Pages

Saturday, February 24, 2024

മൂന്നാം ടേമിലെ ഒന്നാം ക്ലാസുകാരുടെ എഴുത്തും തിരുത്തും

കുട്ടികൾ എഴുതുമ്പോൾ തെറ്റുകൾ സംഭവിക്കും. കുട്ടികൾ മാത്രമല്ല മുതിർന്നവർ എഴുതുമ്പോഴും തെറ്റു വരും.

അവ പല കാരണങ്ങളാൽ സംഭവിക്കാം.

തിരുത്തൽ നടത്തണം.

2023-24 ൽ ഒന്നാം ക്ലാസുകാർ മൂന്നാം ടേമിലെത്തിയപ്പോൾ മോശമല്ലാത്ത രീതിയിൽ എഴുതാൻ കഴിവുനേടിയിരിക്കുന്നു. ഇനി ആ എഴുത്തിനെ മിനുക്കിയെടുക്കണം.

എന്താണ് വഴികൾ?

ഒരു അന്വേഷണം

നീർക്കുന്നം എസ് ഡി വി യു പി എ സി ലെ ഒന്നാം ക്ലാസുകാർ മാതൃഭാഷാദിനത്തിൽ 146 കുട്ടികൾ കഥ എഴുതാൻ തയ്യാറായി.

ഞാൻ ഒരു ചിത്രം പ്രദർശിപ്പിച്ചു.

മൂന്നു ചോദ്യങ്ങൾ


  • എന്താണ് കാണുന്നത്?
  • ഇതിന് മുമ്പ് എന്തായിരിക്കാം സംഭവിച്ചത്?
  • ഇനി എന്തു സംഭവിക്കാം?
ആലോചിക്കൂ. നിങ്ങൾക്കൊരു കഥ കിട്ടും. ചിത്രങ്ങളിൽ നിന്ന് കഥകളുണ്ടാക്കുന്ന വിദ്യ അറിയാവുന്ന കുട്ടികൾ എഴുത്തിലേക്ക് മുഴുകി.
അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കുട്ടികൾ എന്നെ പൊതിയാൻ തുടങ്ങി. മേശപ്പുറം നിറയെ രചനകൾ.
ഓരോന്നും ഞാൻ വായിക്കണം.
സ്റ്റാർ നൽകണം.
രചനകളിലെ വൈവിധ്യം അത്ഭുതപ്പെടുത്തി.
ചിന്തയുടെ വേഗത ഒട്ടും കുറയ്ക്കാതെ എഴുതിയതാണ്. രണ്ടാം വായന ശീലിച്ചിട്ടില്ല.
ഒരു വിധം ഭംഗിയായി എഴുതാൻ കഴിവു നേടിയാൽ സൂക്ഷ്മതയിലേക്ക് പോകണം.
എഴുത്തിൽ പരിഹരിക്കേണ്ട ചില പ്രശ്നങ്ങൾ ഉണ്ട്.
അവർക്ക് പരിഹരിക്കാവുന്നവ അവർ തന്നെ ശരിയാക്കുന്നതല്ലേ നല്ലത്?
എന്താ ഒരു വഴി?
രീതി ഒന്ന്
കുട്ടി എഴുതിയത് വായിച്ചു. അളകനന്ദ ആവശ്യപ്പെട്ട സ്റ്റാർ നൽകി. എന്നിട്ട് ശരിയുള്ള വാക്യങ്ങൾ വരുന്ന വരിയുടെ വലതുവശത്ത് ശരി അടയാളമിട്ടു

മോളേ, ഈ ശരികിട്ടാത്ത വരികൾ ഒന്നുകൂടി വായിക്കണം. ഏതോ വാക്കിൽ എന്തോ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ ഉണ്ട്. സാവധാനം വായിച്ച് കണ്ടെത്തി തിരുത്തി വന്നാൽ അതിനും ശരികിട്ടും. കൂടുതൽ സ്റ്റാർ കിട്ടും.

അളകനന്ദ പോയി.

മടങ്ങി വന്നപ്പോൾ ഒത്തിരി പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. 

ഈ രീതി കുഴപ്പമില്ല. പക്ഷേ ഒരു വരിയിൽ ഒന്നിലധികം വാക്കുകളിൽ പ്രശ്നമുണ്ടെങ്കിൽ ഒന്നു മാത്രം പരിഹരിച്ചു വരുന്നു.

പരിഹരിക്കപ്പെടാനുള്ള വാക്കുകൾ വിശകലനം ചെയ്യണം. ദൃശ്യാവർത്തി അനുഭവതലത്തിൽ കുറവുള്ള വാക്കുകൾ കുട്ടിക്ക് സ്വയം തിരുത്താൻ പ്രയാസം വരാം. അപ്പോൾ എഴുതിക്കാണിക്കേണ്ടി വരും.

അതുമായി താരതമ്യം ചെയ്യാൻ പറഞ്ഞു. ഈ രീതി കുട്ടികൾ കൂടുതലുള്ള ക്ലാസിൽ പ്രവർത്തിക്കാതെ വരും. 

  • രണ്ടാം വായനയുടെ അഭാവം,
  • വാക്കിനെക്കുറിച്ച് ധാരണയില്ലായ്മ (മരക്കക്ഷണം)
  • എഡിറ്റ് ചെയ്യാനുള്ള പരിശീലനക്കുറവ്
  • തിടുക്കത്തിൽ ടീച്ചറെ കാണിക്കാനുള്ള ശ്രമം

ഇവയൊക്കെ തെറ്റുകൾക്ക് കാരണമാകാം.

രണ്ടാം രീതി

അടുത്തതായി കഥകൾ കൊണ്ടുവന്ന കുട്ടികളുടെ രചനയിലെ
ഓരോ വാക്കിനും ശരിയാടാൻ തീരുമാനിച്ചു.
തെറ്റിപ്പോയ വാക്കുകൾക്ക് ശരിയല്ല.
പേപ്പറിൽ ശരി നിറഞ്ഞപ്പോൾ കുട്ടികൾക്ക് സന്തോഷം.

കൂടുതൽ ശരി കിട്ടും. ശരികിട്ടാത്ത വാക്കുകൾ ശരിയാക്കി വന്നാൽ മതി. സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാം.
അര മണിക്കൂർ വേണ്ടി വന്നു മുപ്പത് രചനകൾ സസൂക്ഷ്മവായന നടത്തുവാൻ. ക്ലാസിൽ  ഇതിനായി പ്രത്യേകം സമയം കുട്ടികൾക്ക് സ്വതന്ത്ര പ്രവർത്തനങ്ങൾ നൽകി കണ്ടെത്തേണ്ടി വരും
രീതി മൂന്ന്
ചില വാക്കുകൾക്ക് ശരികിട്ടാത്തതിൻ്റെ കാരണം കുട്ടി തനിയെ പരിശോധിച്ചിട്ട് കണ്ടെത്താൻ കഴിയാതെ വരാം. സഹപാഠികളുടെ സഹായം തേടാം.
സഹപാഠികൾക്കും അവ്യക്തയുണ്ടെങ്കിൽ ടീച്ചറുടെ ശ്രദ്ധയിൽപെടുത്തണം.
ടീച്ചർ എല്ലാവർക്കുമായി തെളിവനുഭവം നൽകി പ്രശ്നം പരിഹരിക്കാൻ സഹായിക്കണം


പുസ്തകവായനയാണ് പദ പരിചയത്തിനുള്ള നല്ല മാർഗം. ധാരാളം ബാലസാഹിത്യ കൃതികൾ ക്ലാസിൽ ഉണ്ടാകണം.
,
എഴുത്തിൻ്റെ വളർച്ചയിൽ തിരുത്തലിൻ്റെ സൗഹൃദ വഴികൾ പലതുണ്ട്. അവ പ്രയോജനപ്പെടുത്തുക. പുതിയ രീതികൾ കണ്ടെത്തുക



കഥ എഴുതാനായി കുട്ടികൾ പേജിന് അതിർവരമ്പു വരകളും അലങ്കാരപ്പണികളും ചെയ്തതു നോക്കുക. വളരെ പ്രാധാന്യത്തോടെ രചനാ പ്രവർത്തനത്തെ കാണുന്നു എന്നതിന് തെളിവ്

നായക്കുട്ടികളുടെ ചിത്രം തത്സമയം വരച്ചത്. എത്ര മനോഹരം! എന്നാൽ ചിലർ 3 എഴുതി നായക്കുട്ടിയെ വരച്ചിരുന്നു.പ്രീ പ്രൈമറി ടീച്ചറുടെ കലാ കൊലപാതക സ്വാധീനമായിരിക്കാം. നിരുത്സാഹപ്പെടുത്തണം.
?

മൂന്നാം ടേമില എഴുത്തിനെ മിനുക്കിയെടുക്കുന്നതിന് ശ്രമിക്കുമ്പോൾ എന്തെല്ലാം ധാരണകൾ മനസ്സിൽ വേണം?

1. 
ഓരോ കുട്ടിയുടെയും രചനകൾ സൂക്ഷ്മമായി വായിക്കുന്നത് കുട്ടിക്ക് മെച്ചപ്പെടാൻ അവസരം ഒരുക്കും
2. 
കുട്ടിയുടെ ഓരോ വാക്കും ടീച്ചർ പരിഗണിക്കുന്നുവെന്നത് കുട്ടിയിൽ എഴുത്ത്ജാഗ്രത വളർത്തും,
3. 
രണ്ടാം വായന ശീലമാക്കും
4. 
കൂടുതൽ ശരികൾ കിട്ടുന്നത് പ്രചോദകമാണ്.
5.
 ഓരോ കുട്ടിയും നേരിടുന്നത് പലതരം പ്രശ്നങ്ങളാണ്. അവ പൊതുപ്രശ്നങ്ങളാകണമെന്നില്ല. പരിഹരിക്കപ്പെടേണ്ടത്.
 6. 
വ്യക്തിഗത ശ്രദ്ധ ആവശ്യമുള്ള തരത്തിൽ എഡിറ്റിംഗ് പ്രക്രിയയിൽ ഭേദഗതി വരുത്തണം.
7. 
ഒന്നാം ക്ലാസ് ഒന്നാം ടേമിൽ കുട്ടി എഴുതുന്ന വാക്യത്തിലെ ഓരോ അക്ഷരത്തിനും ശരി നൽകാം
8. 
രണ്ടാം ടേമിൽ വാക്യങ്ങളിലെ വാക്കുകൾക്കു ശരി നൽകാം
9. 
മൂന്നാം ടേമിൽ ഓരോ വാക്യത്തിനും ശരി നൽകാം.
10. 
സമയം കൂടുതൽ വേണ്ടി വരാം .സ്വതന്ത്ര പ്രവർത്തനങ്ങൾ നൽകണം
11
തെറ്റുകൾ സംഭവിക്കുന്നത് മനുഷ്യക്കുട്ടികളായതിനാലാണ്. തിരിച്ചറിഞ്ഞു തിരുത്താനുള്ള പിന്തുണാ തലം സൃഷ്ടിച്ചാൽ മതി.
12
എഴുതാത്ത കുട്ടികൾക്കും ടീച്ചർ ബോർഡിലെഴുത്തി പകർപ്പെടുപ്പിക്കുന്ന ക്ലാസുകൾക്കും തെറ്റുകൾ കുറവായിരിക്കും. സ്വതന്ത്രരചനയിൽ അവർ ഇടറും
13
ആസ്വാദ്യമായ സ്വതന്ത്രരചനാ സന്ദർഭങ്ങൾ ഒരുക്കുകയാണ് ഭാഷ മെച്ചപ്പെടുത്താൻ സഹായകമായ വഴികളിലൊന്ന്




Friday, February 23, 2024

ആലിയയുടെ പൂച്ചക്കഥയും മാതൃഭാഷാദിനാനുഭവങ്ങളും

മാതൃഭാഷാദിനം.

146 ഒന്നാം ക്ലാസുകാർ മുന്നിലിരിക്കുന്നു.

പിന്നിലായി കുറെ മുതിർന്നവർ.

ആരെയാണ് ഞാൻ  അഭിസംബോധന ചെയ്യേണ്ടത്?

മുൻ പ്രാസംഗികർ മുതിർന്നവരോട് സംസാരിച്ചു.

എനിക്ക് അങ്ങനെ ആവാൻ പറ്റില്ല. ഞാൻ പറഞ്ഞു

"പ്രിയ ഫോട്ടോഗ്രാഫർമാരോട് ഒരഭ്യർഥന. നിങ്ങൾ സ്റ്റേജിലേക്ക് വരൂ.

ഈ കുട്ടികൾ 146 സചിത്ര കഥാപതിപ്പുകൾ ഉയർത്തിക്കാട്ടും. അതിൻ്റെ പടം എടുക്കണം."

പെട്ടെന്ന് കുട്ടികൾ ഉഷാറായി.

ഫ്ലാഷ് ഫ്ലാഷ് !

പിന്നെ ഞാൻ ശലഭത്തെയെടുത്തു.

ആലിയയുടെ മുഖം വിടർന്നു.

ശലഭം എൻ്റെ കൈയിലേക്ക് വന്ന വഴി

സംഘാടകർ വേദിയിലേക്ക് ഒരു കുട്ടിയെ മാത്രം വിളിച്ചപ്പോൾ ആലിയയും കൂട്ടുകാരും വിചാരിച്ചു. അവരെയും വിളിക്കുമെന്ന്. അവർ തയ്യാറായി നിന്നു അവളും മൂന്നു കൂട്ടുകാരും വേദിയിലേക്കുള്ള പടിക്കൽ വരെ എത്തി. അവർ അവിടെത്തന്നെ നിന്നു.

അപ്പോൾ പ്രകാശനച്ചടങ്ങ് കഴിഞ്ഞിരുന്നു. സ്റ്റേജിൽ വന്ന കുട്ടി പ്രകാശനം കഴിഞ്ഞ് മടങ്ങി. ആലിയ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.

ഞാൻ ആലിയയെയും കൂട്ടുകാരെയും വിളിച്ചു.


ആലിയ മാത്രം വന്നു. ശലഭം തന്നു.

മുൻ പ്രസംഗികർ ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതിയ കഥകൾ വായിച്ച് അവ പരാമർശിച്ച് പ്രസംഗിക്കുമെന്ന് ഞാൻ കരുതി. പക്ഷേ അങ്ങനെ സംഭവിച്ചില്ല. ഒരു പുസ്തകപ്രകാശനച്ചടങ്ങല്ലേ? അത് എഴുത്തുകാരെ എഴുത്തിനെ മാനിക്കാതെ പോകാമോ? കുഞ്ഞുങ്ങൾ പ്രോത്സാഹനം ആഗ്രഹിക്കുന്നുണ്ട്.

ശലഭത്തിൻ്റെ പേജ് മറിച്ച് പൂച്ചയുടെ ആഗ്രഹം വായിക്കാൻ തുടങ്ങി.

ആലിയ ചിരിച്ചു

ഞാൻ പറഞ്ഞു:

"ആലിയയുടെ പൂച്ച നീർക്കുന്നം സ്കൂളിൽ പഠിക്കാൻ വന്നാൽ നദിറ ടീച്ചർ ചേർക്കുമോ?

ഇല്ല

അത് ആലിയക്കറിയാം.

പൂച്ചക്കുമറിയാം.

അതിനാലാണ് അലിയ പൂച്ചയെക്കൊണ്ട് പുസ്തകം വായിപ്പിക്കുന്നത്.

ആലിയയയും കുട്ടികളും ചിരിക്കാൻ തുടങ്ങി.

പുസ്തകം വായിച്ചാൽ അറിവ് കിട്ടും എന്ന് മനസ്സിലാക്കിയ ഒരു പൂച്ചയേ ലോകത്തുള്ളൂ.

അത് ഏതെന്നറിയാമോ?

അലിയയുടെ പൂച്ച!

പിന്നെയും ചിരിക്കുന്ന കുട്ടികൾ.

പൂച്ചക്കഥ എഴുതിയിട്ടുള്ള എത്ര പേരുണ്ട്? മുപ്പതോളം കുട്ടികൾ കൈ ഉയർത്തി. പൂച്ച പഠിക്കാൻ പോയത് എഴുതിയവരാരൊക്കെയുണ്ട്?

ആലിയ മാത്രം കൈ പൊക്കി.

കണ്ടോ ഓരോ കുട്ടിയും ഓരോരോ കഥകളാണ് എഴുതിയത്.

മിടുക്കർ.

ആലിയയെപ്പോലെ പൂച്ചകൾ പഠിക്കാൻ പോയ ഒരു കഥ ഞാനും എഴുതി..

മ്യാവൂസ് പള്ളിക്കൂടം.

ആലിയ ചിന്തിച്ചതു പോലെ ഞാനും ചിന്തിച്ചു.

(മ്യാവൂസ് പള്ളിക്കൂടത്തിലെ കണ്ടൻ മാഷ് ശിശു പക്ഷ സമീപനം സ്വീകരിക്കുന്ന ആളാണ്. "സർ മീൻ കട്ടു തിന്നുന്നത് ശരിയാണോ?" എന്ന വലിയ ചോദ്യം പൂച്ചക്കുട്ടികൾ ഉന്നയിക്കുന്നുണ്ട്. നിഷ്കളങ്കരായ കുട്ടികളുടെ കഥയാണത്. പല മാനങ്ങളിൽ മുതിർന്നവർക്കും വായിക്കാം. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പ്രസാധകർ)

ആലിയയുടെ കഥ പരിചയപ്പെടുത്തിയ ശേഷം ഞാൻ കുട്ടികളോട് ചോദിച്ചു. മക്കളേ കഥ എഴുതാമോ?

അവർ റഡി.

തത്സമയ കഥാരചന

സ്‌ക്രീനിൽ ഈ ചിത്രം കാട്ടി


കുട്ടികൾ കഥയിലേക്ക് കടന്നു.

145 കഥകൾ

ഒരാൾ വഴിമാറി നടന്നു.

അവൾ പാട്ടാണ് എഴുതിയത് . എൻ ഹാദിയ സി ഡിവിഷനിലാണ്. ഹാദിയയുടെ വരികൾ

നായ നല്ല നായ

സ്നേഹമുള്ള നായ

കഴിത്തിലുണ്ട് ബൽറ്റ്

മൽസരിച്ചാൽ ഫസ്റ്റ്

കമ്പെറിഞ്ഞാൽ എടുത്തോണ്ട് വരും

അൻസരണയുള്ള നായ

മഞ്ഞ നായ കറുത്ത നായ

(രണ്ടു മൂന്ന് അക്ഷര പ്രശ്നങ്ങൾ ഉണ്ട്. സാരമില്ല. എൻ്റെ മകൾ ഒന്നാം ക്ലാസിൽ വച്ച് കഥയെഴുതി ടീച്ചറെ കാണിച്ചു. ടീച്ചർ കഥയല്ല വായിച്ചത്. അക്ഷരത്തെറ്റുണ്ടോ എന്നാ നോക്കിയത്. പിന്നൊരിക്കലും അവർ കഥ ടീച്ചറെ കാണിച്ചിട്ടില്ല)

ഹാദിയയിലേക്ക് വരാം  "കഴുത്തിലുണ്ട് ബൽറ്റ്, മത്സരിച്ചാൽ ഫസ്റ്റ് "എന്ന വരികൾ നോക്കൂ. താളബോധമുള്ള കുട്ടി. തത്സമയം ഇത്തരം ഒരു രചന നടത്തിയത് അഭിനന്ദിക്കപ്പെടേണ്ടത്

ഞാൻ അവിടെയുണ്ടായിരുന്ന കവി രാജീവ് ആലുങ്കലിനെ ഹാദിയയുടെ രചന കാണിച്ചു.

അദ്ദേഹം അവളെ അനുമോദിച്ചു.

അവൾക്ക് സന്തോഷമായി.

നീർക്കുന്നം എസ് ഡി വി യുപി സ്കൂളിലെ ഒന്നാം ക്ലാസ് ഗംഭീരം.




സംസ്ഥാനത്താദ്യമായി ഒന്നാം ക്ലാസുകാരുടെ 146 സചിത്രകഥാപതിപ്പ് പ്രകാശനവും "ഞങ്ങൾ ഒന്നാന്തരമാണ്" ചലഞ്ചും - ഫെബ്രുവരി 21, ലോക മാതൃ  ഭാഷാദിനത്തിൽ


   ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന നീർക്കുന്നം എസ്.ഡി വി.ഗവ.യു പി എസിലെ ഒന്നാം ക്ലാസിലെ 146 കുട്ടികളും  തയ്യാറാക്കിയ സചിത്ര കഥാപതിപ്പ് പ്രകാശനം ഫെബ്രുവരി 21, ലോക മാതൃ ഭാഷാദിനത്തിൽ ബഹുമാനപ്പെട്ട അമ്പലപ്പുഴ MLA ശ്രീ. H സലാം നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അക്കാദമിക വർഷം മുന്നോട്ടു വെച്ച സചിത്ര പാഠപുസ്തകം -  സംയുക്ത ഡയറി എന്ന ആശയം കുട്ടികളിൽ പ്രാവർത്തികമാക്കിയതിൻ്റെ ഫലമായി ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളും എഴുത്തും വായനയും പഠിച്ചതോടൊപ്പം മനസ്സിൽ വിരിയുന്ന ആശയങ്ങൾ കഥ, കവിത, ഡയറിക്കുറിപ്പ്, വിവരണം തുടങ്ങിയ വ്യവഹാര രൂപങ്ങളിലേക്ക് എഴുതാനും പ്രാപ്തരായി .

ഒന്നാം ക്ലാസ് ആരംഭിച്ച ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറ് മാസക്കാലം കൊണ്ട് പദ്ധതി പരിപൂർണ്ണ വിജയത്തിലെത്തി എന്നതിൻ്റെ തെളിവാണ് 'ഞങ്ങൾ ഒന്നാന്തരമാണ് ' എന്ന ചലഞ്ച്. 

അഞ്ച് ഡിവിഷ നുകളിലായി 146 കുട്ടികളാണ് ഒന്നാം ക്ലാസിൽ പഠിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ ആശയ രൂപീകരണം നടത്തുകയും അവ രചനാ തലത്തിലേക്കെത്തിക്കുകയുമാണ് ചെയ്യുന്നത് . ഓരോ ദിവസത്തേയും അനുഭവങ്ങൾ അവർ ഡയറിക്കുറിപ്പുകളുമാക്കുന്നു. രൂപീകരണ പാഠസമയത്ത് നൽകുന്ന ചിത്രങ്ങൾ നോട്ട് ബുക്കിൽ വരച്ച് സംഭാഷണ കുമിളകളിൽ ആശയങ്ങൾ അക്ഷര ഘടന - അക്ഷര ക്രമം - വാക്കകലം തുടങ്ങിയ ലേഖന പ്രക്രിയകൾ പാലിച്ച് കുട്ടി എഴുതുന്നു. തുടക്കത്തിൽ രക്ഷിതാവുമൊരുമിച്ചിരുന്നുള്ള സംയുക്ത ഡയറിയായിരുന്നു തയ്യാറാക്കിയിരുന്നത്. കുട്ടി എഴുതുന്ന പെൻസിൽ എഴുത്ത്, പേന ഉപയോഗിച്ച് രക്ഷിതാവിൻ്റെ കൂട്ടെഴുത്ത് രീതിയാണ് സംയുക്ത ഡയറി .  പൂർണ്ണമായും രക്ഷിതാവിൻ്റെ പിന്തുണയില്ലാത്ത പെൻസിൽ എഴുത്ത് ഇപ്പോൾ കുട്ടി സ്വായത്തമാക്കിയിരിക്കുന്നു എന്നത് അഭിമാനകരമാണ്. കാണുന്ന ചിത്രങ്ങളും നൽകുന്ന സന്ദർഭങ്ങളും അവർ എഴുതി തയ്യാറാക്കി ചിത്രകഥാപതിപ്പാക്കി പ്രകാശനത്തിന് തയ്യാറായിരിക്കുകയാണ്. സ്കൂൾ ചുമരുകളിൽ വരച്ച് ചേർത്തിട്ടുള്ള ചിത്രങ്ങളെ കഥകളാക്കി  മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. 146 പതിപ്പുകളും വ്യത്യസ്തത പുലർത്തുന്നുവെന്നത് ശ്രദ്ധേയമാണ് . അമ്പരപ്പിക്കുന്ന ഭാവന കുട്ടികളുടെ പതിപ്പുകളിൽ കാണാൻ കഴിയുന്നുണ്ട്.സ്കൂൾ വർഷാരംഭത്തിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ,വരയിട്ട A4 നോട്ടുബുക്കുകളാണ് ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സമ്മാനമായി നൽകിയത്.തുടക്കത്തിൽ അധ്യാപകരും രക്ഷിതാക്കളും ഈ ആശയത്തെ ഏറെ ആശങ്കയോടെയാണ് കണ്ടത്.ചിത്രങ്ങൾ ശേഖരിക്കുക ,മുറിച്ചു കൊടുക്കുക, ഓരോ കുട്ടിയുടെയുംനോട്ട്ബുക്കിൽ ഒട്ടിക്കുക ,അത് സംബന്ധിച്ച് എഴുതിക്കുക, പറയിക്കുക എല്ലാം അല്പം അധ്വാനം വേണ്ടിവരുന്ന ഒന്നായിരുന്നു. പ്രത്യേകിച്ചും കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ .പക്ഷേ ആദ്യത്തെ രണ്ടുമാസം കൊണ്ട് തന്നെ തങ്ങളുടെ അധ്വാനത്തിന് ഫലം ഉണ്ടാകുന്നു എന്ന തിരിച്ചറിവ് അധ്യാപകരിൽ ആത്മവിശ്വാസം വളർത്തി. വർദ്ധിച്ച ആവേശത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഓരോ അധ്യാപകരും തയ്യാറായി.രക്ഷിതാക്കളുടെ ഗുണാത്മക പ്രതികരണങ്ങൾ അധ്യാപകർക്ക് പ്രചോദനമായി.പ്രധാനമായും രണ്ടുതരത്തിലാണ് സംയുക്ത ഡയറി എന്ന ആശയം ചലനാത്മകമായത്. ഒന്ന് കുട്ടി സ്വതന്ത്രമായി ചിന്തിച്ച് ആത്മ വിശകലനം ചെയ്ത് ആശയരൂപീകരണത്തിലെത്തുകയും അതിലൂടെ എഴുത്തും വായനയും സ്വായത്തമാക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്നു. രണ്ട്, കുട്ടിയും രക്ഷിതാവും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ആഴത്തിൽ ആകുന്നതിലൂടെ കുട്ടിയിൽ ആത്മവിശ്വാസം വർദ്ധിക്കുന്നു.രക്ഷിതാവ് തങ്ങൾക്കൊപ്പം ഉണ്ടെന്ന തിരിച്ചറിവ് കുട്ടിക്കും ഒപ്പം അധ്യാപകനും പ്രചോദനമാകുന്നു.

ഒന്നാം പാദവാർഷിക മൂല്യനിർണത്തിൽ തന്നെ പ്രകടമായ പുരോഗതി കണ്ടു തുടങ്ങി .രണ്ടാം പാദവാർഷിക മൂല്യനിർണയം ആയപ്പോൾ എഴുത്തും വായനയും മാത്രമല്ല കുട്ടികളുടെ ആശയവിനിമ ശേഷിയിലും മികവുകൾ പ്രകടമായി. 



Tuesday, February 20, 2024

അക്ഷരത്തെറ്റുകളുടെ ചരിത്രവും വർത്തമാനവും

കേരളത്തിലെ കുട്ടികളുടെ എഴുത്തും  വായനയുമായി ബന്ധപ്പെട്ട് രണ്ട് വിമര്‍ശനങ്ങൾ ഉണ്ട്.

  • പുതിയപാഠ്യപദ്ധതി വരുന്നതിനു മുമ്പ് തെറ്റില്ലാതെ എഴുതുന്നവരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസമായിരുന്നു ഇവിടെ. പാഠ്യപദ്ധതി പരിഷ്കരിച്ചതിനു ശേഷം എല്ലാം കുളമായി.
  • 1996 നു മുമ്പ്, സ്കൂളില്‍ പോയ എല്ലാവരും എഴുത്തും വായനയും പഠിച്ചുറച്ചവരായിരുന്നു. 1996 നു ശേഷം നിരക്ഷരരെയാണ് വിദ്യാഭ്യാസം എന്നപേരില്‍ രൂപപ്പെടുത്തിയത്.
ഈ രണ്ടു നിരീക്ഷണങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്.  ഇത്തരം വാദങ്ങളെ സമീപിക്കേണ്ടത്  തര്‍ക്കത്തിന്റെ തലത്തിലാകരുത് . സംവാദതലത്തിലാകണം. സംവാദം വസ്തുതകള്‍ പരിശോധിച്ചു നടക്കുന്ന പ്രക്രിയയാണ്.  തിരുത്താനും തിരിച്ചറിവിലേക്ക് പോകാനും സഹായകമാകണം. മുന്‍വിധികളേക്കാള്‍ തെളിവുകള്‍ ആധാരമാകണം. അങ്ങനെ തെളിവുകള്‍ മുന്നോട്ടുവെക്കുമ്പോള്‍ ആധികാരികരേഖകളെ ആശ്രയിക്കുന്നതാകും ഉചിതം. 


അക്ഷരത്തെറ്റുകള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് മുമ്പ് ഉണ്ടായിരുന്നുവോ
എന്നതാണ് ആദ്യം ചര്‍ച്ച ചെയ്യുന്നത്.

1953 ല്‍ പി ഐ ഇട്ടി കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ച തീയറി ആന്‍ഡ് പ്രൈമറി മെഥേഡ് എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ 65 അധ്യായങ്ങളുണ്ട്.  സ്കൂള്‍ മാസ്റ്റര്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് മാത്യു എം കുഴിവേലിയുടെ അനുമതിയോടെ ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഒന്നാം അധ്യായത്തിന്റെ  ശീര്‍ഷകം അക്ഷരത്തെറ്റുകള്‍ എന്നാണ്. ഈ ലേഖനത്തില്‍ മാത്യു എം കുഴിവേലി പറയുന്നത് നോക്കുക-

"മഹാപണ്ഡിതന്മാരും ബിരുദധാരികളും ആയിട്ടുളള മാന്യന്മാരുടെ എഴുത്തില്‍ അക്ഷരത്തെറ്റുകള്‍ സ്ഥലം പിടിക്കുന്നത് അഭിമാനഭഞ്ജകം തന്നെയാണ്. അച്ചടിക്കുന്ന പുസ്തകങ്ങളിലും വിശിഷ്യ പാഠപുസ്തകങ്ങളിലും അച്ചടിപ്പിശാചുകള്‍ കടന്നുകൂടി ചെയ്യുന്ന വിക്രിയകള്‍ ഒരിക്കലും ക്ഷന്തവ്യമല്ല. വിദ്യാലയങ്ങളില്‍‍ കുട്ടികള്‍ രചിക്കുന്ന ഉപന്യാസങ്ങളും എഴുതിവെക്കുന്ന നോട്ടുകളും മാത്രം ഈ പിശാചിന്റെ വിഹാരരംഗമായിരിക്കുന്നു എങ്കില്‍ (വഹാരരംഗമെന്നാണ് അച്ചടിക്കപ്പെട്ടത് എന്നത് കൗതുകകരം) സാധുക്കളായ അധ്യാപകന്മാര്‍ മാത്രം വിഷമിച്ചാല്‍ മതിയായിരുന്നു. ഇംഗ്ലീഷില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച പലര്‍ക്കും മലയാളത്തില്‍ എഴുതുമ്പോള്‍ ഉണ്ടാകുന്ന അക്ഷരത്തെറ്റുകളെപ്പറ്റി ഗൗനിപ്പേയില്ല.

അക്ഷരത്തെറ്റു നിശ്ചയമായും ലജ്ജാവഹമായ ഒരു തെറ്റുതന്നെയാണെന്നുളളതിന് സംശയമില്ല. നമ്മുടെ ഭാഷയിലെ ഈ തെറ്റിനു പ്രധാനമായി പഴിക്കേണ്ടത് നമ്മുടെ അധ്യാപകരെയുമാണ്.”

ഇതേ പുസ്തകത്തില്‍ ഒമ്പതാം അധ്യായത്തിലെ വിഷയമാണ് ബാലപഠനക്ലാസ്. ഒന്നാം ക്ലാസിനെ കേന്ദ്രികരിച്ചാണ് ചര്‍ച്ച. "എഴുത്തുകളരികളില്‍ ഒരു കൊല്ലം പഠിച്ച് അക്ഷരാഭ്യാസം കഴിഞ്ഞിട്ട് ഒന്നാം ക്ലാസില്‍ ചേരുന്നവര്‍ പ്രായേണ ആ ക്ലാസ് വിഷമം കൂടെത കടന്നുകൂടുകയും  ഒന്നാം ക്ലാസില്‍ വന്നതിനുശേഷം ഹരിശ്രീ എന്നു തുടങ്ങുന്നവരുടെ പുരോഗതി സാമാന്യമായി പറയുന്ന പക്ഷം വളരെ അതൃപ്തികരമായി കണ്ടുവരികയാണ് ചെയ്തുവരുന്നത്. നിലത്തെഴുത്ത് പഠിച്ചിട്ട് ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതാണ് നല്ലതെന്ന ജനബോധവും സാധാരണയായിട്ടുണ്ട്. തന്‍മൂലം ഒന്നാം ക്ലാസില്‍ വരുന്ന കുട്ടികള്‍ രണ്ടു തരക്കാരായിട്ടാണ് കണ്ടുവരുന്നത്. ഇപ്രകാരം രണ്ടു തരക്കാരെ ചേര്‍ത്ത് ക്ലാസ്  ശരിയായി മുന്നോട്ടു കൊണ്ടുപോകുക പ്രയാസമാണ്. അതിന് ഏതെങ്കിലും പ്രായോഗികവും കാര്യക്ഷവുമായ ഒരു പദ്ധതി അവലംബിക്കേണ്ടതാണ്.... ഇപ്പോഴത്തെ നമ്മുടെ ഒന്നാം ക്ലാസിലെ അധ്യാപനസമ്പ്രദായം വളരെയധികം പരിഷ്കരിക്കേണ്ടിയിരിക്കുന്നു. അതിനൊന്നാമതായി ചെയ്യേണ്ടത് സ്കൂളിലെ ഏറ്റവും സമര്‍ഥനായ അധ്യാപകനെ ഒന്നാം ക്ലാസിന്റെ ചാര്‍ജ് ഏല്‍പ്പിക്കുകയാണ്. ഭാഷാഭ്യസനത്തിന്റെ പ്രധാനതത്വങ്ങള്‍ ശരിയായി അറിയാവുന്ന ആളും അവയെ സന്ദര്‍ഭാനുസരണം പ്രയോഗിക്കാന്‍ ശേഷിയുളള ആളും ആയിരിക്കണം ഒന്നാം ക്ലാസില്‍ പഠിപ്പിക്കേണ്ടത്.”

കരുമാടി കെ രാമകൃഷ്ണപ്പണിക്കര്‍ നാട്ടുഭാഷാബോധനത്തിന്റെ ചില വശങ്ങള്‍  ( പേജ്433)  എന്ന കുറിപ്പില്‍ മാതൃഭാഷാപഠനത്തിലെ ശോച്യാവസ്ഥ വിവരിക്കുന്നു. "നാട്ടുഭാഷാമുഖ്യപരീക്ഷയ്ക്ക് ചേരുന്ന ഇന്നത്തെ വിദ്യാര്‍ഥികളില്‍ അധികംപേരും വ്യാകരണത്തെറ്റില്ലാതെ നല്ല വാക്യങ്ങളെഴുതാന്‍ ശരിയായ ത്രാണിയില്ലാത്തവരാണെന്ന് അനുഭവസ്ഥരെ പറഞ്ഞറിയിക്കേണ്ടതില്ല. അതിലും ദയനീയമാണ് ഏഴാം ക്ലാസിലെ കുട്ടികളുടെ കഥ. മാതൃഭാഷയായ മലയാളം ശരിയാംവണ്ണം എഴുതാന്‍പോലും നമ്മുടെ വിദ്യാര്‍ഥികള്‍ക്കു കഴിവില്ലാതെ വന്നാല്‍ ഇന്നത്തെ ഭാഷാബോധനത്തിനു സ്ഥായിയായ ചില കുറ്റങ്ങളും കുറവുകളുമുണ്ടെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ലല്ലോ.”


 ഈ മൂന്നു കുറിപ്പുകള്‍ വായിച്ചാല്‍ അമ്പതുകളില്‍ നിലനിന്നിരുന്ന മലയാളപഠനം അത്രമികച്ചതായിരുന്നു എന്ന നിഗമനത്തിലെത്താന്‍ കഴിയില്ല. അക്ഷരത്തെറ്റ് പ്രധാനപ്രശ്നമായിരുന്നു. അത് ദയനീയവുമായിരുന്നു. പഠിപ്പിക്കുന്ന അധ്യാപകരെ പ്രതിസ്ഥാനത്ത് നിറുത്താനാണ് ശ്രമം. രീതിക്ക് കുഴപ്പമൊന്നുമവർ കാണുന്നില്ല.


അക്കാലത്ത് പഠിച്ചുയര്‍ന്ന ചിലര്‍ എല്ലാവരും പണ്ട് തങ്ങളെപ്പോലെ എഴുതാനും വായിക്കാനും കഴിവുനേടി എന്ന് സ്വയം ഉദാഹരിച്ച് സമര്‍ഥിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. വിദ്യാഭ്യാസ ചര്‍ച്ചകള്‍ സജീവമായി നടത്തിയ സ്കൂള്‍ മാസ്റ്റര്‍  പോലുളള പ്രസിദ്ധീകരണങ്ങള്‍ പ്രശ്നങ്ങളെ മാറിനിന്നു നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ശ്രമിച്ചിട്ടുണ്ട്.  അതായത് പുതിയപാഠ്യപദ്ധതിയുടെ ഉല്പന്നമാണ് അക്ഷരത്തെറ്റ് എന്ന വാദം നിലനില്‍ക്കില്ല


പത്താംക്ലാസ് തെറ്റുകള്‍

നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍ രചിച്ച മാതൃഭാഷാധ്യാപനം പ്രൈമറി ക്ലാസുകളില്‍ (1981) എന്ന പുസ്തകത്തിലെ പരാമര്‍ശം പത്താംക്ലാസുകാരെക്കുറിച്ചാണ്. "മൂന്നു നാലു വര്‍ഷം മുമ്പുളള എസ് എസ് എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നോക്കിയ പ്രധാനപരീക്ഷകരുടെ റിപ്പോര്‍‍ട്ടുകളില്‍ വിദ്യാര്‍ഥികള്‍ ദീര്‍ഘ വിരോധികളാണെന്നു പറഞ്ഞിരുന്നു. പാറ എന്നുച്ചരിച്ചുകൊണ്ട് കുട്ടികള്‍ പറ എന്നെഴുതുന്നു.”(പേജ്24)

അതെ പത്തുവര്‍ഷം പഠിച്ചിട്ടും ചിഹ്നങ്ങള്‍ നേരെ ചൊവ്വെ ചേര്‍ക്കാന്‍ കഴിയാത്തവരുണ്ട് എണ്‍പതുകളില്‍  എന്നല്ലേ ഇതിനര്‍ഥം? 


വിദ്യാലയ നിരക്ഷരത

ഇനി രണ്ടാമത്തെ വിമര്‍ശനത്തിലേക്ക് വരാം.  1996 നു ശേഷം നിരക്ഷരരെയാണ് വിദ്യാഭ്യാസം എന്ന പേരില്‍ രൂപപ്പെടുത്തിയതെന്നു പറയുമ്പോള്‍ അതിനു മുമ്പുള്ള അവസ്ഥ ശോഭനമായിരുന്നെന്നും കുറ്റമറ്റ ആ സമ്പ്രദായത്തെ പൊളിച്ചടുക്കുകയാണ് പാഠ്യപദ്ധതി പരിഷ്കരണമെന്നും സൂചനയുണ്ട്. 


കേരളശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച അക്ഷരവേദി കൈപ്പുസ്തകം( 1989) ആമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ വിദ്യാലയനിരക്ഷരത എണ്‍പതുകളില്‍ വളരെ രൂക്ഷമായിരുന്നു എന്നു വ്യക്തമാക്കുന്നു.

"നമ്മുടെ പ്രൈമറി വിദ്യാലയങ്ങളില്‍ പഠിക്കുന്ന വലിയൊരു ശതമാനം  അക്ഷരജ്ഞാനം ഇല്ലാത്തവരാണ് എന്നറിയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. പക്ഷേ സത്യമതാണ്. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി ഈ പ്രശ്നം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരുടെ സജീവശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പ്രൈമറി വിദ്യാലയങ്ങളിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. ..വിദ്യാലയങ്ങളില്‍ നിരക്ഷരര്‍ വളരുന്ന ഈ അപകടകരമായ സാഹചര്യത്തെ നേരിടുന്നതിനായി പരിഷത്ത് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്ന ഒരു പരിപാടിയാണ് അക്ഷരവേദി "

മുപ്പത് ശതമാനം നിരക്ഷരര്‍

1990ല്‍ കേരളശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച നിരക്ഷരത വിദ്യാലയങ്ങളില്‍ എന്ന  ലഘുലേഖയില്‍ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. അവ പ്രസിദ്ധീകരിച്ച് ആറ് വര്‍ഷത്തിനു ശേഷമാണ് പുതിയ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പിലായത്. അതിനാല്‍ത്തന്നെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിലെ ഭാഷാപഠനനിലവാരം പുതിയപാഠ്യപദ്ധതിക്ക് മുമ്പ് എന്തായിരുന്നുവെന്ന് കൃത്യമായ ധാരണനല്‍കാന്‍ അവ പര്യാപ്തമാണ്. ലഘുലേഖയില്‍ ഇങ്ങനെ പറയുന്നു -

"തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളില്‍ മൂന്നു മുതല്‍ ഏഴുവരെ സ്റ്റാന്‍ഡേര്‍ഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ 1989 ജൂണ്‍ പതിനാലാം തീയതി അധ്യാപകരുടെ സഹായത്തോടെ പരിഷത്ത് നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്  നമ്മുടെ സാധാരണ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ മുപ്പതുശതമാനത്തിലേറെപ്പേര്‍ക്ക്  മലയാളം പോലും എഴുതാനും വായിക്കാനും അറിയുകയില്ലെന്നാണ്. 397 വിദ്യാലയങ്ങളില്‍ നിന്നായി 64668  വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്. ലളിതമായ ഇരുപതു വാക്കുകള്‍ കേട്ടെഴുത്ത് നടത്തിയതില്‍ പകുതി വാക്കുകള്‍ പോലും എഴുതാന്‍ കഴിയാതിരുന്നവരുടെ എണ്ണം 24773 ആയിരുന്നു. അതായത് 38.3%.  പൂജ്യം മുതല്‍ ഏഴു വരെ മാര്‍ക്കു ലഭിച്ചവരുടെ എണ്ണം 17605 ( 27.2%) .ഇതില്‍ ഭൂരിപക്ഷവും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികളായിരുന്നുവെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഈ വര്‍ഷം മറ്റു പലജില്ലകളിലും നടത്തിയ സര്‍വേയും കാണിക്കുന്നത് സ്ഥിതി ഏറെക്കുറെ ഒന്നുതന്നെയാണെന്നാണ്"

പട്ടിക നോക്കുക.


അക്ഷരവേദി സര്‍വേ -1989, തിരുവനന്തപുരം ജില്ല

ക്രമനമ്പര്‍

സബ് ജില്ല

ആകെ സ്കൂളുകള്‍

പരീക്ഷ നടന്ന സ്കൂളുകള്‍

പങ്കെടുത്ത കുട്ടികള്‍

0-7 മാര്‍ക്ക് ലഭിച്ചവര്‍


0-10 മാര്‍ക്ക് ലഭിച്ചവര്

1

തിരുവനന്തപുരം നോര്‍ത്ത്

62

33

6644

1128

16.9

1802

2

തിരുവനന്തപുരം സൗത്ത്

58

29

6128

1093

17.8

1623

3

കണിയാപുരം

65

37

6977

2132

30.5

3118

4

പാറശാല

55

27

3671

1092

29.7

1526

5

നെയ്യാറ്റിന്‍കര

54

15

1837

571

31

775

6

ബാലരാമപുരം

55

31

5011

1381

27.5

1960

7

കാട്ടാക്കട

67

27

4892

1354

27.6

1893

8

ആറ്റിങ്ങല്‍

77

25

4105

924

22.5

1256

9

വര്‍ക്കല

58

49

7655

2369

30.9

3183

10

കിളിമാനൂര്‍

64

51

7650

2144

28

2957

11

പാലോട്

67

36

4265

1620

37.9

2126

12

നെടുമങ്ങാട്

63

37

5833

1797

30.8

2554

ആകെ

745

226

64668

17605

27.2

24773