Pages

Friday, September 6, 2019

എല്‍ എസ് എസ് ,യു എസ് എസ് കോച്ചിംഗ് ആശാസ്യമോ?

 എല്‍ എസ് എസ് പരീക്ഷാ വിശകലനം നടത്തി വിദ്യാഭ്യാസ പ്രവര്‍ത്തകനായ ശ്രീ പൗലോസ് മാഷിങ്ങനെ
എഴുത്
"വിദ്യാഭ്യാസ ഉപജില്ലകൾ പരിശോധിച്ചാൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്   കാസർകോഡ് ജില്ലയിലെ ചെറുവത്തൂർ (563 കുട്ടികൾ പരീക്ഷ എഴുതിയതിൽ 211 പേർ സ്കോളർഷിപ്പിന് അർഹത നേടി. 37.48 % )
രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ സൗത്ത് ( 479 ൽ 157 കുട്ടികൾ  . 32.78% ) പയ്യന്നൂർ ( 866 ൽ 279 കുട്ടികൾ .32.22 %) " ശ്രീ പൗലോസിന്റെ വിശകലനം അടിസ്ഥാനമാക്കി പല ഉപജില്ലകളും മു്ന്നിലെത്താന്‍ കോച്ചിംഗ് നടത്തുമോ എന്ന് എനിക്ക് ആശങ്ക. വടക്കന്‍ ജില്ലയിലെ ഒരു ഉപജില്ലാ ഓഫീസര്‍ വിദ്യാലയം സന്ദര്‍ശിച്ചപ്പോള്‍ ഞെട്ടിക്കുന്ന ഒരു സംഭവം കേട്ടു. നാലാം ക്ലാസിലെ കുട്ടി സ്വന്തം രക്ഷിതാക്കളോട് പറഞ്ഞത്രേ എല്‍ എസ് എസ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്. അത്രയ്ക് കുട്ടികളെ വിദ്യാലയങ്ങള്‍ പിരിമുറുക്കുന്നുണ്ട്. ഗ്രേഡിംഗ് സമ്പദായത്തിലേക്ക് നാം മാറിയത് അനാവശ്യമായ മത്സരബോധമില്ലാതാക്കാനാണ്. പക്ഷേ സങ്കുചിതബുദ്ധികളായ ഒരുപറ്റം അധ്യാപകര്‍ മാര്‍ക്ക് മാത്രമേ കൊടുക്കൂ. റാങ്ക് സിസ്റ്റം അവസാനിപ്പിച്ചപ്പോള്‍ എ പ്ലസ് ഫ്ലക്സ് ആടിത്തിമിര്‍ത്തു.എല്‍ എസ് എസ് പരീക്ഷയില് വിദ്യാലയം പഠനപ്രക്രിയാനിലവാരം ഉയര്‍ത്തി സ്വാഭാവികമായ രീതിയില്‍ വിജയം കരസ്ഥമാക്കട്ടെ.
ചെറുവത്തൂരില്‍ എന്താണ് സംഭവിച്ചത്?
കേരളത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഉപജില്ല എന്ന് എല്‍എസ് എസ് പരീക്ഷാവിജയം ചെറുവത്തൂരിനെ വിശേഷിപ്പിക്കുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ അവിടെയുളളവരുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. കിട്ടിയ വിവരങ്ങള്‍ പങ്കുവെക്കുന്നു. അക്കാദമിക രംഗത്ത് സജീവമായ ഉപജില്ലയാണത്.
അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കുറേയേറെ വിദ്യാലങ്ങള്‍ ചെറുവത്തൂരിലുണ്ട്. ഈ ഉപജില്ലയില്‍ നിന്നും വര്‍ഷങ്ങളായി എസ് ആര്‍ ജി അംഗങ്ങള്‍ ഉണ്ട്. 
