Pages

Wednesday, June 10, 2020

ഗണിതത്തിലൂടെ ശാസ്ത്രത്തിലേക്ക്

റേഷന്‍ കടയില്‍ നിന്നും മണ്ണെണ്ണ വാങ്ങിയപ്പോള്‍  ലിറ്ററിലാണ് അളവ് പറഞ്ഞത്. തൊട്ടടുത്ത കടയില്‍ ചെന്നു കേര വെളിച്ചെണ്ണ വാങ്ങിയപ്പോള്‍ ലിറ്ററില്‍ അളവ് പറഞ്ഞു.ശുദ്ധി വെളിച്ചെണ്ണ 500 ml കവറിലാണ്.  അപ്പോഴാണ് കുട്ടിക്ക് സംശയം ഉണ്ടായത്. എന്താ കിലോഗ്രാമില്‍ വെളിച്ചെണ്ണ തന്നാല്‍? ഒരു കിലോഗ്രാം വെളിച്ചെണ്ണ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക് തുല്യമല്ലേ?  വെളളത്തിന്റെ കുപ്പി എടുത്ത് അളവ് പരിശോധിച്ചു.  അതില്‍ ലിറ്റര്‍ എന്നാണ് എഴുതിയിരിക്കുന്നത്. കുട്ടിക്ക് സംശയമായി .കിലോ ഗ്രാമും ലിറ്ററും തുല്യമാണോ? വീട്ടില്‍ ചോദിച്ചു. വ്യക്തത കിട്ടിയില്ല. അധ്യാപികയോടു ചോദിച്ചു പിന്നെപ്പറയാം എന്നുത്തരം കിട്ടി. അതാകട്ടെ കുട്ടിയെ ഭാഗികമായേ തൃപ്തിപ്പെടുത്തിയുളളൂ. കുട്ടി സ്വയം കണ്ടെത്താന്‍ തീരുമാനിച്ചു. ഒരു ലിറ്റര്‍ വെളിച്ചെണ്ണ എടുത്തു. ത്രാസില്‍ വെച്ചു. മറുതട്ടില്‍ കിലോ കട്ടിയും . തുലനാവസ്ഥയിലെത്തിയില്ല. എന്താണ് ഇനി വേണ്ടത്?
ഇരുനൂറിന്റെ കട്ടി വെളിച്ചെണ്ണയ്ക് ഒപ്പം വെച്ചു. അപ്പോള്‍ അത് വല്ലാതെ താണുപോയി,അതിനേക്കാള്‍ ചെറിയ കട്ടി വീട്ടിലില്ല. വീട്ടിലുളള പായ്കറ്റുകള്‍ പരിശോധിച്ച് ഗ്രാം അളവിലുളളവ എടുത്തു.അമ്പതു ഗ്രാമിന്റെ കടുക് വെച്ചു നോക്കി. ശരിയായില്ല.നൂറു ഗ്രാം ജീരകം വെച്ചു. അപ്പോള്‍ ചെറിയ വ്യത്യാസം മാത്രം. ഇങ്ങനെ പല വസ്തുക്കള്‍  വെളിച്ചെണ്ണയോടൊപ്പം വെച്ച് ഒടുവില്‍ തുലനവസ്ഥയിലാക്കി.   900 gm എന്നാണ് കുട്ടിയുടെ കണ്ടെത്തല്‍. സ്വയം ഉത്തരം കണ്ടെത്താനുളള ശ്രമമാണ് നടത്തിയത്.
തുടര്‍ന്ന് ഇതേ പോലെ വെളളവും പരിശോധനയ്ക് വിധേയമാക്കി. ഇതാണ് അന്വേഷണാത്മക പഠനം. അളവുകളെക്കുറിച്ച് ഗണിതത്തില്‍ പഠിക്കാനുണ്ട്. സ്വയം കണ്ടെത്തുന്ന രീതിയിലല്ല പലപ്പോഴും. കണ്ടെത്തിക്കൊടുക്കപ്പെടും എന്ന രീതിയിലാണ്. പല ഗണിതക്ലാസുകളും പെട്ടെന്ന് ഉത്തരത്തിലെത്തിക്കാനുളള വ്യഗ്രതാസമീപനമാണ് പുലര്‍ത്തുന്നത്. അത് മാറണം.
കുട്ടി ഇവിടെ ആലോചന നിറുത്തിയില്ല. എന്തേ വെളളത്തിനും വെളിച്ചെണ്ണയ്കും ഒരേ ഭാരം കിട്ടിയില്ല? സാന്ദ്രതയിലുളള വ്യത്യാസമാണെന്ന് ബാലവേദി പ്രവര്‍ത്തകയായ ഒരു ചേച്ചി പറഞ്ഞു.
ഒരു കുപ്പി എടുത്ത് തുല്യ അളവ് മണ്ണെണ്ണയും വെളിച്ചെണ്ണയും വെളളവും പല ക്രമത്തില്‍ പല തവണ ഒഴിക്കാന്‍ ചേച്ചി പറഞ്ഞു. ഏതു ദ്രാവകമായിരിക്കും മുകളില്‍? വെളളത്തില്‍ ഓയില്‍ പടരുന്നത് കണ്ടിട്ടുളളതിനാല്‍ മണ്ണെണ്ണ എന്ന ഉത്തരമാണ് കുട്ടി പറഞ്ഞത്. വെളളവും എണ്ണയും തമ്മിലുളളതല്ലേ കണ്ടിട്ടുളളൂ. വെളിച്ചെണ്ണയും മണ്ണെണ്ണയും തമ്മില്‍ കലര്‍ന്നാലോ? ചെയ്തു നോക്കൂ എന്ന മറുപടിയും
കുട്ടി അങ്ങനെ ആ പരീക്ഷണവും ചെയ്തു.

വേറെയും ദ്രാവകങ്ങള്‍ ഉപയോഗിച്ചു പല രീതിയില്‍ പരീക്ഷണത്തിലേര്‍പ്പെട്ടു. ചില നിഗമനങ്ങളിലെത്തി
സാന്ദ്രത കുറഞ്ഞതും കൂടിയതുമായ ദ്രാവകങ്ങള്‍ ഉണ്ട്.
അടുത്ത സംശയം സാന്ദ്രത എന്നാലെന്താണ് എന്നതായി. അതിന് ഒരു വായനാസാമഗ്രിയാണ് ലഭിച്ചത്.
ഇവിടെ അന്വേഷണാത്മക പഠനത്തിന് കുട്ടിയെ നയിക്കുന്ന ആന്തരിക പ്രചോദനം നിരീക്ഷിക്കണം.
അത് കണക്കിലെടുത്തു വേണം പഠനപ്രശ്നങ്ങള്‍ രൂപപ്പെടുത്താന്‍.
നിഗമനരൂപീകരണം കുട്ടിയില്‍ നടക്കണം.
അധ്യാപകര്‍ പ്രക്രിയാ ഘട്ടങ്ങള്‍ പാലിക്കണം
വിശദീകരണതല്പരരും പ്രഭാഷണചാതുരിയുളളവരുമായവര്‍ തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഉപയോഗിച്ച് ശീലിച്ചവരുടെ പാതയല്ല പിന്തുടരേണ്ടത്. പ്രക്രിയാബോധത്തോടെ രൂപപ്പെടുത്തുന്ന അനുഭവങ്ങളാണ് വേണ്ടത്.
വിക്ടേഴ്സ് ചാനലിലെ അവതാരകരും കണ്ടെത്തലിന്റെ ആനന്ദം കുട്ടിക്ക് നിഷേധിക്കരുത്.



2 comments:

  1. അന്വേഷണാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ വിനിമയ പ്രക്രിയ ആസൂത്രണം ചെയ്യണം എങ്കില്‍ അധ്യാപകരുടെയും അന്വേഷണാത്മക ചിന്തയെ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന രീതിയില്‍ അധ്യാപക പരിശീലനം മാറേണ്ടതുണ്ട് .ഇത്തരത്തില്‍ ഉള്ള സാദ്ധ്യതകള്‍ പങ്കുവക്കുന്നു എന്നത് പ്രതീക്ഷാ നിര്‍ഭരം . ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കണ്ടു കഴിഞ്ഞ ശേഷം കുട്ടികള്‍ മറ്റു അനേകം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നു എന്നത് സ്വാഭാവികം . ഫോണില്‍ അല്ലെങ്കില്‍ വാട്ട്‌സ് ആപ്പില്‍ കുട്ടിയെ കിട്ടുമ്പോള്‍ മറ്റു ചിന്തകളില്‍ ആവും അവര്‍ ,അപ്പോള്‍ നല്‍കുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പല കുട്ടികള്‍ക്കും കഴിയുന്നില്ല .അവസാനം നോട്ട് കൊടുക്കുന്ന അവസ്ഥയിലേക്ക് വരുന്നു . കുട്ടികളുടെ ചിന്തയില്‍ അറിവ് നിര്‍മ്മാണം നടക്കും വിധം മുന്‍ അനുഭവത്തിന്‍റെ തുടര്‍ച്ച നില നിര്‍ത്തി ടീച്ചിംഗ് പ്ലാന്‍ ആസൂത്രണം നടത്തണം എന്നത് ആവശ്യമായി പലര്‍ക്കും തോന്നുന്നില്ല . ഇങ്ങനെ അന്വേഷണ പഠനം അധ്യാപകരിലും കുട്ടികളിലും വളര്‍ത്താന്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട് .

    ReplyDelete
  2. അന്വേഷണത്തിനുള്ള സാധ്യതകൾ ജീവിതത്തിന് ഇരുവശത്തും പൂവിട്ടുനിൽക്കുന്നുണ്ട്. പക്ഷെ കാടുപിടിച്ചുനിൽക്കുന്ന കമ്യൂണിസ്റ്റ് പച്ചയിൽ (ഗൂഗിളിൽ) തിരയാനാണ് പൊതുവികാരം ...
    ക്ലാസ്റൂമിലെ ചിന്തകൾ ഗൂഗിൾ ഒരുക്കുന്ന മേഘവരമ്പുകൾ ഭേദിച്ച് പുതിയ ആകാശങ്ങൾ തേടട്ടെ ..
    അങ്ങനെ വ്യതിരിക്തചിന്തയുടെ വഴികൾ ക്ലാസ്സ്‌റൂംജനാലകൾ കടന്ന് സർഗ്ഗത്തുമ്പികളായി പാറിനടക്കട്ടെ ...
    ചിലർ പറയുന്നു എനിക്ക് വട്ടാണെന്ന് ..
    അതുകൊണ്ട് ഞാനിത് ഉറക്കപ്പറയാൻ മടിക്കേണ്ടതില്ലല്ലോ 😊

    ReplyDelete

പ്രതികരിച്ചതിനു നന്ദി