കോട്ടയം ജില്ലയിലെ പൊൻകുന്നം സ്കൂളിൽ ഓരോ മാസവും കുട്ടികളുടെ പുരോഗതി റിപ്പോർട്ട് തയ്യാറാക്കി അധ്യാപികക്ക് നൽകുന്ന രക്ഷിതാക്കളുണ്ട്. ഇവിടുത്തെ ഒന്നാം ക്ലാസിൻ്റെ പ്രത്യേകതയാണത്.
- ആഷേർ കെ ഷൈജു വിന്റെ മാതാവ് വിനീത ഷൈജുവിന്റെ 2024ലെ പഠന പ്രവർത്തന വിലയിരുത്തൽ.....ജൂൺ മുതൽ രചനോത്സവം. വരെ യുള്ള വിലയിരുത്തൽക്കുറിപ്പുകൾ വായിക്കാം
നവംബർ, 2024-2025.
രക്ഷിതാവിന്റെ പഠന വിലയിരുത്തൽ.
- ഈ അദ്ധ്യയനവർഷം തുടങ്ങി 6മാസം പിന്നിടുമ്പോൾ എന്റെ മകൻ ആഷേറിന്റെ പഠനത്തിൽ വളരെ മികവ് വന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ മാസം മുതൽ അമ്മയുടെ സഹായം കൂടാതെ ആഷേർ സംയുക്തഡയറി എഴുതുവാനും പാഠങ്ങൾ വായിക്കുവാനും തുടങ്ങി എന്നത്.
- ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് 'മേളകൾ, പരീക്ഷണങ്ങൾ, ശില്പശാലകൾ'എന്നിവ നടത്തി പാഠങ്ങൾ ലളിതമാക്കുവാനുള്ള അധ്യാപികയുടെ ശ്രമങ്ങൾ ഏറെ വിജയകരമായിരുന്നു.
- നവംബർ മാസത്തിൽ "അമ്മയോടൊപ്പം വർണ്ണക്കൂട്ട്"എന്ന പേരിൽ അധ്യാപികയുടെ നേതൃത്വത്തിൽ നടത്തിയ രചനോത്സവം കുട്ടികളിലെ മാത്രമല്ല രക്ഷിതാക്കളിലെയും രചനാ വൈഭവത്തെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്കു എന്നപോലെ പുറത്തെത്തിച്ചതിൽ വളരെ സന്തോഷം.
- "പിന്നേം പിന്നേം ചെറുതായി പാലപ്പം" എന്ന പാഠഭാഗത്തെ അനുബന്ധിച്ചു നടത്തിയ പലഹാരമേള പാഠത്തെ ഹൃദ്യമാക്കി എന്നതിലുപരി നമുക്കുള്ളതിൽ നിന്നും മറ്റൊരാൾക്കുകൂടി എങ്കിലും പങ്കു വെയ്ക്കുവാനുള്ള മനോഭാവം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ആശയം അദ്ധ്യാപിക പ്രാവർത്തികമാക്കി തീർത്തു.
- ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പഠനത്തിൽ മികച്ചവരാക്കുക എന്നത് മാത്രമല്ല സമൂഹത്തിൽ നല്ല മനസാക്ഷിയോടുകൂടെ സഹജീവികളെ പരിഗണിക്കുവാനും അംഗീകരിക്കുവാനും കഴിയുന്ന ഒരു തലമുറയെ വാർത്തെടുക്കാനാകും എന്നു കരുതുന്നു.
ഇപ്രകാരം എല്ലാവിധ പിന്തുണയോടും സഹായ സഹകരണങ്ങളോടും കൂടെ കുട്ടികളെ നയിക്കുന്ന ഷേർലിടീച്ചർക്കും മറ്റു അധ്യാപകർക്കും എല്ലാ വിധ ആശംസകളും നേർന്നുകൊണ്ടു നിർത്തുന്നു.
ആഷേറിന്റ അമ്മ:വിനീത ഷൈജു.
ആഷേർ. കെ. ഷൈജു. സി. എം. എസ്. എൽ. പി. സ്കൂൾ, പൊൻകുന്നം. കോട്ടയം.
2024-2025.ഒക്ടോബർ.
സംയുക്ത ഡയറിയിൽ നിന്നും മലയാളത്തിലേക്കൊരു യാത്ര.
കഴിഞ്ഞ വർഷം ആഷേർ യു. കെ. ജി യിൽ പഠിക്കുമ്പോഴാണ് ഒരു പി. ടി. എ. മീറ്റിംഗിൽ ഒന്നാം ക്ലാസിലെ ഷേർലി ടീച്ചർ കുട്ടികൾ എഴുതിയ സംയുക്ത ഡയറിയും സചിത്ര ബുക്കും പരിചയപ്പെടുത്തുന്നത്. കുഞ്ഞെഴുത്തുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോൾ കൗതുകം തോന്നി.
- അന്ന് ഞാൻ ഒരു കാര്യം കൂടി മനസ്സിലാക്കി, പഴയപോലെ തറ, പന എന്നിങ്ങനെ വാക്കുകളും അക്ഷരങ്ങളും പഠിച്ചല്ല തുടക്കമെന്നും മറിച്ച് പാഠങ്ങൾ പഠിക്കുമ്പോൾ മുൻപ് പഠിച്ച അക്ഷരങ്ങൾ ഓർത്തെടുക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ ഉള്ളത് എന്ന്.
- അങ്ങനെയാണ് സംയുക്ത ഡയറി എന്ന ആശയത്തെകുറിച്ച് ഞാൻ ചിന്തിച്ചത്. കുട്ടികൾ തങ്ങളുടെ വിശേഷങ്ങളും അവരുടെ ശ്രദ്ധയെ ആകർഷിപ്പിച്ചതുമായ കാര്യങ്ങൾ ചിത്രത്തിലൂടെ അവതരിപ്പിക്കുകയും പിന്നീട് അറിയാവുന്ന വാക്കുകളിൽ ആശയങ്ങളെ എഴുതി ചേർക്കുകയും ചെയ്യുന്നത് ഒരുപാട് കഴിവുകളെ വികസിപ്പിച്ചെടുക്കാൻ സഹായിക്കും എന്ന് മനസിലായി.
- കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ മാത്രമല്ല വരയ്ക്കാനുള്ള കഴിവുള്ളവരാക്കാനും ഭാവനയുള്ളവരാക്കാനും, മൊബൈലിലും,ടി.വി.യിലും, പഠനത്തിലും ഒതുങ്ങിപോകാതെ ചുറ്റുപാടും പരിസരവും നിരീക്ഷിക്കുന്നവരുമൊക്കെയായി വളരാൻ സംയുക്ത ഡയറി ഒരു കാരണമാകും എന്ന് മനസിലാക്കി.
- അങ്ങനെയാണ് ഞാൻ നമുക്കും ഡയറി എഴുതാം എന്ന് മോനോട് പറഞ്ഞത്.അതിനെകുറിച്ച് വലിയ ബോധ്യമൊന്നുമില്ലെങ്കിലും ആഷേറും എഴുതാൻ തയ്യാറായി.
- അതിനായി ചെറിയ പേപ്പറുകൾ കൂട്ടി പിൻചെയ്ത് ഒരു കുഞ്ഞൻ ബുക്കും കയ്യിൽ കൊടുത്തപ്പോൾ ആവേശമായി. ആദ്യം എന്തെഴുതണമെന്നതിന് ഒട്ടും ആലോചിക്കാൻ ഇല്ലാതെ പറഞ്ഞു എന്റെ ടീച്ചറുമാരുടെ പേരുകൾ. അന്ന് എഴുതി കാണിക്കുന്നത് പകർത്തിയെഴുതി തുടങ്ങി.
- പിന്നെ തന്നിൽ അശ്ചര്യമുളവാക്കുന്ന കാഴ്ചകളെ ചിത്രങ്ങളാക്കാൻ ആവശ്യപ്പെട്ടു. ചിത്രത്തിനടുത്ത് അറിയാവുന്ന അക്ഷരങ്ങൾ എഴുതി അറിയാത്തവ ചോദിച്ചും മനസ്സിലാക്കിയും എഴുതി തുടങ്ങി.
- അധ്യാപകരിൽ നിന്നും ലഭിച്ച കുഞ്ഞൻ സ്റ്റാറിന്റെ സ്റ്റിക്കറുകളും ടിക് മാർക്കും പ്രോത്സാഹന സമ്മാനങ്ങളായി എഴുതാനുള്ള ആവേശം വർധിപ്പിച്ചു.
- വാക്കുകൾ വാക്യങ്ങളായി കുഞ്ഞൻ ബുക്കും മാറി വലിയ ബുക്കിലേയ്ക്കായി.
- ഒന്നാം ക്ലാസ്സിലെ അധ്യാപിക നൽകിയ കഥകൾ വായിച്ചുകൊടുത്തപ്പോൾ പിന്നെ കഥകളിലെ ചിത്രങ്ങളും പേരുകളുമായി എഴുതാനുള്ള വിഷയം.
- വലിയ അവധികാലത്ത് ബുക്കുകൾ ഷേർലിടീച്ചർ വാങ്ങിയപ്പോൾ കണ്ടിട്ട് തരാനെന്നു കരുതി.
- ഈ വർഷത്തെ പ്രവേശനോത്സവത്തിന് സ്കൂളിലെ പ്രധാമധ്യാപികയേയും സ്കൂൾ മാനേജരായിരിക്കുന്ന ഫാദർ:സജിയച്ചനെയും 'കുഞ്ഞുവരകൾ'എന്ന പേരിൽ ആഷേറിന്റ രണ്ട് കുഞ്ഞുബുക്കുകൾ ഷേർളിടീച്ചർ പ്രകാശനം ചെയ്യാനേൽപ്പിച്ചപ്പോൾ അതിശയവും സന്തോഷവും അഭിമാനവും എല്ലാം ഒരുപോലെ വന്നു കണ്ണും മനസ്സും നിറച്ചു.
- അവിടെയും തീർന്നില്ല ജൂൺ മാസം മുതൽ ആഷേർ പുതിയ ഡയറിയിൽ എഴുതി ടീച്ചറെ കാണിക്കാൻ തുടങ്ങി. ഓഗസ്റ്റ് മാസത്തിൽ സംയുക്ത ഡയറിയുടെ ഉൽഘാടനത്തോടനുബന്ധിച്ചു ഒരറിയിപ്പ് വന്നു അമ്മയും കുട്ടിയും ചേർന്ന് സംയുക്ത ഡയറി എഴുതണം. പിണക്കത്തോടെയാണെങ്കിലും ടീച്ചറുടെ നിർദേശപ്രകാരം പുതിയ ബുക്കിൽ അറിയാത്ത അക്ഷരങ്ങൾ എഴുതി സഹായിക്കാൻ ആഷേർ സമ്മതിച്ചു.
- സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോൾ അക്ഷരങ്ങൾ പഠിക്കാനും ചിഹ്നങ്ങൾ ചേർത്തെഴുതുവാനും വായിക്കുവാനും കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ടീച്ചറിന്റയും അമ്മയുടെയും സഹായത്തോടെ കുറെ കഥകളും ആഷേർ വായിച്ചു.
- മാത്രമല്ല കഥയുടെ വിശേഷതകളും കഥാപാത്രങ്ങളുമൊക്കെ ഓരോ പോയിന്റുകളായി എഴുതുവാനും ടീച്ചർ പഠിപ്പിച്ചു.
- ഈ വർഷത്തെ ഉദ്ഗ്രഥന പരീക്ഷയിൽ ചിത്രങ്ങളെകുറിച്ച് എഴുതാൻ വന്ന ചോദ്യം ആഷേർ കൃത്യമായി വാക്യങ്ങളായി തന്നെ എഴുതി.
- അതുപോലെ ഈ മാസം നടന്ന ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് ജ്യാമതീയ രൂപം വരച്ചു അതിനുപയോഗിച്ച ഉപകരണങ്ങളെയും ആ ചിത്രത്തെയും കുറിച്ച് അറിയാവുന്നത് തെറ്റുകൂടാതെ എഴുതി "ബി ഗ്രേഡിന് "അർഹനാകുവാനും കഴിഞ്ഞു.
- ഇതൊക്ക ഒരു രക്ഷിതാവെന്ന നിലയിൽ വലിയ നേട്ടമായി കാണുന്നു.
- പുസ്തകങ്ങൾ മാത്രമല്ല വീട്ടിലെ ബൈബിൾ, ടീച്ചർ നൽകുന്ന കഥകൾ,പത്രം എന്നിങ്ങനെ എല്ലാം തെറ്റിയാലും ഉറക്കെ വായിക്കാൻ അവന് ആത്മവിശ്വാസം നൽകിയത് സംയുക്ത ഡയറിയാണ്.
- സംയുക്ത ഡയറി എന്ന ആശയം ഞങ്ങൾക്ക് പരിചയപ്പെടുത്തുകയും ആഷേറിന്റ പഠനത്തെ ഏറെ പ്രോത്സാഹനത്തോടും സഹായസഹകരണത്തോടും കൂടെ നിന്നു നയിക്കുകയുംചെയ്യുന്ന ഷേർലിടീച്ചറോടുള്ള കടപ്പാട് വാക്കുകളാൽ കുറിച്ചവസാനിപ്പിക്കുവാനുള്ളതല്ലഎങ്കിലും ടീച്ചറിനും ഒന്നാംക്ലാസ്സിലെ എല്ലാ കൂട്ടുകാർക്കും അധ്യാപകർക്കും എല്ലാവിധ ആശംസകളോടും കൂടെ നിർത്തട്ടെ
എന്ന്
ആഷേറിന്റ അമ്മ.വിനീത ഷൈജു. ആഷേർ. കെ. ഷൈജു.സി. എം.എസ്. എൽ. പി. സ്കൂൾ പൊൻകുന്നം. കോട്ടയം.
2024-2025 സെപ്റ്റംബർ,
രക്ഷിതാവിന്റ പഠനവിലയിരുത്തൽ.ഈ വിലയിരുത്തൽ കുറിപ്പ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഫേസ് ബുക്കിൽ പങ്കിടുകയുണ്ടായി.
എന്റെ മകൻ ആഷേർ പൊൻകുന്നം സി. എം. എസ്.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.- ഈ സെപ്റ്റംബർ മാസം തങ്ങളുടെ ആദ്യ പരീക്ഷയ്ക്കായുള്ള ഒരുക്കത്തിലാണ് സ്കൂളും കുട്ടികളും. ഇതുവരെ പഠിച്ചതിന്റ ഫലം ഈ പരീക്ഷയിലൂടെ വേണമല്ലോ അറിയാൻ
- കാരണം കുട്ടികൾ സഹായം കൂടാതെ എഴുതുവാനും വായിക്കുവാനും എത്രത്തോളം പ്രാപ്തരായി എന്ന് പരീക്ഷഫലമാണ് തെളിയിച്ചു തരുന്നത്.
- അതുകൊണ്ടുതന്നെ എല്ലാ അമ്മമാരെയും പോലെ എനിക്കും ആശംങ്കയും ആകാംഷയും ഉണ്ടായിരുന്നു.
- എന്നാൽ എന്റെ മകൻ ആഷേറിനെ സംബന്ധിച്ച് എല്ലാ ദിവസവും സംയുക്ത ഡയറി എഴുതുന്നതും പാഠഭാഗങ്ങൾ വായിക്കുന്നതും അക്ഷരങ്ങളും ചിഹ്നങ്ങളും കൂടുതൽ അറിയാൻ സഹായിച്ചു.
- കൂടാതെ ടീച്ചർ പരിചയപ്പെടുത്തുന്ന കഥകളും വായനക്കാർഡുകളും ഒഴിവുനേരങ്ങളിൽ ടീച്ചർ നൽകുന്ന പത്രങ്ങളിൽ നിന്നും അവർ പഠിച്ച അക്ഷരങ്ങളും വാക്കുകളും കണ്ടെത്തുകയും വായിക്കുകയും ചെയ്യുന്നതിലൂടെയും മലയാളം എഴുതുവാനും വായിക്കുവാനും സാധിച്ചു.
- മാത്രമല്ല സംയുക്ത ഡയറിയും പാഠഭാഗങ്ങളും വായിച്ച് വീഡിയോ എടുക്കുകയും അത് ടീച്ചറിന് പങ്കുവെയ്ക്കുകയും ചെയ്യുമ്പോൾ അതിൽനിന്നും ലഭിക്കുന്ന പ്രോത്സാഹനം വീണ്ടും വായിക്കുവാനും എഴുതുവാനും ഉള്ള താല്പര്യം വർധിപ്പിക്കുകയും ചെയ്തു.
- ദിവസേനയുള്ള വായന എഴുതുവാനുള്ള കഴിവിനെ മാത്രമല്ല സ്വാധീനിച്ചത്, എങ്ങനെ നോട്ട്ബുക്കിൽ അടുക്കും ചിട്ടയുമായി എഴുതണമെന്ന അറിവിനെയും കൂടിയാണ്. അതുകൊണ്ടുതന്നെ ആഷേറിന്റ നോട്ടുബുക്കുകളും ഒരുവിധം നന്നായിരിക്കുന്നു.
- പാഠങ്ങൾ ദിവസവും വായിക്കുന്നത് മറ്റു പുസ്തകങ്ങളും പത്രങ്ങളും കഥകളുമെല്ലാം വായിക്കാനുള്ള അവനിലെ ആത്മവിശ്വാസത്ത വർധിപ്പിച്ചു.
- ചില അക്ഷരങ്ങളും ചിഹ്നങ്ങളും അറിയില്ലെങ്കിലും വായിക്കാൻ ശ്രമിക്കുന്നത് കാണാറുണ്ട് അത് വളരെ സന്തോഷമുളവാക്കുന്നു. ഉദ്ഗ്രഥന പരീക്ഷകളിൽ അതേറെ പ്രയോജനവുമായി.
- എല്ലാവിഷയങ്ങൾക്കും എ ഗ്രേഡ് ലഭിക്കുന്നതിലല്ല അവർക്ക് എത്രത്തോളം തനിയെ ഇതുപോലെയുള്ള ഘട്ടങ്ങളെ ജയിക്കാൻ കഴിയും അവർ എത്രത്തോളം പ്രാപ്തരായി എന്നറിയുന്നതിലാണ് നാം സന്തോഷം കണ്ടെത്തേണ്ടത് എന്ന് എനിക്ക് തോന്നുന്നു.
- രക്ഷിതാക്കൾ എന്ന നിലയിൽ ഞങ്ങൾ അതിൽ സന്തുഷ്ടരുമാണ്.
- എന്റെ മകന്റെ വളർച്ചയിൽ എല്ലാ സഹായ സഹകരണത്തോടും കൂടെ നിൽക്കുന്ന ടീച്ചറോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നതോടൊ പ്പം എല്ലാ കുഞ്ഞുമക്കൾക്കും അധ്യാപകർക്കും എല്ലാവിധ വിജയശംസകളും നേർന്നുകൊണ്ട് നിർത്തട്ടെ. 🙏👍🤝
എന്ന്
ആഷേറിന്റ അമ്മ.വിനീത ഷൈജു(രക്ഷിതാവ്)ആഷേർ. കെ. ഷൈജു.സി. എം. എസ്. എൽ. പി സ്കൂൾ. പൊൻകുന്നം.കോട്ടയം.
ഓഗസ്റ്റ് 2024-2025
രക്ഷിതാവിന്റ പഠനവിലയിരുത്തൽ.
എന്റെ മകൻ ആഷേർ. കെ. ഷൈജു സി. എം. എസ്. എൽ. പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.
- ഈ അദ്ധ്യയനവർഷം ആരംഭിച്ച് 3മാസം പിന്നിടുമ്പോൾ എന്റെ മകന്റെ പഠനത്തിൽ ഏറെ വിത്യാസം വന്നതായി കാണാൻ കഴിഞ്ഞു.
- മലയാളം അത്യാവശ്യം എഴുതുവാനും വായിക്കുവാനും എന്റെ മകന് ഇപ്പോൾ സാധിക്കുന്നു.
- ടീച്ചർ പരിചയപ്പെടുത്തുന്ന കഥപുസ്തകങ്ങളും വായനാകാർഡുകളും അക്ഷരങ്ങളെ കൂടുതൽ സ്വായത്തമാക്കുവാൻ ഏറെ സഹായകരമായി.
- കൂടാതെ ദിനംപ്രതി വീട്ടിൽ വന്നിരുന്ന് പാഠപുസ്തകങ്ങൾ വായിക്കുകയും പത്രം, കഥകൾ, ബൈബിൾ എന്നിവ വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
- വായന തനിയെ എഴുതുവാനുള്ള കഴിവിനെയും സ്വാധീനിച്ചു എന്നത് പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്.
- മാത്രമല്ല, നേടിയ ചെറിയ അറിവുകൾ സഹപാഠികൾക്ക് പങ്കുവെയ്ക്കുവാനും മറക്കാറില്ല.
- അക്ഷരങ്ങൾ പറഞ്ഞുകൊടുത്തും ചിഹ്നങ്ങൾ ചേർത്ത് വായിച്ചും ക്ലാസിലെ പഠനത്തെ കൂട്ടായപ്രവർത്തനമാക്കി മാറ്റുകയാണ് കുട്ടികൾ.
- പഠനം കുട്ടികളുടെയും പഠിപ്പിക്കുക എന്നത് ടീച്ചറിന്റെയും ഉത്തരവാദിത്തമായി ഒതുങ്ങിപോകാതെ പഠിച്ചും അന്യോന്യം പഠിപ്പിച്ചും ടീച്ചറും കുട്ടികളും പഠനത്തെ രസകരമാക്കുന്നു.
- അത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ വളരെ സന്തോഷവും സംതൃപ്തിയും ഉളവാക്കുന്നു.
- ഇന്നത്തെ പഠനരീതിയിൽ അധ്യാപകർക്കും കുട്ടികൾക്കും മാത്രമല്ല രക്ഷിതാക്കൾക്കും തുല്യമായ പങ്ക് വഹിക്കേണ്ടതായിട്ടുണ്ട് എങ്കിൽ മാത്രമേ അടുത്ത തലത്തിലേയ്ക്കു പ്രവേശിക്കാൻ കുട്ടികൾ യോഗ്യരാകൂ. അതിനായ് ഒരു രക്ഷകർത്താവെന്ന നിലയിൽ നൽകേണ്ടതായ എല്ലാ പിന്തുണയും ആത്മാർത്ഥമായി തന്നെ കൊടുക്കാൻ ശ്രമിക്കാറുണ്ട്.
- നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ അധ്യാപകരോടും കുഞ്ഞുമക്കളോടും ചേർന്നു നിൽക്കാൻ ഓരോ രക്ഷിതാക്കൾക്കും കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്
നിർത്തുന്നു.🤝👍
വിനീത ഷൈജു( ആഷേറിന്റ രക്ഷിതാവ് )
ആഷേർ. കെ. ഷൈജു.സി. എം. എസ്. എൽ. പി സ്കൂൾ പൊൻകുന്നം.കോട്ടയം.
2024-2025,ജൂൺ.
രക്ഷിതാവിന്റെ പഠനവിലയിരുത്തൽ.
എന്റെ മകൻ ആഷേർ.കെ. ഷൈജു, ഈ വർഷം ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.
- എല്ലാ മാതാപിതാക്കന്മാരയും പോലെ വലിയൊരു ടെൻഷൻ ഞങ്ങൾക്കും ഉണ്ടായിരുന്നു, കാരണം പഠിപ്പിക്കുന്നത് ഗ്രഹിക്കാനും ഓർത്തിരിക്കാനും ഒക്കെ ആഷേറിനു സാധിക്കുമോ എന്ന ചിന്തയായിരുന്നു.
- പക്ഷെ ഈ ചിന്തകളെയെല്ലാം പാടെ തിരുത്തുന്നതായിരുന്നു പാഠഭാഗങ്ങളും പഠനരീതിയും.
- ക്ലാസ്സ്‌മുറികളിൽ ഒതുങ്ങിപോകാതെ നിരീക്ഷണ പരീക്ഷണങ്ങളിൽ കൂടെയും കണ്ടും കേട്ടും തൊട്ടും അനുഭവിച്ചും രുചിച്ചുമൊക്കെ ഓരോ വിഷയങ്ങളെയും അറിവുകളെയും അധ്യാപിക ലളിതമായ ആവിഷ്കാരത്തിലൂടെ കുട്ടികളിലേക്ക് പകർന്നത് പഠനത്തെ എളുപ്പമാക്കി.
- പാഠഭാഗങ്ങളോടു കൂടെ അധ്യാപിക പരിചയപ്പെ ടുത്തിയ വായനകാർഡ് എന്റെ മകന്റെ വായനയെ മികവുള്ളതാക്കാൻ സഹായിച്ചു.
- അതോടൊപ്പം ഇടവേളകളിലും മറ്റുമായി കുഞ്ഞുകഥകൾ പറഞ്ഞുകൊടുത്തും അധ്യാപിക കുട്ടികളെ മലയാള ഭാഷാ പഠനത്തെ സുഗമമാക്കുന്നു,
- ഇന്ന് ഒന്നാം ക്ലാസ്സുകാർക്ക് മാത്രമായി കഥപുസ്തകങ്ങളുടെ ശേഖരണവും ഒരു ചെറിയ ലൈബ്രറി പോലെ അധ്യാപിക ഒരുക്കിയിരിക്കുന്നു.
- ഓരോ ദിവസവും പഠിപ്പിക്കുന്നത് മനസ്സിലാക്കുന്നതിനും പിന്നീടും അത് ഓർത്തിരിക്കുന്നതിനും എന്റെ മകന് കഴിയുന്നത് വളരെ സന്തോഷമുളവാക്കുന്നു. എല്ലാ കൂട്ടുകാർക്കും അധ്യാപകർക്കും എല്ലാവിധ ആശംസകളും...👍
ആഷേറിന്റെ അമ്മ.
വിനീത ഷൈജു(രക്ഷിതാവ് ) ,ആഷേർ. കെ. ഷൈജു. സി. എം. എസ്. എൽ പി സ്കൂൾ. പൊൻകുന്നം.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി