Pages

Thursday, January 27, 2022

പഠന പരിപോഷണം. കാഴ്ചപ്പാടും കർമമേഖലകളും.

പഠന നിലവാരം ഉയർത്തുന്നതിനായി എല്ലാ വർഷവും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളും പുതിയ പദ്ധതികൾ ഉണ്ടാകാറുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ, കൈറ്റ്, സീമാറ്റ്, എസ് ഐ ഇ ടി, ഡയറ്റ്, ജില്ലാ പഞ്ചായത്ത്, ഗ്രാമ / മുൻസിപ്പൽ പഞ്ചായത്തുകൾ, പി ടി എ കമ്മറ്റികൾ തുടങ്ങിയവ എല്ലാം ഇതിൽ സജീവമാണ്.


ആവിഷ്കരിച്ച ഗുണമേന്മാപോഷണ പരിപാടികൾ കൊണ്ടുണ്ടായ മാറ്റം കൃത്യമായി കണ്ടെത്താനും വിജയമെങ്കിൽ തുടരാസൂത്രണം നടത്താനും ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ എന്തുകൊണ്ട് എന്ന് അന്വേഷിക്കാനും കഴിയണം.
പരിപാടി ആസൂത്രണം ചെയ്യുമ്പോൾ ത്തന്നെ വിലയിരുത്തൽ രീതിയും രൂപകല്പന ചെയ്യണം.
1.
പലപ്പോഴും കേന്ദ്രീകൃത പാക്കേജുകളാണ് ഉണ്ടാവുക. അതിൻ്റെ ഫലമായി അധ്യാപകരിൽ സൃഷ്ടിപരമായ അക്കാദമിക അന്വേഷണ മുരടിപ്പുണ്ടായി. മുകളിൽ നിന്നു നിർദേശിക്കുന്നത് അനുസരിക്കുകയാണ് കടമ എന്ന് അവരെ വിശ്വസിപ്പിക്കാൻ സംവിധാനം വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഈ സ്ഥിതി മാറേണ്ടതുണ്ട്.
ജ്ഞാന നിർമിതി വാദം, വികേന്ദ്രീകൃതാസൂത്രണം, അധ്യാപകരെ വിശ്വാസത്തിലെടുക്കൽ, വിദ്യാലയത്തിൻ്റെ അക്കാദമിക മാസ്റ്റർ പ്ലാനിനെ മാനിക്കൽ, പ്രാദേശികത്തനിമകളെ അംഗീകരിക്കൽ, പ്രശ്നത്തിന് ഉറവിടത്തിൽത്തന്നെ പരിഹാര സാധ്യത തേടൽ തുടങ്ങിയവ പരിഗണിക്കണം.
2)
എങ്ങനെ തുടങ്ങണം?
1. കൊവിഡ് വരുന്നതിന് മുമ്പുള്ള പOന നിലവാരവിശകലനം നടത്തണം.
2. കൊവിഡ് മൂലം സംഭവിച്ച പ0ന വിടവ് നിശ്ചയിക്കണം
3. എങ്കിൽ കൈവരിക്കേണ്ട ലക്ഷ്യം (5 വർഷത്തിനുളളിൽ ) വിഷയാടിസ്ഥാനത്തിൽ തയ്യാറാക്കണം
4. വാർഷിക പരിഗണന / ഊന്നലുകൾ നിശ്ചയിക്കണം.

ഈ നാലു കാര്യങ്ങൾ സംസ്ഥാന / ജില്ല/ബിആർസി / പഞ്ചായത്ത് / സ്കൂൾ/ ക്ലാസ് തലങ്ങളിൽ നടക്കേണ്ടതുണ്ട്. 

1. മുഖ്യ പഠനാശയങ്ങൾ, നൈപുണികൾ എന്നിവ നിശ്ചയിക്കണം. (പഠന നേട്ടങ്ങൾ കടഞ്ഞ് എടുക്കണം )
2. കുട്ടികളുടെ പ്രക്രിയാ പരമായ അനുഭവങ്ങളെ വിമർശനാത്മകമായി വിശകലനം ചെയ്യണം.
3. പ്രക്രിയാ നവീകരണ സാധ്യതകൾ കണ്ടെത്തണം.

ഇവ മൂന്നും ചെയ്യുന്നതിന് അധ്യാപകരെ പ്രാപ്തമാക്കുന്നതെങ്ങനെ എന്ന് ആലോചിക്കണം
50 അധ്യാപകർക്ക് ഒരു മെൻറർ എന്ന നിലയിൽ വർഷം മുഴുവൻ സാധ്യമാകുന്ന സഹവർത്തിത പ0ന സംഘം രൂപപ്പെടുത്താൻ കഴിയുമോ?
കേരളത്തിൽ ആയിരക്കണക്കിന് അക്കാദമികഅന്വേഷണ സംഘങ്ങൾ.
അവർക്കായി മാർഗരേഖ തയ്യാറാക്കി നൽകാം
ക്ലാസ് / വിഷയാടിസ്ഥാനത്തിൽ ആകണം ഈ അക്കാദമിക അന്വേഷണ സംഘം
പൊതു രൂപരേഖയ്ക്കുള്ളിൽ നിന്ന് തനതായ രീതികൾ വികസിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.
50 അംഗ സംഘത്തിന് ചെറുസംഘങ്ങളുമാകാം
ഓരോ ചെറു സംഘവും തയ്യാറാക്കുന്ന പ്രവർത്തന പരിപാടികൾ 50 അംഗ സമിതിയിൽ അവതരിപ്പിച്ച് മെച്ചപ്പെടുത്താം.
ഇതിൻ്റെ അടിസ്ഥാനത്തിൽ ക്ലാസ്സ് / വിഷയ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കണം.
ലക്ഷ്യങ്ങൾ
പ്രതീക്ഷിത നേട്ട നിലവാരം
പ്രവർത്തന പരിപാടി ഇവ ഉൾക്കൊള്ളുന്നതാകണം ക്ലാസ് വിഷയ അക്കാദമിക മാസ്റ്റർ പ്ലാൻ.
പൊതുവായ പാഠ്യപദ്ധതി വിനിമയവുമായി ലയിച്ചു കൊണ്ടുപോകാവുന്ന രീതിയാണ് അഭികാമ്യം.
ഇതെങ്ങനെ സാധ്യമാകും?
പുതിയതായിതയ്യാറാക്കിയതും മുൻ വർഷം വരെ പ്രയോഗിച്ചു ഫലം കിട്ടാത്തതും മുന്നിൽ.ഏതൊഴിവാക്കണം.പാഠപുസ്തകത്തിലെയാണെന്നോ അധ്യാപക സഹായിയിലെ ആണെന്നോ ചിന്തിക്കേണ്ട. ഫലപ്രദമല്ലാത്ത പ്രവർത്തനങ്ങൾ ബദലുകൾ കൊണ്ട് നികത്തപ്പെടണം.

3)
ക്ലാസ് പിടിഎയുടെ പുതിയ റോൾ.
തയ്യാറാക്കിയ കർമപദ്ധതി നടപ്പിലാക്കുന്നതിന് വീടൊരുക്കം എങ്ങനെ? രക്ഷിതാവ് എങ്ങനെയെല്ലാം സഹായിക്കണം. കൃത്യമായ ഉദാഹരണ സഹിതം അവരെ ബോധ്യപ്പെടുത്തണം. ഇത് നിരന്തരം നടക്കണം. രക്ഷാകർതൃവിദ്യാഭ്യാസത്തിന്  മൊഡ്യൂൾ തയ്യാറാക്കണം.
4. )
എസ് ആർ ജി പുനരാസൂത്രണം.
ക്ലാസ് / വിഷയ അക്കാദമിക മാസ്റ്റർ പ്ലാൻ നിർവഹണം വിലയിരുത്തണം. തെളിവുകൾ വെച്ചുള്ള പങ്കിടലുകൾ, സ്കൂൾ തല അക്കാദമിക ശിൽപശാലകൾ ഒക്കെ വേണ്ടി വരും
ശരിക്കും റിസോഴ്സ് ഗ്രൂപ്പായി മാറണം.
5 )
സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ
ക്ലാസ് / വിഷയ മാസ്റ്റർ പ്ലാനിൽ പെടാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അവ മാത്രം പുതിയതായി തയ്യാറാക്കണം.
ക്ലാസ് / വിഷയ അക്കാദമികമാസ്റ്റർ സ്കൂൾ അക്കാദമികമാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ്.
6. )
എസ് എം സി എങ്ങനെ പ0ന പരിപോഷണ പരിപാടിയെ സഹായിക്കും? എങ്ങനെ അവർക്ക് ഫീഡ്ബാക്ക് നൽകും? അക്കാദമിക അജണ്ട മാത്രം വെച്ച് ഒന്നിടവിട്ട മാസങ്ങളിൽ യോഗങ്ങൾ ആലോചിക്കാമോ?
എസ് എം സി അംഗങ്ങൾ അവരുൾപ്പെടുന്ന ക്ലാസ് പി ടി എ ശക്തമാക്കാൻ എങ്ങനെ ഇടപെടണം? പ്രവർത്തനങ്ങൾക്കാവശ്യമായ ധന പിന്തുണ, സാമൂഹ്യ പിന്തുണ എന്നിവയൊക്കെ പ്രസക്തമാണ്.
7)
നിരന്തര വിലയിരുത്തലിനുള്ള പ്രായോഗിക രീതികൾ
കുട്ടിയിൽ സ്വയം വിലയിരുത്തൽ ശേഷി വർധിപ്പിക്കാനും ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് കുട്ടിക്ക് പ്രവർത്തിക്കാനും നിരന്തര വിലയിരുത്തൽ ലക്ഷ്യമിടണം. വിലയിരുത്താൻ ശീലിക്കുക എന്നതും പ0നമാണ്.
കുട്ടിയുടെ പക്ഷത്തുനിന്ന് പ0ന ലക്ഷ്യങ്ങൾ ഓരോ പ്രവർത്തനത്തിലും വികസിപ്പിക്കുമ്പോഴാണ് കുട്ടിക്ക് കൃത്യതയുണ്ടാവുക. ഓരോ കുട്ടിയും യൂണിറ്റാണ് എന്ന് തൊങ്ങലിട്ട് പറഞ്ഞാൽ പോര.
നിരന്തര വിലയിരുത്തലിൻ്റെ ശക്തമായ നട്ടെല്ലുണ്ടാകുമ്പോഴാണ് ദൗർബല്യമില്ലാത്ത പ0നം നടക്കുക. അതിനാൽ പഠന പരിപോഷണ പരിപാടിയിൽ നിരന്തര വിലയിരുത്തൽ നിർണായകമാണ്. കാഴ്ചപ്പാട് രൂപീകരണം, പ്രയോഗ സാധ്യതകൾ കണ്ടെത്തൽ എന്നിവയ്ക്കായി ശിൽപശാലകൾ വേണ്ടിവരും
8).
പി ഇ സി
LP, UP, HS, HSS എന്നിവ ഒരേ ഭൂപ്രദേശത്ത് പ്രവർത്തിക്കുന്നു.പൊതു വിഷയങ്ങൾ തീരുമാനിക്കുന്നതിന് PEC ക്ക് കഴിയും.അക്കാദമിക കാര്യങ്ങൾക്കായി പ്രത്യേകം സമിതി വേണ്ടിവരും. പഞ്ചായത്ത് അക്കാദമിക സമിതിയുടെ പ്രവർത്തന കേന്ദ്രമായി CRC/PRC മാറണം. പ്രാദേശികമായ വിഭവ കൈമാറ്റം, ശിൽപശാലകൾ, സെമിനാറുകൾ, രക്ഷാകർതൃപിന്തുണാ പ്രവർത്തനങ്ങൾ പ0ന പരിപോഷണ പരിപാടിയുടെ ഭാഗമായി ഏറ്റെടുക്കണം. പഠനസാമഗ്രികളുടെ വികാസത്തിനായി ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നീക്കിവയ്ക്കണം
9. 
പാർശ്വവത്കൃത വിഭാഗവും ഭിന്നശേഷി വിദ്യാർഥികളും
ഏതൊരു കർമപരിപാടിയിലും ഈ വിഭാഗങ്ങളുടെ പരിഗണന എങ്ങനെ എന്ന് ആലോചിക്കണം.ഉപ പദ്ധതികൾ തയ്യാറാക്കാവുന്നതുമാണ്.
10.
പ0നത്തെ സമൂഹവുമായി ബന്ധിപ്പിക്കൽ
പ0നം നിത്യജീവിതവുമായി ബന്ധിപ്പിക്കണം എന്ന് തത്വത്തിൽ അംഗീകരിക്കുകയും അത് നടക്കാതെ പോവുകയും ചെയ്യുന്നതിന് കാരണം വഴക്കമില്ലാത്ത പാഠപുസ്തകവും കേന്ദ്രീകൃതമായി തയ്യാറാക്കുന്ന പ0ന സാമഗ്രികളുമാണ്. നേരത്തെ സൂചിപ്പിച്ച തരത്തിൽ പ്രാദേശിക അക്കാദമിക അന്വേഷണ സംഘങ്ങൾ പഠന സാമഗ്രികൾ തയ്യാറാക്കുമ്പോൾ അതത് പ്രദേശത്തിൻ്റെ സാമൂഹിക സാംസ്കാരിക ഘടകങ്ങൾ പ്രതിഫലിപ്പിക്കാനാകും. ഒപ്പം സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പ്രവർത്തനങ്ങളും നടക്കും.സമൂഹവുമായി പ0നത്തിന് പ്രത്യക്ഷ ബന്ധം കണ്ടെത്താൻ കുട്ടിക്ക് കഴിയും
ഇതിന് അധ്യാപകരെ പ്രാപ്തരാക്കണം.
സമൂഹത്തെയും പ്രകൃതിയെയും പ0ന വിഭവമാക്കലും നടക്കണം
11
പ്രൊജക്ടുകൾക്ക് പരിഗണന
കുട്ടിയിലെ അന്വേഷണാത്മക വിശകലനാത്മക ചിന്തകളെ പരിപോഷിപ്പിക്കാൻ LEP വാതിൽ തുറന്നിടണം. ഇതിന് അനുയോജ്യമാണ് പ്രോജക്ടുകൾ. ഉയർന്ന ചിന്താ നൈപുണികൾ പഠന പരിപോഷണ പദ്ധതിയുടെ ഭാഗമാകണം
12
ഡിജിറ്റൽ വേദികൾ പ്രയോജനപ്പെടുത്തൽ
അറിവ് പകർന്നു നൽകാനായാണ് ഭൂരിപക്ഷം അധ്യാപകരും ഡിജിറ്റൽ സാധ്യത ഉപയോഗിക്കുന്നത്. സ്വയം പഠനം, അറിവുകളെ പാകപ്പെടുത്തൽ, കണ്ടെത്തലുകളുടെ പങ്കിടൽ എന്നിവക്ക് ഊന്നൽ നൽകും വിധം ഈ പ്രക്രിയ മാറണം.പ്രഭാഷണരീതിയുടെ മറ്റൊരു പതിപ്പായി പ്രസൻ്റേഷനും വീഡിയോകളും മാറുന്നുണ്ട്.ഇത് മറികടക്കാനുള്ള ഇടപെടൽ നടത്തണമെങ്കിൽ സാങ്കേതിക വിദ്യാനൈപുണിയിൽ കഴിവ് കൂട്ടണം. 
13.
ടേം മൂല്യനിർണയത്തിൽ പ0ന പരിപാഷണ മേഖലകളുടെ പ്രാതിനിധ്യം
പ0ന പരിപോഷണ പരിപാടിയുടെ വിലയിരുത്തൽ സന്ദർഭങ്ങളിൽ ഒന്നായി ടേം വിലയിരുത്തലിനെ കാണണം. കേന്ദ്രീകൃതമായി തയ്യാറാക്കുന്ന ചോദ്യങ്ങൾക്കൊപ്പം പ്രാദേശിക നിർമിത ചോദ്യങ്ങൾ ഉൾച്ചേർക്കാനാകും. ഒന്നോ രണ്ടോ ചോദ്യങ്ങൾ ആകാം. 
14
CRC, BRC ശക്തിപ്പെടുത്തൽ
ഇവ നടക്കണമെങ്കിൽ BRCകൾ ശക്തിപ്പെടണം. രണ്ടോ മൂന്നോ ട്രെയിനർമാരെ വച്ച് നടത്താൻ കഴിയില്ല. റിസോഴ്സ് ഗ്രൂപ്പുകൾ പ്രവർത്തിപ്പിക്കുകയാണ് പോംവഴി. LP, UP, HS, HSS എന്നീ വിഭാഗങ്ങളിൽ ഗ്രൂപ്പുകൾ വേണം. അവ പൊതു ചട്ടക്കുടിനുള്ളിൽ സ്വതന്ത്രമായി പ്രവർത്തിക്കട്ടെ.
പ0ന പരിപോഷണ പരിപാടിയുടെ നേട്ടം ഈ ഗ്രൂപ്പിന് കൂടി അവകാശമുള്ളതാകണം.
15.
വിജയാനന്ദം പങ്കിടൽ.
വർഷാവസാനം നടക്കേണ്ട പ്രക്രിയ. എല്ലാ തലങ്ങളിലും. പ0നാർഹമായ റിപ്പോർട്ടുകൾ, അനുഭവങ്ങൾ, പ0നത്തെളിവുകൾ, പ്രദർശനങ്ങൾ ഒക്കെയാകാം


1 comment:

  1. കാതലായ നിർദ്ദേശങ്ങൾ. ഓരോ കുട്ടിയും ഓരോ യൂണിറ്റാണെന്ന് തൊങ്ങലിട്ട് പറഞ്ഞാൽ പോരാ നല്ല പ്രയോഗം. സാധ്യതകൾ പങ്കുവച്ചതിന് നന്ദി

    ReplyDelete

പ്രതികരിച്ചതിനു നന്ദി