Pages

Sunday, March 20, 2016

ഐ എസ് എം സെമിനാര്‍ -ഗവേഷണാത്മക അധ്യാപനമാതൃകയ്ക് അംഗീകാരം


തൃശൂരില്‍ ഐ എസ് എം സെമിനാര്‍ നടന്നു
വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു ഇത്.
ഈ വര്‍ഷം തുടങ്ങിയ ഐ എസ് എം പരിപാടിയുടെ ലക്ഷ്യങ്ങളിവയായിരുന്നു.
  1. പിന്തുണാസംവിധാനങ്ങള്‍ ശക്തമാക്കി അക്കാദമിക നിലവാരമുയര്‍ത്തുക
  2. വിദ്യാലയങ്ങള്‍ നേരിടുന്ന അക്കാദമിക പ്രശ്നങ്ങളെ ഗവേഷണാത്മകമായ ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിനുളള രീതി വികസിപ്പിക്കുക
  3. പിന്തുണാ രീതികള്‍ മെച്ചപ്പെടുത്തുക
  4. അധ്യാപക പരിശീലനം, അക്കാദമിക മാനേജ്മെന്റ്, അക്കാദമിക അവലോകനം , അക്കാദമികാസൂത്രണം, പ്രഥമാധ്യാപകയോഗങ്ങള്‍ എന്നിവ ഐ എസ് എം കണ്ടെത്തലുകളുടെ കൂടി വെളിച്ചത്തില്‍ കൃത്യമായ ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തുക
  5. വിദ്യാലയങ്ങള്‍ക്ക് നല്‍കിയ അക്കാദമിക പിന്തുണയുടെ ഫലപ്രാപ്തി കണ്ടെത്തുക.
    അഞ്ചാമത്തെ ലക്ഷ്യത്തെ ആസ്പദമാക്കിയാണ് തൃശൂര്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന സെമിനാര്‍ സംഘടിപ്പിച്ചത്ഈ സെമിനാറിനു മുന്നോടിയായി എല്ലാ ജില്ലകളിലും സെമിനാറുകള്‍ നടക്കുകയുണ്ടായി. ജില്ലാ തല സെമിനാറുകളില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു പ്രബന്ധങ്ങളാണ് സംസ്ഥാന സെമിനാറിലെ സമാന്തരസെഷനുകളില്‍ ഓരോ ജില്ലയും അവതരിപ്പിച്ചത്. 
    ഐ എസ് എം പ്രവര്‍ത്തനത്തിന്റെ രീതിയും ഫലവും ബോധ്യപ്പെടുന്നതിന് അവിടെ അവതരിപ്പിച്ച ഒരു പ്രബന്ധത്തിന്റെ സാരാംശം പങ്കിടുകയാണ്.

 ഇടുക്കിയില്‍ നിന്നും ഒരു മാതൃകാവതരണം
കട്ടപ്പന ഗവ ട്രൈബല്‍ ഹൈസ്കൂളിലെ നാലാം ക്ലാസിലെ അധ്യാപികയാണ് 
ശ്രീമതി കെ ശ്രീലത.  19.11.2016 ന് ഇടുക്കി ഡയററിലെ ശ്രീ വി സതീഷ്കുമാര്‍, കട്ടപ്പന 
 ഉപജില്ലാ ഓഫീസര്‍ ഷാജിഭാസ്കര്‍  എന്നിവര്‍ ഐ എസ് എം പരിപാടിയുടെ
 ഭാഗമായി ക്ലാസ് സന്ദര്‍ശിച്ചു.വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന ആശയം
 ( ഭാഷ, വേഷം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ഭൂപ്രകൃതി എന്നിവയിലെ വൈവിധ്യം)
 ബഹുഭൂരിപക്ഷം കുട്ടികളിലും രൂപപ്പെട്ടിട്ടില്ല എന്ന് ടീം കണ്ടെത്തി.
ഐ എസ് എം ടീമും അധ്യാപികയും ഈ പ്രശ്നം ചര്‍ച ചെയ്തു.  
ഒരു പ്രശ്നപരിഹരണപ്പാക്കേജ് രൂപപ്പെടുത്തി.
ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചു
പ്രതീക്ഷിത ഉല്പന്നങ്ങള്‍ എന്താകണമെന്നതില്‍ ധാരണയായി.
 ( കുട്ടി വിപുലപ്പെടുത്തിയ ചാര്‍ട്ട്, കുറിപ്പുകള്‍, ലഘുപ്രോജക്ട് റിപ്പോര്‍ട്ട്)
നടത്തിയ പ്രവര്‍ത്തനങ്ങള്‍
  1. ഐ സി ടി പ്രവേശകപ്രവര്‍ത്തനം-ജസ്റ്റ് ലൈക് യു വീഡിയോ പ്രദര്‍ശിപ്പിച്ചു-  
    ചര്‍ച്ച- വിശാലഭൂമി ( പാഠം) വായന-സംസ്ഥാനങ്ങളുടെ പേരുകള്‍ വ്യക്തിഗതമായി കുറിക്കല്‍
  2. കൂടുതല്‍ വിവരശേഖരണം ( ഭൂപടങ്ങള്‍ , വായനാസാമഗ്രികള്‍) ഗ്രൂപ്പ് പ്രവര്‍ത്തനം.
     പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്ക് കവിത വായിച്ചുകൊടുത്തു
  3. സംസ്ഥാനങ്ങളുടെ സ്ഥാനനിര്‍ണയം-ലഘുപ്രോജക്ട്
  4. സംസ്ഥാനങ്ങളിലെ ഭാഷ, കലാരൂപങ്ങള്‍ സ്ഥാനം, ആചാരങ്ങള്‍ ഇവ 
    മനസിലാക്കുന്നതിനുളള  പ്രവര്‍ത്തനം ( പാഠം, അനുബന്ധം2 എന്നിവ പ്രയോജനപ്പെടുത്തി )
  5. സംസ്ഥാനങ്ങളെ വര്‍ണിച്ചുളള മേനിപറച്ചില്‍ കളി. പ്രത്യേകപരിഗണന 
    അര്‍ഹിക്കുന്നവരെ സഹായിച്ചു പങ്കാളികളാക്കുന്നു
  6. ക്യാപ്പിറ്റല്‍സ് ആന്‍ഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ വീഡിയോ പ്രദര്‍ശനം,  
    വിവരശേഖരണം, ചര്‍ച്ച
  7. ഇന്ത്യയിലെ ഭാഷാവൈവിധ്യം മനസിലാക്കുന്നതിന് പ്ലഡ്ജ് ഇന്‍ മള്‍ട്ടിപ്പിള്‍ ലാഗ്വേജ് 
    വീഡിയോ വിവിധ ഭാഷകളിലുളള സിനിമാഗാനങ്ങള്‍ , രൂപാനോട്ട് എന്നിവ ഉപയോഗിച്ചു
  8. സ്റ്റേറ്റ്സ് ഇന്‍ ഇന്ത്യ വീഡിയോ പ്രദര്‍ശനം , കലാരൂപങ്ങള്‍, ആഘോഷങ്ങള്‍
     വിവാഹങ്ങള്‍ആഹാരം എന്നിവയുടെ വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ
     ഉപയോഗിച്ച് ആശയക്രോഡീകരണം
  9. രവീന്ദ്രനാഥ ടാഗൂര്‍ ആലപിച്ച ദേശീയഗാനം വീഡിയോ കാണിക്കുന്നു
  10. നാഷണല്‍ സിംബല്‍സ് ഓഫ് ഇന്ഡ്യ വീഡിയോ പ്രദര്‍ശ്നം
  11. കുട്ടികള്‍ വിവിധ സംസ്ഥാനങ്ങളിലെ വേഷം ധരിച്ചുളള രംഗാവിഷ്കാരം - വിലയിരുത്തല്‍ പ്രവര്‍ത്തനം
  12. ആല്‍ബനിര്‍മാണം ( നാനാത്വത്തില്‍ ഏകത്വം)-- വിലയിരുത്തല്‍ പ്രവര്‍ത്തനം
  13. ദേശഭക്തിഗാനശേഖരം - വിലയിരുത്തല്‍ പ്രവര്‍ത്തനം
  14. കുട്ടികള്‍ തയ്യാറാക്കിയ പട്ടികകള്‍ വിശകലനം -വിലയിരുത്തല്‍ പ്രവര്‍ത്തനം
  15. ക്വിസിനു വേണ്ടി ഒരോരുത്തരും ചോദ്യം തയ്യാറാക്കല്‍ - വിലയിരുത്തല്‍ പ്രവര്‍ത്തനം
  16. ക്വിസിലെ പ്രകടനം - വിലയിരുത്തല്‍ പ്രവര്‍ത്തനം
ഇതിന്റെ ഫലമായി ക്ലാസിലെ 90 ശതമാനം കുട്ടികള്‍ക്കും മികച്ച രീതിയില്‍ ആശയം
 മനസിലാക്കാനും  അത് വിശദമാക്കാനും കഴിവുണ്ടായി.
ഐ എസ് എം സമീപനം
  • പ്രശ്നങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനും പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും അധ്യാപകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഐ എസ് എം ടീമിന്റെ ചുമതല.
  • ജനാധിപത്യപരവും പ്രചോദനാത്മകവുമായ അന്തരീക്ഷത്തിലാണ് അക്കാദമിക താല്പര്യത്തോടെ അധ്യാപകര്‍ പ്രവര്‍ത്തിക്കുക. അത്തരം അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ഐ എസ് എം ടീം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ രീതികളുണ്ട് എന്ന് ബോധ്യപ്പെടുന്നതിന് സഹായകമായ ആശയങ്ങളും അനുഭവങ്ങളും തെളിവുകളും ഉദാഹരണങ്ങളും പങ്കുവെക്കുമ്പോഴാണ് അധ്യാപകര്‍ക്ക് ആത്മവിശ്വാസവും ഐ എസ് എം ടീമിനോട് അക്കാദമികമായ കടപ്പാടും ഉണ്ടാകുക. അധ്യാപികയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനു സഹായകമായ പെരുമാറ്റവും പ്രവര്‍ത്തനങ്ങളുമാണ് നടത്തേണ്ടത്.
  • അന്വേഷണാത്മക ചിന്ത മനുഷ്യസഹജമാണ്. അധ്യാപിക ഗവേഷകയാകണമെന്നും നാം കരുതുന്നു. ഗവേഷണമനോഭാവത്തോടെ നിരന്തരം പ്രശ്നപരിഹരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അധ്യാപകര്‍ക്ക് കരുത്ത് പകരുന്നവരാകണം ടീം അംഗങ്ങള്‍.
  • പ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം രൂപപ്പെടുത്താന്‍‍ സഹായിക്കണം. അധ്യാപകരുടെ പ്രൊഫഷണലിസം വര്‍ധിപ്പിക്കാനുളള ഇടപെടല്‍ കൂടിയാണ് ഐ എസ് എം.
  • ഐ എസ് എം പ്രവര്‍ത്തനം കൊണ്ട് ഒറ്റയടിക്ക് വിദ്യാലയത്തിലെ എല്ലാ പ്രവര്‍ത്തനമേഖലകളും മെച്ചപ്പെടുത്താനാവില്ല. പടിപടിയായുളള പിന്തുണയും തുടര്‍വിലയിരുത്തലും ആവശ്യമായി വരും. ചില ഊന്നല്‍ മേഖലകള്‍ നിശ്ചയിച്ച് പ്രവര്‍ത്തിക്കുന്നത് ജില്ലാ സംസ്ഥാന തലങ്ങളില്‍ വിലയിരുത്തലിനും ആസൂത്രണത്തിനും ഫലപ്രാപ്തിപഠനത്തിനും സഹായകമാണ്.

ഐ എസ് എംസെമിനാര്‍ നല്‍കുന്ന തിരിച്ചറിവുകള്‍
വിവിധ ജില്ലകളിലെ അധ്യാപകര്‍ എല്‍ പി വിഭാഗത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകളാണ് ചുവടെ നല്‍കുന്നത്.
  1. ക്ലാസിലെ അക്കാദമിക പ്രശ്നങ്ങള്‍ കൃത്യവും സൂക്ഷ്മവുമായി നിര്‍ണയിച്ചാലേ പരിഹാരപ്രവര്‍ത്തനം സാധ്യമാകൂ. ( ഇടുക്കി, ആലപ്പുഴ)

  2. പ്രശ്ന വിശകലനത്തില്‍ പ്രശ്നത്തിനു കാരണമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ പരിഹാരപ്രവര്‍ത്തനം സമഗ്രമാകും ( വയനാട്)

  3. കണ്ടെത്തിയ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹരണപാക്കേജുകള്‍ രൂപപ്പെടുത്താനാകും ( ഇതിന് അധ്യാപികയ്ക് അക്കാദമിക പിന്തുണ നല്‍കാന്‍ ഐ എസ് എം ടീമിനു കഴിയണം) -എല്ലാ ജില്ലകളും
  4. മുകളില്‍ നിന്നും നല്‍കുന്ന പാക്കേജുകളേക്കാള്‍ ഫലപ്രദം അതത് വിദ്യാലയങ്ങള്‍ രൂപപ്പെടുത്തുന്ന പാക്കേജാണ്
  5. പാഠപുസ്തകത്തിനു പുറത്തളള വായനാസാമഗ്രികളും അധ്യാപകര്‍ തയ്യാറാക്കിയ വായനാസാമഗ്രികളും ( വയനാട്ടിലെ ജോസഫ് മാഷ് 55 വായനാസാമഗ്രികളാണ് രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയത്) അധ്യാപകസഹായിയില്‍ സൂചിപ്പിക്കാത്ത പ്രവര്‍ത്തനങ്ങളും ബഹൂഭൂരിപക്ഷം അധ്യാപകരും ഉപയോഗിച്ചതായി കാണുന്നു. അനുയോജ്യമായ മെററീരിയലുകളും തന്ത്രങ്ങളും കണ്ടെത്തിക്കൊണ്ടാണ് നിര്‍ദിഷ്ട പ്രശ്നം പരിഹരിക്കപ്പെട്ടത്
  6. വായനാസാമഗ്രികളുടെ കുറവ് പരിഹരിക്കുന്നതിന് രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും എസ് എസ് ജിയുടെയും എസ് ആര്‍ ജിയുടെയും സഹകരണത്തോടെ വായനാസാമഗ്രികള്‍ തയ്യാറാക്കി ( വയനാട്, ആലപ്പുഴ)
  7. തുടക്കത്തിലെ തന്നെ കുട്ടികളുടെ പ്രശ്ന കണ്ടെത്തണം.
  8. സൂക്ഷ്മാസൂത്രണം നടത്തിയതിനാലാണ് പ്രശ്നപരിഹരണം സാധ്യമായത് ( കൊല്ലം)
  9. വൈവിധ്യമുളള ഐ സി ടി മെറ്റീരിയലുകള്‍ അധ്യാപികയ്ക് ലഭ്യമാക്കിയാല്‍ മാത്രമേ ഫലപ്രദമായ രീതിയില്‍ പാഠ്യപദ്ധതി വിനിമയം ചെയ്യാനാകൂ ( ഇടുക്കി) ഇത്തരം സാധ്യതകള്‍ സൂചിപ്പിക്കുന്ന ആസൂത്രണരൂപരേഖകളുടെ സമാഹാരം , ഐ സി ടി മെറ്റീരിയല്‍ സഹിതം അധ്യാപികയ്ക് ലഭ്യമാക്കണം. ഇതിന് അക്കാദമിക സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്

  10. പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്ക് അനുയോജ്യമായ വിധത്തില്‍ പ്രധാനപ്രവര്‍ത്തനങ്ങളെ അനുരൂപീകരിച്ച പാഠാസൂത്രണം സാധ്യമാണ്
  11. കഥകള്‍, ചിത്രകഥ,ചിത്രങ്ങള്‍, വീഡിയോ പ്രസന്റേഷന്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ , നാടകം,സര്‍ഗാത്മക നാടകം രംഗാവിഷ്കാരം എന്നിവ ശാസ്ത്ര പഠനത്തില്‍ പ്രയോജനപ്പെടുത്താം.( കൊല്ലം, ഇടുക്കി, കാസര്‍കോഡ്)
  12. കൈയെഴുത്തുമാസികയില്‍ രചനകള്‍ ഉള്‍പ്പെടുത്താന്‍ അവസരം പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ബോധപൂര്‍വം നല്‍കുന്നത് ഗുണം ചെയ്യും
  13. കുട്ടികളുടെ സ്വയം വിലയിരുത്തലും ചെക്ക് ലിസ്ററ് ഉപയോഗിച്ചുളള പരസ്പര വിലയിരുത്തലും പ്രശ്നപരിഹരണതന്ത്രമെന്ന രീതിയില്‍ പ്രയോജനപ്പെടുത്താം ( പത്തനംതിട്ട)
  14. ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളെയും തെറ്റാല്ലാത്ത ഭാഷയില്‍ വാക്യങ്ങള്‍ എഴുതുന്നതിനു പ്രാപ്തരാക്കാം ( കണ്ണൂര്‍)
  15. പ്രശ്നപരിഹരണത്തിന്റെ ഫലം ഓരോ കുട്ടിയിലെങ്ങനെ എന്ന് വിശകലനം ചെയ്തു ( തിരുവനന്തപുരം)
  16. വായന, ഉച്ചാരണമികവ് എന്നിവയ്ക് ആധുനികസാങ്കേതികവിദ്യ -ബ്ലൂടൂത്ത് സ്പീക്കര്‍, ക്ലാസ് റേഡിയോ എന്നിവ പ്രയോജനപ്പെടുത്താം.( വയനാട്)
  17. പ്രശ്നപരിഹരണപ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനാകും. ( ആലപ്പുഴ, മലപ്പുറം) തെളിവുകളും ഉല്പന്ന പ്രദര്‍ശനവും നടത്തി നേട്ടം രക്ഷിതാക്കളുമായി പങ്കുവെച്ചു. ഉച്ചനേരരക്ഷാകര്‍തൃ പിന്തുണാസംഘം രൂപീകരിച്ചു. ( കോട്ടയം)
  18. പ്രഥമാധ്യാപികയുടെ മോണിറ്ററിംഗും പ്രോത്സാഹനവും പ്രശ്നപരിഹരണപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും ( പ്രഥമാധ്യാപിക കുട്ടികളെ കൊണ്ട് വായിപ്പിച്ച്, പേരിനു നേരെ നക്ഷത്രം നല്‍കുന്നു)
  19. പ്രശ്നപരിഹരണത്തിന് എസ് ആര്‍ ജിയില്‍ നിരന്തര വിലയിരുത്തല്‍ ( ആലപ്പുഴ), സൂക്ഷ്മതലാസൂത്രണം നടത്തണം ( മലപ്പുറം)
  20. പ്രതിഫലനാത്മകക്കുറിപ്പ് ചിട്ടപ്പെടുത്തിയത് ക്ലാസ് റൂംവപ്ലാനിംഗിനും വിലയിരുത്തലിനും പരിഹാരബോധനപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായി ( കോട്ടയം
  21. ലേഖനമികവ് ലക്ഷ്യം വെച്ച് വ്യത്യസ്തവിഷയങ്ങളുമായി ബന്ധപ്പെടുത്തി വിവരണങ്ങള്‍, ഡയറി, കത്തെഴുത്ത് എന്നിവ തയ്യാറാക്കുന്നത് പ്രയോജനം ചെയ്യും ( വയനാട്)
  22. മലയാളം മീഡിയം ഡിവിഷനുകളിലെ എല്ലാ കുട്ടികളും ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ പ്രാപ്തി നേടുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാകും ( കോഴിക്കോട്)
  23. വിദ്യാലയങ്ങള്‍ക്ക് ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു കഴിയും. ( എറണാകുളം)
പങ്കാളികളുടെ വിലയിരുത്തല്‍
സെമിനാറില്‍ പങ്കെടുത്ത അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സെമിനാറിനെ ഇങ്ങനെ വിലയിരുത്തി-

    1. ഗവേഷണാത്മമകമായിരുന്നു. ചിലപ്രവര്‍ത്തനങ്ങള്‍ പാക്കേജുകളായിരുന്നു ( അനൂപ് കല്ലത്ത്, അധ്യാപകന്‍, കാസറകോഡ്)
    2. കൂടുതല്‍ മെച്ചപ്പെട്ട പഠനതന്ത്രങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു ( കെ എന്‍ ശാന്തകുമാരി, പ്രഥമാധ്യാപിക, ജി യു വപി എസ് കിളളിമംഗലം)
    3. പണിയെടുക്കുന്ന കുറേ അധ്യാപകര്‍ക്ക് അവസരം, പ്രചോദനം. അവരുടെ പ്രവര്‍ത്തനം കാണാനും കേള്‍ക്കാനും കുറച്ചുപേരെങ്കിലും ഉണ്ടായല്ലോ എന്ന ആശ്വാസം ( കെ. ഹരിദാസ്, പാലക്കാട്)
    4. ഗംഭീരം, നേരത്തേ നടത്തണമായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട് (സുരേഷ്കുമാര്‍ ഡി ഇ ഒ, വടകര )
    5. ഒരു ടീച്ചര്‍ എന്ന നിലയില്‍ പോസിറ്റീവ് ചേഞ്ചസ് വരുത്താനാകുമെന്ന് കരുതുന്നു ( മായ .കെ,തൃശൂര്‍)
    6. ഒരു പ്രഥമാധ്യാപിക എന്ന നിലയില്‍ ഈ സെമിനാറില്‍ അവതരിപ്പിച്ചതില്‍ എന്നെ സ്വാധീനിച്ച കാര്യങ്ങള്‍ ഞാന്‍ ഇംപ്ലിമെന്റ് ചെയ്യും ( ലിന്‍ഡ് ജേക്കബ്, തൃശൂര്‍)
    7. ഈ കൂടിയിരുപ്പ് ഒരുപാട് ഗുണപരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും ( കെ പി കൃഷ്ണദാസ് , എഇ ഒ, അമ്പലപ്പുഴ)
    8. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എല്ലാ അധ്യാപകരേയും ഉള്‍പ്പെടുത്തി, എല്ലാ കുട്ടികള്‍ക്കും നേട്ടം ലഭിക്കും വിധം അടുത്ത വര്‍ഷം പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തും ( സജിത കെ എസ്, തൃശൂര്‍)
    9. അക്കാദമിക ചിന്തകള്‍ക്ക് അവസരം നല്‍കുന്നതായിരുന്നു( വി എസ് അനിത ,ഡയറ്റ്, തിരുവനന്തപുരം)
    10. സെമിനാര്‍ ചര്‍ച്ച നിലവാരം പുലര്‍ത്തി. ഒരു പാട് പുതിയ അറിവുകള്‍ ലഭിച്ചു ( അമര്‍ ജ്യോതി എം സി , കണ്ണൂര്‍)
    11. വിദഗ്ധരെ ഉള്‍പ്പെടുത്തിയ ഇന്‍പുട് സെഷന്‍ മികവാണ് ( ദിലീപ്കുമാര്‍ ജി എസ് .ഡയറ്റ് കൊല്ലം)
    ഐ എസ് എം സെമിനാര്‍ അധ്യാപകരുടെ അക്കാദമിക അന്വേഷണത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ശ്രീ രാമചന്ദ്ര ബേഗൂര്‍ ( യുനിസെഫ് ) ശ്രീമതി അരുണാരത്നം ( യുനിസെഫ്) ശ്രീമതി പൂനം ബക്ത്ര ( കേന്ദ്രീയ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട് , ഡല്‍ഹി സര്‍വകലാശാല ) എന്നിവര്‍ അധ്യാപകരുടെ ഈ ഇടപെടലിനെ ഗംഭീരമായ ചുവടുവെയ്പെന്നാണ് വിശേഷിപ്പിച്ചത്. മുകളില്‍ നിന്നും നല്‍കുന്ന പരിശീലനങ്ങളേക്കാല്‍ ക്ലാസ് റൂം പ്രശ്നപരിഹരണത്തിലൂന്നിയുളള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന താഴെതലത്തിലെ ശില്പശാലകള്‍ക്ക് ഊന്നല്‍ നല്‍കണമെന്നു അവര്‍ സൂചിപ്പിച്ചു.
    അധ്യാപകരെ പ്രശ്നപരിഹാരകരാക്കുന്ന, ഗവേഷകരാക്കുന്ന, അവരുടെ പ്രോഫഷണലിസം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ ഒരു വര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഐ എസ് എം പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണ സെമിനാര്‍ സഹായകമായി. ആദ്യവര്‍ഷത്തെ പരിമിതികളെ വരും വര്‍ഷം മറികടക്കുമെന്നു വിശ്വസിക്കാം

    6 comments:

    1. Expect your writings in UP and High School sections also.

      ReplyDelete
    2. സെമിനാര്‍ വളരെ പ്രയോജനപ്രദവും പ്രോത്സാഹജനകവും ആയിരുന്നു.അധ്യാപക പരിശീലന പരിപടികളില്‍ ക്ലസ്റ്റര്‍ തലം മുതല്‍ ഇത്തരം ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ ഒരു സെഷനായി തന്നെ ഉള്‍പ്പെടുത്തിയാല്‍ എല്ലാ അധ്യാപകര്‍ക്കും പ്രയോജനപ്പെടില്ലേ? എന്‍റെ പേര് ശ്രീലത.കെ(ലീല അല്ല!).ഇടുക്കി.കട്ടപ്പന

      ReplyDelete
    3. The seminar was a grand success as it could thoroughly analyse the grave issues and challenges faced by the teachers, especially in diagnosing the actual learning problems and trace out all the possibilities to address them at teacher level, teacher education levels and academic institutions level. term wise seminar at dist level may bring about more positive effects. So plan like that in the coming year.

      ReplyDelete
    4. ഈ വിവരങ്ങൾ കൂടുൽ വിശദമായി എല്ലാ അധ്യാപകരിലും എത്തണം. കൂടുതൽ പഠന തന്ത്രങ്ങൾ രൂപപ്പെടണം

      ReplyDelete

    പ്രതികരിച്ചതിനു നന്ദി