Pages

Sunday, December 31, 2023

ഒന്നാം ക്ലാസിലെ മൂന്നാം ടേമിൻ്റെ മുൻഗണനകൾ എന്താകണം?

ചെറുപഠനം

പശ്ചാത്തലം

ഒന്നാം ക്ലാസിലെ രണ്ടാം ടേം പരീക്ഷ കഴിഞ്ഞപ്പോൾ മുൻവർഷത്തേതിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ തനിയെ ചോദ്യം വായിച്ച് ഉത്തരമെഴുതുവാൻ കഴിവു നേടിയതായി അധ്യാപകർ അഭിപ്രായപ്പെട്ടു.

  • അമ്പതുശതമാനത്തോളം കുട്ടികൾ വർഷാവസാനം നേടേണ്ട സ്വതന്ത്രരചനാശേഷി ആർജിച്ചതായി കുട്ടികളുടെ ഉത്തരക്കടലാസ് വിശകലനം ചെയ്ത അധ്യാപകർ സൂചിപ്പിച്ചു. 
  • ഭാഷാപ്രശ്നങ്ങൾ ( ഒ, ഒ എന്നിവയുടെ ചിഹ്നം മാറിപ്പോവുക, വാക്കുകൾ സന്ധിക്കുമ്പോൾ ഇരട്ടിപ്പ് വേണ്ടിടത്ത് അത് ഉപയോഗിക്കാതിരിക്കുക) ഉണ്ടെങ്കിലും ആശയവ്യക്തതയോടെ ചെറിയ വാക്യങ്ങളിൽ ഉത്തരമെഴുതിയ ഇരുപത്തിനാലു ശതമാനം കുട്ടികളുണ്ട്. 
  • എന്നാൽ പത്തുശതമാനം കുട്ടികൾക്ക് ചോദ്യം വായിച്ചുകൊടുക്കേണ്ടി വന്നു. 
  • കൂടുതൽ സഹായം ആവശ്യമുളള പതിനാറ് ശതമാനത്തോളം കുട്ടികളുണ്ട്. (അവലംബം 119 അധ്യാപകരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ. ഈ വിവരങ്ങളാണ് ഇത്തരം ഒരു ചെറിയ പഠനം നടത്താൻ പ്രേരകമായത്). 

ഭാഷാപഠനനിലവാരത്തിൽ കുറെ കുട്ടികൾ ആഗ്രഹിക്കുന്ന തലത്തിലെത്താത്തതിന്റെ കാരണം കണ്ടെത്തുന്നത് പ്രശ്നപരിഹാരത്തിന് സഹായകമാണ്. ദേശീയനിലവാരസർവേയിലും മറ്റും അവസ്ഥ നിർണ്ണയിക്കുകയല്ലാതെ അതിലേക്ക് നയിച്ച ഘടകങ്ങൾ കണ്ടെത്താൻ ശ്രമിക്കാറില്ല. മൂന്നാം ടേമിലേക്ക് കടക്കുന്ന വേളയിൽ അധ്യാപകരുടെ ആസൂത്രണത്തിനും തിരഞ്ഞെടുക്കുന്നതിനും വിഭവപിന്തുണയുടെ രീതി വികസിപ്പിക്കുന്നതിനും ഈ ചെറിയ പഠനം സഹായകമാകുമെന്ന് കരുതുന്നു.

ലക്ഷ്യങ്ങൾ

  1. ചെറുവിഭാഗം കുട്ടികൾ ഒന്നാംക്ലാസിൽ വെച്ചുതന്നെ ആഗ്രഹിക്കുന്ന നിലവാരത്തിലെത്താൻ കാരണങ്ങൾ കണ്ടെത്തുക

  2. കണ്ടെത്തിയ കാരണങ്ങൾ വിശകലനം ചെയ്ത് ഉടൻ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ.

പഠനരീതി

അധ്യാപകർ ടെം പരീക്ഷയുടെ ഉത്തരം വിശദമാക്കിയതിനു ശേഷം , വിവരശേഖരണത്തിനായി തയ്യാറാക്കിയ ഗൂഗിൾ ഫോം ഒന്നാം ക്ലാസ് അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കിട്ടു. 707പേർ സർവേയിൽ പങ്കാളികളായി. കേരളത്തിലെ എല്ലാ ജില്ലകളിലെയും അധ്യാപകർ സർവേയുമായി സഹകരിച്ചു. 

ശേഖരിച്ച ദത്തങ്ങളുടെ വിശകലനം 

രണ്ടു ചോദ്യങ്ങളായിരുന്നു ഉപയോഗിച്ചത്. അവ ഓരോന്നിനോടുമുളള പ്രതികരണങ്ങൾ ചുവടെ ചേർക്കുന്നു.

1. വിഭാഗത്തിൽ പെട്ട കുട്ടികൾക്കാണ് ഭാഷയിൽ ആഗ്രഹിച്ച മുന്നേറ്റം സാധിക്കാതെ പോയത്?

    1. സ്ഥിരമായി ഹാജരാകാത്തവർ 35.4%

    2. ഇതര സംസ്ഥാനക്കാർ 3.7 %

    3. സംയുക്ത ഡയറി വൈകി തുടങ്ങിയവർ, തുടർച്ചയായി എഴുതാത്തവർ 36.6%

    4. പ്രത്യേക പരിഗണന അർഹിക്കുന്നവർ 17.4 %

    5. മറ്റുള്ളവരുടെ വിഭാഗം 6.9%

സംയുക്ത ഡയറിയുടെ സ്വാധീനം.

സംയുക്തദയറി വൈകിത്തുടങ്ങിയവരും തുടർച്ചയായി എഴുതാത്തവരുമാണ് സ്വതന്ത്രലേഖന ശേഷിയിൽ പിന്നാക്കമായതെന്ന് 36.6% അധ്യാപകർ അഭിപ്രായപ്പെട്ടു. ഈ ചോദ്യത്തിലൂടെ കുട്ടിയുടെ പഠനത്തിൽ വീട്ടിൽ നിന്നും പിന്തുണ ലഭിക്കാത്തത് അവരുടെ ഭാഷാനിലവാരത്തെ സ്വാധീനിക്കുമോ എന്ന് കണ്ടെത്താനും ലക്ഷ്യമിട്ടിരുന്നു. 2023-24അക്കാദമിക വർഷം നടപ്പിലാക്കിയതാണ് സംയുക്ത ഡയറി എഴുത്ത്. ജൂലൈ മാസം മുതൽ ഇത് ആരംഭിച്ചു. രക്ഷിതാവും കുട്ടിയും ചേർന്ന് എഴുതുന്നതാണ് സംയുക്ത ഡയറി. പരിചയപ്പെടുത്തിയ അക്ഷരങ്ങൾ കുട്ടികൾ പെൻസിൽകൊണ്ടും കുട്ടിക്ക് അറിയാത്ത അക്ഷരങ്ങൾ രക്ഷിതാവ് നീലമഷിയിലും എഴുതുകയാണ്. കുട്ടിയുടെ അന്നന്നത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി കുട്ടി പറയുന്ന ആശയങ്ങളാണ് ഡയറിയിൽ രേഖപ്പെടുത്തുക. ഡയറി എല്ലാ ദിവസവും എഴുതുന്നതിലൂടെ കുട്ടിക്ക് പരിചയപ്പെടുത്തിയ അക്ഷരങ്ങൾ നിത്യവും പ്രയോഗിക്കാനുളള സന്ദർഭം ലഭിച്ചു. ഇത് കുട്ടിയുടെ ലേഖനശേഷിയെ വലിയതോതിൽ വികസിപ്പിച്ചു. എല്ലാ വിദ്യാലയങ്ങളും ജൂലൈ മാസം സംയുക്തയെഴുത്ത് ആരംഭിച്ചില്ല. കൂട്ടികൾ അക്ഷരമെല്ലാം പഠിച്ചശേഷം ഡയറി എഴുതിയാൽ മതി എന്നു കരുതിയവരുണ്ട്. ഒന്നാം ക്ലാസ്സ് പരിശീലനത്തിൽ സംയുക്താധ്യാപകരുടെ അനുഭവം പങ്കിട്ടതിനെ തുടർന്ന് ഒട്ടുമിക്ക വിദ്യാലയങ്ങളും ഡയറിയെഴുത്ത് ആരംഭിച്ചു. എല്ലാ കുട്ടികൾക്കും വീട്ടിൽ നിന്നും പിന്തുണ ലഭിക്കണമെന്നില്ല. പലവിധ രക്ഷിതാക്കൾക്ക് പിന്തുണ ലഭിച്ചാൽ സാധിക്കാതെ വരാം. ആ കുട്ടിയുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ വിദ്യാലയത്തിൽ മുതിർന്ന ക്ലാസുകളിലെ അധ്യാപകരുടെ സഹായത്തോടെ സംയുക്തഡയറിയുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്ന് ക്ലസ്റ്ററിൽ ചർച്ച. ആ ആശയം പ്രയോഗതലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

  • രണ്ടാം ടേം മൂല്യനിർണ്ണയത്തിൽ തത്സമയ ഡയറിയെഴുത്തിനുളള പ്രവർത്തനം നിർദ്ദേശിച്ചിരുന്നു. തത്സമയഡയറിയെഴുത്ത് ക്ലാസ് റൂം പ്രക്രിയയുടെ ഭാഗമാക്കുന്നതിന് മൂന്നാം ടേമിൽ ശ്രമിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുട്ടികൾക്ക് അത് നൽകാനാകും.

  • കൂട്ടെഴുത്തിനും പരസ്പരം എഡിറ്റിംഗ് നടത്തുന്നതിനും ക്ലാസ് എഡിറ്റിംഗിനും സഹായകമായ സാങ്കൽപിക ഡയറിയെഴുത്ത് മറ്റൊരു സാധ്യതയാണ്.

സ്ഥിരഹാജർ

  • ഒന്നാം ക്ലാസിലെ കുട്ടികൾ പലവിധ കാരണങ്ങളാൽ എല്ലാദിവസവും വിദ്യാലയത്തിൽ വരണമെന്നില്ല. മുതിർന്നവരെ അപേക്ഷിച്ച് ആരോഗ്യപരമായ പ്രശ്നങ്ങൾ, രക്ഷിതാവുമൊത്ത് കൂടുതൽ സമയം ചെലവഴിക്കാനുളള പ്രവണത തുടങ്ങിയവ കാരണങ്ങളാകാം. എല്ലാദിവസവും കുട്ടി വിദ്യാലയത്തിലെ പ്രാധാന്യം തിരിച്ചറിയാത്ത രക്ഷിതാക്കളും ഉണ്ട്. മൂന്നോ നാലോ ദിവസം തുടർച്ചയായി എത്താതിരിക്കുന്ന കുട്ടിക്ക് ആ ക്ലാസ്സ് പഠിപ്പിച്ച അക്ഷരങ്ങൾ കിട്ടാതെയാകും. സമയബന്ധിതമായി പാഠങ്ങൾ തീർക്കേണ്ടതിനാൽ ഒന്നോ രണ്ടോ കുട്ടികൾക്കായി പഠിപ്പിച്ച പാഠത്തെ പുതിയരീതിയിൽ അവതരിപ്പിച്ച് ഹാജരാകാത്തവരുടെ പഠനവിടവ് പരിഹരിക്കാനുള്ള രീതി അധ്യാപകരെ ആരും പരിശീലിപ്പിച്ചിട്ടില്ല. സ്ഥിരമായി ഹാജരാകാത്ത കുട്ടികൾ ഭാഷയിൽ പിന്നാക്കമാകുന്നതായി 35.4% അധ്യാപകരാണ് അഭിപ്രായപ്പെട്ടത്. വളരെ ഗൗരവമുളള പ്രശ്നമാണിത്.

    • ചാക്രികാരോഹണരീതി നേരത്തെ പഠിപ്പിച്ചവയുടെ പുനരനുഭവം ഒരുക്കുന്നതിനുളള തന്ത്രമാണ്. അത്തരം രീതി പ്രയോജനപ്പെടുക പഠനവേഗത കുറഞ്ഞവർക്കും സ്ഥിരമായി ഹാജരാകാത്തവർക്കായി, പാഠഭാഗം ഇത്തരം സാഹചര്യംകൂടി കണക്കിലെടുത്ത് തയ്യാറാക്കാത്തത് ഈ കുട്ടികളെ ചെറുക്ലാസിൽ വെച്ചുതന്നെ പിന്നാക്കാവസ്ഥയിലേക്ക് തളളിവിടും.

    • വ്യക്തിഗത ഉപപഠനങ്ങളുടെ സാധ്യത ഇത്തരം കുട്ടികൾക്കായി പ്രയോജനപ്പെടുത്തണം. ഉപപാഠനിർമിതിയിൽ എല്ലാ അധ്യാപകർക്കും വൈദഗ്ദ്ധ്യം ഉണ്ടാകണമെന്നില്ല. പ്രതീക്ഷിത പ്രശ്നങ്ങളെ മുൻനിറുത്തി കേന്ദ്രീകൃതമായി ഉപപാഠങ്ങൾ നൽകുന്നതിന്റെ സാധ്യത പരിശോധിക്കണം. 

    • ഇങ്ങനെ ഉപപാഠങ്ങൾ വിനിമയം ചെയ്യാൻ അധ്യാപകർക്ക് കൂടുതൽ സമയം വേണ്ടിവരാം. സവിശേഷ പിന്തുണ വേള ഉണ്ടാകണം. പിരീഡ് വിഭജനം നടത്തുമ്പോൾ ഈ സമയം നീക്കിവെച്ചാൽ സന്നദ്ധതയുളള അധ്യാപകർക്ക് ആവശ്യമായ ഇടപെടൽ നടത്താനാകൂ.

ഇതരസംസ്ഥാനക്കാരായ കുട്ടികൾ

ഇതര സംസ്ഥാനക്കാരായ വിദ്യാർത്ഥികൾ മറ്റുളളവരെ അപേക്ഷിച്ച് മലയാളം എഴുതുമ്പോഴും വായിക്കുന്നതിലും പ്രയാസം നേരിടുന്നതായി 3.7 % അധ്യാപകർ സൂചിപ്പിച്ചു. വീട്ടിൽ മലയാളഭാഷാന്തരീക്ഷം ഇല്ല എന്നതാണ് ഒരു പ്രശ്നം. ഒന്നാം ക്ലാസിൽവെച്ച് മറ്റുളള കുട്ടികളുമായി ഇടപഴകി മലയാളം സ്വായത്തമാക്കുന്നതിനെടുക്കുന്ന സമയവും പരിഗണിക്കണം. ഇത്തരം കുട്ടികൾ അവരുടെ മാതൃഭാഷയിൽ പഠിക്കുക എന്നത് നിലവിൽ പ്രായോഗികമല്ല. ഇത്തരം കുട്ടികളുടെ എണ്ണം പ്രതിവർഷം വർധിച്ചുവരികയാണ്. ആശയഗ്രഹണത്തിനു സഹായകമായ സചിത്രനോട്ട് ബുക്കിന്റെ രീതി പിന്തുടരുമ്പോൾ തന്നെ അവരുടെ ഭാഷയിൽ പരിമിതമായെങ്കിലും സംവദിക്കാൻ കഴിയുന്നതിനുളള ഭാഷാനൈപുണി അധ്യാപകർ ആർജിക്കണം. പുതിയസാഹചര്യത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ ബഹുഭാഷകൾ കൂടുന്ന വിധത്തിൽ കുട്ടികൾ വർധിച്ചേക്കാം.  

  • ഇതരസംസ്ഥാനക്കാരായ മുതിർന്ന കുട്ടികളുടെ പിന്തുണ ഒന്നാം ക്ലാസുകാർക്ക് ലഭ്യമാക്കുന്ന രീതി വികസിപ്പിക്കാനാകുമോ എന്ന് പരിശോധിക്കണം

പ്രത്യേക പരിഗണന അർഹിക്കുന്നവർ 

17.4 % അധ്യാപകരെ സംബന്ധിച്ചിടത്തോളം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആഗ്രഹിച്ച നേട്ടം കൈവരിക്കാനാകാത്തതാണ്. അത് സ്വാഭാവികമാണ്. അനുരൂപീകരണപാഠങ്ങൾ ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയേണ്ടതുണ്ട്. അത് അധ്യാപകരിൽ എത്തുകയും വേണം. സാധ്യമായ ഉയർന്ന തലത്തിലെത്തിക്കുക എന്നതിനപ്പുറം മറ്റുളളവർക്കൊപ്പം എത്തിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ചാൽ ഈ കുട്ടികൾ വലിയസമ്മർദ്ദത്തിൽപ്പെടും. സാധ്യമായ ഉയർന്നതലവും ഓരോ കുട്ടിക്കും ഭിന്നമായിരിക്കും. വ്യക്തഗതപിന്തുണാപദ്ധതിയാണ് ഇവർക്കായി വേണ്ടിവരിക. സഹവർത്തനത്തിന്റെ രീതി പ്രയോജനുളള ഉൾച്ചേർക്കലും ഓരോ പഠനപ്രവർത്തനത്തിലും വേണ്ടിവരും.

2. പിന്നാക്കാവസ്ഥക്ക് കാരണമായ ക്ലാസ് റൂം ഘടകങ്ങൾ‍

    1. കുട്ടികളുടെ എണ്ണക്കൂടുതൽ 8.9%

    2. പാഠഭാഗങ്ങളുടെ എണ്ണക്കൂടുതൽ 29.7%

    3. പാഠങ്ങളുടെ അളവ് 15.3%

    4. ചിഹ്നങ്ങളുടെ പുനരനുഭവം ഉറപ്പാക്കുന്ന പാഠങ്ങൾ ഇല്ലാത്തത് 11.7 %

    5. ഓരോ കുട്ടിയുടെയും പ്രശ്നം തിരിച്ചറിഞ്ഞ് സഹായിക്കാൻ ചെറിയ ഉപപാഠങ്ങൾ ലഭ്യമല്ല 29.7 %

    6. മറ്റുളളവ 4.7%

    ഓരോ കുട്ടിയും ഓരോ യൂണിറ്റ്

    ഏറ്റവും കൂടുതല്‍ അധ്യാപകര്‍ പറഞ്ഞത്  ഓരോ കുട്ടിയുടെയും പ്രശ്നം തിരിച്ചറിഞ്ഞിടപെടാനുളള ഉപപാഠങ്ങള്‍ ലഭ്യമല്ലാത്തതാണ് പിന്നാക്കാവസ്ഥയെ സ്വാധീനിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലാണ് ഓരോ കുട്ടിയും ഓരോ യൂണിറ്റാണെന്നും കുട്ടിയെ അറിഞ്ഞുളള വിനിമയവും പിന്തുണയും ഉണ്ടാകണമെന്നമുളള ചര്‍ച്ച കൂടുതല്‍ നടന്നത്. അത് അംഗീകരിക്കുമ്പോള്‍ത്തന്നെ അതിന്റെ പ്രായോഗികരീതികള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. മൂന്നാം ടേമില്‍ എന്തുചെയ്യാനാകും എന്നാണ് ഇപ്പോള്‍ ആലോചിക്കാവുന്നത്

    • പിന്തുണബുക്കിന്റെ ഉപയോഗം അക്ഷരഘടനയില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. കുട്ടികള്‍ വ്യക്തിപരമായി നേരിടുന്ന ഓരോ പ്രശ്നത്തെയും അഭിസംബോധന ചെയ്യുന്നതിന് പിന്തുണബുക്ക് ഉപയോഗിക്കണം.

    • പിന്തുണനടത്തം നിരന്തരപിന്തുണയും വിലയിരുത്തലും സമന്വയിപ്പിച്ചതാണ്. ഇപ്പോള്‍ കൂടുതല്‍ പിന്തുണ ആവശ്യമുളളവരാരെന്ന ധാരണ അധ്യാപകര്‍ക്ക് കൃത്യമായുണ്ട്. ഇനിയുള  ഓരോ ഭാഷാനുഭവവേളയിലും അവര്‍ക്കൊപ്പം നില്‍ക്കുക എന്നതിന് ഊന്നല്‍ ലഭിക്കണം.

    • അക്ഷരങ്ങളുടെയും ചിഹ്നങ്ങളുടെയും പുനരനുഭവം കൂട്ടുകയും ഓരോ പുനരനുഭവ സന്ദര്‍ഭത്തിലും യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ആശയവിനിമയത്തിലേക്ക് വികസിപ്പിക്കുന്ന ഭാഷണ, വായന, ലേഖന പ്രവര്‍ത്തനങ്ങളും ആവിഷ്കാരരൂപങ്ങളും കണ്ടെത്തി ഉപയോഗിക്കണം. ചിത്രീകരണവും എഴുത്തും എന്നത് കുട്ടി ഏറ്റെടുക്കുന്ന തരത്തിലേക്ക് ഉയരണം. 

    • ലഘുവായനസാമഗ്രികള്‍ തുടര്‍ച്ചയായി ലഭ്യമാക്കുക

    • ചെറുപാഠങ്ങള്‍ ഉണ്ടാക്കുക

    • വായനയ്കും ലേഖനത്തിനും കൂടുതല്‍ സമയം കണ്ടെത്തി എല്ലാ കുട്ടികളുടെയും പങ്കാളിത്തം കൂട്ടുകയും വേണം.

    • ലേഖനത്തില്‍ ഭിന്നനിലവാര സംഘപ്രവര്‍ത്തനം ഒന്നാം ക്ലാസില്‍ സാധ്യമാണെന്ന് കൂട്ടെഴുത്ത് ക്ലാസ് പത്രത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. വായനയില്‍ റിഡേഴ്സ് തിയറ്ററും സാധ്യത ബോധ്യപ്പെടുത്തി. കൂട്ടെഴുത്ത്, കൂട്ടുവായന എന്നിവ കൂടുതലായി ക്ലാസില്‍ ഉപയോഗിക്കാന്‍ കഴിയണം.

    • കുട്ടികളുടെ രചനകളെ പാഠങ്ങളാക്കുക എന്ന സമീപനവും സ്വീകരിക്കാം. സംയുക്തഡയറി, രചനോത്സവം എന്നിവയില്‍ നിന്നും തെരഞ്ഞെടുത്തവ ക്ലാസ് വായനസാമഗ്രിയാക്കാവുന്നതാണ്.

    ചിഹ്നങ്ങളുടെ പുനരനുഭവം ഉറപ്പാക്കുന്ന പാഠങ്ങൾ ഇല്ലാത്തത്

    11.7 % അധ്യാപകര്‍ ഇതൊരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടി. എ, ഏ, ഒ ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ പരസ്പരം മാറിപ്പോകുുന്നു. ഏതാണ്ട് എല്ലാ വിദ്യാലയങ്ങളിലും നിലനില്‍ക്കുന്ന പ്രശ്നമാണ്. ഇത് തിരിച്ചറിഞ്ഞുളള പാഠങ്ങള്‍ തുടര്‍ച്ചയായി വരണം. അതായത് ഒരേ വാക്യത്തില്‍തന്നെ കുട്ടിക്ക് അവ്യക്തതയുളള ചിഹ്നങ്ങള്‍ (ഉദാഹരണത്തിന് തേനെടുക്കാന്‍ പോയി എന്ന വാക്യം) വരുന്ന രീതി, പറയണോ? പറയണേ എന്നിങ്ങനെ ചിഹ്നമാറ്റം സംഭവിക്കുമ്പോള്‍ അര്‍ഥം മാറുന്നതും മറ്റെല്ലാ ചേരുവയും സമാനമായതുമായ വാക്കുകള്‍, താളാത്മകവും ചിഹ്നബോധ്യത്തിനു സഹായകമായതുമായ കുട്ടിപ്പാട്ടുകളും കഥകളും എല്ലാം ഉപയോഗിക്കേണ്ടിവരും.

    പാഠങ്ങളുടെ എണ്ണക്കൂടുതലും ദൈര്‍ഘവും

    നാല്പത്തഞ്ച് ശതമാനത്തോളം അധ്യാപകര്‍ ഇതൊരു പ്രധാന പ്രശ്നമായി കാണുന്നു. സമയബന്ധിതമായി നിശ്ചിത പാഠങ്ങള്‍ തീര്‍ക്കുന്നതിന് നിര്‍ബന്ധിക്കുന്ന അയവില്ലാത്ത സമീപനം വിദ്യാഭ്യാസമേലധികാരികള്‍ സ്വീകരിക്കുന്നുണ്ട്. ഓരോ പാഠത്തിനും വിനിമയത്തിന് ഇത്രസമയം വേണ്ടിവരും എന്ന് ട്രൈഔട്ട് ചെയ്ത ശേഷം ശാസ്ത്രീയമായി സമയം നിശ്ചയിക്കുകയായരുന്നു വേണ്ടത്. പക്ഷേ അത് പ്രായോഗികമല്ല. ഓരോ ക്ലാസിന്റെയും ചേരുവ വ്യത്യസ്തമാണ്. 

    ഗണിതം , ശാസ്ത്രം എന്നിവ പോലെ ആശയങ്ങൾ ക്രീമീകൃതമായി പഠിക്കുന്നതിന് ഭാഷാപാഠങ്ങൾ സഹായിക്കില്ല. ഉദ്ഗ്രഥനം ആയതിനാൽ തീമുകൾക്ക് പരിഗണയുണ്ടുതാനും. സ്വീകരിക്കാവുന്ന ഒരു പഠനരീതികളുമായി നേർബന്ധമുളള പ്രവർത്തനങ്ങൾ മാത്രം ചെയ്യുക എന്നതാണ്. മറ്റൊന്ന് കൂടൽ വഴക്ക് അധ്യാപകർക്ക് സ്വീകരിക്കാൻ അവസരം ഒരുക്കുകയാണ്. മുഖ്യപാഠത്തെ ചെറുപാഠമാക്കി മാറ്റാനാകുമോ എന്നും പരിശോധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ വായിക്കേണ്ട ഭാഷാവസ്തുക്കൾ അവഗണിക്കാനും പാടില്ല.പുനരനുഭവം ഉറപ്പാക്കുകയും വേണം.

    മറ്റുനിർദ്ദേശങ്ങൾ

    • ഭിന്നനിലവാരപരിഗണനയോടെയുളള പ്രവർത്തനങ്ങൾ കൂട്ടുക

    • സഹവർത്തിത വായന, ലേഖനം എന്നിവയ്ക്ക് സഹായകമാകും വിധം സ്വതന്ത്രരചനാപ്രവർത്തനങ്ങൾ രൂപകല്പന ചെയ്യുക ( കൂട്ടെഴുത്ത്, കൂട്ടുവായന)

    • ആസ്വാദ്യഭാഷാവിഷ്കാരത്തിനുളള സന്ദർഭങ്ങൾ എല്ലാ ആഴത്തിലും ഉറപ്പാക്കുകയും ഇനിയും മുന്നേറ്റം നടത്തുകയും ചെയ്യേണ്ടത് കുട്ടികളെ അതിന് സജ്ജമാക്കുക

    • രചനോത്സവം പോലെയുളള പ്രവർത്തനങ്ങൾ ക്ലാസ് റൂം പരിപാടിയുടെ ഭാഗമാക്കുകയും, ഔന്നൽ ലഭിക്കേണ്ട ഭാഷാ വസ്‌തുതകൾ കൂടി ഉൾപ്പെടുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു

    • ധാരാളമായി ഒറ്റപ്പേജ് വായനസമാഗ്രികൾ ക്ലാസിൽ ലഭ്യമാക്കുക

    • ചോദ്യം വായിച്ചുകൊടുക്കേണ്ടിവന്ന പത്തുശതമാനം കുട്ടികളുണ്ട്. അവർക്ക് കൂടുതൽ വായനാസവസരങ്ങൾ ലഭിക്കണം

    • ടീച്ചർ ഉത്തരം പറഞ്ഞ ശേഷം സാവധാനം പറഞ്ഞാൽ തെറ്റുകൂടാതെ എഴുതുന്ന കുട്ടികളുണ്ട്. ആത്മവിശ്വത്തിന്റെ പ്രശ്നമാണ്. എല്ലാവരിലും സ്വന്തം രചന വീണ്ടും സാവധാനം വായിച്ച് മെച്ചപ്പെടുത്തുക എന്ന ശീലം ഉണ്ടാക്കിയെടുക്കണം. പ്രശ്നങ്ങൾ അദ്ധ്യാപിക കണ്ടെത്തി തിരുത്തി നിർത്തുന്നതിനു പകരം കുട്ടികളെക്കൊണ്ടുതന്നെ മെച്ചപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്.

    • അടുത്ത മൂന്നു മാസത്തെ സമയവിന്യാസം സംബന്ധിച്ച് മുൻകൂട്ടി ഒരു രൂപരേഖ അതത് ടീച്ചർമാർ ഉണ്ടാക്കണം. ഇതിനുളള കരട് മാതൃക ലഭ്യമാക്കണം.

    • വർഷാന്ത്യ പഠനോത്സവത്തിൽ എല്ലാ കുട്ടികളുടെയും അഭിമാനനിലവാരപങ്കാളിത്തം ലക്ഷ്യമാക്കിയുളള പ്രവർത്തനങ്ങൾക്ക് വേണ്ടിവരും. പ്രാദേശികതലത്തിൽ ഒന്നാം ക്ലാസ് അധ്യാപകരുടെ കൂട്ടായ്മകൾക്ക് സംഭാവന ചെയ്യാൻ കഴിയും.

    ഡോ.ടി.പി.കലാധരൻ



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി