Pages

Wednesday, May 6, 2020

കാര്‍ട്ടൂണ്‍ ഡയറിയുടെ ട്രൈ ഔട്ടും വഴിവിളക്കും


മെ.യ് അഞ്ച് ലോക കാര്‍ട്ടൂണിസ്റ്റ് ദിനമാണ്. ഞാന്‍ മെയ് നാലിന് കാര്‍ട്ടൂണ്‍ ഡയറി
എന്ന ആശയം ഒരു വീഡിയോ പാഠമായി അധ്യാപകക്കൂട്ടായ്മകളിലേക്ക് പങ്കിട്ടു. മെയ് അഞ്ചാം തീയതി കുട്ടികളുടെ ഉല്പന്നങ്ങള്‍ ലഭിച്ചുതുടങ്ങി. അങ്ങനെ കാര്‍ട്ടൂണിസ്റ്റ് ദിനം സമുചിതമായി ആചരിക്കാനായി. ലോക കാര്‍ട്ടൂണിസ്റ്റ് 1895 മേയ് 5 ലാണ് ലോകകാര്‍ട്ടൂണിസ്റ്റ് ദിനത്തിന്റെ ഓര്‍മവേര് എത്തുക. ന്യൂയോര്‍ക്കിലെ യെല്ലോ വേള്‍ഡ് എന്ന പ്രസിദ്ധീകരണം‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ എന്താണ് മാര്‍ഗം എന്നാലോച്ചു. റിച്ചാര്‍ഡ്‌സ് ഔട്ട് കോള്‍ട്ട് എന്ന കാര്‍ട്ടൂണിസ്റ്റ് ഒരു ചിത്രം വരച്ചു നല്‍കി. മഞ്ഞ ഉടുപ്പിട്ട കുട്ടിയായിരുന്നു അത് . മഞ്ഞച്ചെക്കന്‍ ലോകശ്രദ്ധ നേടി. ‘യെല്ലോ കിഡ്ഡ്’ എന്ന് വിളിപ്പേരും വീണു. യെല്ലോ കിഡ്ഡിനൊപ്പം കാര്‍ട്ടൂണും ലോക ശ്രദ്ധ പിടിച്ചു പറ്റി. 1919 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച മഹാക്ഷാമദേവത (വിദൂഷകൻ മാസിക) എന്ന കാര്‍ട്ടൂണാണ് കേരളത്തിലെ ആദ്യ കാര്‍ട്ടൂണായി പരിഗണിക്കുന്നത്.
വീഡിയോ പാഠങ്ങളുടെ ട്രൈ ഔട്ട്
കോവിഡ് കാലത്ത് ആറ് വീഡിയോ പാഠങ്ങളാണ് ഞാന്‍ തയ്യാറാക്കിയത്.
അതിലൊന്നാണ് കാര്‍ട്ടൂണ്‍ ഡയറി.
എന്റെ വിദ്യാലയസന്ദര്‍ശനാനുഭവങ്ങളും സിനിമഗാനങ്ങളും കോര്‍ത്തിണക്കി ബാല്യകാലാനുഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒന്നാം ഭാഗവും കാര്‍ട്ടൂണ്‍ ഡയറി എന്ന് ആശയത്തെ ഉദാഹരണസഹിതം വ്യക്തമാക്കുന്ന രണ്ടാംഭാഗവുമാണ് തയ്യാറാക്കിയ വീഡിയോ പാഠത്തിലുളളത് (യുകട്ട് വിഡിയോ എഡിറ്ററാണ് വീഡിയോപാഠം തയ്യാറാക്കാനായി ഉപയോഗിച്ചത്. ലളിതവും മിക്കവാറും എല്ലാ ആവശ്യങ്ങള്‍ക്കും പര്യാപ്തവുമാണ് ആ ആപ്പ് )
വഴിവിളക്ക് അധ്യാപക്കൂട്ടായ്മയും അധ്യാപകക്കൂട്ടവും ഈ വീഡിയോപാഠം പങ്കിട്ടു. ട്രൈ ഔട്ടു നടത്താന്‍ അധ്യാപകര്‍ സന്നദ്ധരായി. വഴിവിളക്ക് ഗവേഷണാത്മക അധ്യാപനം ഏറ്റെടുക്കാന്‍ സന്നദ്ധതയുളള ഒരു സംഘം അധ്യാപകരുടെ വേദിയാണ്. അവിടെ ആദ്യ പ്രവര്‍ത്തനമായി ഈ വീഡിയോ പാഠം ഏറ്റെടുക്കപ്പെട്ടു.

ട്രൈ ഔട്ട് ലക്ഷങ്ങൾ വ്യക്തമാക്കി കുറിപ്പു നല്‍കിയിരുന്നു. അതിവയാണ്

1. വ്യവഹാര രൂപ നിർമിതിയിലേക്ക് നയിക്കുന്നതിന് സഹായകമായ ആശയതലം സൃഷ്ടിക്കുന്നതിൽ വീഡിയോയുടെ സാധ്യത കണ്ടെത്തുക.

