Pages

Tuesday, April 1, 2014

വാര്‍ഷികപ്പരീക്ഷയില്‍ ഒന്നാം ക്ലാസുകാര്‍ പതറിയില്ല



പെരുമ്പാവൂരിനടുത്തുളള വടക്കേ വാഴക്കുളം സര്‍ക്കാര്‍ യു പി സ്കൂള്‍.
എറണാകുളം ജില്ല.
അവിടെ ഒന്നാം ക്ലാസില്‍  വാര്‍ഷിക പരീക്ഷയില്‍ വിവരണവും കഥയും എഴുതാനുണ്ടായിരുന്നു.
ഒരു ചിത്രം നോക്കി വിവരണമെഴുതാനാണ ചോദ്യകര്‍ത്താവ് അവശ്യപ്പെട്ടത്.
ക്ലാസിലെ കുട്ടികള്‍ ആത്മവിശ്വാസത്തോടെ അത് ഏറ്റെടുത്തു.
അവര്‍ ക്ലാസില്‍ എഴുതി വന്ന രീതി അങ്ങനെയായിരുന്നല്ലോ (ക്ലാസില്‍ കണ്ട നാരങ്ങാവെള്ളം-ഗ്രൂപ്പ് കുറിപ്പ് അതിന്റെ തെളിവ്)
അവരൊക്കെ എഴുതിയത് ഞാന്‍ വായിച്ചു.
ഒന്നാം ക്ലാസുകാരാണ് എഴുതിയത്. അതിനാല്‍ വലിയ ശ്രദ്ധയും ബഹുമാനവും നല്‍കിയായിരുന്നു വായന.
...........................................................................

പണ്ടത്തെ ഒന്നാം ക്ലാസിലെ വാര്‍ഷികപ്പരീക്ഷ ഓര്‍മയുണ്ടോ?  
പറയില്‍ തുടങ്ങി ഭരണി വരെയുളള പത്തു വാക്കുകള്‍ കേട്ടെഴുത്തിടും  
.അല്ലെങ്കില്‍ "കോ.....' പൂരിപ്പിക്കാന്‍ തരും.  
തീര്‍ന്നു മലയാളപ്പരീക്ഷ. 
സ്ലേറ്റില്‍ പത്തില്‍ പത്തു മുതല്‍ കീഴോട്ട് മുട്ട വരെ .എല്ലാവര്‍ക്കും സന്തോഷം.  
മുട്ടയിട്ട അധ്യാപികയ്ക്കും മുട്ട കിട്ടിയ കുട്ടിക്കും വരെ സന്തോഷം !
പിന്നെ പിന്നെ പരിഷ്കാരം വന്ന് അക്ഷരം പഠിപ്പില്ലാതെയായി എന്ന ആക്ഷേപമായി..
ഡി പി ഇ പി കാലം വന്നതോടെ ആകെ തുലഞ്ഞില്ലേ?എന്നായി ചോദ്യം
ഇപ്പോഴെന്താ സ്ഥിതി? ഉഴപ്പുന്ന അധ്യാപകര്‍ പാഠ്യപദ്ധതിയെ കുറ്റം പറഞ്ഞ് പഠിപ്പിക്കാതെ മുട്ടയാശാന്മാരായി. ഗ്രേഡു ഇല്ലാത്ത മുട്ടകള്‍.ഇതാ ഈ വിദ്യാലയാനുഭവങ്ങള്‍ പാഠ്യസമീപനസംശയാലുക്കള്‍ക്ക് ഒന്നാം ക്ലാസ് മറുപടിയാണ്
........................................................................
ആദ്യം ഒന്നാം ക്ലാസിലെ പരീക്ഷാ ചോദ്യം നോക്കാം.പിന്നെ ഉത്തരം
'ഉണ്ണി പാടത്തു പോയതും ചന്തയില്‍പ്പോയതും വാ തോരാതെ പറയാന്‍ തുടങ്ങി.എന്തൊക്കെയാകും ഉണ്ണി പറഞ്ഞിട്ടുണ്ടാവുക?ഉണ്ണി അച്ഛനോടു പറഞ്ഞ വിശേഷങ്ങള്‍ എന്തൊക്കെയാകും?'
ഇതാണ് വിവരണസന്ദര്‍ഭം.
ആഖ്യാനസന്ദര്‍ഭം എല്ലാവരും രചനയില്‍ പരിഗണിച്ചിട്ടുണ്ട്


അഭിനവ് ചിത്രത്തിനെ ആസ്പദമാക്കി സംഭവ വിവരണമാണ് തയ്യാറാക്കിയത്. ആദ്യം എന്തു സംഭവിച്ചു. പിന്നീട് എന്തുണ്ടായി എന്ന മട്ടില്‍ എഴുതി. പച്ചക്കറിത്തോട്ടത്തില്‍ പോയി. പച്ചക്കറി പറിച്ചു.ചന്തയില്‍ പോയി. പച്ചക്കറി വിറ്റു.എലിപ്പെട്ടി വാങ്ങി.കളിപ്പാട്ടം വാങ്ങി . പയിസേം കൊടുത്തു എന്നിങ്ങനെ..
അജിസസിഹല്‍ സൂക്ഷ്മനിരീക്ഷണം നടത്തി വിവരിച്ചിട്ടുണ്ട്.

