Pages

Thursday, September 26, 2013

എ ഇ ഒ യുടെ ഡയറിക്കുറിപ്പ്

പേര് ഹൃഷികേശ് എ എസ്  . 
സബ്ജില്ലയില്‍ നിരവധി അധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ തനതായി നടപ്പിലാക്കാന്‍ ശ്രദ്ധിക്കുന്നു .
എല്ലാ ദിവസവും മൂന്നു സ്കൂളിലെങ്കിലും അദ്ദേഹം സന്ദര്‍ശിച്ചിരിക്കും .
ഡയറിയില്‍ രേഖപ്പെടുത്തി പ്രഥമാധ്യാപക കൂടിചെരലുകളില്‍ റിവ്യൂ ചെയ്യും .
സേവന കാര്യങ്ങള്‍ക്ക് വേണ്ടി കാത്തു കെട്ടി ഓഫീസില്‍ അധ്യാപകര്‍ നില്‍ക്കേണ്ടതില്ല . കൃത്യമായി അത് ചെയ്തിരിക്കും .
 സ്റ്റാഫിനെ അതിനു പറ്റുന്ന രീതിയില്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് .
ഒന്നാം ക്ലാസ്സ്‌ മുതലുള്ള കരിക്കുലം , പഠനതന്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് നല്ല ധാരണയുണ്ട് . 
ചില ശാസ്ത്ര ക്ലാസ്സുകള്‍ എടുക്കാനും പരിശീലങ്ങളില്‍ സെഷനുകള്‍ ചെയ്യാനും മടിയില്ല ...
കുട്ടികളോട് ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്ന നല്ല അദ്ധ്യാപകന്‍ ....
ബാല മാസികകള്‍ ഞാന്‍ വായിക്കും എന്നാലേ കുട്ടിയുടെ മനസ്സറിയാനും അവന്‍ ഇഷ്പ്പെടുന്ന ഭാഷയും എഴുത്തും മനസ്സിലാക്കാന്‍ കഴിയൂ .... ഇതു അദ്ദേഹത്തിന്റെ വാക്കുകളാണ് ...
ഒരു നല്ല അക്കാദമിക ലീഡര്‍ തന്നെയാണ് ഈ എ ഇ ഒ . 
അദ്ദേഹം തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതു പോലും മധുരമായി അനുഭവപ്പെടുന്നതിന് കാരണം തന്റെ യാഥാര്‍ഥ കര്മ്മത്തോടുള്ള അര്‍പ്പണമനോഭാവവും ആത്മാര്‍ഥതയും ആണ് 


എ ഇ ഒ യുടെ ഡയറിക്കുറിപ്പ്

ധന്യതയാര്‍ന്ന ക്ലാസ്സ്‌ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയിലേയ്ക്ക്‌ .....
           
              പതിവുപോലെ കഴിഞ്ഞ ദിവസവും മൂന്ന് വിദ്യാലയങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു . പല വിദ്യാലയങ്ങളിലെയും പ്രവര്‍ത്തന മികവുകള്‍ നേരില്‍ കാണാന്‍ കഴിഞ്ഞു . കണ്ട മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തി . ഒന്നാം തരത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത്‌ . അധ്യാപികയുടെ ആസൂത്രണമികവ് ക്ലാസ്സ്‌ മുറിയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചിരുന്നു . 
ഗവണ്‍മെന്റ്‌ എല്‍ പി സ്കൂള്‍ തൊങ്ങല്‍ നെല്ലിമൂട് 
ഉറുമ്പിന്റെ കഥ പറയുന്ന അധ്യാപിക ..... കൂട്ടുകാര്‍ ഉറുമ്പിനു ഇഷ്ട്ടമുള്ള പേരുകള്‍ നല്‍കി . അധ്യാപിക ബി ബിയില്‍ ഉറുമ്പിന്റെ ചിത്രം വരച്ചു ......
ബ്ലാക്ക്‌ ബോര്‍ഡ്‌ നന്നായി ഉപയോഗിക്കുന്നു ....



ബി ബിയില്‍ നിന്നും ബിഗ്‌ ബുക്കിന്റെ പെജുകളിലെയ്ക്കുള്ള സ്വാഭാവികമായ മാറ്റം അതിമനോഹരം ....




എസ് വി എല്‍ പി എസ് വിഴിഞ്ഞം 
ബിഗ്‌ പിക്ച്ചറും ബിഗ്‌ ട്രീയുമെല്ലാം അധ്യാപകര്‍ മറന്നുകാണുമെന്ന് കരുതിയ എനിക്ക് തെറ്റി . ക്ലാസ്സ്‌ മുറിയില്‍ മനോഹരമായിത്തന്നെ അവ ഒരുക്കിയിരിക്കുന്നു . പൊടി പിടിച്ചതും പഴയതും അല്ല ഇവയൊന്നും ... ഈ വര്‍ഷത്തെ ഉല്പന്നങ്ങള്‍ തന്നെ ...




ഗവണ്‍മെന്റ്‌ എല്‍ പി എസ് നെല്ലിവിള 
ഗണിതശാസ്ത്ര അധ്യാപകര്‍ക്ക് വേണ്ടി തനതായി സംഘടിപ്പിച്ച അധ്യാപക ശാക്തീകരണപരിപാടി വെറുതെയായില്ല . ആ പരിശീലനത്തിന്റെ നന്മകള്‍ ക്ലാസ്സ്‌ മുറിയില്‍ കാണാന്‍ കഴിഞ്ഞു .ഗണിതമൂലയില്‍ വിവിധ രൂപങ്ങളും ചിത്രങ്ങളും ക്രമീകരിച്ചിരിക്കുന്നു . 




ബിഗ്‌ പിക്ച്ചറും ഗണിത തോരണങ്ങളും മനോഹരം തന്നെ.....




രേഖപ്പെടുത്തലുകളുടെ വൈവിധ്യം 
അധ്യാപകരുടെ റ്റി എമ്മില്‍ നിരന്തര മുല്യനിര്‍ണ്ണയത്തിന്‍റെ രേഖപ്പെടുത്തലുകള്‍ കാണാന്‍ കഴിഞ്ഞു . 



പ്രതികരണപേജുകളും സമ്പുഷ്ട്ടം തന്നെ......




ഫോട്ടോ പകര്ത്തുന്നതിനിടയില്‍ ഏതു അധ്യാപികയുടെ റ്റി എം ആണെന്ന് എഴുതി വയ്ക്കാന്‍ കഴിഞ്ഞില്ല . തിരക്ക് പിടിച്ച് വൈകി ഓഫീസിലെത്തി അധ്യാപകരുടെ സേവന ആവശ്യങ്ങള്‍ക്കായുള്ള ഫയലുകള്‍ നോക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത്‌ അവരുടെ ആത്മാര്‍ത്ഥത നിറഞ്ഞ ക്ലാസ്സ്‌ അനുഭവങ്ങളുടെ സന്തോഷമായിരുന്നു 
...................................................................മുത്തിന്റെ പരസ്യം ഇങ്ങനെ.....
" മുത്ത്‌ " കൂട്ടായ്മയുടെ വിജയം 

      "മുത്ത്‌ "കൂട്ടായ്മയുടെ മികവാണ് ..... ഒരു ബ്ലോഗ്‌ ജനകീയമാകുന്നത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് . ബാലരാമപുരം എ ഇ ഒ ആഫീസിലെ ജീവനക്കാരും അധ്യാപകരും പ്രഥമാധ്യാപകരും കൂട്ടുകാരും " മുത്തിന്റെ "സാക്ഷാത്കാരത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു . പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് ജാഗരൂകരായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ഈ കൂട്ടായ്മയില്‍ അണിചേരാം ...... നിങ്ങളുടെ വിദ്യാലയങ്ങളിലെ മികവുകള്‍ അക്കാദമിക സ്പന്ദനങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തരൂ ....... അയച്ചു തരേണ്ട ഇ മെയില്‍ വിലാസം 
www.aeobalaramapuram.blogspot.com
മുത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും നന്ദി .........
                                           ഹൃഷികേശ്. എ .എസ് 
                                ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍
                                               ബാലരാമപുരം   

Friday, September 20, 2013

കുട്ടികളുടെ കാവ്യസഞ്ചാരം

(ഒരു അധ്യാപകിയുടെ പരാതി ഇങ്ങനെ "കവിതയുടെ ആസ്വാദനക്കുറിപ്പെഴുതാന്‍ പറഞ്ഞാല്‍ കുട്ടികള്‍ അതിന്റെ പ്രധാന ആശയം മാത്രം എഴുതിവെക്കുന്നു" മറ്റൊരാള്‍ക്ക് തൃപ്തി കിട്ടുന്നില്ല. ഇനിയുമൊരാള്‍ക്ക്  ആസ്വാദനക്കുറിപ്പിന്റെ പ്രക്രിയ അറിയില്ല. നിങ്ങള്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന രീതി പങ്കിടാന്‍ അഭ്യര്‍ഥിച്ചു. ആ അനുഭവം തുടര്‍ന്നുളള ചര്‍ച്ച..ഇവിയലൂടെ രൂപപ്പെട്ട ആശയങ്ങളാണ് ഈ പോസ്റ്റില്‍)

