Pages

Sunday, January 11, 2015

നാടിന് നവ്യാനുഭവമായി സ്കൂളിന്റെ സൗഹൃദസംഗമം


വെട്ടിയാര്‍ ഗവ മുഹമ്മദന്‍ എല്‍ പി സ്കൂളിലെ പ്രഥമാധ്യാപിക വിളിച്ചു
ഈ സ്കൂള്‍ വരെ വരുമോ
എന്തിനാണ് ടീച്ചര്‍?
കോര്‍ണര്‍ പിടി എ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ്

എനിക്ക് ക്രിസ്തുമസ് അവധിക്കേ സമയം കിട്ടൂ . എന്തു ചെയ്യും?
സാരമില്ല അവധിക്കും ഇവിടുത്തെ അധ്യാപകരെത്തും
ആ മറുപടി പ്രധാനം. ഞാന്‍ ഡിസംബര്‍ ഇരുപത്തിനാലാം തീയതി സ്കൂളിലെത്തി
രാവിലെ തന്ന എല്ലാ അധ്യാപകരും വന്നിട്ടുണ്ട്
എസ് എം സി ചെയര്‍പേഴ്സണ്‍ വരാന്‍ അല്പം വൈകും
പി ടി എ വൈസ് പ്രസിഡന്റ് പന്ത്രണ്ടുമണിക്കകം എത്തിച്ചേരും
മുന്നേറാന്‍ മനസുളള വിദ്യാലയം

വിദ്യാലയസൗഹൃദസംഗമം
ഡയറ്റ് സമ്പൂര്‍ണ ഗുണമേന്മാ വിദ്യാലയമാനേജ്മെന്റ് പദ്ധതി നടപ്പിലാക്കുന്ന വിദ്യാലയമാണത്. വിദ്യാലയവും സമൂഹവും തമ്മിലുളള ബന്ധത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍ണര്‍ പി ടി എ നടത്താന്‍ സ്കൂള്‍ ആഗ്രഹിക്കുന്നത്
പുതുവത്സരദിനത്തില്‍ തന്നെ പരിപാടി എന്നു തീരുമാനിച്ചു
കോര്‍ണര്‍ പി ടി എയില്‍ ഒതുങ്ങാതെ അല്പം വിപുലമാക്കി നാടിന്റെ ആഘോഷമാക്കാമോ?
എന്റെ ചോദ്യത്തിന് അനുകൂലമായ പ്രതികരണം
പിന്നെ വളരെ വേഗമായി ആസൂത്രണം
വിദ്യാലയസൗഹൃദസംഗമത്തിലേക്ക് ആലോചന വളര്‍ന്നു

ഒരു രക്ഷിതാവ് രക്ഷിതാവല്ലാത്ത മറ്റൊരു ആളെക്കൂടി കൊണ്ടുവരണം
ബാനര്‍, പോസ്റ്റര്‍, കസേര, മൈക്ക്, ചായ, ലഘുഭക്ഷണം എല്ലാം സ്പോണ്‍സറിംഗിലൂടെ കണ്ടെത്താന്‍ ധാരണയായി.
പുതുവത്സരദിനമല്ലേ. പുതുവത്സരാഘോഷം കൂടിയായാലോ?
അഞ്ചുമണിക്കു ശേഷം നാലുമുക്ക് കവലയില്‍ കലാസന്ധ്യയും സാംസ്കാരിക സമ്മേളനവും ആദ്യകാല ഗുരുവിനെ ആദരിക്കലും നടത്താന്‍ തീരുമാനിച്ചു
കുട്ടികളുടെ നാടകം വേണം. എസ് എം സി ചെയര്‍മാന്‍ ആഗ്രഹം പ്രകടിപ്പിച്ചു
അടുത്ത നാലുദിവസം നാടകപരിശീലനം സ്കൂളില്‍ നടക്കും
എന്തെല്ലാമാണ് വിദ്യാലയസൗഹൃദസംഗമത്തില്‍ പങ്കുവെക്കേണ്ടത്?
അതെല്ലാം ചുവടെ ചേര്‍ത്തിട്ടുളള വാര്‍ത്തകളില്‍ നിന്നും മനസിലാകും. ( സ്കൂള്‍ തയ്യാറാക്കിയ പൊന്‍തൂവല്‍ എന്ന ഒറ്റപ്പേജ് പത്രത്തില്‍ നിന്നും പകര്‍ത്തിയത് വായിക്കൂ)
 ഒരാള്‍ ഒരാളെക്കൂടി ...
വെട്ടിയാര്‍:വിദ്യാലയം സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ പ്രതീക്ഷിച്ചതിലും കവിഞ്ഞ ജനപങ്കാളിത്തം. ഒരു രക്ഷിതാവ് സമൂഹത്തിലെ മറ്റൊരാളെക്കൂടി കൂട്ടിക്കൊണ്ടു വരണം എന്ന തീരുമാനം നടപ്പായപ്പോള്‍ പങ്കെടുത്തത് നൂറു പേര്‍!
 നാലുക്ലാസ്സുകളില്‍ നിന്നും അച്ചടിച്ച പത്രങ്ങള്‍ ഇറക്കിയ ജില്ലയിലെ ആദ്യ സ്കൂള്‍.
വെട്ടിയാര്‍ : ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ വാര്‍ത്തകളും വിശേഷങ്ങളും ഉള്‍പ്പെടുത്തി  തയ്യാറാക്കിയ കുഞ്ഞിച്ചിറകുകള്‍, മഴത്തുള്ളികള്‍, പൂത്തുമ്പി, കളിമുറ്റം എന്നീ അച്ചടിച്ച പത്രങ്ങള്‍ വിദ്യാലയ സൗഹൃദ സംഗമത്തില്‍ വെച്ച്  ഗ്രാമപ്പഞ്ചായത്ത് അംഗം ജി. രസികേന്ദ്രന്‍ പ്രകാശനം ചെയ്തു. സ്കൂളിലെ അധ്യാപകര്‍ തന്നെ രൂപകല്പന ചെയ്തവയാണ് ഈ പത്രങ്ങള്‍. ടൈപ്പ് ചെയ്തതും അധ്യാപകര്‍തന്നെ. ഓരോ ക്ലാസിലും നടക്കുന്ന പഠനപ്രവര്‍ത്തനങ്ങളും കുട്ടികളുടെ കഴിവുകളും രക്ഷിതാക്കളെ അറിയിക്കുന്നതിനുളള നൂതനമാര്‍ഗമെന്ന നിലയിലാണ് ക്ലാസ് പത്രങ്ങള്‍ തയ്യാറാക്കുന്നത്. എല്ലാ മാസവും ഓരോ ക്ലാസില്‍ നിന്നും രണ്ടു വീതം പത്രം ഇറക്കുന്നതിനുളള ആലോചനയിലാണ് അധ്യാപകര്‍. കൂടാതെ പൊന്‍തൂവല്‍ എന്ന പേരില്‍ സ്കൂള്‍പത്രവും തയ്യാറാക്കും. 
കോ൪ണ൪ പി.ടി.എ യില്‍ ഇംഗ്ലീഷ് ക്വിസ്സ്.
ഗവ.മുഹമ്മദ൯ എല്‍.പി. സ്കൂളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ മികവ് ക്വിസ്സ് പരിപാടിയിലൂടെ ദൃശ്യമായി.  കുട്ടികള്‍ ചോദ്യങ്ങള്‍  രക്ഷക൪ത്താക്കളോടാണ് ഉന്നയിച്ചത്. രക്ഷിതാക്കള്‍ ആദ്യം ഒന്നു പതറിയെങ്കിലും പിന്നീട് നല്ല പങ്കാളിത്തം കാഴ്ച വെച്ചു. 
കോ൪ണ൪ പി.ടി.എ യുടെ അഭിമാനം -ഫാത്തിമ ,ദേവുവെട്ടിയാ൪.ഞാന്‍ ഫാത്തിമ. രണ്ടാം ക്ലാസില്‍ പഠിക്കുന്നു. എന്റെ കര്‍ത്തവ്യം ഈ യോഗത്തിലെത്തിയവര്‍ക്കെല്ലാം സ്വാഗതം പറയുക എന്നതാണ്... യാതൊരു സഭാകമ്പവുമില്ലാതെ മൈക്കിനു മുന്നില്‍ നിന്ന് ഫാത്തിമ ഒഴുക്കോടെ സംസാരിച്ചപ്പോള്‍ സദസ് നിശബ്ദമായി. സ്വാഗതപ്രസംഗം തീര്‍ന്നപ്പോള്‍ അനുമോദനത്തിന്റെ കരഘോഷം. ഗവ.മുഹമ്മദ൯ എല്‍.പി.സ്കൂളിലെ രണ്ടാം ക്ലാസുകാരി ഫാത്തിമ സ്വാഗതം ആശംസിച്ചും നാലാംക്ലാസുകാരി ദേവു നന്ദി രേഖപ്പെടുത്തിയുമാണ് കോ൪ണ൪ പി.ടി.എയിലെ അഭിമാനങ്ങളായി മാറി ഏവരുടേയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയത്
കോ൪ണ൪ പി.ടി. എ യില്‍ മക്കളുടെ നേട്ടങ്ങള്‍ പങ്കിട്ട് അമ്മമാര്‍
വെട്ടിയാ൪: ഗവ.മുഹമ്മദ൯ എല്‍.പി.സ്കൂളിലെ   കോ൪ണ൪ പി.ടി.എയില്‍ നിരവധി രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ വിദ്യാലയ അനുഭവങ്ങള്‍ പങ്കുവെച്ചു.ഒന്നാംക്ലാസിലെത്തുമ്പോള്‍
ഒന്നും സംസാരിക്കാത്ത അഭിജിത്തിന് അത്ഭുതകരമായ മാറ്റമാണ് ഈസ്കൂളിലെ പഠനത്തിലൂടെ കൈവരിക്കാ൯ കഴിഞ്ഞതെന്ന്  രക്ഷക൪ത്താവായ അമ്മിണി അഭിപ്രായപ്പെട്ടു.തന്റെ കുട്ടിക്കുണ്ടായ കലാപരമായ നേട്ടത്തെക്കുറിച്ചാണ് വിധുകൃഷ്ണയുടെ
