Pages

Saturday, August 25, 2012

അനുരൂപീകരണം -കുട്ടിയുടെ സൂക്ഷമാവശ്യങ്ങള്‍ പരിഗണിച്ച് -3


 കുട്ടികള്‍ കഴിവിന്റെ കാര്യത്തില്‍ പലതലങ്ങളിലാണ് എന്ന വസ്തുത എപ്പോഴും ഓര്‍മയില്‍ വെച്ചു കൊണ്ടാകണം അനുരൂപീകരണം നടത്തേണ്ടത്. പൊതു പ്രവണതകളുടെ അടിസ്ഥാനത്തില്‍ ചില വിഭാഗങ്ങളായി തിരിച്ചു സമീപിക്കേണ്ടി വരും. ശ്രദ്ധാ ചാഞ്ചല്യം മൂലം പഠനപ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടെ കാര്യം ആദ്യം പരിശോധിക്ക
ശ്രദ്ധാപരിമിതി ഉളള കുട്ടികള്‍ (Children with Attention disorder)
ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുക എന്നതു ബോധപൂര്‍വം ചിലര്‍ ചെയ്യുന്നതാണെന്ന മിഥ്യാധാരണയാണ് കൂടുതല്‍ അധ്യാപകര്‍ക്കുമുളളത്. ചില കുട്ടികള്‍ ശ്രദ്ധാപരിമിതി ഉളളവരാണെന്ന കാര്യം അധ്യാപകര്‍ അംഗീകരിക്കാന്‍ സന്മനസ്സു കാട്ടണം. ഈ വിഭാഗം കുട്ടികളും പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരാണ്.
ഇവര്‍(ക്ക്)-
  • ഉളളടക്കമോ പ്രക്രിയയോ ഏറെ നേരം ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല
  • വേഗം താല്പര്യം നഷ്ടപ്പെടുന്നു
  • എളുപ്പത്തില്‍ ശ്രദ്ധ വ്യതിചലിക്കപ്പെടുന്നു.
  • ഉപരിപ്ലവമായി മാത്രം വിവരങ്ങള്‍ മനസ്സിലാക്കുന്നു
  • ആശയങ്ങളെ പരസ്പരം ബന്ധിപ്പിച്ചു മനസ്സിലാക്കാന്‍ പ്രയാസം നേരിടുന്നു.
  • ആഴത്തില്‍ വിശകലനം ചെയ്യാന്‍ ആവുന്നില്ല
  • അവ്യക്തമോ ഭാഗികമോ ആയ ധാരണാതലം
ഇവയൊക്കെ ക്ലാസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു ( അധ്യാപികയുടെ ശകാരം, പരിഹാസം, ശിക്ഷ, താക്കീത്, അവഗണന, പരാതി, ശല്യക്കാര്‍ എന്ന ലേബലിങ്, കുട്ടിയെ പറ്റി പ്രതീക്ഷ വെച്ചു പുലര്‍ത്തായ്ക, മുന്‍ വിധി, സഹപാഠികളുടെ പരിഹാസം, കുട്ടിക്കു സ്വന്തം കഴിവിനെക്കുറിച്ചു അവിശ്വാസം, പഠനത്തിന്റെ ഓരോ പ്രവര്‍ത്തനഘട്ടവും വരാനിരിക്കുന്ന പ്രശ്നത്തെ ഓര്‍മിപ്പിക്കുന്ന അസ്വാസ്ഥ്യം..) കുട്ടിയുടെ പഠനത്തെ പ്രചോദിപ്പിക്കാനോ അനുഭവപ്പെടുന്ന പ്രശ്നം പരിഹരിക്കാനോ സഹയകമല്ല അധ്യാപികയുടെ ഇടപെടല്‍പ്രതികൂലത.
അധ്യാപിക എന്തു ചെയ്യണം
1ഭൗതികാന്തരീക്ഷപുനക്രമീകരണം
-കുട്ടിയുടെ സ്ഥാനം -മുമ്പില്‍, അധ്യാപികയുടെ ചാരെ,
-ശ്രദ്ധ വ്യതിചലിക്കാനിടയുളളവ ക്രമീകരിക്കല്‍-ഉദാഹരണം പുറംകാഴ്ചകളിലേക്കുളള ദൃഷ്ടിയാത്ര. ക്ലാസിന്റെ ജനാലയുടെ പകുതിക്കു താഴെ കര്‍ട്ടണ്‍ ഇട്ടാല്‍ അത്തരം പുറംകാഴ്ചകള്‍ തടയും. തുറന്ന മുറിയിലാണ് കുട്ടി പഠിക്കുന്നതെങ്കില്‍ ക്ലാസ് നാലു ചുമരുകളുമുളളമുറിയിലേക്കു ഈ കുട്ടിക്കു വേണ്ടി മാറ്റുകയോ സ്കീന്‍ വക്കുകയോ വേണം.
-വൈവിധ്യമുളള പ്രവര്‍ത്തനങ്ങള്‍ നടത്താനിടം
എപ്പോഴും ബഞ്ചില്‍ ഓരേ സ്ഥാനത്ത് ഇരുന്നു പഠിക്കുന്ന സാഹചര്യം ഒഴിവാക്കണം. ക്ലാസില്‍ പലവിധപ്രവര്‍ത്തനങ്ങള്‍ക്കിടം മുന്‍കൂട്ടി തീരുമാനിച്ചു ക്രമീകരിക്കണം. അവതരണസ്ഥലം, സംഘപ്രവര്‍ത്തനയിടങ്ങള്‍,നിര്‍മാണപ്രവര്‍ത്തനസ്ഥലം, റഫറന്‍സ് ഏരിയ എന്നിങ്ങനെ.ഒരേ പിരീഡില്‍ത്തന്നെ പലയിടങ്ങളിലായി കുട്ടികള്‍ക്കു പ്രവര്‍ത്തിക്കാനവസരം ആസൂത്രണവേളയില്‍ത്തന്നെ നിര്‍ണയിക്കണം.
2ചിന്താശൈലി മാനിച്ചുളളപുനക്രമീകരണം.
-വിവരങ്ങളെ ദഹനപ്പരുവത്തില്‍ നല്‍കല്‍
ഒരേ സമയം ആശയങ്ങളുടെ പ്രവാഹം, കുത്തൊഴുക്ക് ക്ലാസില്‍ നടന്നാല്‍ എന്തു സംഭവിക്കും.? അവയെല്ലാം കൂടിക്കുഴഞ്ഞ് സങ്കീര്‍ണമായ അവ്യക്തത ശ്രദ്ധാപരമിതിയുളള കുട്ടികള്‍ക്കുണ്ടാകും.
അതിനാല്‍ കുട്ടിയില്‍ രൂപപ്പെടേണ്ട ആശയങ്ങള്‍ കണക്കിലെടുത്തു വിവരങ്ങളെ ദഹനപ്പരുവത്തില്‍ നല്‍കണം. ചെറിയ ചെറയി വിവരകൂട്ടങ്ങള്‍ അല്ലെങ്കില്‍ ഒന്നുമായി ബന്ധിപ്പിച്ച് ഗ്രഹിക്കാവുന്ന തരത്തില്‍ ക്രമീകരിച്ചവ, അതുമല്ലെങ്കില്‍ അനുഭവവുമായി കോര്‍ത്ത് അവതരിപ്പിക്കുന്നവ, മനോചിത്രങ്ങള്‍ രൂപ്പെടാന്‍ ഉതകുന്ന വിധത്തില്‍, ചിത്രസമേതം..
അധ്യാപികയുടെ അവതരണം മാത്രം പോര വായനാപാഠവും മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പരിഗണിച്ചു അനുരൂപീകരിക്കേണ്ടി വരും.(എത്ര വര്‍ഷം സര്‍വീസായി? ഉണ്ടോ കൈവശം ഒരു അനുരൂപീകരണപാഠമെങ്കിലും? ഇനിയും എത്ര വര്‍ഷം സര്‍വീസുണ്ട്? പ്രതീക്ഷിക്കാമോ? )
-ഒരേ കാര്യം പലരീതിയില്‍
ചിന്തയുടെ സജീവത ആവശ്യപ്പെടുന്നതും പല രീതിയില്‍ വൈജ്ഞാനികമണ്ഡലത്തിലേക്കു പ്രവേശിക്കാന്‍ കഴിയുന്നതുമായ സമീപനം സ്വീകരിക്കണം.
  • വാദിക്കല്‍.
കുട്ടികള്‍ക്ക് വാദമുഖങ്ങള്‍ അവതരിപ്പിക്കാനവസരം നല്‍കുമ്പോള്‍ അവര്‍ ലഭ്യമായ വിവരത്തെ ആധാരമാക്കി തെളിവുകളുടയോ യുക്തിയുടെയോ പിന്‍ബലത്തില്‍ പല സാധൂകരണ തന്ത്രങ്ങള്‍ സ്വീകരിച്ചു വിയോജിക്കലോ യോജിക്കലോ പിന്തുണയ്ക്കലോ തളളിക്കളയലോ നടത്തും . ഇതു അനുവദിക്കമ്പോള്‍ ക്ലാസിനു ചൂടുകൂടും. എല്ലാവരുടെയും ശ്രദ്ധ അടുത്തയാളുടെ എതിര്‍വാദങ്ങളില്‍ ആയിരിക്കും. അതിനെ വീണ്ടുമൊരാള്‍ മലര്‍ത്തിയടിച്ചേക്കാം. ഈ സജീവത ശ്രദ്ധാപരിമിതിയുളള കുട്ടിയെ രണ്ടു രീതിയല്‍ സ്വാധീനിക്കും .ഒന്ന് താനെന്തു നിലപാടു എടുക്കും ? എങ്ങനെ വാദിക്കും? എന്നതിനെ ആസ്പദമാക്കിയുളള ചിന്തയും പഠനവും.രണ്ട് മറ്റുളളവരുടെ വാദങ്ങള്‍ കേള്‍ക്കുന്നതു വഴിയുളള അറിവു നിര്‍മാണം.
  • കുട്ടിയും അധ്യാപികയും നടത്തുന്ന താരതമ്യപ്പെടുത്തല്‍
വിവരങ്ങളെ താരത്മ്യപ്പെടുത്തി അവതരിപ്പിക്കുക ( വൈരുദ്ധ്യം ചൂണ്ടിക്കാട്ടുക, വ്യത്യാസം കണ്ടെത്തുക, പൊതു പ്രവണതകള്‍ കണ്ടെത്തുക, സമാനമായ കാര്യങ്ങള്‍ പ്രകാരം തരംതിരിക്കുക, ) ഇങ്ങനെ ചെയ്യുമ്പോള്‍ അറിവിന്റെ ആഴം വര്‍ധിക്കും. കേട്ടതോ വായിച്ചതോ ആയ കാര്യങ്ങളുടെ അയവെട്ടലും പോഷകസ്വാംശീകരണവും നടക്കും.
  • ചര്‍ച്ചയും വിശകലവും
ക്ലാസില്‍ ചര്‍ച്ച നടത്താറുണ്ടെന്നാണ് മിക്ക അധ്യാപകരും അവകാശപ്പെടുന്നത്. ചര്‍ച്ച എങ്ങനെയാണ് നടത്തുക. ഒരു പ്രമേയം കുടുതല്‍ വിശകലനം ചെയ്യണമെന്നു തോന്നല്‍ ക്ലാസിനുണ്ടവുകയും അതു സ്വാഭാവികചര്‍ച്ചയിലേക്കു വികസിപ്പിക്കുകയുമാണോ നടക്കുന്നത്. ചര്‍ച്ചാ വിഷയം അവതരിപ്പിച്ചതിനു ശേഷം എല്ലാവര്‍ക്കും തയ്യാറേടുപ്പിനു സമയം കൊടുക്കാറുണ്ടോ? അപ്പോള്‍ കൂടുതല്‍ പിന്തുണ ആവശ്യമുളള കുട്ടിയുടെ ചിന്തയെ ഇളക്കി ദിശാസൂചന നല്‍കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ടോ? ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളെ അപ്പപ്പോള്‍ ബോര്‍ഡില്‍ രേഖപ്പെടുത്താറുണ്ടോ? അങ്ങനെ രേഖപ്പെടുത്തുന്നതിന്റെ ക്രമം ആശയ രൂപീകരണത്തിനു സഹയകമായ വിധത്തില്‍ സമാനമായവ ബവ്ധിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണോ? ഓരോ പുതിയ ആശയങ്ങളും എല്ലാവരുടേതുമാകാന്‍ എന്തു വിശകലന തന്ത്രമാണ് സ്വീകരിക്കുക. നിഗമനരൂപീകരണത്തിലെ പങ്കാളിത്തം എങ്ങനെയായിരിക്കുമെന്നു ആസൂത്രണം ചെയ്യാറുണ്ടോ? ഈ കാര്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ ഉത്തരം ലഭിക്കുന്ന വിധം നടത്തുന്ന ചര്‍ച്ച ശ്രദ്ധാപരിമിതി ഉളളവര്‍ക്കു അനുഗ്രഹമായിരിക്കും.
  • ആശയങ്ങളെ ക്രമപ്പെടുത്തല്‍
ആശയങ്ങളെ എങ്ങനെയെല്ലാം ക്രമീകരിക്കാമോ ആ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തണം. ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് നല്ല ഫലം ചെയ്യും ( ചൂണ്ടു വിരല്‍ ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് പരിചയപ്പെടുത്തിയിട്ടുളളത് നോക്കുക )
  • ഫീഡ് ബാക്ക് ഉറപ്പാക്കല്‍
ഇടക്കിടെ കുട്ടിക്കു അനുകൂലമായ ഫീഡ്ബാക്ക് നല്കുന്നതു രണ്ടു രീതിയില്‍ ഗുണം ചെയ്യും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും തന്റെ സഹായത്തിനു അധ്യാപികയുടെ നിരന്തരസജീവസാന്നിദ്ധ്യം ഉണ്ടെന്നുളള തിരിച്ചറിവിന്റെ പ്രചോദനവും ഉണ്ടാകും.
  • സംഗ്രഹരൂപമവതരിപ്പിക്കല്‍
ഇതു വരെ കണ്ടെത്തിയ കാര്യങ്ങള്‍ സംഗ്രഹിച്ചവതരിപ്പിക്കണം. അതു വാചികമായാല്‍ പോര ചാര്‍ട്ട്, ചിത്രീകരണങ്ങള്‍, ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്,നിറച്ചേരുവയുളള പദബന്ധക്കുറിപ്പ് തുടങ്ങില രീതികള്‍ സ്വീകരിക്കണം.അധ്യാപനക്കുറിപ്പു തയ്യാറാക്കുമ്പോള്‍ ഇതും രൂപകല്പന ചെയ്യുന്നതു ശ്രദ്ധ കേന്ദ്രീകരിക്കാനുപകരിക്കും.
  • ചിന്തയെക്കുറിച്ചുളള ചിന്ത
താന്‍ ചിന്തിച്ചതും മറ്റുളളവര്‍ ചിന്തിച്ചതും താരതമ്യം ചെയ്യാനവസരം ഒരുക്കണം. ഓരോരുത്തരും ചിന്തിച്ച രീതി പ്രധാനമാണ്. ചിന്തിച്ച കാര്യവും . ഇവ രണ്ടും പങ്കു വെക്കാന്‍ അവസരം കിട്ടണം.ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ചിന്തയെക്കുറിച്ചുളള ചിന്ത നടത്തണമെന്നു ഔചിത്യപൂര്‍വം തീരുമാനിക്കണം. ഈ തന്ത്രം ഏതു ക്ലാസിനും ഉപയോഗിക്കാവുന്നതാണ്.
3 വൈകാരികാന്തരീക്ഷത്തിന്റെ പുനക്രമീകരണം.
പിരിമുറുക്കം, ഭീതി, ആശങ്ക, അവിശ്വാസം, അപകര്‍ഷത, കുറ്റബോധം, താല്പര്യമില്ലായ്മ, വെറുപ്പ്, ദുഖം, നിരാശ,ഉള്‍വലിയല്‍ തുടങ്ങിലവയിലേക്കു നയിക്കുന്ന വാക്കുകളോ പ്രവര്‍ത്തികളോ അധ്യാപികയുടെയോ സഹപാഠികളുടയോ ഭാഗത്തു നിന്നുമുണ്ടായിക്കൂടാ. വിജയബോധം, ആഹ്ലാദം , വൈകാരികസംതൃപ്തി, നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന ഇഷ്ടപ്പെടല്‍, സഹപാഠികള്‍ നല്‍കുന്ന പിന്തുണയുടെ ഫലമായി രൂപപ്പെടുന്ന അടുപ്പം, തനിക്കും പരിഗണനയും മികവുകളുമുണ്ടെന്ന തിരിച്ചറിവും അംഗീകാരവും നല്‍കുന്ന പഠനതാല്പര്യം എന്നിവയാണ് ക്ലാസില്‍ ഉണ്ടാകേണ്ടത്.
നിത്യവും കുട്ടിയുടെ പ്രതീക്ഷാ നില ഉയര്‍ത്തണം.
എല്ലാ ദിവസവും നാലു മണിക്കു ഇന്നെന്തെല്ലാം പഠിച്ചു , നേടി എന്നു കുട്ടിയെ അടുത്തു വിളിച്ചു വിലയിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
ഈ കുട്ടിയില്‍ നിന്നും ഇന്നു ഞാന്‍ എന്തു പ്രതീക്ഷിച്ചിരുന്നു , എത്രത്തോളം നേടാനായി ? നാളെ എന്തു പ്രതീക്ഷിക്കുന്നു? അതിനായി എന്തിടപെടല്‍ വേണ്ടി വരും എന്നു അധ്യാപകരും ആലോചിക്കണം.


രണ്ടാം ക്ലാസ് .2011 ജനുവരി :കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന ഒരു മോള്‍ ക്ലാസിന്റെ നടുത്തളത്തിലേക്ക് വരുന്നു.ടീച്ചര്‍ ഒപ്പം ഉണ്ട്.രക്ഷിതാക്കളുടെ ഇടയില്‍ അവളുടെ അമ്മയും . അമ്മയുടെ കണ്ണുകള്‍ വിടര്‍ന്നു.മറ്റു കുട്ടികള്‍ വന്നു ആശയപ്രകാശനം നടത്തിയ വേദിയില്‍ തന്റെ മകള്‍..കുഞ്ഞിനു സങ്കോചമില്ല അവള്‍ എല്ലാവരും കേള്‍ക്കെ നന്നായി ഭാഷ പ്രയോഗിച്ചു.ഉശിരന്‍ വായന.അപ്പോള്‍ അമ്മ കരയുകയായിരുന്നു.ആനന്ദക്കണ്ണീര്‍ .മനസ് തുളിമ്പിപ്പോയി.കണ്ണീര്‍ ഒപ്പുംപോഴേക്കും മോള്‍
  അടുത്തെത്തിക്കഴിഞ്ഞിരുന്നു .സ്നേഹസംഗമം.കാക്കാട്ടിരി സ്കൂളിലെ അനുഭവം ഞങ്ങള്‍ പകര്‍ത്തി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി ക്ലാസ് മാറുന്നതിന്റെ ദൃഷ്ടാന്തമാണ് ഇത്. എവിടെയൊക്കെ ഈ കുന്കുങ്ങള്‍ക്ക് വേണ്ടി അധ്യാപകര്‍ പരിശ്രമിക്കുന്നുവോ അവിടെയെല്ലാം അമ്മമാര്‍ സ്നേഹത്തിന്റെ നിറമിഴികളില്‍ ഒരായിരം നന്ദിയുമായി ഉള്ളില്‍ പറയും. ഈ ടീച്ചറിന് പുണ്യമേ വരൂ. ഈ ടീച്ചറിനെ കിട്ടിയത് എന്റെ കുട്ടീടെ ഭാഗ്യം.

6 comments:

  1. ക്ലസ്റ്റർ മീറ്റിംഗുകളിൽ പോലും പോയിരുന്ന് പരിഹാസം പറയുന്ന അദ്ധ്യാപകർ ഉണ്ട്. ചിലർ ഉറങ്ങുകയും. അവരൊക്കെ ഇതൊക്കെ വായിച്ചും മനസിലാക്കിയും ഫോളോ ചെയ്യുമോ മാഷേ! അദ്ധ്യാപനം വരുമാനത്തിനു വേണ്ടിയുള്ള വെറുമൊരു കൂലിവേല മാത്രമായി കരുതുന്ന ബഹുഭൂരിപക്ഷം അദ്ധ്യാപകരെക്കൊണ്ട് നമുക്ക് ഒരു പുതിയ പരീക്ഷണങ്ങളും നിർവഹിക്കാനാകില്ല.വെറുതെ ഇങ്ങനെ നമുക്ക് ആശയങ്ങൾ പങ്കുവയ്ക്കാമെന്നല്ലാതെ. അടിയും വിരട്ടും നിരോധിച്ച് നിയമം വന്നാലും പഴയ ചൂരൽ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ യത്നിക്കുന്നവരാണല്ലോ നമ്മുടെ മാഷന്മാർ! പെൻഷൻ പ്രായം കൂട്ടിയപ്പോൾ സന്തോഷം കൊണ്ടവരിൽ നമ്മുടെ മാഷന്മാരും ഉണ്ടായിരുന്നല്ലോ അല്ലേ? പഴയകാലത്തെ നല്ലൊരു പങ്ക് അദ്ധ്യാപകരിൽ കണ്ടിരുന്ന സാമൂഹ്യബോധം ഇന്നത്തെ അധ്യാപകരിൽ നല്ലൊരു പങ്കിനും ഇല്ല. അതുണ്ടാകാത്തിടത്തോളം ഈ രംഗത്ത് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട. സർക്കാർ സ്കൂളുകൾ ആർക്കും വേണ്ട, സർക്കാർ ആശുപത്രി ആർക്കും വേണ്ട, സർക്കാർ വണ്ടി ആർക്കും വേണ്ട പക്ഷെ സർക്കർ ജോലി എല്ലാവർക്കും വേണം. അദ്ധ്യാപകരും മറിച്ചല്ല.

    ReplyDelete
  2. പ്രിയ സജീം
    കൂടുതല്‍ പേരും എല്ലാ തിന്മകളെയും നിത്യവും കണ്ടിട്ടും കൊണ്ടിട്ടും നാവുയര്ത്താതെ ഓണം ആഘോഷിക്കുന്നവരാണ്.
    കുട്ടികളെ എള്ളോളമില്ല പൊളിവചനം എന്ന പാട്ടിന്റെ പൊരുള്‍ പഠിപ്പിച്ചു കള്ളം ചെയ്യുന്നവരാണ്
    എന്നിട്ടും എന്നിട്ടും നന്മയ്ക്ക് വേണ്ടി വാദിക്കുന്നില്ലേ
    അതേ പോലെ എവിടെയെങ്കിലും ഏതെങ്കിലും നല്ല അധ്യാപകര്‍ക്ക് ഈ ആശയങ്ങള്‍ ചിലപ്പോള്‍ പിടിവള്ളി ആയേക്കാം
    അവര്‍ക്ക് വേണ്ടി എഴുതാതിരിക്കുവതെങ്ങനെ ?

    ReplyDelete
  3. അനുരൂപികരണം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കാര്യം കൂടി പറയണമെന്ന് തോന്നുന്നു . ഇന്ന് നമ്മളുടെ ക്ലാസ്സ്‌ മുറികളില്‍ ഇന്ന് ചുമരുകലില്‍ ദാരളമായി ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു . ഇത് ഒരു പരിതി വരെ ഓട്ടിസംകുട്ടികളെ പ്രതികൂലമായി ബാദിക്കുന്നു എന്നത് നാം തിരിച്ചരിയെണ്ടതുണ്ട്.കാരണം അവര്‍ക്ക് താല്പര്യമുള്ള മേഖലയിലെ ചിത്രങ്ങള്‍ ആണെങ്കില്‍ അവരുടെ ശ്രദ്ധ മുഴുവന്‍ അതില്‍ മാത്രമാകും . ബിഗ്‌ കാന്‍വസിലെ പാഠസന്ദര്‍ഭങ്ങല്ക്കനുസൃതമായ ചിത്രങ്ങള്‍ക്ക് പകരമാവില്ല സ്ഥിരമായ ചിത്രങ്ങള്‍

    ReplyDelete
  4. പ്രിയ കലാധരൻ,

    ശ്രദ്ധിക്കുന്ന-ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗുകളിൽ മാത്രമേ ഇത്തരം കമന്റുകൾ ഇട്ടിട്ട് എന്തെങ്കിലും അർത്ഥമുള്ളൂ എന്നതുകൊണ്ടാണ് താങ്കളുടെ ബ്ലോഗിൽ വന്ന് ഞാൻ ഇത്തരത്തിൽ കമന്റുകൾ ഇടുന്നത്. അതിന്റെ ഉദ്ദേശശുദ്ധി താങ്കൾ മനസിലാക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഞാനും ഒരു അദ്ധ്യാപകന്റെ മകനാണ്. നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും, നാട്ടിൽ ഒരു വായനശാലയും സർക്കാർ പള്ളിക്കൂടവും സ്ഥാപിക്കുന്നതിനു വേണ്ടി മുൻ നിന്ന് പ്രവർത്തിക്കുകയും അതേ സ്കൂളിൽ തന്നെ വരഷങ്ങളോളം അദ്ധ്യാപകനായിരിക്കുകയും ചെയ്ത ഒരാളാണ് എന്റെ പിതാവ്. അതുകൊണ്ടുതന്നെ സർക്കാർ പള്ളിക്കൂടം തങ്ങൾക്ക് ജോലി നോക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്ന മട്ടിൽ പെരുമാറുന്ന അദ്ധ്യാപകരോട് എനിക്ക് ദ്വേഷ്യം തോന്നുക സ്വാഭാവികം. പള്ളിക്കൂടം സ്ഥാപിക്കുന്നത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുവാനാണ്. അവരെ പഠിപ്പിക്കുവാനാണ് അദ്ധ്യാപകരെ നിയമിക്കുന്നത്. അല്ലാതെ കുറച്ചുപേർക്ക് അദ്ധ്യാപ ജോലി നൽകുവാൻ വേണ്ടിയല്ല സർക്കാർ പള്ളിക്കൂടങ്ങൾ ഉണ്ടാക്കുന്നത്. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാത്ത അദ്ധ്യാപകരെ നാം തിരുത്തുക തന്നെ വേണം. കുറഞ്ഞ പക്ഷം അദ്ധ്യാപകരെങ്കിലും കുറച്ചൊക്കെ സാമൂഹ്യ ബോധം ഉൾക്കൊണ്ടു പ്രവർത്തിക്കണം എന്നാണ് എന്റെ പക്ഷം.കാരണം നാളത്തെ നല്ല പൌരനെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കേണ്ടവരാണ് അദ്ധ്യാപകർ. അവർ കുട്ടികൾക്ക് നല്ല മാതൃകകൾ തന്നെയാകണം. ബാറിൽ വച്ച് കുട്ടികളുമായി കൂട്ടിമുട്ടുന്ന അദ്ധ്യാപകൻ ഒരു നല്ല സന്ദേശമല്ല. സ്വന്തം മക്കളെ മിനിമം കെ.എസ്.ടി.എക്കാരെങ്കിലും പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കുവാൻ തയ്യാറാകണം. അങ്ങനെ പലതുമുണ്ട്.

    ReplyDelete
  5. പ്രിയ സജീം
    ചില അധ്യാപകരുടെ പ്രവൃത്തി നമ്മെ ഏറെ ദുഖിപ്പിക്കുന്നു എന്നത് നേരാണ്
    അങ്ങനെ ചിലത് ഈ ബ്ലോഗില്‍ ഞാന്‍ കൊടുത്തിട്ടുമുണ്ട്
    താങ്കള്‍ കമന്ടിടുന്നതിനെ ,(താങ്കള്‍ ആരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ)എനിക്ക് വേണ്ടി എന്‍റെ മനസിലുള്ളതാണല്ലോ ഇക്കാര്യം ഏന് വിചാരിച്ചാണ് ഞാന്‍ പ്രതികരിക്കുന്നത്.
    അതില്‍ തെറ്റിദ്ധാരണ വേണ്ട.
    ഈ ബ്ലോഗിലൂടെ ചില സാധ്യതകള്‍ ആലോചിക്കുകയാണ്.
    അതും സ്കൂളില്‍ പോയി കണ്ടപ്പോള്‍ തോന്നുന്ന ആവശ്യ ബോധത്തില്‍ നിന്നും.
    ബി ആര്‍ സികളില്‍ റിസോഴ്സ് ടീചെര്‍സ് ഐ ഇ ഡി സി പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ട്.( പത്ത് പേര്‍ വീതം )
    പ്രൈമറി വിഭാഗത്തില്‍ ആണ് ഇവരുടെ ഇടപെടല്‍ ചുമതല
    പലപ്പോഴും ഇവര്‍ കൃത്യമായി സ്കൂളില്‍ പോകുന്നതിനു അവസരം നല്‍കാറില്ല. മറ്റു ജോലികള്‍ എല്പിക്കാനാണ് ബി പി ഓ മാര്‍ക്ക് താല്പര്യം .പോകുന്ന സന്ദര്‍ഭങ്ങളില്‍ ആകട്ടെ അധ്യാപകര്‍ക്ക് തെളിച്ചം കിട്ടുന്ന വിധം ഇടപെടുന്നുമില്ല. അധ്യാപകരാകട്ടെ ഈ റിസോഴ്സ് ടീചെര്ഴ്സിനെ കണ്ടാല്‍ ഉടന്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ എല്ലാം ഒന്നിച്ചു കൂട്ടി അവരെ ഏല്പിക്കും.ഇതാ നിങ്ങടെ ടീച്ചര്‍ വന്നു എന്നു പറഞ്ഞു.!?
    ഹൈ സ്കൂള്‍ വിഭാഗത്തില്‍ മറ്റൊരു രീതിയാണ്. ഓരോ സ്കൂളിനും ഓരോ റിസോഴ്സ് ടീച്ചര്‍ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം. ഇപ്പോള്‍ രണ്ട് സ്കൂളിനു ഒന്ന് എന്ന സ്ഥിതി . അവിടെയും ഫലപ്രദമായ അനുരൂപീകരണം ക്ലാസില്‍ നടക്കുന്നില്ല.
    ഈ റിസോഴ്സ് ടീച്ചറിന് എല്ലാ വിഷയത്തിലും ധാരണ ഇല്ല.
    അവിടുത്തെ അധ്യാപിക ഇവരുമായി ചേര്‍ന്നിരുന്നു ആസൂത്രണം നടത്ത്തുന്നുമില്ല
    ഈ അവസ്ഥയാണ് ഈ പോസ്റ്റുകള്‍ ഇടാന്‍ പ്രേരിപ്പിച്ചത്.
    എന്തൊക്കെ സാധ്യത ഉണ്ടെന്നു പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറെ വായന നടത്തി.
    കുറിപ്പുകള്‍ തയ്യാറാക്കി .
    എന്‍റെ അനുഭവം, ധാരണ ഇവയുമായി ചേര്‍ത്ത് വെച്ചു.
    ഈ പോസ്റ്റുകള്‍ എഴുതാന്‍ തീരുമാനിച്ചു.
    ഈ വര്‍ഷം ഈ മേഖലയില്‍ കൂടുതല്‍ ഇടപെടണം എന്നും കരുതുന്നു
    ഏതെങ്കിലും സ്കൂളില്‍
    എല്ലാ അധ്യാപകരും സഹകരിക്കില്ല .സഹകരിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കുന്നുമില്ല
    ക്ലാസിന്റെ അനുരൂപീകരണ പ്രക്രിയ എല്ലാ കുട്ടികള്‍ക്കും ഗുണം ചെയ്യും .ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന കുട്ടിക്കും മനസിലാകണമെന്നു ചിന്തിക്കുന്നതിലേക്ക് അധ്യാപിക ചുവടു മാറ്റുമ്പോള്‍ സംഭവിക്കുന്നത്‌ മറ്റൊന്നല്ല.
    ഇതു പൊതു വിദ്യാഭ്യാസത്തെ ഉയര്‍ത്തും.
    അങ്ങനെ സംഭവിച്ചാല്‍ താങ്കള്‍ക്കും അതു സന്തോഷം നല്‍കും.
    ഇല്ലെങ്കില്‍..?
    പ്രതീക്ഷ കൈവെടിയാതെ നമ്മുടെ ഇടപെടല്‍ ഡിഗ്രി കൂട്ടുക.
    അതല്ലേ നമ്മള്‍ക്ക് ചെയ്യാനാകൂ


    ReplyDelete
  6. മിനി
    ഓട്ടിസം ഉള്ള കുട്ടികളുടെ ക്ലാസ് എങ്ങനെ ആകണം എന്നു ആലോചിക്കേണ്ടതുണ്ട്
    അതിനു മറ്റൊരു പോസ്റ്റ്‌ കുറിക്കാന്‍ മിനിയുടെ പ്രതികരണം നിര്‍ബന്ധിക്കുന്നു.
    ഏതു ക്ലാസില്‍ ഏതു വിഭാഗം കുട്ടി എന്നതിനെ ആശ്രയിച്ചാണല്ലോ അനുഭവങ്ങളുടെ അനുരൂപീകരണം നടക്കേണ്ടത്‌
    മിനിയുടെ ബി ആര്‍ സിയിലെ റിസോഴ്സ് ടീചെര്ഴ്സിന്റെ നല്ല അനുഭവങ്ങള്‍ പങ്കിടാമോ ?

    ReplyDelete

പ്രതികരിച്ചതിനു നന്ദി