Pages

Wednesday, April 27, 2016

ഷൈനി ടീച്ചര്‍ക്കു തന്റേതായ വഴി. (3)


ഷൈനി ടീച്ചര്‍ തന്റേതായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്
 ഒന്നാം ക്ലാസില്‍ ഊന്നല്‍ നല്‍കേണ്ട അക്ഷരങ്ങള്‍ പാഠത്തില്‍ പരിചയപ്പെട്ടതിനു ശേഷം കുട്ടികള്‍ക്ക് തുടര്‍ പ്രവര്‍ത്തനം നല്‍കും.  
അത് സര്‍ഗാത്മക പ്രവര്‍ത്തനം കൂടിയാണ്.  
മക്കളേ ഇന്നു പഠിച്ച അക്ഷരം വരുന്ന എന്തെങ്കിലും ഒരു വസ്തവിന്റെയോ ജീവിയുടെയോ ചിത്രം വരച്ചു പേരെഴുതി വരുമോ? ദാ ടീച്ചര്‍ ഓരോരുത്തരുടേയും ബുക്കിലെഴുതി തരാമല്ലോ. തിരക്കു കൂട്ടാതെ എല്ലാവര്‍ക്കും എഴുതിത്തരാം. പിന്നെ വലതു വശത്തെ പേജില്‍ വാക്യങ്ങളുമെഴുതണേ.
 പാഠത്തിലുളളത് ആദ്യം പിന്നെ സ്വന്തമായി ഉണ്ടാക്കിയത്.  
കുട്ടിയുടെ മനസിലെ ആശയം വെച്ചു വാക്യം മതി.  
കുറേ പദങ്ങള്‍ മുറിച്ചിട്ടു നല്‍കി വാക്യമുണ്ടാക്കാന്‍ പറയുന്നതെന്തിനാ?.  
കുട്ടിക്കറിയാമല്ലോ വാക്യം ആശയപ്രകാശനത്തിനാണെന്ന്.  
അതിന് അവരെ ആദി മുതല്‍ അനുവദിച്ചാലല്ലേ ആത്മവിശ്വാസത്തോടെ സ്വതന്ത്ര രചന നടത്തൂ.
 ഈ തോണിയുടെ ചന്തമൊന്നു നോക്കൂ. രാമു തോണി തുഴ‍ഞ്ഞ് അക്കരെയെത്തി എന്ന വാക്യവുമായി പൊരുത്തപ്പെട്ടു നില്‍ക്കുന്നു.

ചിലപ്പോള്‍ കുട്ടികള്‍ വര്‍ണചിത്രങ്ങളാകും ഒട്ടിച്ചു വരിക. അതിന്റെ പേരെഴുതും . പാഠത്തിലെ വാക്കുകളെഴുതും .പുതിയവാക്കുകള്‍ സ്വന്തമായി കണ്ടെത്തും. പിന്നെ വാക്യങ്ങളും തയ്യാറാക്കും. ക്ലാസില്‍ അവ വായിക്കും. ഓരോ കുട്ടിയും അത് ശ്രദ്ധിക്കും . താനെഴുതിയത് വ്യത്യസ്തമായ വാക്യമാണല്ലോ എന്നഭിമാനിക്കും. ഓരോ കുട്ടിയുടെയും തനിമയെ അംഗീകരിക്കുന്ന ലേഖനസന്ദര്‍ഭമാണ് ലഭിക്കുന്നത്.

പത്രവാര്‍ത്തകളും പ്രധാനമാണ്. അച്ചടിസമൃദ്ധമായ ലോകവുമായി ബന്ധപ്പെടുന്ന കുട്ടികള്‍ വായനയിലും ലേഖനത്തിലും മുമ്പിലാണെന്നു ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഷൈനിടീച്ചര്‍ അതൊന്നും അറിഞ്ഞിട്ടല്ല ഈ വഴി തെരഞ്ഞെടുത്തത്. വായന ആധികാരിക സന്ദര്‍ഭങ്ങളുമായി ബന്ധിപ്പിക്കണം. വീട്ടിലുളളവരുടെ പിന്തുണ കൂടി നിര്‍ബന്ധമാക്കുന്ന പ്രവര്‍ത്തനം വേണം. അക്ഷരങ്ങള്‍ തേടിയുളള പത്രയാത്രയില്‍ മറ്റു പലതും കാണും. അവയുമായി മനസിലുളള അക്ഷരം താരതമ്യം ചെയ്യും. കണ്ടെത്തുന്ന വാര്‍ത്ത വായിക്കും. അപ്പോള്‍ അറിയാതെ അതിന്റെ അര്‍ഥവും ആശയവും അന്വേഷിക്കേണ്ടി വരും. പത്രവായനയിലേക്കുളള കുഞ്ഞു നടത്തം കൂടിയാണിത്. ആ വാര്‍ത്ത വെട്ടി ഒട്ടിക്കും. അത് വായിക്കും. ക്ലാസിലവരതിപ്പിക്കും. ഓരോ കുട്ടിയും എഴുതിയ വാര്‍ത്തകള്‍ ടീച്ചര്‍ ബോര്‍ഡില്‍ എഴുതും. ചെറു ചര്‍ച്ചയും ആകും. ഒരു വെടിക്ക് ഒത്തിരി പക്ഷികള്‍.


പിന്നൊരു കാര്യം ടീച്ചറിതെല്ലാം നോക്കണം. ശരിയിട്ടു തരണം. അത് കുട്ടികള്‍ക്ക് നിര്‍ബന്ധമുളള കാര്യമാണ് . തീയതി വെച്ച് ശരിയിടും ചിലപ്പോള്‍ നക്ഷത്രങ്ങല്‍ നല്‍കും വി ഗുഡ് ഉണ്ട്. അതെന്താണെന്നു കുട്ടികള്‍ക്കറിയാം. എല്ലാ ദിവസവും കുട്ടികള്‍ ശരിയായ പാതയിലാണെന്നുറപ്പു വരുത്താനും ഈ ബുക്കനോട്ടം സഹായകം.
കുട്ടികളുടെ വരപ്പാണ് ഏറെ ശക്തം. പഠിച്ച അക്ഷരം വെച്ചവര്‍ ആസ്വദിച്ചു വരയ്കും. പാഠപുസ്തകത്തിലെ വരണ്ട പ്രവര്‍ത്തനങ്ങളേക്കാള്‍ തിളക്കമുളളവ ഇതു തന്നെ.  
തല്ലി എന്ന ക്രിയയുടെ ചിത്രീകരണം നോക്കൂക.  
എത്ര ഗംഭീരം, ലളിതം. ഹൃദ്യം.  
ഇതല്ലേ ക്ലാസില്‍ ആഘോഷിക്കേണ്ട അടിക്കുറിപ്പ്?

ഒരു പക്ഷേ നിങ്ങള്‍ക്കീ കണിക്കൊന്ന വരയ്കാന്‍ ആകുമോ എന്നെനിക്കു സംശയമുണ്ട്. ഇരു കൈയിലും കൊന്നപ്പൂക്കളുമായി നില്‍ക്കുയല്ലേ .പൂങ്കുലയോ അതി കേമം. നിറവും അനുയോജ്യം. കുട്ടിത്തമുളല രചന. ഭാഷാപഠനത്തില്‍ ചിത്രീകരണസാധ്യതകള്‍ ഏത്ര ഫലപ്രദമാണെന്നു ഷൈനി ടീച്ചര്‍ തെളിയിക്കുന്നു.


കല്ലും ചില്ലും വരച്ചപ്പോഴാണ് വാക്യങ്ങള്‍ മനസില്‍ തുളുമ്പിയത്. രാമു കല്ലെടുത്തു പട്ടിക്കെറിഞ്ഞു. പൂച്ച കല്ലില്‍ കയറി ഇരുന്നു.കാറ്റടിച്ചു ചില്ല് പൊട്ടി.വേണമെങ്കില്‍ ടീച്ചര്‍ക്ക് ഇത് കോര്‍ത്തൊരു കഥയുണ്ടാക്കാം. അമ്മ വന്നു നോക്കിയപ്പോള്‍ ചില്ലു പെട്ടിക്കിടക്കുന്നു. അവിടെ പൂച്ച കല്ലിലും ഇരിക്കുന്നു. ആരാ ചില്ലു പൊട്ടിച്ചത്? അമ്മുവാണോ? രാമു കണ്ണിറുക്കി. പൂച്ച പറഞ്ഞു ങ്യാവൂ. എന്തായിരിക്കും പൂച്ച പറഞ്ഞത്? എന്നിങ്ങനെ കുട്ടികളുടെ വാക്യങ്ങളെ വെച്ച് പുതിയ അന്വേഷണങ്ങള്‍ നടത്താം. അത്തരം പ്രവര്‍ത്തനം അടുത്ത വര്‍ഷം പ്രതീക്ഷിക്കാം. അപ്പോള്‍ പരസ്പരംബന്ധിപ്പിച്ച് എഴുതാനും തുടങ്ങും.അത് സ്വാഭാവികമായി സംഭവിക്കും. ഇത്തരം ചര്‍ച്ചകള്‍ നടന്നാല്‍.

എല്ലാ കുട്ടികളുടെയും ബുക്കുകള്‍ നിറയെ പഠനത്തെളിവുകളാണ്. വൈവിധ്യം പ്രകടം. ഓരോ ആളും സ്വന്തം കണ്ടെത്തലാണ് കുറിച്ചിട്ടുളളത്. സ്വന്തം ആശയം. സ്വന്തം ഭാഷ, സ്വന്തം രീതി. പകര്‍ത്തെഴുത്തുകാരാക്കാനല്ലല്ലോ ഭാഷാപഠനം. സ്വന്തം കാലില്‍ നില്‍ക്കാനല്ലേ. അതിന് അവര്‍ക്കു കഴിയുമല്ലോ. ഷൈനി ടീച്ചര്‍ക്ക് കുട്ടികളില്‍ വിശ്വാസമുണ്ട്. നിങ്ങള്‍ക്കോ?
ഒന്നാം ക്ലാസിലെ കുട്ടിയുടെ നോട്ട് ബുക്ക് എങ്ങനെയായിരിക്കണമെന്നു വ്യക്തമായ ധാരണ ഈ അധ്യാപിക വെച്ചുപുലര്‍ത്തുന്നു.  
എവിടെ എന്തെഴുതണമെന്ന് എല്ലാവര്‍ക്കും അടയാളപ്പെടുത്തി നല്‍കുന്നു
അടുത്ത വര്‍ഷത്തെ ക്ലാസ് പി ടി എയില്‍ ഈ ബുക്കെഴുത്തുകള്‍ പരിചയപ്പെടുത്തും.  
അവ സൂക്ഷിച്ചു വെച്ചിട്ടുണ്ട്
പവര്‍പോയന്റ് അവതരണത്തിലൂടെ എല്ലാ രക്ഷിതാക്കള്‍ക്കും കൃത്യമായ ധാരണ നല്‍കും
ഒരു വര്‍ഷത്തെ പഠനത്തെളിവുകള്‍ അടുത്ത വര്‍ഷത്തെ രക്ഷാകര്‍തൃപരിശീലനത്തിനുളള വിഭവമാക്കി മാറ്റുന്ന പ്രക്രിയയാണ് മാരാരിക്കുളത്ത് ജൂണില്‍ നാം കാണുക.
(തുടരും)
ഈ സ്കൂളിനെക്കുറിച്ചുളള മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക് ചെയ്യുക
  1. മാരാരിക്കുളത്തെ ക്ലാസ് മുറിയില്‍ നിന്നും അമൂല്യവസ്തുക്കള്‍
  2. ഈ ഒന്നാം ക്ലാസുകാരെക്കുറിച്ച് എന്താണ് കരുതിയത്? 

1 comment:

പ്രതികരിച്ചതിനു നന്ദി