എൽ എസ് എസ് ,യു എസ് എസ് വിജയത്തിനു പിന്നിൽ ഒരു വർഷത്തെ തുടർച്ചയായ പ്രവർത്തനങ്ങളാണ്. അധ്യാപകർ രക്ഷിതാക്കൾ ,വിദ്യാലയം, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ, ബിആർസി, പി ഇസി തുടങ്ങി എല്ലാ ഘടകങ്ങളും ഒന്നിച്ചപ്പോഴാണ് ഈ വിജയം ഉണ്ടായത്
1 ) എല്ലാ എൽ പി, യുപി വിദ്യാലയങ്ങളിലും ശാസ്ത്ര സഹവാസ ക്യാമ്പുകൾ - നക്ഷത്ര നിരീക്ഷണം, ഞങ്ങൾ ശാസ്ത്രത്തോടൊപ്പം - ശാസ്ത്ര പരീക്ഷണങ്ങൾ നടന്നു. ഇതിനായി ശാസ്ത്രാധ്യാപക പഠന കൂട്ടായ്മ സംഘടിപ്പിച്ചു
2 ) കുഞ്ഞു മലയാളത്തിളക്കം 1,2 ക്ലാസുകളിൽ - 2019 ജനുവരി മുതൽ - ഇപ്പോഴും തുടരുന്നു
3) പോസ്റ്റ് നാസ്-മലയാളം - 3 ,4, യു പി - അധ്യാപക പഠന കൂട്ടായ്മ
4) ഗണിത ലാബ് - എല്ലാ എൽ പി വിഭാഗങ്ങളിലും പൂർത്തിയായി
5)  ഉപജില്ലാതല അക്കാദമിക കോര്‍ ടീം .4,7 ക്ലാസിലെ അധ്യാപകരുടെ ഒരു കോർ ടീം രൂപീകരിച്ചു. കോർ ടീമിന്റെ നേതൃത്വത്തിൽ എൽ എസ് എസ്, യു എസ് എസ് പ0ന സഹായ സാമഗ്രി തയ്യാറാക്കി.4, 7 ക്ലാസിലെ മുഴുവൻ വിഷയങ്ങളിലെയും മുഴുവൻ യൂനിറ്റുകളും ഉൾപ്പെടുത്തിയാണ് ഈ സാമഗ്രി തയ്യാറാക്കിയത്. അതായത് എല്‍ എസ് എസ് , യു എസ് എസ് ചോദ്യങ്ങള്‍ വെച്ച് പരിശീലിപ്പിക്കുന്നതിനു പകരം ഓരോ യൂണിറ്റുമായും ബന്ധപ്പെടുത്തി ചോദ്യമാതൃകകള്‍ അവതരിപ്പിച്ചു. ഒപ്പം യൂണിറ്റ് വിനിമയ നിലവാരവും ഉയര്‍ത്താന്‍ ശ്രമിച്ചു
6)  അധ്യാപക പഠനക്കൂട്ടായ്മ - നല്ല നാല്
നാലാം ക്ലാസിലെ കുട്ടികൾ ഏറെ പ്രയാസപ്പെടുന്ന വ്യവഹാര രൂപങ്ങളായ ആസ്വാദന കുറിപ്പ് ,ഡയറിക്കുറിപ്പ് പത്രവാർത്ത എന്നിവ .നാലാം തരത്തിലെ മുഴുവൻ അധ്യാപകരെയും ഉൾപ്പെടുത്തി രണ്ട് വിദ്യാലയങ്ങളിൽ ഈ വ്യവഹാര രൂപങ്ങൾ ട്രൈ ഔട്ട് ചെയ്തു. കുട്ടികൾ തന്നെ ഗുണാത്മക സൂചകങ്ങൾ രൂപീകരിച്ച് വിലയിരുത്തി രചനകൾ മെച്ചപ്പെടുത്തുന്ന രീതിബോധ്യപ്പെടുത്താൻ കഴിഞ്ഞു. രണ്ടു വ്യവഹാരരൂപങ്ങളാണ് ട്രൈ ഔട്ട് ചെയ്തതെങ്കിലും പ്രക്രിയാപരമായ വ്യക്തത ലഭിക്കുന്നതിന് അത് സഹായകമായിരുന്നു. മറ്റു വ്യവഹാരരൂപങ്ങളുടെ വിനമിയത്തെ ഗുണപരമായി ഇത് സ്വാധീനിച്ചിട്ടുണ്ട്
7) ഗണിതാധ്യാപക പഠന കൂട്ടായ്മ - യു എസ് എസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പിന്നിൽ പോകുന്നത് ഗണിതത്തിലാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു കൂട്ടായ്മയിലേക്ക് നയിച്ചത്.ഞങ്ങൾ തയ്യാറാക്കിയ പഠനസാമഗ്രിയിലെ മുഴുവൻ ഗണിത ചോദ്യങ്ങളും ആ കൂട്ടായ്മയിൽ ചർച്ച ചെയ്തു.ഇത് അധ്യാപകർക്ക് കൂടുതൽതെളിച്ചം നൽകി
8) മാതൃകാപരീക്ഷ - എൽ എസ് എസ്, യു എസ് എസ് പരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി മാതൃകാപരീക്ഷ നടത്തി.
9) 3 ആഴ്ച തുടർച്ചയായി ഒരു ദിവസം ഒരു വിഷയം എന്ന രീതിയിൽ പരീക്ഷകൾ തുടർന്നു. ഓൺലൈൻ വഴിയാണ് ചോദ്യങ്ങൾ നൽകിയത്. ഇത് കുട്ടികളുടെ പരീക്ഷ പ്പേടി മാറ്റി 
10) ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചിട്ടയായ അക്കാദമിക മോണിറ്ററിംഗ്
മുമ്പ് റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിച്ച് നല്ല അക്കാദമിക ധാരണയുളളയാളാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍. അതിനാല്‍ത്തന്നെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഗുണനിലവാരം ഉയരത്തണമെന്ന് ആ്ഗ്രവും പരിപാടിയും അദ്ദേഹത്തിനുണ്ട്. അധ്യാപകര്‍ക്ക് വിദഗ്ധ പിന്തുണ നല്‍കാനദ്ദേഹത്തിനു കഴിവുണ്ട്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എം.കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത്.വിദ്യാലയ മോണിറ്ററിംഗ് പ്രധാന അജണ്ടയായി എടുത്ത ഓഫീസറായിരുന്നു അദ്ദേഹം. കേവലം കുറേ എൽ സ്എസ, യു എസ് എസ് നേടലായിരുന്നില്ല ലക്ഷ്യം. നാലാം തരം കഴിയുന്ന ഒരു കുട്ടി പോലും എഴുതാനും വായിക്കാനും കഴിയാത്തവരാകരുത് എന്ന വലിയ ലക്ഷ്യമാണ് മുന്നോടു വെച്ചത് .ഇത് പ്രാവർത്തികമാകാൻ എല്ലാവരും യത്നിച്ചപ്പോഴാണ് ഈ വിജയം ഉണ്ടായത്
11)ബിആർസി പിന്തുണ - പഠന സഹായ സാമഗ്രിയുടെ നിർമ്മാണം, മാതൃകാപരീക്ഷ, വിദ്യാലയങ്ങൾക്ക് നിരന്തര പിന്തുണ, എഇഒയോടൊപ്പം ക്ലാസ് മോണിറ്ററിംഗ്, ഓൺലൈൻ വഴി എന്നും ചോദ്യങ്ങൾ നൽകൽ എന്നിവയെല്ലാം നൽകി അധ്യാപകർക്കും കുട്ടികൾക്കും മികച്ച പിന്തുണ നൽകി
12)പി ഇ സി -എല്ലാ പി ഇ സി യോഗങ്ങളിലും അക്കാദമിക ചർച ഒരു പ്രധാന അജണ്ടയാക്കി.
13)പ്രഥമാധ്യാപകർ -എല്ലാ മാസവും പ്രഥമാധ്യാപകർക്ക് ഏകദിന പരിശീലനം .ക്ലാസ് മോണിറ്ററിംഗ് ഒരു പ്രധാന അജണ്ടയായി മാറ്റി.എല്ലാ പ്രഥമാധ്യാപകരും കുറഞ്ഞത് 10 ക്ലാസുകളെങ്കിലും മോണിറ്റർ ചെയ്യണം എന്ന കാര്യം നിർബന്ധമാക്കി ഇത് അധ്യാപകരെ കൂടുതൽ കർമോത്സുകരാക്കി.പ്രഥമാധ്യാപകർ അക്കാദമിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരായി
മുകളില്‍ സൂചിപ്പിച്ചവയില്‍ യോജിക്കാവുന്ന ചിലതുണ്ട്. മൂന്നാഴ്ച തുടര്‍ച്ചയായി പരീക്ഷ നടത്തിയതിനോട് എനിക്ക് വിയോജിപ്പുണ്ട്. പരീക്ഷയ്ക് നല്‍കിയ അമിതപ്രാധാന്യമായേ കാണാന്‍ കഴിയൂ. മറിച്ച് ക്ലാസ് റൂം പ്രക്രിയയും ക്ലാസ് തല വിലയിരുത്തലും ശക്തിപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്.പരീക്ഷാമാതൃക പരിചയപ്പെടുത്തുന്നതില്‍ അപാകതയില്ല. പക്ഷേ എന്നും ബിആര്‍ സി ഓണ്‍ലൈന്‍ വഴി ചോദ്യങ്ങള്‍ നല്‍കി എന്നത് എല്ലാ ദിവസവും കുട്ടികളെ എല്‍ എസ് എസില്‍ തളച്ചിട്ടതിനു തുല്യമാണ്.
ചെറുവത്തൂര്‍കാര്‍ തിരിച്ചറിഞ്ഞ ചില പരിമിതികൾ -
  •  തെരഞ്ഞെടുത്ത കുട്ടികൾക്ക് വൈകുന്നേരങ്ങളിലും ചില വിദ്യാലയങ്ങളിൽ രാത്രികളിൽ പോലും ക്ലാസുകൾ നൽകി. അധ്യാപകരും രക്ഷിതാക്കളും കൂടുതൽ വിജയത്തിനു വേണ്ടി ചെയ്തതാണെങ്കിലും ഒരിക്കലും അംഗീകരിക്കത്തക്കതല്ല
ഇത് പരിഹരിക്കാൻ ഈ വർഷം അവര്‍ ചില പ്രവർത്തന പദ്ധതികൾ ആലോചിച്ചിട്ടുണ്ട്.
1 പഠന സഹായ സാമഗ്രി പരിഷ്കരിക്കുക
2. ഓരോ യൂനിറ്റ് കഴിഞ്ഞ ശേഷവും ഒന്നോ രണ്ടോ പിരിയഡു കളിൽ ആ യൂനിറ്റിൽ വരുന്ന പഠനസാമഗ്രിയിലെ ചോദ്യങ്ങൾ എല്ലാ കുട്ടികൾക്കും നൽകുക
3. എല്ലാമാസവും കടന്നു പോയ യൂനിറ്റുകൾ ഉൾപ്പെടുത്തി മാതൃകാപരീക്ഷ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി നാത്തുക
4 പ്രഥമാധ്യാപക മോണിറ്ററിംഗ് ശക്തമാക്കുക
5. എ ഇ ഒ, ബിപിഒ, ഡയറ്റ് ഫാക്കൽറ്റി എന്നിവരുടെ ടീം മോണിറ്ററിംഗ് ശക്തമാക്കുക

എന്റെ നിര്‍ദേശങ്ങള്‍
  • എല്‍ എസ് എസിനു വേണ്ടി കോച്ചിംഗ് നടത്തുന്ന രീതി അവസാനിപ്പിക്കുക ( സംസ്ഥാനത്തെ ആദരണീയരായ പലരും ( വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍)  ഈ സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നണ്ട്)
  • വിദ്യാലയങ്ങള്‍ തമ്മിലുളള അനഭലഷണീയ മത്സരത്തിനുളള ഉപകരണമായി എല്‍ എസ് എസ് പരീക്ഷയെ മാറ്റാതിരിക്കുക
  • ഒന്നാം ടേം റിസല്‍റ്റ് വിശകലനം ചെയ്യണം. കൂടെ യൂണിറ്റ് ടെസ്റ്റുകളും ഏതെല്ലാം ശേഷികളിലാണ് ഉയര്‍ന്ന നിലവാരക്കാര്‍ കുറവ് അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക
  • ഉയര്‍ന്ന ഗ്രേഡ് വാങ്ങിയവരുടെ ഉത്തരക്കടലാസ് വീണ്ടും വായിച്ചുനോക്കുക. അവരുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനുളള മാര്‍ഗങ്ങള്‍ ആരായുക
  • ഓരോ യൂണിറ്റ് കഴിയുമ്പോഴും ഉയര്‍ന്ന ചിന്താശേഷികളെ പരിഗണിക്കുന്ന ചോദ്യങ്ങള്‍ തയ്യാറാക്കി വിലയിരുത്തല്‍ നത്തുക.
  •  പി സാ പരീക്ഷയിലും മറ്റും ഉപയോഗിക്കുന്ന ചോദ്യ മാതൃകയിലും  പരീക്ഷകള്‍ നടത്തുക. യൂണിറ്റ് ടെസ്റ്റുകളടക്കം.
  • എല്‍ എസ് എസ് കുട്ടികുളുടെ ലക്ഷ്യമാക്കാതിരിക്കുക. അവരെ അതിന്റെ പേരില്‍ സമ്മര്‍ദപ്പെടുത്തരുത്
  • എള്‍ എസ് എസ് പരീക്ഷ എഴുതാന്‍ എത്ര കുട്ടികള്‍ അര്ഹത നേടി എന്ന് ഉപജില്ലാതലത്തില്‍ വിശകലനം ചെയ്യണം. തുടര്‍ച്ചയായി കുറഞ്ഞ ശതമാനം കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുക
  • എല്‍ എസ് എസ് നേടുന്ന കുട്ടികളുടെ പഠനമാധ്യമം, സാമൂഹിക സാമ്പത്തിക സ്ഥിതി എന്നിവ പഠനവിധേയമാക്കുക. 
  • എല്‍ എസ് എസ് പരീക്ഷ പഠനപ്രക്രിയയെ ശക്തമാക്കാന്‍ സഹായകമാണോ എന്നും പരിശോധിക്കണം. 
  • പ്രത്യേക കേച്ചിംഗ് ഇല്ലാതെ എല്‍ എസ് എസ് നേടിയ കുട്ടികളും വിദ്യാലയവും അഭിമാനിക്കുന്ന അവസ്ഥ ഉണ്ടാകണം. 
  • മൊത്തം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള സന്ദര്‍ഭങ്ങളിലൊന്നായി എല്‍ എസ് പരീക്ഷയെ കാണുക. ചെറുവത്തൂരിലെ പ്രഥമാധ്യാപക മോണിറ്ററിംഗ്, ടീം മോണിറ്ററിംഗ്, ഉപജില്ലാ ഓഫീശരുടെ അക്കാദമിക ഇടപെടല്‍, അധ്യാപക പഠനക്കൂട്ടം, യൂണിറ്റ് വിനിമയം ശക്തിപ്പെടുത്താനുളള നീക്കം ഇവ മാതൃകയാക്കാവുന്നതാണ്.
  • കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി എല്‍ എസ് എസ് പരീക്ഷയ്ക് ഇരുന്ന കുട്ടികളുടെ എണ്ണം നോക്കുക. വര്‍ധനവ് പ്രകടമാണ്. ഇങ്ങനെ ഓരോ വിദ്യാലയവും പരിശോധിക്കണം. പരീക്ഷ എഴുതുന്നതിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികളുടെ ശതമാനത്തിലെ വര്‍ധനവും ഒരു ഗുണതാസൂചകമാണ്.  സംസ്ഥാനത്ത് എല്‍ എസ് എസ് വിജയശതമാനം ഒമ്പതില്‍ നിന്നും പതിനാലിലേക്ക് ഉയര്‍ന്നത് പരീക്ഷ എഴുതാന്‍ അര്‍ഹതയുളള കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് കാരണമാണോ  അതത് വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം മൂലമാണോ കോച്ചിംഗ് കാരണമാണോ എന്നത് കണ്ടെത്താന്‍ താരതമ്യപഠനം ആവശ്യമുണ്ട്.
  • എല്‍ എസ് എസ് പരീക്ഷയെ കരുതലോടെ ഉപയോഗിക്കണമെന്നാണ് എന്റ പക്ഷം.

1 comment:

  1. പുതിയ കാലത്ത് LSS / USS നേട്ടം മാത്രമാണ്
    പ്രൈമറി വിദ്യാലയത്തിൽ മികച്ച കുട്ടിയായി പിതാവിനെ പരിഗണിക്കാനുള്ള മാനദണ്ഡമായി പല വിദ്യാലയങ്ങളും അപൂർവം ചില രക്ഷിതാക്കളും ഉയർത്തിക്കാട്ടുന്നത്. കേവലം ഹയർ ഓർഡർ തിങ്കിനുള്ള ചോദ്യങ്ങൾ കാണാപ്പാഠം പഠിച്ചോ പ്രശന വിശകലനം നടത്തിയോ ഉത്തരമെഴുതി LS S / USS പരീക്ഷ വിജയിക്കുക എന്നതിൽ മാത്രമാണോ ലക്ഷ്യം വെക്കേണ്ടത്.( ഇതിനായി നാലാം ക്ലാസുകാരനെയും ഏഴാം ക്ലാസുകാരനെയും രക്ഷിതാക്കളും വിദ്യാലയവും അതിസമ്മർദ്ദത്തിലാക്കുകയും പഠനം ആപ്ലാദകരമാക്കുന്നതിന് പകരം യാതാനാ പൂർണമായ അനുഭവമാക്കി മാറ്റുകയും ചെയ്യുന്നു)
    പൊതു പരീക്ഷകളെ അംഗീകരിക്കണം.കുട്ടികളെ സന്തോഷത്തോടെ പരീക്ഷയെ നേരിടാൻ പ്രാപ്തമാക്കണം - അതാണ് വേണ്ടത്.
    പഠനം സന്തോഷകരമാക്കാനുള്ള പ്രവർത്തന പദ്ധതിക്കാണ് ഊന്നൽ നൽകുന്നത്.
    വിദ്യാലയത്തിന്റെ കാമ്പുള്ള പഠന പദ്ധതികളാണ് ആത്മ വിശ്വാസമുള്ള മികച്ച പഠിതാക്കളെ സൃഷ്ടിക്കുക. ഇവിടെ കുട്ടി എല്ലാ മേഖലയിലും ഒന്നാമനായിരിക്കും. അവൻ കേവല പുസ്തകത്തിന് മുന്നിൽ മാത്രം ചടഞ്ഞിരിക്കുന്നവനാകില്ല.മറിച്ച് അറിവിലും കഴിവിലും നിങ്ങളെ വിസ്മയിപ്പിക്കുന്നവനായിരിക്കും.
    അതല്ലേ നമുക്ക് വേണ്ടത്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി