Pages

Wednesday, October 30, 2019

മയ്യിച്ചയിലെ കൊച്ചുകൊച്ചു നന്മകള്‍


കാസര്‍കോ‍ഡ് ജില്ലയിലെ ചെറുവത്തൂരിലുളള മയ്യിച്ച എല്‍ പി സ്കൂളില്‍ യാദൃശ്ചികമായിട്ടാണ് ഞാന്‍ എത്തിയത്. വിദ്യാലയത്തിനു പുറത്ത് വലിയൊരു ബോര്‍ഡുണ്ട്. മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കൂ. അവര്‍ മിടുക്കരായി വളരട്ടെ എന്നതാണ് സന്ദേശം.
 കയറിച്ചെല്ലുമ്പോള്‍ ഒരു നടുത്തളം. ഡി പി ഇ പി യുടെ ഭാഗമായി നിര്‍മിച്ച സ്കൂള്‍ കെട്ടിടമാണ്. അതിനാലാകണം വേറിട്ട രൂപകല്പന. ആ നടത്തുളത്തിന്റെ ചറ്റും കുട്ടികളുടെ പഠനോല്പന്നങ്ങളും മറ്റു പഠനോപകരണങ്ങളും ആകര്‍ഷകമായി വിന്യസിച്ചിരിക്കുകയാണ്. ഇത്തരമരു പഠനോല്പന്ന മ്യൂസിയം ഞാന്‍ മറ്റൊരു വിദ്യാലയത്തിലും കണ്ടിട്ടില്ല. കൗതുകം തോന്നി എന്റെ കൂടെയുണ്ടായിരുന്ന സുരേഷ് സാര്‍ ഓരോന്നും എടുത്തു നോക്കി. വിഷയാടിസ്ഥാനത്തില്‍ ഫയലുകളുണ്ട്. അതില്‍ ധാരാളം വിഭവങ്ങള്‍. ഉദാഹരണത്തിന് പ്രാണി എന്ന ഫയലില്‍ നിങ്ങള്‍ക്ക് വിവിധതരം പ്രാണികളുടെ ചിത്രങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുളള കുറിപ്പുകളും കാണാം. അവ കുട്ടികളുടെ കൈപ്പടയിലാണ്. അവര്‍ വെട്ടി ഒട്ടിച്ചതുമാണ്.
 ഇതാ ഈ പോസ്റ്റര്‍ കണ്ടോ? കടലാസ് ചുരുട്ടിയാണ് റോക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്. അതിനു താഴെ കോണാകൃതിയില്‍ കടലാസ് കുമ്പിളുകുത്തി കത്തിയെരിയുന്ന ഇന്ധനസൃഷ്ടിയും നടത്തി. പോസ്റ്ററിനെ ത്രമാനസ്വഭാവമുളളതാക്കി മാററിയിരിക്കുന്നു. സാധ്യതകള്‍ തേടുന്ന അധ്യാപകമനസ് ഇവിടെയുണ്ടെന്നു വ്യക്തം.
 മൂന്നാം ക്ലാസിലെ ഷെല്‍ഫില്‍ നിറയെ ഗണിത പഠനോപകറണങ്ങള്‍ കണ്ടു. അവ ഉപയോഗിച്ച് വക്ക് തേഞ്ഞവയാണ്. സംഖ്യകള്‍ക്കും മങ്ങലുണ്ട്. അത് വിദ്യാലയം ഉണ്ടാക്കിയതാണ്. പ്രയോജനപ്പെടുത്തുന്നതിന്റെ വിശദീകരണം കുട്ടികള്‍ തന്നു.
 തീരുന്ന പ്ലാസ്റ്റിക് പേനകളെല്ലാം ഇതില്‍ നിക്ഷേപിക്കണം. വലിച്ചെറിയരുത്. അധ്യാപകര്‍ ഒന്നുകില്‍ അവ പഠനോപകരണമാക്കും അല്ലെങ്കില്‍ സംസ്കരിക്കുന്ന സംവിധാനത്തിലേക്ക് കൊടുക്കും.
 സമഗ്രശിക്ഷാ കേരളം ഇംഗ്ലീഷ് വായനാക്കാര്‍ഡുകള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മയ്യിച്ച സ്കൂളില്‍ ഓരോ കുട്ടിയും എത്ര വായനക്കാര്‍ഡു വീതം വായിച്ചു എന്നതിന്റെ തെളിവുണ്ട്.സായന്തന പതിനാറ് കാര്‍ഡുകള്‍ കഴിഞ്‍ഞു. മലയാളം പുസ്തകങ്ങള്‍ വായിച്ചതിന്റെ ചാര്‍ട്ടും ഓരോ കുട്ടിയും ഭിത്തിയില്‍ ഒട്ടിച്ചിട്ടുണ്ട്. വായന നടക്കട്ടെ. വായനക്കാരെ അംഗീകരിക്കട്ടെ.
കുട്ടികള്‍ക്കോ അധ്യാപികയ്കോ ചോദ്യങ്ങള്‍ എഴുതി പെട്ടിയിലിടാം. അതിനുളള ഉത്തരം അടുത്ത ദിവസം രാവിലെ കുട്ടികള്‍ നിക്ഷേപിക്കും. അവ എടുത്ത് ക്ലാസില്‍ വായിക്കും. അഭിനന്ദിക്കും. കുട്ടികള്‍ക്കു മാത്രമല്ല അധ്യാപികയ്കും ഉത്തരം ഇടാമല്ലോ. എന്തെന്തു സംശയങ്ങളാണ് കുഞ്ഞുമനസുകളില്‍ ഉണ്ടാവുക. അത് ഉന്നയിക്കാനൊരു മാര്‍ഗം . ലളിതമെങ്കിലും അന്വേഷണാത്മകതയെ പ്രോത്സാഹിപ്പിക്കുന്നത്.
 ഒന്നാം ക്ലാസില്‍ കുഞ്ഞുമലയാളം പരിപാടി നടപ്പിലാക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും വായനക്കാര്‍ഡ് സമഗ്രശിക്ഷ കാസര്‍കോഡ് ലഭ്യമാക്കിയിരിക്കുന്നു. ഞാന്‍ ചെന്നപ്പോള്‍ എല്ലാവരുടെയും വശം കാര്‍ജുകളുണ്ട്. ആരാ വായിക്കുക? എല്ലാവരും റെഡി. ഒരു മോളോടു ഞാന്‍ പറഞ്ഞു എന്നെ വായിച്ചു കേള്‍പ്പിക്കാമോ?
അവള്‍ ഉഷാറായി. ഒഴുക്കോടെ വായന. മതി ഒന്നാം ക്ലാസിന്റെ മികവ്.
കൊച്ചു കൊച്ചു നന്മകളാണ് കണ്ടെത്തിയത്. അധ്യാപനപ്രക്രിയ ആസ്വദിക്കാനുളള സമയം ലഭിച്ചില്ല. തൃപ്തിയുണ്ട്.
മടക്കയാത്രയില്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ മൂന്നുനാലു അധ്യാപക സുഹൃത്തുക്കള്‍. എസ് സി ഇ ആര്‍ ടിയിലേക്ക് പോകാനായി വന്നവരാണ്. ഏതോ ശില്പശാലയില്‍ പങ്കെടുക്കാനാണ്. അപ്പോഴാണ് ആ  സവിശേഷത എന്റെ മനസ് ശ്രദ്ധിച്ചത്. ചെറുവത്തൂരില്‍ നിന്നും ഒന്നാം ക്ലാസ് മുതല്‍ ഹൈസ്കൂള്‍ തലം വരെ എത്രയെത്ര റിസോഴ്സ് പേഴ്സണ്‍സാണ് സംസ്ഥാനത്തിന് അക്കാദമിക സംഭാവനകള്‍ നല്‍കുന്നത്! അക്കാദമികമായി ചെറുവത്തൂരിന് ഒരു മേല്‍ക്കൈ ഉണ്ടായത് അന്വേഷണാത്മക ചിന്തയുളള അധ്യാപകരുളളതിനാലാകണം.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി