കേരളം പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് കടക്കുമ്പോഴാണ് ചെറിയാക്കര ഗവ.എൽ.പി സ്കൂൾ ഓപ്പൺ ക്ലാസ് മുറിയുടെ സാധ്യത പരിശോധിച്ചത്.
ഓപ്പൺ ക്ലാസ് മുറി എന്നത് വിശാലാർത്ഥമുള്ള പദമാണ്.
കെ.ടി മാർഗരറ്റിൻ്റെ പുസ്തകമാണ് തുറന്ന ക്ലാസ് മുറി. (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്)
പ്രകൃതിയാണ് കുഞ്ഞുങ്ങളുടെ ഏറ്റവും നല്ല പാഠപുസ്തകം.
മണ്ണിൽ ചവിട്ടി കൃഷിപാഠം പഠിച്ച് ഹൈടെക്ക് ക്ലാസ് മുറിയിൽ മക്കൾ പഠിക്കണം.
ചെറിയാക്കര ഗവ.എൽ.പി സ്കൂൾ സംഘടിപ്പിച്ച വയലും പാഠം എന്ന ഓപ്പൺ ക്ലാസ് മുറിയിലെ പഠനാനുഭവങ്ങൾ കുഞ്ഞുങ്ങൾ എന്നെന്നും ഓർക്കും.
കൃഷി എന്ന തീം
പ്രീസ്കൂളിലെ ഒരു പ്രധാന തീമാണ്
കൃഷി.
- ഒന്നാം തരത്തിൽ നട്ടുനനച്ച്,
- രണ്ടാം തരത്തിൽ ഏന്റെ കേരളം, പലതുള്ളി പെരുവെള്ളം,
- മൂന്നാം തരത്തിൽ മണ്ണിലെ നിധി, എന്റെ തോട്ടം, നന്മവിളയിക്കും കൈകൾ
- നാലാം തരത്തിൽ വയലും വനവും, സീഡ് ഓഫ് ട്രൂത്ത്, മഹിതം കൃഷിയറിവ് പാഠം എന്നിവിടങ്ങളിലെല്ലാം പ്രധാനപഠന നേട്ടങ്ങൾ കൃഷിയറിവ് തന്നെയാണ്.
ഇതിനർഥം കുട്ടികൾ പാടത്ത് പണിയെടുക്കണമെന്നല്ല. സാധ്യമായ കാർഷികാനുഭവത്തെയും പാഠമാക്കണമെന്നാണ്.
ഉദ്ഗ്രഥന സ്വഭാവം.
വിദ്യാലയം സംഘടിപ്പിച്ച വയലും പാഠം പരിപാടിയിൽ
- കൃഷിച്ചൊല്ല്,
- കൃഷിപ്പാട്ട്,
- കൃഷിയിടങ്ങളുടെയും കാർഷികോപകരണങ്ങളുടെയും വര,
- കർഷകരുമായുള്ള അഭിമുഖത്തിലൂടെ വിവരശേഖരണം, കാർഷികോപകരണങ്ങളുടെ പ്രദർശനം,
- കൃഷിപ്പതിപ്പ് നിർമാണം,
- താളമിട്ട് പാടൽ,
- ഓട്ടമത്സരം,
- ചിത്രം വര,
- അനുഭവക്കുറിപ്പെഴുത്ത്
- കർഷകവേഷധാരണം
എന്നിവയെല്ലാം പ്രധാന പ്രവർത്തനങ്ങളായി മാറി.
കയ്യൂരിലെ രാഘവേട്ടൻ കാർഷികോപകരണ ശേഖരം വയൽക്കരയിൽ എത്തിച്ചു.
ഗ്രാമത്തിലെ മുതിർന്ന കർഷകർ അധ്യാപകരായി മാറി.
കൂടുതൽ അനുഭവജ്ഞാനമുള്ളവരിൽ നിന്നും അറിവ് നേടുക എന്നത് സഹവർത്തിത പഠനരീതിയിലെ പ്രധാന ആശയമാണ്.
നേരനുഭവമാണ് നല്ലപാഠം
അനുഭവാധിഷ്ഠിത പഠനം, പ്രവർത്തനാധിഷ്ഠിത പഠനം, പങ്കാളിത്ത പ0നം എന്നിങ്ങനെയുള്ള വാക്കുകളെ നാം ഗ്രൂപ്പ് പ്രവർത്തനത്തിലേക്ക് ഒതുക്കി. ക്ലാസിനകത്ത് തളച്ചിട്ടു.
ജൈവവൈവിധ്യ ഉദ്യാനം പോലുള്ള സങ്കൽപ്പങ്ങൾ, വിദ്യാലയങ്ങൾ പ്രതിഭകളിലേക്ക് പോലുള്ള പരിപാടികൾ ഒക്കെ സമുഹത്തെ, പ്രകൃതിയെ പഠന വിഭവമാക്കാനുള്ളതായിരുന്നു. അവ ആ അർഥത്തിൽ നടക്കാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണം. ഈ സ്കൂൾ ഒരു ഉത്തരം തേടാനാണ് ശ്രമിച്ചത്.
ചില പഠനാനുഭവങ്ങൾ അങ്ങനെയാണ്. ഗ്രാമ മനസ്സിനെ ഗ്രാമ നന്മയെ നെഞ്ചേറ്റി വാങ്ങിയ ഒന്നാം ക്ലാസുകാർ കൃഷി തീമിൽ എന്തെല്ലാം വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്.
വയൽ പാഠം അർത്ഥവത്തായൊരു കൃഷിയനുഭവ പ്രവർത്തനമായിരുന്നെന്ന് ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ പ്രവർത്തനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ബോധ്യമാകുന്നു.
🟩🟥🟩🟥🥰🟥🟩🟥🟩
ബിഗ് സല്യൂട്ട് നമ്മുടെ അഭിമാനമായ ഒന്നാം ക്ലാസിനും കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട സൗമ്യ ടീച്ചർക്കും🟩
ഒന്നാം ക്ലാസിലെ കുട്ടികൾ ഒരു സ്കൂൾ തല പ്രവർത്തനത്തെ എങ്ങനെ സ്വാംശീകരിക്കുന്നു എന്നത് പങ്കുവെക്കാൻ മാത്രം ഷെയർ ചെയ്തെന്നേയുള്ളൂ..
കൃഷി അവരുടെ ഏഴാം യൂണിറ്റാണ്.
വയലിലെ അവരുടെ നേരനുഭവത്തെ ചിത്രീകരിക്കാനും ചില പ്രകടനങ്ങളിലൂടെ അവതരിപ്പിക്കാനും ശ്രമിച്ചു
സചിത്ര സംയുക്ത കുറിപ്പുകൾ
ഞാൻ കുട്ടികളുടെ അനുഭവക്കുറിപ്പുകൾ വിശകലനം ചെയ്തു.
കണ്ടെത്തലുകൾ ചുവടെ.
- കുട്ടികളുടെ ഭാഷ: വയൽ, കണ്ടം, പാടം എന്നീ മൂന്നു വാക്കുകളാണ് ഉപയോഗിച്ചത്. ഒരാൾ ഭക്ഷണം എന്ന വാക്ക് ഉപയോഗിച്ചു.(ഭ, ക്ഷ),ഡ, ഞ, ഞ്ഞ, ൽ, സ്, ച്ച, യ, ദ, ർ എന്നീ അക്ഷരങ്ങൾ എഴുതുന്നതിന് രക്ഷിതാക്കളുടെ സഹായം വേണ്ടി വന്നു. ഇതിൽ പലതും ഇനി പഠിക്കാനുള്ളവയാണ്. പാഠം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ചിഹ്നനത്തിൽ ശ്രദ്ധയുണ്ട്. ഒന്നു രണ്ടെണ്ണം ഒഴികെ എല്ലാം കുട്ടികളുടെ ചിന്താ രീതിയിലാണ് എഴുത്ത്.
- ആൻസികയും ഹെബിനുമാണ് കൂടുതൽ കാര്യങ്ങൾ എഴുതിയത്. ഹെബിൻ രക്ഷിതാവിനെ കൂടുതൽ ആശ്രയിച്ചുവെങ്കിലും അനുഭവം മുഴുവൻ എഴുതണം എന്ന ആഗ്രഹത്തിന് തിളക്കം കുടും.
- ഒരു വിഷയത്തിൽ കേന്ദ്രീകരിച്ച് എല്ലാവരും സചിത്ര സംയുക്ത റിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണ്. കേരളത്തിൽ ഒരു പക്ഷേ മറ്റു വിദ്യാലയങ്ങളിൽ നടക്കാത്ത രചനാനുഭവം എന്നു പറയാം
- നേരനുഭവത്തിൽ നിന്ന് വ്യവഹാര രൂപം എന്ന് നാം ആഗ്രഹിക്കുന്നത് ഇവിടെ ഒന്നാം ക്ലാസിൽ നടന്നിരിക്കുന്നു.
- ചെളിയിൽ കളിച്ചു എന്ന് ഐഷാനി എഴുതി. അന്നുവരെ നിഷേധിക്കപ്പെട്ട ചെളിക്കളി കുട്ടികൾ ആസ്വദിച്ചു. ആ കളിയിലൂടെ പാടത്തെ മണ്ണറിവാണ് അവർ നേടിയത്
- ചെളിയിൽ ഓട്ടമത്സരം നടത്തി. ഇതും മറ്റൊരറിവാണ്. കരയിൽ ഓടുന്ന വേഗത കിട്ടില്ലല്ലോ. കുഴ മണ്ണിൻ്റെ പ്രത്യേകതയിലാണ് കുഞ്ഞിക്കാലുകൾ ചലിച്ചത്.
- എല്ലാവരും ചിത്രീകരണം നടത്തി. തവിട്ട് നിറം കൊണ്ട് ചെളി പകർത്തിയവർ, ഞാറ് വരച്ചവർ, കണ്ടത്തിൻ്റെ വിദൂരക്കാഴ്ചവരച്ചവർ ,ആൾക്കാരെ ചേർത്തു വരച്ചവർ എല്ലാം ഉണ്ട്.
- ഹെബിൻ ചക്ക തിന്നത് പറഞ്ഞപ്പോൾ ഒരു രഹസ്യം കൂടി വെളിവാക്കി. വീട്ടിൽ നിന്നും ചക്ക കഴിക്കില്ല. കൂട്ടം ചേരുമ്പോൾ രുചി കൂടുമെന്ന് അല്ലെ അർഥം?
- ഡാൻസ് കളിച്ചു, പാട്ടു പാടി, ഞാറുനട്ടു ഇവ കുട്ടികളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. എഴുത്തിൽ ഉണ്ട്. വയൽകൃഷിയുടെ പ്രാഥമിക പാഠമാണത്.
- കർഷകവേഷമാണ് ധരിച്ചത്. ഓരോ തൊഴിലിനും അനുയോജ്യമായ വേഷമുണ്ടെന്ന് പാഠം.
- പ്രഥമാധ്യാപികയും ഒന്നാം ക്ലാസിലെ ടീച്ചറും അവരോടൊപ്പം പാടത്തിറങ്ങാനും ഞാറുനടാനും കൂടി എന്നതും അധ്യാപിക മുതിർന്ന പഠന പങ്കാളി എന്ന ആശയത്തിൻ്റെ സാക്ഷാത്കാരമായി
സംയുക്ത ഡയറിയുടെ സാധ്യത
രമ്യ ( ആൽവിൻ്റെയമ്മ) പറയുന്നു.
"സംയുക്ത ഡയറി കുട്ടികളിൽ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. അല്ലെങ്കിൽ സ്കൂളിലെ ഒരു കാര്യവും പറയാൻ താല്പര്യം കാണിക്കാറില്ല, എന്നാൽ ഇപ്പോൾ ഡയറി എഴുതണല്ലോ...
എല്ലാം ഓർത്ത് വരും വന്ന പോലെ ഓരോ സംഭവം പറയും എഴുതാനും നല്ല താല്പര്യം ആണ്.. 👍🏻👍🏻❤️ പിന്നെ ആ ചെളി വരച്ച കാര്യം പറഞ്ഞില്ലേ...
ഞാൻ അവനോട് പറഞ്ഞു.. അയ്യേ.. നീ എന്താടാ ആ കളർ കൊടുത്തത് കണ്ടത്തിന് പച്ച കളർ അല്ലെ വേണ്ടത് ന്ന്. അപ്പൊ അവൻ പറയുന്നു നമ്മൾ ചെളി വെള്ളത്തിൽ അല്ലെ കളിച്ചത് അപ്പൊ ഈ കളർ അല്ലെ വേണ്ടത് ന്ന്. സത്യം ഞാൻ ഒന്ന് ഞെട്ടിപ്പോയി. അത്രക്ക് ശ്രദ്ധ ഉണ്ടെന്നല്ലേ ആ കാര്യത്തിൽ 🥰 ഇതൊക്കെ അല്ലെ അനുഭവം കൊടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ❤️ "
ചെറിയാക്കര ഗവ.എൽ.പി സ്കൂൾ വയലും പാഠം എന്ന പ്രവർത്തനം ഉയർത്തുന്ന ചോദ്യങ്ങൾ /
നാം ചിന്തിക്കേണ്ട കാര്യങ്ങൾ?
- എന്തനുഭവവും അറിവുമാണ് കുട്ടിക്ക് ലഭിക്കേണ്ടത്?
- ആ അറിവ് ആഴമുള്ള അനുഭവവേരുകളുള്ളതാകണമോ?
- അതിന് സഹായകമായ വിധം പഠന ലക്ഷ്യങ്ങൾ നിശ്ചയിക്കണ്ടേ?
- പൊതു കരിക്കുലവും സ്കൂൾ കരിക്കുലവും ഉണ്ടാകണം.
- പൊതു കരിക്കുലത്തിലെ പഠന ലക്ഷ്യങ്ങളിൽ മാറ്റം വരുത്താതെ പാഠവും പഠനാനുഭവങ്ങളും രൂപപ്പെടുത്താൻ സ്കൂൾ കരിക്കുലത്തിന് കഴിയണം.
- ഈയർ പ്ലാൻ, സ്കീം ഓഫ് വർക്ക് എന്ന പേരുകളിൽ 10 മാസക്കള്ളികളിൽ കുറെ പാഠങ്ങൾ എഴുതിവക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം.
- പഠന ലക്ഷ്യങ്ങൾ ടേം അടിസ്ഥാനത്തിൽ നൽകിയാൽ മതി.
- അധ്യാപന സർഗാത്മകതയെ പോഷിപ്പിക്കണം.
പ്രതികരിക്കാം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി