Pages

Wednesday, September 15, 2021

ഗായത്രി ടീച്ചറും ആൻ്റി ടീച്ചർമാരും കൈകോർത്ത കഥ

 (പ്രാദേശിക രക്ഷാകർതൃ ഓൺലൈൻ കൂട്ടായ്മകളുടെ പ്രായോഗിക സാധ്യത കേരളത്തിനു മുമ്പാകെ അവതരിപ്പിക്കുകയാണ് ഗായത്രി ടീച്ചർ.കൊവിഡാനന്തര കാലത്തും അനുയോജ്യവത്കരിച്ച് തുടരാവുന്ന മാതൃക.)

 *ആശങ്കക്കടലിൽപ്പെട്ട രക്ഷിതാക്കൾ* 

കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ പഠന പ്രശ്നങ്ങളുടെ  സങ്കടപ്പെടലുകളിലായിരുന്നു രക്ഷാകർത്താക്കൾ.


 ⭕പഠിക്കുന്നുണ്ടന്നോ പുസ്തകം ഉണ്ടന്നോ വിദ്യാർത്ഥി ആണെന്നോ തന്നെ മറന്നുപോയ സ്വന്തം കുട്ടികളെക്കുറിച്ചുള്ള സങ്കടങ്ങളാണ്  ഓരോ രക്ഷിതാവിനും പറയാനുള്ളത്.

 ഉപദേശങ്ങളോട് തീവ്ര പ്രതികരണങ്ങളാണ് കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

 .⭕ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. 

പറഞ്ഞാൽ  വീടുവിട്ടു പോകുന്നത് വരെയെത്തുന്നു കാര്യങ്ങൾ .

👉എന്താ ചെയ്യുക ?എന്താണ് ഒരു പരിഹാരം? ഇങ്ങനെ നീളുന്നു പരാതികളും സങ്കടങ്ങളും .

സാധാരണ വിദ്യാഭ്യാസം നേടിയ സാധാരണക്കാരുടെ വിലയുള്ള മോഹങ്ങൾ ആണ് .അവയ്ക്ക് മുന്നിൽ അധ്യാപിക എന്ന നിലയ്ക്കും സാധ്യമായത് ചെയ്യാൻ ആഗ്രഹമുണ്ട് .പക്ഷേ എങ്ങനെ? അതിന് കൃത്യമായ ഒരു പരിഹാരം ഇല്ലായിരുന്നു. 

 *അസംതൃപ്തരുടെ വിമർശനങ്ങൾ* 

35 കുട്ടികളുള്ള ക്ലാസ് ആണ് എൻ്റേത്. പത്തു രക്ഷാകർത്താക്കൾ ആണ് പി ടി എ വിളിച്ചാൽ ഉണ്ടാവുക .പക്ഷേ ആ പത്ത് പേരും കൃത്യമായ അഭിപ്രായങ്ങൾ  കാഴ്ചവെക്കുന്ന വരായിരുന്നു . അവരിൽ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു .ഓരോ പാഠവും കഴിയുമ്പോൾ  പരീക്ഷ വേണമെന്ന് ആവശ്യം രക്ഷാകർത്താക്കൾ മുന്നോട്ടുവച്ചിരുന്നു. അങ്ങനെയെങ്കിലും പുസ്തകത്തിലേക്ക് ഒന്ന് എത്തി നോക്കട്ടെ എന്നതായിരുന്നു താല്പര്യം. രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ പരീക്ഷ എഴുതണം എന്ന് നിർദേശം നൽകി നടത്തിയ പരീക്ഷ  വിലയിരുത്തിയപ്പോൾ ഭൂരിഭാഗം പേപ്പറുകളും ഒരുപോലെ കണ്ടു .പരീക്ഷാ നടത്തണമെന്ന് എന്ന് വാദിച്ചവർ തന്നെ എന്നെ വിളിച്ച് രോഷത്തോടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, "ടീച്ചർ നിങ്ങൾ കോപ്പിയടിക്കാനുള്ള പരിശീലനമാണോ പരീക്ഷ എന്ന പേരിൽ ചെയ്തുകൊണ്ടിരിക്കുന്നത്?" പരീക്ഷാനന്തരം നടത്തിയ പി ടി എയിൽ ശക്തമായ പ്രതികരണങ്ങളാണ്  രക്ഷാകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടായത്.ഈ സംവിധാനം പോരാ ഇങ്ങനെപോയാൽ അടുത്തവർഷം കുട്ടികൾ പഠനത്തിൽ നിന്നും പൂർണമായി പുറത്താകും. എന്ത് ചെയ്യും ?

 *പരിഹാരവുമായി അദിനാൻ്റെ ഉമ്മ* 

പഠനം  ഫലപ്രദമാക്കാൻ രക്ഷിതാക്കൾ നിർദ്ദേശിക്കുന്ന ഏത് ആശയവും സ്വീകരിക്കാം എന്ന് മാത്രം പറയാനേ അപ്പോഴും കഴിഞ്ഞുള്ളൂ .അത്തരം ആശയം ഉണ്ടെങ്കിൽ പങ്കുവെക്കണം  എന്ന് ആവശ്യപ്പെട്ടു .

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു രക്ഷാകർത്താവിൻ്റ വിളിവന്നു. 

"ടീച്ചറേ, ടീച്ചർ നേരിടുന്ന പ്രയാസം ഞാൻ ആലോചിച്ചു ചിതറിക്കിടക്കുന്ന  35 പേരെ ഒരു ടീച്ചർക്ക് ഒരേ സമയം എങ്ങനാ ശ്രദ്ധിക്കാനാവുക? ആ കുട്ടികൾ സഹകരിക്കണ്ടേ? ഓരോ കുട്ടിയെയും ശ്രദ്ധിക്കാൻ ആളുണ്ടാകണം.  ടീച്ചർ ഒരു കാര്യം ചെയ്യാമോ കുറച്ചു കുട്ടികളെ  ചേർത്ത് ഓരോ കൂട്ടങ്ങൾ രൂപീകരിച്ച് അതിൻറെ ചുമതല താല്പര്യമുള്ള രക്ഷാകർത്താക്കളെ ഏൽപ്പിച്ചാൽ നന്നായിരിക്കും" പറയുന്നത് അദിനാൻ്റെ ഉമ്മ സുമിയ ആണ്. സന്തോഷവും അഭിമാനവും തോന്നി ഈ നിർദ്ദേശത്തിൽ .എച്ച് എമ്മിനെ കാര്യങ്ങൾ ബോധിപ്പിച്ചു. ശ്രമിച്ചുനോക്കൂ നല്ല ആശയം തന്നെ എന്ന പിന്തുണ കിട്ടി .

🏵️ഓഗസ്റ്റ് 30 ന്  പഠനകാര്യത്തിൽ ഇടപെടും എന്നുറപ്പുള്ള ഉള്ള ക്ലാസിലെ 11 രക്ഷാകർത്താക്കളെ തിരഞ്ഞെടുത്തു . 

🏵️വാട്സ്ആപ്പ് കൂട്ടം രൂപീകരിച്ചു .

🏵️പ്രസ്തുത വിഷയത്തിൽ നൂതനാശയങ്ങളും നിർദ്ദേശങ്ങളുമായി വൈകിട്ട് നാലുമണിക്ക് ഗൂഗിൾ മീറ്റ് വെച്ചു. 🏵️നിർദ്ദേശങ്ങൾ സാധ്യതകൾ പരിമിതികൾ വെല്ലുവിളികൾ പരിഹാരങ്ങൾ ഒക്കെ ചർച്ച ചെയ്യപ്പെട്ടു .

🏵️ഏഴ് കുട്ടികൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ രൂപീകരിച്ച് ഓരോ ഗ്രൂപ്പിലും ഒരു രക്ഷകർത്താവിനെ കോഡിനേറ്റർ ആയിനൽകി. 

🏵️ഇവർക്ക് ഗ്രൂപ്പിൻറെ ചുമതല ഒരു മാസത്തേക്ക് എന്ന് ഉറപ്പിച്ചു.