ചിത്രത്തിലെ തവളയേയും മലകളേയും തത്തേയും എല്ലാം പരമാര്‍ശിച്ചു
വാക്യഘടന ശരിയായി പാലിച്ചെഴുതാന്‍ കഴിഞ്ഞിരിക്കുന്നു.'പിന്നെ' എന്ന വാക്ക് പല തവണ ആവര്‍ത്തിക്കുന്നുണ്ട്.ആദ്യത്തെ രണ്ടു പിന്നെ എഴുതിയപ്പോള്‍ തെറ്റു സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുളള "പിന്നെ"കളെല്ലാം ശരിയാണ്.പയ്സേയും കൊടുത്തു എന്നെഴുതുന്നത് തെറ്റാണോ? നല്ല വിവരണം.
മഹമ്മദ് റസല്‍ "പച്ചക്കറി അവര്‍ വിറ്റു. അവര്‍ക്കു നല്ല കാശു കിട്ടി.അതു കൊണ്ട് അവര്‍ എല്ലാം വാങ്ങിച്ചു. അന്നിട്ട് അവര്‍ വീട്ടിലോട്ട് വന്നു "എന്നെഴുതി
നാടന്‍ സംഭാണരീതിയിലാണ് എഴുത്ത്.
'നോക്കി നില്‍ക്കാന്‍ നല്ല രസമായിരുന്നു' എന്ന വാക്യം പ്രത്യേകം നാം ശ്രദ്ധിക്കേണ്ടതുണ്ട്
കാഴ്ചകള്‍ വിവരിക്കുമ്പോള്‍ അതു മനസിനെ എങ്ങനെ സ്വാധീനിച്ചു എന്നാണ് ഈ കൊച്ചു മിടുക്കന്‍ എഴുതിയത്.
മകന്‍ അച്ഛനോട് കാഴ്ച വിവരിക്കുമ്പോള്‍, മകന്റെ മനസില്‍ കയറി എഴുതുമ്പോള്‍ അങ്ങനെയല്ലേ എഴുതാനാകൂ.വീട്ടിലോട്ടു വന്നു. നല്ല കാശും കിട്ടി എന്നൊക്കെ എഴുതുന്ന ലാളിത്യം..
പ്രധാനകാര്യം പറഞ്ഞവരും കൂടുതല്‍ കാര്യങ്ങളെഴുതിയവരും ഉണ്ട്. ചോദ്യത്തില്‍ ചില ചിന്താസൂചനകള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ എഴുത്തുദിശ കൂടുതല്‍ സമ്പന്നമാകുമായിരുന്നു

ഉദാഹരണത്തിന് ചിത്രം നോക്കൂ പാടത്ത് ആരെല്ലാം ഉണ്ട്? ഏതെല്ലാം ജീവികള്‍? അവരെല്ലാം എന്തിനാണ് അവിടെ വന്നത്? എന്താണവിടെ സംഭവിച്ചത്? പിന്നെയോ? എന്നിങ്ങനെ ചില ചിത്രവിശകലന ചോദ്യങ്ങള്‍ കൂടി ആവാമായിരുന്നു.കുട്ടികള്‍ എഴുതി കസറിയേനേ.

ഒന്നാം ക്ലാസുകാര്‍ അഡീഷണല്‍ ഷീറ്റു ചോദിച്ചു
അധ്യാപകരെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു കുട്ടികള്‍ അഡീഷണല്‍ പേപ്പര്‍ വാങ്ങിയാണ് കഥ എഴുതി പൂര്‍ത്തിയാക്കിയത്
എസ് എസ് എയിലെ ചോദ്യകര്‍ത്താക്കള്‍ സെന്റിമീറ്റര്‍വെച്ചളന്നു കൊടുത്ത അരപ്പേജ് സ്ഥലം അവര്‍ക്കു തികയാതെ വന്നു. സര്‍ഗാത്മകതയ്ക്ക് പേപ്പറു തടസമായിക്കൂടാ. അധ്യാപികമാര്‍ പ്രോത്സാഹിപ്പിച്ചു. കഥ ഗംഭീരമായി അവസാനിപ്പിച്ചതു നോക്കുക


ഓരോരുത്തരും എഴുതിയത് വ്യത്യസ്തമായ രീതിയില്‍.അതിനര്‍ഥം അധ്യാപികമാര്‍ ബോര്‍ഡില്‍ എഴുതിയത് പകര്‍ത്തി വെച്ചതല്ല.
 
ചെറിയ തെറ്റുകള്‍ ഉണ്ട്. അത് സാരമുളളവയല്ല. വേഗത്തില്‍ എഴുതിയതുമൂലം സംഭവിച്ചതാണ് ചിലത്. മറ്റുളളവ പരിഹരിക്കാവുന്നതേയുളളൂ. ഇവര്‍ ഒന്നാം ക്ലാസില്‍ വെച്ച് സ്വതന്ത്ര രചന നടത്താന്‍ കഴിവു നേടി എന്നത് ചില്ലറ കാര്യമാണോ
വരും വര്‍ഷത്തെ പുതിയ പുസ്തകം കുട്ടികളുടെ ഇത്തരം കഴിവുകളെ പരിമിതപ്പെടുത്തുമോ എന്ന പേടി അധ്യാപകര്‍ക്കുണ്ട്.

ഞാന്‍ രക്ഷിതാക്കളുമായി സംസാരിച്ചു.എല്ലാവരും ഉണ്ട്.
പരീക്ഷക്കാലമായതു നന്നായി. ഉച്ചക്ക് മക്കളേയും കൂട്ടി മടങ്ങാമല്ലോ. ഉത്തരക്കടലാസുകള്‍ വായിച്ചു വിശകലനം ചെയ്തു കേള്‍പ്പിച്ചപ്പോള്‍ അവര്‍ക്കു സംതൃപ്തി.
അവധിക്കാലത്ത് വായിക്കാന്‍ പുസ്തകം വേണം. അതിനുളള പരിപാടി ആലോചിച്ചു. ക്ലാസുകള്‍ ചുറ്റിനടന്നു കണ്ടു. അപ്പോള്‍ ഒരു ബാനര്‍. മികവുത്സവം 2014.
ഈ സ്കൂളില്‍ മികവുത്സവം ഉണ്ടായിരുന്നു.

പ്രഥമാധ്യാപിക മിനി ഇങ്ങനെ പറഞ്ഞു
"സ്കൂള്‍ വിശേഷങ്ങളില്‍ ഏറ്റവും പ്രധാനം മികവുത്സവം 2014 ആണ് കുട്ടികളുടെ അക്കാദമിക തത്സമയ പ്രകടനങ്ങള്‍ സമൂഹം ഇന്നു ചര്‍ച്ചചെയ്യുന്നു.പിന്നെ എനിക്കു ചുറ്റുപാടുമുള്ള കുറേ വ്യക്തികള്‍ നല്ല സപ്പോര്‍ട്ട് തരുന്നുണ്ട് .കുട്ടികളുടെ വീടുകളില്‍ HOLIDAYS സന്ദര്‍ശിക്കുന്നതുകൊണ്ട്‌ നല്ല ഒരു പിന്തുണ പേരന്റ്സില്‍ നിന്നും കിട്ടുന്നു   TRAINER എന്ന നിലയില്‍ ആഗ്രഹിച്ച ,പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നതിന്റെ സന്തോഷം .പിന്നെ  കുറച്ചു .VEDIO ക്ലിപ്പിങ്ങ്സ് ബ്ലോഗില്‍ അപലോഡ് ചെയ്തിട്ടുണ്ട് .നിര്‍ദേശങ്ങള്‍ നല്കുമല്ലോ"
വടക്കെ വാഴക്കുളം ഗവ : യു .പി .സ്കൂളില്‍ നടത്തിയ മികവുത്സവ് 2014 - അക്കാദമിക പ്രദര്‍ശനാഘോഷം അക്ഷരാര്‍ഥത്തില്‍ ഒരു മികവുത്സവം തന്നെയായിരുന്നു . അതിന്റെ വിശദാംശങ്ങള്‍ വിദ്യാലയം ഇങ്ങനെ പങ്കിട്ടു


സ്കൂളിന്റെ അക്കാദമിക നിലവാരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക
  • കുട്ടികള്‍ക്ക് അക്കാദമിക പ്രകടനത്തിന്നു അവസരം നല്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പി ക്കുക 
  • വിദ്യാഭ്യാസം കൊണ്ട്  ലക്ഷ്യമിടുന്ന സമഗ്ര വികസനം ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് മികവുത്സവ് 2014 സംഘടിപ്പിച്ചത്. 
സംഘാടനം ഇങ്ങനെ
  • അഥിതികളെ ക്ഷണിക്കല്‍ ,സല്ക്കാരം,വേദി സംഘാടനം തുടങ്ങി 7 ഗ്രൂപുകളിലായി 50 കുട്ടികള്‍ ഒത്തരുമിച്ചാണ് ഈ പ്രോഗ്രാം നടത്തിയത്

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്  കമ്മിറ്റി ചെയർമാൻ ശ്രീ M.P.ദേവസി ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് അദ്ദേഹത്തിനിഷ്ടമുള്ള ഓരോ പുസ്തകം നൽകി തത്സമയം വായന നടത്താനുള്ള വെല്ലുവിളി ഒന്നാം ക്ലാസുകാരെക്കൊണ്ട് ഏറ്റെടുപ്പിച്ചു കൊണ്ടാണ്  ഉദ്ഘാടനം നിർവഹിച്ചത്.
  • ഒന്നാം ക്ലാസ്സുകാരെക്കൊണ്ട് തന്നെ വായിപ്പിച്ചാല്‍ മതിയോ 2-ലെ കുറുമ്പികള്‍ മുഖം വീര്‍പ്പിച്ചു .ഓടിവാ എന്നുകേട്ടതും 3 പെണ്‍ കുട്ടികള്‍ ഓടിവന്നു വേദിയില്‍ കയറി .അവര്‍ക്ക് മലയാളം പുസ്തകം കൊടുത്താല്‍ പോരാ  .ഒരു ടീച്ചര്‍ വേഗം പോയി കുറച്ചു ഇംഗ്ലീഷ് സ്റ്റോറി ബുക്സ് കൊണ്ടുവന്നു .പ്രഥമാധ്യാപിക യു പി ക്ലാസ്സിലെ കുട്ടികളില് നിന്നും അവരുടെ  ഇംഗ്ലീഷ് പുസ്തകവും വാങ്ങി
  • കൂട്ടത്തില്‍ 6ലെ ഇംഗ്ലീഷ് പുസ്തകത്തില നിന്നും ഒരുഭാഗം വായിക്കാന്‍  കാണികളില്‍ നിന്നും വന്ന കുടുംബ ശ്രീ പ്രവര്‍ത്തക സുമ ചേച്ചി ല്‍കി 
  • ഈ വര്‍ഷം നടത്തിയ വിവിധ ദിനാചരണങ്ങളുമായും  ക്ലാസ് റൂം പ്രവർത്തനങ്ങളുടെയും ഭാഗമായി തയ്യാറാക്കപ്പെട്ട 500 -ലേറെ കയ്യെഴുത്ത് മാസികകളുടെപ്രദര്‍ശനം നല്ല വായനക്കാരായ കാണികളുടെ പ്രശംസ പിടിച്ചുപറ്റി . 
  • 7-)o ക്ലാസ്സ്‌ വിദ്യാർഥിനി  ഇന്ദു ഈ വർഷം രചിച്ച 15 കവിതകൾ
    ഉൾപ്പെടുന്ന മിന്നാമിന്നി എന്നകവിതാസമാഹാരം മികവുൽസവ് 2014 ന്റെ ഭാഗമായി പ്രകാശനം ചെയ്തപ്പോൾ ,ഇന്ദു പാടിയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഉറ്റ ചങ്ങാതി എന്ന കവിത ആലപിക്കുന്നതു കേട്ട ബാലസഹിത്യകാരൻ വേണു വാരിയത്ത് അവളിലെ കവയത്രിയെ മാത്രമല്ല ഗായികയേയും ഏറെ പുകഴ്ത്തി .( ഉറ്റ ചങ്ങാതിയെ സാക്ഷി നിറുത്തി ഇന്ദു എന്റെ മുമ്പാകെ കവിത ചൊല്ലുന്ന ചിത്രമാണിത്)പ്രാദേശിക ചാനെൽ "മെട്രോ"ഈ കുട്ടിക്കുമാത്രമായി 5 മിനിട്ടോളം പ്രക്ഷേപണം നടത്തിയത് അവൾക്കു ലഭിച്ച ഒരുഅവാർഡ് തന്നെയാണ് .
  • നാസ്നിൻ  പി എസ് എഴുതിയ 10 കഥാ സമാഹാരവും പ്രശംസനീയം തന്നെയായിരുന്നു. 
  • ശാസ്ത്ര പ്രദർശനം കാണികൾക്ക് പുതുമ നൽകി ,കൃത്രിമ അഗ്നിപർവതം ,ലേസർ അലാറം, ലിഫ്റ്റ്  തുടങ്ങിയവ. യു പി വിഭാഗം ഓരോ കുട്ടി ഓരോ പരീക്ഷണം ലക്ഷ്യമിട്ടിരുന്നെങ്കിലും സമയപരിമിതി അനുഭവപ്പെട്ടു
"അഭിമാനപൂർവം പറയട്ടെ കാണികളായി എത്തിയ ചിലർ പിന്നീട് എന്നെ വിളിച്ചു അവരുടെ എന്തു സഹായവും നല്കാമെന്നു പറഞ്ഞു .
മറ്റൊന്ന് സമൂഹം ചർച്ച ചെയ്യുന്നു .ഈ സർക്കാർ സ്കൂൾ വിചാരിച്ച പോലെ അല്ല .
എല്ലാറ്റിലുമുപരി നമ്മുടെ കുട്ടികൾ ബഹുമാനിക്കപ്പെടുന്നു .
അതല്ലേ നമ്മുടെ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം !"അധ്യാപകര്‍ക്ക് ഈ വര്‍ഷം സംതൃപ്തിയുടേതാണ്. വരും വര്‍ഷവും അങ്ങനെ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം.
ഒന്നാം ക്ലാസിലെ അമ്മമാരോടൊത്ത് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ വിശകലനം ചെയ്യുന്നു

10 comments:

  1. ഒരു സര്ക്കാളര്‍ വിദ്യാലയം പൊതു സമൂഹത്തിന്റെ് വിശ്വാസ്യത നേടുന്നു.അവിടെ പഠിക്കുന്ന കുട്ടികളുടെ കഴിവുകള്‍ സമൂഹം വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുന്നു.ഇതിനു പിന്നില്‍ പ്രവര്ത്തിിച്ച അധ്യാപകര്‍,പി.ടി.എ /എസ എം സി ഭാരവാഹികള്‍ എന്നിവര്‍ സമൂഹത്തിന്റെ‍ ആദരവ് ഏറ്റു വാങ്ങുന്നു.ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ഹെഡ്മിസ്‌ട്രസ് മിനി ടീച്ചര്‍ക്ക് ജനകീയ അവാര്ഡ്ക!!! ഒരു ട്രെയിനെര്‍ ആയിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പ്രവര്ത്തിാച്ചു കാണിച്ച മാതൃക ഹെഡ്മിസ്ട്രെസിന് പറവൂര്‍ വിദ്യാലയ കൂട്ടായ്മയുടെ അഭിനന്ദനങ്ങള്‍ !

    ReplyDelete
  2. എൻറെ കുട്ടികൾക്കും അധ്യാപകർക്കും കിട്ടുന്ന ഏറ്റവും വലിയ അന്ഗീകാരമാണിത് .നന്ദി .ഒരായിരം നന്ദി

    .പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ സമൂഹത്തിന്റെ കണ്ണിൽ വിലമതിക്കപ്പെടാൻ വേണ്ടിയെങ്കിലും നാം ആല്മവിശ്വാസത്തോടെ ഉണർന്നേ മതിയാകു .ഇനിയും എല്ലാവരുടെയും പ്രോത്സാഹനവും പ്രാർത്ഥനയും ഉണ്ടാകണം ,

    സ്നേഹപൂർവം മിനി മാത്യു

    ReplyDelete
  3. എൻറെ കുട്ടികൾക്കും അധ്യാപകർക്കും കിട്ടുന്ന ഏറ്റവും വലിയ അന്ഗീകാരമാണിത് .നന്ദി .ഒരായിരം നന്ദി

    .പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ സമൂഹത്തിന്റെ കണ്ണിൽ വിലമതിക്കപ്പെടാൻ വേണ്ടിയെങ്കിലും നാം ആല്മവിശ്വാസത്തോടെ ഉണർന്നേ മതിയാകു .ഇനിയും എല്ലാവരുടെയും പ്രോത്സാഹനവും പ്രാർത്ഥനയും ഉണ്ടാകണം ,

    സ്നേഹപൂർവം മിനി മാത്യു

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എല്ലാവര്ക്കും അഭിനന്ദനങ്ങള്...

    ReplyDelete
  7. മാർഗ നിർദേശകർക്ക് അഭിനന്ദനങ്ങൾ.. അനുജന്മാർക്കും അനുജത്തിമാർക്കും സ്നേഹാദരങ്ങളും..

    ReplyDelete

പ്രതികരിച്ചതിനു നന്ദി