മുഖ്യധാരാ മാധ്യമത്തിൽ ഏഴാം ക്ലാസിലെ കുട്ടിയുടെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചു. നല്ല ഭാഷയിൽ ആശയങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്. കലയക്കോട് സ്കൂൾ ആദരിക്കപ്പെടേണ്ടത്. ആ വിദ്യാലയത്തെ മുമ്പും ഈ ബ്ലോഗ് പരിചയപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകർ അവിടെയുണ്ട്. വിവേക് വിശ്വത്തിൻ്റെ കുറിപ്പ് വായിക്കൂ
കതിരുകാളയ്ക്കൊപ്പം
----------------------------- ------
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കതിരുകാള കാണുന്നത്. അമ്മയുടെ വീടിനടുത്തുള്ള അമ്പലത്തിൽ വച്ച്. നെൽക്കതിരുകൾ കൊണ്ട് കാളയുടെ രൂപത്തിൽ കെട്ടിയുണ്ടാക്കുന്നതാണ് കതിരുകാള. പല ക്ഷേത്രങ്ങളിലും ഉത്സവത്തിന് കതിരുകാള കെട്ടി കളിക്കാറുണ്ട്. കൃഷിയുടെയും വിളവെടുപ്പിന്റെയും അടയാളമായി അതിനെ കാണാം. ചിലർ നേർച്ചയായും വഴിപാടായും കതിരുകാള കെട്ടാറുണ്ട്. ഇങ്ങനെ പല കാര്യങ്ങളും അമ്മ പറഞ്ഞു തന്നിരുന്നു.
ആദ്യ കാഴ്ചയിൽത്തന്നെ കതിരുകാള എനിക്ക് ഇഷ്ടമായി. ആഡംബരങ്ങൾ ഒന്നുമില്ലാത്ത തനി നാടൻ കലാരൂപം. വലിയച്ഛൻ കെട്ടിയൊരുക്കിയതാണ് ആ കാളയെന്ന് അമ്മ പറഞ്ഞപ്പോൾ ആശ്ചര്യം തോന്നി. അച്ഛനത് നാട്ടിലേക്ക് കൊണ്ടുവന്നു. നാട്ടിലെ ശിവരാത്രി ഉത്സവത്തിന് കതിരുകാളയെടുക്കുകയും അച്ഛൻ തന്നെ കാളക്കാരനാവുകയും ചെയ്തു. കാളയുടെ കയറു പിടിച്ചു കൊണ്ടുള്ള അച്ഛന്റെ ചുവടുകൾ കാണാൻ നല്ല ഭംഗിയായിരുന്നു.
ഈ വർഷത്തെ ഉത്സവത്തിന് സ്വന്തമായി ഒരു കതിരുകാള വേണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു. കൊയ്ത്ത് തുടങ്ങിയപ്പോൾ ത്തന്നെ അച്ഛനും കൂട്ടുകാരും കൂടി ആവശ്യത്തിന് കതിരുകൾ കൊണ്ടുവന്നു. പിന്നെ വേണ്ടത് മുളകളാണ്. കായലിന്റെ മറുകരയിലാണ് മുളകളുള്ളത്. മുള വെട്ടാൻ അച്ഛനും കൂട്ടുകാർക്കുമൊപ്പം ചേട്ടനും ഞാനും കൂടി പോയി. വള്ളത്തിലായിരുന്നു യാത്ര. പാട്ടു പാടിയും വർത്തമാനം പറഞ്ഞും സന്തോഷത്തോടെ ഞങ്ങൾ അക്കരെയെത്തി. പടർന്നു പന്തലിച്ചു കിടക്കുന്ന മുളങ്കൂട്ടങ്ങളിൽ നിന്ന് ആവശ്യത്തിന് വെട്ടിയെടുത്തു. വലിച്ചു മാറ്റാനും കെട്ടിയൊതുക്കാനും ഞാനും സഹായിച്ചു. വള്ളത്തിലിരുന്ന് വെളളത്തിലൂടെ വലിച്ചാണ് മുളകൾ ഇക്കരെയെത്തിച്ചത്.
ഉണങ്ങും മുമ്പേ മുളകളെല്ലാം ചെത്തിമിനുക്കി വൃത്തിയാക്കി വച്ചു. കതിരുകൾ കോർത്ത് ചരടിൽ കെട്ടാൻ എല്ലാവരും കൂടെ ചേർന്നു. മുളങ്കമ്പുകളും ചെറിയ പട്ടികകളും ചേർത്ത് കാളയുടെ ചട്ടക്കൂട് തയാറാക്കി. അത് വയ്ക്കോൽ കൊണ്ട് പൊതിഞ്ഞു കെട്ടി. കോർത്തു വച്ചിരുന്ന കതിർമാല അതിന്മേൽ നന്നായി ഒതുക്കി ചുറ്റിക്കെട്ടി. വലിയച്ഛനാണ് തടിയിൽ കാളയുടെ മുഖം ഉണ്ടാക്കിത്തന്നത്. നിറം കൊടുത്തപ്പോൾ അത് കൂടുതൽ മനോഹരമായി. കതിരുകൾ കൊണ്ടു തന്നെയാണ് വാലും ഉണ്ടാക്കിയത്. കൊതുമ്പിൽ തീർത്ത ചെവികൾ കൂടി പിടിപ്പിച്ചപ്പോൾ ശരിക്കും കതിരുകാളയായി. നാലു പേർക്ക് തോളിലെടുക്കാൻ പാകത്തിൽ വലിയ രണ്ട് മുളകളിൽ അത് നന്നായി ഉറപ്പിച്ചു. മാമന്റെ മകൻ ഉണ്ടാക്കിത്തന്ന കലപ്പയും കൂടിയായപ്പോൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
ശിവരാത്രി ദിവസം വൈകുന്നേരം ഞങ്ങൾ കതിരുകാളയുമായി കലയ്ക്കോട് അമ്മാരത്ത് ക്ഷേത്രത്തിലെത്തി. അവിടെയപ്പോൾ കുതിരയെടുപ്പിന്റെ തയാറെടുപ്പുകൾ നടക്കുകയായിരുന്നു. പെട്ടെന്നു തന്നെ ഞങ്ങളും തയാറായി. അച്ഛന്റെ നാലു കൂട്ടുകാർ കാളയെ തോളിലേറ്റി. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ കാളയെ ഉയർത്തിയും താഴ്ത്തിയും ചരിച്ചും ഉലച്ചും താളത്തിൽ കളിക്കാൻ തുടങ്ങി. കയറു പിടിച്ച് ഞാൻ കാളക്കാരനായി. ആദ്യമായാണ് ഞാൻ കാളക്കാരനാകുന്നത്. എനിക്കതിൽ വലിയ അഭിമാനം തോന്നി.
കാളയുമായി അവർ ഓടിയപ്പോൾ ഞാനും കൂടെ ഓടി. ഓടുന്ന കാളയെ പിടിച്ചു നിർത്തണമല്ലോ. കലപ്പയേന്തി അച്ഛനും കൂടെത്തന്നെയുണ്ടായിരുന്നു. നെടും കുതിരയ്ക്കൊപ്പം ഞങ്ങളും വയലിലാകെ താളത്തിൽ ഓടിക്കളിച്ചു. പലയിടത്തും വീണെങ്കിലും അതിന്റെ വേദനയൊന്നും ഞാൻ അറിഞ്ഞതേയില്ല. ഇടയ്ക്ക് എന്റെ കൂട്ടുകാരും ഒപ്പം കൂടി. പിന്നെ നടന്ന കരപ്രദക്ഷിണത്തിലും കതിരുകാളയുമായി ഞങ്ങളുണ്ടായിരുന്നു. താലപ്പൊലിയും അമ്മവിളക്കും പൂത്തിരി മേളവും കഴിഞ്ഞപ്പോഴേക്കും നേരം ഒത്തിരി വൈകി.
" അടുത്ത വർഷവും ഞാൻ തന്നെ കാളക്കാരനാകാം. " മടങ്ങുമ്പോൾ ഞാനച്ഛനോട് പറഞ്ഞു. അച്ഛനും സന്തോഷത്തോടെ സമ്മതിച്ചു. ഇനി കാത്തിരിപ്പാണ്, അടുത്ത ശിവരാത്രി വരെ. കാളയെടുക്കാൻ ഞങ്ങളും, കാണാൻ എന്റെ ഗ്രാമവും.
വിവേക് വിശ്വം
ക്ലാസ് : 7
ഗവ: യു.പി.എസ്. കലയ്ക്കോട്,
കൊല്ലം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി