Pages

Saturday, October 31, 2020

എല്ലാവർക്കും ഉമ്മ


എല്ലാവര്‍ക്കും ഉമ്മ എന്ന തലക്കെട്ടിില്‍ ഒരു വിദ്യാഭ്യാസാനുഭവക്കുറിപ്പ് ഏറെ രസകരമാണ്. ഈ വാക്യം എന്റേതല്ല. ജീവന്റേതാണ്.ജീവന്‍ ഒന്നാം ക്ലാസിലെ കുട്ടിയാണ്. കഴിഞ്ഞ വര്‍ഷം പ്രീപ്രൈമറിയിലായിരുന്നു. ഈ വാക്യത്തിലേക്ക് വന്ന സംഭവം പറയാം

കണ്ണൂര്‍ ഡയറ്റിലെ രമേശന്‍ കടൂര്‍ കഴിഞ്ഞ ആഴ്ച എന്നെ വിളിക്കുന്നു. മാഷെ ഞങ്ങള്‍ പ്രീപ്രൈമറി വെബിനാര്‍ നടത്തുന്നു. ഉദ്ഘാടനം ചെയ്യാമോ? രമേശന്‍ ടി ടി സിക്ക് എന്റെ നാട്ടിലാണ് പഠിച്ചത്. അന്നുമുതലുളള ചങ്ങാത്തവും സ്വാതന്ത്ര്യവും. ഞാന്‍ പറഞ്ഞു. ഏയ് എനിക്ക് വെബിനാറിന്റെ ഉളളടക്കത്തിലാണ് താല്പര്യം. ഉദ്ഘാടനത്തിലല്ല. എനിക്ക് അതിനാല്‍ ചെറിയ ഒരു റോള്‍ മതി. എല്ലാവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാനും അതിനോട് പ്രതികരിക്കാനും അവസരം തന്നാല്‍ മതി.

രമേശന്‍ സമ്മതിച്ചു.

ഉദ്ഘാടനം ഏതെങ്കിലും പ്രീസ്കൂള്‍ കുട്ടിയെക്കൊണ്ട് ചെയ്യിക്കാമോ?

എന്റെ ആ നിര്‍ദേശവും പരിഗണിക്കപ്പെട്ടു.

ഇന്നലെയായിരുന്നു വെബിനാര്‍

ജീവനാണ് ഉദ്ഘാടകന്‍.

അദ്ദേഹം നേരത്തെ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമില്‍ റെഡി.

ജീവന്റെ പിന്നിലെ ചുമര്‍ നിറയെ ചിത്രങ്ങളാണ് ജീവനുളള ചിത്രങ്ങള്‍, ജീവന്റെ ചിത്രങ്ങള്‍.

ഉദ്ഘാടനം ചിത്രം വരച്ചുകൊണ്ടാണ്.

ജീവന്‍ ചാര്‍ട്ടിനടുത്തേക്ക് പോയി

ചിത്രരചനയില്‍ മുഴുകി

ദേ ഈ ചിത്രമാണ് വരച്ചത്.

എന്നിട്ട് ഇങ്ങനെ എഴുതി എല്ലാവര്‍ക്കും ഉമ്മ.

തുടര്‍ന്ന് സ്വാഗതം പോലെയുളള ചില ചടങ്ങുകള്‍.

അതിനു ശേഷം പതിമൂന്ന് അവതരണങ്ങള്‍.

കണ്ണൂര്‍ ജില്ലയിലെ അറുപത്തേഴ് പ്രീസ്കൂള്‍ അധ്യാപകരുടെ അനുഭവങ്ങള്‍ ക്രോഡീകരിച്ച പതിമൂന്ന് പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്

ഓരോ അവതരണം കഴിയുമ്പോഴും രമേശന്‍ പറയും കലാധരന്‍മാഷ് ഫീഡ് ബാക്ക് നല്‍കുമേ...( എനിക്ക് പണിതരുന്നതാ)

ഒരു മണികഴിഞ്ഞു പത്തുമിനിറ്റും കടന്നു അവതരണങ്ങള്‍ തീര്‍ന്നപ്പോള്‍.

അപ്പോഴും പൂര്‍ണപങ്കാളിത്തമാണ് .സ്ക്രീനിലെ നമ്പര്‍ വായിച്ചാല്‍ അറിയാം.

ഞാന്‍ ഫീഡ് ബാക്ക് നല്‍കാന്‍ ക്ഷണിക്കപ്പെട്ടു.

എന്റെ മനസിലാണെങ്കില്‍ ജീവന്‍ വരച്ച ചിത്രമാണ്

ആ കോഴിക്കു‍ഞ്ഞ് ബലൂണുമായി എവിടെപ്പോവുകയായിരിക്കും? എന്തായിരിക്കും പിന്നെ സംഭവിച്ചിട്ടുണ്ടാവുക? ആലോചന അബോധമനസില്‍ നടക്കുന്നുണ്ടായിരുന്നു. ( അത്തരമൊരു കുഴപ്പം എനിക്കുണ്ട്. ആരെങ്കിലും വെല്ലുവിളിയുണര്‍ത്തുന്ന പ്രശ്നം ഉന്നയിച്ചാല്‍ അത് ഞാനറിയാതെ പ്രോസസ് ചെയ്ത് കുറെ കഴിയുമ്പോള്‍ തളികയിലാക്കി എന്റെ മുന്നില്‍ വെച്ചു തരുന്ന ഒരു മനസ് എനിക്ക് കൂട്ടിനുണ്ട്. പരിശീലനത്തില്‍ ഇത് വല്യ സഹായമാ.)

ഏതായാലും ഈ ചോദ്യങ്ങള്‍ ഞാന്‍ വെബിനാര്‍ പങ്കാളികളോട് ചോദിച്ചു.

ആ കോഴിക്കു‍ഞ്ഞ് ബലൂണുമായി എവിടെപ്പോവുകയായിരിക്കും?

എന്തായിരിക്കും പിന്നെ സംഭവിച്ചിട്ടുണ്ടാവുക?

ജീവന്‍ വരച്ച ചിത്രം ഒരു പഠനവിഭവമാക്കുന്നതെങ്ങനെ?

ചില പ്രതികരണങ്ങള്‍

ചിത്രവായന നടത്തും

ഇനി എന്ത് എന്നു ചോദിക്കും

നല്ല പ്രതികരണങ്ങള്‍

ഞാന്‍ പറഞ്ഞു എനിക്ക് ഇതൊരു കഥയായാണ് മനസില്‍ നിറയുന്നത്.

ജീവന്‍ പൂര്‍ണമാക്കാനായി തന്ന കഥ ഞാന്‍ പറയാം

അപ്പോള്‍ മനസിലൊഴുകി വന്ന കഥ നിങ്ങള്‍ കേട്ടില്ലല്ലോ. എന്നാ വായിച്ചോളൂ

ഒരു കോഴിക്കുഞ്ഞ്

ഒരു ദിവസം രാവിലെ നടക്കാനിറങ്ങി

മാസ്ക് വെക്കണോ? എയ് ഞാന്‍ മനുഷ്യക്കുഞ്ഞല്ലല്ലോ

അങ്ങനെ നടന്നു ചെന്നപ്പോള്‍ അതാ വഴിയില്‍

ഒരു ചുവപ്പും ഒരു നീലയും

കോഴിക്കുഞ്ഞ് രണ്ടും കൊത്തിയെടുത്തു

വീട്ടിലേക്ക് നടന്നു

അപ്പോള്‍ മൈന പറന്നു വന്നു

കോഴിക്കുഞ്ഞോ കോഴിക്കുഞ്ഞോ എനിക്കൊരു ബലൂണ്‍ തരുമോ?

കോഴിക്കുഞ്ഞ് മിണ്ടിയില്ല

മിണ്ടാന്‍ വാ തുറന്നാല്‍ കുറുക്കന് കാക്ക പാട്ടുപാടി കൊടുത്ത കഥപോലെയാകും

കോഴിക്കുഞ്ഞ് നടന്നു

നീല ബലൂണും ചുവന്ന ബലൂണും തല ഉയര്‍ത്തി ഗമയില്‍ കൂടെപ്പോയി.

അപ്പോ ഒരു ശബ്ദം പിറകില്‍.

കോഴിക്കുഞ്ഞ് തിരിഞ്ഞുനോക്കി

ഒരു പട്ടിക്കുട്ടി!

കോഴിക്കുഞ്ഞോ കോഴിക്കുഞ്ഞോ എനിക്കൊരു ബലൂണ്‍ തരുമോ?

കോഴിക്കുഞ്ഞ് മിണ്ടിയില്ല

മിണ്ടാന്‍ വാ തുറന്നാല്‍ കുറുക്കന് കാക്ക പാട്ടുപാടി കൊടുത്ത കഥപോലെയാകും.

കോഴിക്കുഞ്ഞ് നടന്നു

വീട്ടിലെത്തി. മുറ്റത്തു നിന്നു വിളിച്ചു. ഉണ്ണീമായേ ഉണ്ണീമായേ

ഉണ്ണിമായ വന്നു നോക്കിയപ്പോള്‍

രണ്ടു ബലൂണുകള്‍!

കൊഴിക്കുഞ്ഞ് തുളളിച്ചാടി

ബലൂണുകളും തുളളിച്ചാടി.

ഉണ്ണമായ ചെന്ന് ബലൂണ്‍ വാങ്ങി

അപ്പോള്‍ രണ്ടു പേരെത്തി.

ഉണ്ണിമായേ ഉണ്ണിമായേ എനിക്കൊരു ബലൂണ്‍ തരുമോ? മൈന ചോദിച്ചു

ഉണ്ണിമായേ ഉണ്ണിമായേ എനിക്കൊരു ബലൂണ്‍ തരുമോ? പട്ടിക്കുട്ടി ചോദിച്ചു

ഉണ്ണിമായക്ക് അവരുടെ മട്ടുംഭാവവും അത്ര ശരിയല്ലെന്നു തോന്നി

നിക്കണേ ഞാനിപ്പം വരാം

അവള്‍ ബലൂണുമായി അകത്തേക്ക് പോയി

ബലൂണില്‍ കണ്ണും മൂക്കും മീശേം വരച്ചു

പുറത്തുവന്നു മൈനക്ക് ബലൂണ്‍ നീട്ടി

മൈന നോക്കിയപ്പോള്‍ പൂച്ചബലൂണ്‍

മൈന പേടിച്ച് ബഹളം വെച്ച് പറന്നു

പട്ടിക്കുട്ടിക്ക് ബലൂണ്‍ നീട്ടി

പട്ടി നോക്കിയപ്പോള്‍ കടുവ ബലൂണ്‍

പട്ടി നിലവിളിച്ച് ഓടി.

ബഹളം കേട്ട് കോഴിക്കു‍ഞ്ഞിന്റെ അമ്മേം അച്ഛനും വന്നു.

എന്താ സംഭവം?

നടന്ന കാര്യമെല്ലാം കേട്ട് അവര്‍ ചിരിച്ചു

എന്നിട്ട് പറഞ്ഞു.

കോഴിക്കുഞ്ഞിനു് ഒരു ചക്കരയുമ്മ

ഉണ്ണിമായക്ക് ഒരു പഞ്ചാരയുമ്മ

അപ്പോള്‍ കോഴിക്കുഞ്ഞു പറഞ്ഞു എല്ലാവര്‍ക്കും ഉമ്മ

ഉണ്ണിമായയും പറഞ്ഞു എല്ലാവര്‍ക്കും ഉമ്മ

.

ടീച്ചര്‍മാരേ നിങ്ങള്‍ക്കും കിട്ടിയേ? ജീവന്‍ കഥയുടെ തുടക്കവും ഒടുക്കവുമാണ് ചിത്രക്കാര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്ന് ഇപ്പോ മനസിലായോ? എങ്ങനെ ചിത്രസംഭവങ്ങളെ പഠനവിഭവമാക്കാം എന്ന് നാം ആലോചിച്ചുകൊണ്ടിരിക്കണം. നിങ്ങള്‍ തയ്യാറാക്കിയ ചിത്രക്കാര്‍ഡുകള്‍ ഭാവനാത്മക ചിന്തയ്ക് സഹായകരമായിരുന്നോ? ഒന്നു പരിശോധിക്കണേ.

നിങ്ങളുടെ അവതരണങ്ങളെക്കുറിച്ചെല്ലാം പറയണമെങ്കില്‍ രണ്ടുമൂന്നു മണിക്കൂറെടുക്കും

എന്നാലും പറയാതിരിക്കാനുമാകില്ലല്ലോ

നീട്ടാതിരിക്കാനും ശ്രദ്ധിക്കാം .കുറുകാതിരിക്കാനും ശ്രമിക്കാം.

( അവരോട് പറഞ്ഞപോലെ ഇവിടെ എല്ലാം ഓര്‍മയില്‍ നിന്നും പകര്‍ത്താനാകില്ല. എങ്കിലും വായനക്കാരെ മാനിക്കണമല്ലോ)

1.മാനവികമായ ഇടപെടല്‍. കോവിഡ് കാലത്ത് ആശുപത്രിയിലായ രക്ഷിതാക്കള്‍. കുട്ടി വല്ലാതെ ഒറ്റപ്പെടാനിട വന്നു. അപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരെ വിളിച്ചു കുട്ടിക്ക് വൈകാരിക പിന്തുണയും സുരക്ഷിതത്വബോധവും ഉറപ്പാക്കുകയും കുഞ്ഞുമായി നിരന്തരം ബന്ധപ്പെട്ട് കഥയും പാട്ടുമൊക്കെ പങ്കിട്ട് മുഖം വാടാതെ നോക്കിയ പ്രീസ്കൂള്‍ അധ്യാപികയുടെ അനുഭവം അവതരിപ്പിച്ചിരുന്നു. ഇതുപോലെ നിരവധി മഹനീയമായ ഇടപെടല്‍ നടത്തിയിരിക്കുന്നു. അവ ക്രോഡീകരിക്കണം. ഡയറ്റ് അത് പ്രകാശിപ്പിക്കണം. അധ്യാപകമാനവികയുടെ തിളക്കം സൂക്ഷിക്കേണ്ടതുണ്ട്. വൈകാരിക വികാസം എന്നത് വികാസമേഖലയില്‍ പെടുന്ന ഒന്നാണ് . ഇത്തരം ഇടപെടലുകളും ആ വികാസമേഖലയ്ക് സഹായകവും തീമിനു പുറത്തുളള ജീവിതപ്രമേയവുമായി രക്തബന്ധമുളളതുമാണ്.

2. സര്‍ഗാത്മകമായിരുന്നു ഓരോ ദിവസവും. നിങ്ങള്‍ അവതരിപ്പിച്ചതില്‍ നിന്നും എനിക്ക് മനസിലായത് നിങ്ങള്‍ എഴുത്തുകാരായി, വരക്കാരായി, പുതിയ സങ്കേതങ്ങള്‍ പരീക്ഷിക്കുന്നവരായി. തെളിവുകള്‍ സഹിതമാണ് പങ്കിട്ടത്. വളരെ സര്‍ഗാത്മകമായി ഇടപെടാന്‍ കഴിയുന്ന നിങ്ങള്‍ എന്തിനാണ് വിക്ടേഴ്സ് ചാനലിലെ പ്രീസ്കൂള്‍ ക്ലാസുകളെ ആഗ്രഹിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. ആ ആഗ്രഹം നമ്മെ നിരാകരിക്കുന്നത്. അതിനേക്കാള്‍ വൈവിധ്യമുളളതും തനിമയുളളതും സാധ്യമാണെന്ന് നിങ്ങള്‍കാട്ടി തന്നല്ലോ? ആത്മാഭിമാനികളാകാന്‍ കഴിയുന്ന തരത്തില്‍ നിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.

3. വീട്ടിലൊരു പഠനമുറി -ഇതു തുടക്കമാണ്. അറുപത്തേഴ് അധ്യാപകരും അവരുടെ കു‍ഞ്ഞുങ്ങളുടെ വീടുകളില്‍ പഠനമുറി ഒരുക്കി എന്നത് വലിയസംഭവമാണ്. ആ പഠനമുറിയുടെ വിശദാംശങ്ങള്‍ വേണ്ടവണ്ണം പങ്കിടാത്ത പിശുക്ക് എനിക്ക് നിരാശ ഉണ്ടാക്കിയിട്ടുണ്ട്. പിശുക്കേണ്ട കാര്യമല്ലല്ലോ ഇത്. എന്തായാലും എനിക്ക് പറയാനുളളത് വിദ്യാഭ്യാസത്തിന്റെ ആരംഭത്തില്‍ തന്നെ വീടിന്റെ പഠനാന്തരീക്ഷത്തെ മാറ്റിത്തീര്‍ക്കാന്‍ കൊവിഡ് നമ്മെ സഹായിച്ചിരിക്കുന്നു. അവസരങ്ങളെ സാധ്യതയാക്കണം. കൊവിഡിനു ശേഷവും തുടരണം. പഠമൂലകളും വീട്ടിലുണ്ടാകണം. അതിനുളള പണികള്‍ വേഗം തുടങ്ങണം. വീട്ടില്‍ കിട്ടുന്നവയും നിര്‍മിക്കാവുന്നവയും വെച്ച് ആരംഭിക്കണം. കുട്ടി വളരുമ്പോള്‍ പഠനമുറിയും വളരട്ടെ. കണ്ണൂര്‍ ജില്ലയില്‍ ഇതു വാര്‍ത്തയാകണം. എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ക്കും പഠനമുറി എന്ന ആശയം സമൂഹം ചര്‍ച്ച ചെയ്യട്ടെ.അതിന് നിങ്ങള്‍ നിമിത്തമാകണം.

4. രക്ഷിതാക്കള്‍ക്ക് ദൈനംദിന പ്രായോഗിക പരിശീലനം. അത് അചിന്ത്യമായ സംഭവമാണ് . അഞ്ചാറുമാസം രക്ഷിതാക്കളെ ദിനംപ്രതി പരിശീലിപ്പിക്കുക എന്നത്. ഓരോ ദിവസവും നിര്‍ദേശങ്ങള്‍. ഇതു ചെയ്യിക്കണം. അതു ചെയ്യിക്കണം. ഇങ്ങനെ ചെയ്യണം. ഇങ്ങനെ മാത്രമേ ചെയ്യാവൂ. കുട്ടിക്ക് വേണ്ടി രക്ഷിതാവ് പഠിക്കണം. പക്ഷേ കുട്ടി ചെയ്യേണ്ടത് കുട്ടി തന്നെ ചെയ്യണം. രക്ഷിതാക്കളറിയാതെ അവരെ ഓരോ ദിവസവും നിങ്ങള്‍ വളര്‍ത്തുകയായിരുന്നു. അവരാകട്ടെ ആസ്വദിച്ചു വളരുകയും. ജൈവരക്ഷാകര്‍തൃവിദ്യാഭ്യാസം എന്ന് വിളിക്കാനാകുന്ന ഒരു മാതൃകയാണിത്. രമേശന്‍ മാഷ് ഇത് രക്ഷാകര്‍തൃവിദ്യാഭ്യാസത്തിനുളള പാഠ്യപദ്ധതിയാക്കി മാറ്റണം. അതിന് വലിയ പണിയില്ല ക്രോഡീകരിച്ചാല്‍ മതി. പക്ഷേ അത് പ്രകാശിപ്പിക്കണം. ഇവരൊക്കെ കൂടും. ചില രക്ഷിതാക്കളെയും കൂട്ടണം. കൊവിഡ് തീര്‍ന്നാലും തുടരാവുന്ന രീതിയില്‍ കാണണം.

5. നവമാധ്യമങ്ങളുടെ വാതില്‍ തുറക്കല്‍. നിങ്ങള്‍ ജില്ലാ തലത്തില്‍ ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചത് നല്ല കാര്യം തന്നെ. അത് നിങ്ങള്‍ കാണുകയും ലൈക് ചെയ്യുകയും കമന്റിടുകയും ചെയ്യുന്നു. പരസ്പരം അംഗീകരിക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു. അതും നല്ല കാര്യം തന്നെ. പക്ഷേ അതു പോര. നിങ്ങള്‍ എത്ര പേര്‍ക്ക് ഷെയര്‍ ചെയ്തു? നിങ്ങളുടെ രക്ഷിതാക്കള്‍ എത്രപേര്‍ക്ക് ഷെയല്‍ ചെയ്തു .പുറത്തുളളവര്‍ അറിയണ്ടേ, കാണണ്ടേ, വിസ്മയിക്കണ്ടേ നമ്മുടെ ഇടപെടല്‍ത്തെളിവുകള്‍? സമൂഹവിദ്യാഭ്യാസത്തിനുളള സുവര്‍ണസന്ദര്‍ഭമായി നിങ്ങളുടെ ഫേസ്ബുക്ക് പേജിനെയും ബ്ലോഗിനെയും മാറ്റാനാകണം. അത് വൈകില്ല എന്ന പ്രതീക്ഷയാണെനിക്കുളളത്.

6. പരസ്പരം അറിയുന്നുണ്ട് രക്ഷിതാക്കള്‍. രക്ഷിതാക്കള്‍ അവരുടെ കുട്ടികളുടെ മാത്രമല്ല മറ്റു കുട്ടികളുടെയും ഉല്പന്നങ്ങളും പ്രകടനങ്ങളും കാണുന്നു. മറ്റു രക്ഷിതാക്കളുടെ ഇടപെടല്‍ ജാഗ്രത മനസിലാക്കുന്നു. സ്വയം വിലയിരുത്തുന്നു. മെച്ചപ്പെടുന്നു. പരസ്പരപഠനത്തിന്റെ ഒരു തലം ഇതിലില്ലേ? എങ്ങനെ വരും വര്‍ഷങ്ങളില്‍ ഇത് തുടരാനാകും? സാധാരണ രീതിയില്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ പോലും രക്ഷിതാവിന് സ്വന്തം കുട്ടിയുടെ എല്ലാ പ്രകടനങ്ങളും പ്രതികരണങ്ങളും കാണാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. ശനി , ഞായര്‍ ദിവസങ്ങളില്‍ കൊവിഡാനന്തരകാലത്ത് ഇത്തരം അനുഭവങ്ങളുടെ തുടര്‍ച്ച സാധ്യമാണോ? മറ്റു രീതികള്‍? അതു നിങ്ങള്‍ ആലോചിക്കണം.

7. സാങ്കേതികവിദ്യാനൈപുണിയിലൊരു മുന്നേറ്റം. ആഗ്മെന്റ് റിയാലിറ്റി ആപ്പ് ഉപയോഗിച്ച് ദൃശ്യാനുഭവം ഒരുക്കല്‍, ഡ്രോ ഇറ്റ്, വീഡിയോ എഡിറ്റിംഗ് അപ്പ്, ഇമേജ് എഡിറ്റര്‍, പോസ്റ്റര്‍ ആര്‍ട്ട് തുടങ്ങി ഒട്ടേറെ അപ്പുകളും രീതികളും ഉപയോഗിക്കാന്‍ നിങ്ങള്‍ പഠിച്ചു. കേരളത്തിലെ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുളള അധ്യാപകരെ കൈറ്റ് എട്ടും പത്തും ദിവസം പരിശീലിപ്പിച്ചിട്ടും പൂര്‍ണമായി കൈവരിക്കാനാകാത്ത സാങ്കേതികവിദ്യാനൈപുണികള്‍ ഓണ്‍ലൈനായി ഡയറ്റിലെ സന്തോഷിന്റെ മേല്‍നോട്ടത്തില്‍ നിങ്ങള്‍ സ്വായത്തമാക്കിയതിന് വലിയ അഭിവാദ്യം. ഇനി ഇതിന്റെ ഒരു റിപ്പോര്‍‍ട്ട് വേണം. ആരോക്കെ പൂര്‍ണസജ്ജരായി. ഇനിയും പിന്തുണവേണ്ടവരാരെല്ലാം. ഏതെല്ലാം മേഖലകളില്‍? എന്തെല്ലാം വിഭവങ്ങള്‍ നിര്‍മിക്കപ്പെട്ടു? അവ തരംതിരിച്ച വിശകലനം ചെയ്യണം. പിന്നെ പ്രീസ്കൂള്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ സാങ്കേതികവിദ്യാപരിശീലനത്തിനുളള സിലബസും ( മോഡ്യൂള്‍ എന്നായാലും വേണ്ടില്ല) തയ്യാറാക്കണം. അത് കേരളത്തില്‍ പങ്കിടണം. നിങ്ങളുടെ പ്രീസ്കൂളിലെ കുഞ്ഞുങ്ങള്‍ ഭാഗ്യമുളളവര്‍ എന്നു പറയുന്നു. നേടിയ കഴിവിന്റെ പ്രകാശനം കൂടിയായി നിങ്ങളുടെ അവതരണങ്ങള്‍.

8. ആസൂത്രണം, നിരന്തര വിലയിരുത്തല്‍ എന്നിവയില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെ ഓരോ പഠനനേട്ടവും പരിഗണിച്ച് ഓരോ കുട്ടിയെയും ക്ലാസിനെ പൊതുവായും വിലയിരുത്തി അനുയോജ്യമായ തുടരനുഭവം ഒരുക്കി നാം വളരും. മാതൃകസൃഷ്ടിക്കും? ഓരോരുത്തരും അത്തരം അന്വേഷണം ഏറ്റെടുക്കണം. നിരന്തരവിലയിരുത്തലില്‍ ഇടപെടുമ്പോള്‍ ആസൂത്രണത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. പൊളിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഒട്ടിച്ചുവെക്കുകയും അടര്‍ത്തിക്കളയുകയും ചെയ്യുന്ന കുറിപ്പുകളാകും നിങ്ങളുടെ ടീച്ചിംഗ് മാന്വല്‍. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ അത് ആകാശത്ത് പറക്കാത്ത മനോഹരമായ പക്ഷിയാണ്.

9. രക്ഷിതാക്കളുടെ സര്‍ഗാത്മക ഇടപടലിനെ ആഘോഷിക്കണ്ടേ? മഴ എന്ന തീമുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ കവിത എഴുതി. കഥയുണ്ടാക്കി എന്നൊക്കെ പറയുമ്പോള്‍ എന്റെ മനസില്‍ വേണ്ടത്ര അംഗീകാരം കിട്ടാത്ത കുറേ രക്ഷിതാക്കളുടെ മുഖം തെളിയുന്നു. നിങ്ങള്‍ അവരുടെ രചനകള്‍ ക്രോഡികരിക്കൂ. രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കായി എഴുതിയവ പ്രസിദ്ധീകരിക്കൂ. ഒരു എഡിറ്റിംഗ് ശില്പശാല നടത്തൂ. എന്നിട്ട് അവയെ പഠനവിഭവമായി പ്രയോജനപ്പെടുത്തൂ. തീം ആസൂത്രണത്തില്‍ കണ്ണൂരിലെ രക്ഷിതാവിന്റെ ഒരു രചന വരികയാണ്. അങ്ങനെ അവരെ മാനിക്കാന്‍ എന്തേ മടി?

10. ഇ പോര്‍ട്ട് ഫോളിയോ വിളിക്കുന്നത് കേള്‍ക്കുന്നില്ലേ? ടീച്ചര്‍മാരേ എന്തിനാണ് ഇങ്ങനെ കുഞ്ഞുങ്ങളുടെ ഉല്പന്നങ്ങള്‍ ഓരോരോ പെട്ടിയിലാക്കിയിട്ടിരിക്കുന്നത്? അതെങ്ങനെ പഠനപുരോഗതിയെ അടയാളപ്പെടുത്തും? ഏതെങ്കിലും രണ്ടോ മൂന്നോ പഠനനേട്ടമെടുത്ത് അതുമായി ബന്ധപ്പെട്ട് മൂന്നു സമയബിന്ദുക്കളിലെ കുട്ടികളുടെ പ്രകടനങ്ങള്‍ ക്രമീകരിച്ച് വളര്‍ച്ച അനാവരണം ചെയ്തുകൂടേ? അത്തരം ഒരു വീഡിയോ, പ്രസന്റേഷന്‍ തയ്യാറാക്കിയാലോ? ആഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലെ ? ഒരു ഉപജില്ലയിലുളളവര്‍ വ്യത്യസ്ത പഠനനേട്ടങ്ങള്‍ എടുക്കൂ. പ്രായോഗികമായി സാധ്യമാകുന്നത്ര കുറഞ്ഞ എണ്ണം വെച്ച് പോര്‍ട്ട് ഫോളിയോയെ പ്രോസസ് ചെയ്യൂ. മാതൃകസൃഷ്ടിക്കൂ. പുതിയ അര്‍ഥം നല്‍കൂ. എന്നിട്ട് അഭിമാനപൂര്‍വം രക്ഷിതാവുമായി പങ്കിടൂ. സമൂഹവുമായി പങ്കിടൂ. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പങ്കിടൂ.

(ഇടയ്കിടെ അവരുടെ പ്രതികരണങ്ങളും ചേര്‍ത്തായിരുന്നു അവതരണം

കുറേ കാര്യങ്ങള്‍ ഇവിടെ എഴുതിയിട്ടില്ല. അത് അവരുടെ അവതരണം മെച്ചപ്പെടുത്തുന്നതിനുളളതായിരുന്നു. അതിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. അവതരണം കേള്‍ക്കാത്തവര്‍ക്ക് അത് പ്രസക്തമല്ലല്ലോ)

ആദരണീയരായ ബിജിന, ശോഭ, രാജേശ്വരി, പ്രീജ, റേഷ്മ, ലിസി, ജയശ്രീ, ശൈലജ, രഞ്ജിത, ശ്രീജ, സുഫൈറ, ബിന്ദു, ഷീന എന്നീ അധ്യാപികമാരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്

കൊവിഡ് കാലത്തെ പ്രീസ്കൂള്‍ ടീച്ചര്‍, കൊവിഡ് കാലത്തെ പ്രീസ്കൂള്‍ കുട്ടി, കൊവിഡ് കാലത്തെ പ്രീസ്കൂള്‍ രക്ഷിതാവ്, വികാസപരമായ വളര്‍ച്ചയും അനുഭവപ്രവര്‍ത്തനങ്ങളും, ഓണ്‍ലൈന്‍ അധ്യാപകപരിവര്‍ത്തനപരിപാടിയും പ്രീസ്കൂള്‍ അധ്യാപകരും, സങ്കേതങ്ങളുടെ പ്രയോഗവത്കരണം, ആസൂത്രണം പ്രയോഗം, നിരന്തരവിലയിരുത്തല്‍ അനുഭവം, സാങ്കേതികവിദ്യയുടെ ഉപയോഗവും സ്വയം വിലയിരുത്തലും. പ്രവര്‍ത്തനോല്പന്നങ്ങളും വിലയിരുത്തലും, രക്ഷിതാക്കളുടെ ഇടപെടലും വിലയിരുത്തലും, പ്രീസ്കൂളിലെ വായനാസാധ്യതകള്‍, എന്റെ സങ്കല്പത്തിലെ പ്രീസ്കൂള്‍ എന്നിവയായിരുന്ന പ്രബന്ധ പ്രമേയങ്ങള്‍

എൃന്തായാലും എനിക്ക് പഠിക്കാനും ആസ്വദിക്കാനും അവസരം കിട്ടി.

അതിന് കണ്ണൂരിലെ പ്രിയപ്പെട്ട അധ്യാപകരോടുളള കടപ്പാട് രേഖപ്പെടുത്തുന്നു

അതാ നോക്കൂ. ഒരു കോഴിക്കുഞ്ഞ് രണ്ടു ബലൂണുമായി വരുന്നല്ലോ? ഇത്തവണ പാട്ടുമായിട്ടാ വരവ്

ആ പാട്ടൊന്നു പാടാമോ?

കോഴിക്കുഞ്ഞേ നിന്റെ പാട്ടൊന്നു കേള്‍ക്കട്ടെ എന്ന് നാം ചോദിക്കാറില്ലേ ഇപ്പോ നിങ്ങടെ പാട്ടുകേള്‍ക്കട്ടെ. എഴുതി തയ്യാറാക്കി കമന്റായി പോസ്റ്റിയാലും മതിയേ..

5 comments:

  1. ചിത്രത്തിൽ നിന്നും ഭാവനാപൂർണമായ കഥ അവതരണരീതി ഏറെ ഇഷ്ടം. പണ്ട് മുതലേ എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒന്നാണ് മാഷുടെ കഥ മെനയൽ പ്രക്രിയ.വളരെ പ്രസക്തവും ക്രിയാത്മകവുമായ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളാണ് പോസ്റ്റിൽ. പോർട്ട് ഫോളിയോ വിശകലനം എന്ന ആശയം റോഷ്നിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.കണ്ണൂർ ഡയറ്റ് നടപ്പാക്കിയ നൂതനമായ അന്വേഷണങ്ങൾക്ക് രമേശൻ മാഷ്ക്കും പ്രീ സ്കൂൾ അധ്യാപകർക്കും അത് പങ്ക് ഇട്ട മാഷ്ക്കും സ്നേഹാദരങ്ങൾ!

    ReplyDelete
  2. കലാധാരൻ മാഷിൻ്റെ എല്ലാ നിർദ്ദേശങ്ങൾക്കും നന്ദി. നിർദ്ദേശിച്ച കാര്യങ്ങൾ ഞങ്ങൾ ഘട്ടം ഘട്ടമായി ചെയ്യും. കളിച്ചെപ്പ് തീം ആൽബം, ഉല്പന്നങ്ങൾ ചേർത്തുകൊണ്ടുള്ള ചിത്രകലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. അതിൻ്റെ വ്യാപനം ഉടൻ നടത്തും.

    ReplyDelete
  3. ഉളിയിൽ ഗവൺമെന്റ് യുപി സ്ക്കൂളിലെ പ്രീ പ്രൈമറി അധ്യാപിക ശ്രീജടീച്ചർക്കുവേണ്ടി ടീച്ചർ എഴുതിയ കവിതപോസ്റ്റ് ചെയ്യുന്നു..


    🥰ജീവൻറെ ബലൂണുകൾ🥰
    കൊക്കി കൊക്കി പാടിനടന്നു മിക്കു കോഴിക്കുഞ്ഞ്

    കുഞ്ഞിച്ചിറകുകൾ കുടഞ്ഞു നടന്നുമി ക്കു കോഴിക്കുഞ്ഞ്
    വഴിയിൽ പലരെ കണ്ടു കുശലം ചൊല്ലി കോഴിക്കുഞ്ഞ്

    ഇടയിൽ കണ്ടു വീണുകിടന്ന വർണ്ണ ബലൂണുകൾ 2

    മിക്കു ചിരിച്ചു ബലൂൺ ചിരിച്ചു കൊത്തിയെടുത്തു വേഗം

    കുഞ്ഞി കാലുകൾ നീട്ടി നടന്നു മായ പെണ്ണിനു നൽകാൻ

    ഗമയിൽ പാറി ഉയർന്നു കളിച്ചു വർണ്ണ ബലൂണുകൾ രണ്ടും

    വഴിയിൽ നിന്നൊരു മൈന പറഞ്ഞു

    ബലൂൺ ഒരെണ്ണം നൽകാൻ

    മിണ്ടാതങ്ങനെ മുങ്ങി നടന്നു മിക്കു കോഴിക്കുഞ്ഞ്

    മിണ്ടാതങ്ങനെ കുണുങ്ങി നടന്നു മിക്കു കോഴിക്കുഞ്ഞ്
    പിറകെ വന്നൊരു പട്ടികുഞ്ഞു

    ചോദ്യമതായി ബലൂൺ ഒരെണ്ണം നൽകാൻ

    മിണ്ടാൻ വയ്യ കുഞ്ഞിക്കാലുകൾ നീട്ടിവലിച്ചു നടന്നു

    നീട്ടിവലിച്ചു നടന്നു

    മുറ്റത്തെത്തിയ കുഞ്ഞിക്കോഴി

    കണ്ടു മായ കുഞ്ഞേ

    കണ്ടു മായ കുഞ്ഞേ

    സന്തോഷത്തിൽ തുള്ളിച്ചാടി

    രണ്ടുപേരും ഹയ്യാ 😀

    വർണബലൂണും കൂടെ തുള്ളി ഹയ്യട ഹയ്യാ😀 വർണബലൂണുകളും കൂടെ തുള്ളി ഹയ്യട ഹയ്യാ ഹയ്യാ 😀
    കുഞ്ഞി പെണ്ണിന് കൈകൾ ചലിച്ചു
    മൂക്ക് വരച്ചു
    കണ്ണു വരച്ചു

    മീശ വരച്ചു ബലൂണിൽ

    പിറകെ വന്നൊരു പട്ടി കുട്ടൻ കടുവയെ കണ്ടിട്ട് ഓടി

    പറന്നു വന്നൊരു മൈന പെണ്ണ് പൂച്ചയെ കണ്ടു പറന്നു

    ഇതുകണ്ടച്ഛൻ കോഴി ചിരിച്ചു
    അമ്മക്കോഴി ചിരിച്ചു
    കുഞ്ഞിക്കോഴിയെ ചിറകിൽ ഒതുക്കി ഉമ്മകൊടുത്തു പയ്യെ ഇതുകണ്ട് മായ പെണ്ണും ഉമ്മ ഒരെണ്ണം നൽകി 😘

    സന്തോഷത്തിൽ കുഞ്ഞിക്കോഴി

    കൊക്കി കൊക്കി പാടി ഉമ്മ ഒരു ഉമ്മ

    പഞ്ചാര ഉമ്മ

    എല്ലാവർക്കും ഉമ്മ എല്ലാവർക്കും ഉമ്മ

    ശ്രീജ M ഉളിയിൽ ഗവൺമെൻറ് യു പി സ്കൂൾ ഇരിട്ടി

    ReplyDelete

പ്രതികരിച്ചതിനു നന്ദി