അമ്മയായ ശ്രീലത പറഞ്ഞത്. തുട൪ന്ന് ബിന്ദു,അമ്പിളി, ജിജി, സബീന തുടങ്ങി ധാരാളം രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കുണ്ടായ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു
90 ശതമാനം കുട്ടികള്‍ക്കും A ഗ്രേഡ്
വെട്ടിയാ൪ ഗവ.മുഹമ്മദ൯ എല്‍.പി.എസ്സി ലെ നാലുക്ലാസുകളിലേയും രണ്ടാം പാദവാ൪ഷിക പരീക്ഷയുടെ വിലയിരുത്തല്‍ അധ്യാപികയായ അനിതാമണി കോ൪ണ൪ പി.ടി.എ യില്‍ അവതരിപ്പിച്ചു, ഓരോ വിഷയത്തിന്റെയും ചോദ്യങ്ങളും വിലയിരുത്തല്‍ മേഖലുകളും അവയ്ക്ക് കുട്ടികള്‍ നേടിയ ഗ്രേഡുകളുമാണ് പൊതുസമൂഹത്തിനു മുമ്പാകെ അവതരിപ്പിച്ചത്. 90 ശതമാനം കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കി. വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം സംബന്ധിച്ച് സമൂഹത്തിന് വ്യക്തമായ ധാരണ പകരും വിധമുളള അവതരണം വിദ്യാലയത്തെക്കുറിച്ചുളള മതിപ്പിന്റെ ഗ്രാഫ് ഉയര്‍ത്തി.
പുതുവര്‍ഷത്തില്‍ പുത്തനുടുപ്പുകള്‍
വെട്ടിയാ൪ ഗവ.മുഹമ്മദ൯ എല്‍.പി സ്കൂളിലെ കുട്ടികള്‍ക്കുളള സൗജന്യ യൂണിഫോം വിതരണം പഞ്ചായത്ത് വൈസ് പ്രസിഡ൯റ് ശ്രീമതി  സബിയത്ത് സലാവുദ്ദീ൯ ഉദ്ഘാടനം ചെയ്തു. പുതുവര്‍ഷത്തില്‍ പുത്തനുടുപ്പുകള്‍ കിട്ടിയ സന്തോഷത്തിലാണ് കുട്ടികള്‍
കലാസന്ധ്യ കുമാരി കണ്‍മണി ഉദ്ഘാടനം ചെയ്തു
നാലുമുക്ക് വെട്ടിയാര്‍ എല്‍ പി എസ് സംഘടിപ്പിച്ച പുതുവത്സര കലാസന്ധ്യ കുമാരി കണ്‍മണി കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ആളുകളെ സാക്ഷി നിറുത്തി സ്കൂള്‍ കുട്ടികള്‍ കലാവിരുന്നൊരുക്കി. പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസു വരെയുളള കുട്ടികള്‍ മതമൈത്രീഗാനം, നാടന്‍പാട്ട്, നാടകം,മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് റൈംസ്, കോമഡി ഷോ എന്നിവ അവതരിപ്പിച്ചപ്പോള്‍ പൂര്‍വവിദ്യാര്‍ഥികളും അമ്മമാരും അരങ്ങത്തു വന്ന് തങ്ങളുടെ കലാപ്രകടനങ്ങളും കാഴ്ചവെച്ചു. രാത്രി ഒമ്പതുമണി വരെ നീണ്ട കലാസന്ധ്യ വെട്ടിയാറിന് അപൂര്‍വാനുഭവമായി.
പുതുവര്‍ഷത്തില്‍ പുതുമയുളള പരിപാടിയുമായി വെട്ടിയാര്‍ സ്കൂള്‍ നാടിന്റെ മനം കവര്‍ന്നു
വെട്ടിയാര്‍:വിദ്യാലയത്തിലെ മികവുകള്‍ നാടിനെ അറിയിക്കാനായി മുഹമ്മദന്‍ എല്‍ പി സ്കൂള്‍ സംഘടിപ്പിച്ച വിദ്യാലയ സൗഹൃദസംഗമവും സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും അഭിനന്ദനാര്‍ഹമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കോശി എം കോശി അഭിപ്രായപ്പെട്ടു.  നാലുമുക്ക് കവലയില്‍ സ്കൂള്‍ സംഘടിപ്പിച്ച സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച അദ്ദേഹം പൊതുവിദ്യാലയങ്ങള്‍ ഇല്ലതായാല്‍ പകരം വെക്കാനൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി. നാടിന്റെ ഉത്സവമായി മാറിയ പുതുവത്സരപരിപാടികള്‍ വലിയ ബഹൂജനശ്രദ്ധ പിടിച്ചുപറ്റി
സമ്പൂര്‍ണ വിദ്യാലയഗുണമേന്മാ മാനേജ്മെന്റ് പദ്ധതിയില്‍ മൂഹമ്മദന്‍ എല് പി സ്കൂളും
ആലപ്പുഴ ഡയറ്റിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ഗണമേന്മയ്കായി നടപ്പിലാക്കുന്ന പ്രത്യേകപദ്ധതിയില്‍ വെട്ടിയാര്‍ മുഹമ്മദന്‍ എല്‍ പി സ്കൂളിനെയും ഉള്‍പ്പെടുത്തി. സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പംഗങ്ങള്‍ക്ക് പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം,ഡോക്യുമെന്റേഷന്‍ പരിശീലനം, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങള്‍ക്കുളള ശില്പശാല, ക്രിയാഗവേഷണം , വിദ്യാലയ വികസനപദ്ധതി രൂപീകരണം ,പ്രഥമാധ്യാപക ശില്പശാല എന്നിവ ഡയറ്റ് ഇതിനോടകം നടത്തി. വിദ്യാലയവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. എസ് എസ് എയുടെ ഫോക്കസ് പദ്ധതിയിലും ഈ വിദ്യാലയമുണ്ട്

എന്തെല്ലാമാണ് ഈ പ്രവര്‍ത്തനത്തിന്റെ നേട്ടം?
  • അധ്യാപകര്‍ ക്ലാസ് മികവുകള്‍ വീഡിയോ ഡോക്യുമെന്റാക്കി രക്ഷിതാക്കളുടെ മുമ്പാകെ അവതരിപ്പിക്കുന്ന രീതി വികസിപ്പിച്ചു ( ഡയറ്റ് നടത്തിയ വീഡിയോ എഡിറ്റിംഗ് പരിശീലനം പ്രയോജനകരമെന്ന് സ്കൂള്‍ തെളിയിച്ചു)
  • ഓരോ ക്ലാസില്‍ നിന്നും ചെലവുകുറഞ്ഞ അച്ചടിച്ച ഒറ്റപ്പേജ് പത്രം സാധ്യമാണെന്നു തെളിയിച്ചു. (മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ അരദിവസത്തെ പരിശീലനം ധാരാളമെന്ന് ബോധ്യപ്പെട്ടു) 
  • രണ്ടാം പാദവാര്‍ഷിക മൂല്യനിര്‍ണയ വിശകലനറിപ്പോര്‍ട്ട് പൊതുസമൂഹത്തിനു മുമ്പാകെ അവതരിപ്പിച്ച് വിദ്യാലയഗുണത ബോധ്യപ്പെടുത്താനായി
  • കുട്ടികളുടെ അക്കാദമികവും കലാപരവുമായ കഴിവുകളുടെ പ്രകടനം സ്കൂളിനെ സംബന്ധിച്ച് മതിപ്പുണ്ടാക്കി
  • നാലുമുക്ക് കവലയില്‍ ചരിത്രത്തിലാദ്യമായാണ് സ്കൂള്‍ പുതുവത്സരദിനാഘോഷം നടത്തിയത്. വരും വര്‍ഷങ്ങളിലും ഇതുണ്ടാകണമെന്ന് ജനം
  • കോര്‍ണര്‍ പി ടി എ ഫലം ചെയ്തു. പിറ്റേന്ന് രണ്ടു കുട്ടികളെ പ്രീപ്രൈമറി വിഭാഗത്തില്‍ ചേര്‍ത്തു
  • ഫെബ്രുവരിയില്‍ അടുത്ത കോര്‍ണര്‍ പി ടി എ നടത്താനും സ്കൂള്‍ വാര്‍ഷികം നാടിന്റെ ആഘോഷമാക്കി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയാക്കി മാറ്റാനും  എസ് എം സിക്ക് ആത്മവിശ്വാസം
  • വിദ്യാലയഗുണതയുടെ എല്ലാ മേഖലകളിലും മെച്ചപ്പെടലിനുളള ഇടപെടലിനും പിന്തുണയ്ക്കും ഡയറ്റ് ഉത്തരവാദിത്വം ഏറ്റെടുത്താല്‍ ഫലമുണ്ടാകുമെന്ന തിരിച്ചറിവ്

2 comments:

  1. കലാധരൻ തികച്ചും അവിചാരിതമായി ഇവിടെയത്തി,
    വളരെ നല്ല മാതൃക കാഴ്ച വെക്കുന്ന ഒരു സ്കൂളിനെ പരിചയപ്പെടുത്തിയതിൽ സന്തോഷം
    തികച്ചും അനുകരണീയമായ മാതൃകകൾ തന്നെ, ഈ സ്കൂൾ അധികാരികൾ പ്രശംസ അർഹിക്കുന്നു
    കുരുന്നുകൾ ഒരുക്കിയ വിഭവങ്ങൾ ചേർത്തൊരുക്കിയ പത്രങ്ങൾ പ്രശംസ അർഹിക്കുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ച ഗുരുക്കന്മാരേയും അഭിനന്ദിക്കുന്നു
    നല്ലൊരു മാതൃക തന്നെ, നമ്മുടെ നാട്ടിലെ എല്ലാ വിദ്യാലയങ്ങളും പിൻപട്ടെണ്ട മാതൃക
    ഇതിവിടെ അവതരിപ്പിച്ച താങ്കൾക്കും അഭിനന്ദനങ്ങൾ ആശംസകൾ
    ഫിലിപ്പ് ഏരിയൽ, സിക്കന്ത്രാബാദ്

    ReplyDelete
  2. നമ്മുടെ 50 ശതമാനം അധ്യാപകരെങ്കിലും ഈ പോസ്റ്റ് കണ്ടിരുന്നെങ്കില്‍ എത്ര നന്നായിരിന്നു...........കലാധരന്‍ സാറിന്‍റെ യാത്ര തുടരട്ടെ..അഭിനന്ദനങ്ങള്‍ -സുരേഷ്,dvhss,charamangalam

    ReplyDelete

പ്രതികരിച്ചതിനു നന്ദി