Pages

Sunday, June 28, 2015

വഴി തെളിച്ച് വെളിച്ചം വിതറി കാപ്പ് സ്കൂള്‍


ഞായറാഴ്ചയാണ് ഞങ്ങള്‍ ആ സ്കൂളിലെത്തിയത്.  
രക്ഷിതാക്കള്‍ വീട്ടിലിരുന്ന് കുട്ടികളുടെ ക്ലാസ് പഠനം നിരീക്ഷിക്കുന്ന വിദ്യാലയത്തില്‍.  
കാപ്പ് എന്‍ എസ് എസ്‍ എല്‍ പി സ്കൂളിലേക്ക് പഠനയാത്ര. 
മൂന്നു വിദ്യാലയങ്ങളിലെ പ്രതിനിധികളാണ് എന്നോടൊപ്പം ഉണ്ടായിരുന്നത് - 
പാലമേല്‍ ഗവ എല്‍ പി സ്കൂള്‍ ( മാവേലിക്കര ഉപജില്ല), 
വെണ്‍മണി ജെ ബി എല്‍ പി എസ് ( ചെങ്ങന്നൂര്‍ ഉപജില്ല)  
കലവൂര്‍ ടാഗോര്‍ മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂള്‍ ( ചേര്‍ത്തല ഉപജില്ല)
എന്തെല്ലാമാണ് കാപ്പ് സ്കൂളിന്റെ പ്രത്യേകതകള്‍?

Saturday, June 27, 2015

സമ്പൂര്‍ണ വിദ്യാലയഗുണമേന്മാവികസനപദ്ധതി


പശ്ചാത്തലം
വിദ്യാഭ്യാസ അവകാശനിയമം പ്രാകരം ഓരോ വിദ്യാലയവും മൂന്നു വര്‍ഷത്തെ വികസനപദ്ധതി തയ്യാറാക്കണം. എസ്‍ എം സിയാണ് ആ ചുമതല നിര്‍വഹിക്കേണ്ടത്.പക്ഷേ പല വിദ്യാലയങ്ങളിലും വികസനപദ്ധതി കേവലം ഭൗതികസൗകര്യങ്ങളുടെ ആവശ്യപ്പട്ടികയായി പരിമിതപ്പെട്ടു. അല്ലെങ്കില്‍ എസ് എസ് എ നല്‍കിയ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ യാന്ത്രികമായി പൂരിപ്പിക്കലായി. 2014-15 ലെ അവധിക്കാല അധ്യാപകപരിശീലനത്തില്‍ വിദ്യാലയവികസനപദ്ധതിയെ വിമര്‍ശനാത്മകമായി നോക്കിക്കാണാനുളള ശ്രമം ഉണ്ടായി. എസ് സി ഇ ആര്‍ ടിക്ക് ദിശാസൂചന നല്‍കാനല്ലാതെ കൃത്യമായ ഒരു മാതൃക മുന്നോട്ടുവെക്കാനായില്ല എന്നതുകൊണ്ട് ആശയങ്ങള്‍ പരിശീലനത്തിനപ്പുറത്തേക്ക് കടന്നില്ല. തുടര്‍ന്നുളള ക്ലസ്റ്റര്‍ പരിശീലനം ആസൂത്രണം ചെയ്തപ്പോള്‍ ഇക്കാര്യത്തിന് പരിഗണന ലഭിച്ചുമില്ല. എസ് എസ് എ ഫോക്കസ് പരിപാടി ആസൂത്രണം ചെയ്തപ്പോള്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ എസ് എം സി രൂപീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചു. വിദ്യാലയവികസനയോഗം സംഘടിപ്പിക്കപ്പെട്ടു. ചില മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും അത് തുടര്‍പിന്തുണയുടെ അഭാവത്തില്‍ വേണ്ടത്ര വികസിക്കപ്പെട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ടി ക്യു എം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ വിദ്യാലയ വികസനപദ്ധതി തയ്യാറാക്കാന്‍ ആലപ്പുഴ ഡയറ്റ് ശ്രമിച്ചത്.
പരിഗണനകള്‍
വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വിദ്യാലയവുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങളാണ് പരിമര്‍ശിക്കുന്നത് എന്നു പരിശോധിച്ചു. അതെല്ലാം ലിസ്റ്റ് ചെയ്തു. അവ ചുവടെ നല്‍കുന്നു.
  1. എല്ലാവര്‍ക്കും പ്രവേശനം
  2. അയല്‍പക്ക വിദ്യാലയം
  3. സൗജന്യ വിദ്യാഭ്യാസം
  4. വിവേചരഹിതമായ വിദ്യാലയാന്തരീക്ഷം
  5. ബോധനമാധ്യമം
  6. ഭൗതികസൗകര്യങ്ങള്‍
  7. അധ്യാപക ലഭ്യത
  8. അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം
  9. കലാവിദ്യാഭ്യാസം, ആരോഗ്യ കായിക വിദ്യാഭ്യാസം, പ്രവൃത്തിപരിചയവിദ്യാഭ്യാസം ഇവയ്ക്കുളള പാര്‍ട് ടൈം അധ്യാപകര്‍
  10. പ്രവേശനം, ഹാജര്‍, പൂര്‍ത്തീകരണം ഇവ ഉറപ്പാക്കലും മോണിറ്ററിംഗും
  11. പ്രതീക്ഷിത ഗുണനിലവാരമുളള വിദ്യാഭ്യാസം ഉറപ്പാക്കല്‍
  12. ശാരീരികമോ മാനസീകമോ ആയ ശിക്ഷ ഒഴിവാക്കല്‍
  13. വിദ്യാലയമാനേജ്മെന്റ് കമ്മറ്റിയുടെ പ്രവര്‍ത്തനം
  14. വിദ്യാലയവികസനപദ്ധതി രൂപീകരണം
  15. വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിംഗ്
  16. ധനവിനിയോഗം മോണിറ്റര്‍ ചെയ്യല്‍
  17. പാഠ്യപദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കല്‍
  18. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തല്‍
  19. പരിഹാരബോധനം
  20. ക്ലാസ് പി ടി എ സംഘടിപ്പിച്ച് പഠനപുരോഗതിയും പഠനശേഷിയും പങ്കിടല്‍
  21. അധ്യാപക വിദ്യാര്‍ഥി അനുപാതം
  22. കുട്ടികളുടെ അവകാശസംരക്ഷണം
  23. വിദ്യാര്‍ഥിയുടെ സമഗ്രവികസനം
  24. പ്രവര്‍ത്തനാധിഷ്ഠിത പഠനം, കണ്ടെത്തല്‍ പഠനം
  25. ശിശുസൗഹൃദസമീപനം
  26. ഭയരഹിതവും സമ്മര്‍ദ്ദങ്ങളില്ലാത്തതുമായ വിദ്യാലയാന്തരീക്ഷം
  27. പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്കായി തടസ്സ രഹിതമായ ഭൗതികസൗകര്യങ്ങള്‍
  28. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ് ലറ്റ് സൗകര്യങ്ങള്‍
  29. ശുദ്ധമായ കുടിവെളള ലഭ്യത
  30. പാചകപ്പുര
  31. കളിസ്ഥലം
  32. ചുറ്റുമതില്‍
  33. 200/250 സാധ്യായദിനലഭ്യത
  34. ഓരോ ക്ലാസിനും ആവശ്യമായ പഠനോപകരണങ്ങള്‍
  35. പത്രങ്ങള്‍, ആനുകാലികങ്ങള്‍, ഓരോ വിഷയത്തിനും ബാധകമായ പുസ്തകങ്ങള്‍, കഥാപുസ്തകങ്ങള്‍ തുടങ്ങിയവയുളള ലൈബ്രറി
  36. വിനോദത്തിനും കായികപരിശീലനത്തിനുമുളള ഉപകരണങ്ങള്‍
മേല്‍ സൂിചിപ്പിച്ച പലതും വിദ്യാലയത്തിനു വേണ്ട മിനിമം കാര്യങ്ങളാണ്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ കൂടുതല്‍ പരിഗണനകള്‍ വേണ്ടിവരും. ഇതെല്ലാം കണക്കിലെടുക്കുന്ന ഒരു വികസന പദ്ധതിയാണ് വേണ്ടത്. വികസനം എന്ന വാക്ക് ഭൗതികവികസനം എന്നതില്‍ പരിമിതപ്പെടരുത്. വിദ്യാലയവികസനപദ്ധതി എന്നത് വിദ്യാഭ്യാസ ഗുണത കൈവരിക്കുന്നതിനായി ലഭ്യമായ എല്ലാവിധ വിഭവങ്ങളേയും ഫലപ്രദമായും സമയബന്ധിതമായും പ്രയോജനപ്പെടുത്തുന്ന ആസൂത്രണരേഖയാകണം. ഓരോ കുട്ടിയേയും പരിഗണിക്കപ്പെടണം. എല്ലാവിധ കഴിവുകളും പരിപോഷിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കണം. കാലികമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യണം. ആധുനികശാസ്ത്ര സാങ്കേതിക സാധ്യതകളെ പ്രയോജനപ്പെടുത്തണം.
മുന്നില്‍ നില്‍ക്കുന്ന വിദ്യാലയം ,നയിക്കുന്ന വിദ്യാലയം , അക്കാദമിക നന്മയുടെ വിദ്യാലയം എന്നെല്ലാം വിശേഷിപ്പിക്കപ്പെടാവുന്ന പ്രവര്‍ത്തനസംസ്കാരം വികസനപദ്ധതിയില്‍ പ്രതിഫലിക്കണം.മൂന്നു വര്‍ഷം കൊണ്ട് വിദ്യാലയം എപ്രകാരമായി മാറിത്തീരണമെന്ന ലക്ഷ്യം മുന്‍ നിറുത്തി മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ ഓരോ വികസനമേഖലകളിലുമുളള പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കണം. വികസനമേഖലകള്‍ തീരുമാനിക്കേണ്ടത് പ്രസക്തമായ ആവശ്യങ്ങള്‍ കണക്കിലെടുത്താകണം.എല്ലാ പ്രവര്‍ത്തനങ്ങളിലുമുളള ശിശുകേന്ദ്രിത സമീപനവും ഉയര്‍ന്ന നിലവാരമുളള കാര്യക്ഷമമായ അധ്യാപനവും വിദ്യാലയനേതൃത്വത്തിന്റെ വൈദഗ്ധ്യവും സമൂഹവുമായുളള ബന്ധവും വിദ്യാലയ വികസനസമീപനത്തില്‍ പ്രധാനപ്പെട്ടതാണ്. എല്ലാമായി ഇനി ഒന്നും നേ‍ടാനില്ല എന്നു കരുതുന്ന വിദ്യാലയങ്ങള്‍ സ്വപന്ങ്ങളും പ്രതീക്ഷകളും അസ്തമിച്ചവരാണ്. അവര്‍ക്ക് നില്കുന്നിടത്ത് തന്നെ തുടരാനേ കഴിയു
സ്വയം വിലയിരുത്തല്‍
വിദ്യാലയ വികസന പദ്ധതി തയ്യാറാക്കുന്നതിനായി വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്താനാണ് ഓരോ വിദ്യാലയത്തിനും അവസരം നല്‍കിയത്. വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ പദസൂര്യന്‍ നിര്‍മിച്ച ശേഷം അവയില്‍ നാലോ അഞ്ചോ എടുത്ത് ഗ്രൂപ്പുകള്‍ വിശകലന വിധേയമാക്കി.വിദ്യാലയരേഖകള്‍, അധ്യാപകരും വിദ്യാര്‍ഥികളുമായുളള അഭിമുഖം തുടങ്ങിയ രീതിയിലാണ് അവസ്ഥാ പഠനം നടത്തിയത്. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ നിന്നും കണ്ടെത്തിയതിവയാണ്. പ്രവര്‍ത്തനങ്ങള്‍ പൊതുവായി നടത്തുന്നുണ്ടെങ്കിലും കൃത്യമായ ബോധ്യപ്പെടാവുന്ന നേട്ടങ്ങളുടെ തെളിവുകള്‍ പലപ്പോഴും ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും പങ്കാളിത്തവും അവസരവും എന്നതും കണക്കിലെടുക്കുന്നില്ല. കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ല.
ഇനി എന്ത് ചെയ്യണം?
സ്വയം വിലയിരുത്തി അവസ്ഥ മനസിലാക്കി പരിമിതികള്‍ ചൂണ്ടിക്കാണിച്ചാല്‍ പോര എന്തെല്ലാം എങ്ങനെ നടപ്പിലാക്കണമെന്നു കൂടി പറയണം. ഇത്തരം ആലോചനകളില്‍ എസ് എം സി അംഗങ്ങള്‍ പ്രയാസപ്പെടുന്നതായി കണ്ടു. പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള അറിവ് അവര്‍ക്കില്ല. അധ്യാപകര്‍ക്കും തങ്ങളുടെ ജില്ലയ്ക് അപ്പുറം നടക്കുന്ന ശ്രദ്ധേയമായ കാര്യങ്ങളറിയില്ല. അവരെ പരിശീലിപ്പിച്ച റിസോഴ്സ് പേഴ്സണ്‍സിന്റെ ചിന്താപരവും അനുഭവപരവുമായ പരിമിതി അവരുടെ സര്‍ഗാത്മക ചിന്തയെ വളര്‍ത്തിയില്ല.ഇത്തരം സാഹചര്യത്തില്‍ മികച്ച വിദ്യാലയാനുഭവങ്ങള്‍ പങ്കിടുകയാണ് വേറിട്ട ചിന്തയ്ത് അടിത്തറ ഒരുക്കുക.അതിനായി മൂന്നോ നാലോ കെയ്സുകള്‍ അവതരിപ്പിച്ചു. വിശകലന ചിന്തയ്ക്ക് സഹാകയമായ ചോദ്യാവലി ചര്‍ച്ചയ്ക് നല്‍കി.വികസനമേഖലകളുടെ വ്യാപ്തി ചര്‍ച്ച ചെയ്തു
അങ്ങനെ
  1. സാമൂഹികബന്ധം ശക്തിപ്പെടുത്തുക
  2. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക
  3. ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക
  4. കലാകായിക പ്രവൃത്തി പരിചയവിദ്യാഭ്യാസം ഫലപ്രദമാക്കുക
  5. പോഷകാഹാരവും ആരോഗ്യപൂര്‍ണവുമായ അന്തരീക്ഷവും ഉറപ്പുവരുത്തുക
  6. എല്ലാവര്‍ക്കും പങ്കാളിത്തവും അവസരങ്ങളും ഒരുക്കുക
  7. പ്രത്യക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് പിന്തുണനല്‍കുക
എന്നിവ മുഖ്യവികസനപരിഗണനകളില്‍ പെടണം എന്നു തീരുമാനിക്കപ്പെട്ടു. തുടര്‍ന്ന ഈ ഏഴു കാര്യങ്ങളുടേയും ഉപാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഉദാഹരണത്തിന് അക്കാദമികത്തില്‍ പഠനോപകരണ ലഭ്യത, അടിസ്ഥാനശേഷീ വികസനം, ഇംഗ്ലീഷ് പഠനം. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, നിരന്തര വിലയിരുത്തല്‍, വായന, പഠനയാത്ര തുടങ്ങിയവ വരും. സാമൂഹികം എന്ന മേഖലയില്‍ വിദ്യാലയസൗഹൃദസമിതി, എസ്‍ എം സി, ക്ലാസ് പി ടി എ , പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തല്‍ എന്നിവ പരിഗണിച്ചു. ഓരോ ഉപമേഖലയിലും എന്തെല്ലാം ലക്ഷ്യങ്ങള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ എന്നും തീരുമാനിച്ചു.ഇങ്ങനെ എഴുതി തയ്യാറാക്കിയപ്പോള്‍ അത് കരട് വികസനപദ്ധതിയായി
ത്രിവത്സര പദ്ധതിയും വാര്‍ഷിക പദ്ധതിയും
  • എസ് എം സി അംഗങ്ങളെഴുതിയവയില്‍ മൂന്നു വര്‍ഷം കൊണ്ടു നേടാനാകാത്തവ ഒഴിവാക്കി.
  • പ്രായോഗികമാക്കാനാകുമെന്നുറപ്പുളള പ്രവര്‍ത്തനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി.
  • എസ് എം സിക്ക് മോണിറ്ററ്‍ ചെയ്യാനും ആസൂത്രണം ചെയ്യാനും സഹായകമായ വിധത്തില്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കി. എതു മാസമാണോ വികസനപപദ്ധതി തയ്യാറാക്കിയത് അതിനടുത്ത മാസം മുതലുളള ഓരോ മാസവും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
  • സാമ്പത്തിക വിശകലനം നടത്തിയില്ല. അത് അനിവാര്യമാണെന്നു തോന്നിയില്ല. കാരണം പഞ്ചായത്തുകള്‍ മുഖേന നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് എസ് എം സി അല്ല. രണ്ടാമതായി അതത് മാസം ആസൂത്രണം ചെയ്യുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ പരിഗണിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം.
  • പ്രവര്‍ത്തനാസൂത്രണത്തിനായി ഉപസമിതികള്‍ രൂപീകരിച്ച് ചുമതല നല്‍കിയ വിദ്യാലയങ്ങളുണ്ട്.
കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും
  • പങ്കാളിത്ത രീതിയില്‍ വിദ്യാലയവികസനപദ്ധതി തയ്യാറാക്കുവാന്‍ കഴിയും
  • വിദ്യാഭ്യാസ അവകാശനിയമം മുന്നോട്ടുവെക്കുന്ന ആശയതലം പ്രതിഫലിപ്പിക്കുന്ന വിദ്യാലയവികസനപദ്ധതി സാധ്യമാണ്.
  • സമ്പൂര്‍ണ ഗുണമേന്മാ വിദ്യാലയമാനേജ്മെന്റില്‍ വിദ്യാലയവികസനപദ്ധതിക്ക് നിര്‍ണായകമായ സ്ഥാനമാണുളളത്.ഗുണമേന്മയുടെ സൂക്ഷ്മമ തലങ്ങളെ വികസനരേഖ പ്രതിഫലിപ്പിക്കുന്നു. ആസൂത്രിതമായ പ്രവര്‍ത്തനം സമയബന്ധിതമാക്കി ചെയ്യുക എന്ന ശീലം വളര്‍ത്താനിതു വിദ്യാലയങ്ങളെ പ്രേരിപ്പിക്കും.
  • വികസനപദ്ധതി രേഖ തയ്യാറാക്കുന്നതിന് എസ് എം സി അംഗങ്ങള്‍ക്ക് വിദഗ്ധ പരിശീലനവും കൂടെ നിന്നുളള പിന്തുണയും ആവശ്യമാണ്
  • അതത് വിദ്യായാലയങ്ങളുടെ മൂര്‍ത്ത സാഹചര്യത്തില്‍ വെച്ചാലോചിക്കുന്നതിന് അവസരം ഒരുക്കുകയാണ് വേണ്ടത്
  • എല്ലാ വിദ്യാലയങ്ങളിലും ഒരേ മാതൃക സ്വീകാര്യമാകില്ല
  • വിദ്യാലയവികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ സാധ്യതകളെക്കുറിച്ച് ധാരണ നല്‍കുന്നത് ഗുണം ചെയ്യും
  • നിര്‍വഹണപരമായ കാര്യങ്ങളില്‍ തുടര്‍ പിന്തുണ വേണ്ടിവരും. എഴുതിവെച്ച പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്യുന്നതെങ്ങനെയെന്നുളള കാര്യം പ്രധാനമാണ്.
  • ഡയറ്റിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെലുണ്ടാകണം. പ്രായോഗികമായ വികസനപദ്ധതി എന്നത് ഒരു വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം മെച്ചപ്പെടുത്തി തയ്യാറാക്കുന്നതാകും. അതിനാല്‍ത്തന്നെ ഗവേഷണാത്മകമായി കാണേണ്ടതുണ്ട്.
  • വിദ്യാലയങ്ങള്‍ക്ക് ആസൂത്രണത്തിന് സഹായകമായ പിന്തുണാമെറ്റീരിയലുകള്‍ ഡയറ്റ് വികസിപ്പിച്ച് നല്‍കണം ( ക്ലബ് പ്രവര്‍ത്തനങ്ങള്‍, ദിനാചരണം, അവധിക്കാല ക്യാമ്പുകള്‍ , ക്ലാസ് പി ടി എ, എസ് ആര്‍ ജി, തുടങ്ങിയവ )
  • പഠനോപകരണ നിര്‍മാണം, ക്ലാസ് പി ടി എ സംഘാടനം, നിരന്തരവിലയിരുത്തല്‍ തുടങ്ങിയവയില്‍ വിദ്യാലയങ്ങള്‍ക്ക് തത്സമയ പിന്തുണ ആവശ്യമാണ്
  • വിദ്യാലയനേതൃത്വത്തിനും എസ് എം സി അംഗങ്ങള്‍ക്കും തുടര്‍പരിശീലനങ്ങള്‍ ആവശ്യമാണ്.

Thursday, June 11, 2015

കരുത്തുളള പൊതുവിദ്യാഭ്യാസം

2014 ല്‍ പിന്‍ബഞ്ചിലാകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതിയവര്‍ ഇത്തവണ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചു. അസര്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ വര്‍ഷം പൊതുവിദ്യാഭ്യാസത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. (അസര്‍ പഠനത്തിലെ സാമ്പിള്‍ പൊതുവിദ്യാഭ്യാസത്തിലെ മാത്രം കുട്ടികളായിരുന്നില്ല.) ഇപ്പോള്‍ എന്‍ സി ഇ ആര്‍ ടിയുടെ പഠനറിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. ആരും അത് കണ്ട ഭാവം പോലും നടിച്ചില്ല.
കാരണം വ്യക്തം പഠനം നടന്നത് ഏതു വര്‍ഷമാണെന്നുളളതാണ്

മൂന്നാം ക്ലാസിലെ നിലവാരം പഠനവിധേയമാക്കിയത് 2012-13 വര്‍ഷം. അപ്പോള്‍ സാമൂഹികജ്ഞാനനിര്‍മിതി പ്രകാരമുളള പാഠപുസ്തകമായിരുന്നു. അത് നിലവാരമില്ലാത്തത് എന്ന ആക്ഷേപം പലകോണുകളില്‍ നിന്നുണ്ടായി. ശാസ്ത്രസാഹിത്യപരിഷത്തിനെ പ്രതിനിധീകരിച്ച് അസീസ് കമ്മറ്റിയുടെ മുമ്പാകെ വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍ അദ്ദേഹം ചോദിച്ചത് കേരളത്തിലെ വിദ്യാഭ്യാസത്തിന് നിലവാരമില്ലല്ലോ എന്നാണ്. ഞാന്‍ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ ഇങ്ങനെ പറയുന്നതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു.
ഇപ്പോള്‍ ഇതാ പുതിയ പഠന റിപ്പോര്‍ട്ട്
അതിന്റെ വിശദാംശങ്ങളിലേക്ക് പോകാം.


ഭാഷയിലേയും ഗണിതത്തിലേയും കേരളത്തിന്റെ പ്രകടനം നോക്കുക. അഖിലേന്ത്യാ ശരാശരിയോക്കാള്‍ വളരെ ഉയരത്തില്‍. 70 % എന്നത് മോശം അവസ്ഥയാണോ?കേരളത്തിലെ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന വാദക്കാരുടെ നുണപ്രചരണങ്ങള്‍ക്കാണ് ഈ റിപ്പോര്‍ട്ട് മറുപടി നല്‍കുന്നത്


ശരിയായ ഉത്തരം നല്‍കിയവരുടെ വിന്യാസം പരിശോധിക്കാം. അഖിലേന്ത്യാ പ്രവണതയാണ് മുകളില്‍  75 % നു മുകളില്‍ ഭാഷയില്‍ 29.5 % കുട്ടികളും ഗണിതത്തില്‍ 39.2 ശതമാനം പേരുമാണുളളത്കേരളത്തില്‍ ഇത് യഥാക്രമം 43.7%വും 47% വുമാണ്.( ചുവടെയുളള പട്ടിക ) 50 ശതമാനത്തില്‍ കൂടുതല്‍ ശരി ഉത്തരമെഴുതിയവരുടെ കണക്കു കൂടി പരിഗണിച്ചാല്‍ കേരളത്തിലെ കുട്ടികളില്‍ 80-82 ശതമാനം കുട്ടികള്‍ വരും.35 % മാനത്തില്‍ താഴെ ശരിഉത്തരമുളളവര്‍ കേവലം  ആറു ശതമാനത്തോളം മാത്രം. എന്തു തിളക്കമാര്‍ന്ന നേട്ടമാണ് പ്രാഥമിക തലത്തില്‍ നാം നേടിയത്. ഈ നേട്ടത്തെ അവഗണിച്ചുകൊണ്ടാണ് സാമൂഹികജ്ഞാനനിര്‍മിതിവാദപാഠപുസ്തകങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതെന്നോര്‍ക്കണം.
പെണ്‍കുട്ടികളുടെ നിലവാരം പ്രധാനമാണ്
ഭാഷയിലും ഗണിതത്തിലും കേരളത്തിനും പുതുച്ചേരിക്കും മാത്രമാണ് ഉയര്‍ന്ന സ്ഥാനം ലഭിച്ചത്
ചര്‍ച്ചയും സംവാദവും പുറം പഠനവും പ്രോജക്ടും പ്രാദേശിക പഠനയാത്രയുമെല്ലാം പെണ്‍കുട്ടികള്‍ക്ക് തുറന്നുകൊടുത്ത അവസരങ്ങള്‍ ആരും വിലമതിച്ചിട്ടില്ല. തീം അടിസ്ഥാനത്തില്‍ ഉദ്ഗ്രഥിക്കപ്പെട്ട സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ പഠനത്തെ പിന്നോട്ടടിച്ചിട്ടില്ല എന്നല്ലേ ഈ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പ്രൈമറി തലത്തിലെ ഈ ഉയര്‍ന്ന നില യു പി ക്ലാസുകളില്‍ നിലനിറുത്താനായോ? അത് തുടര്‍ന്നുളള ലക്കങ്ങളില്‍
ഡി പി ഇ പി കാലം മുതല്‍ പ്രൈമറി വിദ്യാഭ്യാസം തകര്‍ന്നേ എന്നു മുറവിളികൂട്ടിയവര്‍ ആധികാരിക പഠനറിപ്പോര്‍ട്ടുകള്‍ അല്ല ഉപയോഗിച്ചത്  എന്നത്  ശ്രദ്ധേയമാണ് കേരളത്തിലെ പൊതുസമൂഹത്തിന്റെ നിലപാടുകളെ സ്വാധീനിക്കാന്‍ ഇത്തരം പ്രചാരവേലകള്‍ മതി എന്ന് ചിന്തിക്കുന്നത് കൊണ്ടാകാം.
.......................................................
ഏതെങ്കിലും കാലത്തെ പാഠപുസ്തകങ്ങള്‍ കുറ്റമറ്റതാണെന്ന നിലപാട് എനിക്കില്ല.
പക്ഷേ അതിലെ ശരികളെ കാണാതെ പോകുന്നത് ശരിയല്ല.



Saturday, June 6, 2015

ഭാഷയുടെ കരുത്ത് എല്ലാവര്‍ക്കും നല്‍കാം.


ആമുഖം
അക്കാദമിക അഥോറിറ്റിയായ എസ് സി ഇ ആര്‍ ടി ഓരോ ക്ലാസ്സിലും  നേടേണ്ട നിലവാരം കൂടുതല്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം എല്ലാ കുട്ടികളും ഈ നിലവാരത്തിലെത്തിയിരിക്കണം. അതായത് ഈ നിലവാരം വിദ്യാഭ്യാസ അവകാശമാണ്. ഈ ഗൗരവമുള്‍ക്കൊണ്ടാണോ വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്? എസ് ആര്‍ ജി യില്‍ അക്കാദമിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്? കുട്ടികളുടെ പഠനപുരോഗതി രണ്ടു മാസം കൂടുമ്പോള്‍ ക്ലാസ് പിടി എയില്‍ അവതരിപ്പിക്കണം എന്ന് വിദ്യാഭ്യാസ അവകാശനിയമം, എസ് എം സി മാര്‍ഗരേഖ എന്നിവയില്‍ പറയുന്നു. നിശ്ചിത സമയത്ത് പാഠഭാഗം പൂര്‍ത്തീകരിക്കക എന്നതല്ല നിര്‍ദ്ദിഷ്ട ശേഷികള്‍ എല്ലാ കുട്ടികളും നേടി എന്ന അവസ്ഥയാണ് വേണ്ടത്
പഠനപിന്നോക്കാവസ്ഥ പരിഹരിക്കണമെന്നു അവകാശനിയമം ആവശ്യപ്പെടുന്നു. കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ അതു വഴി പഠനത്തിന്റെയും അധ്യാപനത്തിന്റെയും നിലവാരം ഉയര്‍ത്തുന്നതിനായി അധ്യാപിക സ്വന്തം സ്ഥാപനത്തില്‍ നടത്തുന്ന ആസൂത്രിതമായ അക്കാദമികപ്രവര്‍ത്തനമാണ് ക്രിയാഗവേഷണം .ഗവേഷണാത്മക അധ്യാപനത്തിലൂടെ മാത്രമേ അവകാശ നിയമം മുന്നോട്ടുവെക്കുന്ന നിലവാരം എല്ലാ കുട്ടികള്‍ക്കും ആര്‍ജിക്കാനാകൂ.
വിദ്യാലയാധിഷ്ടിതഗവേഷണം- ഒന്ന്
ലക്ഷ്യം -എല്ലാ കുട്ടികളും മാതൃഭാഷയില്‍ ഉയര്‍ന്ന നിലവാരം
എല്ലാ കുട്ടികളും മാതൃഭാഷയില്‍ ഉയര്‍ന്ന നിലവാരം എന്ന ലക്ഷ്യം നേടുന്നതിനുളള തടസങ്ങള്‍ എന്നു കണ്ടെത്താന്‍ ആദ്യം ഇപ്പോഴത്തെ അവസ്ഥ വിശകലനം നടത്തണം.
  • ലേഖനത്തിലെ പ്രശ്നങ്ങളും മികവുകളും
  • വായനയിലെ പ്രശ്നങ്ങളും മികവുകളും
ലേഖനത്തിലെ പ്രശ്നങ്ങള്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നതെന്താണ്? ക്ലാസിലെ സമര്‍ഥരുടെയടക്കമുളളവരുടെ രചനകള്‍ ചുവടെ ചേര്‍ത്തിട്ടുളള കാര്യങ്ങള്‍ കണക്കിലെടുത്ത് വിശകലനം ചെയ്യണം. ഒരു സ്വതന്ത്ര രചനാസന്ദര്‍ഭം നല്‍കിയാല്‍ മതി. ആശയപരമായ പരിമിതി ഇവിടെ രചനയെ സ്വാധീനിക്കാത്ത വിധം വിഷയം നല്‍കണം. ഒരു പേജില്‍ ഒതുങ്ങുന്ന ലഘു വിവരണമെഴുതാന്‍ ആവശ്യപ്പെടാം.അതിലൂടെ ഒട്ടുമിക്ക പ്രശ്നങ്ങളും കുട്ടികളുടെ രചനാപരമായ മികവുകളും കണ്ടെത്താം.

പ്രശ്നങ്ങള്‍
എണ്ണം
1. ഭാഷ ഉണ്ടായിട്ടും ആശയം പ്രകാശിപ്പിക്കാന്‍ കഴിയാത്തവര്‍

2.ആശയം പ്രകാശിപ്പിച്ചിട്ടുണ്ടെങ്കിലും ഭാഷാപരമായ പ്രശ്നമുളളവര്‍

2.1.അക്ഷരത്തെറ്റുളളവര്‍ (വിട്ടു പോകല്‍, മാറിപ്പോകല്‍, സംഭാഷണസ്വാധീനം, തിട്ടമില്ലായ്മ)

2.2.ചിഹ്നങ്ങള്‍ ഉറയ്കാത്തവര്‍

2.3 പദങ്ങള്‍‌ അകലം പാലിച്ചെഴുതാത്തവര്‍

2.4.ചിഹ്നനം പാലിക്കാത്തവര്‍

2.5.വാക്യഘടന പാലിക്കാത്തവര്‍ ( പദക്രമം, പദങ്ങളുടെ അനാവശ്യമായ ആവര്‍ത്തനം, വിട്ടുപോകല്‍..)

3 ആശയക്രമീകരണം പാലിക്കാത്തവര്‍ ( തുടര്‍ച്ച, സമാനമായവ ഒന്നിച്ച് അവതരിപ്പിക്കല്‍-ഖണ്ഡികാകരണം)

4. വാക്യഭംഗി പരിഗണിക്കാത്തവര്‍ ( എല്ലാ വാക്യങ്ങളും ഒരേ പോലെ തുടങ്ങല്‍, അവസാനിപ്പിക്കല്‍, ഒരേ പദം തന്നെ ആവര്‍ത്തിക്കല്‍)

5. വരികള്‍ തമ്മിലുളള അകലം പാലിക്കാത്തവര്‍

6. ഒരേ ലവലില്‍ എഴുതാന്‍ കഴിയാത്തവര്‍

7. വ്യക്തതയോടെ എഴുതാന്‍ കഴിയാത്തവര്‍ (വടിവ് .വലുപ്പം)

8. വ്യവഹാരരൂപത്തിന്റെ സവിശേഷതകളെല്ലാം (സൂചകങ്ങള്‍) പാലിക്കാത്തവര്‍

9. മെച്ചപ്പെട്ട ഭാഷയില്‍ എഴുതാന്‍ ശ്രമിക്കാത്തവര്‍, വീണ്ടും വായിച്ച് സ്വന്തം രചന മെച്ചപ്പെടുത്താത്തവര്‍

10. യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്തവര്‍ ( മികച്ച രീതിയില്‍ ഭാഷ ഉപയോഗിക്കുന്നവര്‍)

  ഇത്തരമൊരു വിശകലനം തീര്‍ച്ചയായും ഭാഷാപരമായ അവസ്ഥയുടെ കൃത്യമായ ചിത്രം നല്‍കുമെന്നതില്‍
സംശയമില്ല. കുട്ടികളുടെ പ്രതികരണങ്ങളെ നന്നായി വിശകലനം ചെയ്യാതെ പ്രശ്ന നിര്‍ണയം സാധ്യമാകില്ല. മുന്‍
പരിഹരിക്കാനുളള ഇടപെടല്‍ വേണം. അതാണ് എസ് ആര്‍ ജിയിലും വിഷയസമിതിയിലും പ്രാധാന്യം നല്‍കി പരിഗണിക്കേണ്ടത്.
പ്രശ്നപരിഹരണത്തിന് പഴയരീതിയോ?
ചിലര്‍ വിശ്വസിക്കുന്നത് പഴയരീിതിയില്‍ പഠിപ്പിച്ചാല്‍ കുട്ടികളുടെെയല്ലാം രചനാപരമായ പ്രശ്നം പരിഹരിക്കാമെന്നാണ്. കഴിഞ്ഞ വര്‍ഷവും ആ രീതികള്‍ പയറ്റി പരാജയപ്പെട്ടവരാണ് വീണ്ടും അതേ രീതി തുടരുന്നത്.
എല്ലാ കുട്ടികളേയും തത്സമയം പിന്തുണയ്കുന്ന രചനാ സന്ദര്‍ഭങ്ങളാണ് വേണ്ടത്.
1) സ്വതന്ത്ര രചനാ സന്ദര്‍ഭം സൃഷ്ടിക്കണം ( ചിത്രത്തിന് അടിക്കുറിപ്പെഴുതാം, വാര്‍ത്തയ്ക് തലക്കെട്ടെഴുതാം, പോലെ ലളിതമായതില്‍ തുടങ്ങാം )
2 ) ആ സന്ദര്‍ഭത്തില്‍ പ്രയാസമനുഭവിക്കുന്ന കുട്ടിയെ എല്ലാവരും എഴുതുന്ന സമയം തന്നെ  സഹായിച്ച് എഴുതിക്കണം
3) ആശയങ്ങള്‍ ഓരോരുത്തരും ഗ്രൂപ്പില്‍ പങ്കിടണം. ( പിന്നാക്കം നില്‍ക്കുന്നവരടക്കം എല്ലാ കുുട്ടികളും നിര്‍ബന്ധമായും)
4) ഓരോന്നുമെടുത്ത്  അവ ഇനിയും മെച്ചപ്പെടുത്താമോ എന്നാലോചിക്കണം
5 ) മെച്ചപ്പെട്ട അശങ്ങളെല്ലാം സമന്വയിപ്പിച്ച ഒരു ഗ്രൂപ്പ് രചനയുണ്ടാക്കാം /അല്ലെങ്കില്‍ തലക്കെട്ട് അടിക്കുറിപ്പ് പോലെ ചെറിയ രചനയെങ്കില്‍ മികച്ചതെല്ലാം ഗ്രൂപ്പിലെ എല്ലാവരും ബുക്കില്‍ എഴുതണം/ സ്വന്തം രചന മെച്ചപ്പെടുത്തണം ( മികച്ച ഒന്ന് എന്ന സങ്കല്പം മാറണം. ഗ്രൂപ്പ് ചിന്തയുടെ ഫലം കുട്ടിയുടേ ഭാഷയില്‍ ബുക്കില്‍ വരണം ( സഹായിക്കണം സഹപാഠികള്‍. സംശയം ചോദിച്ചറിഞ്ഞെഴുതുന്നത് തെറ്റല്ല)
6) പരസ്പരം പരിശോധിച്ച് തെറ്റില്ലാത്ത ഭാഷയിലാണെന്നുറപ്പാക്കണം  ( ഇത് പിന്നോക്കം നില്‍ക്കുന്ന കുട്ടിയെ സഹായിച്ചെഴുതിക്കലാണ്)
7) ഗ്രൂപ്പിന്റെ അവതരണം ( നറുക്കിട്ട് കിട്ടുന്നകുട്ടി ) ബോര്‍ഡില്‍ എഴുതണം ( ഈ സമയം തിരുത്തരുത്)
8 ) എല്ലാ ഗ്രൂപ്പ് പ്രതിനിധികളും എഴുതിയ ശേഷം വിശകലനം  ( ആദ്യം മെച്ചപ്പെട്ട അടിക്കുറിപ്പ് ഏതാണ്? ആശയപരമായ ചര്‍ച്ച , തുടര്‍ന്ന് ഭാഷാപരമായ ചര്‍ച്ച. മറ്റു ഗ്രൂപ്പുകാര്‍ക്ക് എഡിറ്റ് ചെയ്യാം. വാക്യഘടന, പദതലം. അക്ഷരതലം ഈ കാഴ്ചയും വിശകലനവും പിന്നോക്കം നില്‍ക്കുന്ന കുട്ടിയെ സഹായിക്കലാണ് )
9) പുതിയ സ്വതന്ത്ര രചനാ സന്ദര്‍ഭം ( ഡയറി എഴുതല്‍ ) വീട്ടുകാരുടെ സഹായത്തോടെ.
അധ്യാപിക, സഹപാഠികള്‍, രക്ഷിതാവ്, പൊതുക്ലാസ് എന്നിവരുടെ സഹായത്തോടെ നിത്യവും എഴുതുക, തിരുത്തുക, മെച്ചപ്പെടുത്തുക. ചില ഊന്നലുകള്‍ നല്‍കേണ്ട പൊതു പ്രശ്നങ്ങള്‍ ക്ലാസ് ചര്‍ചയ്ക് വിധേയമാക്കുക.
10. കുട്ടിയുടെ ബുക്കില്‍ അധ്യാപിക ഇടപെടണം. മെച്ചപ്പെടുത്താന്‍ സഹായിക്കണം ( ചുവന്ന മഷിയല്ല,തെറ്റടയാളവുമല്ല.പെന്‍സില്‍ വെച്ചുളള ചില സൂചനകള്‍)
ഇത് ഒരു സാധ്യതയാണ് എന്നും പിന്തുണ ലഭിക്കുന്ന എല്ലാവര്‍ക്കുമൊപ്പം പരിഗണന ലഭിക്കുന്ന മറ്റു തന്ത്രങ്ങളും സ്വീകരിക്കൂ.
പോസ്റ്ററെഴുത്ത്, നോട്ടീസെഴുത്ത്, കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിശീലനം, ഇന്നത്തെ വാര്‍ത്ത എഴുതാന്‍ ചുമതലപ്പെടുത്തല്‍, ക്ലാസ് പത്രം തയ്യാറാക്കല്‍ ഒക്കെയാകാം,
കുട്ടികളെല്ലാവരും താല്പര്യത്തോടെ അത് ഏറ്റെടുക്കണം.
കുട്ടികളുടെ രചനാപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ ചില ഇപെടല്‍അനുഭവങ്ങളാണ് ചുവടെ അതു കൂടി വായിക്കാം..

രണ്ടാം ക്ലാസിലെ കുട്ടികള്‍

അക്കാദമികസന്ദര്‍ശനത്തിന്റെ തിരിച്ചറിവ്

എസ്‍ ആര്‍ ജി, അക്കാദമിക പിന്തുണാരീതി, 

നാലാം ക്ലാസില്‍ കുട്ടികളോടൊത്ത് -നല്ലൊരു അനുഭവ പാഠം.

പ്രതികരണപ്പേജിലെ കുറിപ്പ് അധ്യാപകപ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു

കുട്ടികളുടെ രചനാപരമായ കഴിവുകള്‍ മെച്ചപ്പെടുത്തിയ അനുഭവം നിങ്ങള്‍ക്കുമുണ്ടാകും പങ്കിടൂ..