Pages

Wednesday, January 12, 2022

കരിങ്കല്ലത്താണിയിലെ സ്കൂൾ ഡയറികൾ "

ഒന്നിലെയും രണ്ടിലെയും കുട്ടികൾ എഴുതുമോ? 

അവർക്ക് അക്ഷരം അറിയുമോ?
അക്ഷരമാല പഠിച്ചോ?
എന്തെല്ലാം ഉത്ക്കണ്ഠകളാണ് സമൂഹത്തിന്.
ആ കരുതലുകളെ സദുദ്ദേശത്തോടെ കാണണം.
കുട്ടികൾ ചെറുപ്രായത്തിൽ എഴുതി പഠിക്കണം. എഴുത്തു പഠിക്കണം. എഴുത്തുകാരാകണം.

ആശയാവതരണ രീതിക്ക് പല കൈവഴികൾ ഉണ്ട്.അതിൽ ഒന്ന് ജൈവ രചനയെ പ്രോത്സാഹിപ്പിക്കുകയാണ്
പാഠപുസ്തകത്തിന് പുറത്ത് എഴുത്തു പാOങ്ങൾ കണ്ടെത്തുകയാണ്.
പ്രമേയ ദാരിദ്ര്യമില്ല എന്ന് തിരിച്ചറിയുന്ന കുട്ടികളിൽ വിശ്വാസമുള്ള ഭാഷാ സമീപനം സംബന്ധിച്ച ഉൾക്കാഴ്ചയുള്ള അധ്യാപകർക്ക് പുതുവഴി തെളിയിച്ചെടുക്കാനാകും
എഴുത്തിന് സർഗാത്മക ഭാവം കൂടിയുണ്ടെങ്കിൽ യുട്ടികൾ ഏറ്റെടുക്കും

പാലക്കാട് ജില്ലയിലെ കരിങ്കല്ലത്താണി സ്കൂളിലെ കുട്ടികൾ അവരുടെ കൊച്ചു കെച്ചനുഭവങ്ങൾ ഡയറി രൂപത്തിൽ എഴുതിക്കൊണ്ടേയിരിക്കുകയാണ്
ഒന്നാം ക്ലാസിലെ കുട്ടികൾക്കും എഴുതണം 
അമ്മമാർ അവരുടെ ആശയങ്ങൾക്ക് എഴുത്തുരൂപം നൽകാൻ സഹായിക്കും.ഈ സഹായ രചനാ തന്ത്രം ക്ലിക് ചെയ്തു. 

കൊവിഡ് കാലത്ത് പ0ന വിടവുണ്ടായി എന്ന് വിഷമിക്കേണ്ട കാര്യം ഈ സ്കൂളിന് ഉണ്ടായില്ല.അവർ എഴുതി എഴുതി യുറീക്കയിലും എഴുതി.
ചില രചനകൾ നോക്കാം


സ്കൂളിലെ ധന്യ ടീച്ചർ കുട്ടികളുടെ എഴുത്തിനെക്കുറിച്ച് വിശദീകരിക്കുന്നു
"കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ പിന്നാലെ ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ നിശ്ചലമായപ്പോൾ അതിനെ ഓൺലൈൻ സംവിധാനം  ഉപയോഗിച്ച് എങ്ങനെ മറികടക്കാം എന്നാണ് ഞങ്ങളുടെ വിദ്യാലയം ആദ്യം ആലോചിക്കുന്നത് . ആ ചിന്തയിൽ നിന്നാണ് മുഴുവൻ രക്ഷിതാക്കളുടെയും നമ്പറുകൾ ഉൾപ്പെടുത്തി കുട്ടികൾക്കായി ഒരു വാട്ട്സാപ്പ് കൂട്ടായ്മ 'ബാല സംഗമം ' എന്ന പേരിൽ ആരംഭിക്കുന്നത് . ഈ പേരിൽ തന്നെ ഒരു ശിശു സൗഹൃദ മനസ്സ് ഞങ്ങൾ തുറന്നിടുകയായിരുന്നു .

അടച്ചിടലുകൾ കാര്യമായി ബാധിച്ചത് നമ്മുടെ കുഞ്ഞുങ്ങളെ ആണെങ്കിലും ഏറെക്കുറെ അതെ അവസ്ഥയിൽ  എത്തിയ  രക്ഷിതാക്കളും കുട്ടികളുടെ മനസ്സു തുറക്കാനുള്ള ഉദ്യമത്തിൽ ഞങ്ങൾക്ക് പൂർണ പിന്തുണ നൽകി . എഴുത്തും വായനയും മറക്കും മുന്നേ കുട്ടികളെ വായനയിലൂടെയും  എഴുത്തിലൂടെയും തുടർന്നും നടത്താനുള്ള പ്രവർത്തനങ്ങൾ അധ്യാപകർ ആസൂത്രണം ചെയ്ത് ഗ്രൂപ്പിൽ നൽകാൻ തുടങ്ങി.
സ്കൂൾ കാണാതെ ടീച്ചറെ കാണാതെ പുതിയ രീതിയിൽ പുതിയ കാര്യങ്ങൾ അഭ്യസിക്കുന്ന ത്രില്ല് ആയിരുന്നു കുട്ടികൾക്ക് . ക്ലാസ്സ് മുറികൾക്കു പകരം  വീടും മുറ്റവും തൊടിയും അവർക്ക് മുന്നിൽ അതു വരെ അനുഭവിക്കാത്ത കാഴ്ചകളും അനുഭവങ്ങളും ഒരുക്കിയപ്പോൾ അതിനെ കൂട്ടുകാർക്കും ടീച്ചർക്കും പരിചയപ്പെടുത്താനുള്ള അവരുടെ ആവേശത്തെ മുതലെടുത്തു കൊണ്ടാണ് ഡയറികൾ എഴുതാം എന്ന നിർദ്ദേശം ഞങ്ങൾ വയ്ക്കുന്നത് . കണ്ടതും കേട്ടതും പങ്കു വയ്ക്കുന്നതിന്റെ ആത്മ സംതൃപ്തി  മെല്ലെ അവരുടെ കുറിപ്പുകളിൽ അതി മനോഹരമായ അക്ഷര കാഴ്ചകളായി വിരിഞ്ഞു. കൂട്ടുകാരും അധ്യാപകരും തന്റെ  കൂടെ തന്നെ ഉണ്ട് എന്നു തോന്നുംവിധം  ഓരോ കുട്ടിയെയും നിരന്തരം  ഫോണിൽ വിളിച്ചും വീടുകൾ സന്ദർശിച്ചും ഞങ്ങൾ
അവർക്കൊപ്പം  ഇടവേളകളില്ലാതെ സഞ്ചരിച്ചു.
അങ്ങനെ ഇത്തരത്തിൽ വിദ്യാലയങ്ങളിൽ എത്തുമ്പോൾ മാത്രം പൂർണ്ണമാവുമായിരുന്ന അവരുടെ ദിവസങ്ങൾക്കു തുല്യമായി തന്നെ അടച്ചിടൽ കാലത്തെയും പരിവർത്തിപ്പിക്കാൻ ഞങ്ങൾക്കായി .അക്ഷരങ്ങളും കഥകളും പാട്ടുകളും കൂട്ട് ചേർന്നുള്ള കളികളും അവർക്ക് അന്യമാകുകയല്ല ഓൺലൈൻ തലത്തിൽ പുതിയ സാധ്യതകളിലേക്ക് അവരെ കൈ പിടിച്ചു നടത്താൻ ആകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു .സായാഹ്നങ്ങൾ കഥ പറഞ്ഞും
പാട്ടു പാടിയും ചിരിച്ചും കളിച്ചും ഗ്രൂപ്പിൽ കുട്ടികൾ
ഉത്സവം തീർത്തു .ആകുലതകൾ നിറഞ്ഞ വിളികൾ മെല്ലെ  നിന്നു .എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യണമെന്ന രക്ഷിതാക്കളുടെ ആശങ്കകളും  താനെ കെട്ടടങ്ങി.

*ബാലസംഗമം *

സ്കൂളിലെ എല്ലാ കൂട്ടുകാർക്കും ഒരുമിച്ചിരിക്കാൻ
ഒരു വേദി എന്നതായിരുന്നു ഈ ഗ്രൂപ്പ് .ആദ്യം വാട്ട്സാപ് ഗ്രൂപ്പും പിന്നെ ഫേസ്ബുക്ക് പേജും
തുറന്നു .

ലക്ഷ്യങ്ങൾ.

*വിദ്യാലയത്തെ മുഴുവൻ പങ്കെടുപ്പിച്ചു കൊണ്ടുള്ള വ്യത്യസ്തവും ആകർഷകവുമായ പഠന പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുക.
*എഴുതാനും വായിക്കാനും കൂടുതൽ അവസരങ്ങൾ ഒരുക്കുക.
*എല്ലാ കുട്ടികളുടെയും സർഗ്ഗത്മക കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പരം വിലയിരുത്താനും ഉള്ള അവസരം നൽകുക.
*അടച്ചിടലിനിടയിലും ദിനാചരണങ്ങൾ അടക്കമുള്ള വിദ്യാലയ അനുഭവങ്ങൾ ഒരു പരിധി വരെയെങ്കിലും കുട്ടികളിൽ എത്തിക്കുക.
* വിദ്യാർത്ഥികളാേട് മാനസീകൈക്യം പുലർത്തുക
* ഡയറിയിലൂടെ സർഗാത്മക ലേഖനത്തിന് അവസരം ഒരുക്കുക .

പ്രവർത്തനങ്ങൾ.

# വിവിധങ്ങളായ വായനാ സാമഗ്രികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു (കഥകൾ, കവിതകൾ, കുറിപ്പുകൾ )
#ചുറ്റുപാടും നടക്കുന്ന വാർത്തകൾ ശേഖരിക്കാനും അവതരിപ്പിക്കാനും ഉള്ള അവസരം ഒരുക്കുന്നു.
#പ്രകൃതി നിരീക്ഷണ പ്രവർത്തനങ്ങൾ നൽകുന്നു.
#അനുഭവങ്ങളെ ,കാഴ്ചകളെ കുറിപ്പുകളാക്കാൻ
പ്രേരിപ്പിക്കുന്നു
# വിജ്ഞാനോൽസവം പോലുള്ള പ്രവർത്തനങ്ങളിൽ രക്ഷിതാവിനൊപ്പം ഏർപ്പെടാനുള്ള അവസരം ഒരുക്കുന്നു..


ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ
പാഠപുസ്തകങ്ങൾ ഇല്ലാതെയും പഠനവും വായനയും ലേഖനവും   സാധ്യമാകും എന്ന ബോധ്യത്തിലേക്ക് നയിച്ചു.

വിദ്യാഭ്യാസത്തിൽ കോവിഡ് വരുത്തിയ തടസം ഒരു പരിധിയോളം ഞങ്ങൾ  അനുഗ്രഹമാക്കി തീർത്തു .  ശാരീരിക സാന്നിധ്യമുള്ള ക്ലാസുകളിൽ പങ്കെടുക്കുക, പരീക്ഷയെഴുതുക, മാർക്ക് നേടുക, മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുക എന്ന പതിവു രീതിയിൽ നിന്ന് ആനന്ദിച്ചു പഠിക്കുക എന്ന 
അവസ്ഥയിൽ കുട്ടികൾ എത്തി .

ഈ ഘട്ടത്തിലാണ് 
ബാലസംഗമത്തിന് കീഴിൽ 
എഴുത്തോല കൂട്ടം എന്നൊരു ഗ്രൂപ്പു കൂടി വരുന്നത്
എഴുത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ് ഇതു രൂപീകരിച്ചത്
എല്ലാവരുടെയും വീടുകളിലെത്തി പുതിയ ഡയറിയും പേനകളും വരച്ച്നിറം നൽകാൻ ചായക്കൂട്ടും നൽകി അവരെ കൈയിലെടുത്തു ..

എന്തെഴുതും ,എങ്ങനെ എഴുതും ,എങ്ങനെ വരയ്ക്കാം എന്ന് ശങ്കിച്ചു നിന്നവർക്കു മുന്നിൽ  കാസറഗോഡു ജില്ലയിലെ GLPS ഇരിയണ്ണിയിൽ പഠിക്കുന്ന  ജീവൻ എന്ന കൊച്ചു കൂട്ടുകാരന്റെ ഡയറികൾ  നിരന്തരം  അവതരിപ്പിക്കാൻ തുടങ്ങി . ഡയറി എന്ന വ്യവഹാര രൂപത്തിന്റെ സാധ്യതകൾ തേടി അവർ അലയാൻ തുടങ്ങിയത്
അവിടെ നിന്നാണ് .  ഡയറിയുടെ പരമ്പരാഗത  രീതിയിൽ നിന്നും വിഭിന്നമായ എഴുത്തുകൾ തുടർച്ചയായി പരിചയപ്പെട്ടതോടെ ധൈര്യമായി കുട്ടികൾ എഴുതാൻ തുടങ്ങി ..

ഗൃഹസന്ദർശനങ്ങൾ

എല്ലാ കുട്ടികളെയും എഴുതിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു . അക്ഷരങ്ങളും വാക്കുകളും ആദ്യമായി പഠിച്ചു തുടങ്ങിയ കുട്ടികൾ
എഴുതാനാകാതെ പ്രയാസപ്പെട്ടു നിന്നപ്പോൾ
വീടുകളിൽ എത്തി അമ്മമാരെ കണ്ട് എഴുതുമ്പോൾ കുട്ടികൾക്ക് നൽകേണ്ട പിന്തുണയെ കുറിച്ച് ബോധ്യപ്പെടുത്തി . ഒന്നിലെ കുട്ടികളുടെ മനസിലെ

ആശയങ്ങൾ വാക്കുകളും വരികളും ആക്കാൻ അമ്മമാർ സഹായിക്കുകയും  മെല്ലെ കുട്ടികൾ തന്നെ നേരിട്ട് എഴുതുന്ന തലത്തിലേക്ക് മാറുകയും ചെയ്തു . ഓരോ ഘട്ടത്തിലും അധ്യാപകർ വീട്ടിൽ എത്തി പ്രോത്സാഹനങ്ങൾ നൽകുക കൂടി ചെയ്തപ്പോൾ
എഴുത്ത് ആവേശമായി മാറി . മുതിർന്ന കൂട്ടുകാർ
എഴുതിയ ഡയറികൾ ഗ്രൂപ്പിൽ വായിക്കാൻ ലഭ്യമാക്കിയതും എഴുത്തിന്റെ വാതായനങ്ങൾ അവർക്കു തുറന്നു കിട്ടി .

ചിത്രങ്ങളുടെ ഭംഗി

എഴുത്തിനേക്കാൾ ചിത്രം വരയ്ക്കാനും നിറം നൽകാനും കുട്ടികൾ ഏറെ തത്പരരായതിനാൽ 
എഴുത്തിനൊപ്പം ചിത്രങ്ങൾ വരയ്ക്കാൻ നിർദ്ദേശം
നൽകി . അങ്ങനെ കാഴ്ച ഭംഗിയുള്ള ഡയറികൾ
വരാൻ തുടങ്ങി . ചിത്രങ്ങൾ മടുപ്പില്ലാത്ത എഴുത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു .

* ഉള്ളടക്കം *

തുടക്കത്തിൽ വളരെ കുറച്ചു പേർ മാത്രമായിരുന്നു എഴുത്തിൽ സജീവമായി വന്നത്. ചിലർ പരമ്പരാഗത രീതിയിൽ തന്നെ എഴുത്തു തുടർന്നു.
കൂടുതലായും മുതിർന്ന കുട്ടികളാണ് ആ രീതി വിടാൻ മടിച്ചു നിന്നത് . വ്യത്യസ്ഥമായ  ഡയറികൾ നിരന്തരം മറ്റ് കൂട്ടുകാര പരിചയപ്പെടുത്തിയതോടെ മെല്ലെ മെല്ലെ സ്കൂളിലെ മുഴുവൻ കുട്ടികളും ഡയറി എഴുതുകയും പരാമ്പരാഗത ശൈലി ഉപേക്ഷിക്കുകയും ചെയ്തു .
അനുഭവങ്ങൾ, കാഴ്ചകൾ, ഓർമ്മകൾ, ചിന്തകൾ എല്ലാം മനോഹരമായ ഡയറികളായി. 
ചില ദിവസങ്ങളിൽ ഡയറിക്ക് പകരം കൊച്ചു കവിതകൾ എഴുതുന്ന ശീലവും തുടങ്ങി. ബാലസംഗമത്തിൽ പങ്കു വയ്ക്കുന്ന കവിതകളുടെയും കഥകളുടെയും മറ്റും വായനാ കുറിപ്പായും ഡയറി പരിണമിച്ചു.

* എഴുത്തുകൂട്ടം യാത്രകൾ *

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനിടയിലും രക്ഷിതാക്കളുടെ പിന്തുണയോടെ എഴുത്ത് സംഘത്തെ ഉൾപ്പെടുത്തി പ്രകൃതിയെ അറിയാൻ കൊച്ചു യാത്രകൾ സംഘടിപ്പിച്ചു. പുതിയ കാഴ്ചകൾ കൊണ്ട് മനസ്സ് നിറഞ്ഞപ്പോൾ  ഇന്നെന്തെഴുതും എന്നതിന് ഉത്തരവുമായി .

*പ്രോത്സാഹനങ്ങൾ *

കുഞ്ഞെഴുത്തുകൾ ബാലസംഗമം ഫേസ്ബുക് പേജിൽ സ്ഥിരമായി പങ്കു വയ്ക്കാറുള്ളത് ശ്രദ്ധയിൽ പെട്ടാണ് യുറീക്കാ പത്രധിപ സമിതി അംഗമായ  ശ്രീ: PM നാരായണൻ മാഷ് കുട്ടികളുടെ രചനകൾ യുറീക്കയിലേക്ക് ക്ഷണിക്കുന്നത്. 
റിയ- 4  ഷാസിയ - 2  ഫാത്തിമ സന - 3  ഹർഷ് - 2  തുടങ്ങി പല കൂട്ടുകാരുടെയും ഡയറിയും കവിതകളും വായന അനുഭവങ്ങളും  അങ്ങനെ യുറീക്കയിലൂടെ വെളിച്ചം കണ്ടു. എഴുത്ത് ചില്ലറ കാര്യമെന്ന് കരുതിയിരുന്ന രക്ഷിതാക്കളും ഇത്തരം 
പിന്തുണകൾ കണ്ട് കുട്ടികളുടെ എഴുത്തിനെയും
വായനയെയും ഗൗരവമായി എടുക്കാൻ തുടങ്ങിയതും അങ്ങനെയാണ് .
പാലക്കാട് ജില്ലയിലെ കുട്ടികളുടെ കവിതകൾ ഉൾപ്പെടുത്തി ' കവിത വീട് 'എന്ന പുസ്തകം നാരായണൻ മാഷിന്റെയും വിനോദൻ മാഷിന്റെ ശ്രമഫലമായി ഇറങ്ങിയപ്പോൾ ഈ വിദ്യാലയത്തിൽ നിന്ന് അഞ്ച് കുട്ടികളുടെ രചനകൾ അതിൽ ഇടം നേടിയിരുന്നു ..

* സമഗ്ര ശിക്ഷ കേരളം *

സംസ്ഥാന തലത്തിൽ സ്കൂൾ കുട്ടികളിൽ നിന്നും മികച്ച സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് ലൈബ്രറി പുസ്തകം പ്രസിദ്ധീകരിക്കാൻ ശ്രമം
നടക്കുമ്പോൾ  ഈ സ്കൂളിലെ രണ്ടു കുട്ടികൾക്ക്  അതിൽ രചനകൾ പ്രസിദ്ധീകരിക്കാൻ അവസരം ലഭിച്ചിരിക്കുന്നു എന്നതും ബാലസംഗമത്തിന്റെ
പ്രസക്തിയെ ഉയർത്തിപ്പിടിക്കുന്നു


*ഹോം ലൈബ്രറികൾ *

എഴുത്തിനൊപ്പം വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസംഗമത്തിന്റെ
തുടക്കത്തിൽ തന്നെ ഹോം ലൈബ്രറി എന്ന ആശയം മുന്നോട്ടു വച്ചു . വീട്ടിലെ ചിതറിക്കിടന്ന പുസ്തകങ്ങൾ പെറുക്കി കൂട്ടി വായന സംസ്കാരത്തിനു തുടക്കം കുറിച്ചു . SSK പദ്ധതിയായ വായന വസന്തത്തിലൂടെ വീണ്ടും
പുസ്തകങ്ങൾ അവർക്കു ലഭ്യമാക്കി വായനയുടെ വഴിയിൽ കൂടുതൽ വെളിച്ചം വിതറി .

* നിലയ്ക്കാത്ത എഴുത്ത് *

ഇപ്പഴും ക്ലാസ്സിനകത്തിരുന്ന് പരമ്പരാഗതമായി പാഠപുസ്തകം മാത്രം നോക്കി എഴുത്തും വായനയും പഠിച്ചാൽ മതി എന്നു ശഠിക്കുന്ന കുറച്ചു രക്ഷിതാക്കൾ കൂടി ഉണ്ട്  ഇവിടെ.

ബാലസംഗമം  ഒരു പരീക്ഷണമായിരുന്നു.
എഴുത്തിന്റെ വായനയുടെ  സ്വതന്ത്ര ചിന്തയുടെ വഴിയെ കുട്ടികളെ കൈ പിടിച്ചു ന

ടത്തുകയാണ് .

സ്‌കൂൾ തുറന്നും, എഴുതാനും പഠിക്കാനും ഏറെയുണ്ടായിട്ടും തങ്ങളുടെ പ്രിയപ്പെട്ട ഡയറി എഴുത്ത് അവർ നിർത്തുന്നില്ല.. അവർ എഴുതിക്കൊണ്ടേ ഇരിക്കുന്നു..കാഴ്ചകളും ചിന്തകളും അക്ഷരങ്ങളും ചിത്രങ്ങളുമാവുന്നു..

ഞങ്ങൾ വായിക്കാനും എഴുതാനും അവസരങ്ങൾ ഒരുക്കി പ്രോത്സാഹനം നൽകി അവരുടെ കൂടെ നിൽക്കുന്നു.. "
വർക് ഷീറ്റും പദചക്രം പൂരിപ്പിക്കലും യാന്ത്രികമായ അഭ്യാസങ്ങൾ ചെയ്യിക്കലും ഒക്കെയായി ഭാഷാ പ0നം വിരസമാകുന്ന അവസ്ഥയുണ്ടോ?
എഴുത്തിൽ സ്വയം മെച്ചപ്പെടുന്ന സ്വതന്ത്രരചയിതാക്കൾ ആയി കുട്ടികൾ മാറുന്നുണ്ടോ? അവരുടെ രചനകൾ നിത്യവും പൊതുമണ്ഡലത്തിൽ ലഭ്യമാക്കി അംഗീകാരം നൽകുന്നുണ്ടോ?
ഇല്ലെങ്കിൽ
നിങ്ങൾ സ്വയം തിരുത്താൻ സമയമായിരിക്കുന്നു












10 comments:

  1. കരിങ്കല്ലത്താണി സ്കൂളിലെ ആവേശകരമായ ഈ പ്രവർത്തനങ്ങൾക്ക് ഈ പോസ്റ്റിലൂടെ വലിയൊരു അംഗീകാരം കിട്ടുന്നു.

    ReplyDelete
    Replies
    1. തീർച്ചയായും പൊതു വിദ്യാലയങ്ങളിൽ എല്ലാം തന്നെ ചെറുതും വലുതുമായ അനവധി പ്രവർത്തനങ്ങളാണ് നടക്കുന്നത് .
      ചൂണ്ടുവിരലിൽ എത്തിയതിൽ അഭിമാനം തോന്നുന്ന നിമിഷം

      Delete
  2. ബാലസംഗമത്തിൻ്റെ ഈ കുഞ്ഞുരചനകൾ കഴിഞ്ഞ വർഷം മുതലേ വായിക്കാറുണ്ട്. നിഷ്കളങ്കവും എന്നാൽ പ്രൗഢഗംഭീരവുമായ ഈ എഴുത്തുകളും ചിത്രങ്ങളും കാണുമ്പോൾ ഈ കുരുന്നുകളുടെ പെൻസിൽതുമ്പിൽ കയറി ഒളിച്ചിരിക്കാൽ തോന്നിയിട്ടുണ്ട് പലപ്പോഴും.
    എന്താണ് ജൈവ രചന എന്നും കുഞ്ഞുങ്ങൾ ഭാഷ പഠിക്കുന്നതിൽ ജൈവ രചനയുടെ പങ്ക് എന്താണെന്നും ഹൃദ്യമായും ശക്തമായും അവതരിപ്പിച്ചിരിക്കുന്നു കരിങ്കല്ലത്താണി ഗവ എൽ പി എസ്. ഹൃദയാഭിനന്ദനങ്ങൾ. ചൂണ്ടുവിരലിലൂടെയുള്ള ഈ പങ്കിടൽ എല്ലാ വിദ്യാലയങ്ങൾക്കുമുള്ള ഒരു മുതൽക്കൂട്ടാണ്.

    ReplyDelete
    Replies
    1. വെയിൽ തുള്ളികൾ ബാലസംഗമത്തിനു നൽകി കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും നന്ദി

      Delete
  3. പൊതു വിദ്യാഭ്യാസ രംഗത്തു നടക്കുന്ന
    ഏതു തരം ചലനങ്ങളെയും നിരീക്ഷിക്കുകയും
    അതിനെ ഒപ്പിയെടുത്ത് സമൂഹ മദ്ധ്യത്തിൽ
    എത്തിക്കാൻ അക്ഷീണം യത്നിക്കുകയും ചെയ്യുന്ന
    കലാധരൻ മാഷിന്റെ ഈ പിന്തുണ പൊതു വിദ്യാലയങ്ങൾക്ക് വലിയ കരുത്തു നൽകുന്നു ..
    ചുണ്ടുവിരൽ നൽകിയ ഈ ഇടം ഞങ്ങൾക്കിനിയും സഞ്ചരിക്കാനുള്ള ദൂരഞ്ഞെയാണ് ഓർമപ്പെടുത്തുന്നത് ..
    നന്ദി .

    ReplyDelete
  4. എന്തൊരു വ്യത്യസ്തമായ ഒരു അനുഭവം 😍ഹൃദയം നിറഞ്ഞു... ഇതിനു പിന്നിലുള്ള ഓരോരുത്തർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ❤

    ReplyDelete
  5. ബാല സംഗമം FB യിൽ ഡയറിക്കുറിപ്പുകൾ Post ചെയ്തതു കണ്ടപ്പോൾ അതിശയമായിരുന്നു. നിത്യവും വ്യത്യസ്തമായ രചനകൾ കണ്ടപ്പോൾ ആവേശമായി. ഇത്തരം മാതൃകാപരമായ പങ്കുവെക്കലുകൾ ഞങ്ങൾക്കും വലിയൊരു മുതൽക്കൂട്ടായി.കഴിഞ്ഞ വർഷം മുതൽ ഇവിടെയും നിത്യവും നിഷ്ക്കളങ്കമായ വരയും എഴുത്തുമായി കുഞ്ഞു കൂട്ടുകാർ മുന്നേറിക്കൊണ്ടിരിക്കുന്നു ' ബാല സംഗമത്തിന് ഒരുപാടൊരുപാട് നന്ദി!

    ReplyDelete
  6. ബാലസംഗമം പ്രവർത്തനങ്ങൾ തീർത്തും മാതൃകാപരമാണ്. ഇത്തരത്തിലുള്ള മാർഗങ്ങളിലൂടെ കുട്ടികളിലെ സർഗ്ഗശേഷികളെ കണ്ടെത്താനും വികസിപ്പിക്കാനും സാധ്യമാവും

    ReplyDelete

  7. ബാലസംഗമം കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഫേസ്ബുക്കിൽ കുഞ്ഞുങ്ങളുടെ ഡയറികൾ വായിക്കാറുണ്ട്. കുഞ്ഞെഴുത്തുകളും വരകളും ഏറെ ഇഷ്ടം.അഭിനന്ദനങ്ങൾ.
    തുടരട്ടെ പ്രവർത്തനങ്ങൾ.
    കൊച്ചു കൂട്ടുകാർക്കും രക്ഷിതാക്കൾക്കും നിഴലായ് കൂടെയുള്ള അധ്യാപകർക്കും ആശംസകൾ..

    ReplyDelete
  8. മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ സ്ക്കൂളിൽ നടക്കുന്നത്. എഴുതിത്തെളിയുന്ന കൊച്ചു കൂട്ടുകാർക്കും അവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന അധ്യാപകർക്കും ആശംസകൾ!

    ReplyDelete

പ്രതികരിച്ചതിനു നന്ദി