Pages

Friday, April 26, 2019

മികച്ച വിലയിരുത്തല്‍ ഉയര്‍ന്ന നിലവാരം

ഏതൊരു പ്രക്രിയയും അതിന്റെ ഓരോ ഘട്ടത്തിലും ഗുണതാപരിശോധനയ്ക്
വിധേയമായെങ്കില്‍ മാത്രമേ മികച്ച നിലവാരമുളള ഉല്പന്നം ലഭ്യമാകൂ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഉപയോഗിക്കുന്ന രീതി, സാമഗ്രികള്‍ അത് നല്‍കിയ ഫലം, അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച മെച്ചപ്പെടുത്തല്‍ എന്നിവയെല്ലാം തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ സമീപിക്കുന്നവര്‍ക്കേ ഗുണത ഉറപ്പാക്കാന്‍ കഴിയൂ.
വിദ്യാലയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് നിരവധി ടൂളുകള്‍ ലഭ്യമാണ്. അവയൊക്കെ ഏറിയും കുറഞ്ഞും ഉപയോഗിക്കുന്നവരാണ് അധ്യാപകര്‍. ഇപ്പോഴുളള അവസ്ഥയില്‍ സംതൃപ്തിപ്പെടാതെ കൂടുതല്‍ ഉയരം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കേ ചലനങ്ങള്‍ സൃഷ്ടിക്കാനാകൂ. അങ്ങനെയല്ലാത്തവര്‍ ജ‍ഡത്വത്തിലാണ്. നിലനില്‍ക്കുന്ന അവസ്ഥയില്‍ തന്നെ തുടരാനാഗ്രഹിക്കുന്ന അധ്യാപകരാണവര്‍. ബാഹ്യമോ ആന്തരികമോ ആയ പ്രചോദനോര്‍ജം മൂലമേ ചലനാത്മകമാകാന്‍ അവര്‍ക്ക് കഴിയൂ.ഒരു തുളളി ജലം വീണാല്‍ പൊട്ടിക്കിളിര്‍ക്കുന്നതുപോലെ ചിലര്‍ ഉയര്‍ന്നുവരും. ഈ അക്കാദമിക വര്‍ഷം വേറിട്ട അക്കാദമിക വര്‍ഷമാകണമെന്ന് തീരുമാനിക്കണം. നിരവിധി അധ്യാപനപ്രോജക്ടുകള്‍ ഏറ്റെടുക്കണം. അതിലൊന്നാകട്ടെ വിദ്യാലയാധിഷ്ടിത ഗുണതാനിര്‍ണയ പരിപാടി.(School Based Assessment- SBA)
വിദ്യാലയത്തിന്/ക്ലാസിന് ഒരു വിലയിരുത്തല്‍ നയം
എന്തെല്ലാമാണ് അതിലുണ്ടാവുക? ചെറിയ കുറിപ്പ് തയ്യാറാക്കി നോക്കിയാലോ?
  • ആമുഖവും ലക്ഷ്യങ്ങളും
  • എല്ലാ കുട്ടികളെയും വിലയിരുത്തുന്നതു സംബന്ധിച്ച എന്റെ സമീപനം
  • എല്ലാ കഴിവുകളും പഠനനേട്ടങ്ങളും വിലയിരുത്തുന്ന സമീപനം ( ഞാന്‍ എങ്ങനെ ചെയ്യും?)
  • അധ്യാപികയും കുട്ടികളും രക്ഷിതാക്കളും വിലയിരുത്തലില്‍ പങ്കാളികളാകുന്ന സമീപനം
  • നിരന്തരവിലയിരുത്തലിനായി സ്വീകരിക്കുന്ന തന്ത്രങ്ങളും അവ സംബന്ധിച്ച എന്റെ നിലപാടും
  • എന്റെ വിഷയത്തിലെ ആധികാരിക പഠനത്തെളിവുകളെക്കുറിച്ചുളള ധാരണ
  • പഠനഫലവിശകലനരീതികള്‍ ( ഞാന്‍ പിന്തുടരാനാഗ്രഹിക്കുന്നവ)
  • രക്ഷിതാക്കളുമായി പങ്കിടുന്ന രീതികള്‍, കാലയളവ്
ഈ ഉപശീര്‍ഷകങ്ങള്‍ വായിച്ച നിങ്ങള്‍ സ്വയം പരിശോധിക്കൂ. ഏതെല്ലാം കാര്യത്തില്‍ സ്വന്തം ക്ലാസിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വ്യക്തതയുണ്ട്? അധ്യാപകസഹായിയിലുളളതും പരിശീലനത്തില്‍ കേട്ടതുമായ കാര്യങ്ങള്‍ യാന്ത്രികമായി ചെയ്തു പോകുന്നു എന്നതിനപ്പുറം ആസൂത്രിതമായ ഒരു പദ്ധതി ഇല്ല എന്നു തോന്നുന്നുണ്ടോ?
ഞാന്‍ അധ്യാപികയാണെങ്കില്‍ എന്തു ചെയ്യും?
  • എന്റെ ക്ലാസിലെ ഓരോ വിഷയത്തിലെയും ഓരോ യൂണിറ്റും കഴിയുമ്പോള്‍ കുട്ടികള്‍ അതിലൂടെ എത്തിച്ചേരേണ്ട പ്രധാന കഴിവുകളും അതിന്റെ ഗുണസവിശേഷതകളും ലിസ്റ്റ് ചെയ്യും
  • എന്തു തെളിവാണ് ഈ നിലവാരത്തില്‍ എത്തി എന്ന് അഭിമാനപൂര്‍വം പറയാനെനിക്കുണ്ടാവുക? അത്തരം പഠനത്തെളിവുകളുടെ സാധ്യത കണ്ടെത്തുകയും അവ ലിസ്റ്റ് ചെയ്യുകയും ആണ് അടുത്ത നടപടി.
ഈ പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയുണ്ടോ? യൂറോപ്പിലെ നവോത്ഥാനവും ഇന്ത്യയിലെ നവോത്ഥാനവും സംബന്ധിച്ച് കുട്ടിക്ക് അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കാനുണ്ട്.
യൂണിറ്റ് എത്തിച്ചേരേണ്ട കഴിവ് ഗുണതാസവിശേഷതകള്‍ പഠനത്തെളിവ്
യൂറോപ്പ് പരിവര്‍ത്തന പാതയില്‍
(നവോത്ഥാനം യൂറോപ്പില്‍)
നവോത്ഥാനം സമൂഹത്തെ എങ്ങനെ ഏതെല്ലാം മേഖലകളില്‍ പുരോഗമനാത്മകമായി സ്വാധീനിച്ചു എന്ന് തെളിവുകളുടെ പിന്‍ബലത്തോടെ അവതരിപ്പിക്കാന്‍ കഴിയുക
നവോത്ഥാനത്തെ 
നിര്‍വചിക്കാനും ലളിതമായി വിശദീകരിക്കാനും കഴിയും
നവോത്ഥാനമുണ്ടാ
കാനിടയായ സാഹചര്യം സംബന്ധിച്ച ചരിത്രധാരണ
യുണ്ട്
നവോത്ഥാനം സാമൂഹിക ജീവിതത്തില്‍ വിവിധ 
മേഖലകളില്‍ വരുത്തിയ 
മാറ്റങ്ങള്‍ ഉദാഹരിക്കാനും നവോത്ഥാനത്തിന്റെ ചരിത്രപരമായ പ്രസക്തി വ്യക്തമാക്കാനും കഴിയും
നവോത്ഥാനപൂര്‍വലോകവും നവോത്ഥാനാനന്തര
ലോകവും താരതമ്യം 
ചെയ്യാനാകും.
വിവിധ സ്രോതസുകളില്‍ 
നിന്ന് നവോത്ഥാനം 
സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും അവയെ അപഗ്രഥിച്ച് നിഗമനങ്ങളിലെത്തിച്ചേരാനും വര്‍ത്തമാന കാലവുമായി ബന്ധിപ്പിച്ച് നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാനും കഴിയും
സമത്വാവബോധം സൃഷ്ടിക്കുന്നതില്‍ നവോത്ഥാനം വഹിച്ച പങ്ക് , നവോത്ഥാന ആശയങ്ങളെ പിന്നോട്ടടിക്കാനുളള പ്രവണതകള്‍ എന്നിവ വമര്‍ശനാത്മകമായി നോക്കിക്കാണാനുളള കഴിവ്
നവോത്ഥാനസന്ദേശം ഉള്‍ക്കൊണ്ട് സ്വന്തം ജീവിതത്തെയും സമൂഹത്തെയും മെച്ചപ്പെടുത്താനുളള 
മനോഭാവവും നിലപാടുകളും
സെമിനാര്‍ 
പ്രബന്ധം ( വ്യക്തിഗതം),
സെമിനാര്‍ 
പ്രക്രിയ
 ( അവതരണം,
 ചര്‍ച്ച എന്നിവ മൊബൈല്‍
ഫോണില്‍ വീഡിയോ ചെയ്തത്),
സംവാദം ( വീഡിയോ) ,
സംവാദത്തെ സംബന്ധിച്ച സ്വയം വിലയിരുത്തല്‍ കുറിപ്പ്,
യൂണിറ്റ് വിലയിരുത്തല്‍ രേഖ 
 ( കുട്ടികള്‍ 
സ്വയം തയ്യാറാക്കിയത്

ഓരോ കുട്ടിയുടെയും പഠനശൈലി പരിഗണിച്ചുളള വിലയിരുത്തല്‍
ാന്‍ പരിഗണിക്കുന്ന മറ്റൊരു കാര്യം എല്ലാ കുട്ടികളും തനിമയുളളവരാണെന്നാണ്. അതിനാല്‍ത്തന്നെ അവരെ വിലയിരുത്താനുളള തന്ത്രങ്ങളും ടൂളുകളും വ്യത്യസ്തമാകും
ഉദാഹരണത്തിന് എസ് കെയുടെ യാത്രാവിവരണം പഠിക്കാനുണ്ടായിരുന്നു. അത്തരം യാത്രാവിവരണങ്ങള്‍ വായിച്ച് പ്രധാന ആശയങ്ങളും രചനാസവിശേഷതകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് കഴിവുണ്ടോ എന്നറിയാന്‍ വേണ്ടി ഒരു പുതിയ യാത്രാവിവരണം അവര്‍ക്ക് നല്‍കിയ ശേഷം ബഹുവിധസാധ്യതകള്‍ തുറന്നിടുന്ന ചോദ്യങ്ങള്‍ നല്‍കും. അതിലേതെങ്കിലും ഒന്ന് കുട്ടിക്ക് തെരഞ്ഞെടുക്കാം.
  • ഈ യാത്രാവിവരണത്തെ അടിസ്ഥാനമാക്കി ഒരു ആശയഭൂപടം നിര്‍മിക്കകല്‍
  • ഒരു ചിത്രീകരണം നടത്തല്‍ ( പ്രധാന കാഴ്ചകള്‍ ചിത്രീകരിച്ച ശേഷം അതിന് അടിക്കുറിപ്പെഴുതല്‍)
  • യാത്ര നടത്തിയ ആളുമായി ഇതേ കാര്യത്തെക്കുറിച്ചുളള സാങ്കല്പിക അഭമുഖം തയ്യാറാക്കല്‍
  • ഓരോ ഖണ്ഡികയിലെയും പ്രധാന ആശയം ദൃശ്യമാധ്യമത്തിലെ പ്രധാനവാര്‍ത്തയായി വരത്തക്ക വിധം വാക്യങ്ങള്‍ തയ്യാറാക്കല്‍
  • നല്‍കിയ യാത്രാവിവരണവും പഠിച്ച യാത്രാവിവരണവും താരതമ്യം ചെയ്യല്‍
ഒരു രീതിയില്‍ മാത്രം ഉത്തരം എഴുതിയാലേ അത് ഉളളടക്കധാരണയെ പ്രതിഫലിപ്പിക്കൂ എന്ന സമീപനം ഇവിടെ പൊളിക്കുകയാണ്. വൈവിധ്യത്തെ മാനിക്കണം.പഠനശൈലിയെ മാനിക്കണം. ഇതൊന്നുമല്ലാതെ കുട്ടിക്ക് വാചികമായി അവതരിപ്പിക്കുന്നതിനും അവസരം കൊടുക്കാം.
സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനുമുളള മാര്‍ഗരേഖകള്‍
ങ്ങനെയാണ് കുട്ടികള്‍ സ്വയം വിലയിരുത്തുക? അതിന് അവരെ പരിശീലിപ്പിച്ചിട്ടുണ്ടോ?
ക്ലാസില്‍ ഒരു നാടകം ആവിഷ്കരിച്ചു എന്നിരിക്കട്ടെ. അതില്‍ അഭിനയ പങ്കാളിയായ കുട്ടിയുടെ വിലയിരുത്തല്‍, അതിന്റെ കാഴ്ചക്കാരിയായ കുട്ടിയുടെ വിലയിരുത്തല്‍, സ്ക്രിപ്റ്റ് എഴുതാന്‍ കൂടിയവരുടെ വിലയിരുത്തില്‍ എല്ലാം വ്യത്യസ്തമാണ്. ഓരോരുത്തരോടും അവരുടേതായ നിലയില്‍ സ്വയം വിലയിരുത്താന്‍ പറയൂ
അഭിനേതാവ് ( സ്വന്തം കാര്യം)
  • കഥപാത്രമായി ലയിച്ച് അഭിനയിക്കാന്‍ കഴിഞ്ഞു ( വളരെ നന്നായി, ഒരുവിധം..?)
  • സംഭാഷണം നന്നായിരുന്നു എന്നു പറഞ്ഞാല്‍ മതിയോ? ( ഫലപ്രദമായിരുന്നു, വ്യക്തതയുണ്ടായിരുന്നു, ഭാവത്തിന് അനുസൃതമായിരുന്നു,, എല്ലാവര്‍ക്കും കേള്‍ക്കാവുന്ന വിധമായിരുന്നു, സ്വാഭാവികതയുണ്ടായിരുന്നു ഇവയില്‍ ഏതൊക്കെ ബാധകമാണ് അവ കൂട്ടിച്ചേര്‍ത്ത് പറയാമോ എന്നു ചോദിച്ചാലോ?)
  • അഭിനയം, ശരീരഭാഷ എന്നിവ ഇനിയും മെച്ചപ്പെടണം.
സഹ അഭിനേതാക്കളുടെ കാര്യമാണ് വിലയിരുത്തുന്നതെങ്കില്‍ എന്തെല്ലാം കൂട്ടിച്ചേര്‍ക്കും? ( ഏതേതംശങ്ങളില്‍ മെച്ചപ്പെടണമെന്നു കൂടി പറയണ്ടേ?)
ഇങ്ങനെ ഓരോ പക്ഷത്തു നിന്നും സ്വയം വിലയിരുത്തല്‍ നടത്തേണ്ട രീതികള്‍ പരിശോധിച്ച് അത്തരം അനുഭവം ഉണ്ടാക്കിയ ശേഷം ഓരോ പ്രവര്‍ത്തനവും ചില സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം വിലയിരുത്തണമെന്നും ഇഷ്ടമുളള സൂചകങ്ങള്‍ വികസിപ്പിക്കാമെന്നുും പറഞ്ഞാലോ? അവര്‍ നിര്‍മിക്കുന്ന സൂചകങ്ങളുടെ പരമിതി ബോധ്യപ്പെട്ട് മെച്ചപ്പെടുത്താന്‍ അവസരമുണ്ടാക്കിയാല്‍ പോര?
പരസ്പര വിലയിരുത്തലിനും സ്വയം വിലയിരുത്തലിനുമായി കുട്ടികളുടെ പങ്കാളിത്തത്തോടെ ചെറിയ മാര്‍ഗരേഖ തയ്യാറാക്കുന്നത് നന്നായിരിക്കും. അതു പ്രകാരം വിലയിരുത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഓരോ യൂണിറ്റിലും ഏതെന്ന് തീരുമാനിക്കുകയും ആവാം.
സ്വയം വിലയിരുത്തലും അധ്യാപികയുടെ വിലയിരുത്തല്‍ -പൊരുത്തം
ഓരോ യൂണിറ്റ് കഴിയുമ്പോഴും ആ യൂണിറ്റിനെക്കുറിച്ച് കുട്ടി സ്വന്തം ഗ്രേഡ് ഇടട്ടെ. എന്തുകൊണ്ട് ആ ഗ്രേഡ് നല്‍കി എന്ന സാധൂകരണ്ക്കുറിപ്പും വേണം. അധ്യാപികയും കുട്ടിക്ക് ഗ്രേ‍ഡും ഗുണാത്മക കുറിപ്പും തയ്യാറാക്കിയിട്ടുണ്ടാകും. രണ്ടു കൂട്ടരും നല്‍കിയ ഗ്രേഡ് പരസ്പരം പങ്കിടുകയും പൊരുത്തം ബോധ്യപ്പെടുകയും സാധൂകരണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാണോ?
പോര്‍ട്ട് ഫോളിയോ
എന്റെ തെരഞ്ഞെടുത്ത രചനകള്‍ എന്നൊരു രേഖ തയ്യാറാക്കിയാലോ? ഒന്നാം ക്ലാസ് മുതല്‍ വളരുന്ന ഒന്ന്. അതില്‍ ഓരോ മാസവും കുട്ടി മൂല്യമുളളത് എന്ന് തനിക്ക് തോന്നുന്നവ ഉള്‍പ്പെടുത്തട്ടെ. എല്ലാ വിഷയത്തിലും വേണമെന്ന കര്‍ശനനിബന്ധന വേണ്ടതില്ല. അധ്യാപിക നിര്‍ദേശിക്കുന്നവയാകണമെന്നുമില്ല. മികച്ചതെന്നു കുട്ടിക്ക് തോന്നുന്നവയാണ് അതിലുണ്ടാവുക. അതിനോടുളള പോസിറ്റീവായ പ്രതികരണം അധ്യാപികയുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ക്രമേണ കുട്ടിയുമായുളള ആശയവിനമയത്തിലൂടെ വിഷയപ്രാതിനിധ്യവും കഴിവുകളുടെ വ്യാപ്തിയും വൈവിധ്യവും പ്രതിനിധാനം ചെയ്യുന്നവ ഉള്‍പ്പെടുത്താനാകുണം.
ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ
വിദ്യാലയങ്ങള്‍ ഹൈടെക്ക് ആകുന്നു. എല്ലാ അധ്യാപകരും ഹൈടെക് രീതിയില്‍ അധ്യാപനം നടത്താന്‍ പോകുന്നു. അപ്പോള്‍ പഠനത്തെളിവുകളും ഹൈടെക്ക് ആയാലോ?
പല രീതികളില്‍ ഇതു ചെയ്യാം. ഉയര്‍ന്ന ക്ലാസുകളില്‍ കുട്ടിക്ക് തന്നെ അപ് ലോഡ് ചെയ്യാവുന്ന തരത്തില്‍ സംവിധാനം രൂപപ്പെടുത്താം.
ഏറ്റവും ലളിതമായ രീതികളില്‍ തുടങ്ങുന്നതാണ് അഭികാമ്യം
നമ്മുടെ ക്ലാസിന്റെ നിലവാരം , മികവ് എന്നന്നേക്കുമായി സൂക്ഷിക്കുന്നതിനും സമൂഹവുമായി അഭിമാന പൂര്‍വം പങ്കിടുന്നതിനും ക്ലാസ് ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ആരംഭിക്കുന്ന വിവരം കുട്ടികളുമായി പങ്കിടാം. ഓരോ യൂണിറ്റുമായും ബന്ധപ്പെട്ട് എന്തെല്ലാം ഉള്‍പ്പെടുത്താം എന്നു തീരുമാനിക്കണം
  1. വാചികാവതരണങ്ങള്‍ ( വ്യക്തിഗതം) കഥാവായന, പുസ്തകപരിചയം, പ്രബന്ധാവതരണം, പ്രസംഗം, നിരൂപണം, താരതമ്യ പഠനം, കവിതാവതരണം, ശാസ്ത്രപ്രഭാഷണം, ചരിത്രപ്രഭാഷണം, പ്രോജക്ടുകള്‍...
  2. വാചികാവതരണങ്ങള്‍ ( ഗ്രൂപ്പ്), സെമിനാര്‍, സംവാദം, ചര്‍ച്ച,
  3. ആവിഷ്കാരങ്ങള്‍ ( കൊറിയോഗ്രാഫി, നാടകം...)
  4. നിര്‍മാണപ്രവര്‍ത്തനങ്ങള്‍
  5. തത്സമയ പ്രകടനങ്ങള്‍ ( ക്ലാസ് പി ടി എയിലെ അവതരണം, അഭിമുഖം, ശാസ്ത്രപരീക്ഷണം..)
  6. രേഖകള്‍ ( നോട്ട്ബുക്ക്, ഫയല്‍ ചെയ്തവ തുടങ്ങിയ പോര്‍ട്ട് ഫോളിയോയിലെ ഇനങ്ങള്‍ )
ഇവയെല്ലാം വീഡിയോഫോര്‍മാറ്റിലാക്കി അഞ്ചോപത്തോ മിനിറ്റ് ദൈര്‍ഘ്യമുളള ഡോക്യുമെന്റാക്കാം. അതല്ല ഒറ്റയ്ക് നില്‍ക്കുന്ന രീതിയിലും ആലോചിക്കാം. ഏതായാലും ആമുഖാവതരണവും ലക്ഷ്യവും വ്യക്തമാക്കിയിരിക്കണം. മൂന്നാമതൊരാള്‍ക്ക് മനിസിലാകും വിധം നിലവാരത്തെ വ്യാഖ്യാനിക്കാനും ശ്രദ്ധിക്കണം. എല്ലാ കുട്ടികള്‍ക്കും ഏതെങ്കിലും തരത്തില്‍ പ്രാതിനിധ്യം ഉണ്ടാകുന്നതിനു ശ്രമിക്കണം.
ഓരോ കുട്ടിക്കുമുളള ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ആണ്. ഓരോ വിഷയം തിരിച്ച് ഓരോ വിഷയത്തിലും മേഖലതിരിച്ച് കമ്പ്യൂട്ടറില്‍ സൂക്ഷിക്കാവുന്നതാണ്
ലേണിംഗ് ലോഗ്
ഇതു കുട്ടിയുടെ സ്വന്തം രേഖയാണ്. എനിക്കെന്തെല്ലാം കഴിവുകള്‍ ഈ ആഴ്ചയില്‍ നേടാനായി? എനിക്ക് ഏതെല്ലാം മേഖലകളില്‍ സഹായം ആവശ്യമുണ്ട്. പഠനവുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിലെ പ്രധാന കാര്യങ്ങള്‍, അവ്യക്തതയുളളവ, സ്വയം പഠനം നടത്തിയവ, വായിച്ച പുസ്തകങ്ങള്‍, പങ്കെടുത്ത പരിപാടികള്‍ എന്നിവയെല്ലാം ആകര്‍ഷകമായ രീതിയില്‍ കുറിക്കാം. ഈ രേഖ കുട്ടിയെ വിലയിരുത്താനും കുട്ടിയുടെ പഠനപ്രയാസം കണ്ടെത്തി സഹായിക്കാനും കുട്ടിയെ അംഗീകരിക്കാനും ഉപയോഗിക്കാം. ഇത്തരം രേഖകകള്‍ കുട്ടികളുടെ ആത്മബോധവും പഠനത്തിലുളള ഉടമസ്ഥതാവബോധവും വികസിപ്പിക്കും
അഭിമാനതാരങ്ങള്‍
ഓരോ കുട്ടിയുടെയും ഫോട്ടോ പ്രിന്റ് ചെയ്തുളള കാര്‍ഡുകളാണിവ. അതില്‍ കുട്ടിയുടെ നന്മകളും വ്യക്തിത്വഗുണങ്ങളും പഠനമികവുകളും രേഖപ്പെടുത്തണം. തുടര്‍ച്ചയായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറേക്കണ്ടത്. അധ്യാപികക്ക് ടീച്ചിംഗ് മാന്വലിന്റെ പ്രതികരണപ്പേജില്‍ നിന്നും കുറിപ്പിലേക്ക് ആവശ്യമായവ കണ്ടെത്താനാകും. ഒന്നാം ടേം പൂര്‍ത്തിയാകുന്നതോടെ ഏതൊരു കുട്ടിയെക്കുറിച്ചും വളരെ സവിശേഷമായ നാലഞ്ച് വാക്യങ്ഹള്‍ കുറിക്കാനാകും. ശ്രദ്ധിക്കേണ്ടത് സമാനവാക്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്നതാണ്. കുട്ടികള്‍ക്ക് പരസ്പരം അംഗീകാരം നല്‍കാനും അഭിമാനിക്കാനും ഇത് സഹായകമാകും. ഒന്നാം ടേം മുതല്‍ ഓരോ ദിവസം ഓരോ കുട്ടിയുടെ വീതം താരക്കാര്‍ഡ് ക്ലാസില്‍ ശ്രദ്ധേയമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണം. കുട്ടിയെ അന്ന് അഭിനന്ദിക്കണം. ഇത്തരം പ്രചോദനങ്ങള്‍ അവരെ വലിയ തോതില്‍ സ്വാധീനിക്കും. താരതമ്യം ചെയ്തു പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
വ്യക്തിത്വസാമൂഹ്യഗുണങ്ങള്‍ വിലയിരുത്തല്‍
വിലയിരുത്തലുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും രീതികളും നടപ്പിലാക്കേണ്ടത് ക്ലാസ് പാര്‍ലമെന്റ് കൂടി ഇത്തരം ആശയം ചര്‍ച്ച ചെയ്ത് ജനാധിപത്യ രീതിയിലാകണം. എത്രമാത്രം ജനാധിപത്യപരമാകുന്നുവോ ക്ലാസ്റൂം സംസ്കാരം അതനുസരിച്ച് കുട്ടിയിലും ജനായത്തബോധം വികസിക്കും. പരസ്പരബഹുമാനം, കൂട്ടായ പ്രവര്‍ത്തനം, വിഭവങ്ങള്‍ പങ്കിടല്‍, ഊഴം കാക്കല്‍, കൂട്ടായ തീരുമാനത്തെ വിലതിക്കല്‍, വൈവിധ്യത്തെ അംഗീകരിക്കല്‍, മറുപക്ഷ വാദങ്ങളെയും കാഴ്ചപ്പാടുകളെയും മാനിച്ചുകൊണ്ട് വിയോജിക്കല്‍, വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ കൈക്കൊളളല്‍, ജനപക്ഷത്തു നിന്നും ചിന്തിച്ചു പ്രവര്‍ത്തിക്കല്‍, തീരുമാനമെടുക്കാനുളള കഴിവ്, വിവേചനങ്ങള്‍ കണ്ടെത്തിപരിഹരിക്കാനുളള കടമനിറവേറ്റല്‍ എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. അവ മനുഷ്യനെ സൃഷ്ടിക്കാനുളള വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പരിസ്ഥിതിസംരക്ഷണം, വിഭവപരിപാലനം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, സര്‍ഗാത്മക ശേഷികള്‍, വിമര്‍ശനാവബോധം, ചരിത്രബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ സമീപിക്കാനുളള കഴിവ് തുടങ്ങിയവ കണക്കിലെടുക്കണം. സാമൂഹിക നൈപുണികള്‍ പ്രധാനമാണ്. ടാലന്റ് ലാബുമായി ബന്ധപ്പെട്ട കഴിവുകളും പരിഗണിക്കണം. ഇതെല്ലാം പഠനപ്രവര്‍ത്തനങ്ങള്‍, വിദ്യാരംഗം കലാസാഹിത്യവേദി, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ പാര്‍ലമെന്റ് , ക്ലാസ് തല സംഘാടന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിശകലനം ചെയ്ത് കണ്ടെത്തണം. ഇതെല്ലാം സംബന്ധിച്ച് ചെറിയ സൂചകങ്ങള്‍ കുട്ടിക്ക് മനസിലാകുന്ന ഭാഷയില്‍ വികസിപ്പിക്കണം.
ഫീഡ് ബാക്ക് രജിസ്റ്റര്‍
എല്ലാവരും ഫീഡ് ബാക്ക് നല്‍കുന്നുണ്ടെന്നാണ് വിശ്വാസം. ധനാത്മകവും ഗുണാത്മകവും പ്രചോദനാത്മകവും ആയിരിക്കും അതെന്നും കരുതാം. വാചികമായ ഫീഡ്ബാക്ക് തത്സമയവും രേഖപ്പെടുത്തിയുളളത് കുട്ടിയുടെ നോട്ട് ബുക്കിലും ആകും . പക്ഷേ എല്ലാ കുട്ടികള്‍ക്കും ഫീഡ്ബാക്ക് ലഭിക്കുന്നുണ്ടോ? അറിയില്ല. ഇതിനായി ഒരു രജിസ്റ്റര്‍ അധ്യാപിക സൂക്ഷിക്കണം. കുട്ടികളുടെ പേരിനു നേരെ എപ്പോഴൊക്കെ ഫീഡ് ബാക്ക് നല്‍കി എന്നും അതിന്റെ പ്രതിഫലനം ഉണ്ടായോ എന്നും സൂചിപ്പിക്കും വിധം ഒരു രജിസ്റ്റര്‍. സന്നദ്ധതയുളള അധ്യാപകര്‍, എല്ലാ കുട്ടികളെയും പരിഗണിക്കുന്ന അധ്യാപകര്‍, ഗവേഷണാത്മകമായി കാര്യങ്ങളെ കാണുന്ന അധ്യാപകര്‍ എന്നിവര്‍ക്ക് ഈ ആശയം പ്രയോജനപ്പെടുത്താവുന്നതാണ്.
വിലയിരുത്താനുളള ഉപാധികള്‍
അതത് അധ്യാപകര്‍ക്ക് വികസിപ്പിക്കാനാകണം. ചെക്ക് ലിസ്റ്റാണോ, റേറ്റിംഗ് സ്കേലാണോ എന്നൊക്കെ അവരവര്‍ തന്നെ തീരുമാനിക്കട്ടെ.
വൈവിധ്യമുളള രീതികള്‍
വിലയിരുത്തുന്നതിന് ഓരോ യൂണിറ്റിലും വൈവിധ്യമുളള രീതികള്‍ പ്രയോഗിച്ച് ഏറ്റവും ഫലപ്രദമായവ കണ്ടെത്തുകയാണ് വേണ്ടത്

2 comments:

  1. ഉള്ളിലെ അധ്യാപകനെ / അധ്യാപികയെ തിരിച്ചറിയാൻ പ്രേരകമാവുന്ന post. സമഗ്രമാണ്. ചിന്തോദീപകമാണ്. പ്രായോഗികമാണ്. പുതുമയുള്ളതുമാണ്. ഓരോ പ്രവർത്തനത്തിന്റെ വാക്കുകളാൽ ഉള്ള display ഉള്ളത് കൊണ്ട് confusion നും ഇല്ല.. അധ്യാപകർക്ക് ജീവൻ നൽകുന്ന ഇത്തരം postകൾ ക്ലാസ് മുറികളിൽ ഫലപ്രദമാകും. Scan ചെയ്തു നോക്കിയിട്ടും minus കൾ ഒന്നും കാണാനില്ല.

    ReplyDelete
  2. പുതുമ നിറഞ്ഞതാണ് ഡിജിറ്റൽ ഫോർട്ട് പോളിയോ ചെയ്തു നോക്കാവുന്നതാണ്,

    ReplyDelete

പ്രതികരിച്ചതിനു നന്ദി