Pages

Thursday, February 27, 2025

മൂവാറ്റുപുഴയിൽ മുന്നിലാണ് ഒന്നാം ക്ലാസ്

💕💕💕💕💕💕💕💕

131 കുട്ടികൾ

5 ഡിവിഷൻ

〰️〰️〰️〰️〰️〰️〰️〰️

🔆KMLPS MUVATTUPUZHA

സംയുക്ത ഡയറി *224ദിവസം പൂർത്തിയാക്കി* ഒന്നാം ക്ലാസിലെ കുഞ്ഞി മക്കൾ. 

( ജൂ ലൈ15 മുതൽ ഫെബ്രുവരി25വരെ) 🔆ഒന്നാം ക്ലാസ് 5 ഡിവിഷൻ 131 കുട്ടികൾ.


🔆 *എല്ലാവരും തന്നെ മലയാളം എഴുതാനും നന്നായി വായിക്കാനും പഠിച്ചു* . 

🔆ഒന്നാം ക്ലാസിലെ മലയാള പാഠപുസ്തകവും ,കുഞ്ഞെഴുത്തും നന്നായി തന്നെ കുട്ടികളിൽ പ്രയോഗിക്കാനും അവരുടെ ഭാഷാശേഷിയെ ഉന്നമനത്തിൽ എത്തിക്കാനും സാധിച്ചു.

🔆സംയുക്ത ഡയറിയിൽ കുട്ടികളുടെ ഒരു         ദിവസത്തെ  കാര്യങ്ങൾ കുടാതെ അവർ അറിയാതെ ചെയ്യുന്ന ഒരു നന്മ കൂടി ഓർത്തെടുത്ത് എഴുതാൻ പറഞ്ഞപ്പോൾ മക്കൾക്ക് കൂടുതൽ ഉൽസാഹമായി.

 🔆അവർ വീട്ടിലും സ്കൂളിലും ചെയ്യുന്ന ഒരു നല്ല കാര്യം സംയുക്ത ഡയറിയിലുടെ ഓർത്തെടുത്ത് എഴുതി ക്ലാസിൽ വന്ന് വായിക്കുമ്പോൾ അവരുടെ മുഖത്ത് കാണുന്ന സന്തോഷം വളരെ വലുതാണ്.

KMLPS MUVATTUPUZHA

⭐⭐⭐⭐⭐⭐⭐⭐

HM : എം .കെ മുഹമ്മദ് സാർ

ഒന്നിലെ അധ്യാപികമാർ

1.സഹല ടീച്ചർ

2 അജീഷ ടീച്ചർ

3 പ്രീതി ടീച്ചർ

4 ജുബിന ടീച്ചർ

5 സമീല ടീച്ചർ



അഭിവാദ്യങ്ങൾ

💕മികച്ച മാതൃക

💕മിന്നുന്ന നിലവാരം

💕സംതൃപ്തിയും സന്തോഷവും

Wednesday, February 26, 2025

ചൂരൽമല ദുരന്തവും ഒന്നാം ക്ലാസിലെ പരീക്ഷണവും

 https://youtube.com/shorts/IyTptEEkSYU?si=WZld4pjz3MOnJJa3

 "ഒന്നാംതരത്തിലെ എട്ടാം പാഠഭാഗമായ "പെയ്യട്ടെ എങ്ങനെ പെയ്യട്ടെ" എന്നതിൽ മഴ പെയ്യാം എന്ന പരീക്ഷണം കണ്ടതോടെ ഒന്നാംതരത്തിലെ അധ്യാപകരായ ഞങ്ങളുടെ മനസ്സിൽ ആദ്യം വന്ന ചിത്രം മുണ്ടക്കൈ ചൂരൽമല ദുരന്തമാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഈ ദുരന്തത്തെക്കുറിച്ച് ഞങ്ങളുടെ കുഞ്ഞുമക്കൾ അറിഞ്ഞതാണ് വയനാട്ടിലെ അവരുടെ കൂട്ടുകാർക്കായി അവർ നോട്ടുപുസ്തകങ്ങൾ പകർത്തി എഴുതിയതും ആണ്‌, അതിൻറെ ദുരന്ത വ്യാപ്തി മനസ്സിലാക്കിയതും ആണ്. എന്നിരുന്നാലും, എന്തുകൊണ്ട് ഇത്തരം ഒരു ദുരന്തം ഉണ്ടായി അതിന്റെ മൂല കാരണം എന്തെന്നും കുഞ്ഞുമനസ്സിൽ പതിയേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കി അതുകൊണ്ടുതന്നെ അത്തരമൊരു നേരനുഭവം കുഞ്ഞുങ്ങളിൽ ഉളുവാക്കുന്നതിന് വേണ്ടി ഈ പരീക്ഷണം സഹായിക്കും എന്ന് തോന്നലാണ് ഈ പരീക്ഷണം ഇത്തരത്തിൽ ചെയ്യാൻ ഞങ്ങളെ നയിച്ചത്. മൺകൂനയിൽ തിന മുളപ്പിച്ചെടുക്കാൻ ഏകദേശം നാല് ദിവസം എടുത്തു. അഞ്ചാം ദിവസം ഞങ്ങൾ പരീക്ഷണം നടത്തി ഓരോ കുട്ടിയും പരീക്ഷണം കണ്ടു മനസ്സിലാക്കി ചെടികളും മരങ്ങളും നമ്മെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കും എന്ന് ബോധ്യം അവരിൽ ഉണ്ടാക്കിയെടുക്കാൻ ഈ പരീക്ഷണത്തിലൂടെ ഞങ്ങൾക്ക് സാധിച്ചു.

     ഒന്നാം തരത്തിൽ അധ്യാപകരായ വൈഷ്ണവി ടീച്ചർ, നീതു ടീച്ചർ ,ദീക്ഷിത് മാഷ് എന്നിവർ എന്നിവർ നേതൃത്വം നൽകി. ഈയൊരു പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ പകർത്തി വീഡിയോ നിർമ്മിച്ചത് ശ്രുതി ടീച്ചർ"


മനസ്സു നിറച്ചൊരു മാതൃകാധ്യാപനം*

തികച്ചും കുട്ടിയുടെ പക്ഷത്തുനിന്നുള്ള ചിന്തയാണ് ഇത്തരത്തിലൊരു പരീക്ഷണ വിരുന്നൊരുക്കാൻ  നടുവട്ടം  ജിനരാജദാസ് എ എൽ പി എസിലെ ഒന്നാം ക്ലാസിലെ ഈ ഒന്നാന്തരം അധ്യാപകരെ പ്രേരിപ്പിച്ചത്. പുതുതായി ഒരു പരിസരപഠനാശയം പരിചയപ്പെടുത്തുമ്പോൾ അത് കുട്ടി  ഉൾക്കൊള്ളും വിധത്തിൽ എങ്ങനെ അവതരിപ്പിക്കാമെന്നും   അത് കുട്ടിയുടെ ജീവിതാനുഭവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുകയും  വഴികൾ തേടുകയും ചെയ്യുന്നിടത്താണ് സർഗ്ഗാത്മക അധ്യാപനം സാധ്യമാവുന്നത്. ഇത്തരത്തിൽ ഉജ്ജ്വലമായ ഒരു ഇടപെടലാണ് ഒന്നാം ക്ലാസ് കേരള പാഠാവലിയിലെ യൂണിറ്റ് 8 പെയ്യട്ടങ്ങനെ പെയ്യട്ടെയിലെ മണ്ണിൽ വീഴുന്ന മഴ വെള്ളത്തിന് എന്ത് സംഭവിക്കുന്നു എന്ന ആശയവുമായി ബന്ധപ്പെട്ട് നടുവട്ടത്തെ ഈ സർഗാത്മക അധ്യാപകർ നടത്തിയിരിക്കുന്നത്. ടീം ഒന്നഴകിൻ്റെ ഒരായിരം ഹൃദയാഭിനന്ദനങ്ങൾ പ്രിയരെ; ഒപ്പമുണ്ട് ഒന്നഴക് . 

Sunday, February 23, 2025

പഴകുളത്തിൻ്റെ വിജയഗാഥകൾ

 


പത്തനംതിട്ട ജില്ലയിലെ പഴകളം ഗവ എൽ പി എസ് ഒന്നാം ക്ലാസിലെ  അധ്യാപകർക്കായി നടത്തിയ ഓൺലൈൻ പരിശീലനത്തിൽ മാതൃകാനുഭവം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതാണ്.

ഒന്നാം ടേം പരീക്ഷ മുതൽ ഈ വിദ്യാലയം തിളക്കമാർന്ന നേട്ടങ്ങളുടെ കഥ പറയുന്നു.

48 കുട്ടികൾ ഒന്നാം ക്ലാസിൽ.

സ്ഥിരം ഹാജർ ഇല്ലായ്മ,  പ്രത്യേക പരിഗണ അർഹിക്കുന്നവർ എന്നിങ്ങനെയുള്ള വിഭാഗത്തിൽ പെടുന്ന 10  കുട്ടികളാണ്  ഉള്ളത്. ഇവരൊഴികെ എല്ലാവരും പ്രതീക്ഷിത ഭാഷാ ശേഷി കൈവരിച്ചിട്ടുണ്ട്.

രചനോത്സവ രചനകൾ പ്രകാശനം ചെയ്തത് സ്വതന്ത്രരചനാശേഷി നേടിയതിൻ്റെ പ്രഖ്യാപനമായി മാറി.

വിദ്യാലയത്തിലെ ഒന്നാം ക്ലാസ് ടീച്ചർ അനുഭവം പങ്കിടുന്നു

"പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം കളികളും പാട്ടുകളും നിർമ്മാണ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സന്നദ്ധതാ പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് 2024- 25 അധ്യയനവർഷം ആരംഭിച്ചത്.

  •  48 കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടി.
  •  അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഏറെ സന്തോഷത്തോടെ ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി വളർന്ന് നൂതന ആശയമായ സംയുക്ത ഡയറിയിൽ എത്തുകയും പിന്നീട് അത് സ്വതന്ത്ര രചനയിലേക്ക് കുട്ടികളെ നയിക്കുകയും ചെയ്തു. 
  • ഒന്നാം ക്ലാസുകാരെ സ്വതന്ത്ര രചന ക്കാരാക്കുക എന്ന ലക്ഷ്യത്തോടെ നവംബർ മാസം മുതൽ ആരംഭിച്ച പദ്ധതിയാണ് രചനോത്സവം. 
  • കുട്ടികളിലെ സർഗാത്മക ഉണർത്തുന്നതിനായി വിവിധതരം പ്രവർത്തനങ്ങൾ നൽകിവരുന്നു. 
  • ചിത്രങ്ങളിൽ നിന്നും കഥാനിർമ്മാണത്തിനുള്ള അവസരങ്ങൾ നൽകുന്നു. 
  • കുട്ടികളുടെ ചിന്തയെ ഉദ്യോഗിപ്പിച്ച മനോഹരമായ കഥകൾ സ്വന്തം കൈപ്പടയിൽ രൂപപ്പെടുത്തുന്നതിനായി എല്ലാ വെള്ളിയാഴ്ചയും കഥാചിത്രങ്ങൾ നൽകുന്നു. 
  • 48 കുട്ടികളിൽ 10 കുട്ടികൾ രക്ഷിതാവിന്റെ സഹായത്തോടെയും അല്ലാത്തവർ സ്വന്തമായും രചനകൾ നടത്തി. 
  • ഇങ്ങനെ ലഭിച്ച രചനകൾ എല്ലാം ഉൾപ്പെടുത്തി തേൻ മിഠായി എന്ന പേരിൽ മാഗസിൻ ആക്കി പ്രസിദ്ധീകരിച്ചു. 
  • സ്കൂൾ വാർഷിക ദിവസം ഡിവൈഎസ്പി.  സന്തോഷ്  മാഗസിൻ പ്രകാശനം ചെയ്തു.
  •  ഒന്നാം ക്ലാസിലെ കുരുന്നുകളുടെ സ്വതന്ത്ര രചനമാഗസിന് നല്ല പിന്തുണയാണ് ലഭിച്ചത്.

ടീം പഴകുളം

ഓരോ കുട്ടിക്കും അഭിമാന രേഖ


 💟പാങ്ങ് ഗവൺമെൻറ് യു.പി സ്കൂളിലെ ഒന്നാം ക്ലാസുകാരുടെ രചനോത്സവം കഥകളും ചിത്രങ്ങളും ഉൾപ്പെടുത്തി ഓരോ കുട്ടികളും സ്വന്തമായി മാഗസിൻ തയ്യാറാക്കി. 


💟 24 കുട്ടികൾ വീതമുള്ള 3 ഡിവിഷനുകളിലായി ആകെ 72 കുട്ടികളാണ് ഇവിടെ ഒന്നാം ക്ലാസിൽ പഠിക്കുന്നത്.

ഈ 72 പേരും രചനോത്സവം പ്രവർത്തനത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നതിൽ സന്തോഷം തോന്നുന്നു.

💟 ചുരുക്കം ചിലരുടെ കഥയുടെ ആശയത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം കാണാൻ കഴിഞ്ഞു. എങ്കിലും ഭൂരിഭാഗം പേരും സ്വന്തമായാണ് കഥകൾ രചിക്കുന്നത്.

💟 രണ്ടാം ടേമിനു ശേഷമുള്ള പ്രവർത്തനങ്ങളിൽ 72 പേരിൽ 7 പേർക്ക് മാത്രമാണ് സവിശേഷ സഹായം ആവശ്യമുള്ളത്. 

💟 43 കുട്ടികൾ ഏതു പ്രവർത്തനവും തെറ്റു കൂടാതെ  വായിക്കാനും എഴുതാനും പ്രാപ്തരായവരാണ്. 

💟 22 കുട്ടികൾ ഒരു തെറ്റും കൂടാതെ വായിക്കും. എഴുതുന്നതിൽ ചെറിയ ചില തിരുത്തലുകൾ ആവശ്യമായി വരുന്നുണ്ട്. ഒന്നാം ക്ലാസ് തീരുമ്പോഴേക്കും അവരും തെറ്റുകൂടാതെ എഴുതാൻ പ്രാപ്തരാകും എന്നതിൽ സംശയമില്ല.


അധ്യാപികമാർ 

1. ഫാത്തിമത്ത് ബിൻസിയ കെ

2. ഷക്കീല മോൾ വി എസ് 

3. ശ്രുതി സി ജി

വിദ്യാലയം

ഗവൺമെൻറ് യു പി സ്കൂൾ പാങ്ങ്. 

മങ്കട സബ് ജില്ല.

മലപ്പുറം.

ഹൃദയാഭിനന്ദനങ്ങൾ ടീം ജി യു പി എസ് പാങ്ങ്👏👏👏🤝🤝🤝

Saturday, February 22, 2025

ഒന്നാം ക്ലാസ്സിലെ കുഞ്ഞു മക്കൾ 1000 ത്തിൽ അധികം വാക്യങ്ങൾ സ്വന്തമായി എഴുതുമോ!!!!!!

എഴുതും......

ഞാൻ ഏറാമല സെൻട്രൽ. എൽ. പി. സ്കൂളിലെ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്.

  • എന്റെ ക്ലാസ്സിൽ 20 കുട്ടികൾ ഉണ്ട്.
  • അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികൾ വളരെ എളുപ്പത്തിൽ പഠിക്കാൻ "വാക്യങ്ങൾ എഴുതാം സ്മൈലി നേടാം "എന്നൊരു മത്സരം നടത്താൻ ഞാൻ തീരുമാനിച്ചു .
  •  5 വാക്യങ്ങൾ എഴുതുന്ന കുട്ടികൾക്ക് ഒരു സ്മൈലി 😊10 വാക്യങ്ങൾ എഴുതുന്ന കുട്ടികൾക്ക് 2 സ്മൈലി😊... കുട്ടികൾ അവർക്ക് സ്മൈലി കിട്ടാൻ വേണ്ടി വാക്യങ്ങൾ എഴുതാൻ തുടങ്ങി.. 
  • എല്ലാ കുട്ടികളും ഈ പ്രവർത്തനം വളരെ ആവേശത്തോടെ ചെയ്യാൻ തുടങ്ങി. 
  • വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വാക്യങ്ങൾ അവർ ഉണ്ടാക്കുന്നത് കണ്ടപ്പോൾ.. 
  • 100 വാക്യങ്ങൾ എഴുതുന്ന കുട്ടികൾക്ക് സമ്മാനം നൽകും എന്ന് പറഞ്ഞു.. " വാക്യങ്ങൾ എഴുതാം സമ്മാനം നേടാം " എന്ന പ്രവർത്തനമാക്കി ഇതു മാറ്റി... 
  • പിന്നീട് കുട്ടികൾ അവർക്ക് കിട്ടുന്ന ഫ്രീ ടൈം മുഴുവൻ വാക്യങ്ങൾ എഴുതാൻ സമയം കണ്ടെത്തി.
  •  ഒരു മടിയും കൂടാതെ വളരെ ഇഷ്ടത്തോടെ ആവേശത്തോടെ ഈ പ്രവർത്തനം ചെയ്യാൻ തുടങ്ങി... 
  • അവർ എഴുതുന്ന വാക്യങ്ങളുടെ എണ്ണം അവരുടെ പേര് എഴുതിയ ചാർട്ടിൽ രേഖപ്പെടുത്താൻ തുടങ്ങി.
  • സമ്മാനം നേടുന്ന കുട്ടികളുടെ ഫോട്ടോ ക്ലാസ്സ്‌ ഗ്രൂപ്പിൽ വരാൻ തുടങ്ങി..
  • പിന്തുണ ആവശ്യമുള്ള കുട്ടികൾ പോലും ഈ പ്രവർത്തനം വളരെ ആവേശത്തോടെ ഏറ്റെടുത്തത് അത്ഭുതമായി.. 
  • കുഞ്ഞു സമ്മാനങ്ങൾ അവർക്കും കിട്ടാൻ തുടങ്ങിയപ്പോൾ അവർ സന്തോഷം കൊണ്ട് തുള്ളിച്ചാടി...
  • 100 വാക്യങ്ങൾ എഴുതിയപ്പോൾ 200 എഴുതുന്നവർക്ക് സമ്മാനം 
  • അതിനു ശേഷം 500 എഴുതുന്നവർക്ക് സമ്മാനം.. കുട്ടികൾ വളരെ വേഗത്തിൽ ഈ കടമ്പയും കടന്നു.. 
  • പിന്നെ 1000 വാക്യങ്ങൾ ആയി മത്സരം..വളരെ വേഗത്തിൽ ആ നേട്ടവും അവർ സ്വന്തമാക്കി....
  • അവരെ സ്വർണ മെഡൽ കൊടുത്ത്  ആദരിക്കാൻ തയ്യാറെടുക്കുകയാണ്.
  • ഇനിയും ഇനിയും ഒരുപാട് വാക്യങ്ങൾ എഴുതാനുള്ള ആവേശത്തിലാണ് കുഞ്ഞു മക്കൾ...
  •  ഒന്നാം ക്ലാസ്സിലെ മാറിയ പാഠപുസ്തകവും വാക്യങ്ങൾ എഴുതാൻ അവർക്ക് പ്രചോദനമാകുന്നു...😊😊😊😊

സൗമ്യ ടീച്ചർ 

ഏറാമല സെൻട്രൽ. എൽ. പി. സ്കൂൾ



Friday, February 21, 2025

ഒന്നാം ക്ലാസിലെ കേരളപാഠാവലി വിനിമയവും പരിഡ് ലഭ്യതയും

 

ഒന്നാം ക്ലാസിലെ കേരളപാഠാവലി വിനിമയവും പരിഡ് ലഭ്യതയും

ചെറുപഠനം

ഡോ. ടി. പി. കലാധരന്‍



ആമുഖം

കേരളത്തിലെ ഒന്ന്, രണ്ട് ക്ലാസുകളില്‍ ഉദ്ഗ്രഥിത പഠനരീതിയാണ് 1996 മുതല്‍ നടപ്പിലാക്കി വന്നത്. അസീസ് കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പാഠപുസ്തകം പരിഷ്കരിച്ചപ്പോള്‍ ഗണിതത്തിന് പ്രത്യേക പുസ്തകം കൊണ്ടുവരികയും ഉദ്ഗ്രഥനം എന്ന പേര് തുടരുകയും ചെയ്തു. ഒന്നാം ക്ലാസിലെ അന്നത്തെ അധ്യാപകസഹായിയിലാകട്ടെ കല, പ്രവൃത്തിപരിചയം, കായിക വിദ്യാഭ്യാസം എന്നിവയ്ക് പഠനനേട്ടങ്ങള്‍ സൂചിപ്പിക്കുകയുണ്ടായില്ല. ഫലത്തില്‍ പരിസരപഠനവും മലയാളവുമായി ഉദ്ഗ്രഥനം ചുരുങ്ങി. പഠനനേട്ടങ്ങള്‍ നിശ്ചയിക്കാത്തതിനാല്‍ കലാ കായിക പ്രവൃത്തിപരിചയ പിരീഡുകള്‍ മറ്റ് വിഷയങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ടു. 2024 ല്‍ പാഠപുസ്തകം പരിഷ്കരിച്ചപ്പോള്‍ മലയാളം, പരിസരപഠനം, പ്രവൃത്തിപരിചയം, കലാവിദ്യാഭ്യാസം, ആരോഗ്യ കായിക വിദ്യാഭ്യാസം എന്നാണ് കേരളപാഠാവലിയില്‍ അച്ചടിച്ചത്. അതായത് ഈ വിഷയങ്ങള്‍ക്കെല്ലാം പരിഗണന നല്‍കുകയും പഠനലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

2015- 16 അക്കാദമിക വര്‍ഷം നാല്പത്തി നാലാമത് സ്കൂള്‍ കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റി അംഗീകരിച്ച സ്കൂള്‍ പ്രവര്‍ത്തനക്രമം കേരളസ്കൂള്‍ പാഠ്യപദ്ധതി 2013 എന്ന മാര്‍ഗരേഖയില്‍ ഒന്നാം ക്ലാസില്‍ മലയാളം 10, പരിസരപഠനം 5, കലാവിദ്യാഭ്യാസം 3, പ്രവൃത്തിപരിചയം 3, ആരോഗ്യകായിക വിദ്യാഭ്യാസം 3 എന്നിങ്ങനെ ആഴ്ചയില്‍ 24 പിരീഡുകളാണ് കേരളപാഠാവലിക്കായി നീക്കി വെച്ചിട്ടുള്ളത്. 6, 5, 4, 1 എന്നിങ്ങനെ യഥാക്രമം ഇംഗ്ലീഷ്, ഗണിതം, അറബിക്/സംസ്കൃതം, സര്‍ഗവേള എന്നിവയ്കും അനുവദിച്ചു. എല്‍ പി സ്കൂളുകളില്‍ അറബിക്/സംസ്കൃതം പിരീഡുകളില്‍ മറ്റ് കുട്ടികള്‍ക്ക് കലാകായിക പ്രവൃത്തിപരിചയ ക്ലാസുകള്‍ നല്‍കി ക്രമീകരിക്കാവുന്നതാണ് എന്ന നിര്‍ദേശവും ഉണ്ട്. മാതൃഭാഷയ്ക് സമയം കുറയാത്ത വിധത്തില്‍ ടൈം ടേബിള്‍ ക്രമീകരിക്കുവാന്‍ പ്രഥമാധ്യാപകര്‍ ശ്രദ്ധിക്കണമെന്നും സൂചിപ്പിക്കുന്നു. 40 മിനിറ്റ് , 35 മിനിറ്റ്, 30 മിനിറ്റ് എന്നിങ്ങനെ സമയദൈര്‍ഘ്യമുള്ള പിരീഡുകളാണ് നിര്‍ദ്ദേശിച്ചത്. ആകെ എട്ട് പിരീ‍‍ഡുകള്‍. ആദ്യത്തെ മൂന്ന് പിരീഡുകള്‍ക്ക് 40 മിനിറ്റ് വീതവും അടുത്ത മൂന്ന് പിരീഡുകള്‍ക്ക് 35 മിനിറ്റ് വീതവും തുടര്‍ന്നുള്ളവ മുപ്പത് മിനിറ്റ് വീതവുമാണ്. ഓരോ വിഷയത്തിന്റെയും പരീഡുകളുടെ എണ്ണം പറയുകയും ആകെ ലഭിക്കേണ്ട മണിക്കൂര്‍ പറയാതിരിക്കുകയും ചെയ്തപ്പോള്‍ വിദ്യാലയങ്ങളില്‍ ഓരോ വിഷയത്തിനും ലഭിക്കുന്ന പഠനമണിക്കൂര്‍ പലതായി. മാതൃക ടൈംടേബിള്‍ തയ്യാറാക്കിക്കൊടുക്കാന്‍ ഔദ്യോഗികസംവിധാനം ശ്രമിച്ചുമില്ല.

2024 ല്‍ പരിഷ്കരിച്ച പാഠപുസ്തകം വിനിമയം ചെയ്ത അധ്യാപകര്‍ സമയം തികയുന്നില്ല എന്ന പരാതി ഉന്നയിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ലഭ്യമായ സമയത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി ഈ പഠനം ഏറ്റെടുക്കുന്നത്.

പഠനലക്ഷ്യങ്ങള്‍

  1. ഒന്നാം ക്ലാസില്‍ പ്രതിദിനം എത്ര പിരീഡ് കേരളപാഠാവലിയുടെ വിനിമയത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തുക

  2. ഹൈസ്കൂളിനോട് ചേര്‍ന്നുള്ളതും അല്ലാത്തതുമായ ഒന്നാം ക്ലാസുകളിലെ പിരീഡ് ലഭ്യത താരതമ്യം ചെയ്യുക

  3. പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുക.

പഠനത്തിന്റെ പരിമിതികള്‍

2024-25 വര്‍ഷം ഒന്നാം ക്ലാസിലേക്ക് തയ്യാറാക്കിയ വര്‍ക്ക് ബുക്ക് സ്കൂള്‍ തുറന്ന് ഒരു മാസം വൈകിയാണ് വിദ്യാലയങ്ങളില്‍ എത്തിയത്. പ്രതികൂല കാലാവസ്ഥ രണ്ടാഴ്ചത്തെ അധ്യയനത്തെ ബാധിച്ചു. ദിനാചരണങ്ങള്‍, മേളകള്‍ തുടങ്ങിയവയ്കും പഠനസമയം വിനിയോഗിച്ചിട്ടുണ്ട്. പാഠങ്ങളുടെ എണ്ണം, പ്രവര്‍ത്തനങ്ങളുടെ എണ്ണം എന്നിവയും സ്വാധീനഘടകങ്ങളാണ്. ഈ പഠനത്തില്‍ അവ പരിഗണിച്ചിട്ടില്ല.

സാമ്പിള്‍

ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന 1194 അധ്യാപകരില്‍ നിന്നാണ് വിവരം ശേഖരിച്ചത്. അതില്‍ 87 അധ്യാപകര്‍ ഹൈസ്കൂളിനോട് അനുബന്ധിച്ചുള്ള ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നവരാണ്. ഒന്നാം ക്ലാസിലെ ഒന്നഴക് അധ്യാപകക്കൂട്ടായ്മയില്‍ ചോദ്യങ്ങള്‍ നല്‍കിയാണ് വിവരശേഖരണം നടത്തിയത്.

ദത്ത വിശകലനം

ഒന്നാം ക്ലാസില്‍ ക്ലാസ് ടീച്ചര്‍ സിസ്റ്റം ആണ് പൊതുവേ നടപ്പിലാക്കിവരുന്നത്. ഒരു ടീച്ചര്‍ തന്നെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനാല്‍ ചില വിദ്യാലയങ്ങളില്‍ പ്രത്യേകം ടൈം ടേബിള്‍ തയ്യാറാക്കാറില്ല. അത് സംബന്ധിച്ച വിവരവും ശേഖരിക്കുന്നതിന് തീരുമാനിച്ചു. കേരളപാഠാവലിക്ക് ആഴ്ചയില്‍ 24 പിരീഡുകള്‍ എന്നത് അടിസ്ഥാനമാക്കി ഒരു ദിവസത്തെ പിരീഡുകള്‍ കണക്കാക്കിയാല്‍ അഞ്ച് പരീഡ് വീതം നാല് ദിവസവും ഒരു ദിവസം നാല് പിരീഡും ലഭിക്കേണ്ടതുണ്ട്. ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍ എത്രയാണ്? എന്ന മുഖ്യ ചോദ്യത്തിന് രണ്ട്, മൂന്ന്, നാല്, അഞ്ച്, ടൈം ടേബിളില്ല എന്നിങ്ങനെ അഞ്ച് പ്രതികരണങ്ങളില്‍ ബാധകമായ ഒന്ന് തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്. പന്ത്രണ്ട് ഒന്നഴക് ഗ്രൂപ്പുകളിലെയും എച് എസിനോട് അനുബന്ധിച്ചുള്ള ഒന്നാം ക്ലാസുകളിലെയും അവസ്ഥയാണ് ചുവടെ പട്ടികയിലുള്ളത്.

പട്ടിക 1. ഹൈസ്കൂളിനോട് ചേര്‍ന്ന ഒന്നാം ക്ലാസുകളിലെ പിരീഡ് ലഭ്യത

വിദ്യാലയങ്ങള്‍

ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍

TOTAL

രണ്ട്

മൂന്ന്

നാല്

അഞ്ച്

ടൈം ടേബിളില്ല

ആകെ

33

43

11

0

0

87

%

38%

49%

13%

0

0

100

13% വിദ്യാലയങ്ങളില്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്നതിനോടടുത്ത് പിരീഡുകള്‍ കേരള പാഠാവലിയുടെ വിനിമയത്തിന് ലഭിക്കുന്നത്.