2. നിർമിക്കേണ്ട വ്യവഹാര രൂപത്തിൻ്റെ സവിശേഷതകൾ സംബന്ധിച്ച് ഉദാഹരണവും സൂചനകളും നൽകി വ്യക്തത വരുത്തുക

3. നിലവിലുപയോഗിക്കുന്ന ഡയറി, ആത്മകഥ എന്നീ വ്യവഹാര രൂപങ്ങളിൽ കാർട്ടൂൺ ഡയറി എന്ന പുതിയ സാധ്യതക്ക് ഇടമുണ്ടൊ എന്ന് അന്വേഷിക്കുക

4. കുട്ടികളുടെ സർഗാത്മകത ഭാഷാ മികവിനായി പ്രയോജനപ്പെടുത്തുക

5. ചിത്രീകരണ സഹിത രചന ഭാഷാ മികവിന് എന്ന ആശയം പ്രയോഗിച്ചു നോക്കുക

6 . വളരെ കുറച്ചു സമയം (5 മിനിറ്റ് ) കൊണ്ട് പ്രവർത്തനാവതരണം ഫലപ്രദമായി നടത്തി കൂടുതൽ സമയം കുട്ടികൾക്ക് രചനയ്ക്കായി വിനയോഗിക്കാൻ അവസരം ഒരുക്കുക (ക്ലാസിലെ ടൈം മാനേജ്മെൻ്റ് )

ഒരുവീഡിയോ പാഠം മാത്രം കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയോ? പോര കൃത്യമായ നിര്‍ദേശങ്ങള്‍ ടൈപ്പ് ചെയ്തു നല്‍കണം. അല്ലെങ്കില്‍ വീഡിയോ പലതവണ കാണേണ്ടിവരും. നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍
കുട്ടികൾക്ക് നൽകേണ്ട നിർദ്ദേശങ്ങളും തയ്യാറാക്കി.

പ്രിയപ്പെട്ട കുട്ടികളേ,



1 വീഡിയോ കണ്ടല്ലോ ? എന്താണ് നാം എഴുതേണ്ടത്?

  • കാർട്ടൂൺ ഡയറി.


 2. എന്തെല്ലാമാണ് ഉൾപ്പെടുത്തേണ്ടത്?

  • കുട്ടിക്കാലത്തെ സംഭവങ്ങൾ, പ്രധാന സംഭവങ്ങൾ
  • മനസിൽ തങ്ങി നിൽക്കുന്നവ
  • പല വർഷങ്ങളിലേത്.


3 എങ്ങനെയാണ് എഴുതേണ്ടത്?



  • സംഭവങ്ങളുടെ ക്രമീകരണം നടത്തണം
  • വർഷം സൂചിപ്പിക്കാം
  • ഏകദേശ മാസവും ദിവസവും ഊഹിച്ചെഴുതാം ( ഊഹമാണേ)
  • ആ സംഭവത്തിൻ്റെ ചിത്രം വരയ്ക്കണം
  • ചിത്രത്തിൻ്റെ ഭംഗിയല്ല കുട്ടിത്തമാണ് പ്രധാനം.
  • എന്നിട്ട് കാര്യം എഴുതണം.
  • സംഭാഷണങ്ങൾ ചേർക്കാം.
  • കൗതുകം ജനിപ്പിക്കുന്ന രീതി പരീക്ഷിക്കാം
  • ഓരോ സംഭവത്തിനും വ്യത്യസ്ത രചനാരീതി ആലോചിക്കാം
  • അനുഭവതീവ്രത വേണ്ടിടത്ത് ഭാഷ അതനുസരിച്ചു വേണം.
  • ഭാഷാഭംഗി ശ്രദ്ധിക്കണം.
  • കുറുകിയ വാക്യങ്ങൾ നന്നാകും (ആവശ്യമെങ്കിൽ ).
  • കാർട്ടൂൺ ഡയറിയാണ്. ഞാൻ, എനിക്ക്, എൻ്റെ എന്നിങ്ങനെ അവരവരുടെ പക്ഷത്തുനിന്ന് എഴുതുന്ന രീതിയിൽ വേണം.
  • ഭാവന കൂട്ടിച്ചേർക്കാം. സാങ്കൽപികമായ കാര്യങ്ങളും ആകാം .
  • പക്ഷേ വിശ്വസനീയമായ രീതിയിൽ വേണം അത് അവതരിപ്പിക്കാൻ.
  • പരാമർശിക്കുന്ന വ്യക്തികളുടെ പേരു മാറ്റി ഉപയോഗിക്കാം.
  • ഇതൊക്കെ മനസിൽവെച്ച് എഴുതിത്തുടങ്ങു..
  • എത്ര പേജുവേണമെന്ന് അവരവർക്ക് തീരുമാനിക്കാം. 
  • എല്ലാ ക്ലാസുകളിലെ കുട്ടികൾക്കും പങ്കെടുക്കാം"
വഴിവിളക്കിലെ അധ്യാപകരില്‍ ചിലര്‍ സ്വന്തമായി വീഡിയോ പാഠം തയ്യാറാക്കി. അവരവരുടെ കുട്ടികളോട് അവര്‍തന്നെ സംവദിക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്തത്. അവതരണതന്ത്രത്തിന്റെ സ്വയം പരിശീലനവുമായി അത് മാറി. അധ്യാപകര്‍ പുതിയ കഥകളും പാട്ടുകളും ഉള്‍പ്പെടുത്തി കുട്ടിക്കാല അനുഭവങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കല്‍ തീവ്രമാക്കുന്നതിന് ശ്രമിച്ചു. ഒരു മാതൃക നല്‍കുമ്പോള്‍ അത് അതേ പോലെ സ്വീകരിക്കുന്നതിനേക്കാല്‍ തന്റെ ക്രിയാത്മകത കൂടി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കാനുളള നീക്കം അഭിനന്ദനാര്‍ഹമാണ്.
ട്രൈ ഔട്ട് ഫലങ്ങള്‍ എന്താണ്?
കുട്ടികളുടെ ഉല്പന്നങ്ങള്‍ ആദ്യം പരിശോധിക്കാം.( എല്ലാവരുടെയും പങ്കിടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടേ) ഇംഗ്ലീഷിലും മലയാളത്തിലുമുളളവയുണ്ട്. എഡിറ്റിംഗ് നടത്താത്തവയാണ് എന്നത് ശ്രദ്ധിക്കുമല്ലോ.
 



















































 ധന്യടീച്ചര്‍, സിന്ധുടീച്ചര്‍, ചന്ദ്രബാബുമാഷ്, സുധടീച്ചര് എന്നിവര്‍ അയച്ചവയാണിവിടെ പങ്കിടുന്നത്.

വിലയിരുത്തലുകള്‍
  • കുട്ടികൾ ഈ പ്രവർത്തനം വളരെ താല്പര്യത്തോടെ ഏറ്റെടുത്തു.അധികം എഴുതേണ്ടി വരുന്ന സന്ദർഭങ്ങളിൽ കാണിക്കാറുള്ള മടി ഈപ്രവർത്തനത്തിൽ ഉണ്ടായില്ല.ചിത്രം വരയ്ക്കാനുള്ള താല്പര്യം ഇവിടെ പ്രയോജനപ്പെട്ടു.എത്ര പേജുകൾ വേണമെങ്കിലും തയ്യാറാക്കാൻ കുട്ടികൾ 'റെഡി'യാണ് (സിന്ധുടീച്ചര്‍)
  • ഇന്നലെ  ഞാനും ഒരു Video അവതരിപ്പിച്ചു.
    10 കുട്ടികളെയാണ് ഇതിൽ പങ്കെടുപ്പിച്ചത്. കർട്ടൂൺ ഒർമ്മ പതിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കാൻ കുട്ടികൾക്ക് നിർദ്ദേശം നല്കിയിരുന്നു.
    നേരിട്ട പ്രശ്നങ്ങളും, എൻ്റെ കണ്ടെത്തലുകളും പറയട്ടെ, 
     online Video ക്ലാസ്സുകൾ  ഏറ്റവും ഫലപ്രദമായി മുൻപോട്ടു കൊണ്ടു പോകാൻ കഴിയുന്നുണ്ടെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് ഉറപ്പാണ്.( ഭാഷ, ഭാവം ,തെളിച്ചം, Voice modulation, എന്നിവ കൃത്യമായി പാലിച്ച് .)
    Time management ന് ശരിയായ ധാരണ വേണം.(ഞാൻ 5 മിനിറ്റാണ് introduction ന് വിചാരിച്ചത്.പക്ഷെ 11 മിനിറ്റ് വേണ്ടി വന്നു.)
    സ്വന്തം ക്ലാസിലെ കുട്ടികളെ മനസ്സിൽ വിചാരിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.( ആദ്യമായി ചെയ്യുന്ന നമുക്കെല്ലാവർക്കും ഇത് എത്രത്തോളം ശരിയാകുമെന്ന ടെൻഷൻ ഉണ്ടാകും.നാലോ അഞ്ചോ video കഴിയുമ്പോഴേക്കും  എല്ലാം നേരെയാകുമെന്ന് ഉറച്ച് വിശ്വസിക്കുക.
    നമ്മൾ ഏറ്റെടുത്ത Task എത്രത്തോളം വിജയിച്ചുവെന്ന് സ്വയം മനസ്സിലാക്കിയാൽ മുന്നോട്ട് പോകാനുള്ള ഊർജ്ജം താനെ ലഭിക്കും (കുട്ടികളുടെ products നോക്കിയാൽ മനസ്സിലാക്കാമെന്ന് തോന്നുന്നു.)  ഇതൊക്കെ എൻ്റെ അഭിപ്രായങ്ങളാണ് കേട്ടോ.. തെറ്റുണ്ടെങ്കിൽ അറിയിക്കണേ..: ( സുധ ടീച്ചര്‍)
     
  • വഴിവിളക്ക്... ഗവേഷണാത്മകമായി അദ്ധ്യാപകനത്തെ സമീപിക്കുന്നവരുടെ ഓൺലൈൻ കൂട്ടായ്മ.. 15 കുട്ടികളെ ഞാൻ ഗവേഷണത്തിനായി ഉപയോഗപ്പെടുത്തുന്നു.. കലാധരൻ മാഷ് മുന്നോട്ടു വെച്ച വീഡിയോ പാഠം എന്ന ആശയം ഞാനും ഏറ്റെടുത്തു. മാഷ് മാതൃകയായി നൽകിയ വീഡിയോ ആദ്യം കുട്ടികൾക്ക് കൊടുത്തു. ആവശ്യമായ ചർച്ചകൾ ഗ്രൂപ്പിൽ നടന്നിരുന്നു. അവർക്ക് സന്ദർഭങ്ങൾ ഓർത്തെടുക്കാൻ അവസരമൊരുക്കി. ചിത്രീകരണം നടത്തി ഡയറിയാക്കാൻ ആവശ്യപ്പെട്ടു. കുറച്ചു പേർ നന്നായി ചെയ്തു.. രണ്ടു പേർ ചിത്രം വരച്ചാൽ ശരിയാകുന്നില്ലെന്നു പറഞ്ഞു ഒഴിഞ്ഞു നിന്നു. അവർക്ക് പിന്തുണയും പ്രോത്സാഹനവും ആത്മവിശ്വാസവും നൽകി... ചെയ്തെടുത്തു.. പക്ഷെ.. അവരുടെ ചിത്രങ്ങൾ എന്നെ അദ്‌ഭുദപ്പെടുത്തി. മനോഹരം... വലിയ perfection ലക്ഷ്യം വെച്ച് ഇരുന്നതാണ്..മനസ്സിനെ സ്വാധീനിച്ച സംഭവം, വേദനിപ്പിച്ച കാര്യം, കൗതുകം നൽകിയത്,... അങ്ങനെ ഓർത്തെടുത്തു വരച്ചവ,,, എഴുതി അയച്ചു തന്നു. നിസ്സാരമായി തോന്നുന്ന ഓരോന്നും കുഞ്ഞുമനസ്സിനെ എത്ര ആഴത്തിലാണ് സ്പർശിച്ചിട്ടുള്ളത്.  എല്ലാവർക്കും പ്രോത്സാഹനം കൊടുത്തു.. അഭിനന്ദിച്ചു,, സമ്മാനങ്ങൾ കൊടുത്തു.. പോസിറ്റീവ് കമന്റ്‌ കൊടുത്തു....
            അതിനു ശേഷം ഞാൻ ഒരു വീഡിയോ ചെയ്തു. ഒരു കഥയാണ് എടുത്തത്. ഭാവത്തോടെ കഥ അവതരണം നടത്തി. അമ്മയുടെ വാത്സല്യം... സ്നേഹം,, പരിചരണം.. ഓർമ്മപ്പെടുത്തി.. സ്വന്തം അമ്മയെ വരയ്ക്കാൻ,, അമ്മയുമൊത്തുള്ള രസകരമായ സന്ദർഭങ്ങൾ കാർട്ടൂൺ രൂപത്തിൽ ചിത്രീകരിക്കാനും നിർദേശിച്ചു. ഇഷ്ടം പോലെ മുഹൂർത്തങ്ങൾ... അവർ വരച്ചു, എഴുതി തയ്യാറാക്കി.. ചിത്രങ്ങൾ വരക്കാനും കൊച്ചു വാചകങ്ങളിൽ വിശദീകരിക്കാനും എന്താ ഉത്സാഹം.. അമ്മയെ കുറിച്ച് കവിതകൾ എഴുതി.. ഗ്രൂപ്പിൽ പങ്കു വെച്ചു.... എന്റെ വീഡിയോക്ക് അവരിൽ നിന്നും കിട്ടി ഫീഡ്ബാക്ക്.. "ടീച്ചർ.. വല്ലാത്ത ഗൗരവത്തിലായിരുന്നു എന്ന്.. "  ശരിയാണ്.. നേരിട്ട് കുട്ടികൾക്ക് മുന്നിൽ നിൽക്കുമ്പോൾ നമുക്ക് പരിമിതികൾ ഇല്ലല്ലോ.. അവിടെ ഞങ്ങളുടെ ലോകമാണ്... ഞങ്ങൾ മാത്രമുള്ള ലോകം.. അവിടെ വലുപ്പവും ചെറുപ്പവുമില്ല... ശരിയും തെറ്റുമില്ല.... എന്തായാലും അടുത്തതിൽ ശരിയാക്കാമെന്ന് വാക്ക് പറഞ്ഞു.. വീഡിയോ പാഠം ചെയ്യുന്നത് കുട്ടികൾ ഏറ്റെടുത്തു എന്നുറപ്പായി.. (ധന്യ ടീച്ചർ)
  •  ഒന്നാം ക്ലാസുകാര്‍ മുതലുളളവരുടെ രചനകള്‍ കിട്ടിയിട്ടുണ്ട്. കൗതുകത്തോടെ കുട്ടികള്‍ ഏറ്റെടുത്തു. ഭാഷാ ക്ലാസുകളില്‍ പുതുമകളുളള പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ കുട്ടിക്ക് ഭാഷാവികസനം ആസ്വാദ്യമാകും.
  • ഇംഗ്ലീഷിലും മലയാളത്തിലും കാര്‍ട്ടൂണ്‍ ഡയറി സാധ്യതയാണ്
  • വലിയ മുന്നൊരുക്കമില്ലാതെ വിജയിപ്പിക്കാനായി.
  • വീഡിയോപാഠങ്ങള്‍ അധ്യാപകപരീശനരീതിയായി മാറുന്നുണ്ട്
  • ഓരോ അധ്യാപികയും തങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് ട്രൈ ഔട്ട് ഏറ്റെടുത്തത്
  • കുട്ടികള്‍ക്ക് നല്‍കേണ്ട ഫീഡ് ബാക്ക്, ഓണ്‍ലൈനിലൂടെ എപ്രകാരമാണെന്നും ട്രൈഔട്ട് നടത്തണം.
  • കുട്ടികള്‍ പരസ്പരം രചനകള്‍ വായിച്ച് പ്രതികരിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കണം.
  • ചിത്രീകരണത്തില്‍ എല്ലാ കുട്ടികളും ഏര്‍പ്പെട്ടു. 
പ്രിയപ്പെട്ടവരേ വീഡിയോ പാഠങ്ങളെക്കുറിച്ചുളള വിമര്‍ശനങ്ങളും പോരൊയ്മകളും പറയണേ. അവ മെച്ചപ്പെടാനുളള അവസരമാണ്. ഒപ്പം നിങ്ങള്‍ക്കും ഇത്തരം സാധ്യതകള്‍ പരീക്ഷിച്ചുനോക്കുകയുമാകാം. ക്രിയാത്മകമായ നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
ട്രൈ ഔട്ട് ഏറ്റെടുത്ത വഴിവിളക്ക് ടീമിന് ആശംസകള്‍ നേരുന്നു.
അധ്യാപകക്കൂട്ടത്തിന് നന്ദിയും രേഖപ്പെടുത്തുന്നു

9 comments:

  1. വീഡിയോ പാത്തിൽ രണ്ട് സിനിമാഗാനങ്ങൾ ഉൾപ്പെടുത്തിയതെന്തിന് വേണ്ടിയാണ്? ഓർമ്മ പുസ്തകം തയ്യാറാക്കുമ്പോൾ അതിൽ ഉപയോഗിക്കേണ്ട ഭാഷാപ്രയോഗങ്ങൾ എങ്ങനെയൊക്കെ ആകാം ആകണം എന്നതിനെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു വെന്നാണ് ഞാൻ മനസ്സിലാക്കിയത്. പക്ഷെ ഇവിടെ കണ്ട എല്ലാ ഓർമ്മ പുസ്തകങ്ങളും വായിച്ചു. എന്നാൽ അത്തരം സാധ്യത കുട്ടികൾ പ്രയോജനപ്പെടുത്തിയതായി കണ്ടില്ല. ഒരു കുട്ടി മാത്രം മാമ്പഴത്തിന്റെ മാധുര്യം ചക്കര മാമ്പഴം എന്ന പ്രയോഗത്തിലൂടെ പറയാൻ ശ്രമിച്ചു. മറ്റുള്ളവർ ചില അനുഭവങ്ങൾ ചിത്രം ഉൾപ്പെടുത്തി രേഖപ്പെടുത്തി.കാർട്ടൂൺ ചിത്രങ്ങളും സാധാരണ ചിത്രങ്ങളും വ്യത്യസ്തമാണ്. ഇല്ലെങ്കിൽ ഒരു പദം ഉപയോഗിച്ചാൽ മതിയല്ലോ. ഇതാണ് പലപ്പോഴും ക്ലാസ്സ് റൂമിൽ സംഭവിക്കുന്നത് 'ഭാഷാ വളർച്ച, നിരീക്ഷണ പാടവം, ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്ത് എന്ന അന്വേഷണം ഒക്കെ ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് തലത്തിനനുസരിച്ച് മെച്ചപ്പെടണം അതിനുള്ള അവസരം കൂടിയായിട്ടാണ് ഞാൻ ഈ വീഡിയോ പാoത്തെ കണ്ടത്. ഒരു ഉല്പന്നവും ആ നിലവാരത്തിൽ വന്നില്ല ഒപ്പം ചിത്രവും എഴുത്തും ആനുപാതികമാക ൽ ഒക്കെ പ്രധാനമാണ്. ഓർമ്മ പുസ്തകം തയ്യാറാക്കിയ എല്ലാ കുട്ടികൾക്കും അത് ട്രൈ ടൗട്ട് ചെയ്യാൻ ശ്രമിച്ച എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ. അധ്യാപകരേയും കുട്ടികളേയും അപമാനിച്ചു വെന്ന് ബ്ലോഗർ ആക്ഷേപം ഒന്നയിച്ചേക്കാം.പക്ഷെ ആ വീഡിയോ പാഠം ഞാൻ മനസിലാക്കിയതിനനുസരിച്ചാണ് എന്റെ പ്രതികരണം.

    ReplyDelete
  2. മലയാള ചലച്ചിത്ര ഗാന സാഹിത്യം അതി സമ്പന്നമാണ് .ആരും അത് ക്ലാസ് മുറികളിലേക്ക് കേവലം പാട്ട് എന്നതിനപ്പുറം കൊണ്ട് വരാന്‍ ശ്രമിച്ചിട്ടില്ല ,ഹൃദയത്തില്‍ തൊടുന്ന ഭാഷാനുഭവങ്ങള്‍ കേള്‍വിക്കാരെ സ്വാധീനിക്കും എന്നതിന് സത്യാ സന്ധമായ ഉദാഹരണ മാന് ഈ ട്രൈ ഔട്ടുകള്‍.ജീവിതത്തിന്റെ സുന്ദര നിമിഷങ്ങളുടെ ചിത്രീകരണം കൂടിയാണല്ലോ ആ വീഡിയോ .ഞാനുള്‍പ്പെടെ യുള്ള കേരളത്തിലെ അമ്മമാര്‍ ചിലരെങ്കിലും മക്കളെ ഉറക്കാന്‍ ഓമന ത്തിങ്കല്‍ ഉപയോഗിച്ചിരിക്കുന്നു .ഇവിടെ സിനിമാഗാനം കാണുകയും കേള്‍ക്കുകയും ചെയ്ത കുട്ടികള്‍ അതേപടി ആ ഭാവത്തെ ആവിഷ്ക്കരിച്ചിട്ടില്ല .ഓര്‍മ്മ ച്ചെപ്പു എന്ന് തങ്ങളുടെ എഴുത്തിനു പേരിട്ടത് മുതല്‍ ആ പാട്ടിലെവിടെയോക്കെയോ അവരുടെ മനസ്സ് തങ്ങി നില്‍പ്പുണ്ട് .അവതരണം ,ഈണം അഭിനേതാക്കളുടെ ഭാവം എല്ലാറ്റിലും ഉപരി മാഷ്‌ നല്‍കിയ വിശകലനം ഇവ കുഞ്ഞുങ്ങളുടെതായ അനുഭവത്തില്‍ അവര്‍ ചേര്‍ത്ത് വച്ചിട്ടുണ്ട് ."ഇന്ന് പുതിയ ടീച്ചര്‍ വരും ,,വന്നു ,എനിക്ക് വിഷമ തോന്നി "എന്നതിനേക്കാള്‍ മനസ്സില്‍ ഉരുണ്ടു കൂടിയ കാര്‍ മേഘത്തെ ഒരു കുഞ്ഞിനു പ്രകടിപ്പിക്കുക വയ്യ .ഇന്ന് നര്സരി യില്‍ പോകുന്നില്ല എന്ന് കുട്ടി പറയുന്നതിന് കാരണം ഗ്രാന്മ വന്നതാണ് .കൂടുതലെന്തെങ്കിലും അവള്‍ എഴുതണോ !
    അങ്കണ വാടിയിലെ ആദ്യ ദിനത്തിലെ കരച്ചില്‍ wept ആയതിനു പിന്നിലുമുണ്ട് ഭാഷയുടെ മാജിക് . ടീച്ചറുടെ കയ്യില്‍ നിന്ന് സമാനം കിട്ടിയ ഒരു പെന്‍സില്‍ ,,,ആ കുട്ടി അതുകൊണ്ട് ഹൃദയത്ത്തിലെഴുതിയത് കാണാം .ഓരോ സൃഷ്ടിയും വിശദമായി നോക്കി =വ്യക്തമാണ് കുട്ടിക്ക് ഭാഷയ്ക്കും ചിന്തയ്ക്കും ഇടയില്‍ നടന്ന ആശയ രൂപീകരണവും സര്‍ഗാത്മകതയും .
    .ഗാന രംഗങ്ങള്‍ കാണിക്കുകയും പാടിക്കുകയും സംഗീതത്തിനനുസരിച്ച് നൃത്തം വയ്പ്പിക്കുകയും ചെയ്യാം ..പിന്നെ ചില വിശകലനങ്ങള്‍ ആകാം .അതിനു ശേഷം വ്യവഹാര രൂപ നിര്‍മ്മിതിയിലേക്ക് കടക്കാം .ഹിന്ദി നന്നായി സംസാരിപ്പിക്കാനും
    എഴുതാനും പഠിപ്പിച്ചത് മദര്‍ ഇന്ത്യ മുതലുള്ള ഗാനങ്ങളുടെ കേള്‍വിയും കാണലും ആണെന്നുള്ള സ്വന്ത അനുഭവം കൂടി പറയുന്നു . പല പാഠങ്ങളുമായി ബന്ധപ്പെടുത്തി
    ഈ സാധ്യത വളരെയേറെ ഫല പ്രദമാണ് .കരുണ സ്നേഹം ജീവിതത്തോടുള്ള പോസിറ്റീവ് സമീപനം കരുതല്‍ ഭാഷാ സ്നേഹം ആവിഷ്കാര വൈവിധ്യം എന്നിങ്ങനെ
    ചലച്ചിത്രഗാനത്തെയും രംഗങ്ങളെയും മുന്‍ നിര്‍ത്തി എത്രയോ സാധ്യതകള്‍ . ഇത് ക്ലാസ്മുറികളില്‍ പ്രയോജന പ്പെടുത്താന്‍ സഹായിച്ചതിന് ട്രൈ ഔട്ട്‌ ഏറ്റെടുത്ത അദ്ധ്യാപകര്‍ക്കു നന്ദി . ആ ഫലങ്ങള്‍ കൂടി കണക്കി ലെടുത്തു കൂടുതല്‍ വിപുലീകരിക്കാന്‍ കഴിയും

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. https://m.facebook.com/story.php?story_fbid=3192891970735194&id=100000432689228

    ReplyDelete
  5. ഗാനം ഉപയോഗിച്ചത് സന്തോഷവും സങ്കടവും ഇടകലർന്നതാണ് ജീവിതമെന്ന്നും അവ ആവിഷ്കരിക്കണമെന്നു സൂചിപ്പിക്കാനും ഒപ്പം ബാല്യത്തിൻ്റെ ചില രംഗങ്ങൾ അനുസ്മരിക്കാനും

    ReplyDelete
  6. മിഠായി, പാല് മിഠായി, പാഞ്ചാര പാല് മിഠായി ഇളകേൾക്കുമ്പോൾ നമ്മൾ കരുതും മിഠായിയെക്കുറിച്ചാണ് പറയുന്നതെന്ന്. അടുത്ത വാക്ക് ഏതാ! പുഞ്ചിരി പഞ്ചാര പാലു് മിഠായി. അപ്പോ പുഞ്ചിരിക്ക് അത്രയ്ക്കും വൈശിഷ്ട്യവും മാധുര്യവും ഉണ്ടെന്നാണ് കവി പറയുന്നത്. ഇതു പോലെ വാക്കുകൾ പ്രയോഗിക്കുമ്പോൾ വിശേഷണങ്ങൾ ചേർത്ത് മനോഹരമായി എഴുതാൻ ശ്രദ്ധിക്കുമല്ലോ.അതു പോലെ ഭാവന ഉപയോഗിക്കാം സാങ്കല്പിക സംഭവങ്ങൾ കൂട്ടി ചേർക്കുകയും ആവാം????

    ReplyDelete
  7. കാര്‍ട്ടൂണ്‍ ഡയറി എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ക്ക് എഴുതിത്തയ്യാറാക്കിയ നിര്‍ദേശവും നല്‍കിയിരുന്നു.ഭാഷ മികവുറ്റതാക്കണം എന്നാണ് പറഞ്ഞത്. രണ്ടാം വായന നടത്തി മെച്ചപ്പെടണം. എന്റെ കുറിപ്പില്‍ എഡിറ്റ് ചെയ്യപ്പെടാത്തത് എന്ന് സൂചന നല്‍കിയിരുന്നു. ടീച്ചറ്‍മാരുടെ ഫീഡ്ബാക്കാണ് പിന്നീട് വേണ്ടത്. അത് രചനയുടെ സ്വയം പരിശോധനയ്ക് പ്രേരകമാകും. അത്തരം പ്രക്രിയ പിന്നീട് അധ്യാപകര്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പോഴും എഴുത്തിനെ കരുത്തുളളതാക്കുക എന്നതിനാണ് ശ്രദ്ധ.സിനിമാഗാനത്തില്‍ കണ്ണീരുപ്പിട്ട് കാണാത്ത വറ്റിട്ട് എന്നതും പഞ്ചാരപ്പാലുമിട്ടായി എന്നതും ഞാന്‍ ബോധപൂര്‍വം പരാമര്‍ശിച്ചതാ .വിശകലനം ചെയ്യട്ടെ. അത് നല്‍കുന്ന സൂചനകളില്‍ നിന്നും കവിത ( സിനിമാഗാനങ്ങള്‍ പലതും നല്ല കവിതകളാണ് )ആസ്വദിക്കണം. അതിലെ ഭാഷാപ്രയോഗങ്ങള്‍ പ്രയോജനപ്പെടുത്തുകയുമാകാം. വരണ്ട ഡയറി എഴുത്തിനേക്കാള്‍ ആവേശത്തോടെ ഏറ്റെടുത്ത പ്രവര്‍ത്തനമാണെന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രതികരണങ്ങള്‍

    ReplyDelete
  8. അനസാനത്തെ പൂവും സിനിമാടീക്കറ്റും
    പണ്ട് അവസാനത്തെ പൂവ് എന്ന കാര്‍ട്ടൂണ്‍ കഥ മലയാളം അധ്യാപകപരീശീലനത്തില്‍ മോഡ്യൂളിന്റെ ഭാഗമായി. കോര്‍ എസ് ആര്‍ ജിയും എസ് ആര്‍ജിയും കഴിഞ്ഞു. ഡി ആര്‍ ജിയിലെത്തിയപ്പോള്‍ ഒരു അധ്യാപിക കണ്ടു പിടിച്ചു. അതില്‍ തുണിയുടുക്കാത്തവരുണ്ടെന്ന്. പ്രേമം എന്ന വാക്കും. ഉടന്‍ പത്രക്കാരെ വിളി മേലേക്ക്. അവരുടെ സദാചാരബോധം. അധ്യാപകസംഘടനകള്‍ ആ കഥ വായിച്ചു. കുഴപ്പമില്ല. പക്ഷേ വിവാദമുണ്ടാക്കേണ്ട എന്നു കരുതി ആ കഥ പരിശീലനത്തില്‍ നിന്നും പിന്‍വലിച്ചു. ഇപ്പോള്‍ ഞാന്‍ വീണ്ടും അതേ അവസാനത്തെ പൂവ് വീഡിയോപാഠമായി നല്‍കി. ആര്‍ക്കും പരാതിയില്ല. അത് കാഴ്ചയുടെ പ്രശ്നമാണ്. ഇത് ഇവിടെ സൂചിപ്പിക്കാന്‍ കാരണം അധ്യാപകക്കൂട്ടത്തിന്റെ സംഘാടകര്‍ ഈ വീഡിയോ പഠത്തില്‍ ആരോ അശ്ലീലം കണ്ടെത്തിയതായി പറഞ്ഞെതിനാലാണ്. മറ്റൊരു സംഭനം കൂടി ഓര്‍മയില്‍ വരുന്നു. പടവുകളുടെ പരിശീലനം. ഞാനും ഉണ്ണിമാഷും കൂടി സിനിമടിക്കറ്റ് എന്ന വിശ്വപ്രസിദ്ധ സിനിമ വയനാട്ടില്‍ വെച്ച് കോര്‍ എസ് ആര്‍ജി അംഗങ്ങളെ കാണിക്കുന്നു. ചെറുസിനിമയാണത്. എല്ലാവരും അത് പരിശീലനത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നു. സിനിമകണ്ട് സചിത്ര ആസ്വാദനപ്പുസ്തകം അല്ലെങ്കില്‍ കഥയോ എഴുതലാണ് വര്‍ക്. അത് പഠനത്തെളിവായി വിലയിരുത്താനം. സിനിമയില്‍ ഒരു കുട്ടി കുപ്പി പെറുക്കുന്ന രംഗമുണ്ട്. റോഡുവക്കത്ത് യാത്രക്കാര്‍ ഉപേക്ഷിക്കുന്ന കുപ്പി പെറുക്കലാണ് . ഒരു യാത്രക്കാരന്‍ വെളളം കുടിച്ച് മൂത്രമൊൻിക്കുന്ന രംഗമുണ്ട് (ക്യമറയുടെ നേരെയല്ല)അതും മൂന്നാം തട്ടിലെത്തിയപ്പോള്‍ ഒരു ടീച്ചര്‍ക്ക് ഭാവനകൂടുകയും ആണുങ്ങള്‍ മൂത്രമൊഴിക്കുന്നത് ടീച്ചറ്‍മാരെ കാണിച്ചു എന്നു പരാതിപ്പെടുകയും ചെയ്തു.ആയിരക്കണക്കിന് അധ്യാപകരില്‍ ഒരാളാണ് ഇങ്ങനെ ചിന്തിക്കുന്നത്. അതും പ്രധാനപ്പെട്ടവര്‍ കണ്ട് ആ അധ്യാപികയോട് സഹതപിച്ച് മോഡ്യൂളില്‍ നിന്നും മാറ്റി. ഈ വീഡിയോ പാഠത്തില്‍ പഞ്ചാരപ്പാലുമിട്ടായി എന്ന പാട്ടെടുക്കുമ്പോള്‍ സിഗരറ്റ്ാ കത്തിക്കുന്ന രംഗം ഒഴിവാക്കിയി. അതേ പോലെ രണ്ടാം പാട്ടില്‍ അച്ഛനും അമ്മയും കൂടി നടത്തുന്ന പരിധിവിട്ട സ്നേഹപ്രകടനങ്ങളും കട്ട് ചെയ്തിരുന്നു.കാരണം ഫോക്കസ് ആ വരികളിലേക്ക് വരണം എന്നതു തന്നെ. കരിക്കാടി എന്നു പാടുമ്പോള്‍ ശാരദയുടെ മുഖം ഇരുളുന്നത് നോക്കുക. തുലാഭാരത്തിലെ ആ പാട്ട് രംഗം യൂട്യൂബില്‍ ലഭ്യമാണ്. അതു കണ്ടാലറിയാം എഡിറ്റിംഗിന്റെ പിന്നിലെ യുക്തി. ഇപ്പോള്‍ ഒരു കുഞ്ഞിനെ താരാട്ടുമ്പോള്‍ മാതാപിതാക്കളുടെ സ്നേഹപ്രകടനത്തിനപ്പുറം അതിലൊന്നും കാണനാനികില്ല. മാതാപിതാക്കളുടെ സ്നേഹപ്രകടനം അശ്ലീലമായി അതിലില്ല എന്നതാണ് അതു കണ്ട രക്ഷിതാക്കളുടെ പ്രതികരണം.അതിനാല്‍ അത്തരം ആരോപണങ്ങളുന്നയിക്കുന്നവരോട് സഹതാപമാണുളളത്. ഞാന്‍ വളര്‍ന്ന സാഹചര്യമല്ല ഇന്ന് കുട്ടിയുടെ വീട്ടില്‍. ടി വി തുറന്നാല്‍ എത്രയെത്ര സിനിമകള്‍, പാട്ടുകള്‍ സകുടുംബം കാണുന്നു.അതൊക്കെ എടുത്ത് വിശകലനം ചെയ്ത് ടി വി എറിഞ്ഞുടയ്കുന്നവരുണ്ടാകാം. അവര്‍ക്ക് അതാകാമല്ലോ. വായനയുടെ സാംസ്കാരിക തലം ക്ലാസില്‍ നടക്കാറില്ല. അതും വേണം.

    ReplyDelete
  9. രതീഷിന്റെ പോസ്റ്റിനോട് ഞാൻ പ്രതികരിച്ചത് ഇപ്പോഴും അവിടെയുണ്ട്. ആ വീഡിയോ പാഠം തെറ്റല്ല എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആർക്കും വായിക്കാം. രണ്ടാമത്തെ ഗാനരംഗം വിമർശനത്തിന് ശേഷമാണ് കൂടുതൽ ശ്രദ്ധിച്ചത്. അപ്പോൾ ആ പറഞ്ഞതിൽ ശരിയില്ലാതില്ല എനിക്ക് തോന്നി.അതിനു കാരണം ഇവിടെ സാർ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ തന്നെ കാരണം അത്തരത്തിൽ കാണുന്ന കുട്ടികൾ അധ്യാപകർ ഉണ്ടെങ്കിൽ അതൊഴിവാക്കുന്നതല്ലേ നന്ന്? കാരണം സാറിന്റെ ലക്ഷ്യം നേടാൻ കഴിയുന്ന പുതു തലമുറയിലെ കുട്ടികൾക്കിഷ്ടപ്പെടുന്ന അനേകം പാട്ടുണ്ടല്ലോ. അതുൾപ്പെടുത്തുന്നതാണ് ഇത്തരം കാര്യങ്ങളിൽ വിവാദങ്ങളെക്കാൾ നല്ലത് എന്ന് എന്റെ അഭിപ്രായം. മാത്രമല്ല ടി.വിയിലും റേഡിയോയിലും വീട്ടിലും കുട്ടികൾ ഇതിനേക്കാൾ കൂടുതൽ കാണും എന്നു കരുതി അധ്യാപകർ ഒരു പ്രവർത്തനം നൽകുമ്പോൾ അങ്ങനെയല്ലല്ലോ ചെയ്യാറുള്ളത്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി