Pages

Monday, March 26, 2012

പൂമാല സ്കൂളിലെ അധ്യാപകരുടെ സ്നേഹ പര്യടനം

 


ദുര്‍ഘടവും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിലൂടെ വിദ്യാര്‍ഥികളുടെ വീടും പരിസരവും നാട്ടറിവും തേടി ഒരുപറ്റം അധ്യാപകരുടെ പ്രയാണം. പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരാണ്‌ മാതൃകാപരമായ യാത്ര ഈ മാര്‍ച്ച് മാസം നടത്തുന്നത്‌.വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തത  പുലര്‍ത്തി എന്നും മുന്നില്‍ പോകുന്ന ഈ വിദ്യാലയത്തിന്റെ ഇടപെടലുകള്‍ മാതൃകാപരം. 
കുട്ടികളുടെ ഏതു പിന്നോക്കാവസ്ഥയും കൂട്ടായ്മയിലൂടെ മറികടക്കാന്‍ കഴിയുമെന്ന് നിരന്തരം തെളിയിക്കുന്ന ഈ വിദ്യാലയം ഇടുക്കിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ മാതൃകാ സ്ഥാപനം ആണ്.
 കളിത്തട്ട്‌ വിദ്യാപദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ജീവിത്ജാവ്സ്ഥ നേരിട്ട് പഠിക്കുന്നതിനും അവരുടെ കുടുംബവുമായി ആത്മ ബന്ധം സ്ഥാപിക്കുന്നതിനും പ്രോത്സാഹനവും പ്രചോദനവും നല്കുന്നതിനുമാണ് കണ്‍വീനര്‍ വി.വി. ഷാജിയുടെ നേതൃത്വത്തില്‍ പ്രാദേശിക പര്യടനത്തിനു തുടക്കം കുറിച്ചിരിക്കുന്നത്‌.
ട്രൈബല്‍ മേഖലയായ തടിയനാലിലായിരുന്നു തുടക്കം. നാളിയാനിയില്‍നിന്ന്‌ ഒരു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറി താഴേക്കിറങ്ങിയാല്‍ ഇവിടെയെത്താം. അവിടെ നിന്നാല്‍ പൂമാല മുതല്‍ തൊടുപുഴ മേഖലയിലെ പല പ്രദേശങ്ങളും നോക്കെത്താദൂരത്തു കാണാം.  കിഴക്ക്‌ മുകളില്‍ ഉപ്പുകുന്ന്‌-പാറമടയിലേക്കുള്ള വഴി കോട്ടപോലെ നില്‍ക്കുന്നു. തെക്കുഭാഗത്ത്‌ എത്തുമ്പോള്‍ കുളമാവ്‌ ഡാം. ഇതിനിടയിലാണ്‌ തടിയനാല്‍ ട്രൈബല്‍ ഗ്രാമം.
വിജനമായ വഴികളിലൂടെയുള്ള യാത്ര ആരെയും അമ്പരപ്പിക്കും. ഇത്രയും ദൂരം താണ്ടി എത്തുന്ന കുട്ടികളെയോര്‍ത്ത്‌ അധ്യാപകര്‍ക്ക്‌ അഭിമാനം. തന്റെ മുന്നില്‍ വന്നിരിക്കുന്ന കുട്ടികളുടെ യഥാര്‍ഥ പാഠഭാഗം രമണി ടീച്ചറും തിരിച്ചറിയുകയായിരുന്നു. 
പാറമുകളിലെ വീട്ടില്‍ മണല്‍ത്തിട്ടയുണ്ടാക്കി പൂന്തോട്ടവും നീലത്താമര കുളവും ഒരുക്കിയ എട്ടാം ക്ലാസിലെ വിദ്യാര്‍ഥി ജാന്‍സി ടി.എസ്‌. പാഠ്യപദ്ധതിയില്‍ ഒതുങ്ങാത്ത അനുഭവസാക്ഷ്യമാണ്‌.
തടിയനാല്‍ എന്ന പേര്‌ എങ്ങനെ ഉണ്ടായി? ഇല്ലിക്കാട്ടില്‍ ഗോപാലന്‍ ചേട്ടനോട്‌ ലൈല ടീച്ചറിന്റെ ചോദ്യം. തടിയനായ മനുഷ്യന്റെ കഥയും നളിനിയുടെ പേര്‌ നാളിയാനിയായതും ചേട്ടന്‍ വിശദീകരിക്കുമ്പോള്‍ അധ്യാപകര്‍ക്കു കുറ്റബോധം. ഇത്രയും വര്‍ഷം ജോലി ചെയ്‌തിട്ടും ഇതൊന്നും അറിയാന്‍ കഴിഞ്ഞില്ലല്ലോ.
