Pages

Monday, July 28, 2025

മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് - 2

ക്ലാസിലെ കുട്ടികളുടെ എണ്ണം 8

ക്ലാസ് : ഒന്ന്

യൂണിറ്റ് : 3

ാഠത്തിന്റെ പേര്  : മാനത്ത് പട്ടം 

ടീച്ചറുടെ പേര്  നിഷാകുമാരി. ടി

എസ്എൻഡിപി എൽപി സ്കൂൾ തിരുമേനി

പയ്യന്നൂർ സബ്ജില്ല 

കുട്ടികളുടെ എണ്ണം : 8

ഹാജരായവര്‍ : ……...

തീയതി : ……………/ 2025

പിരീഡ് ഒന്ന്

പ്രവര്‍ത്തനം 1 -  സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം. വായനപാഠം

പഠനലക്ഷ്യങ്ങള്‍:   

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകള്‍ കണ്ടെത്തി വിലയിരുത്തലുകള്‍ പങ്കിടുന്നു.

  4. തന്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.

പ്രതീക്ഷിത സമയം - 40 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍ - കഥാപുസ്തകങ്ങള്‍, വായനപാഠങ്ങള്‍

പ്രക്രിയാവിശദാംശങ്ങള്‍

സംയുക്ത ഡയറി പങ്കിടല്‍ 15 മിനുട്ട്

  • ടീച്ചര്‍ എഴുതിയ ഡയറി വായിച്ചുകേള്‍പ്പിക്കുന്നു. ചിത്രവും കാണിക്കുന്നു

  • ക്രമനമ്പര്‍ പ്രകാരം ഒന്നാം ദിവസം വായിച്ചവര്‍ക്ക് തുടര്‍ച്ചയായി വരുന്ന മൂന്നുപേരുടെ സംയുക്ത ഡയറി വാങ്ങി ടീച്ചര്‍ വായിക്കുന്നു. അവര്‍ വരച്ച ചിത്രങ്ങള്‍ എല്ലാവരെയും കാണിക്കുന്നു

  • ഡയറിയിലെ സവിശേഷതകള്‍ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു. ആ സവിശേഷതകള്‍ ഗുണാത്മകക്കുറിപ്പുകളായി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നു

  • സംയുക്ത എഴുതിയവരാരെല്ലാം?

  • എഴുതാന്‍ പറ്റാതെ പോയവര്‍ ആരെല്ലാം? ( അവരുടെ പേര് കുറിച്ച് വെക്കുന്നു. കാരണം അനേഷിക്കുന്നു)

ഡയറി എഴുതാതെ വന്നവര്‍ക്ക്

  • പ്രത്യേക സമയത്ത് മൂന്നാം ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ പിന്തുണ

  • കൂടുതല്‍ പിന്തുണവേണ്ട കുട്ടികള്‍ക്ക് ടീച്ചര്‍ രചനാസഹായം നല്‍കുന്നു

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കല്‍.

അക്ഷരബോധ്യച്ചാര്‍ട്ടിലേക്ക്

  • അക്ഷരബോധ്യച്ചാര്‍ട്ടില്‍ മൂന്ന് കുട്ടികളുടെ ഡയറി വിശകലനം ചെയ്ത് സഹായമില്ലാതെ എഴുതിയ ( പെന്‍സില്‍ വച്ച് എഴുതിയ) അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്നു)

  • മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകള്‍ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നല്‍കല്‍. ശ്രദ്ധേയമായ കാര്യങ്ങള്‍ കുറിച്ച് വക്കുന്നു

വായനപാഠം വായിക്കല്‍ 5+5 മിനുട്ട്

  • ഒന്നാം ദിവസം നല്‍കിയ രണ്ട് വായനപാഠങ്ങള്‍ പഠനക്കൂട്ടങ്ങളില്‍ വായിക്കല്‍

  • ഒരാള്‍ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തില്‍ നിന്നും പൊതുവായി വായിക്കല്‍

വായനക്കൂടാരത്തിലെ പുസ്തകവായന 10 മിനുട്ട്

  • വായനച്ചാര്‍ട്ടില്‍ രേഖപ്പെടുത്തലുകള്‍ നടത്തുന്നു

  • കഥാവേളയില്‍ ഇതുവരെ കഥ അവതരിപ്പിക്കാത്തവര്‍ക്ക് അവസരം.

  • കഥാവേള പങ്കാളിത്ത ചാര്‍ട്ടില്‍ അവരുടെ പേര് ചേര്‍ക്കുന്നു.                   

പിരീഡ് രണ്ട്

പ്രവർത്തനം - പട്ടം അഭിനയം, അരങ്ങ്

പഠനലക്ഷ്യങ്ങള്‍:   

  • തീമിനെ അടിസ്ഥാനമാക്കി വിവിധ സന്ദർഭങ്ങളും സംഭവങ്ങളും സംഘം ചേർന്ന് ആസൂത്രണം നടത്തി ചമഞ്ഞുകളികളി, പാവനാടകം, മൈമിംഗ്  തുടങ്ങിയവയിലൂടെ ആവിഷ്കരിക്കുന്നു.

പ്രതീക്ഷിത സമയം - 30 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍: ആകാശത്ത് നിന്നും താഴേക്കുള്ള കാഴ്ചകളുടെ വീഡിയോ

പ്രക്രിയാവിശദാംശങ്ങൾ

  • ഓരോരുത്തരും പട്ടമായി സ്വയം സങ്കല്പിക്കുക

  • ഇപ്പോള്‍ പട്ടം ആകാശത്തുകൂടി പറക്കുകയാണ്.

  • കാറ്റ് വരുന്നു. പട്ടം ചാഞ്ചാടുന്നു

  • കാറ്റ് പോയി പട്ടം സാവധാനം പറക്കുകയാണ്.

  • പട്ടം താഴേക്ക് നോക്കുന്നു.

  • താഴെ എന്തെല്ലാം കാഴ്ചകൾ ആണ് കാണുന്നത്?

  • കാഴ്ചകൾ കാണുന്നതായി സങ്കല്പിച്ച് ഓരോ കാഴ്ചകളെക്കുറിച്ച് പറയണം. മുഖത്ത് അതിന്റെ ഭാവം പ്രതിഫലിക്കുകയും വേണം. ( ഓരോരുത്തരും പട്ടമായി പറന്ന് നടുത്തളത്തിലെത്തി പറയുന്നു)

  • ടീച്ചര്‍ ആവശ്യമെങ്കില്‍ മാതൃക കാട്ടണം

  • ഉദാ- അതാ താഴെ എന്തോ മിനുങ്ങുന്നല്ലോ? പള പളാന്ന്. എന്താ? ഒരു തോണി അതിലുണ്ടല്ലോ? ആ പുഴയാണ്. പച്ച മരങ്ങള്‍ക്കിടയിലൂടെ പുഴ ഒഴുകുന്നു. നല്ല ചന്തം.

വീഡിയോ കാണിക്കുന്നു.

  • മുകളില്‍ നിന്നുള്ള കാഴ്ചകള്‍ എല്ലാ കുട്ടികളും കണ്ടിട്ടുണ്ടാകണമെന്നില്ല. വീഡിയോ കാണിക്കാം.

വിലയിരുത്തൽ

  • ആശയം ഉൾക്കൊണ്ട്  ഭാവാത്മകമായി അവതരിപ്പിക്കാൻ  കഴിഞ്ഞവർ.

  • ഉയരത്തിൽ നിന്നും താഴേക്ക് നോക്കുന്ന രീതിയില്‍ അഭിനയിച്ചവർ.

  • ദൃശ്യത്തിന്റെ അനുഭവം ഉൾക്കൊള്ളുന്ന അവതരണം.

പിരീഡ്  മൂന്ന്

പ്രവർത്തനം - മാനത്ത് പട്ടം (വായന)

പഠനലക്ഷ്യങ്ങൾ.  

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

പ്രതീക്ഷിത സമയം - 35 മിനുട്ട്

കരുതേണ്ട സാമഗ്രികൾ : ചാർട്ട് , പാഠപുസ്തകം കുഞ്ഞെഴുത്ത്

പ്രക്രിയാവിശദാംശങ്ങൾ -

എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കാനുള്ള വായനപ്രക്രിയ-

  • വാക്യം കണ്ടെത്തൽ, വാക്ക് കണ്ടെത്തൽ, അക്ഷരം കണ്ടെത്തൽ, താളാത്മക വായന, ഭാവാത്മക വായന , ചങ്ങല വായന എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഓരോ ടീമിനായി (പഠനക്കൂട്ടത്തിനായി) ചുമതലപ്പെടുത്തി എല്ലാ കുട്ടികൾക്കും അവസരം ലഭിക്കാവുന്ന ക്രമീകരണം നടത്തുന്നു. ഓരോ ദിവസവും ചുമതല മാറും

കണ്ടെത്തൽ വായന (വാക്യങ്ങൾ)

  • മരങ്ങളുമായി ബന്ധപ്പെട്ട വരി എത്രാമതാണ്? ( ഒന്നാം പഠനക്കൂട്ടത്തിലെ ഒന്നാമത്തെ ആള്‍)

  • പട്ടം ആദ്യം കണ്ടതെന്താണ്? ആ വരി എത്രാമതാണ്? ( രണ്ടാം പഠനക്കൂട്ടത്തിലെ ഒന്നാമത്തെ ആള്‍)

  • വണ്ടി കണ്ടു എന്ന വരി എത്രാമതാണ്? ( മൂന്നാം പഠനക്കൂട്ടത്തിലെ ഒന്നാമത്തെ ആള്‍)

  • വരികളും ചിത്രവും പൊരുത്തപ്പെടുത്തി  വരയ്ക്കാമോ? ( നാലാം പഠനക്കൂട്ടത്തിലെ ഒന്നാമത്തെ ആള്‍)

  • സചിത്രപുസ്തകത്തിൽ ഇല്ലാത്തതും പാഠപുസ്തകത്തിൽ എഴുതിച്ചേർത്തതുമായ വരികൾ,  ഏതാണ്? ( എല്ലാ പപഠനക്കൂട്ടത്തോടും പൊതുവായി ചോദിക്കുന്നു. കണ്ടെത്തിയവര്‍ കൈ പൊക്കണം)

കണ്ടെത്തൽ വായന (വാക്കുകൾ)

  • കണ്ടു എന്ന വാക്കിനു ചുറ്റും വട്ടമിടാമോ? (ണ്ട ആണ് ഊന്നൽ നല്‍കുന്ന അക്ഷരം) ( ഒന്നാം പഠനക്കൂട്ടത്തിലെ രണ്ടാമത്തെ ആള്‍)

  • ആകാശത്ത് എന്നതിന് പകരം ഒരു വാക്ക് ഉപയോഗിച്ചു. ഏതാണത്? എവിടെ? ( രണ്ടാം പഠനക്കൂട്ടത്തിലെ രണ്ടാമത്തെ ആള്‍)

  • മാനത്ത് എന്ന് എവിടെല്ലാം എഴുതിയിട്ടുണ്ട്? ( മൂന്നാം പഠനക്കൂട്ടത്തിലെ രണ്ടാമത്തെ ആള്‍)

  • ……………………………….?

കണ്ടെത്തൽ വായന (ഊന്നൽ നൽകുന്ന അക്ഷരമുള്ള വരികൾ, വാക്കുകൾ, അക്ഷരങ്ങള്‍)

  • ആണോ ണ്ട ആണോ കൂടുതൽ? ( നാലാം പഠനക്കൂട്ടത്തിലെ രണ്ടാമത്തെ ആള്‍)

ക്രമത്തിൽ വായിക്കൽ

  • ഒന്നാം പഠനക്കൂട്ടം വന്ന് ഇഷ്ടമുളള ഒരു വരി വായിക്കണം. അടുത്തയാൾ അതിന്റെ അടുത്ത വരിയാണ് വായിക്കേണ്ടത്.

ചങ്ങല വായന

  • രണ്ടാം പഠനക്കൂട്ടം.

പറയുന്ന ക്രമത്തിൽ വാക്യങ്ങൾ വായിക്കൽ

  • മൂന്നാം പഠനക്കൂട്ടം

  • വാഹനവുമായി ബന്ധപ്പെട്ട വരിമുതൽ വായിക്കുക.

  • മൂന്നാമത്തെയും നാലാമത്തെയും വരികൾ വായിക്കുക.

  • കണ്ടു എന്നെഴുതിയിട്ടുളള വരികളെല്ലാം വായിക്കുക.

താളാത്മക വായന

  • പാഠപുസ്തകത്തിലെ വരികളും വായിക്കണം.

  • നാലാം പഠനക്കൂട്ടം.

പ്രതീക്ഷിത ഉല്പന്നം

വായനയുടെ വീഡിയോ

വിലയിരുത്തൽ

  • സഹവർത്തിത വായന കൂടുതൽ പിന്തുണ ആവശ്യമുള്ളവർക്ക് സഹായകമാകുന്നുണ്ടോ?

  • പാഠപുസ്തകം വായിക്കുന്നതിന് എല്ലാവർക്കും അവസരം ലഭിക്കാൻ എന്താണ് മാർഗം?

പ്രവര്‍ത്തനം നാല്

പ്രവർത്തനം -വട്ടം നിറയ്കാം

പഠനലക്ഷ്യങ്ങൾ.  

  • വിവിധ കളികളിലൂടെ ആവശ്യാനുസരണമുളള ശാരീരിക ചലനം, ഏകോപനം, തീരുമാനമെടുക്കാനുളള കഴിവ്  എന്നിവ നേടുന്നു.

  • പലവേഗതയിലുളള ഓട്ടംപലതരം ചാട്ടം, എറിയൽ, പിടിക്കൽ, സന്തുലനം പാലിക്കൽ മുതലായവയിലൂടെ അടിസ്ഥാന ചലന നൈപുണികൾ നേടുന്നു.

പ്രതീക്ഷിത സമയം

കരുതേണ്ട സാമഗ്രികൾതറയില്‍ വരച്ച 5 വട്ടങ്ങൾ, 30 ബീൻ ബാഗ്/ സോഫ്റ്റ് ബോൾ

പ്രക്രിയാവിശദാംശങ്ങൾ-

വട്ടം നിറയ്കാം

  • മധ്യത്തിൽ നിന്നും തുല്യ അകലത്തിൽ നാലു മൂലകളിലും മധ്യത്തിലൊന്നുമായി അഞ്ച് വട്ടങ്ങൾ വരയ്കുക

  • മധ്യത്തിലുള്ള വട്ടത്തിൽ 30 ബീൻ ബാഗ്/ സോഫ്റ്റ് ബോൾ വയ്ക്കുക

  • കുട്ടികളെ തുല്യ എണമുള്ള 4 ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പും അവരവരുടെ വട്ടങ്ങളുടെ പിറകിലായി വരിയായി നിൽക്കാൻ നിർദേശിക്കുകഎല്ലാവരും ചേര്‍ന്ന് പാടുന്നു.

നടുക്കൊരു വട്ടം വന്‍വട്ടം

നമ്മുക്കൊരു വട്ടം ചെറുവട്ടം

ഓടിച്ചെല്ലാം പെറുക്കിയെടുക്കാം

ചെറുവട്ടം നിറച്ചീടാം

  • വിസിലടിക്കുമ്പോള്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ കുട്ടി ഓടി വന്ന്മധ്യത്തെ വട്ടത്തിനുള്ളിലെ ഒരു ബീൻ ബാൾ സോഫ്റ്റ് ബോൾ എടുത്ത് സ്വന്തം ഗ്രൂപ്പിന്റെ വട്ടത്തിനുള്ളിൽ വയ്ക്കുക.

  • ഇങ്ങനെ (ഓരോരുത്തരായി) ഗ്രൂപ്പിലെ മുഴുവൻ കുട്ടികളും ഇതേ രീതിയിൽ ആവർത്തിച്ചു നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബീൻ ബാഗ്/ സോഫ്റ്റ് ബോൾ ഏത് ഗ്രൂപ്പിന്റെ വട്ടത്തിലാണോ ആ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നു.

വിലയിരുത്തൽ

  • ഓരോ കുട്ടിയും പന്ത് എടുക്കാനും വളയത്തിൽ വെക്കാനും എടുക്കുന്ന സമയം.

  • പന്ത് കൃത്യമായി പിടിക്കാനും വെയ്ക്കാനുമുള്ള കഴിവ്

  • കളിക്കിടയിലെ പെരുമാറ്റം

  • കളിനിയമങ്ങൾ പാലിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നതിനുള്ള കഴിവ്

  • കളിയിൽ പങ്കെടുക്കാനുള്ള താല്പര്യം.

പ്രതിദിന വായനപാഠം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നൽകുന്നു.

ചെടി പൂത്തു

പൂത്ത ചെടി ആടി

പൂത്ത ചെടി ആടിനിന്നു.

പൂത്ത ചെടി ആടി നിന്നത് ആര് കണ്ടു?

പൂത്ത ചെടി ആടി നിന്നത് കുരുവി കണ്ടു

പൂത്ത ചെടി ആടി നിന്നത് ആര് കണ്ടു?

പൂത്ത ചെടി ആടി നിന്നത് വണ്ട് കണ്ടു

പൂത്ത ചെടി ആടി നിന്നത് ആര് കണ്ടു?

പൂത്ത ചെടി ആടി നിന്നത് പട്ടം കണ്ടു

പൂത്ത ചെടി ആടി നിന്നത് ആര് കണ്ടു?

……………………………………………….

പൂവ് കണ്ട കുരുവി പാറി വന്നു

പൂവ് കണ്ട വണ്ട് പാറി വന്നു

പൂവ് കണ്ട പട്ടം പാറി വന്നു

പാറി വന്ന കുരുവി പാട്ട് പാടി

പാറി വന്ന വണ്ട് ……….. പാടി

പാറി വന്ന പട്ടം ആട്ടം ആടി.

സവിശേഷ സഹായ സമയം

  • കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് വായനപാഠം ഉപപാഠമായി നല്‍കണം. സഹായവായന നടത്തണം

  • സഹായത്തോടെയുള്ള എഴുത്തും നടത്തണം.

  • തെളിവെടുത്ത് എഴുതാന്‍ സഹായകമായ രീതിയിലാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

  • സംയുക്ത ഡയറിയും സഹായത്തോടെ എഴുതിക്കണം. ഒരു വാക്യം മതിയാകും.

ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടേണ്ടവ

  1. ഇന്നലെ നല്‍കിയ വായനപാഠം വായിച്ചവരുടെ എണ്ണം..

  2. വായനപാഠം പൂരിപ്പിച്ചെഴുതിയവരുടെ എണ്ണം

  3. സംയുക്ത ഡയറി എഴുതിയവരുടെ എണ്ണം

  4. എഴുതാതെ വന്നവരുടെ എണ്ണം…. അവരെ പിന്തുണച്ച രീതി

  5. ഇന്ന് വായനപാഠം ഉണ്ട്. വൈകിട്ട് വരി പൂര്‍ണ്ണമാക്കി ചൊല്ലി ഗ്രൂപ്പിലിടണം.



 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി