Pages

Saturday, December 26, 2015

കുട്ടികള്‍ പരാജയപ്പെടുന്നതിന്റെ കാരണങ്ങള്‍


( ഇത് ത‍ൃശൂരി‍ലെ ഒരു അധ്യാപകന്‍ ലിസ്റ്റ് ചെയ്തതതാണ്. അധ്യാപകവീക്ഷണത്തിലാണ് വിശകലനം നടത്തിയിരിക്കുന്നത് . ക്ലാസിലെ പിന്നാക്കാവസ്ഥയ്ക് കാരണം കുട്ടികള്‍ തന്നയെണെന്നാണ് ഈ അധ്യാപകന്റെ വിദ്യാലയം കരുതുന്നത്. ഇവ പരിഹരിക്കാമെങ്കില്‍ കുട്ടികളെ വിജയിപ്പിക്കാമത്രേ!)

Tuesday, December 22, 2015

ഒന്നാം ക്ലാസുകാര്‍ ഇങ്ങനെയാണ് നല്ല വായനക്കാരാകുന്നത്....

 സമയം രാവിലെ 9.30.
ഒന്നാം ക്ലാസിലെ കുട്ടികള്‍ പുസ്തകവായനയിലാണ്.അവരുടെ വായന നോക്കി നില്‍ക്കാന്‍ നല്ല രസമാണ്.ആ കാഴ്ച നമ്മുടെ മനസ്സില്‍ സന്തോഷം നിറയ്ക്കും.
ടീച്ചര്‍ ക്ലാസിലുണ്ട്.
ഇന്ന് ഏതു പുസ്തകമാണ് വായിച്ചു തരേണ്ടതെന്ന് ടീച്ചര്‍ ചോദിച്ചു.
കുട്ടികള്‍ ക്ലാസ് ലൈബ്രറിയില്‍ നിന്നും പുസ്തകം തെരഞ്ഞെടുത്ത് ടീച്ചറുടെ അടുത്തേക്ക് ഓടി.
"ടീച്ചറേ, ഈ പുസ്തകം..”
"അല്ല ടീച്ചറേ, ഈ പുസ്തകം..”
എല്ലാവരുടേയും കൈയില്‍ ഓരോ പുസ്തകമുണ്ട്. അതെല്ലാം വായിച്ചു കൊടുക്കണം.
നടക്കുമോ?

 ടീച്ചര്‍ ഓരോരുത്തരുടേയും കൈയിലെ പുസ്തകം നോക്കി.
അതില്‍ ചിലത് നേരത്തേ വായിച്ചു കൊടുത്തവയുണ്ട്.
"അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം ഇന്നലെ വായിച്ചു തന്നല്ലോ."ടീച്ചര്‍ പറഞ്ഞു.
"അത് ഒരിക്കാലുംകൂടി വായിച്ചു തര്വോ?"ഒരു കുട്ടിചോദിച്ചു.
 ഒരിക്കല്‍ വായിച്ചു കൊടുത്ത പുസ്തകം തന്നെ അവര്‍ക്ക് വീണ്ടും വീണ്ടും വായിച്ചു കേള്‍ക്കണം.അതിലെ ചിത്രങ്ങള്‍ അവര്‍ക്ക് വീണ്ടും വീണ്ടും കാണണം.അതില്‍ നിന്നും വീണ്ടും വീണ്ടും കഥകള്‍ മെനയണം.

തന്റെ ടീച്ചിങ്ങ് മാന്വലിനിടയില്‍ നിന്നും  ടീച്ചര്‍ ഒരു പുസ്തകം പുറത്തെടുത്തു.'ഞാന്‍ എന്ത് ഉണ്ടാക്കും?' എന്ന ഭംഗിയുള്ള കുട്ടിപുസ്തകം.
"ഇന്ന് ഈ പുസ്തകം വായിച്ചാലോ?” പുസ്തകം എല്ലാവരേയും കാണിച്ചു കൊണ്ട് ടീച്ചര്‍ ചോദിച്ചു.
കുട്ടികള്‍ തലയാട്ടി. അവര്‍ക്ക് സന്തോഷമായി.

ടീച്ചര്‍ കസേര ക്ലാസിന്റെ ഒരു ഭാഗത്തേക്ക് വലിച്ചിട്ട് അതില്‍ ഇരുന്നു.
കഥ വായിച്ചു കേള്‍ക്കാന്‍ കുട്ടികള്‍ ടീച്ചര്‍ക്ക് മുന്നിലായി അടുത്ത് വന്നിരുന്നു.ചിലര്‍ നിലത്ത്.ചിലര്‍ കസേരയില്‍.
 കഥകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കാനും കുട്ടികള്‍ അങ്ങനെയാണ് ഇരിക്കുക.എന്നിട്ട് അവര്‍ പുസ്തകത്തിലെ ഓരോ പേജിലേക്കും  ഉത്സാഹത്തോടെ നോക്കും.


പുസ്തകം എല്ലാവരേയും കാണിച്ചുകൊണ്ട് ടീച്ചര്‍ ചോദിച്ചു.
"ഈ പുസ്തകം എന്തിനെക്കുറിച്ചായിരിക്കും?”
കുട്ടികള്‍ പുസ്തകത്തിന്റെ കവര്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.
"ഒരു കുട്ടീനക്കുറിച്ച്.” ചിത്രത്തിലെ കുട്ടിയെ നോക്കിക്കൊണ്ട് ശിവനന്ദ വിളിച്ചു പറഞ്ഞു."ഒരു മൊട്ടത്തലയന്‍.”
"അല്ല, ടീച്ചറേ..ചപ്പാത്തി ഇണ്ടാക്കുന്നതിനെക്കുറിച്ച്.”
ഷില്‍ന പറഞ്ഞു.
ചിത്രത്തിന്റെ ഒരു മൂലയില്‍ ചപ്പാത്തിപ്പലകയും ഒരു കോലും ഇരിപ്പുണ്ട്.

എല്ലാവരും ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.അവള്‍ പറഞ്ഞതിനോട് പലരും യോജിച്ചു.
"ഈ കുട്ടിയുടെ പേരെന്തായിരിക്കും?"ചിത്രത്തിലെ കുട്ടിയെ തൊട്ടുകൊണ്ട് ടീച്ചറുടെ  അടുത്ത ചോദ്യം.
"അപ്പു."ഒരു മിടുക്കന്‍ വിളിച്ചു പറഞ്ഞു.
"അല്ല ടീച്ചറേ,മുത്തു."ഒരു മിടുക്കി പറഞ്ഞു.
"ഉണ്ണി,കുട്ടന്‍,ചിഞ്ചു...."കുട്ടികള്‍ പല പേരുകളും പറയാന്‍ തുടങ്ങി.

 "ശരി..നമുക്ക് നോക്കാം..ഈ കുട്ടിയുടെ കൈയിലെന്താണ്?”
"ലഡു.”
കുട്ടികള്‍ അല്പനേരം ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.
"അല്ല,ടീച്ചറേ..."ശിവനന്ദ എഴുന്നേറ്റു."അത് ഗോതമ്പ് പൊടി കൊയച്ചതാണ്. ആ കുട്ടി ചപ്പാത്തി ഇണ്ടാക്കാന്‍ പോവേന്ന്.”
"ചപ്പാത്തി ഓനാണോ ഇണ്ടാക്കാ? ഓന്റെ അമ്മേല്ലെ?"ദേവപ്രിയയുടെ ചോദ്യം.
ശിവന്ദയ്ക് പെട്ടെന്ന് ഉത്തരം കിട്ടിയില്ല.
"ഓന്റെ കൈയില് ലഡു അല്ല.അത് ഗോതമ്പ് കൊയച്ചത് തന്ന്യാണ്.”

 ശിശിര എഴുന്നേറ്റുനിന്നു പറഞ്ഞു.
"എന്നാ ഓന്‍ തന്ന്യാ ചപ്പാത്തി ഇണ്ടാക്കുന്നത്...”
ചിത്രങ്ങള്‍ വിശകലനം ചെയ്ത്, കുട്ടികള്‍ കഥയെക്കുറിച്ചുള്ള ചില ഊഹങ്ങള്‍ രൂപപ്പെടുത്തുകയാണ്.ഒരു ചിത്രം കുട്ടികളെ എങ്ങനെയെല്ലാം ചിന്തിപ്പിക്കുന്നു!
"ആരാണ് ചപ്പാത്തി ഉണ്ടാക്കുന്നത്?"ടീച്ചര്‍ എല്ലാവരോടുമായി ചോദിച്ചു.
"ഈ കുട്ടിയോ?അതോ അമ്മയോ?”
ചിലര്‍ കുട്ടി എന്നു വിളിച്ചു പറഞ്ഞു. ചിലര്‍ അമ്മയെന്നും.
"നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് നമുക്ക് നോക്കാം...”


എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ടീച്ചര്‍ പേജ് മറിക്കുന്നതും കാത്തിരിക്കുകയാണ്.
പേജ് മറിഞ്ഞപ്പോള്‍ കുറേ പേര്‍ കയ്യടിച്ചു.
ടീച്ചര്‍ പേജിലെ ചിത്രം എല്ലാവരേയും കാണിച്ചു.
"ഞാന്‍ പറഞ്ഞതാണ് ശരി.”
അവര്‍ വിളിച്ചു പറയാന്‍ തുടങ്ങി.
"അമ്മ ദാ പൊടി കൊയക്കുന്നു."കാര്‍ത്തിക്ക്  പറഞ്ഞു.
"അമ്മ എന്തിനാ പൊടി കുഴക്കുന്നത്?"ടീച്ചര്‍ ചോദിച്ചു.
"ചപ്പാത്തി ഇണ്ടാക്കാന്‍."എല്ലാവരും പറഞ്ഞു.
"എങ്ങനെയാ ചപ്പാത്തി ഉണ്ടാക്കുന്നത്?”
കുട്ടികള്‍ ആഗ്യം കാണിക്കാന്‍ തുടങ്ങി.
മാവ് കുഴക്കുന്നു.ഉരുളയാക്കുന്നു.ചപ്പാത്തിപ്പലകയില്‍ വെച്ച് പരത്തുന്നു.ചപ്പാത്തിത്തട്ടില്‍ ഇടുന്നു.ചുട്ടെടുക്കുന്നു...
ടീച്ചര്‍ കഥ വായിക്കാന്‍ തുടങ്ങി.
'നീരജിന്റെ അമ്മ ചപ്പാത്തി ഉണ്ടാക്കാന്‍ മാവു കുഴക്കുകയായിരുന്നു.നീരജിന് കളിക്കാന്‍ അമ്മ കുറച്ചു മാവുനല്‍കി.'
"ടീച്ചറേ, നമ്മക്ക് തെറ്റിപ്പോയി.അവന്റെ പേര് നീരജ് എന്നാ...”
ആദിത്യ വിളിച്ചു പറഞ്ഞു.

"നീരജ് അവന് കിട്ടിയ ഗോതമ്പ് മാവുകൊണ്ട് എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക?”
"ചപ്പാത്തിയിണ്ടാക്കിറ്റുടുണ്ടാകും.” വിധു പറഞ്ഞു.
"അമ്മ നീരജീന് കളിക്കാനല്ലേ മാവു കൊടുത്തത്?അതു കൊണ്ട് അവന്‍ കളിച്ചിട്ടുണ്ടാകും.”
"എന്തു കളിയായിരിക്കും കളിച്ചിട്ടുണ്ടാകുക?”
കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.
"അയിനക്കൊണ്ട് ഉരുട്ടി ഉണ്ടയാക്കി കളിച്ചിട്ടുണ്ടാകും."നിയ പറഞ്ഞു."ഇന്നാള് അമ്മ ചപ്പാത്തി പരത്തുമ്പോ എനക്കും തന്നു ഒരുണ്ട.ഞാന്‍ അയിനക്കൊണ്ട് കൊറേ ഉണ്ടയാക്കിക്കളിച്ചു.”


"നീരജ് അതിനെക്കൊണ്ട് എന്തായിരിക്കും ഉണ്ടാക്കിയത്?"ടീച്ചര്‍ ചോദിച്ചു.
"ഉണ്ട.."എല്ലാവരും ഉറക്കെ പറഞ്ഞു.
"ശരി.നമുക്ക് നോക്കാം.”
ടീച്ചര്‍ അടുത്ത പേജ് മറിച്ചു.
ചിത്രം എല്ലാവരേയും കാണിച്ചു.എന്നിട്ട് വായിച്ചു.
'ഞാന്‍ എന്ത് ഉണ്ടാക്കും?മാവ് കുഴച്ചുകൊണ്ട് അവന്‍ ചോദിച്ചു.'
നോക്കൂ..അവനെന്താണ് ഉണ്ടാക്കിയതെന്ന്?
ടീച്ചര്‍ അടുത്ത പേജിലെ ചിത്രം കാണിച്ചു.
"ങേ,പാമ്പോ?”
കുട്ടികള്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് ഒരേ സ്വരത്തില്‍ ചോദിച്ചു.


"നീരജ് എങ്ങനെയാണ് പാമ്പിനെയുണ്ടാക്കിയത്?”
"ഗോതമ്പുണ്ട വലിച്ചു നീട്ടിയുരുട്ടി..."കുട്ടികള്‍ ആഗ്യം കാണിച്ചുകൊണ്ട് പറയാന്‍ തുടങ്ങി.
ടീച്ചര്‍ ആ പേജ് വായിച്ചു.

മാവു തെറുത്ത് തെറുത്ത് അവനൊരു നീണ്ട ചരടുണ്ടാക്കി.ചരടിന്റെ ഒരറ്റത്ത് രണ്ട് കണ്ണ് കുത്തിവെച്ചു.പിന്നെ,മറ്റേ അറ്റം വാലുപോലെ വലിച്ചു നീട്ടി....
 ടീച്ചര്‍ അടുത്ത പേജ് മറിച്ചു.
'അയ്യോ! പാമ്പ്! പാമ്പ്! പാമ്പ് എന്നെ കൊത്താന്‍ വരുന്നേ...അവന്‍ വിളിച്ചു കൂവി.'


ഓരോ ചിത്രവും കുട്ടികളെ കാണിച്ച്,ചിത്രങ്ങളെക്കുറിച്ച് കുട്ടികള്‍ പറയുന്നത് കേട്ട്, അവരോട് ചോദ്യങ്ങള്‍ ചോദിച്ച്,‍അവരുടെ ചിന്തയെ ഉണര്‍ത്തി ടീച്ചര്‍ പുസ്തകത്തിന്റെ പേജുകള്‍ ഒന്നൊന്നായി മറിച്ചു.

ഇനി കഥയില്‍ എന്തു സംഭവിക്കും എന്ന് ഓരോ സന്ദര്‍ഭത്തിലും കുട്ടികള്‍ ഊഹിച്ചു.അവരുടെ ജിജ്ഞാസ ഉണര്‍ന്നു.കുഞ്ഞു ഭാവനയ്ക്ക് ചിറക് കുരുത്തു.പുസ്തകം അവരെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
പുസ്തകം വായിച്ചു തീരുന്നതുവരെ ഒരു കുട്ടിപോലും അതില്‍ നിന്നും കണ്ണെടുത്തില്ല.


അവരോരുത്തരും നീരജിനെയും ഗോതമ്പ് മാവുകൊണ്ട് അവനുണ്ടാക്കാന്‍പോകുന്ന രൂപങ്ങളെയും സങ്കല്‍പ്പിച്ചുകൊണ്ടിരുന്നു.
പുസ്തകം വായിച്ചു തീര്‍ന്നതിനുശേഷം ടീച്ചര്‍ ചോദിച്ചു.


"നിങ്ങള്‍ക്ക് ഈ പുസ്തകം ഇഷ്ടപ്പെട്ടോ?”
‌"നല്ലോണം ഇഷ്ടപ്പെട്ടു."കുട്ടികള്‍ ഒരുമിച്ച് പറഞ്ഞു.
"എന്തുകൊണ്ടാണ് ഇഷ്ടായത്?”
"നീരജിന്റെ കഥയായതുകൊണ്ട്.”
"നല്ല ചിത്രമുള്ളതു കൊണ്ട്.”


"ഓന്‍  പാമ്പിനെ ഇണ്ടാക്കിയതുകൊണ്ട്...”
"പാമ്പിനെ മാത്രല്ല.എലീനീം പൂച്ചേനീം ഇണ്ടാക്കി.അതാണ് എനിക്ക് ഏറ്റവും ഇഷ്ടായത്.”
"ടീച്ചറേ,അവസാനം നീരജ് ചപ്പാത്തി ചുട്ട് തിന്നില്ലേ..അതാണ് എനിക്കിഷ്ടായത്.”അതുവരെ മിണ്ടാതിരുന്ന ശിശിര പറഞ്ഞു.
"ഇനി അമ്മ ചപ്പാത്തിയാക്കുമ്പം ഞാനും ഒരുണ്ട വാങ്ങും.എന്നിട്ട് പാമ്പിനേം പൂച്ചേനീം എലീനീം ഞാനും ഇണ്ടാക്കും..."ശിവനന്ദ പറഞ്ഞു.
പിറ്റേ ദിവസം ക്ലാസില്‍ ഒരു ചാര്‍ട്ട് തൂക്കിയിട്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.ടീച്ചര്‍ ഇതുവരെ കുട്ടികള്‍ക്ക് വായിച്ചുകൊടുത്ത പുസ്തകങ്ങളുടെ ലിസ്റ്റ്. കുട്ടികള്‍ തന്നെ എഴുതിയുണ്ടാക്കിയത്!
പുസ്തകവായനയുടെ ആദ്യ ഘട്ടത്തിലേക്ക് കുട്ടികള്‍ പ്രവേശിച്ചിരിക്കുന്നു.ടീച്ചര്‍ അവര്‍ക്ക് പുസ്തകങ്ങളുടെ അത്ഭുത ലോകത്തിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തിരിക്കുന്നു!
ഒരു ടീച്ചര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇത് ചെയ്യാന്‍ കഴിയുക?



Thursday, December 17, 2015

ഒന്നാം ക്ലാസുകാരുടെ പുസ്തകക്കുറിപ്പുകള്‍

ഇപ്പോള്‍ ക്രിസ്തുമസ് പരീക്ഷ നടക്കുകയാണ്. കാണാപാഠം പഠിച്ച കാര്യങ്ങളാണ് പല അണ്‍ എയിഡഡ്
വിദ്യാലയങ്ങളിലെയും കുട്ടികള്‍ പരീക്ഷകളില്‍ എഴുതിവെക്കുക. ആശയം സ്വന്തമായി ക്രമീകരിച്ച് തന്റേതായ ഭാഷയില്‍ എഴുതാന്‍ അവരോട് ആവശ്യപ്പെടുന്നില്ല. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പിന്തുടര്‍ന്നുവരുന്ന ആശയാവതരണരീതി കുട്ടികളെ എഴുത്തുകാരും വായനക്കാരുമാക്കുന്നു. തറ, പറയ്കപ്പുറമുളള ഉയര്‍ന്ന പാഠങ്ങള്‍ വായിക്കാനും ഉയര്‍ന്ന രചനകള്‍ നിര്‍വഹിക്കാനും അവര്‍ക്കു കഴിയുമോ? ഒന്നാം ക്ലാസിലെ കുട്ടി വാക്യങ്ങളെഴുതുമോ? എന്നിങ്ങനെ സന്ദേഹങ്ങളാണ് ഇപ്പോഴും പലര്‍ക്കും. പഠനം ആസ്വാദ്യകരമാകുമ്പോള്‍ കുട്ടി എഴുത്ത് ഏറ്റെടുക്കും. വായിക്കാന്‍ വാശി പിടിക്കും. വായിച്ചു തുടങ്ങുമ്പോള്‍ കൂടുതല്‍ വായിക്കാന്‍ ആന്തരിക ചോദന ഉണരും. അപ്പോള്‍ അറിയാത്ത അക്ഷരങ്ങളെ സ്വന്തമാക്കേണ്ട ആവശ്യം വരും. ഈ അക്ഷരമേതമ്മേ? ഇതെങ്ങനെയാ വായിക്കുക തുടങ്ങിയ സംശയങ്ങള്‍ കുട്ടി ഉന്നയിക്കും. ആവശ്യാധിഷ്ഠിതമായ ഈ അന്വേഷണത്തില്‍ ക്ലാസിലാകെ പാലിക്കാവുന്ന ഒരു ക്രമം ബാധകമാവില്ല. വ്യക്ത്യാധിഷ്ഠിതമായ പിന്തുണ നല്‍കേണ്ടിവരും. എന്നാല്‍ എല്ലാവര്‍ക്കും നല്‍കുന്ന പാഠങ്ങളുണ്ടാകും അതിന്റെ കാര്യത്തില്‍ പൊതു പരിഗണനയും ക്രമീകരണവും ആവാം. ആശയാവതരണരീതിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുകയും രീതികള്‍ പാലിക്കുകയും കുട്ടിയുടെ വായനയിലും രചനയിലുമുണ്ടാകുന്ന തടസ്സങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുകയും വേണം. എങ്കില്‍ അത്തരം അധ്യാപകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല.
വായനയുടെ സ്വര്‍ഗം
ഇവിടെ ഇന്നു പങ്കുവെക്കുന്നത് എം എം സുരേന്ദ്രന്‍ മാഷ് അയച്ചുതന്ന കുറേ രചനകളാണ്. എല്ലാം ഒന്നാം ക്ലാസുകാരുടേത്.

Saturday, December 12, 2015

ആള്‍ പ്രമോഷന് മരണമണി മുഴങ്ങുമ്പോള്‍


2016 ജനുവരിയില്‍ MHRD നിയോഗിച്ച എട്ടംഗസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആള്‍പ്രമോഷന്‍ സമ്പ്രദായം തിരിച്ചുകൊണ്ടു വരണമോ വേണ്ടയോ എന്ന നിര്‍ണായക തീരുമാനം അതിനു ശേഷം ഉണ്ടാകും. രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വസുദേവ് ദേവനാനി അധ്യക്ഷനായ ഈ സമിതിയില്‍ തമിഴ്നാട്, ബംഗാള്‍,മധ്യപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പു മന്ത്രിമാരും അംഗങ്ങളാണ്. ഡല്‍ഹിയടക്കം നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആള്‍പ്രമോഷന്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.പഠനനിലവാരം കുറയുന്നതിനിടയാക്കുന്നു എന്നതാണ് മുഖ്യകാരണം.
കുട്ടികളെന്തുകൊണ്ട് തോല്‍ക്കുന്നു?
പഠനത്തില്‍ നിശ്ചിത നിലവാരത്തിലെത്താതെ വരുമ്പോഴാണ് തോല്‍വി സംഭവിക്കുക. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ഇവിടെ പ്രധാനം. ഹോപ്കിന്‍ സര്‍വകലാശാലയിലെ പ്രസിദ്ധ വിദ്യാഭ്യാസ ചിന്തകനായ റോബര്‍ട്ട് ശ്ലാവിന്‍ (1995) ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിവയാണ്

Sunday, December 6, 2015

പിന്നാക്ക പരിഗണന പാലിച്ചുളള പ്രവര്‍ത്തനാസൂത്രണം ( ഓണ്‍ ലൈന്‍ ക്ലസ്റ്റര്‍)


അധ്യാപകരെല്ലാം ക്ലസ്റ്ററില്‍ പോയാലേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാകൂ എന്നത് കലണ്ടറിലെ ശനിയാഴ്ചകളില്‍ നമ്മെ കുടുക്കിയിടുകയല്ലേ. വര്‍ഷത്തില്‍ അഞ്ച് ശനിക്കകള്‍ക്കപ്പുറം അക്കാദിക ചര്‍ച്ച പാടില്ലെന്നുണ്ടോ? വിദ്യാലയത്തില്‍ നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഇത്തരം ഓണ്‍ലൈന്‍ ക്ലസ്റ്റര്‍ ആയിക്കൂടേ? ഒരു പ്രദേശത്തെ വിദ്യാലയങ്ങള്‍ ഇത് വായിച്ച് എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്ത് പ്രതികരണം കമന്റുബോക്സില്‍ പോസ്റ്റ് ചെയ്യുക. ചര്‍ച്ച നടത്തുക, വിപുലീകരിക്കുക, പ്രയോഗിക്കുക, തെളിവുകള്‍ പങ്കിടുക എന്നിങ്ങനെ? ഏതെങ്കിലും വിദ്യാലയത്തിനു ഈ സാധ്യത ചെയ്തു നോക്കാം. പ്രതികരിക്കൂ 
ടിപ് ആക്ടിവിറ്റി.
 

  1. ഇതിന് അടിക്കുറിപ്പ് തയ്യാറാക്കാമോ? (വ്യക്തിഗതം. )
  2. ഇതേ പ്രവര്‍ത്തനം പിന്നാക്ക പരിഗണനയോടെ എങ്ങനെ ക്ലാസില്‍ ആസൂത്രണം ചെയ്യും
  3. വ്യക്തിഗതമായി കുറിക്കുക. ( കുറിച്ചെങ്കില്‍ അടുത്ത വരി വായിക്കാം)
  4. ക്ലാസില്‍ പ്രതീക്ഷിക്കുന്ന പിന്നാക്കാവസ്ഥകള്‍ എന്തായിരിക്കുമെന്നു  ലിസ്റ്റ് ചെയ്യുുക ( പട്ടിക രണ്ടാം കോളവുമായി ഒത്തു നോക്കുക. നിങ്ങള്‍ ആലോചിച്ചതെല്ലാം ഉണ്ടോ? നിങ്ങളുടെ ക്ലാസിന് ഇത് ബാധകമാണോ?)
  5. ഈ പിന്നാക്കാവസ്ഥ നേരത്തെ ആലോചിച്ചപ്പോള്‍ അഭിസംബോധന ചെയ്തിരുന്നുവോ? ) ചോദ്യം 2)
  6. എങ്കില്‍ എങ്ങനെ അടിക്കുറിപ്പ് രചന പിന്നാക്ക പരിഗണനയോടെ നടത്തും? ചുവടെയുളള പട്ടികയിലെ മൂന്നാം കോളത്തിലെ ഏതെല്ലാം കാര്യങ്ങളോടും പ്രക്രിയയോടും നിങ്ങള്‍ യോജിക്കുന്നു?

Thursday, December 3, 2015

രണ്ടാം ക്ലാസിലെ ആദിത്യന്റെ ഡയറിക്കുറിപ്പുകള്‍ നല്‍കുന്ന സന്ദേശങ്ങള്‍


രണ്ടാം ക്ലാസില്‍ പഠിക്കുന്ന ആദിത്യന്‍ ഡയറിയിലിങ്ങനെ എഴുതി
"എന്റെ കഴിഞ്ഞ വര്‍ഷത്തെ ഡയറി ഫേസ്ബുക്കിലിട്ടു എന്നു ടീച്ചര്‍ പറഞ്ഞു....ഞങ്ങളതു ഫോണില്‍ കണ്ടു. എനിക്ക് സന്തോഷമായി...ഇതുവരെ ഫേസ്ബുക്കിലുളള എന്റെ ഡയറിക്ക് 11 ലൈക്കും രണ്ട് കമന്‍സും കിട്ടി.”
ആദ്യമേ ആദിത്യന് അനുമോദനം.
പിന്നെ ആദിത്യനെയും കൂട്ടുകാരെയും ഒന്നാം ക്ലാസ് മുതല്‍ ഡയറി എഴുതിച്ച ടീച്ചര്‍ക്ക് ചൂണ്ടുവിരലിന്റെ അഭിവാദ്യം.
ഈ കൊച്ചുഡയറിയുടെ ഒരു ടേമിലെ എല്ലാ കുറിപ്പുകളിലൂടെയും ഞാന്‍ കടന്നു പോയി. നിഷ്കളങ്കതയോടെ ഒരു രണ്ടാം ക്ലാസുകാരന്‍ ലോകത്തെ നോക്കിക്കാണുന്നു. അവന്റെ ചിന്തകളും കാഴ്ചകളും അനുഭവങ്ങളും കേരളത്തിലെ പൊതുവിദ്യാലയത്തെയും സാമൂഹികജീവിതത്തെയും നമ്മുക്ക് കാട്ടിത്തരുന്നു. ഒരു രണ്ടാം ക്ലാസുകാരന്‍ ഇങ്ങനെ എഴുതാന്‍ കഴിവു നേടുന്നത് ആശയാവതരണ രീതി പിന്തുടരുന്ന അധ്യാപിക അവന്റെ ക്ലാസ് ടീച്ചറായി വന്നു എന്നതിനാലാണ്. ആ ടീച്ചര്‍ അവനോടൊപ്പം രണ്ടാം ക്ലാസിലേക്കും പാസ്സായതിനാലുമാണ്.
ഞാന്‍ അധികം പറയുന്നില്ല .വരൂ ദിനാന്ത്യക്കുറിപ്പുകള്‍ വായിക്കൂ. ആദിത്യന്‍ അവന്റെ ഡയറയിലൂടെ ഉദിച്ചുയരുന്നതു കാണൂ.
പ്രവേശനോത്സവദിനത്തെക്കുറിച്ച് ആദിത്യന്‍ ഇങ്ങനെ കുറിച്ചു..
" ഗിരിജടീച്ചര്‍തന്നെ ക്ലാസ് ടീച്ചറായി വരുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്കും അമ്മയ്കും വളരെ സന്തോഷമായി." എങ്ങനെ സന്തോഷിക്കാതിരിക്കും 

"ഒരു പഠനപ്രവര്‍ത്തനം എന്ന നിലയില്‍ ഒന്നാം ക്ലാസ് മുതല്‍ ഞാന്‍ ഡയറി എഴുതിക്കുന്നു.
ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ വേണമെന്നു പറയാറുണ്ട്. സ്കൂളിലെയും വീട്ടിലെയും വിശേഷങ്ങള്‍ എഴുതണം. ഞാന്‍ ഡയറി പരശോധിക്കും .പുതിയകാര്യങ്ങള്‍ക്ക് ഹൈലൈറ്റര്‍ ഉപയോഗിച്ച് മഞ്ഞനിറം നല്‍കും." -ഗിരിജ ടീച്ചര്‍

 പാവപ്പെട്ട കുട്ടികളെ സഹായിക്കാനുളള പഠനാനുഭവം ഇങ്ങനെ തുടങ്ങുന്നു. എല്ലാ ആഴ്ചയിലും പാവങ്ങളെക്കുറിച്ച് ചിന്ത ഉണ്ടാകുന്നത് വലിയമനസിന്റെ ഉടമകളാക്കും ഈ കരുന്നുകളെ. 
ഇനി ചില ക്ലാസ് വിശേഷങ്ങള്‍ നോക്കൂ. അമ്മയും മകനും തമ്മിലുളള ആ സംഭാഷണം ആദിത്യന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനും ഒരു മൂല്യം ഉണ്ടല്ലോ.
 നോട്ടുബുക്കുകള്‍ കളറടിച്ചു ഷെയ്ഡ് ചെയ്തത് വലിയ സംഭവം തന്നെ. ഇടവപ്പാതി ആദിത്യന്‍ അനുഭവിച്ചു. ഭയങ്കര മഴ!

 ഉറക്കത്തില്‍ പെയ്ത മഴയും ഓര്‍മയിലെ മഴപ്പാട്ടും


 ഇംഗ്ലീഷ് അസംബ്ലി നടത്തുമ്പോള്‍ പാവം രണ്ടാം ക്ലാസുകാരെ ഓര്‍ക്കണമായിരുന്നു. ആദിത്യന്‍ അത് ഇങ്ങനെ കുറിച്ചു.
 ഗണിതക്കിറ്റും ചന്തമുളള ചന്ദ്രനും
 സ്കൂളില്‍ കൊണ്ടുപോകാനാരുമില്ല.........
പിന്നെ കൊതുകുരാവുകളും
 ഇന്ന് വിദ്യാഭ്യാസസമരം 
 വലിയ മഞ്ചാടി മരം. അതില്‍ നിറയെ മഞ്ചാടിക്കുരു
 പാഠപുസ്തകത്തിനു വേണ്ടിയുളള സമരം. ...
....ചാര്‍ട്ട് പേപ്പറില്‍ പച്ചക്കറിയുടെ പ്രിന്റ് ചെയ്തു..ഒരു വീടുവരച്ച് അതില്‍...
 പാഠപുസ്തകം കിട്ടി!
 ഇന്നെനിക്ക് ഗണിതക്കിറ്റ് കൊണ്ടുപോകാന്‍ ഒരു സഞ്ചി കിട്ടി...
 ഐ ഡി കാര്‍ഡിനുവേണ്ടി മുപ്പത് രൂപാ കൊടുക്കണമെന്നു കേട്ടപ്പോള്‍ ശേഖരണക്കുടുക്കയെക്കുറിച്ച് ആദിത്യന്‍ ഓര്‍ത്തതെന്തുകൊണ്ടാകും?
 ഈ വര്‍ഷം നാല് കുട്ടികള്‍ രണ്ടാം ക്ലാസില്‍ ചേര്‍ന്നു. ഇംഗ്ലീഷ് മീഡിയം മടുത്തു വരുന്നവരാകുമോ?
പൂച്ച അമ്മയെ അളളി...
 എന്റെ ടയര്‍ വണ്ടി

"ഒന്നാം ക്ലാസ് മുതല്‍ ലൈബ്രറി പ്രവര്‍ത്തനവും ആരംഭിക്കുന്നു.കുഞ്ഞുലൈബ്രേറിയന്മാരുണ്ട്. ചുമതലകള്‍ നിര്‍വഹിക്കാനുളള അവസരം കൂടിയാണിത്. ലൈബ്രറി രജിസ്റ്റര്‍ ഉണ്ട്. ഒരാഴ്ചയില്‍ ഒരു പുസ്തകം. നേരത്തേ വായിച്ചു തീര്‍ന്നാല്‍ പുസ്തകം മാറ്റി കിട്ടും. പുസ്തകക്കുറിപ്പ് എഴുതണം.പുസ്തകത്തെക്കുറിച്ച് കുറച്ച് വാക്യങ്ങള്‍ ക്ലാസില്‍ പറയുകയും വേണം. 5 കുട്ടികള്‍ നല്ല വായനക്കാരും എഴുത്തുകാരുമാണ്. എന്റെ കുട്ടികള്‍ ഭാഷയില്‍ വളരെ മുന്നോക്കമാണ്. നല്ല രീതിയില്‍ കവിത,കഥ , വിവരണം എന്നിവ എഴുതും. എന്നാല്‍ ചിലര്‍ അത്ര രചനാപാടവം പ്രകടിപ്പിക്കുന്നില്ല." - ഗിരിജടീച്ചര്‍

 എന്റെ ഡയറി എഴുത്തിലെ സംശയങ്ങള്‍
 എനിക്ക് വിഷമമുണ്ട്
 കുട്ടികള്‍ കഥകളും കുട്ടിക്കവിതകളും ശേഖരിക്കുന്നുണ്ട്. നൂറെണ്ണം തികച്ചാല്‍ സമ്മാനം കിട്ടും
മുപ്പത്തിയേഴ് കുട്ടികളുളള രണ്ടാം ക്ലാസ്
എല്ലാ കുട്ടികളും ഡയറി എഴുതുന്നു
അവരില്‍ എട്ടുകുട്ടികളുടെ രചനകള്‍ മികച്ചത്
ഇത്തവണത്തെ നാലാം ക്ലാസിലെ ഒന്നാം ടേം പരീക്ഷയില്‍ ഓണാനുഭവക്കുറിപ്പെഴുതാനുണ്ടായിരുന്നു. പല വിദ്യാലയത്തിലെയും കുട്ടികള്‍ക്ക് അരപ്പേജ് പോലും എഴുതാന്‍ കഴിഞ്ഞില്ല. ആദിത്യന്‍ നിത്യവും അനുഭവക്കുറിപ്പെഴുതുന്നതിനാല്‍ ഇത്തരം പരീക്ഷാ ചോദ്യങ്ങള്‍ നല്‍കി ആദിത്യനെ പരിഹസിക്കരുത്.

 ആറ്റിങ്ങള്‍ ഠൗണ്‍ എല്‍ പി എസിലെ രണ്ടാം ക്ലാസ് കൂട്ടുകാര്‍ക്ക് പൊതുവിദ്യാലയങ്ങളുടെ പേരില്‍ സ്നേഹാദരവുകള്‍ 
കുട്ടികളുടെ കഴിവിലും ആശയാവതരണ രീതിയിലും വിശ്വാസമുളള അധ്യാപകരുടെ ക്ലാസില്‍
അറിവിന്റെ ആദിത്യശോഭ 
പകരം വെക്കാനാകാത്ത വിധത്തില്‍ 
അനുഭവിക്കാനാകും