മാതൃഭാഷാദിനം.
146 ഒന്നാം ക്ലാസുകാർ മുന്നിലിരിക്കുന്നു.
പിന്നിലായി കുറെ മുതിർന്നവർ.
ആരെയാണ് ഞാൻ അഭിസംബോധന ചെയ്യേണ്ടത്?
മുൻ പ്രാസംഗികർ മുതിർന്നവരോട് സംസാരിച്ചു.
എനിക്ക് അങ്ങനെ ആവാൻ പറ്റില്ല. ഞാൻ പറഞ്ഞു
"പ്രിയ ഫോട്ടോഗ്രാഫർമാരോട് ഒരഭ്യർഥന. നിങ്ങൾ സ്റ്റേജിലേക്ക് വരൂ.
ഈ കുട്ടികൾ 146 സചിത്ര കഥാപതിപ്പുകൾ ഉയർത്തിക്കാട്ടും. അതിൻ്റെ പടം എടുക്കണം."
പെട്ടെന്ന് കുട്ടികൾ ഉഷാറായി.
ഫ്ലാഷ് ഫ്ലാഷ് !
പിന്നെ ഞാൻ ശലഭത്തെയെടുത്തു.
ആലിയയുടെ മുഖം വിടർന്നു.
ശലഭം എൻ്റെ കൈയിലേക്ക് വന്ന വഴി
സംഘാടകർ വേദിയിലേക്ക് ഒരു കുട്ടിയെ മാത്രം വിളിച്ചപ്പോൾ ആലിയയും കൂട്ടുകാരും വിചാരിച്ചു. അവരെയും വിളിക്കുമെന്ന്. അവർ തയ്യാറായി നിന്നു അവളും മൂന്നു കൂട്ടുകാരും വേദിയിലേക്കുള്ള പടിക്കൽ വരെ എത്തി. അവർ അവിടെത്തന്നെ നിന്നു.
അപ്പോൾ പ്രകാശനച്ചടങ്ങ് കഴിഞ്ഞിരുന്നു. സ്റ്റേജിൽ വന്ന കുട്ടി പ്രകാശനം കഴിഞ്ഞ് മടങ്ങി. ആലിയ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.
ഞാൻ ആലിയയെയും കൂട്ടുകാരെയും വിളിച്ചു.
ആലിയ മാത്രം വന്നു. ശലഭം തന്നു.
മുൻ പ്രസംഗികർ ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതിയ കഥകൾ വായിച്ച് അവ പരാമർശിച്ച് പ്രസംഗിക്കുമെന്ന് ഞാൻ കരുതി. പക്ഷേ അങ്ങനെ സംഭവിച്ചില്ല. ഒരു പുസ്തകപ്രകാശനച്ചടങ്ങല്ലേ? അത് എഴുത്തുകാരെ എഴുത്തിനെ മാനിക്കാതെ പോകാമോ? കുഞ്ഞുങ്ങൾ പ്രോത്സാഹനം ആഗ്രഹിക്കുന്നുണ്ട്.
ശലഭത്തിൻ്റെ പേജ് മറിച്ച് പൂച്ചയുടെ ആഗ്രഹം വായിക്കാൻ തുടങ്ങി.
ആലിയ ചിരിച്ചു
ഞാൻ പറഞ്ഞു:
"ആലിയയുടെ പൂച്ച നീർക്കുന്നം സ്കൂളിൽ പഠിക്കാൻ വന്നാൽ നദിറ ടീച്ചർ ചേർക്കുമോ?
ഇല്ല
അത് ആലിയക്കറിയാം.
പൂച്ചക്കുമറിയാം.
അതിനാലാണ് അലിയ പൂച്ചയെക്കൊണ്ട് പുസ്തകം വായിപ്പിക്കുന്നത്.
ആലിയയയും കുട്ടികളും ചിരിക്കാൻ തുടങ്ങി.
പുസ്തകം വായിച്ചാൽ അറിവ് കിട്ടും എന്ന് മനസ്സിലാക്കിയ ഒരു പൂച്ചയേ ലോകത്തുള്ളൂ.
അത് ഏതെന്നറിയാമോ?
അലിയയുടെ പൂച്ച!
പിന്നെയും ചിരിക്കുന്ന കുട്ടികൾ.
പൂച്ചക്കഥ എഴുതിയിട്ടുള്ള എത്ര പേരുണ്ട്? മുപ്പതോളം കുട്ടികൾ കൈ ഉയർത്തി. പൂച്ച പഠിക്കാൻ പോയത് എഴുതിയവരാരൊക്കെയുണ്ട്?
ആലിയ മാത്രം കൈ പൊക്കി.
കണ്ടോ ഓരോ കുട്ടിയും ഓരോരോ കഥകളാണ് എഴുതിയത്.
മിടുക്കർ.
ആലിയയെപ്പോലെ പൂച്ചകൾ പഠിക്കാൻ പോയ ഒരു കഥ ഞാനും എഴുതി..
മ്യാവൂസ് പള്ളിക്കൂടം.
ആലിയ ചിന്തിച്ചതു പോലെ ഞാനും ചിന്തിച്ചു.
(മ്യാവൂസ് പള്ളിക്കൂടത്തിലെ കണ്ടൻ മാഷ് ശിശു പക്ഷ സമീപനം സ്വീകരിക്കുന്ന ആളാണ്. "സർ മീൻ കട്ടു തിന്നുന്നത് ശരിയാണോ?" എന്ന വലിയ ചോദ്യം പൂച്ചക്കുട്ടികൾ ഉന്നയിക്കുന്നുണ്ട്. നിഷ്കളങ്കരായ കുട്ടികളുടെ കഥയാണത്. പല മാനങ്ങളിൽ മുതിർന്നവർക്കും വായിക്കാം. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പ്രസാധകർ)
ആലിയയുടെ കഥ പരിചയപ്പെടുത്തിയ ശേഷം ഞാൻ കുട്ടികളോട് ചോദിച്ചു. മക്കളേ കഥ എഴുതാമോ?
അവർ റഡി.
തത്സമയ കഥാരചന
സ്‌ക്രീനിൽ ഈ ചിത്രം കാട്ടി
കുട്ടികൾ കഥയിലേക്ക് കടന്നു.
145 കഥകൾ
ഒരാൾ വഴിമാറി നടന്നു.
അവൾ പാട്ടാണ് എഴുതിയത് . എൻ ഹാദിയ സി ഡിവിഷനിലാണ്. ഹാദിയയുടെ വരികൾ
നായ നല്ല നായ
സ്നേഹമുള്ള നായ
കഴിത്തിലുണ്ട് ബൽറ്റ്
മൽസരിച്ചാൽ ഫസ്റ്റ്
കമ്പെറിഞ്ഞാൽ എടുത്തോണ്ട് വരും
അൻസരണയുള്ള നായ
മഞ്ഞ നായ കറുത്ത നായ
(രണ്ടു മൂന്ന് അക്ഷര പ്രശ്നങ്ങൾ ഉണ്ട്. സാരമില്ല. എൻ്റെ മകൾ ഒന്നാം ക്ലാസിൽ വച്ച് കഥയെഴുതി ടീച്ചറെ കാണിച്ചു. ടീച്ചർ കഥയല്ല വായിച്ചത്. അക്ഷരത്തെറ്റുണ്ടോ എന്നാ നോക്കിയത്. പിന്നൊരിക്കലും അവർ കഥ ടീച്ചറെ കാണിച്ചിട്ടില്ല)
ഹാദിയയിലേക്ക് വരാം "കഴുത്തിലുണ്ട് ബൽറ്റ്, മത്സരിച്ചാൽ ഫസ്റ്റ് "എന്ന വരികൾ നോക്കൂ. താളബോധമുള്ള കുട്ടി. തത്സമയം ഇത്തരം ഒരു രചന നടത്തിയത് അഭിനന്ദിക്കപ്പെടേണ്ടത്
ഞാൻ അവിടെയുണ്ടായിരുന്ന കവി രാജീവ് ആലുങ്കലിനെ ഹാദിയയുടെ രചന കാണിച്ചു.
അദ്ദേഹം അവളെ അനുമോദിച്ചു.
അവൾക്ക് സന്തോഷമായി.
നീർക്കുന്നം എസ് ഡി വി യുപി സ്കൂളിലെ ഒന്നാം ക്ലാസ് ഗംഭീരം.
സംസ്ഥാനത്താദ്യമായി ഒന്നാം ക്ലാസുകാരുടെ 146 സചിത്രകഥാപതിപ്പ് പ്രകാശനവും "ഞങ്ങൾ ഒന്നാന്തരമാണ്" ചലഞ്ചും - ഫെബ്രുവരി 21, ലോക മാതൃ ഭാഷാദിനത്തിൽ
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന നീർക്കുന്നം എസ്.ഡി വി.ഗവ.യു പി എസിലെ ഒന്നാം ക്ലാസിലെ 146 കുട്ടികളും തയ്യാറാക്കിയ സചിത്ര കഥാപതിപ്പ് പ്രകാശനം ഫെബ്രുവരി 21, ലോക മാതൃ ഭാഷാദിനത്തിൽ ബഹുമാനപ്പെട്ട അമ്പലപ്പുഴ MLA ശ്രീ. H സലാം നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അക്കാദമിക വർഷം മുന്നോട്ടു വെച്ച സചിത്ര പാഠപുസ്തകം - സംയുക്ത ഡയറി എന്ന ആശയം കുട്ടികളിൽ പ്രാവർത്തികമാക്കിയതിൻ്റെ ഫലമായി ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളും എഴുത്തും വായനയും പഠിച്ചതോടൊപ്പം മനസ്സിൽ വിരിയുന്ന ആശയങ്ങൾ കഥ, കവിത, ഡയറിക്കുറിപ്പ്, വിവരണം തുടങ്ങിയ വ്യവഹാര രൂപങ്ങളിലേക്ക് എഴുതാനും പ്രാപ്തരായി .
ഒന്നാം ക്ലാസ് ആരംഭിച്ച ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറ് മാസക്കാലം കൊണ്ട് പദ്ധതി പരിപൂർണ്ണ വിജയത്തിലെത്തി എന്നതിൻ്റെ തെളിവാണ് 'ഞങ്ങൾ ഒന്നാന്തരമാണ് ' എന്ന ചലഞ്ച്.
അഞ്ച് ഡിവിഷ നുകളിലായി 146 കുട്ടികളാണ് ഒന്നാം ക്ലാസിൽ പഠിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ ആശയ രൂപീകരണം നടത്തുകയും അവ രചനാ തലത്തിലേക്കെത്തിക്കുകയുമാണ് ചെയ്യുന്നത് . ഓരോ ദിവസത്തേയും അനുഭവങ്ങൾ അവർ ഡയറിക്കുറിപ്പുകളുമാക്കുന്നു. രൂപീകരണ പാഠസമയത്ത് നൽകുന്ന ചിത്രങ്ങൾ നോട്ട് ബുക്കിൽ വരച്ച് സംഭാഷണ കുമിളകളിൽ ആശയങ്ങൾ അക്ഷര ഘടന - അക്ഷര ക്രമം - വാക്കകലം തുടങ്ങിയ ലേഖന പ്രക്രിയകൾ പാലിച്ച് കുട്ടി എഴുതുന്നു. തുടക്കത്തിൽ രക്ഷിതാവുമൊരുമിച്ചിരുന്നുള്ള സംയുക്ത ഡയറിയായിരുന്നു തയ്യാറാക്കിയിരുന്നത്. കുട്ടി എഴുതുന്ന പെൻസിൽ എഴുത്ത്, പേന ഉപയോഗിച്ച് രക്ഷിതാവിൻ്റെ കൂട്ടെഴുത്ത് രീതിയാണ് സംയുക്ത ഡയറി . പൂർണ്ണമായും രക്ഷിതാവിൻ്റെ പിന്തുണയില്ലാത്ത പെൻസിൽ എഴുത്ത് ഇപ്പോൾ കുട്ടി സ്വായത്തമാക്കിയിരിക്കുന്നു എന്നത് അഭിമാനകരമാണ്. കാണുന്ന ചിത്രങ്ങളും നൽകുന്ന സന്ദർഭങ്ങളും അവർ എഴുതി തയ്യാറാക്കി ചിത്രകഥാപതിപ്പാക്കി പ്രകാശനത്തിന് തയ്യാറായിരിക്കുകയാണ്. സ്കൂൾ ചുമരുകളിൽ വരച്ച് ചേർത്തിട്ടുള്ള ചിത്രങ്ങളെ കഥകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. 146 പതിപ്പുകളും വ്യത്യസ്തത പുലർത്തുന്നുവെന്നത് ശ്രദ്ധേയമാണ് . അമ്പരപ്പിക്കുന്ന ഭാവന കുട്ടികളുടെ പതിപ്പുകളിൽ കാണാൻ കഴിയുന്നുണ്ട്.സ്കൂൾ വർഷാരംഭത്തിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ,വരയിട്ട A4 നോട്ടുബുക്കുകളാണ് ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സമ്മാനമായി നൽകിയത്.തുടക്കത്തിൽ അധ്യാപകരും രക്ഷിതാക്കളും ഈ ആശയത്തെ ഏറെ ആശങ്കയോടെയാണ് കണ്ടത്.ചിത്രങ്ങൾ ശേഖരിക്കുക ,മുറിച്ചു കൊടുക്കുക, ഓരോ കുട്ടിയുടെയുംനോട്ട്ബുക്കിൽ ഒട്ടിക്കുക ,അത് സംബന്ധിച്ച് എഴുതിക്കുക, പറയിക്കുക എല്ലാം അല്പം അധ്വാനം വേണ്ടിവരുന്ന ഒന്നായിരുന്നു. പ്രത്യേകിച്ചും കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ .പക്ഷേ ആദ്യത്തെ രണ്ടുമാസം കൊണ്ട് തന്നെ തങ്ങളുടെ അധ്വാനത്തിന് ഫലം ഉണ്ടാകുന്നു എന്ന തിരിച്ചറിവ് അധ്യാപകരിൽ ആത്മവിശ്വാസം വളർത്തി. വർദ്ധിച്ച ആവേശത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഓരോ അധ്യാപകരും തയ്യാറായി.രക്ഷിതാക്കളുടെ ഗുണാത്മക പ്രതികരണങ്ങൾ അധ്യാപകർക്ക് പ്രചോദനമായി.പ്രധാനമായും രണ്ടുതരത്തിലാണ് സംയുക്ത ഡയറി എന്ന ആശയം ചലനാത്മകമായത്. ഒന്ന് കുട്ടി സ്വതന്ത്രമായി ചിന്തിച്ച് ആത്മ വിശകലനം ചെയ്ത് ആശയരൂപീകരണത്തിലെത്തുകയും അതിലൂടെ എഴുത്തും വായനയും സ്വായത്തമാക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്നു. രണ്ട്, കുട്ടിയും രക്ഷിതാവും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ആഴത്തിൽ ആകുന്നതിലൂടെ കുട്ടിയിൽ ആത്മവിശ്വാസം വർദ്ധിക്കുന്നു.രക്ഷിതാവ് തങ്ങൾക്കൊപ്പം ഉണ്ടെന്ന തിരിച്ചറിവ് കുട്ടിക്കും ഒപ്പം അധ്യാപകനും പ്രചോദനമാകുന്നു.
ഒന്നാം പാദവാർഷിക മൂല്യനിർണത്തിൽ തന്നെ പ്രകടമായ പുരോഗതി കണ്ടു തുടങ്ങി .രണ്ടാം പാദവാർഷിക മൂല്യനിർണയം ആയപ്പോൾ എഴുത്തും വായനയും മാത്രമല്ല കുട്ടികളുടെ ആശയവിനിമ ശേഷിയിലും മികവുകൾ പ്രകടമായി.
സന്തോഷം. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് അവരോടൊപ്പം ക്ഷമയോടെനിന്നതിന് ,അവരെ കേട്ടതിന്..., എത്ര പെട്ടെന്നാണ് മാഷിനോടവർ കൂട്ടായത്...... ഒന്നാം ക്ലാസ്സുകാർക്കെന്തറിയാം, പൊതുവിദ്യാലയങ്ങളിൽ എന്തു നടക്കുന്നു എന എന്നേ ചോദ്യത്തിനുള്ള മറുപടി. വിദ്യാഭ്യാസം യാന്ത്രികമായി നടക്കേണ്ട ഒന്നല്ല സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ് .....
ReplyDeleteസന്തോഷം. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് അവരോടൊപ്പം ക്ഷമയോടെനിന്നതിന് ,അവരെ കേട്ടതിന്..., എത്ര പെട്ടെന്നാണ് മാഷിനോടവർ കൂട്ടായത്...... ഒന്നാം ക്ലാസ്സുകാർക്കെന്തറിയാം, പൊതുവിദ്യാലയങ്ങളിൽ എന്തു നടക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി. വിദ്യാഭ്യാസം യാന്ത്രികമായി നടക്കേണ്ട ഒന്നല്ല സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ് .....
ReplyDeleteഅടുത്ത പോസ്റ്റിൽ നീർക്കുന്നത്തെ കഥയെഴുത്തുകാരിൽ നിന്നും ഞാൻ പഠിച്ച ചില കാര്യങ്ങൾ പങ്കുവെക്കാം. വളരെ മികച്ച അനുഭവം. ആത്മവിശ്വാസമുള്ള കുട്ടികൾ.
ReplyDeleteകുട്ടികൾ എഴുത്തുകാരാകുമ്പോൾ മുതിർന്ന എഴുത്തുകാരുടേതുപോലുള്ള എല്ലാ പരിഗണനകളും അവരും അർഹിക്കുന്നു. ഒരുപക്ഷെ കുട്ടിക്ക് ഇപ്പോൾ അതിൻ്റെ ആഴം മനസിലാവണമെന്നില്ല. ഒരു രചയിതാവിന് കിട്ടേണ്ട എല്ലാ പരിഗണനകളോടും കൂടി മുതിർന്നവർ അവരെ അംഗീകരിച്ച് ആദരിക്കുക തന്നെ വേണം. ഒന്നാം ക്ലാസിൽ കുട്ടിയെഴുത്തുകാർ ഇങ്ങനെ കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്നത് അപൂർവ കാഴ്ചയാണെങ്കിലും ഇനിയത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാകുക തന്നെ ചെയ്യും. അപ്പോൾ മുതിർന്നവർ തീർച്ചയായും കുറച്ച് ഉയർന്ന് ചിന്തിച്ച് മാറേണ്ടിവരും. ഏതായാലും നീർക്കുന്നത്തെ ഈ കുഞ്ഞുങ്ങൾ വലുതാവുമ്പോൾ ഉറപ്പായും ഈ വേദിയിലേക്ക് തിരിഞ്ഞൊരു നോട്ടം നോക്കും. അന്ന് തീർച്ചയായും കലാധരൻ മാഷിൻ്റ സ്ഥാനം ഈ 146 പേരുടെയും ഹൃദയത്തിനുള്ളിലായിരിക്കും. സ്നേഹാഭിവാദ്യങ്ങൾ മാഷേ ഹൃദയാഭിവാദ്യങ്ങൾ. ടീം നീർക്കുന്നത്തിന് ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ.
ReplyDelete