Pages

Friday, July 19, 2024

ഒന്നാം ക്ലാസിലെ കുട്ടികളുടെ എഴുത്ത് മെച്ചപ്പെടുത്താന്‍

 

വീട്ടിൽ കെട്ടുവള്ളി, UKG യിൽ വള്ളിക്കെട്ട്, ഒന്നാം ക്ലാസിൽ ചുറ്റിക്കെട്ടുവള്ളി!

"ഉമ്മമ്മാ... ഉമ്മമ്മ പടിപ്പൂക്കുന്നത് ശരിയല്ലല്ലോ ". ഞാനൊന്ന് ഞെട്ടി. UKG ക്കാരൻ പേരക്കുട്ടിയാണ്.. 

"എന്തെടാ കാര്യം?" ഞാൻ ചോദിച്ചു.

"ഉമ്മമ്മ അന്ന് എന്നെ പടിപ്പിച്ചില്ലേ ആ യുടെ ചിഹ്നം. അത് ശരിയല്ല. ഉമ്മമ്മ ദീർഘചിഹ്നം എന്ന് പഠിപ്പിച്ചു നോക്ക്... അതാ ശരി.."

24 വർഷത്തെ സർവീസിനിടയിൽ ഏറ്റ ആദ്യത്തെ ആഘാതം. കഴിഞ്ഞ ദിവസം ചിഹ്നങ്ങൾ പരിചയപ്പെടുത്തിയപ്പോൾ ആ യുടെ ചിഹ്നം, നീട്ടി വായിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാൻ അവനോട് പറഞ്ഞിരുന്നു. അന്ന് കുറേ വക്കുകൾ എഴുതുകയും വായിക്കുകയും ചെയ്തു. അടുത്ത ദിവസമാണ് അവന്റെ സ്വന്തം ടീച്ചർ ഈ രീതിയിൽ പഠിപ്പിച്ചുകൊടുത്തത്. അടുത്ത ദിവസങ്ങളിൽ വള്ളിയും (ഇ ചിഹ്നം), കെട്ടുവള്ളിയും ()ഒക്കെ പഠിച്ചു. പോകപ്പോകെ കെട്ടുവള്ളി "വള്ളിക്കെട്ടായും ", "കെട്ട "വള്ളിയായുമൊക്കെ മാറിയ രസകരമായ കാഴ്ചകൾക്ക് ഞങ്ങൾ സാക്ഷിയായി... 

കുഞ്ഞുമനസ്സിൽ അങ്ങനെയെ ഓർത്തെടുക്കാൻ പറ്റിയുള്ളൂ എന്ന് തോന്നുന്നുഇവൻ അടുത്ത വർഷം ഒന്നാം ക്ലാസ്സിൽ ഇരിക്കുമ്പോൾ, ആ ക്ലാസ്സിലെ ടീച്ചർ ചിഹ്നങ്ങൾ പരിചയപ്പെടുത്തുമ്പോൾ അവന് ആകെപ്പാടെ കൺഫ്യൂഷൻ ആകുമോ എന്ന സംശയത്തിലാണ് ഇപ്പോൾ ഞങ്ങൾ. എന്തോ ഇപ്പൊ ഞങ്ങൾ വീട്ടിൽ നിന്നും ചിഹ്നങ്ങൾ പറഞ്ഞു കൊടുക്കാറില്ല.. എന്ത് തന്നെയായാലും അവർക്ക് അവരുടെ ടീച്ചർ തന്നെയാണല്ലോ എല്ലാം "

ഈ കുറിപ്പ് അയച്ചുതന്ന ടീച്ചര്‍ നല്‍കുന്ന ഒത്തിരി സൂചനകളുണ്ട്. കുട്ടിയെ കെ ജി മുതല്‍ വള്ളിയും പുള്ളിയുമെല്ലാം പഠിപ്പിച്ച് വിടുന്നു. വീട്ടില്‍ വോറൊരു പഠിപ്പിക്കല്‍. ഇരട്ടപ്പഠിത്തം കഴിഞ്ഞ് ഒന്നാം ക്ലാസിലെ ടീച്ചര്‍ എഴുതാന്‍ പഠിപ്പിക്കുമ്പോള്‍ കുട്ടിക്കാകെ അവ്യക്തത.  

തിരുവിതാംകൂറില്‍ മലബാറിനെ അപേക്ഷിച്ച് ആശാന്‍ ( ആശാട്ടി) പള്ളിക്കൂടത്തില്‍ പോയിട്ടാണ് കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കുക. ഇപ്പോഴച് അങ്കണവാടി പ്രീപ്രൈറികളിലായി. പക്ഷേ അക്ഷരത്തെറ്റിന്റെ കാര്യത്തില്‍ എന്തെങ്കിലും ഗുണപരമായ സ്വാധീനം അവിടെ ഉള്ളതായി തെളിവുകളൊന്നമില്ല. അക്ഷരം ഉറപ്പിക്കാനും ചിഹ്നം ഉറപ്പിക്കാനും യാന്ത്രികമായ നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങളില്‍ നടത്തിയിരുന്നത്. വേണ്ടത്രഫലം കിട്ടിയിട്ടില്ല എന്നതിന് തെളിവാണ് അതേ വിദ്യാലയത്തിലെ നാലാം ക്ലാസിലെ ഒരു വിഭാഗം കുട്ടികളുടെ ഭാഷാപരമായ പിന്നാക്കാവസ്ഥ. പ്രശ്നം പരാജയപ്പെട്ട രീതികള്‍ ഒഴിയാബാധപോലെ പിന്തുടരുന്നു എന്നതാണ്. ചിഹ്നപ്രശ്നം മാത്രമല്ല ലേഖനപ്രശ്നങ്ങള്‍

ഒന്നാം ക്ലാസില്‍ ഒന്നാം ടേമില്‍ കുട്ടികള്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങള്‍ ഇവയാണ്.

  1. വാക്കകലം പാലിക്കുന്നില്ല. (ഇന്ന്ഞാന്‍)

  2. അക്ഷരം അറിയമെങ്കിലും വിട്ടുപോകുന്നു

  3. അക്ഷരങ്ങള്‍ മാറിപ്പോകുന്നു (, , , )

  4. അക്ഷരങ്ങള്‍ പരസ്പരം മുട്ടിച്ചെഴുതുന്നു.

  5. , , ഊ എന്നിവയുടെ ചിഹ്നം പലയിടത്തും വിട്ടുപോകുന്നു.

  6. ഏറ്റവും കൂടുതല്‍ കുട്ടികളില്‍ കാണുന്ന ലേഖനപ്രശ്നമാണ് ഒ, , , ഏ എന്നിവയുടെ ചിഹ്നങ്ങള്‍ മാറിപ്പോവുക എന്നത്. രണ്ടാം യൂണിറ്റില്‍ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും മൂന്ന് നാല് യൂണിറ്റുകളിലാണ് ഈ ചിഹ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന അനുഭവങ്ങളുള്ളത്.

  • കുട്ടി ആദ്യം പരിചയിക്കുന്ന ചിഹ്നങ്ങളെല്ലാം അക്ഷരത്തിന്റെ വലത്തോ ( കാ, കി, കീ, കു, കൂ) ഇടത്തോ (കെ, കേ) വരുന്നതാണ്

  • എന്നാല്‍ അക്ഷരത്തിന് ഇരുവശത്തും വരുന്നതാണ് ഒ, ഓ എന്നിവയുടെ ചിഹ്നം കെ, കാ, കേ, കാ എന്നിവ നോക്കുക.

  • ആ സ്വരത്തിന് ഉപയോഗിച്ച ചിഹ്നവും എ, എ എന്നിവയ്ക് ഉപയോഗിച്ച ചിഹ്നവും ചേര്‍ത്തുള്ള പുതിയ ചിഹ്നം കൊ, കോയില്‍ കുട്ടി ദര്‍ശിക്കുന്നു. അത് അബോധപൂര്‍വമായി അവ്യക്തത സൃഷ്ടിക്കുന്നുണ്ടാകാം.

ഇത്തരം ഒരു പ്രശ്നം വ്യാപകമായി കാണുമ്പോള്‍ അത് അഭിസംബോധന ചെയ്യുന്നതിന് ശ്രമിക്കേണ്ടതുണ്ട്.


പുതിയ പാഠപുസ്തകത്തില്‍ അതിനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട്
. അവ എങ്ങനെയൊക്കെയാണ് എന്നു പരിശോധിക്കാം

1. തലക്കെട്ട്

  • ആര്‍പ്പോ ഇര്‍റോ- എന്ന തലക്കെട്ട് നല്‍കിയതും ആ കളിപ്പാട്ട് ഉപയോഗിച്ചതും ചിഹ്നച്ചേരുവ മനസ്സില്‍ പതിയാനാണ്. ഈ ചെറുപാഠത്തില്‍ വായിക്കാനും എഴുതാനുമായി ആര്‍പ്പോ ഇര്‍റോ പലതവണ ആവര്‍ത്തിക്കുന്നുമുണ്ട്. കണ്ടെത്തല്‍ വായന നടക്കുമ്പോള്‍ റോ , പ്പോ എന്ന് എവിടെ ഏതെല്ലാം വരികളില്‍, വാക്കുകളില്‍ എന്നു ചോദിക്കേണ്ടതുണ്ട്. അക്ഷരം ചിഹ്നമില്ലാതെയും ചിഹ്നച്ചേരുവയോടെയും കണ്ടെത്താനുളള പ്രക്രിയ നടക്കണം.

2. താളാത്മകമായ ആവര്‍ത്തനം

താളാത്മകമായ രീതിയലുളള വാക്യങ്ങള്‍ ഉടനീളം ഉപയോഗിക്കുന്നുണ്ട്. ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും പരിഗണിച്ചാണ് ഇത് . ഉദാഹരണം നോക്കുക

  • മോ മോ മോങ്ങി

  • പന്ത് വേണോ, പമ്പരം വേണോ പാവ വേണോ

  • റിയാമോ പറയാമോ കളിയുടെ പേരുകള്‍ പറയാമോ?

  • റിയാമേ പറയാമേ കളിയുടെ പേരുകള്‍ പറയാമേ

  • നൂലേ നൂലേ പുന്നാരേ

  • ണം വേണം വേണം

  • കൊള്ളാം കൊള്ളാം മുത്തം കൊള്ളാം

3. പ്രയോഗങ്ങള്‍

  • തടിനോ പുടിനോ , തിത്തോ തികിതോ തുടങ്ങിയവ ഓ സ്വരത്തിന്റെ ചിഹ്നം ശ്രദ്ധയില്‍ കൊണ്ടുവരും

4. , ഓ എന്നിവയുടെ ചിഹ്നങ്ങള്‍ അടുത്തടുത്തു വരുന്ന വിധമമുള്ള വാക്യങ്ങള്‍ (താരതമ്മ്യം ചെയ്യാന്‍ സഹായകം)

ചോദ്യവും ഉത്തരവും എന്ന രീതിയലുളളവ

  • അറിയാമോ പറയാമോ, അറിയാമേ പറയാമേ

  • പൂവിലുണ്ടോ തേന്‍, പുഴയിലുണ്ടോ മീന്‍, പൂവിലുണ്ടേ തേന്‍, പുഴയിലുണ്ടേ മീന്‍

  • കാക്കപ്പൂവിന് കാക്കനിറമാണോ? കാക്കപ്പൂവിന് നീല നിറമാണേ

ഒരേ അക്ഷരത്തിനോടൊപ്പം രണ്ടു ചിഹ്നങ്ങളും വരുന്ന വാക്യം

  • മേലാകെ കുരുങ്ങി മോ മോ മോങ്ങി

  • മേ മരമേ പുന്നാരേ തരുമോ

മറ്റു രീതികള്‍

  • തേന്‍ കുടിക്കാന്‍ നീ വരുന്നോ

  • അതിലേ പോയ്, ഇതിലേ പോയ്

ഇങ്ങനെ വാക്കുകള്‍ വിന്യസിച്ചത് എന്തിനാണെന്ന് അധ്യാപകറിയണം. എങ്കില്‍ മാത്രമേ ചിഹ്നപരിഗണനയോടെ ആ വാക്യങ്ങള്‍ ക്ലാസില്‍ പ്രോസസ് ചെയ്യാനാകൂ.

5. , ഓ എന്നിവയുടെ ചിഹ്നങ്ങള്‍ അടുത്തടുത്തു വരുന്ന വിധമമുള്ള വാക്കുകള്‍ (താരതമ്മ്യം ചെയ്യാന്‍ സഹായകം)

  • വേണോ എന്ന ആവര്‍ത്തിക്കുന്നു. രണ്ടു ചിഹ്നങ്ങളും അടുത്തടതുത്ത് വരുന്നു. പന്തു വേണോ, പാവ വേണോ , പമ്പരം വേണോ പറഞ്ഞോളൂ എന്ന വരികളില്‍ ചിഹ്നങ്ങളുടെ താരതമ്യം നടക്കും.

6. ഒരേ വാക്കില്‍ത്തന്നെ ദീര്‍ഘവും ഹ്രസ്വവും (താരതമ്മ്യം ചെയ്യാന്‍ സഹായകം)

  • കൊടുത്തല്ലോ

  • കൊള്ളാമല്ലോ

  • മേലെ മേലെ

7. ഒരേ വാക്യത്തില്‍ത്തന്നെ ദീര്‍ഘവും ഹ്രസ്വവും (താരതമ്മ്യം ചെയ്യാന്‍ സഹായകം)

  • കൂടെ വരൂ കൂട്ടരേ


8. പ്രവര്‍ത്തനനിര്‍ദ്ദേശങ്ങളില്‍ ഓ യുടെ ചിഹ്നം വരും വിധം ക്രമീകരണം

  • നിറം കൊടുക്കാമോ?

  • വേറെ കളിപ്പാട്ടുകള്‍ അറിയാമോ?

  • നാം വളര്‍ത്തുന്നവയെ കണ്ടെത്താമോ

  • പേര് എഴുതാമോ?

  • ഇതുപോലെ വരച്ചാലോ

  • വരച്ചു ചേര്‍ക്കാമോ

  • വരിയും വരയും പൊരുത്തപ്പെടുത്താമോ

9. വായ്താരികള്‍

  • തിത്തയ് തക തെതെയ്‌തോം..

10. കഥാപാത്രങ്ങളുടെ പേരുകള്‍

  • ചൊക്കന്‍

  • കോഴി

  • കൊച്ചുപൂച്ച

  • ചെടി

11. പ്രവര്‍ത്തനങ്ങളുടെ തലക്കെട്ടുകള്‍

  • മേലെ മേലെ

  • ചിരിയോ ചിരി

  • കളിപ്പാട്ടങ്ങള്‍ വേണോ

12. , , , ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്ക് പരിഗണന നല്‍കുന്ന എഴുത്തനുഭവം ( സചിത്രപ്രവര്‍ത്തനപുസ്തകത്തില്‍)

  • - സ്വരത്തിന്റെ ചിഹ്നം വരുന്ന 14 വാക്യങ്ങള്‍ രണ്ട്, മൂന്ന്, നാല് യൂണിറ്റുകളില്‍

  • ഓ സ്വരത്തിന്റെ ചിഹ്നം വരുന്ന 11 വാക്യങ്ങള്‍ മൂന്നാം യൂണിറ്റില്‍

  • - സ്വരത്തിന്റെ ചിഹ്നം വരുന്ന 11 വാക്യങ്ങള്‍ മൂന്ന്, നാല് യൂണിറ്റുകളില്‍

  • ഒ സ്വരത്തിന്റെ ചിഹ്നം വരുന്ന 11 വാക്യങ്ങള്‍ നാലാം യൂണിറ്റില്‍

13. , , , ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്ക് പരിഗണന നല്‍കുന്ന വായനപാഠങ്ങള്‍

ധാരാളം വായനപാഠങ്ങള്‍ ടിഹ്നപരിഗണനയോടെ നല്‍കിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ ചുവടെ നല്‍കുന്നു.

1

പട്ടം ഞെട്ടി നൂല് പൊട്ടി

നൂലുളള പട്ടം താഴെ വീണേ

തലകുത്തി വീണേ താഴെവീണേ

ചേലുളള പട്ടം താഴെവീണേ

നൂലുള്ള വാലുളള ചേലുളള പട്ടം

താഴെവീണേ താഴെവീണേ

പട്ടം വീണേ പട്ടം വീണേ

ഓടിവായോ പട്ടം വീണേ

2

പുഴയിലുണ്ടോ മീന്‍?

പുഴയിലുണ്ടേ മീന്‍,

പൂവിലുണ്ടോ തേന്‍?

പൂവിലുണ്ടേ തേന്‍?

3

പൂവിലുണ്ടോ വണ്ട്?

പുഴയിലുണ്ടോ ഞണ്ട്?

പൂവിലുണ്ടേ വണ്ട്.

പുഴയിലുണ്ടേ ഞണ്ട്

14. ഒരേ വാക്യങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിക്കുന്നു.

  • ഞാന്‍ ചെടി

  • പാവം ചെടി


ചിഹ്നങ്ങളുമായി ബന്ധപ്പെട്ട നിലപാടുകള്‍

  • ഉച്ചാരണയൂണിറ്റ് എന്ന നിലയില്‍ ചിഹ്നം ചേര്‍ന്ന രൂപത്തില്‍ അവതരിപ്പിക്കണം. അക്ഷരവും ചിഹ്നവും വേര്‍പെടുത്തി പറയുന്നതിനേക്കാള്‍ നല്ലത് അതാവും. ചിഹ്നങ്ങള്‍ക്ക് പ്രത്യേകം പേരിട്ടും പരിചയപ്പെടുത്തേണ്ടതില്ല. (വള്ളി, പുള്ളി, ഇരട്ടപ്പുള്ളി എന്നിങ്ങനെ) ഉപചിഹ്നങ്ങള്‍ എന്ന ഒറ്റപ്പേരിലാണ് ലിപി പരിഷ്കരണക്കമ്മറ്റി ഇവടെ വിളിക്കുന്നത്.


  • , , , ഔ എന്നിവ എഴുതുമ്പോള്‍ നാം ചിഹ്നം വേര്‍പെടുത്തി പറയായില്ല. ഇവ ഉ, , , ഒ എന്നീ ലിപികളോട് ഉപചിഹ്നം ചേര്‍ന്നതാണെന്ന് നമ്മള്‍ക്കറിയാം എങ്കിലും അവയെ ഒറ്റ യൂണിറ്റായി പരിഗണിക്കുന്നു. ഇതുപോലെ കാ, മു, തൊ, ചെ, ഷൈ, ക്ര, വ്യ, ത്യ, രം, എന്നിവയെല്ലാം ഒറ്റ ഉച്ചാരണയൂണിറ്റാണ്. അവയെ പിരിക്കാതെ പരിചയപ്പെടുത്തുകയാണ് വേണ്ടത്. കാ = ക്+ആ ആണല്ലോ.ല്ല യിലെ ഉപ ചിഹ്നം വേർപെടുത്തി പേരിട്ട് പറയാറില്ല. രണ്ട് ഉച്ചാരണം എന്നതും. മുല്ല, നെല്ലി, ചില്ലി, ക്ലാസ്, പ്ലാവ് ) ക്രൈം എന്നതിൽ മൂന്ന് ചിഹ്നം കയറി വരികയാണ്. അതൊക്കെ ഒറ്റ യൂണിറ്റായി അവതരിപ്പിക്കുകയാണ് ചെയ്യാറുള്ളത്. മുദ്ര, പത്രം എന്നിവയിലെ ഉപ ചിഹ്നത്തിന് രണ്ട് ഉച്ചാരണം എന്നതും പറയാറില്ല. സന്ദർഭത്തിൽ അത് ഉപയോഗിക്കുകയാണ്. വ്യഞ്ജനങ്ങളുടെ ഉപ ചിഹ്നങ്ങൾക്കും പേരുകളില്ല

  • ചിഹ്നം ചേരുമ്പോള്‍ ഉണ്ടാകുന്ന ഉച്ചാരണവ്യത്യാസം കുട്ടി അറിയണം. അതിന് പുനരനുഭവങ്ങള്‍ വേണ്ടിവരും. ധാരാളം അനുഭവങ്ങളില്‍ നിന്നുള്ള സാമാന്യവത്കരണം നടക്കണം.

  • ഒന്നാം ക്ലാസില്‍ തുടക്കക്കാരാണ് കുട്ടികള്‍. അതിനാല്‍ത്തന്നെ ചിഹ്നങ്ങള്‍ പരസ്പരം മാറിപ്പോകുന്ന പ്രശ്നം അവര്‍ നേരിടുന്നുണ്ട്. അത് പരിഹരിക്കാന്‍ അങ്ങനെ മാറിപ്പോകുന്ന ചിഹ്നങ്ങള്‍ ഒരേ വാക്യത്തിലും വാക്കിലും വരത്തക്ക വിധം പരിചയപ്പെടുത്തണം. താരതമ്യം ചെയ്ത് വ്യത്യാസം മനസ്സിലാക്കാന്‍ അവസരം ഒരുക്കണം.

  • യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ (പട-പടി, കട-കടി, തട-തടി തുടങ്ങിയ രീതി) ഒഴിവാക്കണം

  • ആഭരണമണിയിക്കല്‍ എന്ന പേരില്‍ പ്രചാരത്തിലുളളതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം ( പ ര ച ട്ട എന്ന ഉദാഹരണം നോക്കുക. ഇവിടെ സന്ദര്‍ഭം ആലോചിച്ചാലോ എഴുതാനാകു. ഒരാശയവുമായി ബന്ധിപ്പിക്കണം. പൊരിയാണോ പീരയാണോ പൂരിയാണോ പുരയാണോ പൂരമാണോ പിരിയാണോ പാരയാണോ പേരയാണോ എന്നാണ് ആലോചന. ജീവിതത്തില്‍ ഒരിക്കലും ചിഹ്നം ചേര്‍ത്ത് എഴുതുന്നതും ചിന്തിക്കുന്നതുമായ രീതി ഇതല്ല. ആശയവുമായി ബന്ധപ്പെട്ടാണ് വാക്കുകള്‍ മനസ്സിലേക്ക് വരിക. ആ വാക്കിനുള്ളിലാണ് അക്ഷരചിഹ്നച്ചേരുവ. അർഥപൂർണമായ അനുഭവം ഒരുക്കണം. യാന്ത്രികാഭ്യാസം ഒഴിവാക്കണം. എഡിറ്റിംഗ്‌ പ്രവർത്തനം ക്ലാസിൽ എല്ലാ ദിവസവും നടക്കുന്നുണ്ടല്ലോ? കൃത്യമായ ആശയപരിസരം. കുട്ടികൾ ബോർഡിൽ വാക്കുകളും വാക്യങ്ങളും എഴുതിക്കഴിഞ്ഞാൽ ചോദിക്കുന്ന ചോദ്യങ്ങളിൽ രണ്ടെണ്ണം ചിഹ്നവുമായി ബന്ധപ്പെട്ടതാണ്. ഏതെങ്കിലും വാക്കിൽ ചിഹ്നം മാറിപ്പോയിട്ടുണ്ടോ? ഏതെങ്കിലും വാക്കിൽ ചിഹ്നം വിട്ടു പോയിട്ടുണ്ടോ? കുട്ടികൾ പ്രശ്നം കണ്ടെത്താൻ ശ്രമിക്കുകയും പരിഹരിക്കുകയും സ്വന്തം എഴുത്തിൽ മെച്ചപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുന്നു. എല്ലാ ദിവസവും ലേഖന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നു

  • താളാത്മകമായ വാക്യങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം. വാക്കുകളുടെയും അക്ഷരങ്ങളുടെയും സ്വാഭാവികമായ ആവര്‍ത്തനം ചിഹ്നബോധ്യത്തിനും ആസ്വാദനത്തിനും വഴിയൊരുക്കും ( 1 വാ വാ വാ വാ പാറി വാ, 2 കാ കാ കാ കാ പാടും പറവ കൂ കൂ കൂ കൂ കൂകും പറവ കുറുകുറു കുറുകുറു കുറുകും പറവ, 3 തോരുമോ തോരുമോ മഴ തോരുമോ, വിടരുമോ വിടരുമോ പൂ വിടരുമോ, 4 വരൂ വരൂ പാടി വരൂ, തരൂ തരൂ പൂവുകള്‍)

  • വായ്താരികള്‍ ചിഹ്നബോധ്യത്തിനു സഹായകം, (തകതാരോ തകതാരോ തക തക തക തക തകതാരോ, തിത്തെയ് തക തെയ് തെയ് തോം, തിന്താരോ തിന്താരോ തിന്താരോ തക തക തക തക തെയ്, അത്തിന്തോ തിന്താരോ തക തിന്തക താരോ, തിന്താരോ തക തിന്താരോ തക തിന്താരോ തക തിന്താരോ, താരിക്കം താരാരോ തക താരിക്കം താരാരോ , തന്നാനേ താനാ തിന തന്നാനം താനാ,) വായ്താരികള്‍ ഉള്‍പ്പെടുത്തിയുള്ള വായനപാഠങ്ങള്‍ നല്‍കുന്നത് ഗുണം ചെയ്യും. താളബോധവും കിട്ടും.

  • ഭാഷാകേളികള്‍ ഉപയോഗിക്കാം. ഒരു കടങ്കഥ നോക്കുക. ചേമ്പിലുണ്ട്, ചെമ്പിലില്ല. പേരയിലുണ്ട്, പേനയിലില്ല. പ്രക്രിയ ഒന്നാം ക്ലാസ് നിലവാരത്തിലേക്ക് കൊണ്ടുവരണം. ചേമ്പ്, ചെമ്പ്, പേ, പേഎന്നീ വാക്കുകള്‍ ബോര്‍ഡില്‍ എഴുതിയിടുകയും ഇല്ല എന്നു പറഞ്ഞ വാക്കിലെ ഒന്നും പരിഗണിക്കേണ്ടതില്ല എന്ന സൂചന നല്‍കുകയും.ഉണ്ട് എന്ന് സൂചിപ്പിച്ച വാക്കുകളെ പരിഗണിച്ച് ഉത്തരം കണ്ടെത്താന്‍ ആവശ്യപ്പെടാം. ഇതുപോലെയുള്ള കടങ്കഥാരീതിയാണെങ്കിലോ അത് ഭാഷാകേളിയുമായി ചിഹ്നപരിഗണനയുമായി. ഭാഷാകേളികളും പദസൂര്യനും ഒക്കെ ഉപയോഗിക്കാനാകണം

  • ഏറ്റവും പ്രധാനപ്പെട്ട കാര്യം എഡിറ്റിംഗ് പ്രവര്‍ത്തനം എല്ലാ ക്ലാസുകളിലും ഉറപ്പാക്കുക എന്നതാണ്. കൂട്ടബോര്‍ഡെഴുത്ത് പ്രശ്നവിശകലനം എന്നിവ കുട്ടികള്‍ക്ക് അക്ഷരബോധ്യവും ചിഹ്നബോധ്യവും വരുത്തും

  • കൂട്ടെഴുത്ത് പത്രം പോലെയുളള സഹവര്‍ത്തിത രചനാപ്രവര്‍ത്തനങ്ങളും ചിഹ്നങ്ങളില്‍ അവ്യക്തതയുളളവര്‍ക്ക് സഹായകമാണ്.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. Hello, forum members! I recently found a great site where you can not only have a good time but also win money Velvet Spins . They offer a variety of gambling games, generous bonuses for new users, and fast payouts. In addition, the site has a high level of security, which guarantees the safety and protection of your funds. It is a great option for those who are looking for additional income and interesting pastime.

    ReplyDelete

പ്രതികരിച്ചതിനു നന്ദി