(ഡോ തോമസ് ഐസക്കിൻ്റെ FB പോസ്റ്റ് പങ്കിടുകയാണ്. കലവൂർ സ്കൂളിൻ്റെ വികസന ചരിത്രം സൂചിപ്പിച്ചപ്പോൾ അദ്ദേഹം എന്നെയും പരാമർശിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മലയാള മാധ്യമ ബാലകൈരളിപ്രീ സ്കൂൾ വിദ്യാഭാസത്തിലും പ്രീതിക്കുളങ്ങര എൽ പി സ്കൂളിലും കലവൂർ ഹൈസ്കൂളിലും ഇടപെടാൻ കഴിഞ്ഞത് വലിയ അനുഭവസമ്പത്താണ് എനിക്ക് പ്രദാനം ചെയ്തത്. ജനപ്രതിനിധി എന്ന നിലയിൽ ഐസക്ക് എപ്പോഴും ആവേശത്തോടെ നയിക്കാനുണ്ടായിരുന്നു. വി വി മോഹനദാസിനെപ്പോലെ ഒരു പൂർണ സമയ വിദ്യാഭ്യാസ പ്രവർത്തകൻ്റെ സാന്നിധ്യം എടുത്തു പറയത്തക്കതാണ്. കലവൂരിൽ ഭൗതിക മികവിന് ഒപ്പം അക്കാദമിക മികവും പരിഗണിക്കപ്പെട്ടു. SCERT അവിടുത്തെ അക്കാദമിക മാതൃകകൾ ഡോക്യുമെൻ്റ് ചെയ്യുകയുണ്ടായി. മറ്റു വിദ്യാലയങ്ങൾക്ക് അക്കാദമിക മേഖലയിലെജനപങ്കാളിത്തത്തിന് മാതൃകയാണ് കലവൂർ)
തോമസ്ഐസക്ക് കുറിച്ചത്
"34 സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിൽ മികവിന്റെ കേന്ദ്രങ്ങളായി നാടിന് ഇന്ന് മുഖ്യമന്ത്രി സമർപ്പിച്ചു. ഇത്തരം 56 സ്കൂളുകളുകളുടെ നിർമ്മാണം പൂർത്തിയായി. കിഫ്ബിയിൽ നിന്നും 5 കോടി അടക്കം ഓരോ സ്കൂളിനും 5-10 കോടി വരെയാണ് ചെലവഴിക്കുന്നത്. കിഫ്ബി – ബജറ്റ് – എംഎൽഎ ഫണ്ട് എന്നിവയിൽ നിന്നായി ഏതാണ്ട് 5000 കോടി രൂപയാണ് സ്കൂളുകളുടെ കമ്പ്യൂട്ടറൈസേഷൻ അടക്കമുള്ള പശ്ചാത്തലസൗകര്യ വികസനത്തിനായി സ്കൂളുകളിൽ ചെലവഴിച്ചിട്ടുള്ളത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടും ജനകീയ സംഭാവനകളും ചേർത്താൽ ഈ തുക മറ്റൊരു 1000 കോടികൂടി ഉണ്ടാകും. ഇതിനുപുറമേ എയ്ഡഡ് സ്കൂളുകളുടെ നിർമ്മാണ ചെലവുകളുടെ 50 ശതമാനം ചലഞ്ച് ഫണ്ടായി സർക്കാർ വഹിക്കുന്ന സ്കീമുമുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇതിനു സമാനമായ ഒരു നിക്ഷേപ കുതിപ്പ് ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ?
100 ഇന പരിപാടിയുടെ ഭാഗമായി മുഴുവൻ പൊതു വിദ്യാലയങ്ങളുടെയും ഡിജിറ്റലൈസേഷൻ പൂർത്തിയാക്കും. 5 കോടി രൂപ വീതം 140 സ്കൂളുകൾ, 3 കോടി രൂപ വീതം 395 സ്കൂളുകൾ, 1 കോടി രൂപ വീതം 446 സ്കൂളുകൾ, പിന്നെ ബജറ്റ് ഉപയോഗിച്ച് 1400 സ്കൂളുകൾ എന്നിവിടങ്ങളിലാണ് കെട്ടിടം പണി നടക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിക്കുന്ന 695 സ്കൂളുകളിൽ പകുതിയെങ്കിലും ഈ വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റ് പ്രവൃത്തികളുടെ 75 ശതമാനവും.
പോസ്റ്റിനു ചിത്രമായി കൊടുത്തിരിക്കുന്ന 34 പുതിയ സ്കൂൾ കെട്ടിടങ്ങൾ കണ്ടാൽ ഏതൊരാൾക്കും ബോധ്യമാകും. എത്ര വലിയ മാറ്റമാണ് കേരള വിദ്യാഭ്യാസ മണ്ഡലത്തിൽ വന്നുകൊണ്ടിരിക്കുന്നത് എത്ര വലിയ ജനകീയ ആവേശമാണ് ഇതു സൃഷ്ടിച്ചിരിക്കുന്നതെന്ന് മനസിലാകണമെങ്കിൽ ഓരോ സ്കൂളുമായും ബന്ധപ്പെട്ട നവമാധ്യമ പേജ് സന്ദർശിച്ചാൽ മതി. എങ്കിലും ചെറിയൊരു ഇച്ഛാഭംഗം വ്യക്തിപരമായി എനിക്കുണ്ട്. കോഴിക്കോട് നടക്കാവ് സ്കൂളിലെ എ.പ്രദീപ്കുമാർ എംഎൽഎയുടെ കാംപസ് ആയിരുന്നു ഈ പരീക്ഷണത്തിനു പ്രചോദനമായത്. 15 കോടി രൂപയോളം സ്പോൺസർഷിപ്പിലൂടെ മുതൽമുടക്ക് കണ്ടെത്തിയ ഈ കാമ്പസിനെ വെല്ലാൻ കഴിയാത്തതിൽ അത്ഭുതമില്ല. പക്ഷെ, പുതിയ സ്കൂളുകളുകളിൽ ചിലതിന്റെ മാസ്റ്റർപ്ലാൻ ഉണ്ടാക്കിയപ്പോൾ നിശ്ചയിച്ചിരുന്ന വാസ്തു ശിൽപ്പ ശൈലികൾ കിറ്റ്കോയുടെ ഡിപിആർ ഘട്ടത്തിൽ വാർപ്പുമാതൃകയിലേയ്ക്കു മാറിയിരിക്കുന്നതായി ചിലർക്കു വിമർശനമുണ്ട്.
പുതിയ കെട്ടിടങ്ങളുടെ ഫംങ്ഷണൽ ഉപയോഗതയെക്കുറിച്ച് ഒരു കുറ്റവും പറയാനാവില്ല. എല്ലാവിധ സൗകര്യങ്ങളോടും കൂടിയവയാണ് അവയെല്ലാം. ഏറ്റവും നന്ന് ടോയ്ലറ്റ് സൗകര്യങ്ങൾക്കുതന്നെ. പലകാരണങ്ങൾകൊണ്ടും വൈകിയ നിർമ്മാണം പുതിയ തിരുത്തലുകളുമായി ഇനിയും വൈകിക്കേണ്ട എന്നുവച്ചു. ഏതായാലും 1 കോടി രൂപയുടെ 446 കെട്ടിട നിർമ്മാണം മുഴുവൻ കില വഴി തദ്ദേശഭരണ എഞ്ചിനീയർമാരുടെ നേതൃത്വത്തിലാണ് നടക്കാൻ പോകുന്നത്. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ നിശ്ചയമായും ഉണ്ടാകും. സംസ്ഥാന ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിലും കലവൂർ സ്കൂളിൽ നിന്ന് ഫോണിൽ വിളിച്ച് സന്ദേശം ആവശ്യപ്പെട്ടു. അവിടത്തെ ചടങ്ങിൽ അവസാനം ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.
കലവൂർ സ്കൂളിൽ 15 വർഷം മുമ്പ് എൽപി സ്കൂളിലാണ് പരിഷ്കാരങ്ങൾക്കു ജനകീയ ഇടപെടലിനു തുടക്കം കുറിച്ചത്. 6-7 വർഷം മുമ്പ് മോഹൻദാസ് സാർ - താഹിർ തുടങ്ങിയവരുടെ ടീം എസ്.എം.സി നേതൃത്വത്തിലേയ്ക്കു വന്നതോടെ ഇവിടെയും കൊഴുത്തു. ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് വിജയകുമാരി ടീച്ചറും പ്രിൻസിപ്പൽ ഉഷ ടീച്ചറും പോലുള്ളവർ വരാൻ കാത്തിരിക്കുകയായിരുന്നു എന്നു തോന്നിപ്പോയി. എത്രവേഗമാണ് കാര്യങ്ങൾ മാറിയത്. എന്തെല്ലാം ഭാവനാപൂർണ്ണമായ കാര്യങ്ങൾ?
ഈ ഘട്ടത്തിലാണ് സ്കൂളിന് ഒരു മാസ്റ്റർപ്ലാൻ വേണമെന്ന ആശയം ഞാൻ മുന്നോട്ടുവച്ചത്. വിഭവം നോക്കണ്ട. ഭാവന പറക്കട്ടെ, മോഹങ്ങളെല്ലാം പ്രതിഫലിക്കട്ടെ. അങ്ങനെ വലിയ സ്വപ്നങ്ങളുടെ ഒരു മാസ്റ്റർപ്ലാൻ. പൂർവ്വവിദ്യാർത്ഥി റെജി ഐഎഎസും, ടെക്കി ജോയി സെബാസ്റ്റ്യനും കൂട്ടരും ഇതുപോലുള്ളവരൊക്കെ പങ്കാളികളായി. കലാധരൻ മാഷിനെപ്പോലുള്ള ഒട്ടേറെ വിദഗ്ധർ പുറത്തുനിന്നും പങ്കാളികളായി. സ്കൂൾ പിറ്റിഎ മാത്രമല്ല, ക്ലാസ് പിറ്റിഎ വരെയായി. പിറ്റിഎയുടെ ഭവനസന്ദർശനം, റെമഡിയിൽ കോഴ്സുകൾ എന്നിങ്ങനെ എത്രയോ പരിപാടികൾ.
യഥാർത്ഥത്തിൽ ഇതാണ് കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ഓജസ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടൊപ്പം ആസൂത്രണത്തിൽ മാത്രമല്ല, നിർവ്വഹണത്തിലും ജനങ്ങൾക്കു പങ്കാളിയാവാൻ കഴിയുന്നതരത്തിലുള്ള അസംഖ്യം ഫോറങ്ങൾ നാം വളർത്തിയെടുത്തു. വിദ്യാഭ്യാസ മേഖലയിലാണ് ഇത് ഏറ്റവും ഫലവത്തായത്. എസ്.എം.സിയുടെ ഭാരവാഹി താഹിർ ഇന്നത്തെ ധന്യമുഹൂർത്തത്തിൽ എഴുതിയ ആത്മകഥാപരമായ പോസ്റ്റ് ഞാൻ ഒന്നാം കമന്റിൽ നൽകിയിട്ടുണ്ട്.
പുതിയ സർക്കാരിന്റെ സ്ഥാനാരോഹണം എത്ര പെട്ടെന്നാണ് കാര്യങ്ങൾ മറിച്ചത്. അസാധ്യമെന്നു കരുതിയ സ്വപ്നങ്ങൾ എത്ര വേഗമാണ് യാഥാർത്ഥ്യമായത്. കലവൂർ സ്കൂളിൽ മാത്രമല്ല, മറ്റെല്ലാ സ്കൂളുകളിലും ആദ്യ വർഷം തന്നെ ഡിജിറ്റലൈസേഷന് നാലു മണ്ഡലങ്ങൾ പൈലറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തതിലും ആലപ്പുഴ ഉണ്ടായിരുന്നു. ഡിജിറ്റലൈസേഷന് ഒരു ജനകീയ വരവേൽപ്പ് ഉത്സവം ഞങ്ങൾ ഒരുക്കി. ലക്ഷക്കണക്കിനു രൂപ ഓരോ സ്കൂളിനും സമാഹരിച്ചു. പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും നേതൃത്വം നൽകി. മിനിമം ശേഷി ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നതിന് ഊർജ്ജിത പരിപാടികൾ, അക്ഷര-അക്കജ്ഞാനം ഉറച്ചിട്ടില്ലാത്ത കുട്ടികൾക്കായി അവധിക്കാല അക്ഷര മഹോത്സവങ്ങൾ, ടീച്ചർമാരുടെ സർഗ്ഗാത്മക പരിശീലനം. ഈ മാറ്റങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു കലവൂർ ഹൈസ്കൂൾ.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനം അവസാനിക്കുന്നില്ല. ഒരു പഴയ മൂന്നുനില കെട്ടിടംകൂടി നവീകരിക്കണം. അതുകൂടി കഴിഞ്ഞേ അസംബ്ലി ഹാൾ തയ്യാറാവൂ. പഴയതിനും പുതിയതിനും ഇടയ്ക്കാണ് അസംബ്ലി ഹാൾ. പുതിയ കെട്ടിടം അലങ്കരിക്കാൻ പോകുന്നത് വെർട്ടിക്കൽ ഗാർഡൻ കൊണ്ടാണ്. ജൈവവൈവിധ്യോദ്യാനം ഉണ്ടാക്കണം. സ്കൂൾ സ്റ്റുഡിയോയിൽ നിന്നുള്ള റെഗുലർ ന്യൂസ് പ്രക്ഷേപണം നടത്തണം. ഇതെല്ലാം അടങ്ങുന്ന പുതിയൊരു മാസ്റ്റർപ്ലാൻ. ഈ രേഖയ്ക്ക് ആമുഖമായി ഇതുവരെയുള്ള ജനകീയ പ്രവർത്തനങ്ങളുടെ ചരിത്രവും.
എസ്.എൽ.പുരം, മണ്ണഞ്ചേരി, പൊള്ളത്തൈ എന്നു തുടങ്ങി എല്ലാ സ്കൂളുകളുടെയും കെട്ടിടങ്ങളുടെ ഉദ്ഘാടനം നമ്മൾ ഈ വർഷം നടത്തും. എയ്ഡഡ് സ്കൂളുകളും ഈ മുന്നേറ്റത്തിൽ സജീവ പങ്കാളികളാണ്. എങ്കിലും കെട്ടിട-സ്പോർട്സ് നവീകരണങ്ങൾക്കായി 6 സ്കൂളുകളെ സഹായിക്കാനേ കഴിഞ്ഞിട്ടുള്ളൂ. ആര് മുന്നോട്ടുവന്നാലും ചെലവിന്റെ പകുതിപ്പണം സർക്കാരിൽ നിന്നും സഹായമായി ലഭ്യമാക്കും"
.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി