ക്ലാസ് : ഒന്ന്
യൂണിറ്റ് : 3
പാഠത്തിൻ്റെ പേര് : മാനത്ത് പട്ടം
ടീച്ചറുടെ പേര് : വനജ .പി
കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ : .......
തീയതി : ..…../ 2025
പിരീഡ് 1, 2 |
പ്രവർത്തനം - ആർപ്പോ ഇർറോ (വായന, എഴുത്ത്)
പഠനലക്ഷ്യങ്ങള്‍ .
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നു
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 40+40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍- പാഠപുസ്തകം
പരിചയപ്പെടുത്തുന്ന അക്ഷരങ്ങള്‍- ര്‍, പ്പ
പ്രക്രിയാവിശദാംശങ്ങള്‍-
വായനപാഠം വായിക്കല്‍
മുന്‍ ദിവസം നല്കിയ വായനപാഠം പഠനക്കൂട്ടത്തില്‍ വായിച്ച ശേഷം ഓരോ പഠനക്കൂട്ടവും അവതരിപ്പിക്കുന്നു. ഒരാള്‍ ഒരു വാക്യം വീതം.
ആര്‍പ്പോ ഇര്‍റോ
പാട്ട് ഒത്തു പാടുന്നു
ആർപ്പോ ഇർറോ എന്ന തലക്കെട്ട് ബോര്‍ഡില്‍ എഴുതുന്നു ( ര്‍ അവതരിപ്പിക്കുകയാണ്, പ്പ യും. പ്പ എഴുതുമ്പോള്‍ രണ്ടാമത്തെ പ താഴെയാണ്. )
കുട്ടികളുടെ എഴുത്ത്
പാഠപുസ്തകത്തിലെ ആദ്യത്തെ നാലുവരികള്‍ നോക്കൂ. ഒന്നാം വരിയിലെ ആർപ്പോ എന്ന ആദ്യ വാക്ക് ടീച്ചറെഴുതി, ബാക്കി രണ്ട് വരിയില്‍ ആര്‍പ്പോ ഇര്‍റോ. ആര്‍പ്പോ ഇര്‍റോ എന്ന് നിങ്ങള്‍ തനിയെ എഴുതണം
തെളിവെടുത്ത് എഴുതല്‍
ആവശ്യമെങ്കില്‍ സന്നദ്ധയെഴുത്ത് അനുവദിക്കണം. അതിന് ശേഷം മതി തെളിവെടുത്തെഴുത്ത്
പിന്തുണാനടത്തവും വ്യക്തിഗത പിന്തുണയും
വാക്കകലം പാലിക്കുന്നുണ്ടോ?
ർ, പ്പ എന്നിവയുടെ ഘടന പാലിക്കുന്നുണ്ടോ?.
ടീച്ചറെഴുത്ത്
ടീച്ചർ ബോർഡില്‍ ഒന്നു കൂടി എഴുതിക്കാണിക്കണം
പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തിയെഴുത്ത്
പരസ്പരം പരിശോധിച്ച് ശരി നൽകൽ
പാഠപുസ്തകത്തിലെ പാട്ട് പൂർണമാക്കിയാല്‍ പരസ്പരം പരിശോധിച്ച് ഓരോ അക്ഷരത്തിനും ശരി നല്‍കണം
വായന
കണ്ടെത്തല്‍ വായന (വാക്യങ്ങൾ)
ആർപ്പോ ഇർറോ എന്ന വരി എത്രതവണയുണ്ട്?
കണ്ടെത്തല്‍ വായന (വാക്കുകൾ)
ഇർറോ ആണോ ആർപ്പോ ആണോ കൂടുതല്‍?
ആർപ്പോ എന്നെഴുതിയതിനു ചുറ്റും വട്ടം വരയ്കാമോ?
കണ്ടെത്തല്‍ വായന (ഊന്നൽ നൽകുന്ന അക്ഷരമുള്ള വരികൾ, വാക്കുകൾ, അക്ഷരങ്ങള്‍)
പ്പോ, റോ എന്നിവ എവിടെല്ലാം ഉണ്ട്?
ര്‍ എത്രതവണയുണ്ട്?
ക്രമത്തില്‍ വായിക്കല്‍
രണ്ടു വരി വീതം ടീമുകളായി വായിക്കല്‍
പറയുന്ന ക്രമത്തിൽ വാക്യങ്ങൾ വായിക്കൽ
അവസാനത്തെ മൂന്നു വരി
പ്രതിദിന വായനാപാഠം
ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു. പഠനക്കൂട്ടങ്ങളില്‍ വായിച്ച് താളത്തില്‍ ഓരോ പഠനക്കൂട്ടവും അവതരിപ്പിക്കുന്നു.
ആര്‍പ്പോ ഇര്‍റോ
ആര്‍പ്പോ ഇര്‍റോ
താളത്തില്‍ പാട്ട് പാടി
ആടി വരൂ കൂട്ടരേ
മേളത്തില്‍ ചെണ്ട കൊട്ടി
താളമിടൂ കൂട്ടരേ
ആര്‍പ്പോ ഇര്‍റോ
ആര്‍പ്പോ ഇര്‍റോ
എഡിറ്റിംഗ്
പാഠപുസ്തം അടച്ചുവെക്കുന്നു. ടീമായി വന്ന് പാട്ടിന്റെ വരികള്‍ തുടര്‍ച്ചയായി എഴുതണം. എഴുതാന്‍ പറ്റുന്നില്ലെങ്കില്‍ അറിയാവുന്ന വരി എഴുതണം.
എല്ലാവരികളും പൂര്‍ത്തിയായ ശേഷം എഡിറ്റിംഗ് നടത്തണം.
വിലയിരുത്തല്‍
പ്രതിദിനവായനപാഠം ചൊല്ലി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടവരെത്രപേര്?
വായനപ്രക്രിയയില് കൂടുതല്‍ സഹായം വേണ്ടിവന്ന ഘട്ടം ഏത്?
കുട്ടികള്‍ ആശയത്തില്‍ നിന്നും അക്ഷരം കണ്ടെത്തലിലേക്ക് വരുന്നുണ്ടോ?
ആവര്‍ത്തിച്ചു വരുന്ന വാക്കുകളും അക്ഷരങ്ങളും കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടോ?
വായനയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ എന്തു തന്ത്രമാണ് സ്വീകരിച്ചത്?
കൂടുതല്‍ പിന്തുണ വേണ്ട കുട്ടികളുണ്ടോ?
പിരീഡ് 3 |
പ്രവര്‍ത്തനം - മൈമിംഗ് അരങ്ങ്
പഠനലക്ഷ്യങ്ങള്‍.
തീമിനെ അടിസ്ഥാനമാക്കി വിവിധ സന്ദര്‍ഭങ്ങളും സംഭവങ്ങളും സംഘം ചേർന്ന് ആസൂത്രണം നടത്തി ചമഞ്ഞുകളി, പാവനാടകം, മൈമിംഗ് തുടങ്ങിയവയിലൂടെ ആവിഷ്കരിക്കുന്നു.
പ്രതീക്ഷിത സമയം - 30 മിനുട്ട്
പ്രക്രിയാവിശദാംശങ്ങള്‍-
ഘട്ടം ഒന്ന് 5 മിനുട്ട്
പാട്ട് ഒത്തുപാടുന്നു
അപ്പം ചുട്ട്,
അടയും ചുട്ട്,
ഇലയും വാട്ടി,
പൊതിയും കെട്ടി
പടിയും കടന്ന്
അതിലേ പോയ്
ഇതിലേ പോയ്
കിളി കിളി കിക്കിളി
ഘട്ടം രണ്ട് 10 മിനുട്ട്
രണ്ടുപേര്‍ ചേര്‍ന്ന് അപ്പോം ചുട്ട് എന്ന കളി നടത്തുന്നു
ആ സമയം ടീച്ചര്‍ പാട്ട് പാടിക്കൊടുക്കണം
ഘട്ടം മൂന്ന് 10 മിനുട്ട്
അപ്പം ചുടല്, അട ചുടല്, ഇല വാട്ടല്‍, പൊതി കെട്ടല്‍ എന്നിവ ഓരോ പാഠനക്കൂട്ടവും മൈം ചെയ്യുന്നു. ആവശ്യമായ സഹായം നല്‍കാം.
ഘട്ടം നാല് 5 മിനുട്ട്
പരസ്പര വിലയിരുത്തൽ
പ്രതീക്ഷിത ഉല്പന്നം- മൈം ചെയ്യുന്നതിന്റെ വീഡിയോ
വിലയിരുത്തല്‍
മൈമിംഗിന് മാതൃക ആവശ്യമായി വന്നോ?
കുട്ടികള്‍ മൈം ചെയ്യുന്ന രീതി മനസ്സിലാക്കിയോ?
മൈം ചെയ്യുമ്പോള്‍ ആശയം വ്യക്തമാകാതെ പോയ ഗ്രൂപ്പുകളുണ്ടോ?
അവര്‍ക്ക് എന്ത് സഹായമാണ് നല്‍കിയത്?
പിരീഡ് 4 |
പ്രവര്‍ത്തനം - അപ്പം ചുട്ട് (എഴുത്ത്)
പഠനലക്ഷ്യങ്ങള്‍.
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലെ വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നു
പ്രതീക്ഷിത സമയം - 35 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍- പാഠപുസ്തകം
ഊന്നല്‍ നല്കുന്ന ചിഹ്നങ്ങള്‍- ഓ, ഏ എന്നീ സ്വരങ്ങളുടെ ചിഹ്നം (അതിലേ പോയ് എന്ന വാക്യത്തിലെ ഏയുടെ ചിഹ്നവുമായി താരതമ്യം ചെയ്ത് വ്യത്യാസം ബോധ്യപ്പെടണം)
പ്രക്രിയാവിശദാംശങ്ങള്‍:
ഘട്ടം ഒന്ന് 5 മിനുട്ട്
അപ്പം ചുട്ട് വീണ്ടും കളിക്കല്. കിളികിളി കിക്കിളി എന്നത് അവസാനം രണ്ടു തവണ പറയണം
ഘട്ടം രണ്ട് 5 മിനുട്ട്
കളിക്ക് ശേഷം പാട്ട് ഓരോരോ വരികളായി പറയിക്കല്
ഘട്ടം മൂന്ന് 15 മിനുട്ട്
പഠനക്കൂട്ടങ്ങളായി ഇരുന്ന പാഠപുസ്തകത്തിലെ പേജ് 19 പൂരിപ്പിക്കണം
തെളിവെടുത്തെഴുത്ത് നടത്തണം.(ചുട്ട്, വാട്ടി, പോയി)
തനിച്ചെഴുത്തും സഹായത്തോടെയെഴുത്തും ( ഇലയും, കെട്ടി, ഇതിലേ)
ഘട്ടം നാല് 10 മിനുട്ട്
പിന്തുണ നടത്തവും അംഗീകാരം നല്‍കലും
ഓരോ പഠനക്കൂട്ടത്തിലും പിന്തുണ നടത്തം.
അംഗീകാരം നല്കല്
യ, ട്ട, പ്പ എന്നിവയുടെ ഘടന പാലിച്ചവര്‍ ( ആവശ്യമെങ്കില്‍ കട്ടിക്കെഴുത്ത്)
മൊത്തം ശരിയായി എഴുതിയാല്‍,
തെളിവെടുത്തെഴുതിയത് ശരിയായാല്‍,
ടീച്ചറുടെ പിന്തുണ സ്വീകരിച്ച് ശരിയാക്കി എഴുതിയാല്‍,
പൊരുത്തപ്പെടുത്തി എഴുതി ശരിയാക്കിയാല്‍
ചിഹ്നങ്ങള്‍ ശരിയായി എഴുതിയാല്‍
.പ്രതീക്ഷിത ഉല്പന്നം- പാഠപുസ്തകത്തിലെ രേഖപ്പെടുത്തല്‍
വിലയിരുത്തല്‍
പിന്തുണനടത്തത്തില് എത്രപേര്‍ക്ക് സഹായം വേണ്ടിവന്നു?
കട്ടിക്കെഴുത്ത് പ്രയോജനം ചെയ്തുവോ?
സമയബന്ധിതമായി പ്രവര്‍ത്തനം തീര്‍ക്കുന്നതിന് കഴിഞ്ഞുവോ? എത്ര സമയം വേണ്ടി വന്നു?
പിന്തുണനടത്തവേളയില് ശരിയായി എഴുതിയവര്‍ക്ക് അംഗീകാരം നല്‍കിയോ?
പാഠപുസ്തകവുമായി ഒത്തുനോക്കി ശരിനല്കല് പ്രവര്‍ത്തനം ഫലപ്രദമായിരുന്നോ?
പ്രതിദിന വായനപാഠം ( അടുത്ത ദിവസം ചോദ്യോത്തരപ്പാട്ടായി ക്ലാസില്‍ കളിക്കുകയും വേണം)
നിങ്ങളുണ്ടോ നിങ്ങളുണ്ടോ
അപ്പം ചുട്ടു കളിക്കാന്‍?
ഞങ്ങളുണ്ടേ ഞങ്ങളുണ്ടേ
അപ്പം ചുട്ടു കളിക്കാന്‍.
നിങ്ങളുണ്ടോ നിങ്ങളുണ്ടോ
മാല കോര്‍ത്ത് രസിക്കാന്‍?
ഞങ്ങളുണ്ടേ ഞങ്ങളുണ്ടേ
മാല കോര്‍ത്ത് കളിക്കാന്‍
നിങ്ങളുണ്ടോ നിങ്ങളുണ്ടോ
പട്ടം പറത്തി കളിക്കാന്‍?
ഞങ്ങളുണ്ടേ ഞങ്ങളുണ്ടേ
പട്ടം പറത്തി കളിക്കാന്‍
നിങ്ങളുണ്ടോ നിങ്ങളുണ്ടോ
തൊട്ടേ പിടിച്ചേ കളിക്കാന്‍?
ഞങ്ങളുണ്ടേ ഞങ്ങളുണ്ടേ
തൊട്ടേ പിടിച്ചേ കളിക്കാന്‍?