Pages

Saturday, March 23, 2024

അവധിക്കാല വായനോത്സവം

ഒന്നാം ക്ലാസിലേക്കുളള പ്രവര്‍ത്തനങ്ങള്‍


ഒന്നാം ക്ലാസിലെ കുട്ടികള്‍ സ്വതന്ത്രവായനക്കാരായി മാറിയിരിക്കുന്നു. അവര്‍ക്ക് പുസ്തകവായനയുടെ ആനന്ദം അനുഭവിക്കാന്‍ കഴിയും വിധം അവധിക്കാലത്തെ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. നേടിയ വായനാശേഷി പോഷിപ്പിക്കുന്നതിന് ഇത് ആവശ്യമാണ്. ഒരു കുട്ടി മിനിമം പത്ത് പുസ്തകങ്ങളെങ്കിലും വായിക്കുന്നതിന് സഹായകമായ അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടത്. എല്ലാ കുട്ടികള്‍ക്കും സ്വന്തമായി പുസ്തകം വാങ്ങുന്നതിനുളള ശേഷി ഉണ്ടാകണമെന്നില്ല. വിദ്യാലയം ഇതിന് മുന്‍കൈ എടുക്കണം. ബാലസാഹിത്യ ഇന്‍സ്ററിറ്റ്യൂട്ട്, നാഷണല്‍ ബുക്ക് ട്രസ്റ്റ്, കേരളശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ പ്രസാധകര്‍ ഒന്ന്, രണ്ട് ക്ലാസുകളിലേക്ക് അനുയോജ്യമായ പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. സമഗ്രശിക്ഷ മുഖേനയും പുസ്തകങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. വിദ്യാലയത്തിന് സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്യാം. സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ വിഷമമുണ്ടാകില്ല. 

മാര്‍ച്ച് അവസാനവാരം 

  • പുസ്തകം തെരഞ്ഞെടുക്കല്‍ 


◦ വിദ്യാലയത്തില്‍ എത്ര കുട്ടികളുണ്ടോ അവര്‍ക്കോരോരുത്തര്‍ക്കും നാലു പുസ്തകങ്ങള്‍ വീതം ഏപ്രില്‍ മാസത്തില്‍ നല്‍കുന്നതിന് വേണ്ടി പുസ്തകസെറ്റുകളാക്കുകയാണ് വേണ്ടത്. 

◦ അവധിക്കാല വായനോത്സവത്തിന് വിതരണം ചെയ്യുന്നതിനായി പ്രത്യേക പുസ്തക രജിസ്റ്റര്‍ തയ്യാറാക്കണം.

  •  അവധിക്കാല വായനോത്സനത്തിന് പ്രത്യേക പേര് ഓരോ വിദ്യാലയത്തിനും നല്‍കാം. 
  • പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ അടയ്കുന്ന ദിവസം നടത്താവുന്നതാണ്. പുസ്തകവിതരണോദ്ഘാടനവും കൂടിയാണ്. 
  • രക്ഷിതാക്കള്‍ വിദ്യാലയത്തില്‍ എത്തുന്നതിന് ക്രമീകരണം ചെയ്യണം ( എല്ലാ രക്ഷിതാക്കളും വരണമെന്നില്ല. 
  • വരാത്ത രക്ഷിതാവിന് സമീപത്തുളള മറ്റൊരു കുട്ടിയുടെ രക്ഷിതാവ് വശം പുസ്തകം എത്തിച്ചു നല്‍കുന്നതിന് ക്രമീകരണം നടത്താവുന്നതാണ്)
  •  കുട്ടികള്‍ പുസ്തകം വായിക്കണമെങ്കില്‍ അവരുടെ വായനാനുഭവങ്ങള്‍ പങ്കിടുന്നതിനും വാനയെ പ്രചോദിപ്പിക്കുന്നതിനും സംവിധാനം ഉണ്ടാകണം. 
  • ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. ( ദിനവേതനാടിസ്ഥാനത്തില്‍ ഒന്നാം ക്ലാസില്‍ ജോലി ചെയ്തവര്‍ , വിരമിക്കുന്ന ഒന്നാം ക്ലാസിലെ അധ്യാപകര്‍ എന്നിവരുണ്ടാകും. അങ്ങനെയുളള സാഹചര്യത്തില്‍ ഒന്നാം ക്ലാസിലെ അവധിക്കാല വായനോത്സവത്തിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കാവുന്നതാണ് ) 
  • എല്ലാ ക്ലാസുകളിലും അവധിക്കാല വായനോത്സവം നടത്തുന്നതിന്റെ സാധ്യത പരിശോധിക്കാം. 
  • പുസ്തക വായനാപ്രവര്‍ത്തനങ്ങള്‍ക്ക് വൈവിധ്യം വേണം. ഒത്തിരി പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ച് നല്‍കരുത് 
  • ഓരോ ആഴ്ചയിലും ഓരോ സാധ്യത സൂചിപ്പിച്ച് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ അറിയിപ്പ് നല്‍കിയാല്‍ മതി. ( അതിന്റെ മാതൃക ചുവടെ നല്‍കുന്നു) 

അറിയിപ്പ് 1

പ്രിയ രക്ഷിതാക്കളേ, 

അവധിക്കാലത്ത് നമ്മുടെ


കുഞ്ഞുമക്കള്‍ വായിച്ച് വളരുന്നതിന് അവസരം ഒരുക്കുന്ന സവിശേഷ പ്രവര്‍ത്തനം ( അവധിക്കാല വായനോത്സവം) ആരംഭിക്കുകയാണ്. കുട്ടികള്‍ പൂസ്തകം വായിക്കുന്നതിന് വീട്ടില്‍ പ്രോത്സാഹനം നല്‍കണം. ഏപ്രില്‍ ഒന്നാം ആഴ്ചയിൽ ഞാൻ വായിച്ച പുസ്തകം എന്ന പ്രവർത്തനമാണ്.  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ കുട്ടി വായിച്ച പുസ്തകത്തെക്കുറിച്ച് വീഡിയോ പങ്കിടണം. (പുസ്തകത്തിന്റെ കവര്‍, ഉളളിലെ ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ച് പുസ്തകത്തെ പരിചയപ്പെടുത്തണം. എന്താണം കഥ എന്ന് ചുരുക്കിപ്പറയണം. രക്ഷിതാവിന് സഹായിക്കാം. ഒരു പുസ്തകം വായിച്ചാൽ മതി) മൊബൈലില്‍ വീഡിയോ എടുക്കാന്‍ രക്ഷിതാവ് സഹായിക്കണം. ആഴ്ചയില്‍ ഏതെങ്കിലും ദിവസം ചെയ്താല്‍ മതി. രക്ഷിതാവിന് സൗകര്യമുളള ദിവസം തെരഞ്ഞെടുക്കുക. കുട്ടിയുമായി ധാരണയുണ്ടാക്കുക. അങ്ങനെ വാട്സാപ്പ് ഗ്രൂപ്പില്‍ കുഞ്ഞുങ്ങള്‍ പങ്കിട്ടാല്‍ മറ്റു രക്ഷിതാക്കള്‍ പ്രതികരിച്ച് പ്രോത്സാഹിപ്പിക്കണം 

എന്ന്

ക്ലസ് അധ്യാപിക 


ഏപ്രില്‍ രണ്ടാം വാരം നൽകേണ്ട അറിയിപ്പ്



പ്രിയ രക്ഷിതാക്കളേ 

കഴിഞ്ഞ ആഴ്ച --------------കുട്ടികള്‍ പുസ്തകവായനയുമായി ബന്ധപ്പെട്ട വീഡിയോ പങ്കിട്ടു. വായിച്ച കഥ പറയുക എന്നാല്‍ തന്റേതായ ഭാഷയില്‍ അടുക്കും ചിട്ടയോടും ആശയങ്ങള്‍ അവതരിപ്പിക്കുക എന്നാണര്‍ഥം. ഭാവാത്മകമായി അവതരിപ്പിച്ചവരുണ്ട്. അഭിനന്ദനങ്ങള്‍. കുട്ടികളുടെ അവതരണത്തെ പ്രോത്സാഹിപ്പിച്ച -------------രക്ഷിതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ ആഴ്ച നടക്കേണ്ട പ്രവര്‍ത്തനം ഇതാണ്. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പുസ്തകം വായിക്കുന്നതിന്റെ വീഡിയോ റിക്കാര്‍ഡ് ചെയ്ത് എല്ലാവരും പങ്കിടണം. ( പുസ്തകത്തിന്റെ കവര്‍ ആദ്യം കാണിക്കണം. എന്നിട്ട് പുസ്തകത്തിന്റെ പേരു സൂചിപ്പിച്ച് കഥാവായന നടത്തണം. ഇങ്ങനെ കഥാവായന നടത്തുമ്പോള്‍ ഇടയ്കിടെ ചിത്രങ്ങള്‍ കാട്ടാം. കുട്ടി വായിക്കുമ്പോള്‍ മറ്റു ശബ്ദങ്ങള്‍ റിക്കാര്‍ഡ് ചെയ്യപ്പെടരുത്. വായന റിഹേഴ്സല്‍ ചെയ്യാം. ഏതെങ്കിലും കുട്ടിക്ക് മുഴുവന്‍ കഥയും വായിക്കാന്‍ കഴിയില്ലെങ്കില്‍ നിശ്ചിത ഭാഗം വരെ വായിച്ച ശേഷം ബാക്കി കഥ പറഞ്ഞാല്‍ മതിയാകും. രക്ഷിതാവിനും പങ്കാളിയാകാം. കുട്ടി കുറച്ചു വായിക്കും. ബാക്കി രക്ഷിതാവ് വായിക്കും. തുടര്‍ന്നു കുട്ടി വായിക്കും. സംഭാഷണഭാഗങ്ങള്‍ വരുമ്പോള്‍ വീട്ടിലുളളവര്‍ക്കെല്ലാം കഥാപാത്രങ്ങളായി മാറി അവരവരുടെ ഭാഗം വായിക്കാം. ഭാവം ഉള്‍ക്കൊണ്ടുളള വായന. ഇത് വളരെ രസകരമായ പ്രവര്‍ത്തനം ആയിരിക്കും. തത്സമയപ്രവര്‍ത്തനം അല്ല. റിക്കാര്‍ഡ് ചെയ്തതായതിനാല്‍ വേണ്ടത്ര മെച്ചപ്പെടുത്തുന്നതിന് അവസരവും ഉണ്ട്) വാട്സാപ്പ് ഗ്രൂപ്പില്‍ കുഞ്ഞുങ്ങള്‍ പങ്കിട്ടാല്‍ മറ്റു രക്ഷിതാക്കളും കുട്ടികളും‍ പ്രതികരിച്ച് പ്രോത്സാഹിപ്പിക്കണം ( കുറിപ്പ്, ശബ്ദസന്ദേശം) 



ഏപ്രില്‍ മൂന്നാം വാരം- 

പ്രവർത്തനത്തിൻ്റെ പേര്: കഥാരംഗം ചിത്രീകരിക്കല്‍ 

പ്രിയ രക്ഷിതാക്കളേ 

കഴിഞ്ഞ സംയുക്തപുസ്തകവായന മികച്ച രീതിയില്‍ നടത്തിയവരും ( ---- പേര്‍) മറ്റാരുടെയും സഹായമില്ലാതെ വായനനടത്തിയവരും (-------പേര്‍) ഉണ്ട്. പുസ്തകവായന അവതരിപ്പിക്കുന്നതിന് കഴിയാതെ പോയ കുട്ടികള്‍ക്ക് ഈ ആഴ്ചയില്‍ അത് നടത്താം. ഒപ്പം പുതിയ പ്രവര്‍ത്തനം ഉണ്ട്. ഓരോ ആഴ്ചയിലും പുതുമ ഉണ്ടായില്ലെങ്കില്‍ കുട്ടികള്‍ക്ക് താല്പര്യം കുറയും. എന്താണ് നടക്കേണ്ടത്? ലളിതമായ പ്രവര്‍ത്തനമാണ്. വാട്സാപ്പ് ഗ്രൂപ്പില്‍  വായിച്ച ഒരു പുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയുളള ചിത്രങ്ങള്‍ വരച്ച് പങ്കിടണം. പുസ്തകത്തിലുളള അതേ ചിത്രങ്ങള്‍ വരയ്കേണ്ടതില്ല. ചിത്രത്തിന്റെ പൂര്‍ണത, ഭംഗി എന്നിവയല്ല പ്രധാനം മറിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തി എന്നതാണ്. വരച്ച ചിത്രത്തിനു താഴെ സന്ദര്‍ഭം എഴുതണം. രണ്ടോ മൂന്നോ വാക്യം മതി. പുസ്തകത്തിന്റെ പേരും അടിയില്‍ ബ്രാക്കറ്റില്‍ നല്‍കണം. വരച്ച കുട്ടിയുടെ പേരും ചേര്‍ക്കണം.  ആശയഗ്രഹണത്തോടെ വായിക്കാനും വായിച്ച ആശയങ്ങളെ മറ്റൊരുരീതിയില്‍ ആവിഷ്കരിക്കാനുമുളള കഴിവാണ് ഇവിടെ കുട്ടി നേടുന്നത്. കുട്ടികള്‍ വരച്ചിടുന്ന ചിത്രങ്ങള്‍ ചേര്‍ത്ത് ടീച്ചര്‍ ഒരു ഡിജിറ്റല്‍ പതിപ്പ് തയ്യാറാക്കും. എല്ലാ കുട്ടികളുടെയും രചനകള്‍ അതില്‍ വേണ്ടേ? കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കണേ. 

എന്ന്

ക്ലാസ് ടീച്ചർ




ഏപ്രില്‍ നാലാം വാരം -

പ്രവർത്തനത്തിൻ്റെ പേര്: കഥയെ ചിത്രകഥയാക്കല്‍ 

പ്രിയ രക്ഷിതാക്കളേ, 

വാട്സാപ്പ് ഗ്രൂപ്പില്‍ കുട്ടി വായിച്ച  കഥയെ ചിത്രകഥയാക്കി പങ്കിടണം. ഇതിനോടകം വായിച്ച ഏതെങ്കിലും കഥ തെരഞ്ഞെടുക്കാം. പുതിയതായി ഈ ആഴ്ചയില്‍ വായിച്ച കഥയുമാകാം. ആ കഥയിലെ പ്രധാനസംഭവങ്ങള്‍ ചിത്രീകരിക്കുകയും അതിനു താഴെ ആശയം കുറിക്കുകയുമാകാം. സംഭാഷണങ്ങള്‍ കഥാപാത്രങ്ങള്‍ പറയുന്നരീതിയില്‍ സംഭാഷണക്കുമിള വരച്ച് അതില്‍ എഴുതുകയുമാകാം. ഒരു പേജില്‍ ഒരു ചിത്രവും കുറിപ്പും എന്ന രീതി സ്വീകരിക്കാം. ചിത്രത്തിന് നിറം നല്‍കാം. കുട്ടിയുടെ എഴുത്ത് രണ്ടാമതും വായന നടത്തി മെച്ചപ്പെടുത്താന്‍ സഹായിക്കണം. 

എന്ന് 

ക്ലാസ് ടീച്ചർ



ഏപ്രിൽ മാസത്തെ പ്രവർത്തനങ്ങൾ തീർന്നാൽ പുസ്തകക്കൈമാറ്റം നടക്കണം.

  • അടുത്തടുത്തുളള കുട്ടികള്‍ ടീച്ചറുടെ അനുമതിയോടെ പരസ്പരം കൈമാറുന്ന രീതി സ്വീകരിക്കാം. 
  • അല്ലെങ്കില്‍ സന്നദ്ധതയുളള രക്ഷിതാവിന്റെ , വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ, വായനശാലാപ്രവര്‍ത്തകരുടെ സഹായത്തോടെ മെയ് മാസത്തെ പുസ്തകങ്ങള്‍ വിതരണം ചെയ്യാം. 
  • വിദ്യാലയത്തില്‍ മടക്കി എത്തിച്ച് പുതിയ പുസ്തകങ്ങള്‍ സ്വീകരിക്കുന്ന രീതിയും ആകാം. ഏതാണ് പ്രായോഗികമെന്നു തീരുമാനിക്കണം.
അറിയിപ്പ്


 പ്രിയപ്പെട്ട രക്ഷിതാക്കളേ 


അവധിക്കാല വായനോത്സവം വിജയകരമായി രണ്ടാം മാസത്തിലേക്ക് പ്രവേശിക്കുകയാണ്. പരിപാടിയെ പിന്തുണച്ച എല്ലാ രക്ഷിതാക്കളുമാണ് വിജയശില്പികള്‍. മെയ് മാസം കുറച്ചുകൂടി ഉയര്‍ന്ന പ്രവര്‍ത്തനങ്ങളിലേക്ക് പോകാം. സാധ്യത അനുസരിച്ച് ചെയ്യാം. എപ്രില്‍ മാസം നടത്തിയ പ്രവര്‍ത്തനങ്ങളിലേതെങ്കിലും തുടരണമെന്നു തോന്നിയാല്‍ അതും നിങ്ങള്‍ പറയണേ. കുട്ടിയുടെ അഭിപ്രായം ചോദിച്ച് പങ്കിടണം. 

മെയ് ഒന്നാം വാരം നടത്തേണ്ട പ്രവർത്തനം   ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍  പുസ്തകക്കുറിപ്പുകള്‍ പങ്കിടണം. എന്തെല്ലാമാണ് പുസ്തകക്കുറിപ്പില്‍ വേണ്ടത്? 

  • പുസ്തകത്തിന്റെ പേര്, 
  • പുസ്തകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട രംഗത്തിന്റെ ചിത്രീകരണം, 
  • വായിച്ച പുസ്തകത്തെക്കുറിച്ച് എനിക്ക് പങ്കിടാനുളള മൂന്നോ നാലോ കാര്യങ്ങള്‍, ഇത്രയും മതി,
  •  ഉളളടക്കം മുഴുവനോ കഥയുടെ സാരംശമോ എഴുതിക്കേണ്ടതില്ല. 
  • ഒരു പേജില്‍ ഒതുങ്ങുന്ന രീതിയില്‍ എഴുതിക്കാം. ചില കുട്ടികള്‍ കൂടുതല്‍ എഴുതിയെന്നു വരാം അവരെ തടയണ്ട. പക്ഷേ അതുപോലെ എഴുതണമെന്ന് നിര്‍ദേശിക്കരുത്. 
  • കുട്ടികള്‍ എഴുതിയ കുറിപ്പ് രക്ഷിതാക്കള്‍ വായിച്ചുകേള്‍പ്പിക്കണം. 
  • മറ്റു കുട്ടികളുടെ എഴുത്തിനോട് പ്രതികരിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഒന്നോ രണ്ടോ വാക്യം മതി. എങ്കിലും പ്രതികരിക്കുക എന്നത് ഒരു ശേഷിയാണ്. അതിന് വിലയിരുത്തി അഭിപ്രായം പറയാനുളള കഴിവ് വളര്‍ത്തലാണ്. 

ഓണ്‍ലൈന്‍ വായനച്ചങ്ങാത്തം
( ഒരു ദിവസം ) ഈ മാസം തുടങ്ങുന്ന സവിശേഷ പരിപാടിയാണ് 

ഒരു ദിവസം ( തീയിതി. -------------9pm----) നാം ഓണ്‍ലൈനില്‍ ഒത്തുകൂടുന്നു. മൂന്നോ നാലോ അവതരണങ്ങളാണ് നടക്കുക 

1. ടീച്ചറുടെ പുസ്തക വായന

 2. സന്നദ്ധതയുളള രക്ഷിതാക്കളുടെ പുസ്തക വായന 

3. രണ്ടോ മൂന്നോ കുട്ടികളുടെ പുസ്തക വായന. 

ഇതിന്റെ ക്രമം പ്രോഗ്രാം നിശ്ചയിക്കുമ്പോള്‍ പറയാം. നേരത്തെ പുസ്തകം വായിച്ച് വീഡിയോ പങ്കിട്ടിരുന്നു. ഇപ്പോള്‍ തത്സമയ വായനയാണ്. 

  • അഞ്ച് മുതല്‍ പത്ത് മിനിറ്റു വരെ സമയം ഓരോരുത്തര്‍ക്കും എടുക്കാം. അതിനുളളില്‍ വായന അവസാനിപ്പിക്കണം. 
  • കഥയുടെ കുറച്ചുഭാഗം പറയേണ്ടി വരാം. സാരമില്ല. 
  •  വ്യക്തതയോടെയും ആസ്വാദ്യമായും ( ഭാവം ഉള്‍ക്കൊണ്ടുളള ശബ്ദനിയന്ത്രണത്തോടെയുളള വായന) വായിക്കുന്നതിനും പറയുന്നതിനുമാണ് ഊന്നല്‍. 
  • തുടര്‍ന്നുളള എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ വായനോത്സവം നടക്കണം. അവതാരകര്‍ മാറണം എന്നു മാത്രം.
...............  ............   ...........   ............     ............
മെയ് രണ്ടാം വാരം വാട്സാപ്പ് ഗ്രൂപ്പില്‍  ഇഷ്ടപ്പെട്ടവര്‍, ഇഷ്ടപ്പെടാത്തല്‍ ( വിമര്‍ശനാത്മക വായന) എന്ന പ്രവർത്തനമാണ് നടക്കേണ്ടത്.

  •  വായിച്ച കഥയില്‍ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ആരെല്ലാം? എന്തകൊണ്ട്? 
  • ഇഷ്ടപ്പെടാത്തവരാരെല്ലാം എന്തുകൊണ്ട്? 
  • കുറിപ്പ് തയ്യാറാക്കി പങ്കിടന്നം.  


മെയ് മൂന്നാം വാരം വാട്സാപ്പ് ഗ്രൂപ്പില്‍  കഥാപുസ്തകത്തിലെ ചിത്രങ്ങളെക്കുറിച്ച് കുട്ടിക്ക് പറയാനുളളത് കുറിപ്പായി പങ്കുവച്ചാൽ മതി.

  • ചിത്രത്തില്‍ കാണുന്നതെല്ലാം കഥയിലുണ്ടോ?
  •  ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതാണ്?
  •  കഥാപാത്രങ്ങളുടെ ഭാവം, വേഷം, പ്രവര്‍ത്തനം ഒക്കെ ചിത്രത്തില്‍ എങ്ങനെ? 


മെയ് നാലാം വാരം • 

എന്റെ സ്വന്തം കഥാപുസ്തകത്തിന്റെ പ്രകാശനവും പങ്കിടലും ആയാലോ?


ഇവയൊന്നുമല്ലാത്ത പ്രവർത്തനവും ആകാം

മുകളിൽ സൂചിപ്പിച്ച പ്രവർത്തനങ്ങളുടെ ക്രമം ആവശ്യമെങ്കിൽ മാറ്റാം.


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി