Pages

Monday, August 19, 2024

ഡോ.എം പി പരമേശ്വരൻ കരിക്കുലം കമ്മറ്റിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചതെന്തിന്?

 

കാലഹരണമില്ലാത്ത സ്വപ്നങ്ങൾ എന്ന ആത്മകഥയിൽ എം പി പരമേശ്വരന്‍ വിശദീകരിച്ചത് പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഇപ്പോഴും പ്രസക്തമായ നിലപാടുകൾ. വിദ്യാഭ്യാസ രംഗത്തെ ഏതു പരിഷ്കാരത്തിനും ബാധകം.

96 ലെ പാഠ്യപദ്ധതി പരിഷ്കാരം ഒറ്റയടിക്ക് നടപ്പിലാക്കുന്നതിനോട് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധികൾ വിയോജിച്ചിരുന്നു.എന്തായിരുന്നു കാരണം? അത് വായിക്കാം. ( ആത്മകഥ പേജ് 270-276)

വിദ്യാഭ്യാസം : പുതിയ കരിക്കുലം

1996ൽ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ നവീകരണത്തിനായുള്ള ശ്രമം ആരംഭിച്ചു. അതിനായി SCERTയിൽ വലിയ ഒരു ടീമിനെത്തന്നെ, ഡയറക്ട‌റായിരുന്ന സുരേഷ്കുമാർ സംഘടിപ്പിച്ചു. അതിൽ നല്ലൊരു ശതമാനം പേർ പരിഷത്തുകാരായിരുന്ന അധ്യാപകരായിരുന്നു. ഉദ്ഗ്രഥിത ശാസ്ത്രബോധനത്തിലും പഠനത്തെ പാൽപായസമാക്കാനുള്ള ശ്രമങ്ങളിലും പങ്കാളികളായിരുന്നു അവർ. അവരുണ്ടാക്കുന്ന കരിക്കുലം പരിശോധിച്ച് അംഗീകരിക്കാനുള്ള കമ്മിറ്റിയിൽ ഞാൻ അംഗമായിരുന്നു. പി.കെ.രവീന്ദ്രൻ, സി.പി.നാരായണൻ, ആർ. വി.ജി മേനോൻ, സി.ജി. ശാന്തകുമാർ തുടങ്ങിയവരും അംഗങ്ങളായിരുന്നു. കരിക്കുലം കമ്മിറ്റിയെ ഒരു റബ്ബർസ്റ്റാമ്പു മാത്രമായാണ് വിദ്യാഭ്യാസ സെക്രട്ടറിയും മന്ത്രിയുമൊക്കെ കണ്ടിരുന്നതെന്നു തോന്നുന്നു. ലോകത്തൊരിടത്തും കണ്ടിട്ടില്ലാത്ത രീതിയിൽ, പുതിയ കരിക്കുലം ഒറ്റയടിക്ക് സംസ്ഥാനമാകെ നടപ്പാക്കണമെന്ന് മന്ത്രിയും സെക്രട്ടറിയും, നിർഭാഗ്യവശാൽ, കരിക്കുലം തയ്യാറാക്കിയവരിൽ ചിലരും ആഗ്രഹിച്ചു. ഞങ്ങൾ കുറച്ചുപേർ അതിനെ എതിർത്തു. വിപുലമായ ഫീൽഡ് പരീക്ഷണങ്ങൾ നടത്തി പോരായ്‌മകൾ നികത്തിയ ശേഷമേ അത് രാജ്യവ്യാപകമായി നടപ്പിലാക്കാവൂ, അതും പടിപ്പടിയായി മാത്രം

അങ്ങനെ ആദ്യത്തെ കരിക്കുലം കമ്മറ്റിയോഗത്തിൽ അത് മാറ്റി വെക്കപ്പെട്ടു. അധികാരികൾക്ക് ബോധനത്തെയോ കരിക്കുലം പരിഷ്കരണത്തെപ്പറ്റിയോ പറയത്തക്ക അവഗാഹമൊന്നും ഇല്ലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് അവർ വീണ്ടും കരിക്കുലം കമ്മറ്റി വിളിച്ചു ചേർത്തു. ഉടൻ നടപ്പിലാക്കണമെന്ന് ഉറക്കെ വാദിക്കാനായി നേരത്തെ വരാതിരുന്ന രണ്ടു നേതാക്കളെ അവർ നിർബന്ധിച്ചു കൊണ്ടുവന്നു - പി.ഗോവിന്ദപിള്ളയും ഒ എൻ.വി.കുറുപ്പും അവരുടെ വാചാലവും, അതേസമയം ബോധനശാസ്ത്രത്തിന് നിരക്കാത്തതുമായ, പ്രസംഗവും മന്ത്രിയുടെ നിർബന്ധവും കാരണം. അ ഭൂരിപക്ഷം അംഗങ്ങളും അടുത്തകൊല്ലം മുതൽ - ഏതാനും മാസത്തിനുള്ളിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. പരിഷത്തുകാരായ സി.പി. പി.കെ.ആർ, ആർ.വി.ജി, സി.ജി. ഞാൻ എന്നിവർ മാത്രമേ വിയോജിപ്പു പ്രകടിപ്പിച്ചുള്ളൂ.

പിൽക്കാലത്ത് ഈ പരിഷ്കാരം DPEPപദ്ധതി എന്ന പേരിൽ കുപ്രസിദ്ധമായി DPEP അധികൃതർക്ക് അതിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. അതിൻ്റെ ഫണ്ട് ഉപയോഗിച്ചു എന്നുമാത്രം. പുതിയ കരിക്കുലം വിപ്ലവകരമായ ഒരു കുതിപ്പു തന്നെ ആയിരുന്നു. ദേശീയമായി അത് വിലമതിക്കപ്പെട്ടു. പില്ക്കാലത്ത് NCF രൂപപ്പെടുത്തുന്നതിൽ അതിൻ്റെ നിർണായകമായ സ്വാധീനമുണ്ടായിരുന്നു. എന്നാൽ കേരളത്തിനകത്ത് അതിനെതിരായി വ്യാപകമായ പ്രചാരണം നടന്നു. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രചാരകർക്ക് കഴിഞ്ഞു. അധ്യാപകരെയും സമൂഹത്തെയും വിശ്വാസത്തിലെടുത്ത് അവരുടേത് കൂടി ആക്കി മാറ്റി വേണ്ട ട്രയലുകൾ നടത്തി കുറ്റമറ്റതാക്കാൻ സാധാരണ നിലയിൽ 5 വർഷം വേണം. അതിനുപകരം ഏതാനും മാസം കൊണ്ടു നടപ്പിലാക്കിയപ്പോൾ അത് പിരിഞ്ഞുപോയ പാൽ പോലെ ആയി. കരിക്കുലം അംഗീകരിച്ചതിനു പിറ്റേദിവസം തന്നെ പി.ജി, ജയകുമാർ, .എൻ.വി. മന്ത്രി ജോസഫ് എന്നിവർക്കൊക്കെ എടുത്ത തീരുമാനത്തിൻ്റെ വരുംവരായ്‌കകളെ കുറിച്ചു എഴുതിയിരുന്നു. എന്തുചെയ്യണമെന്നും ഞാൻ എഴുതിയി രുന്നു. അതൊന്നും ചെവിക്കൊണ്ടില്ല. നല്ലൊരു പ്രയത്നത്തെ ഇങ്ങനെ മോശമാക്കുന്നതിൽ ഉണ്ടായ സങ്കടം കൊണ്ട് ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ കരിക്കുലം കമ്മിറ്റിയിലെ സഹഅംഗങ്ങൾക്കെഴുതി

കരിക്കുലം കമ്മിറ്റിയിലെ സഹ-അംഗങ്ങളുടെ ശ്രദ്ധയ്ക്ക്

ഉദ്ഗ്രഥിത രീതിയിൽ തയ്യാറാക്കപ്പെട്ട പുതിയ DPEP പാഠപുസ്തകങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിനുമുന്നെ നടത്തേണ്ട ഫീൽഡ് പരീക്ഷണങ്ങളെക്കുറിച്ച് 1997 ജനുവരി 29നും ഫെബ്രുവരി 14നും സമിതിയിൽ നടന്ന ചർച്ചകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ

ജനുവരി യോഗത്തിൽ പുസ്‌തകത്തിൻ്റെ കരടുപോലും നൽകാതെ, കൈപ്പുസ്തകങ്ങൾ തയ്യാറാക്കുകപോലും ചെയ്യാതെ, പുതിയ പുസ്‌തകങ്ങൾ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ചുരുങ്ങിയപക്ഷം 6 DPEP ജില്ലകളിലെ എല്ലാ സ്‌കൂളുകളിലെങ്കിലും ഉപയോഗിക്കാൻ കരിക്കുലം സമിതി അംഗീകാരം നൽകണമെന്ന് ബഹു: മന്ത്രിയും വകുപ്പു സെക്രട്ടറിയും DPIയും ആഗ്രഹം പ്രകടിപ്പിച്ചു. ഉടൻ അനുവാദം നൽകിയില്ലെങ്കിൽ സമയത്തിന് പുസ്‌തകം അച്ചടിക്കാൻ കഴിയാതെ വരുമെന്ന് സെക്രട്ടറി ആശങ്ക പുറപ്പെടുവിച്ചു. ഈ പുസ്‌തകങ്ങൾക്ക് കൂടുതലായ ഫീൽഡ് പരീക്ഷണമൊന്നും ആവശ്യമില്ലെന്നും, നിർമാണസമയത്ത് നടത്തിയ ചർച്ചകളും പരീക്ഷണങ്ങളും പര്യാപ്‌തമാണെന്നും അതുകൊണ്ട് സംസ്ഥാന വ്യാപകമായി നടപ്പാക്കാമെന്നും സാങ്കേതിക ഉപദേഷ്‌ടാവായ സുബീർ ശുക്ലയും ഉദ്ബോധിപ്പിച്ചു. DPEP ഡയറക്‌ടറും അദ്ദേഹത്തിൻ്റെ അക്കാദമിക സഹപ്രവർത്തകരും ഈ അഭിപ്രായങ്ങളെ പിന്താങ്ങി.

എന്നാൽ പുസ്‌തകങ്ങൾ വായിച്ചുനോക്കാൻ സമയം കിട്ടാതെ അവ അച്ചടിക്കാനുള്ള അനുവാദം നൽകുന്നതിനെ ഏറെ സമിതി അംഗങ്ങൾ എതിർത്തു. ഞാനും ശാസ്ത്രസാഹിത്യപരിഷത്തിൽ എൻ്റെ സഹപ്രവർത്തകരും അധ്യാപകരും ആയ സി.പി.നാരായണൻ, പി.കെ.രവീന്ദ്രൻ, ആർ.വി.ജി.മേനോൻ, സി.ജി.ശാന്തകുമാർ എന്നിവരും പുസ്‌തകങ്ങൾ വ്യാപകമായി നടപ്പാക്കുന്നതിനെ എതിർത്ത വരുടെ കൂട്ടത്തിൽപെടും. ജനുവരിയിലെ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. ഒരാഴ്‌ചക്കുള്ളിൽത്തന്നെ എട്ടുപുസ്‌തകങ്ങളുടെയും മാനുസ്ക്രിപ്റ്റിൻ്റെ ഫോട്ടോകോപ്പികൾ അംഗങ്ങൾക്ക് അയക്കാമെന്നും ഫെബ്രുവരി 14ന് അടുത്തയോഗം ചേരാമെന്നും അതിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കാമെന്നും ധാരണയായി.

ഫെബ്രുവരി 14ന്റെ യോഗം നടന്നു. എന്നാൽ അതിനുമുമ്പ് എല്ലാ പുസ്‌തകങ്ങളുടെയും പകർപ്പുകൾ എല്ലാവർക്കും കിട്ടിയിരുന്നില്ല. കൈപ്പുസ്‌തകങ്ങൾ ഒന്നുംതന്നെ ലഭ്യമായിരുന്നില്ല. എങ്കിലും ചില അംഗങ്ങൾ, പ്രത്യേകിച്ച് പി.ഗോവിന്ദപിള്ള, .എൻ.വി.കുറുപ്പ് എന്നിവർ പുസ്‌തകത്തെ മുക്തകണ്‌ഠം പ്രശംസിക്കുകയും ഇത നല്ല പുസ്‌തകങ്ങൾ ഏതാനും സ്‌കൂളുകളിൽ മാത്രമായി പരീക്ഷിക്കുന്നത് മറ്റുള്ളവർക്കെതിരെ കാണിക്കുന്ന വിവേചനമായിരിക്കുമെന്നും അതിനാൽ 1997 ജൂണിൽത്തന്നെ DPEP ജില്ലകളിൽ മാത്രമല്ല. സംസ്ഥാനവ്യാപകമായിത്തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇത്രയും ലളിതവും സ്വയം വ്യക്തവുമായ പാഠപുസ്‌തകങ്ങൾ പഠിപ്പിക്കാൻ നമ്മുടെ അധ്യാപകർക്ക് പരിശീലനം നൽകണം എന്നു പറയുന്നത് അവരെ അപമാനിക്കലാണ്, ഒരു പരിശീലനവും വേണ്ട,

അവർക്ക് പുസ്‌തകം നൽകിയാൽ മാത്രം മതി എന്നുവരെ ശ്രീ. .എൻ. വി. കൂട്ടിച്ചേർത്തതിലേക്കും നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ.

ഈ വാദഗതികളെ എതിർത്തു കൊണ്ട് ഞാനും നേരത്തെപ്പറഞ്ഞ, ശാസ്ത്രസാഹിത്യ പരിഷത്തിലെ എൻ്റെ സഹപ്രവർത്തകരും മൂന്നു തവണ സംസാരിക്കുകയുണ്ടായി. നിങ്ങളുടെ ഓർമ പുതുക്കുന്നതിനായി ഞങ്ങൾ അവതരിപ്പിച്ച വാദങ്ങൾ സംക്ഷിപ്‌തമായി താൽ കൊടുക്കുന്നു.

  1. ലോകത്തൊരിടത്തും പുതിയ പാഠപുസ്‌തകങ്ങൾ കൊല്ലങ്ങൾ നീണ്ടുനിൽക്കുന്ന ചിട്ടപ്പെടുത്തിയ ഫീൽഡ് പരീക്ഷണങ്ങൾ നടത്താതെ ഒറ്റയടിക്ക് രാജ്യവ്യാപകമായി ഉപയോഗിക്കാറില്ല. ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെയും ഇന്ത്യയിലെ തന്നെ ഏകലവ്യയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി.

  2. എത്ര ശ്രദ്ധയോടെ എഴുതപ്പെട്ടതാണെങ്കിലും എത്ര വിദഗ്‌ധർ പരിശോധിച്ചതാണെങ്കിലും ഏതൊരു പുസ്‌തകത്തിലും സ്ഖലിതങ്ങൾ കാണാം. ഫീൽഡ് പരീക്ഷണങ്ങളിലൂടെ മാത്രമേ അവ പരിഹരിക്കാനാകൂ (ഇതെത്ര ശരിയാണെന്ന് ഇപ്പോഴെങ്കിലും ബോധ്യം വന്നിരിക്കുമല്ലോ).

  3. പ്രഥമദൃഷ്ട്യാ നോക്കുമ്പോൾ കേരളത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ചു ഏറ്റവും സർഗാത്മകവും മെച്ചപ്പെട്ടതുമാണ് ഈ പാഠപുസ്‌തകങ്ങൾ. അവ തയ്യാറാക്കിയവരെ അഭി നന്ദിക്കുന്നു. എന്നാൽ അവരുടെ കഠിനപ്രയത്നം വൃഥാവിലാകരുത്, തിരസ്‌കരിക്കപ്പെടരുത്. അവശ്യംവേണ്ട തയ്യാറെടുപ്പ് നടന്നില്ലെങ്കിൽ അത് സംഭവിച്ചേക്കാം. വൈകാരികമായി തീരുമാനമെടുക്കരുത്.

    [ഇന്ന് ഈ പുസ്‌തകങ്ങൾ, അതിലെന്തെല്ലാം തെറ്റുകൾ ഉണ്ടായാലും - അവ തിരുത്താവുന്നതേയുള്ളു - ഇന്ത്യക്കു മാത്രമല്ല, ലോകത്തിനുപോലും മാതൃകയായി പ്രകീർത്തിക്കപ്പെടുന്നു. ഡെൽഹിയിലും പുറത്തും അതിന്റെ ക്രഡിറ്റ് അവകാശപ്പെടുന്ന ഉദ്യോഗസ്ഥർ, യഥാർഥത്തിൽ അവ തയ്യാറാക്കിയ അധ്യാപകരോടും അവരെ അതിനുസഹായിച്ച സംഖ്യയറ്റ സുഹൃത്തുക്കളോടും അനീതിയാണ് കാണിക്കുന്നത്.]

  4. ഈ പുസ്‌തകങ്ങൾ തികച്ചും പുതിയ രീതിയിലാണ് - ഉദ്ഗ്രഥിതമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. കൈപ്പുസ്‌തകങ്ങൾ കൂടി വച്ചുനോക്കിയാലേ കരിക്കുലം സമിതി അംഗങ്ങൾക്കുപോലും എന്തെങ്കിലും അഭിപ്രായം പറയാൻ കഴിയൂ.

  5. കൈപ്പുസ്‌തകങ്ങളും മതിയായ പരിശീലനവും ഇല്ലെങ്കിൽ അധ്യാപകർക്ക് ഈ പുസ്‌തകം വേണ്ടവിധം ഉപയോഗിക്കാൻ പറ്റില്ല. അതിന്റെ പ്രതിതലാളിത്യം തന്നെയാണ് അതിന്റെ ക്ലിഷ്ടതയും നിർദേശിച്ച പ്രവർത്തനങ്ങളിലൂടെ എങ്ങനെ കുട്ടിയെ അഭിലഷണീയമായ പഠനനിലവാരത്തിലേക്ക് (മിനിമം പഠനനിലവാരം കൊണ്ട് തൃപ്ത്‌തിപ്പെട്ടാൽ പോരാ) എത്തിക്കാമെന്ന് അധ്യാപകരെ പഠിപ്പിക്കുക തന്നെ വേണം. നാളിതുവരെ അവർ ശീലിച്ചുവന്ന പല രീതികളും സമീപനങ്ങളും മറക്കുകയും പുതിയവ ഉൾക്കൊള്ളുകയും വേണം.

  6. ഈ പുസ്‌തകങ്ങളുടെ രൂപവും 'ഭാരക്കുറവും' ലാളിത്യവും രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയുണ്ട്. അതുകൊണ്ട് അവർക്കിടയിൽ വ്യാപകമായ ബോധവൽക്കരണം നടത്തണം. അതിനുശേഷം മാത്രമേ പുതിയ പുസ്‌തകങ്ങളും പുതിയ രീതികളും വ്യാപകമാക്കാവൂ.

  7. 1997-98 വർഷത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത - പരമാവധി 10 ശതമാനം - സ്‌കൂളുകളിൽ ഇവ പരീക്ഷിച്ചു നോക്കുക. പരീക്ഷണം നിരീക്ഷിക്കാനും ആവശ്യമായ നിഗമനങ്ങളിൽ എത്താനും ചിട്ടപ്പെടുത്തിയ ഒരു മോണിറ്ററിങ് സംവിധാനം ഉണ്ടാക്കുക. അവയുടെ അടിസ്ഥാനത്തിൽ അടുത്ത വർഷം പരീക്ഷണം കൂടുതൽ - പരമാവധി 50 ശതമാനം സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുക. അതിൽനിന്നുള്ള അനുഭവപാഠങ്ങൾ കൂടി ഉൾക്കൊണ്ട് അടുത്ത വർഷം സംസ്ഥാന ത്താകെ വ്യാപിപ്പിക്കുക.

ഇതായിരുന്നു ഞങ്ങൾ ഉന്നയിച്ച വാദങ്ങളും നിർദേശങ്ങളും. എന്നാൽ ഭൂരിപക്ഷം അംഗങ്ങൾക്കും അവ സ്വീകാര്യമായിരുന്നില്ല. പ്രത്യേകിച്ചും സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥന്മാർക്കും. അവസാനം ഒരു 'ഒത്തുതീർപ്പ് തീരുമാനം' എടുത്തു : സംസ്ഥാനവ്യാപകമായി വേണ്ട DPEP ജില്ലകളിൽ മാത്രം മതി. അവയിലെ എല്ലാ സ്‌കൂളുകളിലും.

ഈ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടും അതിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടും. എന്നാൽ തീരുമാനമെടുത്ത നിലയ്ക്ക്, പരിക്ക് പരമാവധി കുറയ്ക്കാൻ അധ്യാപകപരിശീലനത്തിനായി എന്തെന്ത് നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്ന് നിർദേശിച്ചുകൊണ്ടും ദീർഘമായ ഒരു കത്ത് ഫെബ്രുവരി 15ന് തന്നെ ഞാൻ വിദ്യാഭ്യാസസെക്രട്ടറിക്ക് അയച്ചുകൊടുക്കുകയുണ്ടായി.

കഴിഞ്ഞ മൂന്നുനാലുമാസമായി ഈ പുസ്‌തകങ്ങളെച്ചൊല്ലി നടക്കുന്ന വാദകോലാഹലങ്ങൾ എന്നെപ്പോലെ നിങ്ങൾക്കെല്ലാവർക്കും അറിവുള്ളതാണ്. തീരുമാനമെടുത്തവർ എന്ന നിലയ്ക്ക് അധ്യാപകർക്കും രക്ഷിതാക്കൾക്കും പുതിയ പുസ്‌തകത്തിൻ്റെയും സമീപനത്തിൻ്റെയും മേന്മകൾ വ്യക്തമാക്കിക്കൊടുക്കുകയും തെറ്റുകൾ തിരുത്തുന്നതിൽ സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമ യായിരിക്കുന്നു.

നിർഭാഗ്യമെന്നു പറയട്ടെ, ഈ അനുഭവത്തിൽനിന്ന് പഠിക്കാതെ, കൂടുതൽ അപകടകരമായ പദ്ധതികളാണ് വിദ്യാഭ്യാസവകുപ്പ് ഇപ്പോൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്, 5, 8 ക്ലാസ്സുകളിലെയും 7, 1, 10 ക്ലാസ്സുകളിലെയും പാഠ്യപദ്ധതി പരിഷ്കരണത്തിന് കാണിക്കുന്ന തിടുക്കം കൂടുതൽ ആപത്ത് ക്ഷണിച്ചുവരുത്തും എന്ന് ഭയപ്പെടുന്നു.

അതുപോലെ 'തൊട്ടിയോടൊപ്പം കുട്ടിയെയും കളയുക' എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് പോലെ ആകുമോ പുതിയ പാഠപുസ്‌തകങ്ങളുടെ പരിഷ്കരണം SCERTയെ ഏൽപിച്ചാൽ എന്നും ഭയപ്പെടുന്നു. കരിക്കുലത്തിന്റെ ഉദ്ഗ്രഥിതസമീപനവും അധ്യാപനത്തിലെ ആനുഭാവികരീതിയും ബലികഴിക്കാതെ, വസ്‌തുതാപരമായ തെറ്റുകൾ തിരുത്തുക, പ്രാദേശിക ഭാഷഭേദങ്ങൾ അനുസരിച്ച് ജില്ല / പ്രദേശം തിരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുക, ലക്ഷ്യപ്രാപ്‌തിക്ക് മതിയാകാത്തതെന്ന് അനുഭവത്തിലൂടെ കണ്ട ഭാഗങ്ങൾ മാറ്റി എഴുതുകയോ വിപുലീകരിക്കുകയോ ചെയ്യുക - ഇതാണ് വേണ്ടത്. നേരത്തെ പാഠപുസ്‌തകം തയ്യാറാക്കിയവർക്കുമാത്രമേ ഇത് ചെയ്യാൻ കഴിയൂ. ആ ഉത്തരവാദിത്തം അവരെത്തന്നെ ഏൽപിക്കണം. അതിൽ അവരെ സഹായിക്കാൻ നേരത്തെ അതിൽ പങ്കില്ലാത്തവരും അനുഭവങ്ങൾ വസ്‌തുനിഷ്‌ഠമായി ഉൾക്കൊണ്ടവരുമായ അധ്യാപകരിൽനിന്നും മറ്റു വിദഗ്‌ധരിൽനിന്നുമായി 5-6 പേർവരും. ഒരു ചെറുസംഘത്തിൻ്റെ സഹായം കൂടി അവർക്ക് ലഭ്യമാക്കാം കരിക്കുലം കമ്മിറ്റിയംഗങ്ങളുടെ പരിഗണനക്കായി താഴെ കൊടുക്കുന്ന നിർദേശങ്ങൾ വക്കുന്നു.

  1. ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന DPEP പുസ്‌തകങ്ങളിലെയും പാഠ്യപദ്ധതിയിലെയും പൊതുസമീപനത്തിലും അധ്യാപനരീതിയിലും ഉള്ള വിശ്വാസം പുനഃരേഖപ്പെടുത്തുക.

  2. അവയിലുള്ള സ്ഖലിതങ്ങൾ നീക്കംചെയ്യാനും പോരായ്മകൾ നികത്താനും അവ തയ്യാറാക്കിയവരെ തന്നെ നിയോഗിക്കുക. അവരെ സഹായിക്കാനായി പുതിയ പുസ്‌തകങ്ങൾ പഠിപ്പിച്ച് അനുഭവമുള്ള അധ്യാപകരിൽനിന്നും മറ്റുമായി 5-6 അംഗങ്ങളുള്ള ഒരുസമിതിയെ നിയോഗിക്കുക. SCERTയെ ഇതിൻ്റെ ഉത്തരവാദിത്തത്തിൽനിന്നും ഒഴിവാക്കുക.

  3. മറ്റു ക്ലാസ്സുകളിലേക്കുള്ള പുതിയ കരിക്കുലവും പാഠപുസ്തകങ്ങളും അടുത്ത കൊല്ലത്തേക്ക് 5-ാം ക്ലാസ്സിൽ മാത്രമായി പരിമിതപ്പെടുത്തുക. അതുതന്നെ പരീക്ഷണാർഥം ഏതാനും - 5-10% സ്‌കൂളുകളിൽ മാത്രമേ 1998-99ൽ നടപ്പാക്കാവു എന്നു തീരുമാനിക്കുക.

  4. 6 മുതൽ 12-ാം ക്ലാസ്സുവരെയുള്ള കരിക്കുലം രൂപപ്പെടുത്തുന്നതിന് വേണ്ട വിപുലമായ ഒരുക്കങ്ങൾ നടത്തുക. 1999-2000 മാണ്ടിൽ 6, 7, 8 ക്ലാസ്സുകളിലും 2000-20019-12 ക്ലാസ്സുകളിലും പുതിയ പാഠപുസ്‌തകങ്ങളും കരിക്കുലവും പരീക്ഷണം ആരംഭിക്കാം. അപ്പോഴേക്കും 1-8 ക്ലാസ്സുകളിലെ പാഠപുസ്‌തകങ്ങളും അധ്യാപനവും പൊതുവിൽ സ്വീകാര്യമായ നിലയിൽ എത്തിക്കാണുമെന്ന് കരുതാം.

  5. മൂന്നുകൊല്ലത്തോളമായി DPEP നടക്കുന്ന വയനാട്, കാസർഗോഡ്, മലപ്പുറം ജില്ലകളിലെ പഠനനിലവാരം മുമ്പുണ്ടായിരുന്നതിനേക്കാൾ എത്രകണ്ട് മെച്ചപ്പെട്ടു എന്ന് വസ്‌തുനിഷ്‌ഠമായി പഠിക്കുക. അതിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ പാഠപുസ്‌തകങ്ങളുടെ ഗുണദോഷങ്ങൾ വിചാരണ ചെയ്യാൻ കഴിയൂ.


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി