപയോഗിച്ചിരുന്ന വിവിധതരത്തിലുള്ള അമ്പുംവില്ലും എന്നിവയും വിദ്യാര്‍ഥികള്‍ക്ക് കൗതുക കാഴ്ചയാകുന്നു.
  • പഴയ നാണയങ്ങളും നോട്ടുകളും പ്രദര്‍ശനത്തിലുണ്ട്. 
  • "ഇല്ലം നിറ വല്ലം നിറ", ആയുധപ്പുര എന്നിങ്ങനെ പേരു നല്‍കിയ ക്ലാസ് മുറിക്കുള്ളില്‍ പഴയകാലത്ത് ഉപയോഗിച്ചിരുന്ന കത്തികള്‍ , പൂട്ടുകള്‍ , ഇരുമ്പ് താക്കോലുകള്‍ എന്നിവയും കാണാം.
  • പനയോല വെട്ടിയും ചൂരലാവിയും അടവലയും ഇടിക്കല്ലും ഇതിനിടയ്ക്ക് സ്ഥാനംപിടിച്ചു. 
  • കലപ്പയും മരവും വൈക്കോല്‍ കൂനയും കാര്‍ഷിക സംസ്കൃതിയുടെ ഗൃഹതുരത നല്‍കുന്നു. സമീപ സ്കൂളുകളിലള്ള കുട്ടികളും പ്രദര്‍ശനം കാണാനെത്തി. 
 ഇത്തരം പ്രദര്‍ശനം ഒരു കൂട്ടായ പ്രവര്‍ത്തനം ആണ്. അധ്യാപകരും രക്ഷിതാക്കളും നാട്ടിലെ സന്മനസ് ഉള്ളവരും   ഒക്കെ കൈ കോര്‍ക്കും.എല്ലാ ക്ലാസുകാര്‍ക്കും എല്ലാ വിഷയക്കാര്‍ക്കും ഇവ പ്രയോജനപ്പെടുത്താന്‍ കഴിയും. സ്കൂള്‍ മേളകള്‍ പോലെ പ്രാധാന്യം നല്‍കേണ്ടവയാണ് ഇങ്ങനെയുള്ള പ്രദര്‍ശനങ്ങള്‍

=

1 comment:

  1. മാഷു പറയുന്നതിനോടു പൂർണ്ണമായും യോജിക്കുന്നു. ഇന്നു കട്ടിയും തുലാസും മിക്കവാറും അപ്രത്യക്ഷമായിരിക്കുകയാണല്ലോ.പകരം ഇലക്ട്രോണിക് തുലാസുകളാണു ഇപ്പോൾ പൊതുവെ ഉപയോഗിക്കുന്നത്. കട്ടിയും തുലാസും ഉപയോഗിച്ചു ഒരു വസ്തുവിന്റെ തൂക്കം കാണുന്ന്തെങ്ങിനെ എന്നറിയാത്ത കുട്ടിക്കു ഒരു കിലോ അല്ലെകിൽ അഞ്ഞൂറു ഗ്രാം എത്ര എന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടു വരുന്നുണ്ട്. തുലാസിന്റെ പ്രവർത്തനം കണ്ടു മനസ്സിലാക്കിയ കുട്ടികൾക്ക് ഭൌതികശാസ്ത്രത്തിലെ ചില നിയമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും പഠിക്കാനും കഴിയും.

    ReplyDelete

പ്രതികരിച്ചതിനു നന്ദി