Pages

Saturday, September 29, 2012

അവകാശനിയമവും ക്രിയാഗവേഷണവും


  1. വിദ്യാഭ്യാസ അവകാശ നിയമം
    അക്കാദമിക അഥോറിറ്റിയായ എസ് സി ഇ ആര്‍ ടി ഓരോ ക്ലാസിലേക്കുളള സിലബസ് ക്രോഡീകരിച്ചു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതില്‍ ഓരോ ക്ലാസസിലും  നേടേണ്ട നിലവാരം കൂടുതല്‍ കൃത്യതയോടെ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം എല്ലാ കുട്ടികളും ഈ നിലവാരത്തിലെത്തിയിരിക്കണം. അതായത് ഈ നിലവാരം വിദ്യാഭ്യാസ അവകാശമാണ്. ഈ ഗൗരവമുള്‍ക്കൊണ്ടാണോ വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്? എസ് ആര്‍ ജി യില്‍ അക്കാദമിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്?
  2. പഠനപുരോഗതി -ക്ലാസ് പിടി എ
    കുട്ടികളുടെ പഠനപുരോഗതി രണ്ടു മാസം കൂടുമ്പോള്‍ ക്ലാസ് പിടി എയില്‍ അവതരിപ്പിക്കണം എന്ന് വിദ്യാഭ്യാസ അവകാശനിയമം, എസ് എം സി മാര്‍ഗരേഖ എന്നിവയില്‍ പറയുന്നു. ഒരു ക്ലാസിലെ ജൂലൈമാസത്തെ കുട്ടികളുടെ നിലവാരം നോക്കൂ.

    അടുത്ത മാസത്തെ ക്ലാസ് പി ടി എ യില്‍ ഇക്കാര്യത്തില്‍ എന്തു പുരോഗതി നേടി എന്നല്ലേ അവതരിപ്പിക്കേണ്ടത്? അതോ പുതിയ ഏതെങ്കിലും നേട്ടങ്ങള്‍ പങ്കിട്ടാല്‍ മതിയോ? വിഷയപരമായ സൂക്ഷ്മത വേണ്ടേ?
    ഈ സാഹചര്യത്തില്‍ ഗവേഷണാത്മകമായ അധ്യാപനം പ്രസക്തമാണ്.
  3. ക്രിയാഗവേഷണവും അവകാശനിയമവും
    കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ അതു വഴി പഠനത്തിന്റെയും അധ്യാപനത്തിനറെയും നിലവാരം ഉയര്‍ത്തുന്നതിനായി അധ്യാപിക സ്വന്തം സ്ഥാപനത്തില്‍ നടത്തുന്ന ആസൂത്രിതമായ അക്കാദമികപ്രവര്‍ത്തനമാണ് ക്രിയാഗവേഷണം .പഠനപിന്നോക്കാവസ്ഥ പരിഹരിക്കണമെന്നു അവകാശനിയമം ആവശ്യപ്പെടുന്നു.
  4. ടേം മൂല്യനിര്‍ണയം
    കുട്ടികളുടെ നിലവാരം അറിയാന്‍ പല രീതികള്‍ ഉണ്ട്. ക്ലാസ് റൂം പ്രക്രിയ, അവരുടെ ഉല്പന്നങ്ങളുടെ വിശകലനം, അച്ചീവ്മെന്റ് ടെസ്റ്റ് , കുട്ടികളുമായുളള ചര്‍ച്ച. അധ്യാപികയ്ക്കു ലഭിക്കുന്ന ഫീഡ് ബാക്ക്, ടേം മൂല്യനിര്‍ണയം..
    ഇപ്പോള്‍ ഒന്നാം ടം മൂല്യനിര്‍ണയം കഴിഞ്ഞു. ഗ്രേഡുകള്‍ നല്‍കി. രക്ഷിതാക്കളെ വിളിച്ചറിയിച്ചു. ചടങ്ങു തീര്‍ന്നു.
    ഇത്രയും മാത്രം ചെയ്യാനാണോ ടേം മൂല്യനിര്‍ണയം? എങ്കില്‍ കഷ്ടം തന്നെ. (ക്വാളിറ്റി ട്രാക്കിംഗ് എന്ന പേരില്‍ പഠനം നടത്താറുണ്ട്. പക്ഷെ അതിന്റെ തുടര്‍ പ്രവര്‍ത്തനം ഉണ്ടാകാറില്ല. )നമ്മള്‍ക്കു നമ്മുടെ വിദ്യാലയത്തില്‍ ക്വാളിറ്റി ട്രാക്കിഗ് നടത്താമല്ലോ. അതിന് ആരെയും കാത്തിരിക്കേണ്ടതില്ല.
  5. നാലാം ക്ലാസിലെ മൂല്യനിര്‍ണയ വിശകലനം
    കഴിഞ്ഞ വര്‍ഷത്തെ ചോദ്യവും ഒരു വിദ്യാലയത്തിലെ ഉത്തരങ്ങളുമാണ് വിശകലനം ചെയ്യുന്നത്.
    ചോദ്യം ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍

വിലയിരുത്താനുളള സൂചകങ്ങള്‍
  1. വായനാ സാമഗ്രിയിലെ ഉളളടക്കം സംബന്ധിച്ചു പ്രസക്തമായ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്
  2. സ്വന്തം നിരീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രത്യേകതകള്‍ കണ്ടെത്തിയട്ടുണ്ട്..
  3. രചനയിലെ തനിമ (ഭാവന, പ്രയോഗങ്ങള്‍ ) .
    നാലാം ക്ലാസിലെ വിദ്യാര്‍ഥിയുടെ പക്ഷത്തു നിന്നു സൂചകങ്ങളെ പരിശാധിക്കണം. ഉളളടക്കം സംബന്ധിച്ചു പ്രസക്തമായ വിവരങ്ങള്‍എന്നതു കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? മൂന്നാം സൂചകത്തിലെ തനിമ എന്നാലെന്തെന്നു വ്യാഖ്യാനിക്കാമോ?
    രണ്ടാം സൂചകവും അവ്യക്തമാണെന്നു അധ്യാപകര്‍ പറഞ്ഞു.
    വ്യക്തത വരുത്തണം.
    സിലബസില്‍ എന്തു പറയുന്നുവെന്നു നോക്കാം.
  • കവിതയിലെ ആശയം, അര്‍ഥഭംഗി, ശബ്ദഭംഗി എന്നിവ ഉള്‍പ്പെടുത്തിയാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്.
  • കവിതകളിലെ ആശയം വരികള്‍, പദങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയെക്കുറിച്ചുളള സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തിയാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്.
    ഒന്നും രണ്ടും സൂചകങ്ങള്‍ കൊണ്ട് അര്‍ഥമാക്കുന്നത് എന്തെന്നു മനസ്സിലായല്ലോ. ഈ വ്യക്തതയില്ലാതെ വിലയിരുത്തല്‍ നടത്തിയാല്‍ എങ്ങനെയിരിക്കും ? കഴിഞ്ഞ വര്‍ഷം ഇതു സംഭവിച്ചു. എസ് സി ആര്‍ ടി വിഭാവനം ചെയ്ത നിലവാരം അധ്യാപകരുടെ പരിഗണനയില്‍ വന്നില്ല എന്നു കരുതാവുന്നതാണ്.
  1. കുട്ടികളുടെ ഉത്തരങ്ങളിങ്ങനെ.
  • എന്റെ കേരളം വളരെ മനോഹരമാണ്. പച്ച വിരിച്ച പോലത്തെ വയലുകള്‍. ഇളം പുല്ലിന്‍ കുന്നുകളും പോലെ താഴെ നേരറ്റ നിരലര്‍പൊയ്കകളും .ആകാശത്ത് നക്ഷത്രങ്ങള്‍ കണ്ടാല്‍ പൂത്തിരികത്തിച്ചതു പോലെ തോന്നും. നിലാവിന്റെ ശോഭ കാണാന്‍ നല്ല മനോഹരമാണ്.
  • എന്റെ കേരളം സുന്ദരമനോഹരമാണ്. നീളമുളള നാടും കുന്നില്‍ പച്ച പുതച്ചതു പോലെ പുല്ലുകളും കുഞ്ഞരുവികളും നക്ഷത്രങ്ങള്‍ തൂക്കിയിട്ട രാത്രിയും തിരുവാതിര കളിക്കുന്നരാത്രിയും മഞ്ഞ പെട്ടു തൊട്ട മാനവും നല്ല രസമുളള പ്രഭാതവും നിരനിരയായി മുളകുകളും തെങ്ങിന്‍ തൈകളും നല്ല രസമുളള മുറ്റം കാണാന്‍ ചന്തമുണ്ട്
  • കേരളമേ നിന്റെ ഓമനപ്പേരു കേള്‍ക്കെ എന്റെയുളളില്‍ സന്തോഷമാണ്. വയലുകളില്‍ പച്ച വിരിച്ച പോലെ നീളത്തി കിടക്കുന്ന നാടുകളും ഇലം പച്ചക്കുന്നില്‍പുറങ്ങളും താഴെ നേരറ്റ കുഞ്ഞിത്തോടുകളും ആകാശത്തി നക്ഷത്രങ്ങള്‍ മിന്നുന്നതു കാണാന്‍ പൂത്തിരി കത്തിച്ചതു പോലെ തോന്നും. നിലാവിന്റെ ശോഭ കാണാന്‍ നല്ല രസമാണ്. നെറ്റിയില്‍ ചന്ദനം തൊട്ടതു കാണാന്‍ നല്ല രസമാണ്
  • കേരളത്തെ വര്‍ണിച്ചു കൊണ്ടാണ് കവി ഈ ഗാനം എഴുതിയിട്ടുളളത്. പച്ച വിരിച്ച വയലുകള്‍, കുന്നുഖലും എന്തു രസം കാണാന്‍. ആകാശത്ത് നക്ഷത്രങ്ങള്‍ തിളങ്ങി നില്‍ക്കുന്നതു കണ്ടാല്‍ പൂത്തിരികത്തിച്ച പാതിരാവ്. ആകാശത്ത് നിലാവു കണ്ടാല്‍ തിരുവാതിര പോലെയാണ്. രാവിലെ മഞ്ഞു പുതച്ചു നില്‍ക്കുന്ന തൈത്തെങ്ങ് പുതിയത് വന്നതു പോലെ മുത്തങ്ങപുല്ലിനെ കാണാന്‍ എന്തു ചന്തം.
  1. അധ്യാപകരുടെ വിലയിരുത്തല്‍
    സൂചകങ്ങള്‍ വ്യാഖ്യാനിക്കാതെ വിലയിരുത്തിയ അധ്യാപകര്‍ ഇവയൊക്കെ മികച്ച രചനകള്‍ എന്നു അഭിപ്രായപ്പെട്ടു. ഭാഷാപരമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും.
    സിലബസിലെ നിലവാര പ്രസ്താവനകള്‍ ഉപയോഗിച്ചു സൂചകങ്ങളെ വ്യാഖ്യാനിച്ച അധ്യാപകര്‍ ഇങ്ങനെ വിലയിരുത്തി.
  • പാഠപുസ്തകത്തിനു പുറത്തുളള കവിതയെ കുട്ടികള്‍ ധീരമായി നേരിട്ടു.
  • പ്രസക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. പൂര്‍ണമായി വിജയിച്ചിട്ടില്ല എങ്കിലും ആശയം ഉണ്ട് .വ്യക്തത കൂട്ടണം.
  • ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലരും വരികള്‍ അതേ പോലെ എഴുതിയിരിക്കുന്നു.
  • എല്ലാ വരികളും വിശകലനം ചെയ്തില്ല
  • സ്വന്തം അഭിപ്രായങ്ങള്‍ ഉള്‍ക്കൊളളിക്കണമെന്നറിയില്ല.
  • ഇഷ്ടപ്പെട്ട കാര്യങ്ങളും അതിന്റെ കാരണവും ഉള്‍പ്പെടുത്താമായിരുന്നു
  • ചിലരുടെ രചനയില്‍ നല്ല ഭാഷയുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ഭാഷാപരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. പദങ്ങളുടെ ആവര്‍ത്തനം, വാക്യഘടന..
  • ശബ്ദഭംഗി പരിഗണിച്ചില്ല. ഇതു പരിഗണിക്കേണ്ടതാണെന്നു തരിച്ചറിഞ്ഞിട്ടുണ്ടാവില്ല.
  • ഈ കുട്ടികള്‍ക്കു ഇതിലും മികച്ച രചന നടത്തുവാന്‍ കഴിവുണ്ട്.അവരെ പരിമിതപ്പെടുത്തിയ ഘടകങ്ങള്‍ എന്തെന്നു കണ്ടു പിടിക്കണം
  • നമ്മള്‍ പഠിച്ച കാലത്ത് ഒരു പദ്യം ക്ലാസില്‍ പലതവണ ചൊല്ലിച്ച് ചോദ്യോത്തരം എഴുതിച്ച് അതു കാണാതെ പഠിച്ച് അതില്‍ നിന്നുളള ഒരു ചോദ്യം പരീക്ഷയ്ക്കു വന്നല്‍ വള്ളി പുളളി വിടാതെ അധ്യാപകരുടെ ഭാഷയില്‍ വാര്‍ത്തെടുത്ത ഉത്തരം ഓര്‍ത്തെഴുതുകയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിലവാരം ഗംഭീരം
    വിലയിരുത്തല്‍ കൂടുതല്‍ സൂക്ഷ്മതയിലേക്കു പോയത് സിലബസ് പ്രസ്താവനകള്‍ പരിഗണിച്ചപ്പോഴാണ്. മൂല്യനിര്‍ണയത്തിനു തന്ന സൂചകങ്ങള്‍ (വ്യവഹാരരൂപങ്ങളുടെ ) കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നതാണ്.
ഇങ്ങനെ കുട്ടികളുടെ രചനയുടെ മികവും പരിമിതിയും കണ്ടെത്തിയ അധ്യാപകര്‍ പരിമിതി മറി കടക്കാന്‍ എന്തു പരിപാടി എന്ന് ആലോചിക്കണം. അതാണ് ഗവേഷണാത്മക അധ്യാപനം.
അപ്പോള്‍ അധ്യാപിക സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍
  1. ഭാഷാപരമായ പഠന പിന്നോക്കാവസ്ഥയ്ക് ഒന്നിലേറെ കാരണങ്ങള്‍ നിലനില്‍ക്കുന്നില്ലേ? അതനിനാല്‍ സ്വാധീനഘടകങ്ങള്‍ എല്ലാം പരിഗണിച്ചുളള സമീപനവും തന്ത്രങ്ങളും സ്വീകരിച്ചാല്‍ മാത്രമല്ലേ മികവിലേക്കുയരാന്‍ കഴിയൂ.?
    സ്വാധീനഘടകങ്ങള്‍ എന്തൊക്കെയാണ്? ഇതൊക്കെ ഞാന്‍ പരിഗണിക്കണ്ടേ?
  • പ്രചോദകമായ അന്തരീക്ഷം
  • നിരന്തര പിന്തുണ, പരിഗണന
  • അവസരസമൃദ്ധി
  • അനുഭവ വൈവിധ്യം
  • പ്രക്രിയാപരമായ സൂക്ഷ്മത
  • നിര്‍ദ്ദേശങ്ങളിലെ നിലവാര പരിഗണന
  • സഹവര്‍ത്തിതാനുഭവങ്ങള്‍
  • കഴിവിന്റെ സാമൂഹിക പ്രകാശന സന്ദര്‍ഭങ്ങള്‍
  • എല്ലാ വിഷയങ്ങളിലും ഭാഷാപരമായ അനുഭവങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞുളള ബോധനം
  • തുടര്‍ച്ചയായ അംഗീകാരത്തിന്റെ അനുഭവങ്ങള്‍
  • ഫീഡ്ബാക്ക്.
  • ആത്മവിശ്വാസം
  • വിജയമൂഹൂര്‍ത്തങ്ങള്‍
  1. പുതിയസമീപനം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ അനുഭവം ഒരുക്കിയപ്പോള്‍ നേരിട്ട പ്രശ്നത്തിനു പഴയസമീപനമാണോ പരിഹാരം?
  2. പ്രക്രിയയുടെയും പഠനത്തിന്റെയും തെളിവുകള്‍ സ്വന്തം ക്ലാസില്‍ ഇല്ലാതെ പോകന്നതിന്റെ ഉത്തരവാദിത്വം കുട്ടികള്‍ക്കാണോ? ( കുട്ടികളുടെ വ്യക്തിഗത രചന, ഗ്രൂപ്പ് പ്രവര്‍ത്തന ചാര്‍ട്ട്, എഡിറ്റിംഗ് നടത്തിയതിന്റെ തലങ്ങള്‍ പ്രതിഫലിക്കുന്ന ചാര്‍ട്ടുകള്‍, ടീച്ചേഴ്സ് വേര്‍ഷന്‍, മെച്ചപ്പെടുത്തിയ രചനകള്‍ ഉള്‍ക്കൊളളിച്ചുളള പതിപ്പുകളും മറ്റും, കുട്ടികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച വിലയിരുത്തല്‍ സൂചകങ്ങള്‍.. ഇവയൊക്കെ ഇല്ലാത്ത ക്ലാസില്‍ പ്രക്രിയാപരമായ തെളിവുകള്‍ ഇല്ല എന്നു പറയാം. ഒന്നു കൂടി വ്യക്തമാക്കിയാല്‍ പ്രക്രിയ ഇല്ല )
  3. കുട്ടികളെ വിലയിരുത്താനുളള ബോധനസന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടിക്കാണാത്ത എനിക്കു നിരന്തര വിലയിരുത്തലിന്റെ അനുഗ്രഹം കിട്ടുമോ?
  • വായനയുടെ ഘട്ടങ്ങളിലെ വിലയിരുത്തല്‍ -വ്യക്തിഗതവായനയില്‍ ആരെങ്കിലും പ്രയാസപ്പെടുന്നുണ്ടോ? എങ്കില്‍ ‍ാന്‍ എന്തു ചെയ്യുമെന്നു ആലോചിച്ച പോലെ നടത്താന്‍ എത്രമാത്രം കഴിഞ്ഞു?
  • ഗ്രൂപ്പ് വായനയിലെ പങ്കിടല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും വിധമാണോ? എല്ലാ സൂചകപരിഗണനകളും പാലിച്ച് ഞാന്‍ നിര്‍ദ്ദേശിച്ച ക്രമത്തിലാണോ നടക്കുന്നത്? കണ്ടെത്തലിന്റെ അടിസഥാനത്തില്‍ ഫീഡ് ബാക്ക് നല്‍കിയോ?
  • എന്റെ പിന്തുണയോടെ വായിക്കേണ്ടവരായി ആരെങ്കിലും ?
  • പൊതു പങ്കിടല്‍ എല്ലാവര്‍ക്കും കൂടുതല്‍ ഉയരാന്‍ പാകത്തിലായിരുന്നോ? എങ്ങനെ അതു സാധ്യമാക്കി? ഓരോ അംശവും കൂടുതല്‍ ചര്‍ച്ചയും വിശകലനവും ഡിമാന്റ് ചെയതോ? ജനാധിപത്യവാദിയായ സംഘനേതാവ് എന്ന റോളില്‍ ഞാന്‍ ഫലപ്രദമായി ഇടപെട്ടോ?
  • രചനാ സന്ദര്‍ഭങ്ങളിലെ വിലയിരുത്തല്‍-വ്യക്തിഗത രചനാസന്ദര്‍ഭത്തില്‍ ലേഖനത്തില്‍ പിന്നാക്കം നില്‍ക്കുവര്‍ക്കായി എന്റെ കരുതല്‍ , ഇടപെടല്‍ . ആശയപരിമിതി നേരിട്ടവരുടെ ചിന്തയ്ക്കു വഴിവെട്ടിയ രീതി ,അതുണ്ടാക്കിയ ഫലം ഇവ വിലയിരുത്തണ്ടേ?
  • എഡിറ്റിംഗ് പ്രക്രിയുടെ വിലയിരുത്തല്‍
  • ഫീഡ് ബാക്ക് നല്കേണ്ട സന്ദര്‍ഭങ്ങള്‍
(ഒരു വിരല്‍ വീതിയില്‍ വിലയിരുത്തല്‍ കോളം നീക്കി വെക്കുന്ന പിശുക്കിന്റെ അവതാരങ്ങളായ അധ്യാപകര്‍ ഇതു വായിക്കേണ്ടതില്ല. കാരണം അവര്‍ ക്ലാസില്‍ വസന്തം വരുന്ന വഴി അടയ്ക്കുന്നവരാണ്)
ഇത്രയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതില്‍ ഭാഷാധ്യാപിക എന്ന നിലയില്‍ എവിടെ നില്‍ക്കുന്നു എന്നു സ്വയം പരിശോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും.
എന്നാല്‍ വൈകേണ്ട
തുടങ്ങാം ഗവേഷണാത്മകാധ്യാപനം.
.............................................................................................
                                                          ( ഡയറ്റ് ശില്പശാലയില്‍ രൂപപ്പെട്ട ആശയങ്ങള്‍ )

Thursday, September 27, 2012

മാലിന്യം പൊന്നാക്കും, ഫിലോമിന ടീച്ചര്‍


 Mar 2012

പാലക്കാട്: വഞ്ചിപ്പാട്ടിന്റെ ഈണം മൂളി മഷിപ്പേനയും തുണിസഞ്ചികളുമായെത്തുന്ന കൊച്ച് മിടുക്കികള്‍ . സ്‌കൂള്‍മുറ്റത്ത് പറന്നുനടക്കുന്ന കടലാസ്‌കഷ്ണങ്ങള്‍ക്ക് പിറകെ പൂമ്പാറ്റകളെപ്പോലെ അവര്‍ പറന്നെത്തും. ഓരോകടലാസും പെറുക്കി ശേഖരിച്ചുവെക്കും. എന്തിനാണിതെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ മാലിന്യം പൊന്നാക്കുകയാണെന്നൊരു പുഞ്ചിരി. ഈമന്ത്രം അവരെ പഠിപ്പിച്ചത് ഫിലോമിന ടീച്ചറാണ്. പാഴ്കടലാസ്‌വിറ്റ് ടീച്ചര്‍ കാശാക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കായി തുണിബാഗ് തുന്നി ശുചിത്വ ബോധം നിറച്ച് നല്‍കും. നോട്ട്ബുക്കും പേനയും വാങ്ങും.