വിജനമായ വഴികളിലൂടെ വീടുകള്‍ തേടി രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്നുള്ള ഈ യാത്ര ഇവര്‍ക്കു മറക്കാന്‍ കഴിയില്ല. തൊട്ടടുത്ത്‌ ഇങ്ങനെയും പ്രദേശമുണ്ടല്ലോ. 
കുത്തനെയുള്ള കയറ്റവും ഇറക്കവും ആരെയും തളര്‍ത്തിയില്ല. വീടുകളില്‍ രക്ഷിതാക്കള്‍ സ്‌നേഹപൂര്‍വം കരിക്കും പേരയ്‌ക്കയും ചക്കയും പുഴുങ്ങിയ ചേനയും കാന്താരിയും ഒരുക്കി ഇവരെ കാത്തിരുന്നു.അതിരില്ലാത്ത സ്നേഹത്തോടെ വീടുകളില്‍ വരവേല്‍പ്പ്.  ദരിദ്ര സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളും അവരുടെ ദുരിതയാത്രയും ചുറ്റുപാടും പുത്തന്‍ തിരിച്ചറിവുകള്‍ അധ്യാപകര്‍ക്കേകി.
തൊടുപുഴയിലേക്കും കോട്ടയത്തിനും പോകേണ്ട അധ്യാപകര്‍… എങ്കിലും ഇനിയും വരണം, രക്ഷിതാക്കളെ കാണണം. കൂടുതല്‍ ആവേശത്തോടെ അവര്‍ മലയിറങ്ങി. അടുത്ത ദിവസങ്ങളില്‍ മേത്തൊട്ടി, കൂവക്കണ്ടം, പൂമാല പ്രദേശങ്ങളില്‍ പര്യടനം . 
പ്രാദേശിക ബന്ധവും പിന്തുണയും കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ സ്‌കൂളിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്നാണ്‌ ഇവര്‍ക്കു ലഭിച്ച പ്രതികരണം സൂചിപ്പിക്കുന്നത്‌.
 അവധിക്കാലത്ത്‌ പതിവായി നടത്താറുള്ള കളിത്തട്ടു വിദ്യാപദ്ധതിയുടെ മുന്നൊരുക്കം കൂടിയാണ് ഈ യാത്ര.
മാര്‍ച്ച് മുപ്പതു വെള്ളിയാഴ്ച സ്കൂളില്‍ രക്ഷിതാക്കള്‍ ഒത്തു കൂടും. ഈ വര്‍ഷത്തെ സ്കൂളുമായി  ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും    വിലയിരുത്തും .
ഐ സി ടി സാക്ഷരതാ യജ്ഞം , പ്രാദേശിക രക്ഷാ ക്ര്തൃ സൌഹൃദ സമിതികള്‍ ,അവധിക്കാല പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ കൂട്ടായ്മയില്‍ ആലോചിക്കും.
പൂമാല സ്കൂള്‍ അടുത്ത വര്‍ഷത്തെ കുറിച്ച് ആലോചിച്ചു തുടങ്ങി. അവിടെയുള്ള അധ്യാപകര്‍ക്ക് അവധിയില്ല. കാരണം അവര്‍ ട്രൈബല്‍ സ്കൂളിലെ കുട്ടികളുടെ ജീവിതത്തെ കുറിച്ച് പ്രതീക്ഷ ഉള്ളവരാണ് .
പൂമാലയുടെ പ്രവര്‍ത്തനം പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ആവേശം നല്‍കുന്നു. നിങ്ങള്‍ക്കും ഈ വാര്‍ത്തയില്‍ നിന്നും ഊര്‍ജം സ്വീകരിച്ചു പ്രവര്‍ത്തനം തുടങ്ങാം.

2 comments:

  1. പൂമാല നിര്‍മലമായ വനമാല .വനമാലയുടെ സുഗന്ധം കേരളമാകെ പരക്കട്ടെ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

പ്രതികരിച്ചതിനു നന്ദി