Pages

Thursday, June 4, 2026

വായനപാഠം എന്തിന്?

 പ്രിയ രക്ഷിതാവേ,

ഇന്ന് പ്രതിദിന വായനപാഠത്തെക്കുറിച്ച് പറയാം. 

ഓരോ ദിവസവും ടീച്ചര്‍ പുതിയ അക്ഷരങ്ങള്‍ പരിചയപ്പെടുത്തും.  ആദ്യം പരിചയപ്പെടുത്തുന്നത് 

തന തന തന തന, 

തന തന താന

പട പട പട പട

പട പട പറവ

എന്നീ വരികളാണ്. നോക്കൂ  അക്ഷരങ്ങള്‍ ഓരോന്നും എത്ര തവണ ആവര്‍ത്തിച്ചുവെന്ന്? ത (7), ന (7),  പ (7), ട (7) , വ (1) . നയും തയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സഹായകമാണ് തന എന്ന വാക്ക്. പറവയിലെ പ, വ എന്നിവയും രൂപസാമ്യമുള്ളതാണ്. അവയും ഒരു വാക്കില്‍ത്തന്നെ നല്‍കി. രണ്ടക്ഷരമുള്ള ചെറിയ വാക്കുകള്‍, താളാത്മകമാണ് വരികളും. ചൊല്ലി നോക്കൂ.

ഇത് പരിയപ്പെടുത്തുന്ന ദിവസം പരിചയപ്പെട്ട അക്ഷരങ്ങള്‍ പുതിയ സാഹചര്യത്തില്‍ കണ്ടെത്താനും തിരിച്ചറിയാനും തനിയെ വായിക്കാനും വേണ്ടി നല്‍കുന്നതാണ് വായനപാഠം. ഒന്നമത്തെ വായനപാഠം നോക്കൂ 

 പറ പറ പറവ എന്നാണ് ഒരു പുതിയ വരി. ക്ലാസില്‍ വച്ച് അങ്ങനെ ഒരു വാക്യം പരിചയപ്പെട്ടിട്ടില്ല. കുട്ടി റ പരിചയപ്പെട്ടു. പ പരിചയപ്പെട്ടു. ഈ ധാരണ വച്ച് പറ പറ പറവ എന്ന് വായിക്കണം. തുടക്കത്തില്‍ ചെറിയ കൈത്താങ്ങ് ആകാം. ക്ലാസില്‍ പഠിച്ച പാഠത്തില്‍ തന തന നാല് തവണ ഒന്നാം വരിയിലുണ്ടെങ്കില്‍ ഇവിടെ മൂന്നേ ഉള്ളൂ. യാന്ത്രികമായി കാണാതെ പഠിച്ച് വായിക്കുന്ന രീതി നിരുത്സാഹപ്പെടുത്തി അക്ഷരബോധ്യത്തോടെ വായിക്കാനാണ്  വ്യത്യാസപ്പെടുത്തിയിരിക്കുന്നത്.

വായനപാഠങ്ങള്‍ ടീച്ചര്‍ വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കിടുക. അത് രക്ഷിതാവും കുട്ടിയും ഒന്നിച്ചിരുന്ന് കാണണം. ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് നന്ന്.  വായനപാഠത്തിലെ ചിത്രത്തില്‍ എന്താണ് കാണുന്നതെന്ന് ചോദിക്കണംയ കുട്ടി പറയട്ടെ. അതിന് ശേഷം ഒരേ പോലെ ആവര്‍ത്തിക്കുന്ന വാക്കുകള്‍ ഏതെല്ലാമാണെന്നും എത്രവീതണുണ്ടെന്നും കണ്ടെത്തിപ്പിക്കാം. അതിന് ശേഷം ചിത്രം നോക്കി ആരെക്കുറിച്ചാണ്? എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് ചോദിക്കാം. ഒന്നാം വായനപാഠത്തില്‍ പറവ. പറവ എന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്? കണ്ടെത്താമോ? എന്ന് ചോദിക്കണം. ആദ്യത്തെ രണ്ട് വരി ചൊല്ലാനും അവസരം നല്‍കണം. പിന്നെ മൂന്നും നാലും വരി ചൊല്ലിക്കണം.

തുടര്‍ന്ന് നിര്‍ദേശിക്കുന്ന അക്ഷരമുള്ള വാക്കോ വരിയോ കണ്ടെത്തട്ടെ. കുട്ടി കൂട്ടി വായിക്കാന്‍ പഠിക്കുകയാണ്. അപ്പോള്‍ ശകാരിക്കുകയോ കുറ്റം പറയുകയോ ചെയ്യരുത്. വായനതാല്പര്യം കുറയും. പ്രോത്സാഹിപ്പിക്കണം. നേരത്തെ ആ അക്ഷരം പഠിച്ചതല്ലേ? ഈ അക്ഷരം പ്രീപ്രൈമറിയില്‍ പഠിച്ചതല്ലേ എന്നൊന്നും ചോദിച്ച് കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കരുത്.  കുട്ടി സഹായത്തോടെ വായിക്കുന്നതില്‍ തെറ്റില്ല. ഏറ്റുവായന രീതി വേണ്ട. സംയുക്ത വായനമതി. കുട്ടിക്ക് വായനയില്‍ തടസ്സം വരുമ്പോള്‍ മാത്രം സഹായം. 

മൊബൈലില്‍ കൂടുതല്‍ സമയം നോക്കുന്നത് കണ്ണിന് പ്രശ്നമുണ്ടാക്കും. അതിനാല്‍ ഒരു ബുക്കില്‍ രക്ഷിതാവിന് വായനപാഠം വടിവില്‍ എഴുതി നല്‍കാം. അറിയാവുന്നതുപോലെ ചിത്രവും വരയ്കാം. ( വായനപാഠങ്ങളെല്ലാം ഒന്നിച്ച് നല്‍കരുത്. ഓരോ ദിവസവും ലഭിക്കുന്നത് മാത്രം പരിഗണിക്കുക) വായനപാഠങ്ങളെല്ലാം പി ഡി എഫാക്കി ഒരു ഫയലില്‍ നല്‍കുന്ന രീതി ശരിയല്ല.  

കുട്ടി വീട്ടില്‍ വായനപാഠം വായിക്കുന്നത് മൊബൈലില്‍ വിഡിയോ പിടിച്ച് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിടുന്നതും മറ്റു കുട്ടികള്‍ ഇടുന്നത് ലൈക്ക് ചെയ്യുന്നതും വായനതാല്പര്യം വര്‍ധിപ്പിക്കും.

നോക്കൂ, പാഠപുസ്കത്തിലെ വരികളേക്കാള്‍ ഏത്രയോ കൂടുതല്‍ വാക്യങ്ങളും വാക്കുകളും വായനപാഠത്തിലൂടെ കുട്ടി പരിചയപ്പെടുന്നു. അക്ഷരം നല്‍കി വാക്കുണ്ടാക്കുന്ന രീതിയേക്കാള്‍ നല്ലത് ആകര്‍ഷകമായ ഇത്തരം വായനപാഠങ്ങള്‍ ഉപയോഗിക്കലാണ്

എല്ലാ വായനപാഠങ്ങളും വായിക്കൂ, 















 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി