Pages

Friday, April 26, 2019

മികച്ച വിലയിരുത്തല്‍ ഉയര്‍ന്ന നിലവാരം

ഏതൊരു പ്രക്രിയയും അതിന്റെ ഓരോ ഘട്ടത്തിലും ഗുണതാപരിശോധനയ്ക്
വിധേയമായെങ്കില്‍ മാത്രമേ മികച്ച നിലവാരമുളള ഉല്പന്നം ലഭ്യമാകൂ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഉപയോഗിക്കുന്ന രീതി, സാമഗ്രികള്‍ അത് നല്‍കിയ ഫലം, അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച മെച്ചപ്പെടുത്തല്‍ എന്നിവയെല്ലാം തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ സമീപിക്കുന്നവര്‍ക്കേ ഗുണത ഉറപ്പാക്കാന്‍ കഴിയൂ.
വിദ്യാലയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് നിരവധി ടൂളുകള്‍ ലഭ്യമാണ്. അവയൊക്കെ ഏറിയും കുറഞ്ഞും ഉപയോഗിക്കുന്നവരാണ് അധ്യാപകര്‍. ഇപ്പോഴുളള അവസ്ഥയില്‍ സംതൃപ്തിപ്പെടാതെ കൂടുതല്‍ ഉയരം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കേ ചലനങ്ങള്‍ സൃഷ്ടിക്കാനാകൂ. അങ്ങനെയല്ലാത്തവര്‍ ജ‍ഡത്വത്തിലാണ്. നിലനില്‍ക്കുന്ന അവസ്ഥയില്‍ തന്നെ തുടരാനാഗ്രഹിക്കുന്ന അധ്യാപകരാണവര്‍. ബാഹ്യമോ ആന്തരികമോ ആയ പ്രചോദനോര്‍ജം മൂലമേ ചലനാത്മകമാകാന്‍ അവര്‍ക്ക് കഴിയൂ.ഒരു തുളളി ജലം വീണാല്‍ പൊട്ടിക്കിളിര്‍ക്കുന്നതുപോലെ ചിലര്‍ ഉയര്‍ന്നുവരും. ഈ അക്കാദമിക വര്‍ഷം വേറിട്ട അക്കാദമിക വര്‍ഷമാകണമെന്ന് തീരുമാനിക്കണം. നിരവിധി അധ്യാപനപ്രോജക്ടുകള്‍ ഏറ്റെടുക്കണം. അതിലൊന്നാകട്ടെ വിദ്യാലയാധിഷ്ടിത ഗുണതാനിര്‍ണയ പരിപാടി.(School Based Assessment- SBA)
വിദ്യാലയത്തിന്/ക്ലാസിന് ഒരു വിലയിരുത്തല്‍ നയം
എന്തെല്ലാമാണ് അതിലുണ്ടാവുക? ചെറിയ കുറിപ്പ് തയ്യാറാക്കി നോക്കിയാലോ?
  • ആമുഖവും ലക്ഷ്യങ്ങളും
  • എല്ലാ കുട്ടികളെയും വിലയിരുത്തുന്നതു സംബന്ധിച്ച എന്റെ സമീപനം
  • എല്ലാ കഴിവുകളും പഠനനേട്ടങ്ങളും വിലയിരുത്തുന്ന സമീപനം ( ഞാന്‍ എങ്ങനെ ചെയ്യും?)
  • അധ്യാപികയും കുട്ടികളും രക്ഷിതാക്കളും വിലയിരുത്തലില്‍ പങ്കാളികളാകുന്ന സമീപനം
  • നിരന്തരവിലയിരുത്തലിനായി സ്വീകരിക്കുന്ന തന്ത്രങ്ങളും അവ സംബന്ധിച്ച എന്റെ നിലപാടും
  • എന്റെ വിഷയത്തിലെ ആധികാരിക പഠനത്തെളിവുകളെക്കുറിച്ചുളള ധാരണ
  • പഠനഫലവിശകലനരീതികള്‍ ( ഞാന്‍ പിന്തുടരാനാഗ്രഹിക്കുന്നവ)
  • രക്ഷിതാക്കളുമായി പങ്കിടുന്ന രീതികള്‍, കാലയളവ്
ഈ ഉപശീര്‍ഷകങ്ങള്‍ വായിച്ച നിങ്ങള്‍ സ്വയം പരിശോധിക്കൂ. ഏതെല്ലാം കാര്യത്തില്‍ സ്വന്തം ക്ലാസിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വ്യക്തതയുണ്ട്? അധ്യാപകസഹായിയിലുളളതും പരിശീലനത്തില്‍ കേട്ടതുമായ കാര്യങ്ങള്‍ യാന്ത്രികമായി ചെയ്തു പോകുന്നു എന്നതിനപ്പുറം ആസൂത്രിതമായ ഒരു പദ്ധതി ഇല്ല എന്നു തോന്നുന്നുണ്ടോ?
ഞാന്‍ അധ്യാപികയാണെങ്കില്‍ എന്തു ചെയ്യും?
  • എന്റെ ക്ലാസിലെ ഓരോ വിഷയത്തിലെയും ഓരോ യൂണിറ്റും കഴിയുമ്പോള്‍ കുട്ടികള്‍ അതിലൂടെ എത്തിച്ചേരേണ്ട പ്രധാന കഴിവുകളും അതിന്റെ ഗുണസവിശേഷതകളും ലിസ്റ്റ് ചെയ്യും
  • എന്തു തെളിവാണ് ഈ നിലവാരത്തില്‍ എത്തി എന്ന് അഭിമാനപൂര്‍വം പറയാനെനിക്കുണ്ടാവുക? അത്തരം പഠനത്തെളിവുകളുടെ സാധ്യത കണ്ടെത്തുകയും അവ ലിസ്റ്റ് ചെയ്യുകയും ആണ് അടുത്ത നടപടി.
ഈ പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയുണ്ടോ? യൂറോപ്പിലെ നവോത്ഥാനവും ഇന്ത്യയിലെ നവോത്ഥാനവും സംബന്ധിച്ച് കുട്ടിക്ക് അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കാനുണ്ട്.
യൂണിറ്റ് എത്തിച്ചേരേണ്ട കഴിവ് ഗുണതാസവിശേഷതകള്‍ പഠനത്തെളിവ്
യൂറോപ്പ് പരിവര്‍ത്തന പാതയില്‍
(നവോത്ഥാനം യൂറോപ്പില്‍)
നവോത്ഥാനം സമൂഹത്തെ എങ്ങനെ ഏതെല്ലാം മേഖലകളില്‍ പുരോഗമനാത്മകമായി സ്വാധീനിച്ചു എന്ന് തെളിവുകളുടെ പിന്‍ബലത്തോടെ അവതരിപ്പിക്കാന്‍ കഴിയുക
നവോത്ഥാനത്തെ 
നിര്‍വചിക്കാനും ലളിതമായി വിശദീകരിക്കാനും കഴിയും
നവോത്ഥാനമുണ്ടാ
കാനിടയായ സാഹചര്യം സംബന്ധിച്ച ചരിത്രധാരണ
യുണ്ട്
നവോത്ഥാനം സാമൂഹിക ജീവിതത്തില്‍ വിവിധ 
മേഖലകളില്‍ വരുത്തിയ 
മാറ്റങ്ങള്‍ ഉദാഹരിക്കാനും നവോത്ഥാനത്തിന്റെ ചരിത്രപരമായ പ്രസക്തി വ്യക്തമാക്കാനും കഴിയും
നവോത്ഥാനപൂര്‍വലോകവും നവോത്ഥാനാനന്തര
ലോകവും താരതമ്യം 
ചെയ്യാനാകും.
വിവിധ സ്രോതസുകളില്‍ 
നിന്ന് നവോത്ഥാനം 
സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും അവയെ അപഗ്രഥിച്ച് നിഗമനങ്ങളിലെത്തിച്ചേരാനും വര്‍ത്തമാന കാലവുമായി ബന്ധിപ്പിച്ച് നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാനും കഴിയും
സമത്വാവബോധം സൃഷ്ടിക്കുന്നതില്‍ നവോത്ഥാനം വഹിച്ച പങ്ക് , നവോത്ഥാന ആശയങ്ങളെ പിന്നോട്ടടിക്കാനുളള പ്രവണതകള്‍ എന്നിവ വമര്‍ശനാത്മകമായി നോക്കിക്കാണാനുളള കഴിവ്
നവോത്ഥാനസന്ദേശം ഉള്‍ക്കൊണ്ട് സ്വന്തം ജീവിതത്തെയും സമൂഹത്തെയും മെച്ചപ്പെടുത്താനുളള 
മനോഭാവവും നിലപാടുകളും
സെമിനാര്‍ 
പ്രബന്ധം ( വ്യക്തിഗതം),
സെമിനാര്‍ 
പ്രക്രിയ
 ( അവതരണം,
 ചര്‍ച്ച എന്നിവ മൊബൈല്‍
ഫോണില്‍ വീഡിയോ ചെയ്തത്),
സംവാദം ( വീഡിയോ) ,
സംവാദത്തെ സംബന്ധിച്ച സ്വയം വിലയിരുത്തല്‍ കുറിപ്പ്,
യൂണിറ്റ് വിലയിരുത്തല്‍ രേഖ 
 ( കുട്ടികള്‍ 
സ്വയം തയ്യാറാക്കിയത്

ഓരോ കുട്ടിയുടെയും പഠനശൈലി പരിഗണിച്ചുളള വിലയിരുത്തല്‍
ാന്‍ പരിഗണിക്കുന്ന മറ്റൊരു കാര്യം എല്ലാ കുട്ടികളും തനിമയുളളവരാണെന്നാണ്. അതിനാല്‍ത്തന്നെ അവരെ വിലയിരുത്താനുളള തന്ത്രങ്ങളും ടൂളുകളും വ്യത്യസ്തമാകും
ഉദാഹരണത്തിന് എസ് കെയുടെ യാത്രാവിവരണം പഠിക്കാനുണ്ടായിരുന്നു. അത്തരം യാത്രാവിവരണങ്ങള്‍ വായിച്ച് പ്രധാന ആശയങ്ങളും രചനാസവിശേഷതകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് കഴിവുണ്ടോ എന്നറിയാന്‍ വേണ്ടി ഒരു പുതിയ യാത്രാവിവരണം അവര്‍ക്ക് നല്‍കിയ ശേഷം ബഹുവിധസാധ്യതകള്‍ തുറന്നിടുന്ന ചോദ്യങ്ങള്‍ നല്‍കും. അതിലേതെങ്കിലും ഒന്ന് കുട്ടിക്ക് തെരഞ്ഞെടുക്കാം.
  • ഈ യാത്രാവിവരണത്തെ അടിസ്ഥാനമാക്കി ഒരു ആശയഭൂപടം നിര്‍മിക്കകല്‍
  • ഒരു ചിത്രീകരണം നടത്തല്‍ ( പ്രധാന കാഴ്ചകള്‍ ചിത്രീകരിച്ച ശേഷം അതിന് അടിക്കുറിപ്പെഴുതല്‍)
  • യാത്ര നടത്തിയ ആളുമായി ഇതേ കാര്യത്തെക്കുറിച്ചുളള സാങ്കല്പിക അഭമുഖം തയ്യാറാക്കല്‍
  • ഓരോ ഖണ്ഡികയിലെയും പ്രധാന ആശയം ദൃശ്യമാധ്യമത്തിലെ പ്രധാനവാര്‍ത്തയായി വരത്തക്ക വിധം വാക്യങ്ങള്‍ തയ്യാറാക്കല്‍
  • നല്‍കിയ യാത്രാവിവരണവും പഠിച്ച യാത്രാവിവരണവും താരതമ്യം ചെയ്യല്‍
ഒരു രീതിയില്‍ മാത്രം ഉത്തരം എഴുതിയാലേ അത് ഉളളടക്കധാരണയെ പ്രതിഫലിപ്പിക്കൂ എന്ന സമീപനം ഇവിടെ പൊളിക്കുകയാണ്. വൈവിധ്യത്തെ മാനിക്കണം.പഠനശൈലിയെ മാനിക്കണം. ഇതൊന്നുമല്ലാതെ കുട്ടിക്ക് വാചികമായി അവതരിപ്പിക്കുന്നതിനും അവസരം കൊടുക്കാം.
സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനുമുളള മാര്‍ഗരേഖകള്‍
ങ്ങനെയാണ് കുട്ടികള്‍ സ്വയം വിലയിരുത്തുക? അതിന് അവരെ പരിശീലിപ്പിച്ചിട്ടുണ്ടോ?
ക്ലാസില്‍ ഒരു നാടകം ആവിഷ്കരിച്ചു എന്നിരിക്കട്ടെ. അതില്‍ അഭിനയ പങ്കാളിയായ കുട്ടിയുടെ വിലയിരുത്തല്‍, അതിന്റെ കാഴ്ചക്കാരിയായ കുട്ടിയുടെ വിലയിരുത്തല്‍, സ്ക്രിപ്റ്റ് എഴുതാന്‍ കൂടിയവരുടെ വിലയിരുത്തില്‍ എല്ലാം വ്യത്യസ്തമാണ്. ഓരോരുത്തരോടും അവരുടേതായ നിലയില്‍ സ്വയം വിലയിരുത്താന്‍ പറയൂ
അഭിനേതാവ് ( സ്വന്തം കാര്യം)
  • കഥപാത്രമായി ലയിച്ച് അഭിനയിക്കാന്‍ കഴിഞ്ഞു ( വളരെ നന്നായി, ഒരുവിധം..?)
  • സംഭാഷണം നന്നായിരുന്നു എന്നു പറഞ്ഞാല്‍ മതിയോ? ( ഫലപ്രദമായിരുന്നു, വ്യക്തതയുണ്ടായിരുന്നു, ഭാവത്തിന് അനുസൃതമായിരുന്നു,, എല്ലാവര്‍ക്കും കേള്‍ക്കാവുന്ന വിധമായിരുന്നു, സ്വാഭാവികതയുണ്ടായിരുന്നു ഇവയില്‍ ഏതൊക്കെ ബാധകമാണ് അവ കൂട്ടിച്ചേര്‍ത്ത് പറയാമോ എന്നു ചോദിച്ചാലോ?)
  • അഭിനയം, ശരീരഭാഷ എന്നിവ ഇനിയും മെച്ചപ്പെടണം.
സഹ അഭിനേതാക്കളുടെ കാര്യമാണ് വിലയിരുത്തുന്നതെങ്കില്‍ എന്തെല്ലാം കൂട്ടിച്ചേര്‍ക്കും? ( ഏതേതംശങ്ങളില്‍ മെച്ചപ്പെടണമെന്നു കൂടി പറയണ്ടേ?)
ഇങ്ങനെ ഓരോ പക്ഷത്തു നിന്നും സ്വയം വിലയിരുത്തല്‍ നടത്തേണ്ട രീതികള്‍ പരിശോധിച്ച് അത്തരം അനുഭവം ഉണ്ടാക്കിയ ശേഷം ഓരോ പ്രവര്‍ത്തനവും ചില സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം വിലയിരുത്തണമെന്നും ഇഷ്ടമുളള സൂചകങ്ങള്‍ വികസിപ്പിക്കാമെന്നുും പറഞ്ഞാലോ? അവര്‍ നിര്‍മിക്കുന്ന സൂചകങ്ങളുടെ പരമിതി ബോധ്യപ്പെട്ട് മെച്ചപ്പെടുത്താന്‍ അവസരമുണ്ടാക്കിയാല്‍ പോര?
പരസ്പര വിലയിരുത്തലിനും സ്വയം വിലയിരുത്തലിനുമായി കുട്ടികളുടെ പങ്കാളിത്തത്തോടെ ചെറിയ മാര്‍ഗരേഖ തയ്യാറാക്കുന്നത് നന്നായിരിക്കും. അതു പ്രകാരം വിലയിരുത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഓരോ യൂണിറ്റിലും ഏതെന്ന് തീരുമാനിക്കുകയും ആവാം.
സ്വയം വിലയിരുത്തലും അധ്യാപികയുടെ വിലയിരുത്തല്‍ -പൊരുത്തം
ഓരോ യൂണിറ്റ് കഴിയുമ്പോഴും ആ യൂണിറ്റിനെക്കുറിച്ച് കുട്ടി സ്വന്തം ഗ്രേഡ് ഇടട്ടെ. എന്തുകൊണ്ട് ആ ഗ്രേഡ് നല്‍കി എന്ന സാധൂകരണ്ക്കുറിപ്പും വേണം. അധ്യാപികയും കുട്ടിക്ക് ഗ്രേ‍ഡും ഗുണാത്മക കുറിപ്പും തയ്യാറാക്കിയിട്ടുണ്ടാകും. രണ്ടു കൂട്ടരും നല്‍കിയ ഗ്രേഡ് പരസ്പരം പങ്കിടുകയും പൊരുത്തം ബോധ്യപ്പെടുകയും സാധൂകരണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാണോ?
പോര്‍ട്ട് ഫോളിയോ
എന്റെ തെരഞ്ഞെടുത്ത രചനകള്‍ എന്നൊരു രേഖ തയ്യാറാക്കിയാലോ? ഒന്നാം ക്ലാസ് മുതല്‍ വളരുന്ന ഒന്ന്. അതില്‍ ഓരോ മാസവും കുട്ടി മൂല്യമുളളത് എന്ന് തനിക്ക് തോന്നുന്നവ ഉള്‍പ്പെടുത്തട്ടെ. എല്ലാ വിഷയത്തിലും വേണമെന്ന കര്‍ശനനിബന്ധന വേണ്ടതില്ല. അധ്യാപിക നിര്‍ദേശിക്കുന്നവയാകണമെന്നുമില്ല. മികച്ചതെന്നു കുട്ടിക്ക് തോന്നുന്നവയാണ് അതിലുണ്ടാവുക. അതിനോടുളള പോസിറ്റീവായ പ്രതികരണം അധ്യാപികയുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ക്രമേണ കുട്ടിയുമായുളള ആശയവിനമയത്തിലൂടെ വിഷയപ്രാതിനിധ്യവും കഴിവുകളുടെ വ്യാപ്തിയും വൈവിധ്യവും പ്രതിനിധാനം ചെയ്യുന്നവ ഉള്‍പ്പെടുത്താനാകുണം.
ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ
വിദ്യാലയങ്ങള്‍ ഹൈടെക്ക് ആകുന്നു. എല്ലാ അധ്യാപകരും ഹൈടെക് രീതിയില്‍ അധ്യാപനം നടത്താന്‍ പോകുന്നു. അപ്പോള്‍ പഠനത്തെളിവുകളും ഹൈടെക്ക് ആയാലോ?
പല രീതികളില്‍ ഇതു ചെയ്യാം. ഉയര്‍ന്ന ക്ലാസുകളില്‍ കുട്ടിക്ക് തന്നെ അപ് ലോഡ് ചെയ്യാവുന്ന തരത്തില്‍ സംവിധാനം രൂപപ്പെടുത്താം.
ഏറ്റവും ലളിതമായ രീതികളില്‍ തുടങ്ങുന്നതാണ് അഭികാമ്യം
നമ്മുടെ ക്ലാസിന്റെ നിലവാരം , മികവ് എന്നന്നേക്കുമായി സൂക്ഷിക്കുന്നതിനും സമൂഹവുമായി അഭിമാന പൂര്‍വം പങ്കിടുന്നതിനും ക്ലാസ് ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ആരംഭിക്കുന്ന വിവരം കുട്ടികളുമായി പങ്കിടാം. ഓരോ യൂണിറ്റുമായും ബന്ധപ്പെട്ട് എന്തെല്ലാം ഉള്‍പ്പെടുത്താം എന്നു തീരുമാനിക്കണം
  1. വാചികാവതരണങ്ങള്‍ ( വ്യക്തിഗതം) കഥാവായന, പുസ്തകപരിചയം, പ്രബന്ധാവതരണം, പ്രസംഗം, നിരൂപണം, താരതമ്യ പഠനം, കവിതാവതരണം, ശാസ്ത്രപ്രഭാഷണം, ചരിത്രപ്രഭാഷണം, പ്രോജക്ടുകള്‍...
  2. വാചികാവതരണങ്ങള്‍ ( ഗ്രൂപ്പ്), സെമിനാര്‍, സംവാദം, ചര്‍ച്ച,
  3. ആവിഷ്കാരങ്ങള്‍ ( കൊറിയോഗ്രാഫി, നാടകം...)
  4. നിര്‍മാണപ്രവര്‍ത്തനങ്ങള്‍
  5. തത്സമയ പ്രകടനങ്ങള്‍ ( ക്ലാസ് പി ടി എയിലെ അവതരണം, അഭിമുഖം, ശാസ്ത്രപരീക്ഷണം..)
  6. രേഖകള്‍ ( നോട്ട്ബുക്ക്, ഫയല്‍ ചെയ്തവ തുടങ്ങിയ പോര്‍ട്ട് ഫോളിയോയിലെ ഇനങ്ങള്‍ )
ഇവയെല്ലാം വീഡിയോഫോര്‍മാറ്റിലാക്കി അഞ്ചോപത്തോ മിനിറ്റ് ദൈര്‍ഘ്യമുളള ഡോക്യുമെന്റാക്കാം. അതല്ല ഒറ്റയ്ക് നില്‍ക്കുന്ന രീതിയിലും ആലോചിക്കാം. ഏതായാലും ആമുഖാവതരണവും ലക്ഷ്യവും വ്യക്തമാക്കിയിരിക്കണം. മൂന്നാമതൊരാള്‍ക്ക് മനിസിലാകും വിധം നിലവാരത്തെ വ്യാഖ്യാനിക്കാനും ശ്രദ്ധിക്കണം. എല്ലാ കുട്ടികള്‍ക്കും ഏതെങ്കിലും തരത്തില്‍ പ്രാതിനിധ്യം ഉണ്ടാകുന്നതിനു ശ്രമിക്കണം.
ഓരോ കുട്ടിക്കുമുളള ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ആണ്. ഓരോ വിഷയം തിരിച്ച് ഓരോ വിഷയത്തിലും മേഖലതിരിച്ച് കമ്പ്യൂട്ടറില്‍ സൂക്ഷിക്കാവുന്നതാണ്
ലേണിംഗ് ലോഗ്
ഇതു കുട്ടിയുടെ സ്വന്തം രേഖയാണ്. എനിക്കെന്തെല്ലാം കഴിവുകള്‍ ഈ ആഴ്ചയില്‍ നേടാനായി? എനിക്ക് ഏതെല്ലാം മേഖലകളില്‍ സഹായം ആവശ്യമുണ്ട്. പഠനവുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിലെ പ്രധാന കാര്യങ്ങള്‍, അവ്യക്തതയുളളവ, സ്വയം പഠനം നടത്തിയവ, വായിച്ച പുസ്തകങ്ങള്‍, പങ്കെടുത്ത പരിപാടികള്‍ എന്നിവയെല്ലാം ആകര്‍ഷകമായ രീതിയില്‍ കുറിക്കാം. ഈ രേഖ കുട്ടിയെ വിലയിരുത്താനും കുട്ടിയുടെ പഠനപ്രയാസം കണ്ടെത്തി സഹായിക്കാനും കുട്ടിയെ അംഗീകരിക്കാനും ഉപയോഗിക്കാം. ഇത്തരം രേഖകകള്‍ കുട്ടികളുടെ ആത്മബോധവും പഠനത്തിലുളള ഉടമസ്ഥതാവബോധവും വികസിപ്പിക്കും
അഭിമാനതാരങ്ങള്‍
ഓരോ കുട്ടിയുടെയും ഫോട്ടോ പ്രിന്റ് ചെയ്തുളള കാര്‍ഡുകളാണിവ. അതില്‍ കുട്ടിയുടെ നന്മകളും വ്യക്തിത്വഗുണങ്ങളും പഠനമികവുകളും രേഖപ്പെടുത്തണം. തുടര്‍ച്ചയായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറേക്കണ്ടത്. അധ്യാപികക്ക് ടീച്ചിംഗ് മാന്വലിന്റെ പ്രതികരണപ്പേജില്‍ നിന്നും കുറിപ്പിലേക്ക് ആവശ്യമായവ കണ്ടെത്താനാകും. ഒന്നാം ടേം പൂര്‍ത്തിയാകുന്നതോടെ ഏതൊരു കുട്ടിയെക്കുറിച്ചും വളരെ സവിശേഷമായ നാലഞ്ച് വാക്യങ്ഹള്‍ കുറിക്കാനാകും. ശ്രദ്ധിക്കേണ്ടത് സമാനവാക്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്നതാണ്. കുട്ടികള്‍ക്ക് പരസ്പരം അംഗീകാരം നല്‍കാനും അഭിമാനിക്കാനും ഇത് സഹായകമാകും. ഒന്നാം ടേം മുതല്‍ ഓരോ ദിവസം ഓരോ കുട്ടിയുടെ വീതം താരക്കാര്‍ഡ് ക്ലാസില്‍ ശ്രദ്ധേയമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണം. കുട്ടിയെ അന്ന് അഭിനന്ദിക്കണം. ഇത്തരം പ്രചോദനങ്ങള്‍ അവരെ വലിയ തോതില്‍ സ്വാധീനിക്കും. താരതമ്യം ചെയ്തു പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
വ്യക്തിത്വസാമൂഹ്യഗുണങ്ങള്‍ വിലയിരുത്തല്‍
വിലയിരുത്തലുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും രീതികളും നടപ്പിലാക്കേണ്ടത് ക്ലാസ് പാര്‍ലമെന്റ് കൂടി ഇത്തരം ആശയം ചര്‍ച്ച ചെയ്ത് ജനാധിപത്യ രീതിയിലാകണം. എത്രമാത്രം ജനാധിപത്യപരമാകുന്നുവോ ക്ലാസ്റൂം സംസ്കാരം അതനുസരിച്ച് കുട്ടിയിലും ജനായത്തബോധം വികസിക്കും. പരസ്പരബഹുമാനം, കൂട്ടായ പ്രവര്‍ത്തനം, വിഭവങ്ങള്‍ പങ്കിടല്‍, ഊഴം കാക്കല്‍, കൂട്ടായ തീരുമാനത്തെ വിലതിക്കല്‍, വൈവിധ്യത്തെ അംഗീകരിക്കല്‍, മറുപക്ഷ വാദങ്ങളെയും കാഴ്ചപ്പാടുകളെയും മാനിച്ചുകൊണ്ട് വിയോജിക്കല്‍, വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ കൈക്കൊളളല്‍, ജനപക്ഷത്തു നിന്നും ചിന്തിച്ചു പ്രവര്‍ത്തിക്കല്‍, തീരുമാനമെടുക്കാനുളള കഴിവ്, വിവേചനങ്ങള്‍ കണ്ടെത്തിപരിഹരിക്കാനുളള കടമനിറവേറ്റല്‍ എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. അവ മനുഷ്യനെ സൃഷ്ടിക്കാനുളള വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പരിസ്ഥിതിസംരക്ഷണം, വിഭവപരിപാലനം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, സര്‍ഗാത്മക ശേഷികള്‍, വിമര്‍ശനാവബോധം, ചരിത്രബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ സമീപിക്കാനുളള കഴിവ് തുടങ്ങിയവ കണക്കിലെടുക്കണം. സാമൂഹിക നൈപുണികള്‍ പ്രധാനമാണ്. ടാലന്റ് ലാബുമായി ബന്ധപ്പെട്ട കഴിവുകളും പരിഗണിക്കണം. ഇതെല്ലാം പഠനപ്രവര്‍ത്തനങ്ങള്‍, വിദ്യാരംഗം കലാസാഹിത്യവേദി, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ പാര്‍ലമെന്റ് , ക്ലാസ് തല സംഘാടന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിശകലനം ചെയ്ത് കണ്ടെത്തണം. ഇതെല്ലാം സംബന്ധിച്ച് ചെറിയ സൂചകങ്ങള്‍ കുട്ടിക്ക് മനസിലാകുന്ന ഭാഷയില്‍ വികസിപ്പിക്കണം.
ഫീഡ് ബാക്ക് രജിസ്റ്റര്‍
എല്ലാവരും ഫീഡ് ബാക്ക് നല്‍കുന്നുണ്ടെന്നാണ് വിശ്വാസം. ധനാത്മകവും ഗുണാത്മകവും പ്രചോദനാത്മകവും ആയിരിക്കും അതെന്നും കരുതാം. വാചികമായ ഫീഡ്ബാക്ക് തത്സമയവും രേഖപ്പെടുത്തിയുളളത് കുട്ടിയുടെ നോട്ട് ബുക്കിലും ആകും . പക്ഷേ എല്ലാ കുട്ടികള്‍ക്കും ഫീഡ്ബാക്ക് ലഭിക്കുന്നുണ്ടോ? അറിയില്ല. ഇതിനായി ഒരു രജിസ്റ്റര്‍ അധ്യാപിക സൂക്ഷിക്കണം. കുട്ടികളുടെ പേരിനു നേരെ എപ്പോഴൊക്കെ ഫീഡ് ബാക്ക് നല്‍കി എന്നും അതിന്റെ പ്രതിഫലനം ഉണ്ടായോ എന്നും സൂചിപ്പിക്കും വിധം ഒരു രജിസ്റ്റര്‍. സന്നദ്ധതയുളള അധ്യാപകര്‍, എല്ലാ കുട്ടികളെയും പരിഗണിക്കുന്ന അധ്യാപകര്‍, ഗവേഷണാത്മകമായി കാര്യങ്ങളെ കാണുന്ന അധ്യാപകര്‍ എന്നിവര്‍ക്ക് ഈ ആശയം പ്രയോജനപ്പെടുത്താവുന്നതാണ്.
വിലയിരുത്താനുളള ഉപാധികള്‍
അതത് അധ്യാപകര്‍ക്ക് വികസിപ്പിക്കാനാകണം. ചെക്ക് ലിസ്റ്റാണോ, റേറ്റിംഗ് സ്കേലാണോ എന്നൊക്കെ അവരവര്‍ തന്നെ തീരുമാനിക്കട്ടെ.
വൈവിധ്യമുളള രീതികള്‍
വിലയിരുത്തുന്നതിന് ഓരോ യൂണിറ്റിലും വൈവിധ്യമുളള രീതികള്‍ പ്രയോഗിച്ച് ഏറ്റവും ഫലപ്രദമായവ കണ്ടെത്തുകയാണ് വേണ്ടത്

Tuesday, April 23, 2019

അധ്യാപകപരിശീലനരീതികള്‍ മാറേണ്ടതുണ്ടോ?


2015 നവം 13ന് ചൂണ്ടുവിരല്‍ ഇങ്ങനെ എഴുതി

  • "അധ്യാപകര്‍ക്ക് മുകളില്‍ നിന്നും കെട്ടിയിറക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം നല്‍കുന്നത് പ്രാദേശികാവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിന് സഹായകമല്ല .
  • അധ്യാപകരെ സ്വീകര്‍ത്താക്കളെന്ന നിലയില്‍ നിന്നും അന്വേഷകരെന്ന നിലയിലേക്ക് നിര്‍മാതാക്കളെന്ന നിലയിലേക്ക് ഉയര്‍ത്തില്ല.
  • അധ്യാപകരുടെ സര്‍ഗാത്മകതയെ ഉണര്‍ത്തില്ല.

  • ഇത്തരം വാര്‍പ്പ് പരിശീലന മാതൃക രണ്ടു ദശകമായി കേരളം പിന്തുടരുകയാണ്.
  • അതു കൊണ്ടു തന്നെ സ്വയംസന്നദ്ധരായി പരിശീലനത്തിനു വരുന്നതിനു പകരം വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിക്കാനായി പരിശീലനത്തിലെത്തുക എന്ന ശീലം ചിലരെങ്കിലും വളര്‍ത്തിയെടുക്കുന്നു.
  • പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഒരു തയ്യാറെടുപ്പും അധ്യാപകര്‍ നടത്തേണ്ടതില്ല എന്നതാണ് ഏറ്റവും ഖേദകരം. അതിനാല്‍ തന്നെ അനുഭവം പങ്കിടല്‍ അപ്പോള്‍ തോന്നിയത് പറയലായി. എന്താണ് ഇത്തവണ പങ്കിടേണ്ടതെന്ന് മുന്‍കൂട്ടി ധാരണ പകരാനാകുന്നില്ല. ഇനിയും ഏറെ പരിമിതികള്‍ ചൂണ്ടിക്കാണിക്കാനാകും. ചില ഗുണവശങ്ങളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. അത്തരം ഗുണതയെ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനാണ് വ്യത്യസ്തമായ അധ്യാപകപരിശീലന രീതികളുടെ സാധ്യതകള്‍ അന്വേഷിക്കുന്നത്.
  • അക്കാദമിക രംഗത്തെ പ്രവണതകളെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന ആളെന്ന നിലയില്‍ വിമര്‍ശനങ്ങളുന്നയിക്കുക എന്നതിലപ്പുറംക്രിയാത്മകമായ ചില ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു.. സാധ്യതകള്‍ ആന്വേഷിക്കുക എന്നതാണ് അതില്‍ പ്രധാനം.
  • അനുഭവമില്ലാതെ ഒരു രീതിയും അടിച്ചേല്‍പ്പിക്കരുത് എന്ന സമീപനം പാലിക്കണം. ഈ സാഹചര്യത്തിലാണ് അധ്യാപക ശാക്തീകരണത്തിന്റെ ലോകാനുഭവങ്ങള്‍ അന്വേഷിച്ചത് ( ചൂണ്ടുവിരല്‍ ബ്ലോഗ് പോസ്റ്റ് നോക്കുക അധ്യാപനഗുണതയും വിദ്യാഭ്യാസനിലവാരവും) ചില ട്രൈ ഔട്ടുകള്‍ നടത്തുകയും ചെയ്തു. രണ്ടു രീതികളാണ് പരിശോധിച്ചത്"
ആ രണ്ടു രീതികള്‍ പിറകാലെ പങ്കിടാം. അതിനു മുമ്പ് ചില വിശകലനങ്ങള്‍ കൂടി ആവശ്യമാണ്
  • അപ്പര്‍ പ്രൈമറി തലത്തില്‍ അധ്യാപകര്‍ ഒരു വിഷയമല്ല പഠിപ്പിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി അവര്‍ ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രമുളള പരിശീലനങ്ങളിലാണ് പങ്കെടുക്കുന്നത്
  • രണ്ടിലധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യു പി അധ്യാപകര്‍ക്ക് രണ്ടുവിഷയങ്ങളില്‍ മാത്രമാണ് അവധിക്കാല പരിശീലനം ലഭിക്കുക. ക്ലസ്റ്ററിലാകട്ടെ ഒരു വിഷയത്തിലും!
  • ലോവര്‍ പ്രൈമറിയിലെ അധ്യാപകരാകട്ടെ ഒരു ക്ലാസിലേക്ക് ഒതുങ്ങുകയും ആ ക്ലാസിലെ മാത്രം പരിശീലനത്തില്‍ കാലങ്ങളായി പങ്കെടുക്കുകയും ചെയ്യുന്നു
  • മുകളില്‍ സൂചിപ്പിച്ച രണ്ടു പ്രവണതകള്‍ കാരണം തങ്ങളുടെ വിഷയത്തിന് അല്ലെങ്കില്‍ ക്ലാസിനു പുറത്തുളള വിഷയത്തിലോ ക്ലാസിലോ നടക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് അറിയില്ല. അതിനാല്‍ത്തന്നെ എസ് ആര്‍ ജി യോഗങ്ങളില്‍ അക്കാദമികമായ ചിന്തകള്‍ പങ്കുവെക്കാന്‍ പരിമിതിയുണ്ട്. എസ് ആര്‍ ജി യോഗങ്ങളെ ദുര്‍ബലമാക്കാനാണ് ഫലത്തില്‍ വഴിയൊരുക്കുക
  • പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് എല്ലാ വിഷയങ്ങളും പഠിപ്പിക്കാനാണ് അധ്യാപകവിദ്യാഭ്യാസം ലഭിച്ചിട്ടുളളത്. അതിനാല്‍ത്തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിക്കാനവര്‍ ബാധ്യസ്ഥരുമാണ്. അവരെ അതില്‍ നിന്നും തടയുന്നതായിരുന്നു പിന്തുടര്‍ന്നു വന്ന പരിശീലന രീതികള്‍
  • സ്ഥലം മാറ്റം ലഭിച്ചു ചെല്ലുമ്പോഴാണ് പ്രശ്നം ഗുരുതരമാവുക. താനിതുവരെ പരിശീലിച്ച വിഷയമാവില്ല , ക്ലാസാവില്ല പുതിയ സ്കൂളില്‍ കിട്ടുക. അപ്പോഴാണ് ആ വിഷയത്തെക്കുറിച്ച് താന്‍ ഒന്നും കാര്യമായി മനസിലാക്കിയിട്ടില്ല എന്നു തിരിച്ചറിയുക.
  • പ്രഥമാധ്യാപകരാകേണ്ടവരാണ് എല്ലാ പ്രൈമറി സ്കൂള്‍ അധ്യാപകരും. അവര്‍ക്ക് എല്ലാ ക്ലാസുകളും എല്ലാ വിഷയങ്ങളും മോണിറ്റര്‍ ചെയ്യേണ്ടതുണ്ട്. പക്ഷേ അതിന് അവരെ സഹായിക്കുന്നതല്ല അവര്‍ക്ക് ലഭിക്കുന്ന അധ്യാപക പരിശീലനം. അവരും ഏതെങ്കിലും ഒന്നോ രണ്ടോ വിഷയത്തിലോ ഒരു ക്ലാസിലെ വിഷയങ്ങളിലോ ഒതുങ്ങുന്നു. ഇത് മോണിറ്ററിംഗിനെയും വിദ്യാലയത്തിലെ അക്കാദമിക ചര്‍ച്ചകളെയും ബാധിക്കുന്നു.
  • വിദ്യാലയത്തിന് അക്കാദമിക മാസ്റ്റര്‍ പ്ലാനുണ്ട്. അതിന്റെ നിര്‍വഹണത്തിന് സമഗ്രത ആവശ്യമാണ്. എല്ലാ വിഷയങ്ങളിലും എന്തു നടക്കുന്നുവെന്ന് ഓരോരുത്തരും അറിയണം. എല്ലാ വിഷയങ്ങളുടെയും സമീപനവും പ്രധാന ഉളളടക്ക മേഖലകളും ഒക്കെ പരിചയപ്പെടണം
  • ഒരേ വിദ്യാലയത്തില്‍ ഒരേ സംഘം കുട്ടികളില്‍ വ്യത്യസ്ത കഴിവുകള്‍ വികസിപ്പിക്കുന്നതിനായി ഇടപെടുന്ന അധ്യാപകര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പരസ്പരബന്ധം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനാകണം.
  1. നിര്‍ദിഷ്ട പ്രദേശത്തെ വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരും ഒന്നിച്ചു കൂടുന്ന ക്ലസ്റ്റര്‍.
  1. മുന്‍കൂട്ടി ചുമതലപ്പെടുത്തിയ അധ്യാപകര്‍ ഗവേഷണാത്മകമായി അധ്യാപനം നടത്തിയതിന്റെ അനുഭവം പങ്കിടല്‍ ക്ലസ്റ്റര്‍ -
  • പ്രക്രിയ.-ഗവേഷണം- അനുഭവംപങ്കിടല്‍-ചര്‍ച്ച-ഫെസിലിറ്റേറ്ററുടെ ക്രിയാത്മക ഇടപെടല്‍ ചര്‍ച്ചയും വിപുലീകരണവും- തിരിച്ചറിവുകള്‍- പുതിയഗവേഷണം ഏറ്റെടുക്കാനുളള മേഖല നിശ്ചയിക്കല്‍- ആസൂത്രണം .ഇതാണിവിടെ പങ്കുവെക്കുന്നത്.

വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ഒന്നിച്ചിരുന്നുളള എസ്‍ ആര്‍ ജി ക്ലസ്റ്ററുകളടെ സാധ്യതയാണ് തുറവൂരില്‍ പരിശോധിച്ചു നോക്കിയത് (ഒക്ടോബര്‍ 28, 2015, സ്കൂളിലെ എല്ലാ അധ്യാപകരും ഒന്നിച്ചുളള (SRG) ക്ലസ്റ്ററുകളുടെ സാധ്യത- ബ്ലോഗ് പോസ്റ്റ് )
  • ഒരേ ക്ലസ്റ്ററുകളിലെ വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഒന്നിച്ചിരുന്ന് അവരുടെ വിദ്യാലയങ്ങളെ അക്കാദമിക മികവിലേക്ക് നയിക്കുന്നതിനെന്തു ചെയ്യാം എന്നാലോചിച്ച് പ്രവര്‍ത്തനപരിപാടി ആസൂത്രണം ചെയ്യുക,വിഭവക്കൈമാറ്റം നടത്തുക, അന്വേഷണങ്ങള്‍ ഏറ്റെടുക്കുക, വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുക, ശില്പശാലകള്‍ ആസൂത്രണം ചെയ്യുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നടത്താനുണ്ടാകും. അത്തരം വിദ്യാലയകൂട്ടായ്മകള്‍ സാധ്യമാണോ?
തുറവൂര്‍ അന്വേഷണം
ആലപ്പുഴ ജില്ലയിലെ തുറവൂര്‍ ബി ആര്‍ സിയിലുളള എട്ടു വിദ്യാലയങ്ങളിലെ മുഴുവന്‍ അധ്യാപകരും ഒന്നിച്ചു കൂടി . ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുളളവര്‍. അക്കാദമിക പ്രശ്നങ്ങളും പരിഹാര പ്രവര്‍ത്തനവും ആസൂത്രണം ചെയ്തു.
മുന്നൊരുക്കം
മൂന്നു  വിദ്യാലയങ്ങളില്‍ അക്കാദമിക വിശകലനം നടത്തി. ഭാഷാപരമായ മികവിലേക്ക് നയിക്കേണ്ട മേഖലകളും രീതികളും അധ്യാപകരുമായി ചര്‍ച്ച ചെയ്തു. ചില പ്രവര്‍ത്തനങ്ങള്‍ ട്രൈ ഔട്ട് നടത്തി. സാധ്യതകള്‍ മനസിലാക്കി. അധ്യാപകരുടെ പ്രതികരണം തേടി. തെളിവുകള്‍ ശേഖരിച്ചു. അവ ക്രമപ്പെടുത്തി. പവര്‍പോയന്റ് തയ്യാറാക്കി.
അധ്യാപക കൂട്ടായ്മയിലെ പ്രക്രിയ
  1. സ്കൂള്‍ ഗ്രൂപ്പുകളായി( എസ് ആര്‍ ജി യോഗം പോലെ)
  2. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് ബാധകമായ രീതിയില്‍ ഭാഷാപഠനത്തിന്റെ ഇടപെടല്‍ മേഖലകള്‍ വിദ്യാലയങ്ങളിലെ തെളിവുകള്‍ സഹിതം ഒപ്പം സാധ്യത ബോധ്യപ്പെടുന്ന വിധം ഞാന്‍ അവതരിപ്പിച്ചു ( പ്രവര്‍ത്തനത്തിന്റെ പരസ്പരബന്ധവും, വളര്‍ച്ചയും തുടര്‍ച്ചയും വിശകലന രീതിയും പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു അവതരണം)
  3. തത്സമയ എസ് ആര്‍ ജി യോഗം
  4. അവതരിപ്പിച്ച കാര്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമാണോ? ആണെങ്കില്‍ ഓരോ വിദ്യാലയവും ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ? ലിസ്റ്റ് ചെയ്തു
  5. ചിലതിന്റെ വിശദാംശം തയ്യാറാക്കി.
  6. ക്രോഡീകരണം.
തത്സമയ എസ് ആര്‍ ജി യും ഒരു SRG പരിശീലനമായി മാറി. കൃത്യമായ ആസൂത്രണം. പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന തീരുമാനിക്കല്‍, നിര്‍വഹണ വിശദാംശം തയ്യാറാക്കല്‍, സമയബന്ധിതമാക്കല്‍.. ഇതെല്ലാം നടന്നു.
രൂപീകരിച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച്
  • വളരെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് രൂപപ്പെട്ടത്
  • വൈവിധ്യം പ്രകടം
  • അവരുടെ തന്നെ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞത്.
  • കുട്ടികളുടെ ഭാഷാപുരോഗതി ട്രാക്ക് ചെയ്യുന്നതിനുളള ഫോര്‍മാറ്റ് (കരട്) ട്രൈ ഔട്ട് ചെയ്യും.
  • അടുത്ത യോഗത്തില്‍ പ്രവര്‍ത്തനാവലോകനം നടത്തും
  • ഈ വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഫോണ്‍ മുഖാന്തിരം മോണിറ്റര്‍ ചെയ്യുന്നതിന് ഉപജില്ലാ ഓഫീസര്‍ സന്നദ്ധയായി
മെച്ചങ്ങള്‍
  • സ്കൂളിലെ എല്ലാ അധ്യാപകരും ഒന്നിച്ചിരുന്നതിനാല്‍ അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ വ്യക്തം. ആശയവിനമിയ വിടവ് സംഭവിക്കുന്നില്ല. ( സാധാരണ ക്ലസ്റ്ററില്‍ പങ്കിടുന്ന പലകാര്യങ്ങളും വിദ്യാലയത്തില്‍ അവതരിപ്പിക്കാറില്ല. വിദ്യാലയത്തിന്റേതാക്കി മാറ്റാറുമില്ല. അവതരിപ്പിച്ചാല്‍ തന്നെ പൊതുവായി പറയുകയേ ഉളളൂ. മറ്റുളളവര്‍ക്ക് തെളിച്ചം കിട്ടില്ല)
  • ക്ലസ്റ്ററിനെ തുടര്‍ന്ന് വിദ്യാലയത്തില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ അപ്പോള്‍ തന്നെ തീരുമാനിക്കപ്പെടുന്നു.
  • അക്കാദമിക പ്രശ്നം പരിഹരിക്കാനുളള കൂട്ടായ ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നു
  • തെളിവുകള്‍ സഹിതമുളള അവലോകനത്തിന് വഴിയൊരുങ്ങുന്നു.
  • സമ്പൂര്‍ണ വിദ്യാലയ ഗുണമേന്മാ മാനേജ്മെന്റിന്റെ ആശയതലത്തില്‍ പ്രവര്‍ത്തനാസൂത്രണം നടത്തുന്നു.
  • പ്രായോഗികവും വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് വഴങ്ങുന്നതുമായ പ്രവര്‍ത്തനം ആവര്‍ തന്നെ കണ്ടെത്തുന്നു
  • ഓരോ അധ്യാപികയും അന്വേഷണാത്മക പ്രവര്‍ത്തനത്തിലേക്ക് എന്ന സന്ദേശമുള്‍ക്കൊണ്ടുളള പ്രവര്‍ത്തനസംസ്കാരം രൂപപ്പെടുന്നു.
പ്രത്യേക ശ്രദ്ധയ്ക്
  • പൊതു അവധിദിനമാണ് അധ്യാപകര്‍ കൂടിച്ചേര്‍ന്നത്. സ്വയം സന്നദ്ധം..
  • ആരെയും നിര്‍ബന്ധിച്ചില്ല. എങ്കിലും എല്ലാവരും കൃത്യസമയത്ത് എത്തി
  • രണ്ടുമണിയോടെ ക്ലസ്ററര്‍ പിരിഞ്ഞു
  • സംഘടനാനേതാക്കളും അവധിദിന ക്ലസ്റ്ററില്‍ പങ്കെടുത്തിരുന്നു. ( ക്ലസ്റ്റര്‍ എന്നു ഞാനിട്ട പേരാണേേ. അതു കേട്ട് ആരും വിഷമിക്കരുത്)
  • വിലയിരുത്തലില്‍ ഈ അവധിദിനം ഏറെ പ്രയോജനപ്രദമായി എന്ന് അധ്യാപകര്‍
നിഗമനങ്ങള്‍
  1. സ്കൂള്‍ അക്കാദമിക കൂട്ടായ്മ ഒരു സാധ്യതയാണ് (വിരസമാകുന്ന ക്ലാസടിസ്ഥാന ക്ലസ്റററുകളില്‍ നിന്നും അല്പം മാറി നടത്തം)
  2. അധ്യാപകരുടെ ക്രിയേറ്റിവിറ്റിയെ അനുവദിക്കുന്ന കൂടിച്ചേരലുകളിലേക്ക് ഇതിനെ വളര്‍ത്താന്‍ കഴിയും
  3. പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന തത്സമയ എസ് ആര്‍ ജി മറ്റൊരു സാധ്യതയാണ്.
  4. എല്ലാ ക്ലാസുകളിലെയും അധ്യാപകര്‍ക്കും അഭിസംബോധന ചെയ്യാവുന്ന പൊതുവായ അക്കാദമിക പ്രശ്നങ്ങള്‍ ആകണം ഇത്തരം കൂട്ടായ്മകളില്‍ തുടക്കത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.
    മുന്നൊരുക്കം പ്രധാനമാണ്. തെളിവുകളും ട്രൈ ഔട്ട് അനുഭവങ്ങളും പ്രായോഗിക നിര്‍ദ്ദേശങ്ങളും ആത്മവിശ്വാസം വളര്‍ത്തും
ട്രൈ ഔട്ട് അനുഭവം രണ്ട്.
ഗവേഷണാധ്യാപനാനുഭവവും ക്ലസ്റ്ററും എറണാകുളം ജില്ലയിലാണ് ട്രൈഔട്ട് നടത്തിയത്.
പ്രക്രിയ
1. അനുഭവം പങ്കിടല്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • ഒരു വിഷയത്തില്‍ ഒന്നിലധികം പേര്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അവതരണവും ചര്‍ച്ചയും കഴിഞ്ഞുവേണം അടുത്ത വിഷയം എടുക്കാന്‍
  • കഴിയുന്നത്ര ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.
  • പവര്‍പോയന്റ് തയ്യാറാക്കി വേണം അവതരണം നടത്തുവാന്‍
  • ഉളളടക്കം സംബന്ധിച്ച കൃത്യത വേണം ( പശ്ചാത്തലം,ഗവേഷണ ലക്ഷ്യങ്ങള്‍, പഠനനേട്ടങ്ങള്‍, ഗവേഷണ രീതി, കണ്ടെത്തലുകള്‍, നേട്ടങ്ങള്‍ എന്നിവ നിര്‍ബന്ധം)
  • തെളിവുകള്‍ ( നേട്ടങ്ങളും മറ്റും തെളിവുകള്‍ സഹിതം അവതരിപ്പിക്കണം - രചനകളുടെ ഫോട്ടോ, വീഡിയോ, ഉല്പന്ന പ്രദര്‍ശനം എന്നിവയാകാം. പവര്‍ പോയന്റ് സ്ലൈഡില്‍ ഉല്പന്നങ്ങളുടെ ഫോട്ടോ ചേര്‍ക്കുന്നതാണ് കൂടുതല്‍ അഭികാമ്യം
  • വിശകലനം ( തെളിവുകള്‍ വിശകലനം ചെയ്യണം. ഗുണതാസൂചകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിശകലനമാണ് കൂടുതല്‍ ഗുണം ചെയ്യുക. കുട്ടികളിലുണ്ടാ മാറ്റമാണ് പ്രധാനം.
  • ചര്‍ച്ചയ്കും തുടര്‍ ഗവേഷണത്തിനും സഹായകമായ സൂചനകള്‍ സ്ലൈഡില്‍ ഉള്‍പ്പെടുത്തുന്നത് നന്നാവും
2. അനുഭവം പങ്കിട്ട ശേഷമുളള ചര്‍ച്ച
  • അവതരിപ്പിക്കുകയും മറ്റെന്തെങ്കിലും മേഖലകള്‍ പരിഗണിക്കേണ്ടതുണ്ടോ എന്നു ചോദിക്കുകയും വേണംഅവതരണത്തെ അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഫെസിലിറ്റേറ്റര്‍ .
  • ഓരോരോ മേഖലയെടുത്ത് പ്രതികരണങ്ങള്‍ ആരായണം. ചര്‍ച്ച സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശം നല്‍കണം.
    • സ്വന്തം അനുഭവം കൂട്ടിച്ചേര്‍ക്കാനും
    • ഇവിടെ അവതരിപ്പിച്ചതില്‍ സ്വീകാര്യമായവ വ്യക്തമാക്കാനും
    • മെച്ചപ്പെടുത്താനുളള സാധ്യത അവതരിപ്പിക്കാനും
    • അവതരണത്തില്‍ നിന്നും കൂടുതല്‍ വ്യക്തത വേണ്ട കാര്യങ്ങള്‍ ചോദിക്കാനും കഴിയണം.
    • അവതരണവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കണം.
3. ഫെസിലിറ്റേറ്ററുടെ വിശകലനാത്മകമായ ഇടപെടലും വിപുലീകരണവും
  • അവതാരകരുടെ ആശയങ്ങളുടെ ശക്തിദൗര്‍ബല്യങ്ങള്‍ വിശകലനം ചെയ്ത് സാധ്യതകളെക്കുറിച്ച് ധാരണയും ഇത്തരം ഗവേഷണാധ്യാപനം ഏറ്റെടുക്കാന്‍ പ്രചോദനവും നല്‍കുക എന്ന ദൗത്യമാണ് ഫെസിലിറ്റേറ്റര്‍ക്കുളളത്. അതിനാല്‍ തന്നെ ഗവേഷണാധ്യാപനം നടത്തിയവരുമായി മുന്‍കൂട്ടി ആശയവിനിമയം നടത്തുകയും ഗവേഷണഫലങ്ങളിലും തെളിവുകളിലും കൂടി കടന്നു പോയി മികവുകള്‍ കണ്ടെത്തുകയും അത് വിശകലനം ചെയ്യേണ്ട രീതി വികസിിപ്പിക്കുകയും വേണം. കൂടുതല്‍ അക്കാദമിക വെളിച്ചം നല്‍കുക എന്ന രീതിയാണ് സ്വീകരിക്കേണ്ടത്.
  • ഗവേണാധ്യാപനം നടത്തിയവരുടെ കണ്ടെത്തലുകള്‍ നല്‍കുന്ന പാഠങ്ങളുടെ അടിസ്ഥാനത്തില്‍ പ്രായോഗികമാക്കാവുന്ന കാര്യങ്ങളെ കൂടുതല്‍ തെളിവുകളോ അനുഭവങ്ങളോ ആശയങ്ങളോ നല്‍കി സമ്പുഷ്ടമാക്കണം.
  • വിപുലീകരണസ്വഭാവമുളള പ്രസന്റേഷന്‍ തയ്യാറാക്കി അവതരിപ്പിക്കുകയും ആകാം.
4. തിരിച്ചറിവുകളും തുടരന്വേഷണവും
  • ആദ്യ സെഷനുകളിലെ അവതരണം ചര്‍ച്ച എന്നിവയിലൂടെ കിട്ടിയ തിരിച്ചറിവുകള്‍ ഗ്രൂപ്പില്‍ പങ്കിടുന്നു
  • തന്റെ ക്ലാസില്‍ വിഷയത്തില്‍ നിലനില്‍ക്കുന്നതും പരിഹരിക്കേണ്ടതുമായ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു
  • ഓരോ ഗ്രൂപ്പും മുന്‍ഗണന നിശ്ചയിക്കുന്നു.
  • ഗവേഷണാധ്യാപനം നടത്തിയവരുടെ അനുഭവം തന്റെ ക്ലാസിലെ പ്രശ്ന പരിഹരണത്തിന് സഹായകമെങ്കില്‍ അതിന്റെ സാധ്യതയും ആലോചിക്കുന്നു
  • ഗ്രൂപ്പായി മുന്‍ഗണന പ്രകാരം ഒരു ഗവേഷണാധ്യാപനം ഏറ്റെടുക്കാന്‍ അടുത്ത പാഠങ്ങളെ അടിസ്ഥാനമാക്കി ആലോചിക്കുന്നു
  • ആസൂത്രണ രൂപരേഖ തയ്യാറാക്കുന്നു( ഒരിക്കലും ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കരുത്. പ്രവര്‍ത്തന ക്രമം മാത്രമേ നിശ്ചയിക്കാവൂ)
  • ഒന്നോ രണ്ടോ പ്രവര്‍ത്തനത്തിന്റെ വിശദാംശം പിന്നാക്ക പിരിഗണന, സൂക്ഷ്മ പ്രക്രിയ, വിലയിരുത്തല്‍ എന്നിവ പരിഗണിച്ച് ആലോചിക്കുന്നു
  • ചാര്‍ട്ടില്‍ ഓരോ ഗ്രൂപ്പും തങ്ങളുടെ ഗവേഷണ രീതി ചുരുക്കി എഴുതി പ്രദര്‍ശിപ്പിക്കുന്നു ( അവതരിപ്പിക്കരുത്. കേട്ടു മറന്നു പോകും)
  • മറ്റുളളവര്‍ ചാര്‍ട്ടുകള്‍ വായിച്ച് സ്വാംശീകരിക്കുന്നു.
5 . അടുത്ത ക്ലസ്റ്ററിനുളള ആസൂത്രണം
  1. ആരെല്ലാം അവതരിപ്പിക്കും?ഓരോ ഗ്രൂപ്പിനെയും പ്രതിനിധീകരിച്ച് ഒരാള്‍ വീതം എന്നു തീരുമാനിക്കാമോ? മറ്റുളളവര്‍ അവതരണത്തെത്തുടര്‍ന്ന് അനുഭവം കൂട്ടിച്ചേര്‍ത്താല്‍ മതിയോ?
  2. വ്യത്യസ്തമായ രീതികള്‍ സാധ്യമോ? ഗവേഷണാനുഭവത്തിന്റെ സംക്ഷിപ്തം കോപ്പിയെടുത്തു നല്‍കല്‍
  3. സമയക്രമീകരണം
  4. ഓരേ വിഷയമെടുത്തവര്‍ തമ്മില്‍ ഇടയ്കിടെ നടത്തുന്ന ആശയവിനമയ രീതി
  5. ഫെസിലിറ്റേറ്ററുടെ അക്കാദമികപിന്തുണയും ഏകോപനവും
അധ്യാപകശാക്തീകരണ രീതികള്‍ മാറിയേ തീരൂ
മാറ്റം യാന്ത്രികമാവരുത്
പക്ഷേ മാറ്റത്തിനായുളള ചുവടുവെയ്പുകള്‍ അനിവാര്യം
ഹൈടെക്ക് വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്ഥലകാലങ്ങളുടെ വേലിക്കെട്ടുകളില്‍ തങ്ങളുടെ സ്വയം ശാക്തീകരണത്തെ തളച്ചിടരുത്