ഒരു ഓഫീസിലെ 200 ജോലിക്കാര്‍ വെള്ളക്കടലാസിന്റെ ഇരുപുറവും എഴുതിയാല്‍ 400 മരങ്ങള്‍ക്ക് ആയുസ്സ് കിട്ടും. അഞ്ചാംതരം സാമൂഹ്യപാഠപുസ്തകത്തിലെ 'നല്ല നാളേക്കുവണ്ടി' എന്ന പാഠഭാഗത്തിലെ ഈവരികള്‍ ഫിലോമിന വായിച്ചതില്‍പ്പിന്നെയാണ് പാലക്കാട് ഗവ. മോയന്‍ ഗേള്‍സ് സ്‌കൂളിലെ പാഴ്‌വസ്തുക്കള്‍ പൊന്നായിത്തുടങ്ങിയത്. വെയിലേല്‍ക്കുമ്പോള്‍ ശരീരത്തില്‍ അലര്‍ജിയുണ്ടാകാറുണ്ട് ടീച്ചര്‍ക്ക്. മനുഷ്യന് ഓസോണ്‍പാളി സംരക്ഷിക്കാനാവാത്തതു കൊണ്ടാണല്ലോ ഇതെന്ന ചിന്തയും പ്രചോദനമായി.

മരുതറോഡ് ചേലങ്ങാട്ട്‌ശ്ശേരി സോമിയുടെ ഭാര്യയായ ഫിലോമിനയെ പ്രവര്‍ത്തനരഹിതമായ പ്രാര്‍ഥന നിര്‍ജീവമാണെന്ന ബൈബിള്‍വചനമാണ് നയിക്കുന്നത് . മോയന്‍ സ്‌കൂളിലെ നാലായിരം വിദ്യാര്‍ഥികള്‍ എണ്ണായിരം മരങ്ങളുടെ ആയുസ് നീട്ടിയിരിക്കയാണെന്ന് ടീച്ചര്‍ അഭിമാനത്തോടെ പറയും. സഹായിക്കാന്‍ കുട്ടിക്കൂട്ടവുമുണ്ട്. വലിച്ചെറിയുന്ന നോട്ട്ബുക്കുകള്‍, കടലാസ്, പുസ്തകച്ചട്ട, മിഠായി, വെള്ളക്കുപ്പികള്‍ എല്ലാം ശേഖരിക്കാന്‍ അവര്‍ മുന്നിലുണ്ട്. ക്രമേണ കുട്ടികളുടെ വീടുകളിലും പ്ലാസ്റ്റിക് കാരിബാഗുകള്‍ കുറഞ്ഞു. ശുചിത്വ ബോധം ആവേശമായപ്പോള്‍ വിദ്യാര്‍ഥിനികള്‍ വീട്ടില്‍നിന്ന് പാഴ് കടലാസ് എത്തിച്ചുതുടങ്ങി. മഷിപ്പേനയും തുണിബാഗും അവരുടെ ശീലമായി.

ഓരോ ക്ലാസില്‍നിന്നും പ്രവര്‍ത്തനമേല്‍നോട്ടത്തിനായി ഒരു ലീഡറെ തിരഞ്ഞെടുത്തിട്ടുണ്ട്. മുതിര്‍ന്ന ക്ലാസിലെ ചേച്ചിമാര്‍ സഹായത്തിനുണ്ടെങ്കിലും ടീച്ചറുടെ ക്ലാസിലെ അഞ്ചാംതരം വിദ്യാര്‍ഥിനികള്‍തന്നെയാണ് സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്. മാലിന്യമുക്ത കേരളത്തിനായി വഞ്ചിപ്പാട്ട്‌രീതിയില്‍ ടീച്ചര്‍ എഴുതിയ കവിത ഓരോക്ലാസിലും അവര്‍ നടന്ന് ചൊല്ലി. ക്ലാസ്തല ബോധവത്കരണവും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ഇടയ്ക്ക് ഗൃഹസന്ദര്‍ശനം, അമ്മമാര്‍ക്ക് ബോധവത്കരണക്ലാസുകളും നല്‍കുന്നു.

ആദ്യം ഒന്ന് മടിച്ചെങ്കിലും മറ്റ് അധ്യാപകരും പിന്നീട് ഫുള്‍മാര്‍ക്കിട്ടു. സ്‌കൂളില്‍ നടപ്പാക്കിയ വിജയകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേസ്റ്റുകള്‍ പൊന്നാക്കാം എന്ന പേരില്‍ ഒരു പ്രോജക്ടും തയ്യാറാക്കിയിട്ടുണ്ട്. നന്രന്ര.്രനമ്രീറുക്ഷമാ്യ്ൃൃമക്ഷക്ഷമൗന്്രില്യിവീീ.ര്ൗ എന്ന ബ്ലോഗും ഉണ്ടാക്കിയിട്ടുണ്ട്. സ്‌കൂളില്‍നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ സമൂഹത്തിലേക്കുമെത്തുന്നു.

നിര്‍ധനരായ കുട്ടികള്‍ക്ക് 300രൂപ വിലവരുന്ന 82 തുണിബാഗുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. കട്ടിയുള്ള തുണിവാങ്ങി അരിസഞ്ചികളും തുന്നിനല്‍കാറുണ്ട്. ഓണത്തിന് അരിനല്‍കാനുള്ള സഞ്ചിക്കായി ഉപയോഗ ശൂന്യമായ പാന്റുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ടീച്ചറിപ്പോള്‍. ശുചിത്വബോധമുണര്‍ത്തുന്ന സന്ദേശമടങ്ങിയ പോസ്റ്ററുകളും ടീച്ചറുടെ കവിതയും ഓരോബ്ലോക്കിലും പതിപ്പിച്ചിട്ടുണ്ട്.വൃത്തിയായിക്കിടക്കുന്ന സ്‌കൂള്‍പരിസരം കാണുമ്പോള്‍ മോയന്‍ സ്‌കൂളിലെ ഒരോ വിദ്യാര്‍ഥിയും അറിയാതെ മൂളും

ദൈവത്തിന്റെ സ്വന്തംനാട്
മാലിന്യ വിമുക്തമാക്കാന്‍
പ്ലാസ്റ്റിക്കിനെ പൂര്‍ണമായിട്ടുപേക്ഷിക്കണം
പ്ലാസ്റ്റിക്കിന്റെ കത്തല്‍മൂലം ക്ലോറോഫൂറോ കാര്‍ബണത്
അന്തരീക്ഷത്തില്‍കലര്‍ന്ന് മേലോട്ടുയരും
ഓസോണ്‍പാളിക്കത്മൂലം സുഷിരങ്ങള്‍
രൂപം കൊള്ളും
സൂര്യാഘാതത്താല്‍ മനുഷ്യന്‍ പൊറുതിമുട്ടും
മിതവ്യശീലത്തിനായ് നിരന്തരം ശ്രമിക്കേണം
കടലാസ്സിന്നിരുപുറോം എഴുതീടേണം
4000ത്തോളം വരും നമ്മുക്കത് ശീലമായാല്‍
8000 മരങ്ങള്‍ക്കതായുസ്സ് നല്‍കും.
(ഓതിത്തിത്താരാ)
mathrubhumi

Sunday, September 23, 2012

ഇത് സാമൂഹിക ശാസ്ത്രമോ , ഗണിതമോ , ജീവിത പഠനമോ

 ക്ലാസില്‍ മാഷ്‌ വളരെ അസ്വസ്ഥനായി. 
ഇന്ന് കാലത്ത് അസംബ്ലിയില്‍ പത്രവാര്‍ത്ത അവതരിപ്പിച്ചതു, മുമ്പുള്ള ദിവസങ്ങളില്‍  അവതരിപ്പിച്ചതിന് നേരെ എതിര് .
 ഇന്നത്തെ വാര്‍ത്ത ഇതായിരുന്നു .

  • ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
  • വെള്ളിയാഴ്ച രാത്രി എട്ടിന് രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നടപടികളെ ശക്തമായി ന്യായീകരിച്ചത്.യൂറോപ്യന്‍ രാജ്യങ്ങളില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയാണ്. ഇന്ത്യ അത്തരമൊരു സ്ഥിതിയിലേക്ക് പോകരുത്.
  • അന്താരാഷ്ട്രവിലയ്‌ക്കൊപ്പിച്ച് ഡീസലിന് 17 രൂപ കൂട്ടുന്നതിനുപകരം അഞ്ചുരൂപമാത്രമാണ് വര്‍ധിപ്പിച്ചത്. വലിയ കാറുകളും മറ്റുമാണ് ഡീസല്‍ ഉപയോഗിക്കുന്നത്. അവയുടെ ഉടമസ്ഥര്‍ പണക്കാരും വ്യവസായികളും ഫാക്ടറി ഉടമകളുമാണ്. അവരെ നിലനിര്‍ത്താന്‍ സബ്‌സിഡി നല്‍കണോയെന്ന് അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ച വാര്‍ത്തകള്‍ കുട്ടികള്‍ ചാര്‍ട്ടില്‍ ഒട്ടിച്ചു വെച്ചിരുന്നു. അതിന്റെ അവതാരകര്‍ ആണ് പ്രശനം ഉയര്‍ത്തിയത്‌  

അവര്‍ ആ വാര്‍ത്തകളിലേക്ക് ശ്രദ്ധ ക്ഷണിച്ചു 
  • ഡല്‍ഹി: ഡീസല്‍വില കൂട്ടിയതിനെത്തുടര്‍ന്ന് ചരക്കുകൂലി 15 ശതമാനം വര്‍ധിപ്പിക്കാന്‍ ലോറിഉടമകള്‍ തീരുമാനിച്ചു. റെയില്‍വേ ചരക്കുകൂലിയും സിമന്റ് വിലയും കൂട്ടുമെന്നാണ് സൂചന. ഇത് രാജ്യത്ത് വന്‍വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നു.

  • ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ വ്യാപകപ്രതിഷേധം ഉയരുന്നുണ്ട്.  ച ചെലവ് കൂടിയതോടെ നിത്യോപയോഗസാധനങ്ങളുടെ വില പൊള്ളുമെന്നുറപ്പായി. പഴം, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയുടെ വില കുത്തനെ ഉയരും. അന്യസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്ന കേരളത്തിന് ഇത് കടുത്ത തിരിച്ചടിയാകും.

  • ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലയെയും ഇത് ബാധിക്കും. ഡീസല്‍ വിലവര്‍ധനയുടെ ഭാരം ഉപഭോക്താക്കളുടെ കൈകളിലേക്ക് കൈമാറുകയല്ലാതെ മാര്‍ഗമില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് വക്താവ് ജി.പി. സിങ് പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തിന് ഇത് താങ്ങാനുള്ള ശേഷിയില്ല. നിത്യോപയോഗസാധനങ്ങളുടെ വില ഉയരുന്നതോടെ സാധാരണക്കാരനെ ഇത് നേരിട്ട് ബാധിക്കും. തങ്ങളുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് ഡീസല്‍വില കൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ കീഴില്‍ 80 ലക്ഷം ലോറികളുണ്ടെന്നാണ് കണക്ക്.
  • സിമന്റ്‌വില കൂട്ടുമെന്ന് നിര്‍മാതാക്കള്‍ സൂചിപ്പിച്ചതോടെ കെട്ടിടനിര്‍മാണത്തിന് ചെലവേറും. ഡീസല്‍വിലവര്‍ധന താങ്ങാന്‍ സിമന്റ് വ്യവസായത്തിന് കഴിയില്ലെന്നും വില കൂട്ടുകയല്ലാതെ മാര്‍ഗമില്ലെന്നും ജെ.കെ. ലക്ഷ്മി സിമന്റ് ഡയറക്ടര്‍ ശൈലേന്ദ്ര ചൗക്‌സെ പറഞ്ഞു. 
  • ഡീസല്‍ വിലവര്‍ധനമൂലം ഓട്ടോറിക്ഷ, ബസ്, കാര്‍, വാന്‍, ട്രക്ക് തുടങ്ങിയ വാഹനങ്ങളില്‍ യാത്രാനിരക്ക് കൂടും. പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ഇത് ഒരു പോലെ ബാധിക്കും.

ക്ലാസില്‍ പ്രശ്നം ഉയര്‍ന്നു. കുട്ടികള്‍ക്ക് നേരറിയണം .മാഷ്‌  ആലോചിച്ചു 
ഇത്  കത്തുന്ന വിഷയമാണ് .തൊട്ടാല്‍ പൊള്ളും. 
പക്ഷെ വിമര്‍ശനാത്മക ബോധനം പ്രശ്നാധിഷ്ടിത സമീപനം എന്നൊക്കെ പറഞ്ഞു നടന്ന ഞാന്‍  ഇവിടെ ഒളിച്ചോടാണോ ? 

".എന്താണ് പരിഹരിക്കേണ്ട പ്രശ്നം  ? വ്യക്തമായി പറയൂ .."
"ഡീസലിന്റെ വില കൂടി ( വര്‍ധിപ്പിച്ചു )                                                                      
                                                                              അത് നമ്മളെ എങ്ങനെ ബാധിക്കും ?"

എല്ലാവര്ക്കും അറിയണം എന്നുണ്ടോ?
എല്ലാ കൈകളും ഉയര്‍ന്നു.അതെ എന്ന് എല്ലാ മനസുകളും 
"ശരി ,തുടങ്ങാം ..വിവരങ്ങള്‍ ശേഖരിക്കാന്‍ എന്ത് മാര്‍ഗം ?"
  • പത്രങ്ങള്‍ വായിക്കണം .പല പത്രങ്ങള്‍ .വാര്‍ത്തകളും ലേഖനങ്ങളും 
  • ടി വി ചര്‍ച്ചകളില്‍ നിന്നും കുറിപ്പെടുക്കണം 
  • അടുത്തുള്ള കടകളില്‍ പോയി തിരക്കണം 
  • ആധികാരികമായി പറയാന്‍ കഴിയുന്നവരെ കാണണം 
  • അഭിമു ഖം നടത്തണം ...."
"നോക്കൂ എല്ലാത്തിനും എല്ലായ്പോഴും പറയുന്നത് പോലെ പറയാതെ . കൂടുതല്‍ പ്രായോഗികമായ എളുപ്പം സാധ്യാകുന്ന രീതികള്‍ പറയൂ .."
"മാഷേ .. എളുപ്പം വേണ്ട സാവധാനം മതി. പരീക്ഷ ഒന്നും ഇടുന്നില്ലല്ലോ . പരമാവധി വിവരങ്ങള്‍ കിട്ടണം "
അവരുടെ ആ നിലപാട് മാഷിനു ബോധിച്ചു.
"ആട്ടെ, നമ്മളെ എങ്ങനെ ബാധിക്കും എന്നല്ലേ അറിയേണ്ടത് 
 ആരാ ഈ നമ്മള്‍"? ?
"ഈ ക്ലാസിലെ കുട്ടികളുടെ വീടുകള്‍ ആണ് പരിഗണിക്കേണ്ടത് "
.അവര്‍ക്ക് അതില്‍ ഏക സ്വരം 
"അതെ നമ്മള്‍ എന്ന് പറഞ്ഞാല്‍ നമ്മള്‍ തന്നെ ".
"ഞാന്‍ പെടുമോ ? "
അല്‍പ നേരത്തെ നിശബ്ദത 
"മാഷും കൂടി ചേര്‍ന്നാലെ നമ്മള്‍ ആകൂ ."
പ്രതികരണം വന്നു 
"അങ്ങനെ എങ്കില്‍ ഞാനും നിങ്ങളില്‍ ഒരാളല്ലേ . വിവര ശേ ഖ രണം ഞാനും നടത്തട്ടെ . "
നീണ്ട കയ്യടിയോടെ അത് സ്വാഗതം ചെയ്യപ്പെട്ടു. 
ശരിക്കും മാഷിനും അറിയില്ലായിരുന്നു ഈ വില വര്‍ധനവ്‌ എത്ര കണ്ടു മാഷിനെ  മുന്നിലിരിക്കുന്ന കുട്ടികളുടെ ജീവിതത്തെ ബാധിക്കുമെന്ന് 
വിവര ശേഖരണം ലക്‌ഷ്യം കൃത്യമാക്കി ഉള്ളതാവണം . എന്ത് കാര്യം ഏതളവില്‍ ആരില്‍ നിന്നും കിട്ടണം  എന്ന് തീരുമാനിക്കണം .
നേരത്തെ അവതരിപ്പിച്ച വാര്‍ത്തകളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം വിഷയ മേഖലകള്‍ തീരുമാനിച്ചു 
  • നിത്യോപയോഗ സാധങ്ങള്‍ ( മീന്‍, പച്ചക്കറി, പല വ്യഞ്ജനങ്ങള്‍ , അരി, മുതലായവ )
  • കെട്ടിട നിര്‍മാണ മേഖലകളിലെ സാധങ്ങള്‍ ( സിമന്റ് , കമ്പി, മണല്‍ , പെയിന്റ്റ്, ഇലക്ട്രിക്കല്‍ സാധങ്ങള്‍ )
  •  യാത്രക്കൂലി 
  • ചായ , കാപ്പി, പലഹാരം, തുടങ്ങിയവ 
  • തൊഴിലാളികളുടെ കൂലി ( സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ തൊഴിലാളികള്‍ കൂലി കൂട്ടുമെന്ന് ഒരാള്‍  യുക്തി പൂര്‍വ്വം വാദിച്ചു.)

വിവിധ ഗ്രൂപ്പുകള്‍  വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. അവതരിപ്പിച്ചു 
അതിങ്ങനെ 
  • ഡീസല്‍എഞ്ചിന്‍ മീന്‍ പിടിക്കുന്നതുനായി  വള്ളങ്ങളില്‍ ഉപയോഗിക്കുന്നു. മീന്‍ നാട്ടില്‍ എത്തിക്കുന്നത് വാഹനങ്ങളില്‍ .  ഒരു കിലോ മീന് ഡീസല്‍ വില കൂട്ടുന്നതിനു മുമ്പ്  എന്ത് വില ? ഇപ്പോള്‍ ? അടുത്ത രണ്ടു മാസം വിലയില്‍ ഉണ്ടായ മാറ്റം ? ഒരു വീടിനു ഒരു മാസം അധികമായി ചിലവ് ശരാശരി എത്ര വരും ?
  • പച്ചക്കറികള്‍ നമ്മുടെ നാട്ടിലേക്ക് കൊണ്ട് വരണം  ലോറിയില്‍.ദൂരവും ഭാരവും വിലയും അറിഞ്ഞാലേ വര്ദ്ധനവു സാധൂകരിക്കാനാകൂ .ഒരു ലോറി തമിഴ് നാട്ടില്‍ നിന്നും ഇവിടെ വരാന്‍ എത്ര കിലോ മീറ്റര്‍ സഞ്ചരിക്കണം ? അതിനു എത്ര ലിറ്റര്‍ ഡീസല്‍ ആവശ്യം ? വിലക്കൂടുതല്‍ എത്ര വരെ ആകാം ? ഒരു ലോറിയില്‍ എത്ര ടണ്‍  പച്ചകറി കയറ്റും?. ഒരു കിലോ പച്ചക്കറിയില്‍ ഉണ്ടാകുന്ന വിലകൂടുതല്‍ എത്ര വരും? ഒരു മാസം ഒരു വീട്ടില്‍ വാങ്ങുന്ന പച്ചക്കറി? അതിലുണ്ടാകുന്ന വ്യതിയാനം ? കുടുംബ ബജറ്റില്‍ ചെലവ്  എത്ര ശതമാനം വര്‍ധിക്കും? വരവോ?

  • മറ്റു കാര്യങ്ങളും ഇങ്ങനെ പ്രതിമാസ ചെലവ് കണക്കാക്കാന്‍ പറ്റും വിധം തീരുമാനിച്ചു .
  • ഒരു കുടുംബത്തിനു ഒരു മാസം ആകെ എത്ര അധികചിലവ് വരും എന്ന് കണ്ടെത്തുമ്പോള്‍ പിഴവ് വന്നു കൂടാ .അതിനുള്ള മുന്‍കരുതല്‍ എങ്ങനെ? ആര്‍ക്കും ഉത്തരം കിട്ടിയില്ല.അത് പ്രവര്‍ത്തന പുരോഗതിക്കിടെ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചു.
  • സ്ഥിരവരുമാനം ഇല്ലാത്തവര്‍ എങ്ങനെ അധികമായുണ്ടാകുന്ന ചിലവുകള്‍ നേരിടും? അവരോടു നേരിട്ട് ചോദിക്കണം . കട ബാധ്യത -പുതിയ കടവും പഴയ കടത്തിനെ തിരിച്ചടവുണ്ടെങ്കില്‍ അതില്‍ നേരിട്ട പ്രശ്നവും വീട്ടില്‍ വരുത്തിയ ചെലവ് ചുരുക്കല്‍ ഉണ്ടെങ്കില്‍ അതും അറിയണം .
"ഒരു പ്രോജക്ടായല്ലോ മാഷേ ? "
അവര്‍ക്ക് ഉത്സാഹം .
കണ്ടെത്തലുകള്‍ ഗ്രാഫ് , ശതമാനം, പട്ടിക, ശരാശരി, എന്നിവ ഉപയോഗിച്ച് രക്ഷിതാക്കളുടെ മുമ്പാകെ അവതരിപ്പിക്കുന്നതിനും ക്ലാസില്‍ ധാരണ .
കുട്ടികള്‍ ഓരോ ദിവസവും പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് ചെയ്തു .
പച്ചക്കറിക്കച്ചവടക്കാരന്‍ സ്കൂളിലേക്ക് ക്ഷണിക്കപ്പെട്ടു .
ലോറി ഡ്രൈവറുമായി അവര്‍ ചര്‍ച്ച നടത്തി. വില വിവരപ്പട്ടിക വിശകലനം ചെയ്തു 
ഗുണിക്കാനും ഹരിക്കാനും പ്രയാസം ഉള്ള കുട്ടികള്‍ അത് പഠിക്കാന്‍ കൂടുതല്‍ താല്പര്യം കാട്ടി .
ഒരാള്‍ക്ക്‌ ടണ്‍  എന്നാല്‍ എത്ര എന്നാണു അറിയേണ്ടത്..മറ്റൊരാള്‍ സംശയിച്ചു സംശയിച്ചു സ്റാഫ് റൂമില്‍ വന്നു .മാഷേ ശരാശരീന്നു  പറഞ്ഞാല്‍ എന്താ ? അതെ സ്റാഫ് റൂം കുട്ടികളുടെ സാന്നിധ്യം കൊണ്ട് കൂടുതല്‍ ധന്യമാവുകയാണ്.ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ പ്രശ്നങ്ങള്‍ ഇവയ്ക്കു വ്യക്തിഗത പരിഗണന ഇങ്ങനെ സാധ്യമാകുന്നു .നാല് മണി കഴിഞ്ഞും ചര്‍ച്ചകള്‍ക്ക് ഇടം ഉണ്ടാക്കി.
.ക്ലാസ് പി ടി എ വിളിച്ചു. കുട്ടികള്‍ ഉന്നയിച്ച പഠന പ്രശനം അവതരിപ്പിച്ചു. ഈ പഠനം മൂലം ഉണ്ടാകുന്ന വിഷയ ധാരണകളും അതേപോലെ സാമൂഹിക കാര്യങ്ങളില്‍ ഉണ്ടാകുന്ന ഗവേഷനാത്മക സമീപനവും.
"മാഷേ ഈ മീറ്റിംഗ് നന്നായി.അല്ലെങ്കില്‍ മാഷ്‌ രാഷ്ട്രീയം കളിക്കുകയാണെന്ന് തെറ്റിദ്ധരിച്ചേനെ "
.കുട്ടികളുടെ അന്വേഷണത്തില്‍ വീട്ടുകാരും താല്പര്യം കാണിച്ചു തുടങ്ങി .
ക്ലാസ് ചുമരുകള്‍ ശേഖരിക്കുന്ന പത്ര കട്ടിങ്ങുകളും പട്ടികകളും കൊണ്ട് നിറഞ്ഞു.

എല്ലാവര്ക്കും വിവരങ്ങള്‍ കിട്ടണമല്ലോ. പ്രവര്‍ത്തന ഡയറി ക്ലാസില്‍ ഉണ്ടായി. ഓരോ ദിവസവും അതില്‍ കുറിപ്പുകള്‍ . പ്രസക്തമായ മറ്റു കാര്യങ്ങളും കിട്ടുന്നുണ്ടായിരുന്നു .
കേരളത്തിനെ കുറിച്ച് ബജറ്റിലും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലും ഉള്ള കാര്യങ്ങള്‍ , 
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വിലനിലവാര പട്ടികകള്‍ എന്നിവയൊക്കെ മാഷ്‌ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു . ഇംഗ്ലീഷ് വായിക്കാനുള്ള ക്ലാസ് റൂം  പ്രോസസ് ഇവിടെയും ഉപയോഗിക്കാന്‍ തീരുമാനിച്ചു. സാധങ്ങളുടെ ഇംഗ്ലീഷ് പേരുകള്‍ അവരില്‍ കൌതുകം ഉണ്ടാക്കി സര്‍ക്കാര്‍ രേഖകള്‍ അതിന്റെ തനി സ്വരൂപത്തില്‍ കൊടുത്തു. വില നിലവാരം താരതമ്യം ചെയ്യുന്നതിന്റെ രീതി മനസ്സിലാക്കാന്‍ ഇത് സഹായിച്ചു.

നെറ്റ് എന്നും പരിശോധിച്ചു .എല്ലാ പത്രങ്ങളും നെറ്റില്‍ നിന്നും വായിക്കാനും ആവശ്യമായവ പകര്‍ത്തി വെക്കാനും കുട്ടികള്‍ പഠിച്ചു. ചിത്രങ്ങളും ശേഖരിച്ചു.



നമ്മുടെ പഠന റിപ്പോര്‍ട്ട് പത്രങ്ങള്‍ക്കു കൊടുക്കണം എന്ന് ലീഡര്‍ അഭി പ്രായപ്പെട്ടു. വലിയൊരു കാര്യം  കണ്ടെത്താന്‍ പോകുന്നു എന്ന ചിന്ത ഓരോരുത്തരിലും ഉണ്ടായി.
മാഷ്‌ ഓര്‍ത്തു 
ഇത് സാമൂഹിക ശാസ്ത്രമോ  , ഗണിതമോ , ജീവിത പഠനമോ ?
കുട്ടികള്‍ രൂപപ്പെടുത്തുന്ന കരിക്കുലം ഉപയോഗിക്കുന്ന ആദ്യാനുഭവം

Saturday, September 22, 2012

പി ടി എ ജനകീയ അവാര്‍ഡ് നല്‍കി അധ്യാപകരെ അംഗീകരിക്കുകയാണ്, ആദരിക്കുകയാണ്, സ്നേഹിക്കുയാണ്,


അധ്യാപകര്‍ അവാര്‍ഡിനായി അപേക്ഷിക്കണം. പലപ്പോഴും പലരുടെയും കാലു പിടിച്ചു അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നവരുമുണ്ട്. വിദ്യാലയത്തിനു പുറത്ത് ചെയ്ത പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്ല അധ്യാപനത്തിനുളള തെളിവല്ല. അവാര്‍ഡ് നല്‍കേണ്ടത് 
  • പ്രാദേശികസമൂഹമാണ്.
  • രക്ഷിതാക്കളാണ്. 
  • വിദ്യാര്‍ഥികളാണ്. 
  •  
ജനകീയ അവാര്‍ഡ് നല്‍കി  അധ്യാപകരെ   അംഗീകരിക്കുകയാണ്, ആദരിക്കുകയാണ്, സ്നേഹിക്കുയാണ്, കടപ്പാട് അറിയിക്കുകയാണ് പുറത്തൂര്‍ യു പി സ്കൂള്‍ പി ടി എ.

മികച അധ്യാപകന്/അധ്യാപികയ്ക്ക്  കുടംബസഹിതം വിദശയാത്രാവസരൊമാരുക്കി പുറത്തൂര്‍ മലപ്പുറം പുറത്തൂര്‍ സര്‍ക്കാര്‍ വിദ്യാലയ പി.ടി.എ മാതൃകയാകുന്നു,
  • പഠനനിലവാരം ഉയര്‍ത്തുന്നതിനായി
  • ഈ വര്‍ഷം നടത്തിയ പി.ടി.എ ശാക്തീകരണ പരിപാടിയുടെഭാഗമായാണ് പദ്ധതി.
  • അധ്യാപകരുടെ അകാദമിക് യോഗ്യത, അധ്യയനമികവ്, ആധുനിക ബോധന സാങ്കേതിക വിദ്യകളുടെ ഉപേയാഗം എന്നിവ പരിഗണിച്ചാണ് മികച്ച  അധ്യാപകനെ കണ്ടെത്തുന്നത്
  • യു ഏ ഇ യിലേക്കാണ് യാത്രാവസരം.
  • അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി ബി ആര്‍  സി സഹായേത്തോടെ പി ടി എ പ്രത്യേക മാനദണ്ഡങ്ങള്‍ രൂപീകരിക്കും.
  • വിദ്യാര്‍ഥികളും പ്രധാനധ്യാപികയുമാണ് അധ്യാപകരെ വിലയിരുത്തുനത്.
  • അധ്യാപകരെക്കുറിച്ചുളള വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ക്കാണ് മുന്‍ഗണന.
  • ഗള്‍ഫ് വ്യവസായിയായ സി പി കുഞ്ഞിമൂസയുടെ സഹായേത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

-പി രമണി
പ്രധാനധ്യാപിക
ഗവ.യ പി സ്കൂള്‍ പുറത്തൂര്‍

മികച്ച വിദ്യാര്‍ത്ഥികള്‍ക്ക്  വിമാനയാത്രാനുഭവം ഒരുക്കിയ വിദ്യാലയമാണ്.
മൂന്നു വിദ്യാര്‍ഥികളും രണ്ടു അധ്യാപകരും കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കു പറന്നത് ഈ പരിപാടിയുടെ ഭാഗം
എണ്ണൂറ്റിയമ്പതു കുട്ടികള്‍ പഠിക്കുന്നു.

വിദ്യാലയത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍
  • അമ്മമാര്‍ക്കു ലൈബ്രറി
  • ഒരു പകല്‍ എന്റെ കുഞ്ഞിനൊപ്പം.(ഏകദിന രക്ഷാകര്‍തൃ ശില്പശാലകള്‍.)
  • എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു.(പൂര്‍വ്വ വിദ്യാര്‍ഥി സംഗമങ്ങള്‍)
  • പി എസ് സി കോച്ചിംഗ് ക്ലാസുകള്‍
  • ബോധവത്കരണ അയല്‍ക്കൂട്ടങ്ങള്‍
  • സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്
  • എല്ലാ ക്ലാസിലും ലാബ്
  • എല്ലാ ക്ലാസിലും അക്വേറിയം
  • എല്ലാ ക്ലാസിലും ലൈബ്രറി
  • എല്ലാ പെണ്‍ കുട്ടികള്‍ക്കും സൈക്കിളിംഗ് പരിശീലനം
  • മാസം ഒരു വിശിഷ്ടാതിഥി ( അഭിമുഖം)
  • ശാസ്ത്രഗവേഷണങ്ങള്‍ക്കു പ്രത്യേക വിഭാഗം
  • ശിശു സൗഹൃദ ഗണിത, സാമൂഹികശാസ്ത്ര, ശാസ്ത്ര ലാബുകള്‍
  • നല്ല ഭക്ഷണം മികച്ച ശിക്ഷണം
  • സമഗ്ര സ്കൂള്‍ ആരോഗ്യ പരിരക്ഷണ പരിപാടി
  • എല്ലാ കുട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ


-വിദ്യാലയവിശേഷം അയച്ചു തന്നത് ടി പി മുഹമ്മദ് മുസ്തഫ. 
ജനകീയ അവാര്‍ഡുകളെ പ്രോത്സാഹിപ്പിക്കുക .
നന്മയുടെ വിദ്യാലയങ്ങളെ മാതൃകയാക്കുക  

Thursday, September 20, 2012

സാമൂഹികശാസ്ത്രപുസ്തകവിവാദപക്ഷം

 സാമൂഹിക ശാസ്ത്രം വിവാദത്തില്‍  പെട്ടപ്പോഴൊക്കെ അതിനെ കുട്ടികളുടെ പക്ഷത്ത് നിന്ന് നോക്കി കാണാന്‍ ആരും ശ്രമിച്ചില്ല. ദൈവത്തിന്റെ പക്ഷത്തായിരുന്നു എല്ലാവരും. കുട്ടികള്‍ ദൈവങ്ങളാണെന്നു ഓര്‍ത്തില്ല. 
അദ്ധ്യായം മാറ്റല്‍, പുതുക്കിയെഴുതല് , പുസ്തകം വൈകല്‍, പഠിപ്പിക്കാന്‍ വൈകിക്കല്‍, പരീക്ഷയിലെ അനിശ്ചിതത്വം , പരിശീലനത്തില്‍ നിന്നും വിട്ടു നില്‍ക്കല്‍  ഇങ്ങനെ ഒട്ടേറെ കലാപരിപാടികള്‍. 
എന്തായാലും ഫലം കൂട്ടത്തോല്‍വി.
 അതിനര്‍ത്ഥം ഒരു വിഷയത്തില്‍ കുട്ടികള്‍ തോറ്റു  എന്നല്ല . അതിന്റെ (ഉളളടക്കത്തിന്റെ )ഉള്ളില്‍ തൊട്ടില്ല എന്നാണു.സാമൂഹിക ശാസ്ത്രാവബോധമില്ലാത്ത്ത ഒരു തലമുറ വളരാന്‍ നാം ഒത്താശ ചെയ്തു എന്നാണു . 
പത്തിലെ ചരിത്ര പുസ്തകം എല്ലാവരും കുട്ടികളുടെ പക്ഷത്ത് നിന്ന് വായിക്കണം .പലതും മനസ്സിലാകില്ല . ഭാഷ ,അവതരണ രീതി, ചിത്രങ്ങള്‍ , ആശയ ക്രമീകരണം ഒക്കെ പലയിടത്തും പരുക്കന്‍ .,വക്രം
.കൂടാതെ കാര്യങ്ങള്‍ പരസ്പര ബന്ധമില്ലാതെ അവതരിപ്പിക്കുന്നു .
ഒരു ഉദാഹരണം  
"ടിപ്പുവുമായുള്ള ശ്രീരംഗ പട്ടണം ഒത്തു തീര്പിനെ തുടര്‍ന്ന് മലബാറില്‍ ഈസ്റിന്ത്യാ കമ്പനി നേരിട്ട് ഭരണം തുടങ്ങി. ബ്രിട്ടീഷ്‌ മേല്‍കോയ്മ  അംഗീകരിച്ച  കൊച്ചിയും തിരുവിതാം കൂറും  കമ്പനി ഭരണ ത്തിലാവുകയും ചെയ്തു.( 115)'
ശ്രീരംഗ പട്ടണം ഉടമ്പടി കൊച്ചിയെ എങ്ങനെ ബാധിച്ചു ? അതിന്റെ കാരണം എന്താ എന്ന് കുട്ടി ചോദിച്ചാല്‍ ഉത്തരം ഇല്ല. മൂന്നു പ്രദേശത്തും മൂന്നു തരം  തന്ത്രമാണ് ബ്രിട്ടീഷ് കാര് ഉപയോഗിച്ചത് എന്ന് ചരിത്രം  പറയുന്നു.
 കാര്യ കാരണ ബന്ധത്ത്തിന്റ് അടിസ്ഥാനത്തില്‍ സാമൂഹിക സാഹചര്യങ്ങളെ സംഭവങ്ങളെ സമീപിക്കാനും വിലയിരുത്താനുമുള്ള കഴിവിന് പകരം കുറെ വസ്തുതകള്‍ പഠിക്കലാണ്‌  സാമൂഹിക ശാസ്ത്ര പഠനം എന്ന് കരുതുന്നവര്‍ കേരളത്തെ എവിടെ എത്തിക്കും ?
തെറ്റ് ആര്‍ക്കു പറ്റിയാലും തിരുത്തണം . സര്‍വ കലാശാലയില്‍ പഠിപ്പിക്കുന്നത് കൊണ്ട് കുട്ടികളുടെ പുസ്തകത്തെ കുറിച്ച് അന്തിമ വാക്കു പറയാം  എന്ന് കരുതുന്നവരുടെ എണ്ണം കൂടുകയാണ് 
....
 ഇടുക്കി ഡയറ്റ് നടത്തിയ പഠനറിപ്പോര്‍ട്ടിനെ ആധാരമാക്കി മാതൃഭൂമിയില്‍ വന്ന രണ്ടു വാര്‍ത്തകള്‍ കൂടി ചേര്‍ത്ത് വെച്ച് വായിക്കുക 

എസ്.എസ്.എല്‍.സി. സാമൂഹിക ശാസ്ത്രത്തില്‍ കൂട്ടത്തോല്‍വിക്ക് കാരണം പരീക്ഷയിലെ പിഴവ്
 12 Sep 2012
തൊടുപുഴ: കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സാമൂഹികശാസ്ത്രത്തിന് കൂട്ടത്തോല്‍വിക്ക് ഇടയാക്കിയത് ചോദ്യവും ഉത്തരസൂചികയും തയ്യാറാക്കിയതിലെ പിഴവാണെന്ന് വ്യക്തമായി.
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഏറ്റവുമധികം കുട്ടികള്‍ തോറ്റത് സാമൂഹികശാസ്ത്രത്തിനാണ്. തോല്‍വിയുടെ കാര്യത്തില്‍ ആലപ്പുഴ, കണ്ണൂര്‍ ജില്ലകള്‍രണ്ടാംസ്ഥാനവും പാലക്കാട് മൂന്നാംസ്ഥാനവും മറ്റു ജില്ലകളില്‍ നാലാംസ്ഥാനവും സാമൂഹിക ശാസ്ത്രത്തിനായിരുന്നു.
ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി ഡയറ്റാണ് ഇതുസംബന്ധിച്ച വിശകലനത്തിന് തുടക്കമിട്ടത്. പാഠപുസ്തകം തയ്യാറാക്കിയവര്‍, പരിശീലനം നല്‍കിയവര്‍, ട്രെയിനിങ് കോളേജുകളിലെ വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി ഇരുപതോളം പേരടങ്ങിയ സമിതിയാണ് കൂട്ടത്തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുന്നത്. ഇവരുടെ പ്രാഥമിക കണ്ടെത്തല്‍ കൂടുതല്‍ വിലയിരുത്താന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ചോദ്യാവലി തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ അന്തിമ റിപ്പോര്‍ട്ടാകും.
ആകെ 80 സ്‌കോറിനുള്ള സാമൂഹികശാസ്ത്ര പരീക്ഷയില്‍ 11 സ്‌കോറിന്റെ ചോദ്യങ്ങളും സിലബസ്സിനു പുറത്തുനിന്നായിരുന്നു. പാഠപുസ്തകത്തില്‍ അധിക വിവരങ്ങളായി നല്‍കിയവ പരീക്ഷയ്ക്ക് ചോദിക്കില്ലെന്ന് അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിലും പരിശീലന ക്ലാസ്സുകളിലും പറഞ്ഞിരുന്നു. എന്നാല്‍, 12 സ്‌കോറിന്റെ ചോദ്യങ്ങള്‍ ഈ ഭാഗത്തുനിന്ന് ഉണ്ടായി.
യുക്തിക്ക് നിരക്കാത്തവ, പരീക്ഷാസമയവും കുട്ടികളുടെ പ്രായവും കണക്കിലെടുക്കാത്തവ, തെറ്റായവ എന്നിങ്ങനെ ചോദ്യങ്ങളില്‍ വേറെയും പിഴവുണ്ടായി. തെറ്റായ ചോദ്യങ്ങള്‍ മൂടിവയ്ക്കാന്‍ ഉത്തരസൂചിക വളച്ചൊടിച്ചെന്നും കണ്ടെത്തി.
1947 മുതല്‍ ഇന്നുവരെയുള്ള ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വിശകലനം ചെയ്യാനായിരുന്നു ഒരു ചോദ്യം. ഇതിനാകട്ടെ, രണ്ട് വാചകത്തില്‍ ഉത്തരമെഴുതിയാല്‍ മതി, കിട്ടുന്ന സ്‌കോര്‍ രണ്ടും. മലയാളം മീഡിയത്തില്‍ 18-ാമത്തെ ചോദ്യം വിലക്കയറ്റം നിയന്ത്രിക്കുന്ന ഏജന്‍സി ഏതെന്നായിരുന്നു. ഉത്തരസൂചികയില്‍ റിസര്‍വ്ബാങ്ക് എന്ന്പറഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് മീഡിയം ചോദ്യപ്പേപ്പറിലെ ഇതേ ചോദ്യം കാണുമ്പോഴാണ് കാര്യം വ്യക്തമാകുക. ഇന്‍ഫ്‌ളേഷനെ (പണപ്പെരുപ്പം) ക്കുറിച്ചാണ് ചോദ്യം. മലയാളത്തില്‍ അതിനെ വിലക്കയറ്റമാക്കി, കുട്ടികള്‍ക്ക് ഉത്തരവും തെറ്റി.
പരീക്ഷയുടെ രീതിതന്നെ കുട്ടികള്‍ക്ക് ഭാരമായി. സാമൂഹികശാസ്ത്രത്തിലെ രണ്ട് പുസ്തകങ്ങളിലായി ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, സോഷ്യോളജി, ഭൂമിശാസ്ത്രം എന്നിവ പഠിക്കണം. 760ഓളം ആശയങ്ങളാണ് ഇങ്ങനെ പഠിക്കുന്നത്. ഇതിനുവേണ്ടി രണ്ടര മണിക്കൂര്‍ പരീക്ഷയും 80 സ്‌കോറും മാത്രം. നേരത്തെ ഇത് 50 മാര്‍ക്ക് വീതമുള്ള രണ്ട് പരീക്ഷയായിരുന്നു.
80 സ്‌കോറുള്ള മറ്റു പരീക്ഷകള്‍ അവധി ദിവസത്തിനുശേഷം നടത്തുമ്പോള്‍ സാമൂഹികശാസ്ത്ര പരീക്ഷ മറ്റു പരീക്ഷകള്‍ക്ക് തൊട്ടുപിന്നാലെ നടത്തുന്നു. പ്രശ്‌നങ്ങളുണ്ടായാലും അടുത്തുതന്നെ അത് പരിഹരിക്കാന്‍ നടപടിയില്ല. ഇതെല്ലാം കുട്ടികളെ മാനവികവിഷയങ്ങളില്‍ നിന്ന് അകറ്റുന്നതായും പഠനം നടത്തുന്നവര്‍ പറയുന്നു.


പത്താംക്ലാസ് സാമൂഹികശാസ്ത്ര പുസ്തകവും ബോധനരീതിയും പരിഷ്‌കരിക്കണമെന്ന് നിര്‍ദ്ദേശം
 15 Sep 2012
തൊടുപുഴ:എസ്.എസ്.എല്‍.സി. സാമൂഹികശാസ്ത്രം പരീക്ഷയിലെ കൂട്ടത്തോല്‍വിയുടെ പശ്ചാത്തലത്തില്‍ പഠനഭാരം ലഘൂകരിക്കണമെന്നും പഠന പ്രക്രിയ പരിഷ്‌കരിക്കണമെന്നും കാരണങ്ങള്‍ വിശകലനം ചെയ്ത അധ്യാപകര്‍ നിര്‍ദ്ദേശിച്ചു.

ആകെ 10 വിഷയങ്ങളിലായി 133 അധ്യായങ്ങളാണ് പത്താം ക്ലാസ്സില്‍ പഠിക്കാനുള്ളത്. ഇതില്‍ 24 അധ്യായവും (19 ശതമാനം) സാമൂഹിക ശാസ്ത്രമാണ്. അതേസമയം, ആകെ 510 സ്‌കോറിനുള്ള എഴുത്തു പരീക്ഷയില്‍ 80 സ്‌കോറാണ് (15 ശതമാനം) സാമൂഹിക ശാസ്ത്രത്തിന്. 10 വിഷയങ്ങള്‍ക്കും കൂടി 1050 മിനുട്ട് പരീക്ഷയെഴുതുമ്പോള്‍ 150 മിനുട്ട് (14 ശതമാനം) മാത്രമാണ് സാമൂഹികശാസ്ത്രത്തിന് അനുവദിച്ചിട്ടുള്ളത്.

സാമൂഹികശാസ്ത്രത്തിനു കീഴില്‍ രണ്ടു പുസ്തകങ്ങളിലായി വ്യത്യസ്തങ്ങളായ ആറു വിഷയങ്ങള്‍ പഠിക്കണം. ഇതു പഠിപ്പിക്കുന്നതാകട്ടെ ഇതില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ യോഗ്യത നേടിയ അധ്യാപകനും. രണ്ടു പുസ്തകങ്ങളിലും കൂടി 357 പേജുകളിലായി 256 പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ഇതിനുള്ള പഠനസമയം കിട്ടുന്നില്ല.

ഒരു അധ്യയനവര്‍ഷം 200 പ്രവൃത്തി ദിവസമാണെങ്കിലും കലാകായികമേളകള്‍, പരീക്ഷകള്‍ എന്നിവ കഴിഞ്ഞാല്‍ 175ദിവസമേ കിട്ടൂ. ഒരു ദിവസം ഒരു പഠന പ്രവര്‍ത്തനം എടുത്താല്‍പോലും സാമൂഹികശാസ്ത്രത്തിലെ 256 പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവില്ല.

സാമൂഹികശാസ്ത്രം പുസ്തകങ്ങളുടെ ഭാഷ കുട്ടികളെ വലയ്ക്കുന്നതാണെന്നും ആക്ഷേപമുണ്ട്.

ആറു വ്യത്യസ്തവിഷയങ്ങളിലെ ഒട്ടേറെ കാര്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠിക്കേണ്ടിവരികയും അവയ്ക്ക് ചുരുങ്ങിയ സമയത്തില്‍ പരീക്ഷയെഴുതുകയും വേണ്ടി വരുന്നു. പാഠഭാഗങ്ങളുടെ ബാഹുല്യംമൂലം അധ്യാപകര്‍ രാവിലെയും വൈകീട്ടും ശനിയാഴ്ചകളിലും സ്‌പെഷല്‍ ക്ലാസ്സുകളെടുക്കുമ്പോള്‍ സാമൂഹികശാസ്ത്രപഠനം കുട്ടികള്‍ക്ക് ഭാരമാകുന്നുണ്ട്.

മുമ്പ് രണ്ടുമണിക്കൂര്‍ വീതമുള്ള രണ്ട് പരീക്ഷകളായിരുന്നു സാമൂഹികശാസ്ത്രത്തിന്. ഇത് രണ്ടരമണിക്കൂറുള്ള ഒറ്റപ്പരീക്ഷ ആക്കിയിട്ടും പഠനഭാരം കുറച്ചിട്ടില്ല. മുന്‍ കാലങ്ങളില്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് നാല് അധ്യായങ്ങള്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം അതുണ്ടായില്ല.

15 വയസ്സുള്ള കുട്ടി 10-ാം ക്ലാസ്സില്‍വച്ച് ചുരുങ്ങിയ സമയം കൊണ്ട് ചരിത്രം വിപുലമായി പഠിക്കണമെന്ന രീതിയിലാണ് പുസ്തകമെന്ന് അധ്യാപകര്‍ പറയുന്നു. ലോകയുദ്ധങ്ങളെപ്പറ്റി വിശദമായി പഠിക്കുമ്പോള്‍ 'ഇന്നത്തെ ഇന്ത്യ' എന്ന അധ്യായം 1977 വരെക്കൊണ്ട് അവസാനിക്കുന്നു. ഇതെല്ലാം അശാസ്ത്രീയമാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

Saturday, September 15, 2012

വിദ്യാഭ്യാസ അവകാശ നിയമവും രക്ഷാകര്‍ത്തൃശാക്തീകരണത്തിലൂടെയുളള വിദ്യാലയ വികസനവും


രണ്ടു ദിവസം  ഒരു സ്കൂളിലെ രക്ഷിതാക്കളോടൊ പ്പമായിരുന്നു.
അജണ്ട -വിദ്യാഭ്യാസ അവകാശ നിയമവും രക്ഷാകര്‍ത്തൃശാക്തീകരണത്തിലൂടെയുളള വിദ്യാലയ വികസനവും.

  • വിദ്യാലയവികസനാവശ്യങ്ങള്‍ കണ്ടെത്തുന്നതിലുളള വിശകലന പാടവം വികസിപ്പിക്കുന്നതിനും 
  •  ആവശ്യങ്ങളുടെ മുന്‍ഗണന നിശ്ചയിക്കുന്നതിനുളള രീതീശാസ്ത്രം പരിചയപ്പെടുന്നതിനും 
  • വിഭവലഭ്യത പരിഗണിച്ച് പ്രവര്‍ത്തനാസൂത്രണം നടത്തുന്നതിനും സൂക്ഷ്മഘടകങ്ങള്‍ കണക്കിലെടുത്ത് മോണിറ്റര്‍ ചെയ്യുന്നതിനും സ്കൂള്‍ മാനേജ്മെന്റ് സമിതി (SMC) ആംഗങ്ങളുടെ കാര്യപ്രാപ്തിയുയര്‍ത്തുന്നതിനു നിരന്തരം പിന്തുണ അനിവാര്യമാണ് എന്ന പരികല്പനയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ ദിനങ്ങളെ സമീപിച്ചത്.
സ്കൂള്‍ മാനേജ്മെന്റ് സമിതി അംഗങ്ങള തെരഞ്ഞെടുത്തശേഷം ബോധവത്കരണലക്ഷ്യത്തോടെ എസ് എസ് എ ചെറിയ ഒരു ഇടപെടല്‍ നടത്തിയിരുന്നു. പക്ഷെ SMC ആംഗങ്ങളുടെകാര്യപ്രാപ്തീവികസനത്തിനു അതു പര്യാപ്തമായിരുന്നില്ല. ഒരു പരിപാടി നടത്തി തീര്‍ക്കുക എന്നതിനപ്പുറം നിരന്തരം പിന്തുണ നല്കി മുന്നോട്ടു പോകുന്നതിനു കരുത്തു പകരുന്ന സമീപനം ആവശ്യമാണ്. സ്കൂള്‍ മാനേജ്മെന്റ് സമിതിയുടെ പക്ഷത്തു നിന്നു കാര്യങ്ങളെ സമീപിക്കണം.
എസ് എം സി യുടെ ചുമതലകള്‍ സംബന്ധിച്ച വിശദീകരണങ്ങള്‍ നടത്തുകയും നിങ്ങല്‍ക്കു വിപുലമായ അധികാരങ്ങള്‍ കിട്ടിയിട്ടുണ്ട് .അതു പ്രയോജനപ്പെടുത്തൂ എന്നു ഉപദേശിക്കുകയും ചെയ്തതു കൊണ്ട് മാറ്റം ഉണ്ടാകില്ല. സ്കൂള്‍ മാനേജ്മെന്റ് സമിതി ക്രമേണ ഒന്നും ചെയ്യാനാകാത്ത കടലാസ് കമ്മറ്റിയായി മാറും. പ്രത്യേകിച്ചു പി ടി എ കൂടി തുടരാന്‍ അനുവദിക്കപ്പെട്ട സാഹചര്യത്തില്‍. എസ് എം സിയുടെയും പിടിഎയുടെയും സംയുക്തയോഗങ്ങള്‍ അനിവാര്യമാണ്. രണ്ടു സംഘടനാരൂപങ്ങളും പ്രവര്‍ത്തിക്കുന്ന സ്കൂളിലാണ് ഇടപെട്ടത്. ഇരു സമിതികളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഇരുപതു പേര്‍ അധ്യാപകര്‍ ഉള്‍പ്പടെ പങ്കെടുത്തു.
എസ് എം സിയുടെ ചുമതലകള്‍ വിശദമാക്കുന്ന രേഖ ( പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍) നല്‍കി.കാര്യങ്ങള്‍ വിശദീകരിച്ചു എല്ലാം മനസ്സിലായി എന്ന ധാരണ അവര്‍ക്കുണ്ടായി. അതു തെറ്റിദ്ധാരണയാണെന്നു തിരിച്ചറിയാന്‍ അധിക സമയം വേണ്ടി വന്നില്ല..
എസ് എം സി ചുമതല1. വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുക
എന്താണ് മോണിറ്ററിംഗ്?എങ്ങനെ മോണിറ്റര്‍ ചെയ്യും? എപ്പോഴൊക്കെ? അതിന്റെ തുടര്‍ച്ചയും ഫലവും സംബന്ധിച്ച ധാരണയെന്താണ്? എന്തൊക്കെയാണ് മോണിറ്റര്‍ ചെയ്യേണ്ട വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുളള ചോദ്യങ്ങളുടെ മുമ്പില്‍ കൂടുതല്‍ ആഴത്തിലുളള പ്രായോഗികതയിലൂന്നിയുളള അറിവ് ആവശ്യമാണെന്നും ഈ ധാരണയുണ്ടെങ്കിലേ ഈ ചുമതല ഫലപ്രദമായി ചെയ്യാനാകൂ എന്നും അവര്‍ തിരിച്ചറിഞ്ഞു.
എന്തൊക്കെയാണ് മോണിറ്റര്‍ ചെയ്യേണ്ട വിദ്യാലയ പ്രവര്‍ത്തനങ്ങള്‍? ( അവര്‍ പറഞ്ഞത് )
  1. കുട്ടികളുടെ പ്രവേശനം
  2. അസംബ്ലി
  3. യൂണി ഫോം ഏര്‍പ്പെടുത്തല്‍
  4. സ്കൂള്‍ പാര്‍ലമെന്റ് നടത്തിപ്പ്
  5. ഉച്ചഭക്ഷണ വിതരണവും സംഘാടനവും
  6. ക്ലബ് പ്രവര്‍ത്തനങ്ങളും പങ്കാളിത്തവും
  7. ദിനാചരണങ്ങള്‍
  8. വിദ്യാലയവും പരിസരവും ആകര്‍ഷകമാക്കല്‍
  9. കായിക വിദ്യാഭ്യാസം
  10. കലാ വിദ്യാഭ്യാസം
  11. കംമ്പ്യൂട്ടര്‍ പരിശീലനം
  12. ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍
  13. പഠനയാത്ര
  14. വായന പ്രോത്സാഹിപ്പിക്കല്‍
  15. പച്ചക്കറികൃഷി
  16. പൂന്തോട്ട നിര്‍മാണം
  17. ക്ലാസ് പി ടി എ
  18. പരീക്ഷകള്‍
  19. ലൈബ്രറി കാര്യക്ഷമമാക്കല്‍
  20. ലാബ് ശക്തിപ്പെടുത്തല്‍
  21. പഠനോപകരണ നിര്‍മാണം
  22. വിദ്യാലയം ശിശുസൗഹൃദപരമാക്കല്‍
  23. പ്രത്യേകപരിഗണനയര്‍ഹിക്കുന്നവര്‍ക്കുളള പിന്തുണ ,അനുരൂപീകരണം
  24. പിന്നാക്കം നില്‍ക്കുന്നവര്‍ക്കുളള പിന്തുണ
  25. പഠനവീട്
  26. എസ് എം സി പ്രവര്‍ത്തനം
  27. പി ടി എ പ്രവര്‍ത്തനം
  28. സ്കൂള്‍ വാര്‍ഷികം
  29. മേളകള്‍ .മത്സരങ്ങള്‍
എന്താണ് മോണിറ്ററിംഗ്?

  • ആസൂത്രണം ചെയ്ത പ്രവര്‍ത്തനത്തിന്റെ ദിശാഗതി പ്രതീക്ഷിത രീതിയിലാണോ എന്നു വിലയിരുത്തലാണ് മോണിറ്ററിംഗ്. ഒരു പ്രവര്‍ത്തനം /പരിപാടി നടന്നു കൊണ്ടിരിക്കുന്ന കാലയളവില്‍ ത്തന്നെ അതിന്റെ പുരോഗതി നിരന്തരം അളന്നും വിലയിരുത്തിയും അവസ്ഥ വിശകലനം ചെയ്ത പുതിയ പ്രശ്നങ്ങളോട്, സംഭവങ്ങളോട്, അവസരങ്ങളോട് പ്രതികരിച്ചും ലക്ഷ്യത്തിലെത്താനുളള ഇടപെടല്‍ നടത്തി ദിശയില്‍ വ്യതിചലനമില്ലെന്നുറപ്പു വരുത്തലാണ്.
  • ലക്ഷ്യം മുന്‍നിറുത്തി ഒരു പ്രക്രിയയെ നിരന്തരം പിന്തുടരലാണ്.
  • കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പു വരുത്താനാണ്.
  • മുന്‍വിധികളില്ല. നിര്‍ണയിച്ച ലക്ഷ്യം, ആസൂത്രണം ചെയ്ത പ്രവര്‍ത്തനപദ്ധതി,അവസ്ഥ വിശകലനം ചെയ് ശേഖരിച്ച വസ്തുതകള്‍, അനുഭവപ്പെട്ട കാര്യങ്ങള്‍ എന്നിവയെ മാത്രമേ മോണിറ്ററിംഗ് നടത്തുന്നവര്‍ പരിഗണിക്കാവൂ..
  • വിമര്‍ശനങ്ങളില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനിയെന്തു ചെയ്യണം എന്ന രീതിയിലുളള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ആണ് മോണിറ്ററിംഗ് കമ്മറ്റി മുന്നാട്ടു വെക്കേണ്ടത്.
  • പരാതിയില്ല, കുടുംബാംഗമെന്ന അടുപ്പവും മികവിലേക്കുനയിക്കാനുളള ബാധ്യതയും മോണിറ്ററിംഗ് ചുമതല ഏല്‍ക്കുന്ന ഓരോരുത്തരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
    ഫലപ്രദമായ മോണിറ്ററിഗ് നടത്തണമെങ്കില്‍
  • ഓരോ പ്രവര്‍ത്തനത്തിന്റെയും ലക്ഷ്യം വ്യക്തമായി നിര്‍ണയിച്ചിരിക്കണം
  • വിശദാംശങ്ങള്‍ തയ്യാറാക്കിയിരിക്കണം.
  • പ്രവര്‍ത്തന പുരോഗതി വിലയിരുത്താനുളള സൂചകങ്ങള്‍ തയ്യാറാക്കിയിരിക്കണം
  • വിവരങ്ങള്‍ ശേഖരിക്കാന്‍ പരിപാടിയുണ്ടാകണം ( എപ്പോള്‍, എങ്ങനെ , ആരു് ,എന്തു ശേഖരിക്കണം?)
  • വിവരങ്ങള്‍ വിശകലനം ചെയ്യണം.
ഒരു പ്രവര്‍ത്തനം എടുത്തു വിശകലനം നടത്തി.


ക്ലാസ് പി ടി എ
ലക്ഷ്യങ്ങള്‍
  • ഓരോ കുട്ടിയുടെയും പഠനപുരോഗതി രക്ഷിതാവുമായി പങ്കിടുന്നതിനു അവസരം ഒരുക്കുക
  • ഓരോ ക്ലാസും നിരന്തരം അക്കാദമിക മികവിലേക്കുയരുന്നുണ്ടെന്നു സമൂഹത്തെ ബോധ്യയപ്പെടുത്തുക
  • കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള ഇടപെടലുകള്‍ വിലയിരുത്തുക
  • ക്ലാസ് മികവുകള്‍ പങ്കിടുന്ന ക്ലാസ പി ടി എ യോഗങ്ങളില്‍ എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുക
മൂന്നു കാര്യങ്ങളാണ് മോണിറ്റര്‍ ചെയ്യേണ്ടത്.

  • രക്ഷിതാക്കളുടെ പങ്കാളിത്തവും
  •  ക്ലാസ് പി ടി എ യിലെ പ്രക്രിയയും
  •  പഠനപുരോഗതിസംബന്ധിച്ച വിവരങ്ങളും.


രക്ഷിതാക്കളുടെ പങ്കാളിത്തം മോണിറ്റര്‍ ചെയ്യുന്നതിനുളള ഫോറം
മാസം ആകെ പങ്കെടുക്കേണ്ടവര്‍ ജൂണ്‍-ജൂലൈ ആഗസ്റ്റ്-സെപ്തംബര്‍ ഒക്ടോബര്‍-നവംബര്‍ ഡിസംബര്‍-ജനവരി ഫെബ്രുവരി-മാര്‍ച്ച്
ക്ലാസ് -1





ക്ലാസ് -2





ക്ലാസ് -3





ക്ലാസ് -4





ക്ലാസ് -5





ക്ലാസ് -6





ക്ലാസ് -7





ആകെ





എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം 

ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍
ജൂണ്‍-ജൂലൈ




ആഗസ്റ്റ്-സെപ്തംബര്‍




ഒക്ടോബര്‍-നവംബര്‍




ഡിസംബര്‍-ജനവരി




ഫെബ്രുവരി-മാര്‍ച്ച്








ക്ലാസ് പി ടി എ പ്രക്രിയ (ചെക്ക് ലിസ്റ്റ്)

ക്ലാസ് പിടി എയില്‍ പങ്കെടുത്ത അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ 

ഇനത്തിനു നേരെയും രേഖപ്പെടുത്തുക

പ്രക്രിയ ജൂണ്‍
ജൂലൈ
ആഗസ്റ്റ്
സെപ്റ്റംബര്‍
ഒക്ടോബര്‍
നവംബര്‍
ഡിസംബര്‍
ജനുവരി
ഫെബ്രുവരി
മാര്‍ച്ച്
കുട്ടികളുടെ അവതരണങ്ങള്‍




പഠനോല്പന്ന പ്രദര്‍ശനം




പോര്‍ട്ട് ഫോളിയോ പരിശോധന




പഠന പുരോഗതി -അധ്യാപികയു ടെ അവതരണം




ചര്‍ച്ച




അടുത്ത മാസത്തെ പ്രവര്‍ത്തനാസൂത്രണം




പൊതുവായ കാര്യങ്ങള്‍ പങ്കിടല്‍











കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച് അധ്യാപിക അവതരിപ്പിച്ച വിവരങ്ങള്‍

...ക്സാസ് പി ടി എ യോഗം ബഹുഭൂരിപക്ഷം കുട്ടികളും നേടിയ ശേഷികള്‍



കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ച മേഖലകള്‍ (പിന്നാക്കം നില്‍ക്കുന്നവരെ പരിഗണിച്ചു നടപ്പിലാക്കേണ്ടവ)
ജൂണ്‍-ജൂലൈ







ആഗസ്റ്റ്-സെപ്തംബര്‍









ഒക്ടോബര്‍-നവംബര്‍









ഡിസംബര്‍-ജനവരി









ഫെബ്രുവരി-മാര്‍ച്ച്













എസ് എം സി യോഗം കൂടുമ്പോള്‍ വിവിധക്ലാസുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് തുടര്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം.
ഓരോ എസ് എം സി ക്കു ശേഷവും അധ്യാപകര്‍ യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുളള അക്കാദമിക തീരുമാനങ്ങള്‍ എടുക്കണം.

ഇതു പോലെ മറ്റു ഇടപെടല്‍ മേഖലകളും വിശകലനം ചെയ്യണം. പ്രായോഗികത കണക്കിലെടുത്ത്  രണ്ടു   മൂന്നു പ്രധാന മേഖലകള്‍  തുടക്ക ത്തില്‍ പരിഗണിക്കുക.

എസ് എം സി അംഗങ്ങള്‍ക്ക് മോണിറ്ററിംഗ് ഫോര്‍മാറ്റുകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ കൈപുസ്തകം നല്‍കും. അവരുടെ പങ്കാളിത്തത്തോടെ അതു വികസിപ്പിച്ചിട്ടുണ്ട്.

ഈ അനുഭവത്തിന്റെ അടിസ്ഥാനതില്‍  ഇടുക്കി ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ഗവേഷണാത്മകമായ ഇടപെടല്‍ എന്ന നിലയില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയംഗങ്ങള്‍ക്കുളള ശാക്തീകരണ പരിപാടി നടപ്പിലാക്കുന്നതിനു ആലോചിക്കുന്നു
ഓരോ ഉപജില്ലയിലെയും രണ്ടു സ്കൂളുകളില്‍ ( ഒരു എല്‍ പി സ്കൂളും ഒരു യു പി സ്കൂളും).
രണ്ടു ദിവസത്തെ ശില്പശാല അതത് വിദ്യാലയത്തില്‍ നടത്തും.

വിദ്യാലയ കേന്ദ്രിത ശാക്തീകരണ പരിപാടിയായി വികസിപ്പിക്കും.