പട്ടിക 2 പ്രൈമറി മാത്രമുള്ള വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകളിലെ പിരീഡ് ലഭ്യത

വിദ്യാലയങ്ങള്‍

ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍

TOTAL

രണ്ട്

മൂന്ന്

നാല്

അഞ്ച്

ടൈം ടേബിളില്ല

ആകെ

810

242

42

4

9

1107

%

73

22

4

0.4

0.6

100

പ്രൈമറി മാത്രമുള്ള വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിനോടടുത്ത് പിരീഡുകള്‍ ലഭിക്കുന്നവ അഞ്ച് ശതമാനം മാത്രം. ബഹുഭൂരിപക്ഷം (73%) വിദ്യാലയങ്ങളിലും രണ്ട് പിരീഡാണ് ലഭിക്കുന്നത്.

പട്ടിക 3 ഹൈസ്കൂളിനോട് ചേര്‍ന്നുള്ളതും അല്ലാത്തതുമായ ഒന്നാം ക്ലാസുകളിലെ പിരീഡ് ലഭ്യത

വിദ്യാലയങ്ങള്‍

ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍

TOTAL

രണ്ട്

മൂന്ന്

നാല്

അഞ്ച്

ടൈം ടേബിളില്ല

ആകെ

843

285

53

4

9

1194

%

70

25

4

0.4

0.6

100

  • കേരളപാഠാവലിക്ക് പ്രതിദിനം രണ്ട് പിരീഡുകളുള്ള വിദ്യാലയങ്ങള്‍ 70% വരും.

  • അതായത് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച ആകെ പിരീഡുകളുടെ 59 ശതമാനം രണ്ട് പിരീഡുള്ള ക്ലാസുകളില്‍ ലഭിക്കാതെ പോകുന്നു. (ആഴ്ചയില്‍ ലഭിക്കേണ്ട ആകെ പിരീഡുകള്‍ 24, പ്രതിദിനം രണ്ട് പിരീഡുള്ള ഒന്നാം ക്ലാസില്‍ ലഭിക്കുന്നത് 10 (41%)

  • മൂന്ന് പിരീഡുകള്‍ ലഭിക്കുന്നിടത്ത് ആകെ പിരീഡുകളുടെ 62.5% ലഭിക്കുന്നു. 25 % വിദ്യാലയങ്ങളിലാണ് മൂന്ന് പിരീഡുകള്‍ പ്രതിദിനം ഉള്ളത്.

  • പ്രതീക്ഷിച്ചത്ര പിരീഡുകള്‍ ലഭിക്കാത്ത അവസ്ഥ പാഠങ്ങള്‍ യഥാസമയം തീരാതിരിക്കുന്നതിന് വഴിയൊരുക്കും

കണ്ടെത്തലുകള്‍

  1. ആഴ്ചയില്‍ 24 പിരീഡുകള്‍ കണക്കാക്കി തയ്യാറാക്കിയ പാഠ്യപദ്ധതിയും പാഠപുസ്തകവും ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് പര്യാപ്തമായ പിരീഡുകള്‍ ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലും ലഭിക്കുന്നില്ല. പാഠങ്ങള്‍ സമയബന്ധിതമായി തീരാത്തതിന് ഇതും ഒരു കാരണമാണ്. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വരും വര്‍ഷവും പ്രതിസന്ധി തുടരും.

  2. പര്യാപ്തമായ സമയം ലഭിക്കാത്ത സാഹചര്യത്തില്‍ കലാ കായിക പ്രവൃത്തി പരിചയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കപ്പെട്ടേക്കാം. ഇത് കുട്ടികളുടെ വികസനാവശ്യങ്ങളെ ബാധിക്കും. ഓരോ ദിവസവും ഇവയിലേതെങ്കിലും വരത്തക്ക വിധം സര്‍ക്കാര്‍ തയ്യാറാക്കിയ വിഷയാടിസ്ഥാന സമയക്രമീകരണത്തെയാണ് ബാധിക്കുക. എല്ലാ ദിവസവും ഈ വിഷയങ്ങള്‍ ഇല്ലാതാകുന്നത് കുട്ടികളുടെ പഠനോത്സാഹത്തെ ബാധിക്കും. മാനസികമായി മുഷിപ്പുണ്ടാക്കും. പഠനത്തെ ബാധിക്കും. അധ്യാപനത്തെയും.

  3. പുതിയ പുസ്തകങ്ങള്‍ വിനിമയം ചെയ്യാന്‍ സമയം തികയുന്നില്ല എന്ന പരാതി ഉടലെടുക്കുന്നതിന് ഒരു കാരണം ശാസ്ത്രീയമായി തയ്യാറാക്കിയ ടൈംടേബിള്‍ ഇല്ലാത്തതാണ്.

  4. രണ്ടോ മൂന്നോ പീരീഡുകള്‍ മാത്രം കേരളപാഠാവലിക്ക് മാറ്റി വെക്കുമ്പോള്‍ ബാക്കി പിരീഡുകള്‍ മറ്റ് വിഷയങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ടാകണം. ഓരോ പാഠപുസ്തകത്തിനും ( ഇംഗ്ലീഷ്, കേരളപാഠാവലി, ഗണിതം) രണ്ട് പിരീഡ് വീതം എന്ന രീതി പിന്തുടരുന്ന നിരവധി വിദ്യാലയങ്ങളുണ്ടാകാം.

  5. ഒരു ദിവസം അഞ്ച് പിരീഡിനുള്ള പ്രവര്‍ത്തനമാണ് കേരളപാഠാവലി നിര്‍ദ്ദേശിക്കുന്നത്. രണ്ട് ദിവസത്തേക്ക് പത്ത് പിരീഡ്. രണ്ട് ദിവസം കൊണ്ട് തീരേണ്ട പാഠങ്ങള്‍ ദിവസം രണ്ട് പിരഡ് മാത്രം ഉപയോഗിക്കുന്നവര്‍ ഒരാഴ്ചകൊണ്ടാകും തീര്‍ക്കുക. ഒരാഴ്ചത്തെ ഇരുപത്തിനാല് പിരീഡ് അവര്‍ക്ക് രണ്ടര ആഴ്ചകൊണ്ടാണ് കിട്ടുക. അതായത് തുടക്കം മുതല്‍ ആഴ്ചകളോളം വൈകി മാത്രമേ പാഠഭാഗങ്ങള്‍ തീരൂ. ഒരു മാസം കഴിയുമ്പോഴേക്കും എന്താകും അവസ്ഥ എന്നു നോക്കാം. നാല് ആഴ്ച ഒരു മാസമുണ്ടെന്ന് കണക്കാക്കിയാല്‍ 24x4=96 പിരീഡ് കിട്ടേണ്ട സ്ഥാനത്ത് നാല്പത് പിരീഡാണ് (4x10) കിട്ടുക.

  6. പാഠ്യപദ്ധതി വിനിമയവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പ്രശ്നം ഫീല്‍ഡില്‍ ഉണ്ടാകുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ടൈംടേബിള്‍ വിദ്യാലയങ്ങളിലുണ്ടാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പാക്കാത്തതിനാലാകണം.

നിര്‍ദ്ദേശങ്ങള്‍

  1. ഓരോ വിഷയത്തിനും പിരീഡുകള്‍ നിര്‍ദ്ദേശിക്കുന്നതോടൊപ്പം ആകെ എത്ര പഠനമണിക്കൂര്‍ ലഭിക്കണമെന്നും സൂചിപ്പിക്കേണ്ടതാണ്.

  2. പ്രാഥമിക ക്ലാസുകളില്‍ മാതൃഭാഷയ്ക് പ്രാധാന്യമുള്ളതിനാല്‍ നാല്പത് മിനിറ്റിന്റെ ആദ്യത്തെ രണ്ട് പിരീഡുകള്‍ മാതൃഭാഷയ്കായി നീക്കി വെക്കാവുന്നതാണ്.

  3. മൂന്നാമത്തെ നാല്പത് മിനിറ്റിന്റെ പിരീഡ് ഗണിതത്തിനായും നിര്‍ദ്ദേശിക്കാവുന്നതാണ്.

  4. മാതൃകാ ടൈം ടേബിള്‍ എല്ലാ ക്ലാസുകളിലെയും അധ്യാപകസഹായിയില്‍ ഉള്‍പ്പെടുത്തുന്നത് 40, 35, 30മിനിറ്റുകള്‍ വീതം പിരീഡ് സംവിധാനം നിലനില്‍ക്കുമ്പോള്‍ ഏകീകൃത രീതി കൊണ്ടുവരാന്‍ സഹായിക്കും.

  5. ഒരു വിഷയത്തിന് നിര്‍ദ്ദേശിച്ച പിരീഡുകള്‍ യാതൊരു കാരണവശാലും മറ്റ് വിഷയങ്ങള്‍ക്കായി വകമാറ്റരുത്. പ്രത്യേകിച്ചും കലാ കായിക പ്രവൃത്തി പരിചയ പിരീഡുകള്‍.

  6. ജൂണ്‍മാസം ടൈംടേബില്‍ തയ്യാറാക്കണമെന്ന് നിര്‍ദേശമുണ്ട്. ടൈം ടേബിളിന്റെ പകര്‍പ്പ് ഉപജില്ലാ ഓഫീസറുടെ പരിഗണനയ്കായി സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കാവുന്നതാണ്.

അനുബന്ധം

വിദ്യാലയങ്ങള്‍

ഒരു ദിവസം കേരളപാഠാവലിക്ക് ലഭിക്കുന്ന പിരീഡുകള്‍

TOTAL

രണ്ട്

മൂന്ന്

നാല്

അഞ്ച്

ടൈം ടേബിളില്ല

ഗ്രൂപ്പ് 1

119

20

1

0

1

141

ഗ്രൂപ്പ് 2

69

27

6

0

4

106

ഗ്രൂപ്പ് 3

64

27

7

0

0

98

ഗ്രൂപ്പ് 4

83

21

3

0

0

107

ഗ്രൂപ്പ് 5

54

27

7

1

1

9 0

ഗ്രൂപ്പ് 6

48

40

3

0

3

94

ഗ്രൂപ്പ് 7

107

31

2

1

0

141

ഗ്രൂപ്പ് 8

69

16

1

0

0

86

ഗ്രൂപ്പ് 9

50

9

5

1

0

65

ഗ്രൂപ്പ് 10

61

16

3

1

0

81

ഗ്രൂപ്പ് 11

39

5

4

0

0

48

ഗ്രൂപ്പ് 12

47

3

0

0

0

50


810

242

42

4

9

1107