 *ആൻ്റിമാരുടെ തുടക്കം* 

🌈സെപ്റ്റംബർ ഒന്നിന് തന്നെ  അമ്മമാർ പ്രവർത്തിച്ചുതുടങ്ങി 🌈അഞ്ചു ഗ്രൂപ്പുകൾ  ഇൻറലിജൻ്റ് ഏരിയ, മികവ്, ഡ്രീം ലവേഴ്സ് ഡ്രീംസ് ,എയിം എന്നിങ്ങനെ രൂപീകരിക്കപ്പെട്ടു. 🌈ഇവയുടെ കോഡിനേറ്റർമാർ യഥാക്രമം സിന്ധു, ബിന്ദു, സുമിയ ,ജെസി  ഹസീന എന്നിവരായിരുന്നു .

😞ആദ്യ പ്രതികരണം നിരാശാജനകമായിരുന്നു. കോഡിനേറ്ററായ അമ്മയുടേത് മാത്രമായി ഭാഷണം, ഒച്ചയില്ല അനക്കമില്ല നിസംഗത ,നിശബ്ദത. 

😊പക്ഷേ എൻ്റെ അഞ്ച് അമ്മമാരും പതറിയില്ല.അവർ പുതുതന്ത്രങ്ങൾ മെനഞ്ഞു. 

🌈പലരും പല വഴികളാണ് തിരഞ്ഞെടുത്തത്.

👉ഒരു കൂട്ടർ ഗ്രൂപ്പിൽ നിന്നും ആക്ടീവായ കുട്ടികളെ കണ്ടെത്തി ചുമതലകൾ നൽകി.

അവർ കുട്ടുകാരെ പരസ്പരം വിളിച്ചപ്പോൾ കൂട്ടായ്മ ക്രിയാത്മകമായി. 

👉ചിലർ സ്വന്തം മക്കളെ തന്നെ വലവിരിച്ചു.

സ്കൂൾ ഗ്രൂപ്പിന് പുറത്തെ വ്യക്തിഗത സൗഹൃദ ഗ്രൂപ്പുകൾ കുട്ടികൾക്കിടയിൽ നിലനിന്നിരുന്നു. സാധ്യമാകുന്ന സൗഹൃദത്തിന് കൂടി വിലക്കേർപ്പെടുത്തണ്ട എന്ന് കരുതിയെങ്കിലും അവയെച്ചൊല്ലി പരാതികൾ രക്ഷാകർതൃ ഭാഗത്ത് നിന്ന് തന്നെ ശക്തമായപ്പോൾ അവ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൗഹൃദ വഴി അടഞ്ഞ് പോയ സമയത്ത് ഏഴ് പേരെങ്കിൽ ഏഴെന്ന് അവരും കരുതിയിരിക്കാം. എന്തായാലും കൂട്ടായ്മകൾ സജീവമായി. കുട്ടികൾ അവരെ ആൻറി എന്നു വിളിച്ചു സ്നേഹം കൂട്ടി. പുതിയൊരു ബന്ധതലം വികസിച്ചു.

 *കുട്ടികൾ സജീവമായി* 

സ്കൂളിൽ നിന്നുള്ള ലൈവ് ക്ലാസുകൾ റെക്കോഡഡ് ആയിരുന്നു. റെക്കോർഡിംഗ് ക്ലാസ് കാണുന്നുണ്ടന്ന പല്ലവിയിൽ ലൈവ് ക്ലാസുകളിലെ ഹാജർ നില പത്തിൽ താഴെയായിരുന്നു.

🏵️അമ്മക്കൂട്ടായ് മകൾ അവസ്ഥകളെ മാറ്റി. തക്കതായ കാരണം പറയാനുണ്ടങ്കിൽ മാത്രം റെക്കോർഡിംഗ് ക്ലാസുകൾ കാണാനും അല്ലാത്തപക്ഷം ലൈവ് ക്ലാസുകൾ തന്നെ കാണണമെന്ന നിർദ്ദേശം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും നൽകി. 

🏵️രാവിലെ 7.50 ന് അമ്മമാർ ഉപ ഗ്രൂപ്പുകളിൽ ക്ലാസ് ഓർമപ്പെടുത്തി സന്ദേശമയക്കും. 

🏵️ചുമതലപ്പെടുത്തിയ കുട്ടികൾ, കയറാത്ത കുട്ടികളെ വിളിച്ചറിയിച്ചു.

🏵️ക്ലാസ് കഴിയുമ്പോൾ ക്ലാസിൽ കയറാത്ത കുട്ടികളുടെ ഹാജർ കുട്ടികൾ അതാത് ഗ്രൂപ്പിൽ ഇടുന്നു. 

🏵️അവരെ കോഡിനേറ്ററും ഞാനും തുടരെ വിളിച്ചു. 

🏵️കയറിയില്ലങ്കിൽ വിളിവരുമെന്നോർത്ത് ഒരു മാതിരി പെട്ടവരൊക്കെ ക്ലാസിൽ കയറാൻ തുടങ്ങി. 

🏵️നിരന്തര വിളി വരുന്നതിൻ്റെ അസഹ്യതയാൽ രക്ഷാകർത്താവും ശ്രദ്ധാലുവായി തുടങ്ങി.

 *പരീക്ഷയിലെ കോപ്പിയടിയോടു വിട.* 

ടെസ്റ്റ് പേപ്പറുകൾ വിജയകരമായി ഞങ്ങൾ നടത്തി. മെയിൻ ഗ്രൂപ്പിൽ പരീക്ഷക്ക് പതിനഞ്ച് മിനിറ്റ് മുമ്പ് ചോദ്യങ്ങൾ ഇട്ടു.അതേസമയം ഉപ ഗ്രൂപ്പിൽ അമ്മമാർ ഗൂഗിൾ മീറ്റിൻ്റെ ലിങ്കിട്ടു. എഴുതിയടത്തോളം ചോദ്യങ്ങളുമായി കൃത്യം എട്ടിന് തന്നെ കുട്ടികൾ തങ്ങളുടെ ഗ്രൂപ്പിലെ ഗൂഗിൾ മീറ്റിൽ കയറി. വീഡിയോ ഓണാക്കി പിറകിൽ നിൽക്കുന്ന രക്ഷിതാവിനോട് കോഡിനേറ്റർ പ്രസ്തുത വിഷയത്തിൻ്റെ ബുക്കും പുസ്തകവുമായി  മുറി വിട്ട് പോകാനും കുട്ടിയുടെ  എഴുത്ത് തങ്ങൾ നിരീക്ഷിച്ചോളാം എന്നും നിർദ്ദേശം നൽകി.ഏറെപ്പേരും മുറിയിൽ തന്നെ തുടർന്നു എന്നത് ഞങ്ങൾക്ക് നൽകിയ പിന്തുണയുടെ ഭാഗമായി കണ്ടു. എഴുതാത്ത ചോദ്യങ്ങൾ കുട്ടികൾ സ്ക്രീൻ ഷെയർ ചെയ്തു. അധിക സമയം വേണമെന്ന് ബോധ്യപ്പെട്ടിടത്ത് അമ്മമാർ സമയം അനുവദിച്ചു. ഹൈസ്കൂൾ ക്ലാസിൽ പരീക്ഷയെ അഭിമുഖീകരിക്കാത്തവർ സംശയങ്ങൾ ചർച്ച ചെയ്ത് ചോദ്യ മാതൃകകൾ പരിചയപ്പെട്ടു. ഉത്തരപേപ്പറുകൾ അതാത് വിഷയ അധ്യാപകർക്ക് ഫോട്ടോ എടുത്ത് അയച്ച് കൊടുത്തു.

 സിന്ധു സ്വന്തം വീട്ടിലേയും തൊഴിലിടത്തിലെയും ജോലികൾ അതിരാവിലെ ഒതുക്കി ഒമ്പതേമുക്കാലോടെ വീട്ടിലെത്തിയാണ് ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്ക് കാവലിരുന്നത് . ഹസീനയാകട്ടെ നെറ്റ് പ്രശ്നമുണ്ടന്ന് പറഞ്ഞ കുട്ടിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചാണ് പരീക്ഷക്ക് ഇരുത്തിയത്.പരീക്ഷ കഴിയുമ്പോൾ ഉത്തരക്കടലാസുമായി രക്ഷാകർത്താക്കൾ സ്കൂളിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.പരീക്ഷ കഴിഞ്ഞപ്പോൾ രക്ഷാകർത്താക്കൾ സംതൃപ്തിയോടെ പറഞ്ഞു.ഏറെ മാർക്കില്ലങ്കിലും എൻ്റെ കുഞ്ഞിന് കിട്ടിയത് അവൻ പഠിച്ചതിൻ്റെ മാർക്കാണ്. പഠിച്ചാലേ പരീക്ഷ എഴുതാനാകൂ എന്നത് കുട്ടിക്കും പാഠമായി.

 *പല സങ്കേതങ്ങൾ കുട്ടികൾ നിർദേശിക്കുന്നു* .

പരീക്ഷക്കായി അമ്മമാർ ഓരോ ഗ്രൂപ്പിലും ഒരു മണിക്കൂർ നീണ്ട റിവിഷൻ ക്ലാസുകൾ സംഘടിപ്പിച്ചു.

👉ഗൂഗിൾ മീറ്റ്, വീഡിയോ കോൾ, ഗ്രൂപ്പ് ശബ്ദ സന്ദേശങ്ങൾ കോൺഫറൻസ് കാളുകൾ എന്നിങ്ങനെ വിവിധ മാർഗങ്ങൾ പരീക്ഷിക്കപ്പെട്ടു.

പരിമിതികളെ മറികടക്കാൻ കുട്ടികൾ തന്നെയാണ് പുതിയ സാധ്യതകൾ അമ്മമാർക്ക് മുമ്പിൽ അവതരിപ്പിച്ചത്. സംശയങ്ങൾ ചർച്ചകളിലൂടെ കുട്ടികൾ തന്നെ പങ്ക് വെച്ചു. 

 *ആൻ്റിയിൽ നിന്ന് ആൻറി ടീച്ചറിലേക്ക്

തന്നാലറിയും വിധം അവരെ സഹായിക്കാൻ അമ്മമാരും കൂടി .പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള സുമിയ ഫിസിക്സ് ക്ലാസിൻ്റ സംശയങ്ങൾ പരിഹരിച്ചു. മകനൊപ്പമിരുന്ന് ക്ലാസുകൾ കേട്ടതിൻ്റെ മികവിലായിരുന്നു പങ്കാളിത്തം .അത്ഭുതവും അഭിമാനവും തോന്നി സുമിയയെ ഓർത്ത്. ക്ലാസുകളുടെ ഊർജം സുമിയയെ തുടർ പ0നത്തിന് വരെ തയാറാക്കിയിരിക്കുന്നു. പ0ന ചർച്ചകളിൽ കുട്ടികൾ അവരുടെ ചേച്ചിമാരേയും ചേട്ടൻമാരേയും അച്ഛമ്മമാരേയും, അധ്യാപകരെ തന്നെയും പങ്കാളികളാക്കി. കണ്ടെത്തിയ ഉത്തരങ്ങൾ അവർക്ക് അനുഭവങ്ങൾ കൂടിയായിരുന്നു.  

 *വിലയിരുത്തലും ചിട്ടപ്പെടുത്തലും* 

ഓരോ ഘട്ടവും കൃത്യമായി വിലയിരുത്തപ്പെട്ടു.ഓരോ കൂട്ടായ്മയിലും പരീക്ഷിച്ച് വിജയിച്ച മാതൃകകൾ ചേർത്ത് ഞങ്ങൾ ഗ്രൂപ്പുകൾക്ക് ഒരു പൊതു ക്രമം രൂപീകരിച്ചു. ക്ലാസുകൾ കാണുന്നതിൻ്റെ കൃത്യമായ അവലോകനവും, പാഠ പുസ്തക ചർച്ചകളും നടക്കുന്നുണ്ട് 

👉ഗ്രൂപ്പുകളിൽ, പുസ്തകവായനക്ക് പലമാർഗങ്ങളാണ് ഓരോ ഗ്രൂപ്പിലും ചിലർ വീഡിയോ കോളിൽ കുട്ടികളെക്കൊണ്ട് വായിപ്പിക്കുമ്പോൾ, ബിന്ദുവിൻ്റെ ഗ്രൂപ്പിൽ കുട്ടികൾ പുസ്തകം വായിച്ചു എന്ന രക്ഷാകർത്താവിൻ്റെ ശബ്ദ സന്ദേശം നൽകപ്പെടുന്നു, ജെസിയാകട്ടെ  വീഡിയോ കോളിൽ ഒരു മണിക്കൂർ സമയമെടുത്താണ് ഒരു കുട്ടിയെക്കൊണ്ട് വായിപ്പിച്ചത്. 

👉പ0ന പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുന്നു, 

👉നോട്ടുബുക്കുകളും വീഡിയോ ഓണാക്കി പരിശോധിക്കപ്പെടുന്നു. 

👉ദിനാചരണ പ്രവർത്തനങ്ങളുടെ സംഘാടനം കൂട്ടായ്മകൾ ഏറ്റെടുക്കേണ്ടതിനെക്കുറിച്ച് ചർച്ചയുണ്ട്. 👉ഗ്രൂപ്പ് ആക്ടിവിറ്റികൾ ശക്തിപ്പെടാൻ കുട്ടി ലീഡർമാരുടെ ഒരു ചർച്ചയും ഉടനേ തന്നെ നടത്തപ്പെടും. 🏵️ചുമതലാ വിഭജനം ഏഴു പേരിലേക്കും വിപുലപ്പെടുത്തും വിധം ക്രമീകരണങ്ങളും ആലോചിക്കുന്നു         

 *സന്തോഷ നിറവ്* 

നിറഞ്ഞ സന്തോഷത്തിലാണ് ഞങ്ങൾ.പഠനത്തിൽ മികവ് പുലർത്തിയിരുന്നവരിൽ കണ്ട അലസത അലിഞ്ഞ് പോകുന്നതും വീട്ടിനകത്തെ ഒറ്റപ്പെടൽ ക്ലാസ് മുറിയിലെ സൗഹൃദാന്തരീക്ഷത്തിലെന്ന പോലെ കുട്ടികൾ കുടഞ്ഞെറിയുന്നതും കണ്ടറിഞ്ഞു ഞങ്ങൾ. ഒന്നുമില്ലേലും ഒന്ന് സംസാരിക്കാനെങ്കിലും തയാറായി പലരും.പല ശബ്ദങ്ങളും ആദ്യമായി കേൾക്കുകയായിരുന്നു. കോഡിനേറ്ററായ അമ്മമാർ അവർക്ക് ആൻ്റിമാരായി. സ്വാതന്ത്ര്യത്തോടെ അവർ സംസാരിച്ചു തുടങ്ങി. മുഷിവ് തട്ടാത്ത ഭാവത്തിൽ ഉണർവോടെ വീഡിയോ ഓണാക്കാൻ സ്വയം ഉത്സാഹിക്കുന്നുണ്ട് കുഞ്ഞുങ്ങൾ. ഒറ്റയ്ക്കല്ലന്നും കൂട്ടരൊത്തു ണ്ടന്നതും അവർക്ക് ആശ്വാസമാകുന്നുണ്ട്. ഒത്തുകൂടാൻ ഇടമുണ്ടെന്ന പ്രതീക്ഷ അതിജീവനമാകുന്നുണ്ട്.

 *വീട്ടന്തരീക്ഷം മാറുന്നു*             

കുട്ടിയോടൊപ്പം പ0ന കാര്യത്തിൽ ഒപ്പം നിൽക്കേണ്ടതെങ്ങനെ എന്ന് രക്ഷിതാക്കളെ കാട്ടിക്കൊടുത്തു അമ്മമാർ .ഓൺലൈൻ ക്ലാസിന് അനുയോജ്യമായ ഗൃഹാന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനായി .കുട്ടികളുടെ പ0ന ഇടങ്ങളിലേക്ക് ഒന്നെത്തി നോക്കാനും തന്നാലാവുന്ന സഹായം ചെയ്യാനും പ്രേരണയായി ഈ അമ്മ മാതൃകകൾ .വീട്ടുജോലിക്കും തൊഴിലിടങ്ങളിലെ അധ്വാനത്തിനും ശേഷം സ്വന്തം കുട്ടിയെക്കൂടാതെ മറ്റ് ആറ് പേരുടെ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഈ അമ്മമാരുടെ ഇച്ഛാശക്തിക്ക് മുമ്പിൽ മറ്റ് രക്ഷാകർത്താക്കളുടെ ഒഴിവുകഴിവുകൾ ആവിയായി. സ്വന്തം ഗൃഹാന്തരീക്ഷത്തിലേക്ക് കടന്നേറുന്ന അമ്മയും ഏഴ് കുട്ടികളും മറ്റ് രക്ഷാകർത്താക്കളെ കുറേക്കൂടി ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നുണ്ട്. ഓഫ് ലൈൻ കാലത്തും സാധാരണക്കാരൻ്റെ മക്കൾക്ക് സാധ്യമാക്കാവുന്ന പഠന പിന്തുണയെക്കുറിച്ചുള്ള ധാരണകൾക്കൊരിടമുണ്ട് ഈ പ്രവർത്തനത്തിൽ എന്ന് കരുതുന്നു

മുന്നോട്ടു തന്നെ

വെല്ലുവിളികൾ ഇല്ലന്നല്ല, അതിൽ പെട്ട് പിന്തിരിഞ്ഞില്ലന്നതും പുതു സാധ്യതകൾ തേടിയതിലുമാണ് നിറവത്രയും. വിളിച്ചാൽ മാത്രമേ ക്ലാസിന് കയറു എന്ന് ശഠിക്കുന്നവർ ഇപ്പോഴുമുണ്ട്. അവരെ മുഖാമുഖം കാണാൻ ഞങ്ങൾ പുറപ്പെടുകയാണ്. കുട്ടികൾക്ക് സൗഹൃദം പങ്കിടേണ്ടതുണ്ട്. അതിനായി ഗൃഹസന്ദർശനങ്ങൾ അനുവദിക്കണമെന്ന ആവശ്യം രക്ഷാകർത്താക്കൾ ഉയർത്തുന്നുണ്ട്. ഒരുമിച്ചിരുന്ന് വർത്തമാനം പറയുന്നതിൻ്റെ സുഖമറിയുന്നത് കുട്ടികൾ മാത്രമല്ല. മക്കളുടെ ഭാവിയേയും പെരുമാറ്റത്തേയും കുറിച്ചോർത്ത് ആകുലപ്പെട്ട അമ്മമാരും ഇന്ന് ചിരിത്തുമ്പത്താണ് .അക്ഷരാർത്ഥത്തിൽ ഞങ്ങൾ മക്കൾക്കൊപ്പമാണ്.

_ഗായത്രി ടീച്ചർ

സാധാരണക്കാരൻ്റെ മക്കൾ പഠിക്കുന്ന ഒരു സാധാരണ വിദ്യാലയം കോവിഡ് കാലത്തിൻ്റെ പ0ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ നടത്തുന്ന  ശ്രമമാണ് വിവരിച്ചത്.ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള കട്ടച്ചിറയിലാണ്  ക്യാപ്റ്റൻ എൻ.പി. പിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


3 comments:

  1. വെല്ലുവിളികളെ സാധ്യതയാക്കി മാറ്റിയതിന്റെ പ്രകടമായ ഉദാഹരണം. ഇത്തരം അനുഭവ പാഠങ്ങൾ ബോധനശാസ്ത്രത്തിൽ ഉരുത്തിരിഞ്ഞു വരുന്ന പുതിയ പ്രവണതകൾക്കും വഴി വെക്കും. ഇത്തരം പോസ്റ്റ് പെഡഗോജി മോഡലുകൾ വ്യാപകമാവട്ടെ ! ജനകീയ വിദ്യാഭ്യാസ മാതൃകകൾ നിറയട്ടെ !

    ReplyDelete

പ്രതികരിച്ചതിനു നന്ദി