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍
മെല്ലെ കോരിയെടുക്കാന്‍ വാ

ഈ കവിത പരാമര്‍ശിക്കേണ്ടി വന്നത് കുമാരനാശാന്റെ അമ്പിളി എന്ന കവിത പഠിപ്പിക്കുന്നതിന് അധ്യാപിക നടത്തിയ ആസൂത്രണക്കുറിപ്പ് കണ്ടതിന്റെ വെളിച്ചത്തിലാണ്. ആ കുറിപ്പില്‍  കവിതയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരങ്ങളെ ഉന്നം വെച്ചുളള ചോദ്യങ്ങളുണ്ട്. വെളളാട്ടിന്‍ കുട്ടി എന്നു പറയാന്‍ കാരണമെന്ത്? വെളളിയോടത്തിലാരാണ് വരുന്നത്? അമ്പിളി, മരത്തില്‍ നിന്നും എത്ര ദൂരത്തിലാണ് നില്‍ക്കുന്നത്?..
ഇങ്ങനെ കവിത 'പഠിപ്പിക്കുക'യയിരുന്നല്ലോ പണ്ടും ചെയ്തിരുന്നത്? പഠിപ്പിച്ച് പഠിപ്പിച്ച് കവിതയെ വെറുക്കുന്ന ചെറുമനസാക്കിയില്ലേ? നമ്മുടെ അധ്യാപകര്‍ പാഠപുസ്തകത്തിനു പുറത്തുളള കവിത വായിക്കാറുണ്ടോ? അവ സ്റ്റാഫ് റൂം ചര്‍ച്ചകളിലേക്കു വരാറുണ്ടോ? കലോത്സവങ്ങളിലെ കവിതചൊല്ലല്‍ എന്ന ഇനം ഉളളതുകൊണ്ട് കൂടുതല്‍ കവിതകള്‍ കേള്‍ക്കാന്‍ അവസരം ലഭിക്കുന്ന ചിലരുണ്ട്.പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ കവിതയുടെ പ്രാഥമികവിദ്യാഭ്യാസം നേടേണ്ടതുണ്ട്.
  • കവിതകളോട് ആഭിമുഖ്യമില്ലാത്ത അധ്യാപകര്‍ക്ക് കവിത പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ?
  • നമ്മുടെ അധ്യാപകര്‍ കാവ്യവിരക്തിയുളളവരായതെങ്ങനെ?
  • അധ്യാപകപരിശീലനങ്ങള്‍ കൂടുതല്‍ സര്‍ഗാത്മകമാകേണ്ടേ? അധ്യാപകരുടെ ആസ്വാദനശേഷി ഉയര്‍ത്താനുളള പ്രക്രിയ?.
  • കുട്ടി കാവ്യപാഠങ്ങള്‍ തീര്‍ക്കേണ്ടവരാണെന്ന ചിന്തയും വേണം. അതിനെനിക്ക് കഴിയുന്നുണ്ടോ?ഇത്തരം ആത്മപരിശോധന നടത്തേണ്ടതുണ്ട്
നന്നായി കവിത ആസ്വദിക്കുന്ന അധ്യാപകരുണ്ട്. കവിതാഭ്രാന്തു പിടിച്ചവര്‍. ആദരിക്കപ്പെടേണ്ടത്ര കാവ്യാവഗാഹം. അവരുടെ ക്ലാസിലും കാവ്യസംസ്കാരം കൂട്ടികളില്‍ രൂപപ്പെടുന്നില്ല. കാരണം അവര്‍ എല്ലാം കണ്ടെത്തിക്കഴിഞ്ഞു. അതു വിസ്തരിച്ച് ഹ..ഹായ്..ഭാവത്തോടെ അങ്ങനെ അവതരിപ്പിക്കും. മുറുക്കാന്‍ ചെല്ലം അടുത്തില്ലെന്ന ഒരു കുഴപ്പമേ ഉളളൂ. അവരുടെ വിചാരം തങ്ങളെപ്പോലെ കുട്ടികളും കവിതയുടെ കാണാ മാനങ്ങള്‍ കാണുകയാണെന്നാണ്. കുട്ടികള്‍ പരിക്ഷയ്ക്കു വരാനുളള ചോദ്യത്തിനുളള എന്തു സംഗതികള്‍ കിട്ടുമെന്ന ആലോചനയിലും.
മറ്റൊരു കൂട്ടര്‍ കുട്ടികളോട് അളന്നു തൂക്കിയ ചോദ്യങ്ങള്‍ ചോദിക്കും. കുട്ടികള്‍ കണ്ടെത്തണം. എങ്കിലും മുകളില്‍ സൂചിപ്പിച്ച കൂട്ടരേക്കാള്‍ മികച്ച ആസ്വാദനപ്രക്രിയാധാരണ ഇവര്‍ക്കുണ്ട്. എന്നാലും അതു പോര. ആ കവിതയ്ക്ക മാത്രം ബാധകമായ ചോദ്യങ്ങളായതിനാല്‍ ആ അനുഭവം വെച്ച് മറ്റൊരു കവിതയെ സ്വയം സമീപിക്കാന്‍ കുട്ടികള്‍ക്ക് കഴിയാതെ പോകും.
കവിതയില്‍ നിന്നും കുട്ടി കവിതയെ കണ്ടെടുക്കണം. കണ്ടെടുക്കല്‍ പ്രക്രിയയില്‍ അന്വേഷക ദൗത്യമാണുളളത്. കണ്ടെത്തുന്നത് പലവിധമായിരിക്കും. കാരണം അതു കവിതയാണ്. കുട്ടിയാണ് വ്യാഖ്യാതാവ്. വിശകലനം കുട്ടി നടത്തണം.
കവിതകളോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് വേണ്ടത്?
കവിതയെ ആഴത്തില്‍ മനസിലാക്കാനുളള ചോദ്യങ്ങളുന്നയിക്കാന്‍ കുട്ടി ശ്രമിക്കണം. നല്ല ചോദ്യങ്ങളുന്നയിക്കുന്നതില്‍ പരിശീലനം വേണ്ടിവരും. വേണമെങ്കില്‍ ഒരു ചാര്‍ട്ടില്‍ എല്ലാ കവിതകള്‍ക്കും ബാധകമാക്കാവുന്ന ചോദ്യങ്ങളെഴുതിയിടാം. ഇവ വെച്ച് ഒരു കവിതയെ ആസ്വാദനപമായി സമീപിക്കുകയും വേണം.
കവിതയുമായി ബന്ധപ്പെട്ട വിശകലനത്തിന് ഞാന്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍
  • ഈ കവിതയില്‍ എന്തെല്ലാം ആശയങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്? ഈ കവി ഈ കവിതയിലൂടെ എന്തെല്ലാമാണ് പകരുന്നത്?
  • കവിതയെ ആകര്‍ഷകമാക്കുന്ന എന്തെല്ലാം ഘടകങ്ങളിതില്‍ കാണാന്‍ കഴിയും?
  • കവിതയില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വരി, പ്രയോഗം, ഭാഗം ..ഏതാണ്? എന്താണ് അതിനു കാരണം?
  • ഏതൊക്കെ പദങ്ങളാണ് സവിശേഷമായ അര്‍ഥം പ്രദാനം ചെയ്യുന്നത്? (എല്ലാ പദങ്ങളേയും പിരശോധിച്ചുളള കണ്ടെത്തല്‍)
  • നിര്‍ദ്ദിഷ്ട വരിയില്‍ പ്രസ്തുത പദം ഇങ്ങനെ ഉപയോഗിച്ചതു വഴി കവിതയ്കുണ്ടായ തിളക്കം എന്താണ്?
  • ഈ പ്രയോഗത്തെ എങ്ങനെയാണ് ഞാന്‍ വ്യാഖ്യാനിച്ചത്? മറ്റുളളവര്‍ വ്യാഖ്യാനിച്ചത്?
  • ആദ്യ വായനയില്‍ കാണാത്ത കാര്യങ്ങള്‍ വിശകലനാത്മക വായനയില് കണ്ടെത്താന്‍ കഴിഞ്ഞുവോ? ഇനിയുെ എന്തെങ്കിലും മുത്തുകള്‍ ശ്രദ്ധയില്‍പ്പെടാതെ കിടപ്പുണ്ടോ?
  • ഈ കവിത എന്നിലുണര്‍ത്തിയ ഓര്‍മകള്‍ എന്തെല്ലാമാണ്? ഭാവനയില്‍ തെളിഞ്ഞ ചിത്രം എന്താണ്?
  • ഈ കവിത ആരുടെ പക്ഷത്തു നിന്നാണ് പ്രമേയത്തെ സമീപിച്ചത്?
  • (ഉയര്‍ന്ന ക്ലാസിലെത്തുമ്പോള്‍ ഉപയോഗിച്ച ബിംബങ്ങളുടെ ഔചിത്യം എത്രത്തോളം എന്നു ചോദിക്കണം...., )
  • കവിതയുടെ ഏതെങ്കിലും ഘടകം എന്റെ വിശകലനാത്മക വായനയ്ക്ക് വഴങ്ങതെ പോയോ? പരിഗണിക്കപ്പെടാതെ പോയോ? എനിക്കു പിടി തരാതെ കിടക്കുന്ന കാര്യങ്ങളിനിയുമുണ്ടോ?
  • ..............................................................................................................................................................
  • ..................................................................................................
  • .....................................................................................................................

2. കാവ്യ ചര്‍ച്ചയില്‍ നിന്നും കാവ്യസഞ്ചാരത്തിലേക്ക്
വ്യക്തിഗതമായുളള കണ്ടെത്തലുകള്‍ നടത്തി ഗ്രൂപ്പില്‍ അവതരിപ്പിച്ച് ചാര്‍ട്ടിലെ ചോദ്യക്രമത്തില്‍ പൊതു ചര്‍ച്ചയും കഴിയുമ്പോള്‍ കവിതയുടെ ഹൃദയമിടിപ്പ് ചെവിചേര്‍ത്തു വെച്ചറിഞ്ഞവരായിത്തീരും കുട്ടികള്‍. നല്ലൊരു കാവ്യ ചര്‍ച്ച ക്ലാസില്‍ നടക്കും. അധ്യാപികയും പങ്കു ചേരും. കാര്യങ്ങള്‍ ആവതരിപ്പിക്കുന്നതിനു ക്രമം തീരുമാനിക്കാം. ആദ്യം ശബ്ദഭംഗി വേണോ. മനസിലാക്കിയ പൊതുവായ ആശയങ്ങള്‍ വേണമോ?മനോഹരമായി പ്രയോഗങ്ങളുടെ വ്യാഖ്യാനങ്ങള്‍ വേണമോ എന്നൊക്കെ കൂട്ടായി തീരുമാനിക്കുന്നത് നന്ന്. എല്ലാവര്‍ക്കും പറയാനവസരം നല്‍കണം. എത്ര വട്ടം പറയണം എന്നതിന് തോരും വരെ എന്ന നിലപാടാകാണം. കാവ്യചര്‍ച്ച കഴിഞ്ഞാലുടന്‍ ആവരോട് ആസ്വാദനക്കുറിപ്പെഴുതാന്‍ പറയരുത്. താരതമ്യക്കുറിപ്പെഴുതാനാവശ്യപ്പെടരുത്. ഈ കവിതയെക്കുറിച്ച് ഒന്നുമേ ചെയ്യാനാവശ്യപ്പെടരുത്. കാരണം അത് എല്ലാവരും ആസ്വദിച്ചു കഴിഞ്ഞു ഇനി അരെ ബോധ്യപ്പെടുത്താനാണ് ആസ്വാദനക്കുറിപ്പ്? അത്തരം ചടങ്ങുകളാണോ വേണ്ടത്? മറിച്ച് കാവ്യസഞ്ചാരം ഇഷ്ടപ്പെട്ടുവെങ്കില്‍ അടുത്ത യാത്രയുടെ ദിനവും മുഹൂര്‍ത്തവും നിശ്ചയിക്കാം. സ്വയം യാത്ര നടത്തട്ടെ. അതിനുളള വിഭവങ്ങള്‍ തേടാനായി ലൈബ്രറിയിലേക്ക് ഒന്നിച്ചു പോകാം. പുസ്തകങ്ങളെടുക്കാം. അവരവര്‍ വായിക്കുന്നതിന്റെ അസ്വാദനക്കുറിപ്പെഴുതാം, അതാവണം മറ്റുളളവരുടെ പാഠം. അസ്വാദനക്കുറിപ്പിന്റെ സൂചകങ്ങള്‍ പൊതു ചര്‍ച്ചയിലൂടെ വികസിപ്പിക്കണം. എന്നിട്ടു മാത്രമേ രചനയിലേക്കു കടക്കാവൂ.
  1. കവിതകളിലെ
  • ആശയം,
  • അര്‍ഥഭംഗി,
  • ശബ്ദഭംഗി എന്നിവ ഉള്‍പ്പെടുത്തി ആസ്വാദനക്കുറിപ്പു തയ്യാറാക്കാനുളള കഴിവ് ( എന്താണിത് കൊണ്ട് ഓരോരുത്തരും മനസിലാക്കിയത്? ഉദാഹരണസഹിതം വ്യക്തത വരുത്തണം)
  1. കവിതയിലെ
  • ആശയം,
  • വരികള്‍,
  • പദങ്ങള്‍,
  • പ്രയോഗങ്ങള്‍ എന്നിവയെക്കുറിച്ചുളള സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തി ആസ്വാദനക്കുറിപ്പു തയ്യാറാക്കാനുളള കഴിവ്. ( സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തുന്നതെങ്ങനെ എന്നും അതിന്റെ ആവശ്യകതയും തിരിച്ചറിയണം)
  1. തെറ്റില്ലാത്ത ഭാഷയില്‍ രചനനിര്‍വഹിക്കാനുളള കഴിവ് ( എന്നു വെച്ചാല്‍,,?)
  2. ആസ്വാദനക്കുറിപ്പ് മറ്റുളളവര്‍ക്കുളള ആസ്വാദനാനുഭവമാണെന്നു കവിതിയിലേക്കുളള ക്ഷണപത്രിയയാണെന്നും തിരിച്ചറിഞ്ഞുളള ക്രമീകരണവും ഭാഷച്ചന്തവും
  3. ആസ്വാദനക്കുറിപ്പ് ആസ്വാദ്യാനുഭവം പകരും വിധം ക്ലാസില്‍ അവതരിപ്പിക്കുന്നതിനുളള കഴിവ്. (അധ്യാപികയ്ക്ക മാര്‍ക്കും ഗ്രേഡുമിടാനല്ല ഇവ. ആസ്വാദനത്തിന്റെ ലോകത്തില്‍ സ്വന്തം പുര പണിയലാണ്.) നന്നായി ആസ്വദിച്ച കവിത മനസില്‍ പതിയും. അതിനാല്‍ മനസില്‍ നിന്നെടുത്തു ചൊല്ലാനും കഴിയണം. ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുന്നതിന്റെ മുമ്പോ പിമ്പോ കവിതാവതരണം ഉണ്ടാകണം.
3 .അധ്യാപകരുടെ ആശങ്കകള്‍.
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍
മെല്ലെ കോരിയെടുക്കാന്‍ വാ
ചന്ദനക്കിണ്ണം എന്ന പ്രയോഗം എന്തിനാണ് നടത്തിയത് എന്ന് കുട്ടിക്കു മനസിലായില്ല. അവര്‍ അതിനെ അവഗണിച്ചു. അത്തരം സന്ദര്‍ഭത്തില്‍ എന്തു ചെയ്യും.?വിശദീകരിച്ചു കൊടുക്കാമോ
പാടില്ല. അധ്യാപിക ഫോക്കസ് ചെയ്യണം. ചിട്ടയായി സംശയങ്ങള്‍ ഉന്നയിക്കണം.
  • ചന്ദനക്കിണ്ണം എന്ന വാക്ക് ആരെങ്കിലും പരിശോധിച്ചിരുന്നോ? എല്ലാവര്‍ക്കും ഒരേ ആശയമാണോ കിട്ടിയത്?
  • എനിക്കു തോന്നുന്നത് അത് നാം ഒന്നു കൂടി വിശകലനം ചെയ്യേണ്ടതുണ്ടെന്നാണ്. (പ്രതികണത്തിന് അവസരം നല്‍കണം)
  • അമ്പിളിക്കിണ്ണം എന്നു പ്രയോഗിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ എന്തെങ്കിലും കൂടുതല്‍ അര്‍ഥസൂചനകള്‍ ഇവിടെ ലഭിക്കുന്നുണ്ടോ? ( പ്രതികരണത്തിനു ക്ഷണിക്കല്‍)
  • മഞ്ഞ നിറത്തെ സൂചിപ്പിക്കാനായിരുന്നെങ്കില്‍ മഞ്ഞക്കിണ്ണം എന്നു പോരായിരുന്നോ? (ചിന്തയില്‍ വെല്ലുവിളിയുണര്‍ത്തല്‍)
  • ചന്ദനം എന്ന വാക്കു തന്നെ ഉപയോഗിച്ചതെന്തിനാകും? ( ഇങ്ങനെ ചിന്തയെ നയിക്കാം. )
  • കുട്ടികള്‍ വിശകലനത്തില്‍ മുന്നേറണം. അതിനുളള ഉറക്കെചിന്തിക്കലും നടത്താം. എനിക്കു തോന്നുന്നത് ചന്ദനത്തിന്റെ എന്തെല്ലാമോ സവിശേഷതകള്‍ കവി മനസില്‍ കണ്ടിട്ടുണ്ടാകുമെന്നാണ്.
  • ചന്ദനം ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ നിലാവിന്റെ കുളിര്‍മയും പരിശുദ്ധിയും നിറവും പ്രതിനിധീകരിക്കുന്ന പദൗചിത്യം കണ്ടെത്തണം. അതിലേക്കുളള ചിന്താപാതയാണ് ഒരുക്കേണ്ടത്.
  • ഈ വിശകലനാനുഭവം പിന്നീട് നിരന്തരം പ്രയോജനപ്പെടുത്തണം. പുതിയ കവിതകള്‍ വരുമ്പോള്‍ "ചന്ദനക്കിണ്ണം " എന്ന പദം ചിന്തയുടെ ഗതി നിയന്ത്രിക്കാനുളള സൂചകമായി ഉപയോഗിക്കാം. കുട്ടികളുടെ ഓര്‍മിയില്‍ ചില കാവ്യാനുഭവങ്ങള്‍ ശക്തമായി കിടക്കണം. അതിനെ അടിസ്ഥാനമാക്കി സമീപിക്കാനായി വീണ്ടും വീണ്ടും അതോര്‍മിപ്പിക്കാം.
  • ഇത്തരം ചര്‍ച്ച മറ്റു വരികളിലേക്കും വിശകലനാത്മക സഞ്ചാരം പ്രേരിപ്പിക്കും. അപ്പോള്‍ കുട്ടി വിശാലമായ കായലിനെ ആകാശത്തിന്റെ കണ്ണാടിയായി കാണും. താഴെയും മുകളിലും നിലാവു പൂത്ത ആകാശം.ആ മനോചിത്രം തന്നെ എത്ര ഗംഭിരം. കുഞ്ഞിളം കൈ.. കുഞ്ഞുമനസ് ആഗ്രഹിച്ച ചന്ദ്രന്‍ ഇതാ താഴെ. എങ്കില്‍ കോരിയെടുക്കാം.. കുട്ടിയുടെ പക്ഷത്തു നിന്നുളള ചിന്ത... നാലുവരിയുടെ നിലാച്ചന്ദനം കുട്ടികളുടെ തിരുനെറ്റിയില്‍.
4. ചിന്തയുടെ ചിട്ടപ്പെടലിന് ഗ്രാഫിക് ഓര്‍ഗനൈസര്‍
കുമാരനാശാന്റെ അമ്പിളി എന്ന കവിതയുടെ ആസ്വാദനപ്പട്ടിക സ്വയം പൂര്‍ത്തിയാക്കുക
ആസ്വാദന പരിഗണനകള്‍
ഞാന്‍ കണ്ടെത്തിയത്,
എന്റെ അഭിപ്രായം
കൂട്ടുകാരുടെ കണ്ടെത്തലുകളില്‍ എനിക്കു സ്വീകാര്യമായവ
  • കവിതയുടെ പൊതു ആശയം, പ്രധാന ആശയങ്ങള്‍


  • വാങ്മയ ചിത്രങ്ങളാല്‍ മികവുളള ഭാഗങ്ങളും അതിന്റെ മിഴിവും


  • എനിക്ക് എറ്റവും ഇഷ്ടപ്പെട്ട വരികള്‍
  • ( കാരണങ്ങള്‍)


  • ശബ്ദഭംഗിയുളള വരികള്‍
    ( ശബ്ദ ഭംഗിക്കു കാരണം)


  • സവിശേഷമായ അര്‍ഥം നല്‍കുന്ന പദങ്ങള്‍, പ്രയോഗങ്ങള്‍




  • പദങ്ങളുടെ ഔചിത്യം


  • കവിത
    എന്നിലുണര്‍ത്തിയ ചിന്തകള്‍ ഓര്‍മകള്‍
  • സമാന കാവ്യാനുഭവങ്ങള്‍


  • കവിത
    യിലെ ഭാവം, നിലപാട്, പക്ഷം..


ആസ്വാദനപ്പട്ടികയില്‍ നിന്ന് ആസ്വാദനചര്‍ച്ചയിലേക്ക്. ഗ്രൂപ്പിലും ക്ലാസില്‍ പൊതുവായും.അധ്യാപികയുടെ അസ്വാദനപ്പട്ടിക പരിചയപ്പെടല്‍.അതിനോടുളള പ്രതികരണം.( രണ്ടു മൂന്നു തവണ ആസ്വാദനപ്പട്ടിക തയ്യാറാക്കിയ അനുഭവം കാര്യങ്ങള്‍ ചിട്ടപ്പെടത്തുന്നതിനു കുട്ടിയെ പര്യാപ്തയാക്കും. ക്രമേണ ആസ്വാദനപ്പട്ടിക ഒഴിവാക്കാം)
  1. ആസ്വാദന തടസ്സങ്ങള്‍ പരിഹരിക്കണം. പദം പിരിച്ചു പദച്ചേരുവ മനസിലാക്കിയില്ലെങ്കില്‍ തെറ്റായ അര്‍ഥം ലഭിച്ചേക്കാം. അതിനുളള നല്ല ഉദാഹരണമാണ് 'മോഹനാകൃതിക്കുണ്ടി,തന്‍ പിന്നാലെ". വ്യക്തിഗത വായന കഴിഞ്ഞ് രണ്ടാം വായന പദച്ചേരുവ മനസിലാക്കി വേണം. ഗ്രൂപ്പില്‍ വരികള്‍ മാറി മാറി നിറുത്തി നിറുത്തി വായിച്ച് പിന്നെ ചേര്‍ത്തു ചൊല്ലിപ്പോകണം.
  2. കുട്ടികളുടെ ആസ്വാദനക്കുറിപ്പുകള്‍ മെച്ചപ്പെടുത്തുക എന്നതിനര്‍ഥം ആസ്വാദനശേഷി മെച്ചപ്പെടുത്തുക എന്നാണ്. അതിന് എല്ലാവരും കടന്നു പോയ കവിത തന്നെ പരിഗണിക്കണം. അമ്പിളിയുടെ ഗ്രാഫിക് ഓര്‍ഗനൈസര്‍ എഴുതിയ കുട്ടികള്‍ക്ക് ചില സംശയങ്ങള്‍ കാണും. പൊതു ചര്‍ച്ച നടത്തി അവ പരിഹരിക്കണം. ഗ്രാഫിക് ഓര്‍ഗനൈസറിലെ ഓരോ ഇനവും ഓരോ കുട്ടിയും ഓരോരോ രിതിയിലാവും കണ്ടിട്ടുണ്ടാവുക.അത് ഓരോന്നായി പൂര്‍ണപങ്കാളിത്താവതരണം നടത്തി കൂട്ടിച്ചേര്‍ത്തും മിനുക്കിയും ശോഭിപ്പിക്കണം. ചിന്തയുടെ വര്‍ണരാജി .
  3. അന്ധധാരണകളുണ്ടാകാതെ നോക്കണം. ആസ്വാദനക്കുറിപ്പ് എഴുതുമ്പോള്‍ ആദ്യം കവിയെ പരിചയപ്പെടുത്തണം എന്നു സുപ്രീംകോടതി വിധിയൊന്നുമില്ല. കവിതയെ എങ്ങനെ പരിചയപ്പെടുത്താം? വൈവിധ്യമുളള രീതികളുടെ പരീക്ഷണം നടത്തണം. കവിതയുടെ നാലുവരി. അല്ലെങ്കില്‍ ഏറ്റവും ആസ്വാധ്യാനുഭവം തന്ന കാര്യം, അതുമല്ലെങ്കില്‍ ഈ കവിത വായിച്ചില്ലായരുനനെങ്കിലുണ്ടാകാവുന്ന നഷ്ടസൂചന, കവിതയുടെ മഹത്വം, കവിയുടെ പക്ഷം, നിലപാട് എന്നിവയിലൂടെ കവിതയിലേക്കെത്തല്‍... ഇങ്ങനെ പല തുടക്കസാധ്യത ആലോചിക്കണം. ആശയ ക്രമീകരണവും പ്രധാനമാണ്. ഗ്രാഫിക് ഓര്‍ഗനാസറിലെ ഇനങ്ങള്‍ക്കു താന്‍ നിശ്ചയിക്കുന്ന ക്രമം നല്‍കാം. അവയുടെ മുത്തുകോര്‍ക്കല്‍ അതിലും പ്രധാനം തന്നെ. ഇവയൊക്കെ ക്ലാസില്‍ പ്രോസസ് ചെയ്യണം. പലപ്പോഴും അവ ഉണ്ടാകാറില്ല.
  4. കവിതാശില്പശാലയിലേക്ക്. കുട്ടികള്‍ കവിതയുടെ സൃഷ്ടാക്കള്‍ കൂടിയാകണം. അതിനും വിദ്യാലയത്തില്‍ പ്രതിമാസം അവസരം കിട്ടണം. പഠനപ്രവര്‍ത്തനത്തിന്റെ വാലായുളള രചന മാത്രം പോര.
  5. കാവ്യവാരം. ആലോചിച്ചു കൂടേ? .
അധ്യാപികയുടെ തിരിച്ചറിവുകള്‍ തുടരാലോചനകള്‍
പാഠം അമ്പിളി
പാഠം ഗ്രാഫിക് ഓര്‍ഗനൈസര്‍ ഉപയോഗിച്ചുളളതൊഴികെ ഒരു പ്രവര്‍ത്തനവും നടത്താതെ നേരിട്ട് ആസ്വാദനക്കുറിപ്പെഴുതാനായി നല്‍കി. കാവ്യചര്‍ച്ചയുടെ മുന്നനുഭവത്തെ പ്രയോജനപ്പെടുത്താനാണ് പറഞ്ഞത്.
  1. കുട്ടികള്‍ അതിശയിപ്പിച്ചു. ഏതു പുതിയ കവിതയും അവര്‍ക്കു വഴങ്ങും.
  2. ഗ്രാഫിക് ഓര്‍ഗനൈസര്‍ ചെയ്തത് ആസ്വാദനക്കുറിപ്പിനെ മെച്ചപ്പെടുത്തി. ഇനിയും മെച്ചപ്പെടാനുണ്ട്.
  3. എല്ലാവരും ഒരേ പോലെ തുടങ്ങി. വൈവിധ്യമില്ല.
  4. മനോഹരമായ വാക്യങ്ങളെല്ലാവര്‍ക്കും വഴങ്ങുന്നു. ആ മനോഹാരിത അവര്‍ക്ക് ഫീഡ് ബാക്ക് ആയി ലഭിക്കണം. അഭിമാനച്ചാര്‍ട്ട് തയ്യാറാക്കണം. അതില്‍ ശ്രദ്ധേയമായ രീതിയിലെഴുതിയ ഭാഗം മാത്രം ഓരോരുത്തരും നിര്‍ദ്ദിഷ്ട സ്ഥലത്ത് എഴുതണം
  5. ആശയക്രമീകരണത്തിലും വൈവിധ്യം വരുത്തണം. മുന്‍ഗണന നിശ്ചയിക്കണം. കവിതിലെ ക്രമത്തില് തന്നെ എഴുതാനാണ് കുട്ടികള്‍ ശ്രമിച്ചത്. ആസ്വാദനപ്പട്ടികയിലെ ക്രമവും അതേപോലെ പാലിക്കേണ്ടതില്ല എന്നു ബോധ്യപ്പെടണം
  6. ഇനിയും കണ്ടെത്തല്‍ നടത്താമായിരുന്നു. വെളളിമേഘശകലങ്ങളാം നുര,വിണ്ണാകും , ദേവകള്‍, കളിയാടിത്തുഴയുക,വെളളിയോടം എന്നീ പദങ്ങളുളള രണ്ടാം പാദം വീണ്ടും പരിഗണിക്കാനാവശ്യപ്പെടണം. ഈ പദങ്ങള്‍ നല്‍കുന്ന സൂചനകളെല്ലാം കണ്ടെത്തിയോ? അവരുടെ ചിന്തയെ മൂര്‍ച്ചയുളളതാക്കണം. ഇതേ പോലെ മറ്റു ഭാഗങ്ങള്‍ സ്വയം പുനര്‍വിശകലനം ചെയ്യാനാവശ്യപ്പെടണം. ആസ്വാദനക്കുറിപ്പെഴുതി എന്നത് പാഠം അടച്ചു എന്നതിന്റെ അടയാളമല്ല. പാഠം തുറക്കാനുളള അവസരമാണ്.
  7. ഭാഷാഭംഗി എന്താണെന്നു കുട്ടികള്‍ രചനാവേളയില്‍ ആലോചിക്കുന്നില്ല. തെറ്റുതിരുത്തലല്ല അത്, കൂടുതല്‍ മിനുക്കിയെടുക്കലാണ്. മിനുക്കിന്‍ മിടുക്ക്- അതിന്റെ പ്രക്രിയ പരിചയപ്പെടുത്തണം
  8. കവിയെ പരിചയപ്പെടുത്തല്‍ യാന്ത്രികമാണ്. കവിത നന്നായി അസ്വദിച്ച കുട്ടി കവിയെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കണം.
  9. വാക്യഘടനാപരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. പ്രതിധ്വനി വായന നടത്തണം. കുട്ടിയുടെ വായനയെത്തുടര്‍ന്നതേ ഭാഗം അധ്യാപിക വായിക്കല്‍. അപ്പോള്‍ തിരിച്ചറിയുവാന്‍ സഹായകമായ വിധം വേണ്ടിടത്ത് ഊന്നല്‍ നല്‍കണം.
  10. കണ്‍സല്‍ട്ടന്‍റ്. അധ്യാപിക ഇവിടെയുണ്ട്. വഴിമുട്ടുമ്പോള്‍ സമീപിക്കണം. പദവുമായി വരാം.പ്രയോഗവുമായി വരാം.മനസിലാകാത്ത ഭാഗവുമായി വരാം. ചിന്താതടസ്സം നീക്കാനുളള ചോദ്യം കിട്ടും.
  11. അക്ഷരത്തെറ്റ് -മനോഭൂപടം, എഡിറ്റര്‍മാരുടെ സഹായവും മേലൊപ്പും.
  12. കവിതയില്‍ നിന്നും വരികള്‍ ഉദ്ധരിച്ചെഴുതുന്നതിന്റെ രീതി, ഗുണം, തെരഞ്ഞെടുപ്പിന്റെ ഔചിത്യം എന്നിവ ചര്‍ച്ച ചെയ്യണം
  13. ഒരേ കാര്യത്തോട് എല്ലാവരും എങ്ങനെ സമീപിച്ചു എന്നറിയിക്കണം. കൂടുതല്‍ സാധ്യത മനസിലാക്കാന്‍ സഹായകം
  14. കവിത വായിക്കാത്ത ഒരാള്‍ക്ക് വ്യക്തമാകും വിധം തെളിവും ഉദാഹരണങ്ങളും നല്‍കാനും കഴിയണം
  15. അധ്യാപികയുടെ രചന. ( പല രീതിയില്‍ തുടങ്ങാനുളള ശ്രമം, പലമാനങ്ങളില്‍ കാണാനാകുമെന്ന വെളിച്ചം, എഴുത്തിലെ പദങ്ങളുടെ തെരഞ്ഞെടുപ്പ്, വെട്ടിത്തിരുത്തിയെങ്ങനെ മെച്ചപ്പെടുത്തിയെന്നു കുട്ടികള്‍ കാണുന്ന മാതൃക. രചനാ പ്രക്രിയ കരടും അസലും പരിചയപ്പെടുത്തണം. അധ്യാപികയുടെ ആലോചനാനുഭവം കൂടി പങ്കിടണം. അറിയാനായി നടത്തിയ ശ്രമങ്ങള്‍..)
  16. ഓരോ ആഴ്ചയും കവിത ആസ്വദിച്ചവതരിപ്പിക്കുന്ന അധ്യാപികയാകാനെന്തു ചെയ്യണം?



അനുബന്ധം.1
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍
മെല്ലെ കോരിയെടുക്കാന്‍ വാ

മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം (2)പിന്നില്‍ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീര്‍ത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ( വെണ്ണിലാ...)കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട് (വെണ്ണിലാ..)

Saturday, September 14, 2013

വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഓണദര്‍ശനമുണ്ണാറുണ്ടോ?

"ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
....................................

നാരിമാര്‍,ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം..."
മാവേലിപ്പാട്ടിലെ വരികളാണ്.. ആലയമൊക്കെയുമൊന്നു പോലെ എന്ന അവസ്ഥയുടെ ചിന്ത തന്നെ എത്രമേല്‍ നമ്മെ മാറ്റിമറിക്കും? ആലയങ്ങളില്‍ പെടുന്നതാണ് വിദ്യാലയവും. അതിന്റെ സ്ഥിതി ആലോചിച്ചു നോക്കൂ. പണക്കാരനും വന്‍കിടക്കാര്‍ക്കും മണിമാളികവിദ്യാലയം. ഇന്റര്‍നാഷണല്‍ ..അവിടെയും അത്തപ്പൂക്കളമത്സരം നടത്തും. ഇടത്തരക്കാരുടെ ആശ്രയമാണ് സ്വാശ്രയം. അണ്‍ എയ്ഡഡ് എന്നു പേര്. വിദ്യാലയം ഏണ്‍ എയിഡഡാണെങ്കില്‍ ചേര്‍ത്തുകൂടാ. കലാലയം സ്വാശ്രയമാണെങ്കില്‍ ചേര്‍ക്കാന്‍ വിരോധമില്ല. (കളളപ്പറയുടെ പുതു രൂപങ്ങളില്‍ നമ്മെത്തന്നെയാണല്ലോ അളക്കുന്നത്!?)
ഇതെല്ലാം വിസ്തരിക്കാന്‍ കാരണമുണ്ട് . ഓണം ഓര്‍മിപ്പിക്കുന്നത് സമത്വത്തിന്റെ ദര്ശനമാണ്. വിദ്യാലയങ്ങളില്‍ സദ്യയും പൂക്കളവുമാണ് ഓണം.കുട്ടികള്‍ ഓണദര്‍ശനമുണ്ണുന്നില്ല. വാമനത്വം ഗുരുക്കളേയും ബാധിച്ചുവോ? അതില്‍ നിന്നും വ്യത്യസ്തമായി ചിന്തിച്ച വിദ്യാലയങ്ങളുണ്ട്. പാടം എല്‍ പി സ്കൂള്‍ അത്തരത്തിലൊന്നാണ്.
കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ നടുവത്തുമൂഴി വനമേഖലയിലാണന് വെള്ളംതെറ്റി മലമ്പണ്ടാര കോളനി. അവിടെ ഇരുപത്തിരണ്ടു കുടുംബങ്ങള്‍. വിദ്യാലയത്തില്‍ പോകേണ്ട പ്രായത്തിലുളള പത്തു കുട്ടികള്‍ ആധുനിക വിദ്യാവെളിച്ചമറിയാത്തവരായി കഴിയുന്നു. അടുത്ത എല്‍ പി സ്കൂളിലേക്ക് നാലര കിലോമീറ്റര്‍ ദൂരം. അതില്‍ രണ്ടു കിമി കൊടും വനം. കാട്ടാനകളുടെ സഞ്ചാരപഥം. ഏക വിദ്യാഭ്യാസ കേന്ദ്രം അങ്കണവാടി. അവിടെ പതിനൊന്നു വയസുളളവരും അക്ഷരം പഠിക്കുന്നു! എത്ര വയസുവരെ അക്ഷരം പഠിക്കും?അപ്പുറം പഠിക്കുന്നതെപ്പോഴാണ്? ജനാധിപത്യം അരികിലേക്കു തളളിക്കളഞ്ഞ ജീവിതങ്ങള്‍ അവരുടെ പങ്കപ്പാട് അവരുടെ ജന്മപാപമത്രേ?

ഏതായാലും  അറിവിന്റെ ലോകത്തുനിന്ന് അകലുന്ന ആദിവാസി കുട്ടികളെ പഠിപ്പിക്കാനുള്ള ദൗത്യത്തിലാണ് പാടം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. അതിനായി കാട്ടാനകളുള്ള കാട്ടിലെത്തി അവര്‍ ആദിവാസിമൂപ്പന്റെ അനുമതി തേടി. കോളനിയിലെ കുട്ടികളെ മധുരം നല്കി തങ്ങളുടെ സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷത്തിന് ക്ഷണിച്ചു. തങ്ങള്‍ക്കൊപ്പം സ്‌കൂളിലേക്ക് അവരെയും പഠിക്കാന്‍ അയയ്ക്കണമെന്ന ആവശ്യവും കുട്ടികള്‍ മൂപ്പനോട് പറഞ്ഞു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. അരുന്ധതി, പി.ടി.. പ്രസിഡന്റ് ശശി, സീനിയര്‍ അസിസ്റ്റന്റ് എ.ഷാനിഫാ,അധ്യാപകരായ ബി.ഷഹനാ, ബി.ഫൈസല്‍, ബി.ഷാജി എന്നിവരും രക്ഷാകര്‍ത്താക്കളും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ ഇവര്‍ക്കായി തുമ്പിതുള്ളല്‍, കുമ്മാട്ടിക്കളി ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങളും ഒരുക്കി.ഓണം എന്തെന്ന് അറിയാനും ഓണസദ്യ ഉണ്ണുന്നതിനുമായി അവര്‍ 12പേര്‍ കാട്ടില്‍നിന്ന് നാട്ടിലേക്കെത്തി.ആദിവാസിക്കോളനിയില്‍നിന്നെത്തിയ എട്ടുവയസ്സുകാരി സുചിത്രയും ആവേശത്തോടെ പാട്ടുപാടി.കാട്ടില്‍നിന്ന് സ്‌കൂളിലേക്കെത്തിയ ആദിവാസിസംഘത്തെ വരവേല്‍ക്കാന്‍ സ്‌കൂള്‍ക്കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം നിരവധി രക്ഷാകര്‍ത്താക്കളും എത്തി. യാത്രാസൗകര്യമാണ് സ്‌കൂളിലേക്ക് അയയ്ക്കുന്നതിന് പ്രശ്‌നം .

വിദ്യാഭ്യാസ അവകാശനിയമം പ്രബല്യത്തില്‍ വന്നിട്ട് രണ്ടു വര്‍ഷമാകുന്നു. അപ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഈ ബ്ലോഗില്‍ സമാനമായ കാര്യങ്ങള്‍ ഇതിനു മുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ട്
എന്തെല്ലാമായിരുന്നു പറഞ്ഞത്‍

  • എസ് എം സി കൂടി വിദ്യാലയപ്രദേശത്തെ മുഴുവന്‍ കുട്ടികളേയും സ്കൂളിലെത്തിക്കും
  • ലോക്കല്‍ അഥോറിറ്റി കുട്ടികളുടെ രജിസ്റ്റര്‍ തയ്യാറാക്കി വിദ്യാലയ പ്രവേശനം ഉറപ്പാക്കും
  • വിദ്യാലയപ്രാപ്യതാ തടസ്സമുളളയിടങ്ങളില്‍ വാഹനസൗകര്യമേര്‍പ്പെടുത്തും
  • സ്കൂള്‍ മാപ്പിംഗ് നടത്തും
  • അയല്‍പക്ക വിദ്യാഭ്യാസം യാഥാര്‍ഥ്യമാക്കും
  • എല്ലാ കുട്ടികളും എട്ടാം ക്ലാസ് വരെ പ്രാഥമികവിദ്യ നേടുമെന്നു മോണിറ്റര്‍ ചെയ്യും.
    ഇപ്പോഴും കേരളത്തിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ കുട്ടികള്‍ പഠിക്കാനവസരമില്ലാതെ കഴിയുന്നു. പറിച്ചു നട്ടു പഠിപ്പിക്കുക എന്ന സമീപനമാണ് പലപ്പോഴും നാം സ്വീകരിക്കുക. ഹോസ്റ്റല്‍ സൗകര്യമില്ലേ? അവര്‍ക്കു വന്നു പഠിച്ചുകൂടേ? എന്നു ചോദിച്ചേക്കാം. മക്കളെ സ്നേഹിച്ചു വളര്‍ത്താനാഗ്രഹിക്കുന്ന മാതാപിതാക്കളെ ബോര്‍ഡിംഗ് സംസ്കാരം കാണുന്നില്ല. കുട്ടികള്‍ക്കും ചെറുപ്രായത്തില്‍ മാതാപിതാക്കളോടൊത്തുളള ജീവിതം പ്രധാനമാണ്. അവരുടെ സംസ്കാരത്തെ നിഷേധിച്ചല്ല പഠിപ്പിക്കേണ്ടതും.

  • അവരെ തൊട്ടടുത്ത വിദ്യാലയത്തിലെത്തിക്കാനൊരു വാഹനം ക്രമീകരിക്കാന്‍ കഴിയാത്തതെന്തു കൊണ്ട്
  • അല്ലെങ്കില്‍ ആ കോളനിയില്‍ ഒരു ബദല്‍ പാഠശാല ആരംഭിച്ചുകൂടേ ( സര്‍വശിക്ഷാ അഭിയാന്റെ ബദല്‍ സങ്കല്പത്തിനും ബദലായ വിദ്യാഭ്യാസം
  • തദ്ദേശസ്വയം ഭരണസ്ഥാപനത്തിന്റെ റോള്‍ എന്താണ്? അവരിതൊന്നും കാണുന്നില്ലേ
  • കുട്ടികളെ വിദ്യാലയത്തിലേക്കാകര്ഷിക്കുക എന്നതിനര്‍ഥം പണം പാഴാക്കുകയാണോ
  • ഈ കുട്ടികളെ പഠിപ്പിക്കാന്‍ ആദായകരം അനാദായകരമെന്നുളള സമീപനം വേണമോ
  • എല്ലാ ബഹുജനപ്രസ്ഥാനങ്ങളും ഈ കുട്ടികളുടെ ജീവിതത്തെ തോല്പിക്കുകയാണല്ലോ?
ഏതായാലും ഈ ഓണനാളില്‍ അരുന്ധതി ടീച്ചറും സംഘവും കാണിച്ച ഈ മഹത്തായ ശ്രമത്തെ എത്ര നല്ല വാക്കുകള്‍ കൊണ്ടെഴുതണമെന്നറിയില്ല.


Tuesday, September 10, 2013

പൂര്‍ണ വിദ്യാഭ്യാസം തന്നെ വിദ്യാലയ ലക്ഷ്യം


കലാവിദ്യാഭ്യാസത്തെക്കുറിച്ചുളള ലേഖനത്തിന്റെ രണ്ടാം ഭാഗം.(ചിത്രകലയുടെ അപമൃത്യു സംഭവിക്കുന്ന വിദ്യാലയങ്ങള്‍...ഒന്നാം ഭാഗം)
കലകള്‍ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല ,നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം കുട്ടികളേയും സര്‍ഗവാസനയുളള മറ്റുളളവരേയും കലകളിലേക്ക് തിരിയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു.
-NCF 2005
കുട്ടിയുടെ സമഗ്രവികാസം
സമഗ്രവികാസം സംബന്ധിച്ച് പല നിര്‍വചനങ്ങള്‍ ഉണ്ട്. വൈജ്ഞാനികവും സാമൂഹികവും വൈകാരികവും ശാരീരികവും സര്‍ഗാത്മകവുമായി വികാസം എന്നാണ് പൊതുവേ പറഞ്ഞുവന്നിരുന്നത്. വിദ്യാഭ്യാസത്തില്‍ വൈജ്ഞാനിക മാനം മാത്രം മുഖ്യപരിഗണന നേടുകയും മറ്റഉളളവ അവഗണിക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നു പരിശോധിക്കണം. കുട്ടികള്‍ ഭാവനയും കളിയും ഉപയോഗിച്ചു പഠിക്കുന്നതിനെക്കുറിച്ച് ഡ്യൂയി അടക്കമുളളവര്‍ സൂചിപ്പിച്ചിട്ടുണ്ട്. പരീക്ഷണം കാണുന്നതും ആശാരി തടിയില്‍ കൗതുകം തീര്‍ക്കുന്നതും ചെറിയകുട്ടികള്‍ക്ക് ഒരേ പ്രാധാന്യമുളളതാണ്. കലാമാധ്യമങ്ങളിലൂടെയുളള ആത്മപ്രകാശനം കുട്ടികളുടെ ആവശ്യമാണ്.
ബഹുമുഖ ബുദ്ധിയെക്കുറിച്ചുളള കണ്ടെത്തലുകള്‍ കലാപഠനത്തിന് പുതിയമാനം നല്‍കിയിരിക്കുന്നു. ബൗദ്ധികശേഷിയുടെ പരിഗണനയില്‍ വന്നു എന്നതു മാത്രമല്ല എല്ലാവരിലുമുളള സഹജമായ കഴിവാണ് സംഗീതവും ചിത്രകലയും അഭിനയവുമെല്ലാം എന്ന് വിലയിരുത്തപ്പെട്ടു. താരാട്ടു പാടാനുളള കഴിവ് മാതാപിതാക്കള്‍ക്കുണ്ടാകുന്നത് എന്തുകൊണ്ടാണ്? പരമ്പരകളുടെ നിലനില്പും വളര്‍ച്ചയും അനിവാര്യമാക്കുന്ന ജനിതകഘടകമായി സംഗീതം മാറുന്നില്ലേ?. അധ്വാനിക്കുന്നവരുടെ വിനോദക്കൂട്ടായ്മകള്‍ ആദിമസൂഹങ്ങളില്‍ കാണാം. ഇപ്പോഴും ആദിവാസി സമൂഹം വൈകുന്നേരങ്ങളില്‍ ഒന്നിച്ചു കൂടി പാട്ടുകള്‍ പാടുകയും ചുവടുകള്‍ വെക്കുകയും വാദ്യോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നു. ഈ കലാസന്ധ്യയീല്‍ എല്ലാവരും പങ്കെടുക്കും. എല്ലാവരും പാടുകയും ആടുകയും വാദ്യങ്ങള്‍ മാറിമാറി കൈകാര്യംചെയ്യുകയും ചെയ്യും. എല്ലാവരിലും ഈ ശേഷികള്‍ നിലനില്‍ക്കുന്നു. അട്ടപ്പാടിയില്‍ അടുത്തിടെ ഞാന്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. അഞ്ചുവയസില്‍ താഴെയുളള കുട്ടികള്‍ സിനിമാഗാനങ്ങളോട് പ്രതികരിക്കുന്നത് നിരീക്ഷിച്ചു. താളം അവരുടെ ഉളളില്‍ ഉണ്ട്. പാട്ടു കേള്‍ക്കുമ്പോള്‍ അനങ്ങാതെയിരിക്കാനവര്‍ക്കാകുന്നില്ല. അട്ടപ്പാടിയിലെ മുതിര്‍ന്നവര്‍ പറഞ്ഞത് വിദ്യാലയത്തില്‍ പോയിത്തുടങ്ങുന്നതോടെ അട്ടപ്പാടിയുടെ ഇളം തലമുറ താളം നഷ്ടപ്പെടുന്നവരായിത്തീരുന്നു എന്നാണ്.
വയനാട്ടിലെ ബൈരക്കുപ്പയുടെ സമീപത്തുളള ബാവലി സ്കൂളില്‍ ഞാന്‍ ഈ വര്‍ഷം പോയി.അടിയ, ഗൗഡ വിഭാഗങ്ങള്‍ കടുതലുളള പ്രദേശം. അവിടെയുളള എല്ലാ കുട്ടികളുടേയും കഴിവുകള്‍ ലിസ്റ്റു ചെയ്തു.അഞ്ചാം ക്ലാസിലെ ഏതാനം കുട്ടികളുടെ വിവരങ്ങള്‍ നോക്കൂ.
അജ്മല്‍ പി എച് ഏല്പിക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യും.എഴുത്തിലും വായനയിലും മികവുണ്ട്.സ്കൂള്‍ നിയമങ്ങള്‍ പാലിക്കുന്നു.പുസ്തകം,ബാഗ് വൃത്തിയായി സൂക്ഷിക്കും പാട്ടുപാടാനും കഥപറയാനും മിമക്രി മോണോ ആക്ട് തുടങ്ങിയവ അവതരിപ്പിക്കാനും ഇഷ്ടം. സ്പോര്‍ട്സ് ഇനങ്ങളില്‍ താല്പര്യം.ക്രിക്കറ്റ് താരമാകണം
സൂധിജ പാട്ടു പാടും നീന്തും ആടിനെ മേയ്ക്കും.
സൂബീഷ് ക്രിക്കറ്റ്,ഫുഡ്ബോള്‍ മീനിനെ പിടിക്കല്‍ സൈക്കിളോടിക്കല്‍.
ഫുഡ്ബോള്‍ താരമാകണം.
ശ്രീജിത് ട്രില്ലറോടിക്കാനറിയാം.പാട്ടു പാടും കഥ പറയും കഥയെഴുതും.ക്രിക്കറ്റ് കളിക്കും.ഡ്രൈവറാകണം
ഷീജ ചിത്രം വരയ്ക്കും നൃത്തം ചെയ്യും പാട്ടുപാടും വീട്ടുജോലി ചെയ്യും
ധനുഷ പാട്ടുപാടും നീന്തും വീട്ടു ജോലി നന്നായി ചെയ്യും.
ഈ കുട്ടികളുടെ സഹജമായ കഴിവ് പരിപോഷിപ്പിക്കാന്‍ നിലവിലുളള അധ്യാപകര്‍ക്ക് കഴിയുന്നില്ല. പാഠ്യപദ്ധതി നിര്‍ബന്ധിക്കുന്നുമില്ല. എന്താണ് ഫലം കുട്ടികള്‍ വിദ്യാലയത്തിലെത്താന്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല.വിദ്യാഭ്യാസത്തിന്റെ പരിഗണനയില്‍ വ്യക്തികളുടെ കഴിവുകള്‍ , താല്പര്യം എന്നിവ വരുന്നില്ലെങ്കില്‍ അതെങ്ങനെ ശിശുകേന്ദ്രിതമാകും?
    ബഹുമുഖ ബുദ്ധിവികാസവും കലാപഠനവും
ബഹുമുഖ ബുദ്ധിയുടെ എട്ടു മാനങ്ങളില്‍ പെട്ടവയെന്ന നിലയില്‍ സംഗീതപരബുദ്ധി, ശാരീരികചലനപരബുദ്ധി, ദൃശ്യസ്ഥലപരബുദ്ധി എന്നിവയെ സമീപിക്കുന്നവര്‍ തന്നെ ഭാഷാപരബുദ്ധിക്കും ഗണിതപരബുദ്ധിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പ്രവണതയുണ്ട്. എല്ലാ വിധ ബുദ്ധിവിശേഷതകളേയും സ്വാധീനിക്കുന്നതാണ് കലാപഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.അവ കലയില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. എല്ലാ മാനങ്ങളിലുമുളള ബുദ്ധിയുടെ വികാസത്തിന് കല എങ്ങനെ പ്രയോജനപ്പെടുന്നുവെന്നു നോക്കാം.
ബഹുമുഖ ബുദ്ധി
നൃത്തം, അഭിനയം, രംഗകല
സംഗീതം
ശാരീരിക ചലനപരമായ ബുദ്ധി
സ്ഥൂല പേശികളുടേയും സൂക്ഷ്മ പേശികളുടേയും നിയന്ത്രണം നടക്കുന്നു. ചെറിയ ഭാവവ്യത്യിനം പോലും മുഖത്ത് വരുത്താനുളള നൈപുണി. ചുവടുവെക്കാനും ശരീരത്തെ സന്ദര്‍ഭാനുസരണം വിവിധ രീതികളില്‍ അര്‍ഥവത്തായി ഉപയോഗിക്കാനുമുളള കഴിവ് (.നടന്റെ, നടിയുടെ ,നര്‍ത്തകന്റെ, തുളളല്‍ക്കാരന്റെ അവതരണവും ശിക്ഷണവും പരിശോധിക്കുക.)
വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ശാരീരികചലനപരമായ നൈപുണി, ഗായകരുടെ ശബ്ദനിയന്ത്രണത്തിനുളള കഴിവ്,
ഗണിത യുക്തിചിന്താപരമായ ബുദ്ധി
നൃത്തത്തിലെ താളബദ്ധമായ ചുവടുവെപ്പുകള്‍ , കാലബോധം,സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തല്‍.
സംഗീതതതിലെ ഗണിതം.
താള വിന്യാസം ഗണിതപരമാണ്. ശബ്ദത്തിന്റെ പാറ്റേണ്‍, ക്രമീകരണം, എണ്ണം, അവര്‍ത്തനം എന്നിവയിലെല്ലാം ഗണിതമുണ്ട്. ക്രമമായ ചലനമാണ് താളം . ചലനത്തിനു പല ക്രമങ്ങള്‍ . ചലനത്തിന്റെ ദൈര്‍ഘ്യം, സ്വഭാവം, എന്നിവയ്ക്കനുസരിച്ചുണ്ടാകുന്ന പാറ്റേണുകളാണു് വിവിധതാളങ്ങള്‍. താളത്തിന്റെ അടിസ്ഥാനസങ്കല്പങ്ങളിലെല്ലാം ഗണിതത്തിന്റെ സാന്നിദ്ധ്യമുണ്ട്
പ്രകൃതിപരമായ ബുദ്ധി
പ്രകൃതിയിലേയും ജിവിതത്തിലേയും സൂക്ഷ്മ ഭാവങ്ങളും ചലനങ്ങളും നീരീക്ഷിച്ചാല്‍ മാത്രമേ അവയുടെ പുനസൃഷ്ടി സാധ്യമാകൂ. പ്രേക്ഷകരിലേക്ക് വൈകാരികമായ അനുഭൂതി പകരാനിത് ആവശ്യമാണ്.നാടകത്തിലെ രംഗപടം, ദീപവിന്യാസം, വസ്ത്രാലങ്കാരം എന്നിവയിലെല്ലാം പ്രകൃതിപരമായ ബുദ്ധിയുടെ പ്രയോജനപ്പെടുത്തലുണ്ട്.
ഗായകരുടെ ഭാവതലത്തെ സ്വാധീനിക്കുന്ന ഘടകം അവര്‍ക്കുളള അനുഭവങ്ങള്‍ കൂടിയാണ്. കടലനുഭവം ഉളള ഓരാള്‍ സാഗരത്തിന്റെ വിഭിന്നഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഗാനം പാടുമ്പോള്‍ അയാളുടെ മനോചിത്രം ഗാനത്തെ സ്വാധീനിക്കും. ഗാനങ്ങളിലെ പ്രകൃതിവര്‍ണനകള്‍ പുതിയരീതിയില്‍ പ്രകൃതിയെ കാണുന്നതിനു പ്രേരകമാവുകയും ചെയ്യും. പ്രകൃതിനാദങ്ങള്‍ വാദ്യോപകരണങ്ങളില്‍ സൃഷ്ടിക്കുന്നതിനുളള അനുഭവം. സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയത് പ്രകൃതിയില്‍നിന്നാണെന്ന നിരീക്ഷണം .
വ്യാക്ത്യാന്തര ബുദ്ധി
കൂട്ടായ്മയുടെ ഉല്പന്നമാണ് രംഗകലകള്‍ എന്നതിനാല്‍ സഹവര്‍ത്തിതസംസ്കാരം വളരുന്നു. മാനസീകമായ ഐക്യപ്പെടല്‍. ഒരു ലക്ഷ്യത്തിനുവേണ്ടി മനസര്‍പ്പിച്ചൊത്തൊരുമയോടെ പ്രവര്‍ത്തിക്കല്‍
സംഗീതം ആലപിക്കുന്നിതിനു മുമ്പുളള ഒരുക്കങ്ങള്‍ ആലോചിക്കുക. സംഗീതസംവിധായകന്‍, റിഹേഴ്സല്‍, വാദ്യോപകരണക്കാര്‍.അവരുടെ റോള്‍..സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ സംഗീതം സംഘപ്രവര്‍ത്തനഫലമാണെന്നു കാണാന്‍ കഴിയും.
ആന്തരിക വൈയക്തിക ബുദ്ധി
ആത്നവിശ്വാസം വര്‍ധിക്കുന്നു. സ്വന്തം കഴിവുയര്‍ത്താനുളള ശ്രമം നടക്കുന്നു.താദാത്മ്യം പ്രാപിക്കുന്നു. മറ്റുളളവരുടെ പക്ഷത്തു നിന്നും നോക്കിക്കാണാന്‍ അവസരം ലഭിക്കുന്നു.
ഭാഷാപരമായ ബുദ്ധി
നാടകരചന, സംഗീതരചന, നിരൂപണം, നാടകത്തിലേയും സംഗീതത്തിലേയും സാഹിത്യാസ്വാദനം, രംഗകലയുടെ ഭാഷ തിരിച്ചറിയല്‍ .
സംഗീതത്തിന്റെ സാഹിത്യം സ്വാംശീകരിക്കാതെ ആലാപനം നന്നാകില്ല.
സംഗീതപരബുദ്ധി
നാടകത്തില്‍ പശ്ചാത്തല സംഗീതവും സംഗീതവും പ്രയോജനപ്പെടുത്തുന്നതിനാല്‍ ഈ കഴിവ് വളര്‍ത്താനവസരം. നര്‍ത്തകിയുടെ ഉളളില്‍ സംഗീതവും താളവും ഒന്നുമില്ലെങ്കില്‍ ചുവടുകള്‍ പൊരുത്തപ്പെടില്ല.(സംഭാഷണങ്ങളില്‍ ഒതുക്കാനാവാത്ത വൈകാരിക തീക്ഷ്ണതകള്‍, ഒരു പാട്ടിലൂടെയോ തീവ്രമായ പശ്ചാത്തല സംഗീതത്തിലൂടെയോ നാടകവേദിയില്‍ ഒരുക്കാന്‍ കഴിയും.)
സംഗീതപരബുദ്ധി
ദൃശ്യ സ്ഥരപരബുദ്ധി
അരങ്ങിലെ സ്ഥലവും സ്ഥാനവും പരിഗണിക്കാതെ അവതരണം ഫലപ്രദമാകില്ല. നര്‍ത്തകിയുടെ കാര്യത്തിലായാലും അഭിനേതാവിന്റെ കാര്യത്തിലായാലും.രംഗസജ്ജീകരണത്തിലേര്‍പ്പെടുന്നവരുടെ കഴിവ്.
സംഗീത ആല്‍ബം നിര്‍മിക്കുമ്പോള്‍ ഇത് പ്രയോജനപ്പെടുകയും വളരുകയും ചെയ്യും.
സാംസ്കാരിക വിദ്യാഭ്യാസം
നാടിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് നാം തോരാതെ സംസാരിക്കും. പ്രതിജ്ഞ എടുക്കും
"ഞാന്‍ എന്റെ നാടിനെ സ്നേഹിക്കുന്നു , അതിന്റെ സംപൂര്‍ണവും വൈവിധ്യവുമായ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ആ സമ്പത്തിനു അര്‍ഹയാകുവാന്‍ ഞാന്‍ എപ്പോഴും പരിശ്രമിക്കുന്നതാണ്.” 
സത്യത്തില്‍ നാം മനസില്‍ തട്ടിയാണോ പ്രതിജ്ഞ എടുക്കുന്നത്.? സാംസ്കാരിക പാരമ്പര്യത്തിന് അര്‍ഹയാകുവാന്‍ എപ്പോഴും പോയിട്ട് വല്ലപ്പോഴുമെങ്കിലും ആത്മാര്‍ഥമായി ശ്രമിച്ചുവോ? അട്ടപ്പാടിയുടെ സാംസ്കാരികപാരമ്പര്യം കേരളത്തിന്റേതു കൂടിയാണല്ലോ. അവരുടെ വാദ്യോപകരണങ്ങളെയും കലകളേയും പരിചയപ്പെടാം. 
1)ത്വിറ്റി ( ചുരക്കുടക്കയില്‍ മുളങ്കുഴല്‍ വെച്ചുളളത് അന്യം നിന്നും പോയി.), 2)പീക്കി(കുറുങ്കുഴല്‍, കൊകാല്‍- എന്നും പേര്.ഞാനപ്പുല്ല്‌ (നറുക്ക്‌) , കോഴിറാക്ക (കോഴിത്തൂവലിന്റെ തണ്ട്‌),ആനക്കാല്‌ (കാന്താരി മുളകിന്റെ തണ്ട്‌ ചെത്തി ഉണ്ടാക്കുന്നത്‌), അളള്‌ (പാലമരം ചെത്തി ഉണ്ടാക്കുന്നത്‌), തണ്ട്‌ (പാലമരം),കൊട (പാലമരം). എന്നിവ കൊണ്ടു നിര്‍മിക്കുന്നു.തണ്ടിന്‌ ഒരു ചാണ്‍ നീളം . ആറു കണ്ണുകള്‍. (ദ്വാരങ്ങള്‍) കുഴലിന്നുണ്ടാകും. കൊടയ്‌ക്ക്‌ രണ്ടിഞ്ച്‌ നീളവും10 ഇഞ്ച്‌ വ്യാസവും. ഈ ആറുഭാഗങ്ങളും നൂലുകൊണ്ട്‌ ബന്ധിച്ചിരിക്കും.)
3)തെരളി(ഓടക്കുഴല്‍),
 4) ചേങ്കില
5)മങ്കെ(ചെറുവിരലിന്റെ വണ്ണമുളള ഒരു കുഴലാണ്‌ . ഓടക്കുഴലിന്റെ വലുപ്പമുളള ഇതിന് ആറ്‌ കണ്ണുകള്‍ ഉണ്ട്).
പാട്ടും ആട്ടവുമായി അരങ്ങേറുന്ന ഇരുളരുടെ രംഗാവതരണത്തിന്‌ പീക്കി, പെറ, മത്തളം, ജാലറ (താളം) എന്നീ നാലു വാദ്യങ്ങളും ഉണ്ടാകും. കൊട്ടുകാര്‍ രണ്ടുപേര്‍ ജോഡിയായി മുന്നിലുണ്ടാകും. അടുത്തു തന്നെ പീക്കിക്കാരനും. അവര്‍ക്ക്‌ പിന്നാലെയാണ്‌ ആട്ടക്കാര്‍. എന്നാല്‍ ഒരു സ്ഥലത്ത്‌ വട്ടത്തില്‍ നൃത്തം വെയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ വാദ്യക്കാര്‍ നടുവിലാകും. കരടിപ്പാട്ട്‌ പാരാമ (പരുന്തു പാട്ട്‌) (പാരു=പരുന്ത്‌), കുമ്മിപ്പാട്ട്‌ മുതലായ പാട്ടുകള്‍ നൃത്തം ചെയ്യുന്നവര്‍ തന്നെയാണ്‌ പാടാറ്‌. സ്‌ത്രീകളും പുരുഷന്മാരും ചേര്‍ന്നാണ്‌ വൃത്താകാരത്തിലുളള ആട്ടം നടത്തുന്നത്‌.ഓരോ പ്രദേശത്തിനും ഇത്തരം പാരമ്പര്യം ഉണ്ട്. അവ പഠിക്കാനോ പരിശീലിക്കാനോ പോഷിപ്പിക്കാനോ ശ്രമിക്കാതെ നാം റോഡ്ഷോകള്‍ക്കുളള അലങ്കാരമായി ഇവയെ തരം താഴ്ത്തുന്നു. കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തെ അറിയാതെ വളരുന്ന കുട്ടി പൂര്‍ണവിദ്യാഭ്യാസത്തിന്റെ പരിധിക്കു പുറത്താണ്.( അവലംബം. നാട്ടറിവുകള്‍..www.puzha.com/puzha/cgi-bin/generate-article)

ഗവേഷണപഠനഫലങ്ങള്‍ കലാവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നു
  • 25000 മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പത്തുവര്‍ഷത്തോളം നിരീക്ഷിക്കുകയും അവരുടെ അക്കാദമികനേട്ടവും കലാവിദ്യാഭ്യാസത്തിലെ പങ്കാളിത്തവും വിശകലനം ചെയ്യുകയുമുണ്ടായി, വളരെ സമഗ്രമെന്നു പറയാവുന്ന ഈ പഠനത്തിലും കുട്ടികളുടെപഠനനേട്ടവും മനോഭാവവും പെരുമാറ്റവും കലാപഠനവുായി അനുകൂലബന്ധമുളളതാണെന്നു കണ്ടെത്തി.(Catterall, Chapleau, & Iwanaga, 1999). , സാമൂഹിക സാമ്പതതിക സ്ഥിതിയില്‍ താരതമ്യേന പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളില്‍കലാപഠനത്തില്‍ നന്നായി പങ്കെടുത്ത നാല്പത്തിമൂന്നു ശതമാനം കുട്ടികളും ഭാഷയില്‍ ഉയര്‍ന്ന രണ്ടു ഗ്രേഡുകളില്‍ പെടുമ്പോള്‍ കലാവിദ്യാഭ്യാസത്തില്‍ പങ്കെടുക്കാത്തവലരിലെ ഇരുപത്തിയെട്ടു ശതമാനം കുട്ടികള്‍ മാത്രമോ ഉയര്‍ന്ന നിലക്കാരായുളളൂ. മൊത്തം കുട്ടികളെ പരിഗണിച്ചാല്‍ ( സാമൂഹിക സാമ്പത്തിക നില കണക്കിലെടുക്കാതെ) എഴുപതു ശതമാനം കുട്ടികള്‍ ഉയര്‍ന്ന നിലവാരം പ്രകടിപ്പിച്ചപ്പോള്‍ കലാപഠനത്തില്‍ മുഴുകാത്തവരില്‍ നാല്പത്തിയാറു ശതമാനത്തിനേ മികച്ച പ്രകകടനം ഭാഷയില്‍ പ്രത്യേകിച്ചും വായനയില്‍ കൈവരിക്കാനായുളളൂ.
  • ജ്യോര്‍ജിയയില്‍ ആറുലക്ഷം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍ ഏതൊക്കെ ജില്ലകളില്‍ കലാപഠനത്തിനു പ്രാധാന്യം നല്‍കിയോ അവിടെയെല്ലാം കുട്ടികളുടെ അക്കാദമികനേട്ടവും ഉയര്‍ന്നതാണ് (Music in World Cultures, 1996) എന്നാണ്.
  • മററു കഴിവുകള്‍ ആര്‍ജിക്കുന്നതിലും കലാപഠനം സഹായകമാകുമെന്നുളളതിന്റെ തെളിവുകള്‍ ലഭ്യമാണ്. പ്രശ്നപരിഹരണശേഷി, സഹകരണാത്മകത, പെരുമാറ്റ മാന്യത എന്നിവ വളര്‍ത്താന്‍ പ്രയോജനപ്രദം ((Jensen, 2001). മറ്റുളളവരുമായി നല്ല ബന്ധം സ്ഥാപിക്കാനുളള കഴിവു നേടുന്നു( (Davis, 2008; Noddings, 1992). അക്രമോത്സുകത കുറയ്ക്കുകയും (Respress & Lutfi, 2006).
  • ന്യൂയോര്‍ക്കില്‍ കലയില്‍ കൂടി പഠിപ്പിക്കുക എന്നൊരു പദ്ധതിയുണ്ട് ( LTTA- Learning Through the Arts).ഗണിതവും ശാസ്ത്രവും ഭാഷയും പഠിപ്പിക്കാനും കലയെ പ്രയോജനപ്പെടുത്തുന്നതിലൂടെ കലാപഠനവും സ്വാഭാവികമായി നടക്കും. കല വേറിട്ടു നില്‍ക്കുന്ന ഒന്നായി അവര്‍ കരുതുന്നില്ല. ഇങ്ങനെ അധ്യാപനം നടത്തിയത് കുട്ടികളുടെ എല്ലാവിധ കഴിവുകളും വികസിപ്പിക്കുന്നതിനു സഹായകമായി എന്നാണ് കണ്ടെത്തല്‍.
പലവഴികളിലൂടെ കലാപഠനം
കലാവിദ്യാഭ്യാസത്തിന് പലരീതികള്‍ ഒരേസമയം പ്രയോജനപ്പെടുത്തണം.
  • കലയെ മനസിലാക്കല്‍,
  • കല അഭ്യസിക്കല്‍,
  • കലയിലൂടെ മറ്റു വിഷയങ്ങള്‍ പഠിക്കല്‍,
  • മറ്റു പഠനമേഖലകളിലൂടെ കലാപരമായി വളരാനവസരമൊരുക്കല്‍ (ഐ ടി പഠനം വീഡിയോ ഗ്രാഫിയും സിനിമ നിര്‍മാണവും ഡിസൈനിംഗും ആല്‍ബനിര്‍മാണവും ഫോട്ടോഷോപ്പും ഒക്കെയായി വികസിച്ചത് പോലെ)
ഇങ്ങനെ സംഭവിക്കണമെങ്കില്‍ അധ്യാപകരെല്ലാവരും ഈ വഴികളിലൂടെ സഞ്ചരിക്കാന്‍ സ്വയം തയ്യാറാവുകയാണ് വേണ്ടത്. കല മനസിലാക്കാനുളള ശ്രമം വിദ്യാലയങ്ങളില്‍ കലാ ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടാരംഭിക്കണം.വിദ്യാര്‍ഥികള്‍ക്കൊപ്പം പഠിതാവാകുക.അങ്ങനെ കിട്ടുന്ന ധാരണകളും വൈദഗ്ധ്യവും ക്ലാസില്‍ പ്രയോജനപ്പെടുത്തുക. പഞ്ചായത്തടിസ്ഥാനത്തില്‍ അധ്യാപക കൂട്ടായ്മകള്‍ ആലോചിക്കാവുന്നതാണ്. സാംസ്കാരിക പ്രവര്‍ത്തകരായ അധ്യാപകസംഘമാണിത്. പൂര്‍ണവിദ്യാഭ്യാസ സങ്കല്പവുമായി സഹകരിക്കാവുന്ന ഏവരേയും കൂട്ടാം. പ്രദര്‍ശനങ്ങള്‍, ശില്പശാലകള്‍, പരിശീലനങ്ങള്‍,ചര്‍ച്ചകള്‍, പഠനയാത്രകള്‍, കലാമണ്ഡലം,സംഗീതിനാടക അക്കാദമി എന്നിവയുമായി സഹകരിച്ചു നടത്താവുന്ന കോഴ്സുകളും പഠനപരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കല്‍, പ്രായോഗിക മാതൃകകള്‍ വികസിപ്പിക്കാനുളള ഇടപെടലുകള്‍ സ്വന്തം വിദ്യാലയത്തില്‍ നടത്തല്‍..കലാപഠനനയരേഖ ഓരോ വിദ്യാലയത്തിനും വേണം. കലാപ്രവര്‍ത്തനം വിദ്യാഭ്യാസ സംസ്കാരിക പ്രവര്‍ത്തനമാണ്.