ഈ രചന നോക്കൂ
കഴിഞ്ഞ വർഷം ഒന്നിൽ സംയുക്ത ഡയറി എഴുതിയ ജുനാലിയയുടേതാണ്.
(പാലയാട് സ്കൂൾ, വടകര)
എന്താണ് രണ്ടിലെ വളർച്ച?
എത്ര ആഴമുള്ള എഴുത്താണ്?
സ്വന്തം അമ്മ മാത്രം വരാത്തതിലുള്ള സങ്കടവും നിരാശയും അവൾ ഡയറിയോട് പറയുകയാണ്. മനസ്സിൻ്റെ ഭാരം ഇറക്കി വെക്കാൻ ഒരിടമായല്ലൊ. ആത്മഭാഷണം തന്നെ. മറ്റൊന്ന് ആ സങ്കടത്തെ മറികടക്കാനായി സ്വയം സമാശ്വസിപ്പിക്കുന്ന വാക്കുകളാണ്. യാഥാർഥ്യത്തെ മനസ്സിലാക്കി അവൾ അമ്മ വരാത്തതിനെ സാധൂകരിക്കുമ്പോൾ പ്രകടമാകുന്ന പക്വചിന്ത മുതിർന്നവർ മനസ്സിലാക്കണം. അമ്മ വരാഞ്ഞിട്ടും മൈലാഞ്ചിയിട്ട കൈത്തലം അവൾ വരച്ചു വച്ചു. ആ വരയും സംസാരിക്കുന്നുണ്ട്.
അത് സുസ്മിതടീച്ചർ അമ്മ സ്ഥാനത്ത് നിന്ന് ചേർത്തു നിറുത്തി മൈലാഞ്ചിയിട്ടതിൻ്റെ ആഹ്ലാദത്തിൻ്റെയോ അമ്മയുടെ അസാന്നിധ്യത്തിൻ്റെയോ ചിത്രീകരണമാണ്.
സുസ്മിത ടീച്ചർ ചോദിച്ചു. "അവൾ അച്ഛൻ്റെ പുതപ്പ് എടുത്ത് അതിനുള്ളിൽ കിടന്നുറങ്ങി എന്ന് എഴുതിയത് മാഷ് വായിച്ചോ? അതിൽ ഒരു രഹസ്യമുണ്ട്."
അവൾക്ക് അച്ഛൻ കരുത്താണ്. അതിനാലാണ് ആ പുതപ്പ് കേവലം പുതപ്പല്ലാതാകുന്നത്.സംരക്ഷണഭാവമുള്ള അച്ഛൻപുതപ്പ്.
ഓരോ കുട്ടിയുടെയും ഡയറിയിലൂടെ ഒരു വർഷം കടന്നു പോയ ടീച്ചർക്ക് ഓരോ കുഞ്ഞു മനസ്സിൻ്റെയും ഉള്ളറ രഹസ്യങ്ങൾ അറിയാം.കുട്ടിയെ അറിയൽ എന്നതിന് മറ്റൊരുമാനം. ആ അറിവ് കരുതലും സ്നേഹവുമായി പരിവർത്തിപ്പിക്കുന്നു. ഒന്നാം ക്ലാസിലെ കുരുന്നുകളും സംയുക്ത ഡയറിയുമായി ടീച്ചർ രണ്ടിലേക്ക് ജയിച്ചിരിക്കുകയാണ്.
കേരളത്തിലെ ഒന്നാം ക്ലാസുകാർക്ക് സംയുക്ത ഡയറി എന്ന ആശയം പ്രദാനം ചെയ്ത പൂന്തേൻ മലയാളം പരിപാടിയുടെ താരമാണ് സുസ്മിത.
തേനെഴുത്തിൻ്റെ ഓരോ ലക്കവും സുസ്മിതക്ക് നൽകുന്നത് പുതിയ ഒരന്വേഷണം ഏറ്റെടുക്കാൻ പ്രചോദിപ്പിക്കാനാണ്.
രണ്ടാം ക്ലാസുകാരുടെ കുറെ ഡയറികൾ എനിക്ക് അയച്ചു തന്നു.
ഇതിൽ ഏതാ മാഷെ ഞാൻ ഒഴിവാക്കുക
എന്ന ചോദ്യം എന്നെയും കുഴക്കി.
അമ്മവികാരമുള്ള ഒരാളായതുകൊണ്ട് ഞാൻ ഇത് തെരഞ്ഞെടുക്കുകയായിരുന്നു. ഞാൻ ജുനാലിയയുടെ ഈ ഡയറിയിലൂടെ എൻ്റെ അമ്മയോട് കുറച്ചു നേരം സംസാരിക്കുകയും ചെയ്തു.
ഓർമകൾ ഉണർത്തുന്ന ഡയറി.
കുരുന്നെഴുത്തുകൾ ഉൾക്കാമ്പുള്ളവയാണ്.
ഇനി ആൻസികയുടെ ഡയറി
മഴ വിചാരിച്ചു നാലു ദിവസം പഠിപ്പിന് അവധി പ്രഖ്യാപിക്കാം എന്ന്.
പക്ഷെ, ആൻസിക അതും പഠിപ്പ വസരമാക്കി.
ഒരു വിഷയം മാത്രമാണ് അവൾ എഴുതിയത്.
പേടിയിൽ നിന്ന് ഒരു പാട് ഇഷ്ടത്തിലേക്കുള്ള നീന്തലാണ്.
വെള്ളത്തിൽ ഇങ്ങനെ കിടക്കാൻ നല്ല രസമുണ്ട്. (വെള്ളത്തിൽ കിടന്നിട്ടില്ലാത്തവർക്ക് കിട്ടാത്ത അനുഭൂതി തലം) മഴയെ തോൽപ്പിച്ച വാക്യമാണത്. പെരുവെള്ളവും വെള്ളപ്പെരുമയും ഒന്നല്ലല്ലോ?
ഞാൻ ഒറ്റക്ക് നീന്തും എന്നൊരു വാക്യമുണ്ട്. അത്തരം വാക്യങ്ങളുടെ പേരാണ് ആത്മവിശ്വാസം.
എനിക്കും സന്തോഷമായി.
നീന്തലറിയാത്ത പെൺകുട്ടികളുടെ കേരളത്തിൽ ആൻസികയുടെ സന്തോഷം ചെറുതല്ല.
ഒന്നാം ക്ലാസ് മുതൽ ആരംഭിച്ച ഡയറിയെഴുത്ത് കുട്ടികൾ തുടരുകയാണ്.
കൂടുതൽ കരുത്തോടെ.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി