Pages

Sunday, November 26, 2017

ഒരു ടീച്ചറുടെ കുറിപ്പുകള്‍


"എന്റെ ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും മലയാളം വായിക്കാന്‍ അറിയാം.  
രണ്ട് ഭിന്ന നിലവാരക്കാരുണ്ട്. അവര്‍ക്ക് പ്രത്യേകം ചോദ്യം തയ്യാറാക്കി നല്‍കാന്‍ കഴിയുന്നില്ല
അവര്‍ക്ക് വര്‍ക്ക്  ഷീറ്റ് നല്‍കാനും കഴിയുന്നില്ല . അവര്‍ക്ക് വായനയ്ക്കുള്ള പുസ്തകങ്ങള്‍ തത്സമയം
ഡിസൈന്‍  ചെയ്യുന്നത് ഫല പ്രദം . 
അത് പരീക്ഷിച്ചു വിജയിച്ചു , കഥ യോടൊപ്പം ചിത്രം വരച്ചു നീങ്ങണം , ഇഷ്ടം പോലെ ചോദ്യങ്ങള്‍ ചോദിക്കണം . അപ്പോള്‍ നല്ല റെസ്പോന്‍സ്‌
പൊതു  വിജ്ഞാനം  കുറവ് .
ക്ലാസില്‍ ചെറു ചെറു ഗവേഷണങ്ങള്‍
  • ഐ ടി  സാധ്യത  നന്നായി ഉപയോഗിക്കുന്നു .
  • വീട്ടുകാര്‍ക്കായി  വാട്സാപ്പു  ഗ്രൂപ്പ് ഉണ്ട് .അത് പ്രയോജനകരം .
    ഞങ്ങളുടെ  സ്വന്തം  വാട്ട്സപ്പ്  ഗ്രൂപ്പിന്റെ  പേര്  "കുട്ടിയുടെ  സ്വന്തം ടീച്ചര്‍  "എന്നാണ്
  • ഇംഗ്ലിഷ്  കമ്യുനിക്കെറ്റ് ചെയ്യാന്‍ കുട്ടികള്‍ക്ക് അറിയാം . എഴുത്തില്‍ പിറകിലാണ്  ഞാന്ഗ്രഹിക്കുന്ന തലത്തില്‍ ഭാവനാത്മക മായി എഴുതാനാണ്  കഴിയാത്തത്  . 
  •  ഹിന്ദു  പത്രം സവിശേഷമായി  നല്‍കാറുണ്ട്. ഹിന്ദു ന്യൂസ് പേപ്പര്‍ തലക്കെട്ടുകള്‍ വെട്ടി ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ അത് ശ്രമിച്ചുവായിക്കും. അതു രസകരവും ഗുണകരവുമാണ്.
  •  പിന്നെ ഇന്ഗ്ലിഷും  മലയാളവും മൂന്നു പാഠങ്ങളെ  ഒരു പാഠമാക്കി . അതൊരു സൂത്ര വിദ്യയാക്കി .അപ്പോള്‍ സമയ നഷ്ടവുമില്ല .എളുപ്പവും .  
ഇ  വി എസ് - 
  • കുട്ടികളെ ക്കൊണ്ട്  പരമാവധി ചോദ്യങ്ങള്‍ ചോദിപ്പിക്കും ഓരോ ഭാഗത്ത് നിന്നും  അത് അവര്‍ നോട്ടു ബുക്കിലെഴുതി  വായിക്കണം . ആ ചോദ്യങ്ങളില്‍ നിന്ന് ഏറ്റവും വിലപ്പെട്ടത്‌ കണ്ടെത്തിയാണ്  പാഠത്തിലൂടെയുള്ള യാത്ര . ബഹു ദൂരം മുന്നില്‍ പോകാം .ശേഖരണം നടക്കുന്നില്ല  .ഒന്നും ആരും സഹായിക്കാനില്ല  കുഞ്ഞുങ്ങള്‍ക്ക്‌ .അതുകൊണ്ട്  ക്ലാസ് പതിപ്പ് മാത്രമേ ഉണ്ടാകൂ 
  • ക്ലാസില്‍  രണ്ടു  വിഷയം  വീതമാണ്   ഒരു ദിനം പങ്കു വയ്ക്കപ്പെടുന്നത്  
  • ചോദ്യങ്ങളിലൂടെ  പഠനം  എന്നതാണ്  എന്റെ  ഗവേഷണ  വിഷയവും  .പരിസര പഠന ത്തിലാണ്  നല്ല ചോദ്യങ്ങള്‍ കൂടുതലും വരാറുള്ളത്  .ഇന്ന് പുസ്തകത്തിലെ പഠന നേട്ടം  സ്വന്തമായി  വിലയിരുത്താന്‍  പറഞ്ഞു  .എല്ലാം തികയാത്തവര്‍  ഉണ്ട്  .ഇന്നൊരു ദിനം ശ്രമിക്കട്ടെ  എന്ന് അവര്‍  . 
  • വരരുചിയുടെ  കഥ അവര്‍ മറക്കുന്നില്ല .കാരണം  അത് നാടകത്തില്‍ക്കൂടിയാണ്  പഠിച്ചത്  ,നാളെ ഗണിതം .അത്  സ്വന്തം ജൈവ വൈവിധ്യ പാര്‍ക്കില്‍  ,വള്ളിക്കുടിലുകള്‍ ഉള്ള  ,വൃക്ഷ ങ്ങള്‍ തന്നെ ഇന്‍ സ്റ്റ ലേഷന്‍ നടത്തിയിട്ടുള്ള  മനോഹരമായ  പാര്‍ക്കിലെ ജൈവ ഗണിതം ,ടി എം   ഒന്നെഴുതി നോക്കാം  ,അശ്വിനും   സുജിത്തിനും വിബിനും അതുല്യക്കും വേണ്ട പ്രവര്‍ത്തനങ്ങള്‍  ഉണ്ടാകും .സ്വാഭാവികമായി  .
2
 കുട്ടികളുടെ (സമാധാന) ജിവിതം
സമയയുടെ  അച്ചാച്ചന്‍  മരിച്ചു .ലോട്ടറി വില്‍പ്പന നടത്തി  കുടുംബത്തെ സഹായിച്ചിരുന്ന ആള്‍ .ആകെയുള്ള കുടുംബ വരുമാനം  .അവള്‍  വീട്ടിലെ കാര്യങ്ങള്‍ എന്നും പറയും . 
ജില്ലാ  വിദ്യാഭ്യാസ ഉപസമിതി കൂടിയിരുപ്പില്‍ ഇത് ഞാന്‍ അവതരിപ്പിച്ചു .കുടുംബത്തിന്റെ  വരുമാനവും സാക്ഷരതയും ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പള്ളിക്കൂടം  മാത്രമായി വളരില്ല  .കുട്ടിയുടെ സാമൂഹിക സാഹചര്യം ഏറെ  ദുര്‍ബലമാണ് .അത് കാണണം  .തിരുത്തണം .
ഗ്രാമ പഞ്ചായത്തിനു  അതിനു കഴിയണം .
ഞങ്ങള്‍ അവധിക്കാലത്ത്‌  കൊടുത്തയച്ച കത്തിന് ലഭിച്ച  പ്രതികരണവും ചേര്‍ത്താണ്  ചില നിഗമനങ്ങള്‍  എഴുതിയത് .നമ്മുടെ കുട്ടികളില്‍  എത്രപേര്‍ സമാധാനമായി കുടുബങ്ങളില്‍  ജീവിക്കുന്നവരാണ് ?

സാമൂഹികം ആദ്യം
താല്‍ക്കാലികമായി  തട്ടിക്കൂടിയ  വീട്ടില്‍ നിന്നും മഴ കാരണം രാത്രി രണ്ടു മണിക്ക്  മറ്റൊരു വീട് തേടേണ്ടി വരുന്ന അവസ്ഥ . തീര്‍ച്ചയായും അവള്‍ക്കു പിറ്റേ ദിനം ഗണിത കേളികളില്‍  താല്‍പ്പര്യം ഉണ്ടായില്ല .
പത്താം തരം കഴിഞ്ഞു  കടയുടെ മുന്നില്‍ കുത്തിയിരിക്കുന്ന  കുട്ടികള്‍ . പെണ്‍കുട്ടികള്‍ അടുക്കളയിലും  ,അവര്‍ക്ക്  തൊഴില്‍ പരിശീലനം  നല്‍കി  സ്കൂളില്‍  മെന്റര്‍ ആയി നിയമിക്കാന്‍  ആവശ്യം ഉന്നയിച്ചിട്ടുണ്ട്  .കായിക രംഗത്തും കലാ രംഗത്തും ഇവരെ ഉപയോഗിക്കാം .
  • അതേ ഭൌതികം അക്കാദമികം എന്നത്  സാമൂഹികം എന്നതിനെ  പിന്‍പറ്റി യാണ് നില്‍ക്കുന്നത് .

3
കണക്കില്‍ കളിക്കാനും  ഇടം
 
ചുറ്റുമുള്ള  കാഴ്ചകള്‍ എല്ലാം  കൌതുകമാണ്  .ഞാന്‍ കുട്ടികളോട് ചോദിച്ചു  .അതില്‍ കണക്കുണ്ടോ ?ഉണ്ടല്ലോ .എന്തെല്ലാം ?അവര്‍ പറഞ്ഞു  .വൃത്തം .ത്രികോണം   ചതുരം ...പിന്നെ .?കൂട്ടാം കുറയ്ക്കാം ഗുണിക്കാം  .പിന്നെ ? ,,കഥയുണ്ടാക്കാം  പാട്ടുണ്ടാക്കാം   പിന്നെ ?...പിന്നെ ഓരോരോ  സാധനങ്ങള്‍ ഉണ്ടാക്കാം .പിന്നെ ? പിന്നെ ?അവര്‍ പരസ്പരം നോക്കി .ഞാനാഗ്രഹിച്ച  വാക്ക്  കിട്ടിയില്ല .
ഞാന്‍  കളം വരച്ചു  .മാറി നിന്നു .സമയ വന്നു അത് പൂര്‍ത്തിയാക്കി .അവള്‍ക്കു പാണ്ടി കളിക്കണം  .എല്ലാവരും ചുറ്റും കൂടി  .അപ്പോള്‍ കണക്കില്‍ കളിക്കാനും  ഇടമുണ്ട് അല്ലെ ?
അടുത്ത ഗ്രൂപ്പ്  പാറ കളി ക്ക് പോയി
എണ്ണണം     കൂട്ടമാക്കണം  രണ്ടു വീതം നാല് വീതം അഞ്ചു വീതം .ഇങ്ങനെ  ഒറ്റപ്പിടിക്ക്  വാരണം  .കളി  കാര്യമാകുന്നു  .
നാലാം ക്ലാസിലെ ഗണിതം രൂപങ്ങളില്‍  എത്തി നില്‍ക്കുകയാണു .ക്ലാസ് മുറിയിലെ ഗണിത സാധ്യത  അന്വേഷിക്കാന്‍ പറഞ്ഞില്ല  .കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു "ടീച്ചര്‍  നമ്മുടെ ക്ലാസില്‍ എത്ര  ചതുരങ്ങള്‍ ....
നിര്‍വചനമെഴുതാതെ  സ്വയം രൂപീകരിച്ച  ആശയം  കൈ വിട്ടു പോകില്ല .
ഗണിതം  മാത്രമായിരുന്നു  വെള്ളിയാഴ്ച .ഇനി അങ്ങനെയാണ്  .ഓരോ ഗണിത പീരീഡും  ഒരു ദിനത്തിലെ ഗണിത മേള യായി  രൂപം മാറും .കുറെ  പഠനോപകരണങ്ങള്‍ വേണം ,  ഇതുവരെ നേടിയിട്ടുള്ള ഗണിതാശ യങ്ങള്‍   വിലയിരുത്തുകയും  വേണം  .ഒരു ടൂള്‍ ഉണ്ടാക്കണം  .എങ്ങനെയാവണം  അത് ?വെല്ലു വിളി തന്നെ . അ ശ്വിന്‍  ശ്രീഹരി  അതുല്യ  വിബിന്‍ ജോയല്‍ ഇവര്‍ക്ക്  പ്രത്യേകവും വേണം  ,
ഇന്ന് മൂന്നാം ക്ലാസിലും കയറി  .അവിടെ  കുട്ടികള്‍   ഗണിത ത്തില്‍  പല വേഗതയില്‍ .അവര്‍ക്ക്  വര്‍ക്ക്‌ ഷീറ്റ്   ചെയ്യണം  .
കണക്കു അടിസ്ഥന ശേഷി ഉറക്കാത്തവര്‍ ഉണ്ട്  അവര്‍ക്ക് പ്രത്യേക സഹായം നല്‍കാന്‍ കഴിഞ്ഞില്ലഗണിത ലാബില്‍ ഞാന്‍ പരിമിതി  നേരിടുന്നുണ്ട് . 18 തീപ്പെട്ടിക്കമ്പുകള്‍  ..56  എണ്ണം വേണം .3 കുത്തുകള്‍ വീതമുള്ള 21 കാര്‍ഡുകള്‍ . പ്രകൃതിയിലെ സാധ്യത ഉപയോഗിച്ച്  മറ്റെന്തു ഗണിതം  നല്‍കാന്‍ കഴിയും ? ഇലകള്‍  കൊണ്ടുള്ള രൂപങ്ങളുടെ  നിര്‍മ്മിതി .ചുള്ളിക്കംപുകള്‍ കൊണ്ടൊരു  ത്രികോണ  ചതുര വീട് ,,പിന്നെ ?

4
ട്രൈ  ഔട്ട്‌
ഓണാവധിക്ക്  സ്കൂള്‍ പൂട്ടുന്ന  ദിനം ഞങ്ങള്‍  എല്ലാ  കുട്ടികള്‍ക്കും  ഒരു കത്ത് കൊടുത്തയച്ചിരുന്നു  . ഇന്ന്  അതിന്റെ  ഫലം  അറിയുന്ന ദിനമാണ്  .വളരെ  ആകാംക്ഷ യുണ്ട്   പതിവില്‍  നിന്ന്  വ്യത്യസ്തമായി  എങ്ങനെയാണ്  ഈ ഓണാവധി  ഓരോ  കുടുംബവും പ്രയോജന പ്പെടുത്തിയതെന്ന്  .ഇനി  കുറച്ചു മണിക്കൂര്‍  അല്ലെയുള്ളൂ  .ക്ഷമിക്കാം  .കത്ത്   ഇവിടെ  പോസ്റ്റ്‌ ചെയ്യാം കേട്ടോ  . 
5
മേള  ഒരു സുടാപ്പി
ഒരു  പാവം പാവം ടീച്ചര്‍  ആയി   മാറുക  ശ്രമകരമാണ് .
എങ്കിലും  അതിനു ശ്രമിച്ചുകൊണ്ടേയിരിക്കുക  എന്നതാണ്  നല്ലതെന്ന് തോന്നുന്നു
കലാ കായിക പ്രവര്‍ത്തനത്തിന്റെ   ഗ്രേഡിംഗ്  ആണ്  ചിന്താക്കുഴപ്പം  ,
മൂന്നാം ക്ലാസില്‍  മുഖം മൂടി  ,വീടുകള്‍,  പലതരം ശേഖരണങ്ങള്‍  ഒക്കെ  നിരവധിയുണ്ട്
അവയുടെ  ഓരോ ഘട്ടവും വിലയിരുത്തപ്പെടണം
പൂര്‍ണ്ണമായി  നടന്നിട്ടില്ല  .
കായിക പ്രവര്‍ത്തനങ്ങള്‍  അങ്ങനെ തന്നെ
കലാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുവോളം  അവസരമുണ്ട് .
വിലയിരുത്തല്‍  നടക്കും
പക്ഷെ .ഇങ്ങനെ വളര്‍ത്തി യെടുക്കുന്നവരില്‍  ഒരു ശ ത മാന മൊഴികെ ആര്‍ക്കും മേള "യില്‍ അവസരമില്ല
അവിടെ  അപ്പോള്‍  കാട്ടുന്ന മികവു  ..മൂന്നംഗ   വിലയിരുത്തലിനു  വിധേയമാക്കി  ഒരു സുടാപ്പി  കാട്ടലാണ് ..
ഇതിനെതിരെ  കോടതിയില്‍ പോകാന്‍  ഏറെ  ആഗ്രഹം
ഭൂരിപക്ഷം  പുറത്തുള്ളപ്പോള്‍  ന്യുന പക്ഷം ട്രോഫിയും  ഗ്രേസ് മാര്‍ക്കുമായി  വരുന്നു  !!
എന്തതിശ യമേ ............
മേളച്ചുമതല യുള്ള  അധ്യാപകര്‍  പഴന്തുണിപ്പരുവമാകും .
പഞ്ചായത്ത് തലത്തില്‍  മേളകള്‍ നടത്തി  .ഇപ്പോള്‍ ആര്‍ക്കും വേണ്ടാതെ നടത്തുന്ന കേരളോല്‍സവത്ത്തില്‍  കുട്ടികളെ  പങ്കെടുപ്പിചാലോ ...
അത് പാടില്ലാ ...!!
എല്ലാവരും നന്നായിപ്പോയാലോ  !
പഠനവും പ്രവൃത്തിയും തമ്മിലുള്ള  ബന്ധം ആലോചിച്ചപ്പോള്‍ തോന്നി
മൂന്നാം ടേമിലും  ക്രോഡീകരി ക്കണ മല്ലോ  ഇതൊക്കെ
അപ്പോള്‍ എങ്ങോട്ട്  പോകുമെന്ന് ഇപ്പോഴേ  ആലോചിക്കുന്നു
ടീച്ചിംഗ്  മാനുവലില്‍ [എന്‍റെ  ] പരി ശോ ധിച്ചാല്‍   നിരാശ തോന്നും .ഈ മേഖലകളെ  ഇടയ്ക്കെങ്കിലും ഞാന്‍ കയ്യൊഴിഞ്ഞു !
സമയ നഷ്ടം  ഭയന്നായിരുന്നു !!

6
 കാത്തു നില്‍ക്കുന്ന പ്രശ്നങ്ങള്‍
എന്‍റെ   ക്ലാസില്‍ ഞാന്‍ നേരിടുന്ന പ്രശ്ന ങ്ങള്‍   ഒട്ടേറെയാണ്  .
രാവിലെ കാത്തു  നില്‍ക്കുന്ന കുട്ടികള്‍ക്ക്   അത്രയേറെ   സന്തോഷ  വാര്‍ത്തകളല്ല പറയാനുണ്ടാവുക .
പ്രവീണ  അവരില്‍ ഒരാള്‍  മാത്രമാണ്  .
അവള്‍ക്കേറെ   ഇഷ്ടമുണ്ടായിരുന്ന   അപ്പൂപ്പന്‍   നല്ല മഴയുണ്ടായിരുന്ന   രാത്രിയില്‍ മരിച്ചു  .
പക്ഷെ   അപ്പൂപ്പനെ   അടക്കം  ചെയ്യാന്‍  ഇടമില്ല  .
ആകെയുള്ള  വീടെഴുതി ക്കൊടുത്ത  ഇളയ മകന്‍ അവിടെ  അതിനനുവദിച്ചില്ല
"
നിങ്ങളുടെ   വീട്ടിലോ ?ഞാന്‍ ചോദിച്ചു
നോക്കി .പക്ഷെ  മാമന്മാര്‍  ഒരു  വെട്ടു  ഭൂമിയില്‍  വെട്ടിയപ്പോള്‍  തന്നെ  ഞങ്ങളുടെ  വീട് താഴാന്‍  തുടങ്ങി .അവള്‍ പറഞ്ഞു .ആകെ രണ്ടു  സെന്റെ യുള്ളൂ .ചേടി  മണ്ണാണ്  .അത്  താഴ്ന്നു  പോകും .
പിന്നെ ?
പാതിരാ  കഴിഞ്ഞു   ആ മഴയത്ത്  അപ്പൂപ്പനെയും   കൊണ്ട്  എവിടെയെല്ലാം ഓടിയോ   എന്തോ ".കൊച്ചു മിഴികളില്‍   സങ്കടം ശ്വാസം  മുട്ടി .
നമ്മുടെ   നാട്ടില്‍   ആര്‍ക്കും  ഇല്ല സാര്‍   നമ്മളാഗ്രഹിക്കുന്ന ജിവിതം
എന്‍റെ   മനസ്സ് ഭരണ  കൂടത്തെ  അഭിസംബോധന  ചെയ്തു  .
----------
ഒടുവില്‍  ഒരു മകളുടെ വീട്ടില്‍   ആ മൃതദേഹം   നടുവ്   നിവര്‍ത്തി .
അന്ന് ഞങ്ങള്‍ കുറച്ചേ  "പഠന  നേട്ടം "ഉണ്ടാക്കിയുള്ളൂ ..
അന്ന് ഞങ്ങള്‍  മുപ്പത്തൊന്നു  പേര്‍  വളഞ്ഞിരുന്നു  കഥ  പറഞ്ഞു  .കവിത പാടി .കടംകഥ  നിര്‍മ്മിച്ചു
"
ആറടി  മണ്ണിന്റെ   അവകാശി "യെ നാടകമാക്കി   അവതരിപ്പിച്ചു .
മതി . 
അവര്‍ക്ക്  ഏറെ  മനസിലായി .
( വി എസ് ബിന്ദു)

Saturday, November 25, 2017

മലയാളത്തിളക്കം വ്യാപിപ്പിക്കുമ്പോള്‍



മലയാളത്തിളക്കം പരിപാടിയുടെ തുടക്കപ്പഠനപ്രവര്‍ത്തനങ്ങളിലൊന്ന് മോട്ടിവേഷന്‍ വീഡിയോ ആണ്.


ഒരു മരം റോഡിനു കുറുകേ കിടക്കുന്നു. 
മാര്‍ഗതടസ്സം. 
ഒരു കുട്ടി അത് തളളിമാറ്റാന്‍ ശ്രമിക്കുന്നു. 
മഴ പെയ്യുന്നു. 
കുട്ടിയുടെ പരിശ്രമത്തെ കണ്ട് മറ്റുളളവരും കൂടുന്നു.
 മരം മാറ്റി. 
മഴ മാറി. 
പ്രകാശപൂര്‍ണമായ അന്തരീക്ഷം.
ഈ ചിത്രം വിശകലനം ചെയ്ത് കുട്ടികള്‍ക്ക് ഏതു തടസ്സവും മറികടക്കാനാകുമെന്ന പ്രചോദനം ലഭിക്കും.
ഈ വീഡിയോയെ അധ്യാപകപക്ഷത്ത് നിന്നു പരിശോധിക്കാം.
ക്ലാസില്‍ വഴിമുടക്കിക്കിടക്കുന്ന പഠനതടസ്സം
കുറേ കരുന്നുകളുടെ ജീവിതമാണ്, പഠനമാണ് കുറുകെ തടഞ്ഞ് കിടക്കുന്നത്
ആ തടസ്സം കണ്ടിട്ടും പ്രായോഗികമായ ഒരു പ്രതിവിധി കണ്ടെത്താനാകാതെ കുഴങ്ങുന്ന സാരഥികള്‍

പൗലോസ് എന്ന പ്രൈമറിസ്കൂള്‍ അധ്യാപകന്‍ ഒരു പ്രതിവിധിയുമായി മുന്നിട്ടിറങ്ങുന്നു
ആളുകള്‍ കൂടുന്നു
വിദ്യാലയങ്ങള്‍ ചേരുന്നു
എസ് എസ് എ ഒത്തുചേരുന്നു.
എല്ലാവരുടെയും അധ്വാനഫലമായി തടസ്സം നീക്കാനാകുമെന്നു തെളിയിക്കുന്നു.
മറ്റു വിദ്യാലയങ്ങളിലും മാര്‍ഗതടസ്സങ്ങള്‍  തളളിമാറ്റാന്‍, മഴയാണെന്നോ പ്രതികൂല അന്തരീക്ഷമാണെന്നോ നോക്കാതെ പരിശ്രമിച്ച് തെളിഞ്ഞ പ്രകാശം ക്ലാസില്‍ അനുഭവവേദ്യമാകണം.
ഇതിനായി നാം ഒത്തു ചേരുകയാണ്
ചില വിദ്യാലയങ്ങള്‍ പിന്നാക്കം നില്‍ക്കുന്നവരെ പരിഗണിക്കുന്നതില്‍ പിന്നാക്കാവസ്ഥയിലാണ്.
മാനുഷികത കുറവുളള വിദ്യാലയങ്ങളാണവ
സ്നേഹമാപനം നടത്തി അവര്‍ സ്വന്തം പ്രതിബദ്ധതാദാരിദ്ര്യം പരിഹരിക്കണം.
പൊതുവിദ്യാഭ്യാസ വകുപ്പ് മലയാളത്തിളക്കം പരിപാടി നടപ്പിലാക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

മാര്‍ഗരേഖയിലെ പ്രസക്തവിവിരങ്ങള്‍ കൂടി പരിഗണിച്ച വിശദീകരണമാണ് ചുവടെ നല്‍കുന്നത്

മലയാളത്തിളക്കം

പ്രൈമറി ക്ലാസുകളില്‍ ഭാഷാപരമായ പിന്നാക്കാവസ്ഥയിലുളള കുട്ടികളെ ഭാഷാപരമായ മികവിലേക്ക് ഉയര്‍ത്തുന്നതിനായി സര്‍വശിക്ഷാ അഭിയാന്‍ ആസൂത്രണം ചെയ്ത മലയാള ത്തിളക്കം ഈ വര്‍ഷം യു പി വിഭാഗത്തിലാണ് നടപ്പിലാക്കിയത്. ആകെയുളള യു പി സ്കൂളുകളില്‍ എഴുപത്തിമൂന്നു ശതമാനം വിദ്യാലയങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 72027 കുട്ടികളില്‍ 62295 (86.31%) പേര്‍ വിജകരമായി മലയാളത്തിളക്കം പൂര്‍ത്തീകരിച്ചു.
  • കുറച്ച് യു പി സ്കൂളുകളില്‍ കൂടി മലയാളത്തിളക്കം  നടപ്പിലാക്കാനുണ്ട്
  • രണ്ടാം ക്ലാസില്‍ നിന്നും മൂന്നിലേക്ക് വന്നവരില്‍ ഒരു വിഭാഗം കുട്ടികളും 
  • കഴിഞ്ഞ വര്‍ഷം മലയാളത്തിളക്കത്തിനു വിധേയരാകാത്ത കുറച്ച് കുട്ടികളും എല്‍ പി വിഭാഗത്തിലുണ്ട്
  • അണ്‍ എയ്‍ഡഡ് വിദ്യാലയങ്ങളില്‍ നിന്നും വന്ന നല്ലൊരു ശതമാനം കുട്ടികള്‍ക്കും മലയാളത്തിളക്കം ആവശ്യമുണ്ട്
  • ഹൈസ്കൂളുകളിലെ എല്‍ പി ,യു പി വിഭാഗങ്ങളില്‍ മലയാളത്തിളക്കം നടപ്പാക്കിയിരുന്നില്ല 
അതിനാല്‍ പ്രൈമറി തലത്തിലെ ഭാഷാ പിന്നാക്കാ വസ്ഥ അനുഭവിക്കുന്ന മുഴവന്‍ കുട്ടികളെയും പരിഗണിച്ചുളള പ്രവര്‍ത്തനം അനിവാര്യമാണ്
എന്തെല്ലാമാണ് ലക്ഷ്യങ്ങള്‍?
  1. അടുത്ത വര്‍ഷം എട്ടാം ക്ലാസില്‍ പ്രവേശനം നേടുന്നവരെല്ലാം അടിസ്ഥാന ഭാഷാശേഷിയുളളവരായിരിക്കും എന്നുറപ്പുവരുത്തുക
  2. അടുത്ത വര്‍ഷം യു പി വിഭാഗത്തിലേക്ക് എത്തുന്ന എല്ലാ കുട്ടികളും അടിസ്ഥാന ഭാഷാശേഷിയുളളവരായിരിക്കും എന്നുറപ്പു വരുത്തുക
  3. എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലുമുളള എല്ലാ കുട്ടികളെയും അടിസ്ഥാനഭാഷാശേഷിയുളളവരാക്കി മാറ്റുക
  4. ഈ വര്‍ഷാവസാനം നടക്കുന്ന സര്‍ഗോത്സവത്തില്‍ വെച്ച് ഒന്നാം ക്ലാസ് മുതലുളള കുട്ടികളുടെ ഭാഷാപരമായ കഴിവുകള്‍ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ശക്തിപകരുക
  5. എല്ലാ കുട്ടികളെയും സ്വതന്ത്രവായനക്കാരാക്കി മാറ്റുക
മലയാളത്തിളക്കം വിദ്യാലയങ്ങളില്‍ നടക്കേണ്ട കാലയളവ് വ്യക്തമാക്കാമോ?
  • നവം 27,28,29,30 ഡിസം 1,4,5,6,7,8 (മലയാളത്തിളക്കം ഒന്നാം ഘട്ടം
  • ജനുവരി 2,3,4,5,8,9,10 ( മലയാളത്തിളക്കം രണ്ടാം ഘട്ടം

    ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി ഡിസംബര്‍ എട്ടാം തീയതി വരെ തുടര്‍ച്ചയായി മലയാളത്തിളക്കം ചെയ്യേണ്ടതുണ്ടെന്നാണ്. പത്തുമുതല്‍ നാലുവരെ പിന്തുണ ആവശ്യമുളള കുട്ടികളെ മാറ്റിയിരുത്തി സഹായിക്കണം. 
    അപ്പോള്‍ പിന്നാക്കാവസ്ഥയില്ലാത്ത കുട്ടികളുടെ ക്ലാസുകള്‍ നഷ്ടപ്പെടില്ലേ?
    • അതിനും പരിഹാരമുണ്ട്. ഒരു സ്കൂളില്‍ ഒന്നിലധികം ബാച്ചുകള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മലയാളത്തിളക്കത്തിനു വരാത്ത കുട്ടികളെ ഒരേ ക്ലാസിലെ പല ഡിവിഷനുകളിലെ ക്ലബ് ചെയ്ത് ക്ലാസുകള്‍ നടത്താം. അങ്ങനെ ചെയ്യുമ്പോള്‍ അത് ആരുടെയും പഠനം നഷ്ടപ്പെടുത്തില്ല.
    • എല്‍ പി സ്കൂളില്‍ കഴിഞ്ഞ വര്‍ഷം മലയാളത്തിളക്കം പരിശീലനം ലഭിച്ച അധ്യാപകരുണ്ട്. രണ്ടു പേരുളള സ്ഥിതിക്ക് ഉച്ച വരെ ഒരാള്‍ ഉച്ചയ്ക് ശേഷം അടുത്തയാള്‍ എന്ന രീതിയില്‍ ക്രമീകരണം നടത്താം.
    • മറ്റ് അധ്യാപകര്‍ എല്ലാ ദിവസവും മലയാളത്തിളക്കത്തിലെ ഓരോ പ്രവര്‍ത്തനം വീതം കാണുകയും ( ഒരു മണിക്കൂര്‍) മൂന്നാം ദിവസം മുതല്‍ അവര്‍ക്കും ഓരോ സെഷന്‍ എടുക്കാം. അപ്പോള്‍ മറ്റുളളവര്‍ ഫ്രീയാകും. മൂന്നോ നാലോ പ്രവര്‍ത്തനമാണ് ഒറു ദിവസം പൂര്‍ത്തീകരിക്കേണ്ടിവരിക. അത് നാലുപേര്‍ക്ക് മാറി മാറി എടുത്ത് സ്വന്തം ക്ലാസിലെ മറ്റു കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയില്‍ ക്ലാസ് നയിക്കാം
    • യു പി സ്കൂളില്‍ ഹിന്ദി , കലാവിദ്യാഭ്യാസം, എച് എം നുപകരം നിയോഗിച്ചവര്‍, മറ്റിതരഭാഷാധ്യാപകര്‍ എന്നിവരെല്ലാമുണ്ട്. എല്ലാവരും മലയാളത്തിളക്കം പ്രവര്‍ത്തനം പരിചയപ്പെട്ടാല്‍ എല്ലാവര്‍ക്കും ക്ലാസെടുക്കാനാകും. സ്കൂളുകളില്‍ ക്ലാസുകള്‍ നിരീക്ഷിച്ച് വൈദഗ്ധ്യം ഉണ്ടാക്കാന്‍ അവസരം സൃഷ്ടിച്ചാല്‍ മതി
    • മലപ്പുറത്ത് തിരൂരില്‍ എന്റെ സുഹൃത്ത് ജോണ്‍ ചെയ്തത് ബി എഡ് വിദ്യാര്‍ഥികളുടെ സേവനം തേടുകയായിരുന്നു. അതേപോലെ വിദ്യാലയത്തിന് ആവശ്യമെങ്കില്‍ ബി എഡ് കഴിഞ്ഞവരെയും ഡി എഡ് കഴിഞ്ഞവരെയും പ്രയോജനപ്പെടുത്താം.

    എത്രദിവസമാണ് ഒരു ബാച്ചിന്റെ പ്രവര്‍ത്തനം നടത്തേണ്ടത്?
    കുട്ടികള്‍ ഭാഷാപിന്നാക്കാവസ്ഥ പരിഹരിക്കുക എന്നതല്ലേ ലക്ഷ്യം. അതിനാല്‍ ലക്ഷ്യം നേടും വരെ എന്നു തീരുമാനിക്കുകയാകും യുക്തം. 6-8ദിവസം വേണ്ടി വരാം.
എന്തെല്ലാമാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍?
  • നവം  22  സംസ്ഥാനതലത്തില്‍ അധ്യാപകസംഘടനകളുടെ യോഗം
  • നവം   23 ജില്ലാതലയോഗം ( ഉദ്യോഗസ്ഥര്‍, അധ്യാപകസംഘടനകള്‍)
  • നവം 23,24 അധ്യപക പരിശീലനം
  • നവം 25     ഉപജില്ലാതലയോഗങ്ങള്‍ ( പ്രഥമാധ്യാപകര്‍, അധ്യാപകസംഘടനകള്‍)
  • നവം 27,28,29,30 ഡിസം 1,4,5,6,7,8  -മലയാളത്തിളക്കം ഒന്നാം ഘട്ടം )
  • ജനുവരി  2,3,4,5,8,9,10 ( മലയാളത്തിളക്കം രണ്ടാം ഘട്ടം )
  • ജനുവരി-  എല്ലാ വിദ്യാലയങ്ങളിലും രക്ഷാകര്‍തൃ വിദ്യാഭ്യാസം. ( മലയാളത്തിളക്കം വിജയപ്രഖ്യാപനവും രണ്ടാം ടേം മൂല്യനിര്‍ണയത്തി്ല്‍ മലയാളത്തിളക്കം കുട്ടികളുടെ പ്രകടനവിശകലനം കൂടി നടക്കണം )
മോണിറ്ററിംഗ് നടത്തുമോ?
  • സംസ്ഥാന ടീമംഗങ്ങള്‍ എല്ലാ ജില്ലകളിലും മോണിറ്ററിംഗ് നടത്തും
  • ജില്ലാ ടീമുകള്‍ എല്ലാ ബി ആര്‍ സികളിലും കുറഞ്ഞത് രണ്ട് വിദ്യാലയങ്ങളില്‍ മോണിറ്ററിംഗ് നടത്തും
  • ഉപജില്ലാ ടീമുകള്‍ എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് രണ്ടു വിദ്യാലയങ്ങളില്‍ മോണിറ്ററിംഗ് നടത്തും
  • എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന മലയാളത്തിളക്കത്തിന്റെ പുരോഗതി അറിയലാണ് ലക്ഷ്യം. സൗഹൃദസമീപനം .
  • മോണിറ്ററിംഗ് ടീം അംഗങ്ങളുടെ ഭക്ഷണം, യാത്രാസൗകര്യം എന്നിവ എസ് എസ് എ വഹിക്കും
    എല്ലാ എല്‍ പി വിദ്യാലയങ്ങളിലും മലയാളത്തിളക്കം നടക്കുന്നതിനാല്‍ ടീം ഏതു വിദ്യാലയത്തിലുമെത്താം 

മലയാളത്തിളക്കവുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകരുടെ ചുമതലകള്‍ എന്തെല്ലാമാണ്?
  1. പ്രീടെസ്റ്റ് നടത്തി കുട്ടികളെ കണ്ടെത്തുക
  2. കുട്ടികളുടെ എണ്ണം പരിഗണിച്ച് ബാച്ചുകള്‍ നിശ്ചയിക്കുക
  3. മുന്‍ വര്‍ഷം പരിശീലനത്തില്‍ പങ്കാളിയാകാത്ത ഒരു അധ്യാപികയെ പരിശീലനത്തില്‍ പങ്കെടുപ്പിക്കുക
  4. ഇതുവഴി സ്വന്തം സ്കൂളില്‍ പരിശീലനം ലഭിച്ച രണ്ടുപേരുണ്ടെന്നുറപ്പു വരുത്തുക
  5. പരിശീലനം നേടിയവരുടെ നേതൃത്വത്തില്‍ സമയബന്ധിതമായി മലയാളത്തിളക്കം നടപ്പിലാക്കുക
  6. മലയാളത്തിളക്കം ക്ലാസുകള്‍ നിരീക്ഷിക്കുന്നതിന് മറ്റ് അധ്യാപകര്‍ക്കും അവസരം ഒരുക്കുകയും പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്യുക
  7. ടീം ടീച്ചിംഗ് രീതി നടപ്പിലാക്കി എല്ലാ അധ്യാപകരെയും മലയാളത്തിളക്കം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുക
  8. ആദ്യത്തെ മൂന്നു ദിവസത്തിനു ശേഷം ഊഴമിട്ട് ക്ലാസുകള്‍ നയിക്കുന്നതിന് മറ്റ് അധ്യാപകര്‍ക്കും അവസരം ലഭ്യമാക്കുക
  9. മലയാളത്തിളക്കം ക്ലാസുകള്‍ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക
  10. മലയാളത്തിളക്കം ക്ലാസുകള്‍ മോണിറ്റര്‍ ചെയ്യുക
  11. രക്ഷിതാക്കളുടെ യോഗം വിളിച്ച് വീട്ടില്‍ നല്‍കേണ്ട പിന്തുണ ഉറപ്പാക്കുക
  12. വായനയുടെ ലോകത്തേക്ക് വരുന്ന കുട്ടികള്‍ക്ക് തുടര്‍പിന്തുണ നല്‍കുന്നതിന് ക്രമിീകരണം ഏര്‍പ്പെടുത്തുക
  13. മലയാളത്തിളക്കം പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് ഉപരിഘടകത്തിനു നല്‍കുക
  14. രണ്ടാം ടേം പരിക്ഷ എഴുതുന്നതിന് ഭാഷാപരമായ പിന്നാക്കാവസ്ഥയുളള കുട്ടികളെയും സജ്ജമാക്കല്‍ കൂടിയാണ് മലയാളത്തിളക്കം.അതിനാല്‍ പരീക്ഷയ്ക് മുമ്പ് പൂര്‍ത്തീകരിക്കത്തക്ക വിധം സ്കൂള്‍തല ആസൂത്രണം നടത്തണം
  15. 3,4,5,6,7 എന്നീ ക്ലാസുകള്‍ക്കാണ് ആദ്യ രണ്ടു ഘട്ടങ്ങളില്‍ പരിഗണ. എല്‍ പി ക്കും യു പിക്കും പ്രത്യേകം പ്രത്യേകം ക്ലാസുകളാണ് ക്രമീകരിക്കേണ്ടത്
  16. രണ്ടാം ടേം പരീക്ഷാഫലവിശകലനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ക്ലാസില്‍ ഭാഷാപിന്നാക്കാവസ്ഥയുളളവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രതിദിനം ഒരു മണിക്കൂര്‍ വീതം മലയാളത്തിളക്കം അനുഭവങ്ങള്‍ ഒരുക്കണം.
  17. ഒന്നാം ക്ലാസില്‍ ഒന്നാന്തരം വായനക്കാര്‍ പരിപാടിയുടെ ഭാഗമായി സ്വതന്ത്രവായനയും എഴുത്തും നടക്കുന്നുണ്ട്. ഇത് ശക്തിപ്പെടുത്തണം. ആവശ്യമെങ്കില്‍ മലയാളത്തിളക്കം രീതിയിലുളള പ്രവര്‍ത്തനം ഓരോ മണിക്കൂര്‍ വീതം പാഠഭാഗവുമായി ബന്ധിപ്പിച്ച് നടത്തി കുട്ടികളുടെ ലേഖനപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാവുന്നതാണ്
  18. ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ഭാഷാപരമായ പിന്നാക്കാവസ്ഥയുളള കുട്ടികള്‍ സ്കൂളില്‍ അവശേഷിക്കാന്‍ പാടില്ലാത്തവിധമുളള പ്രവര്‍ത്തനങ്ങള്‍ നടക്കണം
  19. ഭാഷാപരമായ മികവാണ് മലയാളത്തിളക്കത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന ധാരയോടെ എല്ലാവരും സ്വതന്ത്രവായനക്കാര്‍, ക്ലാസ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ എന്നിവ മലയാളത്തിളക്കത്തിന്റെ തുടര്‍ച്ചയായി ഏറ്റെടുക്കണം.
എന്തെല്ലാം തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യണം?
  •  ബി ആര്‍ സി ട്രെയിനര്‍മാരും സി ആര്‍ സി കോര്‍ഡിനേറ്റര്‍മാരും യു പി സ്കൂളിലെത്തി ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മലയാളത്തിളക്കം നടപ്പിലാക്കിയപ്പോള്‍ ആ ബോധനരീതി കണ്ടു മനസിലാക്കാന്‍ ശ്രമിക്കാത്ത അധ്യാപകരുണ്ട്. തികച്ചും നൂതനമായ രീതി സ്വന്തം വിദ്യാലയത്തില്‍ പ്രോയഗിച്ചപ്പോള്‍ അതറിയാന്‍ മടികാണിച്ചവര്‍. 
  • കഴിഞ്ഞവര്‍ഷം മലയാളത്തിളക്കം നടത്തിയശേഷം തുടര്‍ പ്രവര്‍ത്തനം നടത്താത്ത വിദ്യാലയങ്ങളുമുണ്ട്
ബഹുഭൂരിപക്ഷവും ഈ വിഭാഗത്തില്‍പെടുന്നില്ല എന്നതാണ് ആശ്വാസകരം
  • മലയാളത്തിളക്കത്തിനു വിധേയരാകുന്ന കുട്ടികള്‍ക്ക് രണ്ടാം ദിവസം മുതല്‍ വായനാസാമഗ്രികള്‍ നല്‍കണം. കൊച്ചു പുസ്തകങ്ങള്‍ . അവര്‍ വീട്ടില്‍ കൊണ്ടുപോയി വായിച്ചുവരും.
  • ക്ലാസ് ലൈബ്രറിയുമായി മലയാളത്തിളക്കത്തെ ബന്ധിപ്പിക്കണം
  • എല്ലാവരും സ്വതന്ത്ര വായനക്കാര്‍ എന്ന പദ്ധതിയുമായും കണ്ണിചേര്‍ക്കണം.
  • മലയാളത്തിളക്കം കുട്ടികള്‍ക്ക് അസംബ്ലിയിലടക്കം പൊതുവേദികള്‍ ലഭ്യമാക്കണം
  • ക്ലാസ് റൂം പ്രക്രിയയില്‍ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്തല്‍

Saturday, November 11, 2017

ഗണിതാഭിമുഖ്യം വളര്‍ത്താത്ത വിദ്യാലയങ്ങള്‍ സ്വയം തിരുത്തണം


കുറേ വര്‍ഷങ്ങളായി ഗണിതപഠനത്തിലെ പിന്നാക്കാവസ്ഥ മറികടക്കാനുളള ആലോചന തുടങ്ങിയിട്ട്. ഞാന്‍ മാത്രമല്ല ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും
പല വഴികളാണ് തേടിയത്
  • ചിലര്‍ വര്‍ക്ക് ഷീറ്റുകള്‍ കൊണ്ട് പരിഹരിക്കാമോ എന്ന് അന്വേഷിച്ചു
  • മറ്റു ചിലര്‍ ഗണിതക്യാമ്പുകളുടെ സാധ്യത പരിശോധിച്ചു
  • ഗണിതലാബുകള്‍ കൊണ്ട് പരിഹരിക്കാനാണ് മറ്റൊരു നീക്കം നടന്നത്
  • ലളിതം ഗണിതം പോലെ എസ് എസ് എയുടെ നേതൃത്വത്തില്‍ എട്ടു വര്‍ഷം മുമ്പ് പരീക്ഷണം നടന്നിരുന്നു
  • പ്രക്രിയാധിഷ്ഠിത അധ്യാപനക്കുറിപ്പ് നല്‍കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന സങ്കല്പനം മുന്നോട്ടു വെച്ചവരുമുണ്ട്
  • ചിലരാകട്ടെ പരമ്പരാഗത രീതിയിലേക്ക് പോയി.
  • ഇത്തരം അന്വേഷണത്തിന്റെ ഫലങ്ങള്‍ കൃത്യമായി പങ്കുവെക്കപ്പെട്ടില്ല. എന്നു മാത്രമല്ല അവധിക്കാല പരിശീലനങ്ങളില്‍ ഈ രീതികള്‍ സ്വീകരിച്ചവര്‍ക്കാര്‍ക്കും തന്റേടത്തോടെ അത് നിലവിലുളള പ്രശ്നത്തെ മറികടക്കാന്‍ പര്യാപ്തമാണെന്നു പറയാനുമായില്ല. അതായത് കൂടുതല്‍ ആലോചനകളും അന്വേഷണങ്ങളും അനിവാര്യമായി വന്നു
മാരാരിക്കുളത്ത് ഗണിതസൗഹൃദം
എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ഭാഷാശേഷി ഉറപ്പാക്കിയപ്പോഴാണ് ഗണിതത്തിലേക്ക് പ്രീതികുളങ്ങര സ്കൂള്‍ ശ്രദ്ധ പതിപ്പിച്ചത്. ‍ഡോ തോമസ് ഐസക്ക് ഫേസ് ബുക്കില്‍ ഇപ്രകാരം കുറിച്ചു
Dr.T.M Thomas Isaac 

മലയാള ഭാഷ ശേഷിയില്‍ മിനിമം നിലവാരം എല്ലാ കുട്ടികളും ആദ്യം ആര്‍ജ്ജിച്ച സ്കൂള്‍ ആയി പ്രീതികുളങ്ങര ടാഗോര്‍ എല്‍ പി സ്കൂള്‍ . അപ്പോള്‍ വിദ്യഭ്യാസ പ്രവര്‍ത്തകര്‍ക്ക് മറ്റൊരു മോഹം. മിനിമം ഗണിത ശേഷി എങ്ങനെ ഉറപ്പു വരുത്താം ?  മലയാള ഭാഷ പഠനം പോലെ ഗണിതം ആസ്വദിച്ച് തുടര്‍ച്ചയായി കുട്ടികള്‍ പഠിക്കുമോ ?
  • കൂട്ടാനും കിഴിക്കാനും ഹരിക്കാനും ഗുണിക്കാനുമെല്ലാം ഒട്ടേറെ പുതിയ പഠന സാമഗ്രികളും കളികളും കണ്ടു പിടിച്ചു .
  • ക്ലാസ് മുറിയുടെ മതിലുകളില്‍ ആകെ ഇത് വിന്യസിച്ചിരിക്കുകയാണ് .  
  • കുറച്ചു ദിവസം തുടര്‍ച്ചയായി ഗണിതപഠനം ആണ് .  
  • ഒരു കുട്ടിക്കും മുഷിഞ്ഞില്ല
  • തുടര്‍ച്ചയായി ഗണിതം മാത്രം പഠിപ്പിച്ചിട്ടും ഒരു പ്രശ്നവുമില്ല .  
  • സത്യം പറഞ്ഞാല്‍ ക്ലാസ് വിട്ടുപോകാന്‍ കുട്ടികള്‍ക്ക് മടി . അത്രയേറെ രസിച്ചാണ് അവര്‍ പഠിക്കുന്നത്.
എല്ലാ ക്ലാസ് മുറികളിലും ഗണിത ലാബുകള്‍ തയ്യാറായി കഴിഞ്ഞു . അബാക്കസിന്‍റെ അതിലളിതമായ മോഡലുകള്‍ . എണ്ണല്‍ പഠിക്കാനുള്ള ബുള്‍സ് ഐ ഷൂട്ടിംഗ് റേഞ്ച്കള്‍ . സാധനങ്ങള്‍ പങ്കു വയ്ക്കാനുള്ള കളികള്‍ , ചെക്ക് എഴുതി കറന്‍സി വാങ്ങല്‍ ഇങ്ങനെ ഒരു മൂന്നു ഡസന്‍ അഭ്യാസങ്ങള്‍ എങ്കിലും ഞാന്‍ എണ്ണി . ഇതിന്‍റെ സങ്കല്‍പ്പനങ്ങളുടെ സൃഷ്ടാവ് കലാധരന്‍ മാഷാണ്. അതിനു പ്രായോഗിക രൂപം നല്‍കുന്നത് കൊല്ലത്ത് നിന്നുള്ള ശ്രീകുമാര്‍ മാഷാണ് . ഇന്ന് ഞാന്‍ സ്കൂളില്‍ പോയപ്പോള്‍ രണ്ടു വിശിഷ്ടാതിഥികള്‍ കൂടി ഉണ്ടായിരുന്നു . ഒന്ന് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍. വള്ളംകളി കാണാന്‍ വന്ന ഭാര്യ മധുര സ്വാമിനാഥനോടും സുഹൃത്തുക്കളോടും ഇതെക്കുറിച്ച് ആവേശ പൂര്‍വ്വം സംസാരിക്കുന്നുണ്ടായിരുന്നു . ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു യുവ ആര്‍ക്കിട്ടെക്ടുകളും കൂടെ ഉണ്ടായിരുന്നു. പ്രൈമറി തലത്തില്‍ പോലും ഇവിടെ നടക്കുന്ന കാര്യങ്ങളില്‍ അവര്‍ അത്ഭുതം കൂറുന്നുണ്ടായിരുന്നു .

ഗണിതസൗഹൃദം വേറിട്ട പ്രവര്‍ത്തനമായിരുന്നു. ആദ്യപടിയായി ഗണിതലാബുകളാണ് ഒരുക്കിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ. ആലപ്പുഴയില്‍ ഡോ തോമസ് ഐസക് ആദ്യ ക്ലാസ് ഗണിതലാബുകള്‍ ഉദ്ഘാടനം ചെയ്തു. ( എല്ലാ ക്ലാസുകളിലും ഗണിതലാബ് യാഥാര്‍ഥ്യമാക്കിയ ആദ്യ വിദ്യാലയമായി പ്രഖ്യാപിച്ചു. ഗണിതലാബിലെ പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്തിയുളള മുഴുദിനഗണിതപ്രവര്‍ത്തനങ്ങളാണ് ഗണിതസൗഹൃദം പരിപാടിയില്‍ നടത്തിയത്. കുട്ടിയെ അറിഞ്ഞുളള പ്രവര്‍ത്തനം.
  • കുട്ടിയില്‍ ഗണിതതാല്പര്യം സൃഷ്ടിക്കുന്നതിനാണ് ആദ്യ മൂന്നു മുഴുദിനങ്ങള്‍ എടുത്തത്. അവര്‍ ലയിച്ചു.
  • പിന്നീട് ക്രമമായി താല്പര്യം നിലനിറുത്തുന്നതും ഗണിതാശയരൂപീകരണത്തിലേക്ക് നയിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍.
  • അവധിദിനങ്ങളിലും അവര്‍ ഉത്സാഹത്തോടെ വന്നു.
  • ഇടക്കാല വിലയിരുത്തലുകള്‍ നടത്തി.
  • പുരോഗതിയിലെ വ്യത്യാസം പരിഗണിച്ച് രണ്ടു ഗ്രൂപ്പുകളാക്കി.
  • കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവര്‍ പറയും. അതിനു പരിഗണന നല്‍കി.
  • നാലക്കസംഖ്യവരെ ഒന്നിച്ച് അവതരിപ്പിച്ചു.
  • ഗണിതയുക്തിക്കാണ് പ്രാധാന്യം നല്‍കിയത്.
  • ഒടുവില്‍ പോസ്റ്റ് ടെസ്റ്റ്.
  • നേടിയ ശേഷികള്‍ രക്ഷിതാക്കളുമായി പങ്കിട്ടു
     തുടര്‍ സഹായം ആവശ്യമാണ് അതിനു ഏര്‍പ്പാടുണ്ടാക്കി.
തിരിച്ചറിവുകള്‍
  • യാന്ത്രികമായ അഭ്യാസവും  കുട്ടികളുടെ വേഗത മനസിലാക്കാതെ പോഷന്‍തീര്‍ക്കലും ഗണിതത്തിനു ഗുണകരമല്ല.
  • ഓരോ ദിവസവും ചര്‍ച്ചയും ഭേദഗതിവരുത്തലും അനിവാര്യമാണ്. കഥ, പാട്ട്, നിത്യജീവിതാനുഭവം, കളി എന്നിങ്ങനെ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി. ഗണിതത്തില്‍ ഇതെല്ലാം സാധ്യമാണ്
  • ഗണിതാനുഭവത്തിന്റെ ആഴമാണ് പ്രധാനം. വരണ്ട അഭ്യാസങ്ങളല്ല എന്നു തിരിച്ചറിഞ്ഞു.
  • ഒരു കുട്ടിക്കുപോലും ഗണിതവിരക്തിയുണ്ടാകുന്നില്ല എന്നതാണ് മറ്റൊരു തിരിച്ചറിവ്.
  • അനുയോജ്യപഠനോപകരണങ്ങളില്ലാതെ പ്രഥമികക്ലാസുകളില്‍ ഗണിതം പഠിപ്പിക്കുന്നതാണ് പിന്നാക്കക്കാരെ സൃഷ്ടിക്കുന്നത്.
  • പാഠങ്ങള്‍ പുതിയത് വേണ്ടിവരും. പാഠപുസ്തക സങ്കല്പത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്
ഗണിതപഠനം ഫലപ്രദമാക്കുന്നതിനുളള ഈ അന്വേഷണത്തില്‍ ക്ലാസെടുത്തുകൊണ്ട് ഞാനുമതില്‍ പങ്കാളിയായി. കൊല്ലം ഡയറ്റിലെ ഷീജട്ടീച്ചര്‍, കൊല്ലത്തെ ശ്രീകുമാര്‍ ( ബി പി ഒ) എന്നിവരോടൊപ്പം പ്രീതികുളങ്ങര സ്കൂളില്‍ പത്തിലേറെ ദിവസങ്ങള്‍ പ്രവര്‍ത്തിച്ചു.
ആവേശകരമായ അനുഭവം. തെളിച്ചമേറെ നല്‍കി.
ഗണിതവിജയം പരിപാടി.
യാദൃശ്ചികമായിട്ടാണ് മലപ്പുറത്തെ ഗണിതാധ്യാപകന്‍ ഇല്യാസിനെ ഫേസ് ബുക്കിലൂടെ പരിചയപ്പെടാനായത്. അദ്ദേഹം ക്ലാസില്‍ ആസ്വാദ്യഗണിതാനുഭവം ഒരുക്കുന്നു. കോഴിക്കോട് വെച്ചു നടന്ന ഒരു ശില്പശാലയില്‍ വെച്ച് നിലമ്പൂരില്‍ ഒരു ഷേര്‍ളിട്ടീച്ചര്‍ ഉണ്ടെന്നറിഞ്ഞു. ആ ടീച്ചറുടെ അടുത്തുപോയി പലരും പരിശീലനം നേടുന്നുണ്ടെന്നും. അപ്പോള്‍ത്തന്നെ ടീച്ചറെ വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. കണ്ണൂരെ ശശിമാഷാണ് മറ്റൊരു വ്യക്തി. അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്. രണ്ടാം നില മുഴുവന്‍ ഗണിതപഠനോപകരണങ്ങളാണ്. ഇങ്ങനെ സംസ്ഥാനത്ത് ഗണിതപഠനത്തില്‍ സ്വന്തം പാത വെട്ടിത്തെളിക്കാന്‍ ശ്രമിച്ചവരെയെല്ലാം കൂട്ടിയോജിപ്പിക്കാന്‍ ശ്രമിച്ചു ( ചില സംസ്ഥാനറിസോഴ്സ് പേഴ്സണ്‍സ് ഒഴിഞ്ഞുമാറി. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനെക്കവിഞ്ഞ് കുട്ടികളെ വെച്ചു ക്ലാസെടുത്ത് രീതി വികസിപ്പിക്കാനുളള വെല്ലുവിളി എന്തുകൊണ്ടോ അവര്‍ക്ക് ഏറ്റെടുക്കാനായില്ല.)


മാരാരിക്കുളം വിജയാനുഭവം അതേപേലെ മറ്റു വിദ്യാലയങ്ങളിലേക്ക് പകര്‍ത്തുന്നതിനേക്കാള്‍ നന്ന് വ്യത്യസ്തങ്ങളായ അന്വേഷണങ്ങള്‍ പല ജില്ലകളിലായി നടത്തി അവ കൂടി പ്രയോജനപ്പെടുത്തുകയായിരിക്കും എന്നു തോന്നി. അങ്ങനെ എസ് എസ് എയുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ഇരിണാവ്, കോഴിക്കോട് വെളളയില്‍ ഗവ യു പി സ്കൂള്‍, കോട്ടയം കുറിച്ച് യു പി സ്കൂള്‍, എറണാകുളം ജി എല്‍ പി എസ് ഒക്കല്‍, തിരുവനന്തപുരം ജി എല്‍ പി എസ് ചെമ്പൂര്‍ എന്നീ അഞ്ചു കേന്ദ്രങ്ങളില്‍ ട്രൈ ഔട്ട് ആരംഭിച്ചു. അപ്പോഴാണ് കോര്‍ എസ് ആര്‍ജിയും ക്ലസ്റ്ററും  വന്നത്. ആ ചുമതല വഹിക്കേണ്ടി വന്നവര്‍ക്ക് ട്രൈ ഔട്ട് പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും പൂര്‍ത്തീകരിച്ചിടത്തു നിന്നും നല്ല അനുഭവങ്ങളാണ് കിട്ടിയത്. ഒരു ഗണിതാന്വേഷണ ടീം രൂപ്പെട്ടു.
നിലമ്പൂരിലെ ഷേര്‍ലിട്ടീച്ചര്‍, മലപ്പുറത്തെ ഇല്യാസ്, കണ്ണൂരെ ശശി, സജീവന്‍,കോഴിക്കോട്ടുളള ഗോപാലകൃഷ്ണന്‍, കാസര്‍കോട് ഉണ്ണി, കൊല്ലം തുളസീധരന്‍പിളള, തൃശൂരിലെ ലിന്‍സി തുടങ്ങി പത്തിരുപത് പേര്‍ . കഴിഞ്ഞ ആഴ്ച ഇവരുടെ എല്ലാവരുടെയും ട്രൈ ഔട്ട് അനുഭവങ്ങളും മാരാരിക്കുളം ഗണിതസൗഹൃദം പരിപാടിയുടെ അനുഭവങ്ങളും കോര്‍ത്തിണക്കി കോട്ടയം കിടങ്ങൂര്‍ സ്കൂളില്‍ ട്രൈ ഔട്ട് നടത്തി.
ട്രൈ ഔട്ട് ആത്മവിശ്വാസം നല്‍കുന്നു
  • പത്ത് പന്ത്രണ്ട് ദിവസം തുടര്‍ച്ചയായി കുട്ടികള്‍ ഗണിതത്തില്‍ മുഴുകുകയാണെങ്കില്‍ ഗണിതം അവരുടെ പ്രിയവിഷയമാകും. ഒരമ്മ പറഞ്ഞത് കുട്ടി വീട്ടില്‍ വന്ന് ഗണിതവിശേഷങ്ങളാണ് തോരാതെ പറയുന്നതെന്നാണ്. എല്ലാ തുടര്‍ പ്രവര്‍ത്തനങ്ങളും ഉത്സാഹത്തോടെ ചെയ്യുന്നു. ശനിയാഴ്ച അവധിദിനത്തില്‍ കൃത്യസമയത്തുതന്നെ കുട്ടികള്‍ എത്തിച്ചേരുന്നു. രാവിലെ ഒമ്പതരയാകുമ്പോള്‍ എല്ലാവരും പഠനസന്നദ്ധരായി ക്ലാസില്‍.
ഗണിതവിജയം വലിയ പ്രതീക്ഷ നല്‍കുന്നു
  • സന്നദ്ധതയുളള വിദ്യാലയങ്ങളിലേ ഇത് വിജയിക്കൂ
  • ഒരു തുടര്‍ച്ച അനിവാര്യം
  • പാക്കേജായി നടത്തേണ്ടിവരും
  • അമ്പതോളം ചെറുഗണിതശേഷികളാണ് ലക്ഷ്യമിടുന്നത്.
  • മൂവായിരം രൂപയുടെ പഠനോപകരണങ്ങള്‍ വേണ്ടിവരും
  • അധ്യാപകമനസ്, സമീപനം എന്നിവയും നിര്‍ണായകമാണ്.
  • പഠനപ്രവര്‍ത്തനം കുട്ടിക്ക് താല്പര്യജനകമായിരിക്കണം. അതു പൂര്‍ത്തിയാക്കാന്‍ ആന്തരികചോദന രൂപപ്പെടാന്‍ സഹായകമാകണം
  • ഓരോ കുട്ടിയേയും ഓരോ ദിനവും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്
  • ഗണിതപഠനപിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഗണിതവിജയം പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമാണ്
  • ഓരോ പ്രവര്‍ത്തനവും പൂര്‍ത്തിയാകുമ്പോള്‍ നടത്തേണ്ട ഗണിതവിശകലന ചിന്ത പ്രധാനം
ഗണിതവിജയം, ഗണിതസൗഹൃദം പരിപാടികളുടെ കുറച്ച് മുഹൂര്‍ത്തങ്ങള്‍ താഴെ ചിത്രങ്ങളില്‍ ഉണ്ട്. പരിപാടിയുടെ സ്വഭാവം മനസിലാക്കാന്‍ അത് സഹായിക്കുമെന്നു കരുതുന്നു.
പത്തുവീതം മാലകോര്‍ക്കല്‍ മത്സരം
                                                           ചര്‍ച്ചയും വിശകലനവും
                                                                    പൂമ്പാറ്റ എവിടെയാ ഇരുന്നത്?
                                                          എണ്ണാം വാരാം കൂട്ടങ്ങളാക്കാം
                                                          സംഖ്യാടോക്കണ്‍ പെറുക്കാം
                                             വാരിയെടുത്തെണ്ണാം കൂടുതല്‍ ആര്‍ക്ക്?
                                                                       എറിയാം കൂട്ടാം
                                                                   മുത്തേ വാ
                                           ഗണിതശേഷികള്‍ പങ്കിടുന്നത് രക്ഷിതാക്കള്‍ നിരീക്ഷിക്കുന്നു
                                         ക്ലാസില്‍ എ ടി എം. സ്വയം പണം എടുക്കുകതന്നെ
                                                    എത്ര രൂപ ബാങ്കില്‍ നിന്നും കിട്ടി? എണ്ണിപ്പറയാം
                                                             ഭിന്ന നിലവാരപ്രവര്‍ത്തനങ്ങള്‍
                                                     വ്യവകലത്തിലേക്കൊരു ചാട്ടം
                                                     ക്രിയ ശരിയോ എന്നു നോക്കട്ടെ
                                                    ഗുണനവസ്തത രൂപീകരിക്കാന്‍ തോരണം
                                                                        ഞങ്ങള്‍ വിജയിച്ചു.
                                        കൈത്താങ്ങ് സമയത്തിനു ലഭിക്കണം. കൂടെ ആളുണ്ട്
സ്ഥാനവിലയിലേക്ക് ഒരു ഷൂട്ടിംഗ് മത്സരം
                                                           സംഖ്യകള്‍ നിര്‍മിക്കല്‍ മത്സരം

                                                 കാമ്പസ് ഗണിതപഠനോപകരണം ആയപ്പോള്‍
എനിക്കൊരു ചെക്ക് കിട്ടി. ബാങ്കില്‍ പോയി മാറണം
                                              പേപ്പര്‍ കപ്പ് അത്ര മോശമല്ല
                                                     സംഖ്യാപമ്പരം
 ഗണിതവിജയം പരിപാടിയുടെ ഭാഗമായി  ഇരിണാവ് എല്‍ പി സ്കൂള്‍ തയ്യാറാക്കിയ ഗണിതപഠനോപകരണങ്ങളില്‍ ചിലത്













എല്ലാ വിദ്യാലയങ്ങളും ഗണിതപഠനോപകരണനിര്‍മിതിക്ക് മുന്‍ഗണന നല്‍കണം
പഠനോപകരണങ്ങള്‍ ഉണ്ടായാല്‍ പോര എങ്ങനെ അവതരിപ്പിക്കുന്നു എന്നതും പ്രധാനമാണ് ( പ്രക്രിയ)
ഗണിതശേഷി പരിഗണിച്ച് സ്വന്തം പ്രവര്‍ത്തനപാക്കേജ് രൂപീകരിക്കണം.
 ഗണിതപിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മാത്രം ഒരു സമീപനം അല്ലാത്ത ക്ലാസില്‍ മറ്റൊരു സമീപനം ഇവ പാടില്ല
ഒന്നാം ക്ലാസ് മുതല്‍ ഇതേ രീതി പ്രയോജനപ്പെടുത്തണം 
പാഠപുസ്തകങ്ങളില്‍ ഗണിതത്തെ തളച്ചിടരുത്
ഗണിതാഭിമുഖ്യം വിദ്യാലയത്തിനും അധ്യാപകര്‍ക്കുും കുട്ടികള്‍ക്കും വേണം
ഇവയെല്ലാം  ഉണ്ടെങ്കില്‍ ഗണിതവിജയം സാധ്യമാണ് 
....................................................................................
ഗണിതപഠനത്തിന് ഫലപ്രദമായ രീതികള്‍ വികസിപ്പിച്ചവര്‍ നാട്ടിലുണ്ടാകാം. 
അവരില്‍ നിന്നും അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു