29-Jul-2011
കൊച്ചി: സ്കൂളുകളില്‍ ഇ-ടോയ്ലറ്റ് എന്ന ആധുനിക കക്കൂസ്സംവിധാനം എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ വെള്ളിയാഴ്ച നിലവില്‍വരും.
- സ്കൂളുകളില്‍ ഇത്തരമൊന്ന് ഇന്ത്യയില്‍ത്തന്നെ ഇതാദ്യം.
- പി രാജീവ് എംപി ആവിഷ്കരിച്ച ശുചി അറ്റ് സ്കൂള്‍ പദ്ധതി പ്രകാരമുള്ളതാണ് സംവിധാനം. തന്റെ പ്രാദേശികവികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ച് ജില്ലയിലെ 25 സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ യൂണിറ്റിനാണ് തുടക്കമാകുന്നത്..
- പതിവുരീതിയില്‍നിന്നു വിട്ട്, സ്കൂള്‍ മുറ്റത്തുതന്നെയാണ് അഞ്ച് കക്കൂസുകള്‍ ക്രമീകരിച്ച ഇ-ടോയ്ലറ്റ് സജ്ജമാക്കിയിട്ടുള്ളത്.
- വീടുകളിലെന്നപോലെ വെടിപ്പായി, ഭംഗിയുള്ള തറയില്‍ ലോഹതകിടിലും ആധുനിക മേല്‍ക്കൂര തകിടിലുമാണ് ഏഴടി ഉയരവും മൂന്നടി സമചതുരവുമുള്ള കക്കൂസ് ഓരോന്നും. പുറം അത്യാകര്‍ഷകമായ വര്‍ണപ്പകിട്ടില്‍ . വാതിലില്‍ ശുചിത്വബോധം ഉളവാക്കുന്ന കൗതുകകരമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രീകരണം.
- പുറത്ത് ഭംഗിയുള്ള പച്ചവെളിച്ചം ഉണ്ടെങ്കില്‍ അകത്ത് ആളില്ല എന്നര്‍ഥം. ആള്‍ അകത്തുകയറി കതകടച്ചാല്‍ പുറത്ത് ചുവന്നവെട്ടം താനേ തെളിയും. ബട്ടണ്‍ അമര്‍ത്തിയാല്‍ കതകു തുറക്കും. ആള്‍ അകത്തുണ്ടെങ്കില്‍ കതകു തുറക്കില്ല.
- അകം അതീവഭംഗിയും ആധുനിക സംവിധാനത്തോടെയും അത്യാകര്‍ഷകം.
- വൃത്തിയാക്കാനുള്ള സംവിധാനം സ്വയം പ്രവര്‍ത്തിച്ചുകൊള്ളും. ക്ലോസറ്റ് മാത്രമല്ല, തറയിലെയും. 10 പേര്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ തറയാകെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വൃത്തിയാകും. ഉപയോഗത്തിന്റെ സമയം അനുസരിച്ചാണ് ഫ്ളഷ്ചെയ്യുന്ന വെള്ളത്തിന്റെ അളവിന്റെ ക്രമീകരണം.
- പെണ്‍കുട്ടികള്‍ക്കുള്ള ടോയ്ലറ്റില്‍ നാപ്കിന്‍ , ഇന്‍സിനറേറ്ററുകളിലൂടെ കത്തിച്ചുകളയാന്‍ കഴിയും.
- ടോയ്ലറ്റ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പൂട്ടിയിടാം. സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന മൊബൈല്‍ ഫോണില്‍നിന്ന് എസ്എംഎസ് അയച്ചാല്‍മതി. ഈ സമയം അകത്ത് ആളുണ്ടായാലും പ്രശ്നമില്ല. തുറക്കാന്‍ അകത്ത് പ്രത്യേക ബട്ടണ്‍ അമര്‍ത്തിയാല്‍മതിയാകും.
- ചുരുക്കത്തില്‍ അങ്ങേയറ്റം കാര്യക്ഷമം, കൗതുകകരം. കേരളത്തില്‍ ഒരിടത്തും ഇങ്ങനെ വേറെയില്ല. നാണയത്തുട്ടിട്ട് ഉപയോഗിക്കുന്ന ഏകദേശ മാതൃക ഡല്‍ഹിയില്‍ ചുരുക്കമായുണ്ട്. സ്കൂളുകളില്‍ ഇന്ത്യയില്‍ത്തന്നെ ഇതാദ്യമാണെന്ന് പി രാജീവ് വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
- തിരുവനന്തരപുരം ടെക്നോ പാര്‍ക്കിലെ ഇറാം സയന്റിഫിക് സൊലൂഷ്യനാണ് ഇ-ടോയ്ലറ്റ് രൂപകല്‍പ്പനചെയ്തത്. കെല്‍ട്രോണിന്റെ സാങ്കേതികസഹായവും. ടോയ്ലറ്റിന്റെ പ്രവര്‍ത്തനം ഇറാം സയന്റിഫിക് സൊല്യൂഷന്‍ ഡയറക്ടര്‍ മനോഹരന്‍ പ്രദര്‍ശിപ്പിച്ചു.
- ജില്ലയിലെ സര്‍ക്കാര്‍ -എയ്ഡഡ് മേഖലയിലെ മറ്റ് 24 സ്കൂളുകളില്‍ക്കൂടി ഒരുമാസത്തിനകം ഇ-ടോയ്ലറ്റ് നിലവില്‍വരുമെന്ന് രാജീവ് പറഞ്ഞു.
- ഒരു യൂണിറ്റിന് ഒന്നരലക്ഷം രൂപ ചെലവുവരും. മൊത്തം ഒന്നരക്കോടി രൂപ ചെലവ്. കൊച്ചി റിഫൈനറി ഈ പദ്ധതിയുമായി സഹകരിക്കുന്നു.
- കുട്ടികളില്‍ ശുചിത്വംബോധം വളര്‍ത്തുന്നതിന് ശുചി അറ്റ് സ്കൂള്‍ പരിപാടി വലിയ പ്രാധാന്യം നല്‍കുന്നു.
- ഈ വര്‍ഷം ശുചിത്വത്തില്‍ ഏറ്റവും മികച്ച സ്കൂളിന് അരലക്ഷം രൂപ സമ്മാനം നല്‍കും.
- കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുംവിധമുള്ള അനിമേഷന്‍ കഥാപാത്രങ്ങള്‍ ( പൂച്ച, കാക്ക, തവള, മണ്ണിര) ടോയ്ലറ്റിന്റെ കതകില്‍ ചിത്രീകരിച്ചിട്ടുണ്ട്. അവയ്ക്ക് രൂപംനല്‍കിയ കുട്ടികള്‍ക്ക് ഉദ്ഘാടനച്ചടങ്ങില്‍ സമ്മാനം നല്‍കും.
- എംപി എന്ന നിലയില്‍ തന്റെ പ്രാദേശികവികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ചാണ് പി രാജീവ് ശുചി അറ്റ് സ്കൂള്‍ എന്ന പദ്ധതിക്ക് രൂപംനല്‍കിയത്. ജില്ലയിലെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ വൃത്തിയുള്ള കക്കൂസുകള്‍ സജ്ജീകരിക്കാനും കുട്ടികളില്‍ ശുചിത്വ അവബോധം വളര്‍ത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങളില്‍ സമഗ്ര സുസ്ഥിര ശുചിത്വസംവിധാനം ഉറപ്പുവരുത്തുകയാണ് പരിപാടിയുടെ ആത്യന്തികലക്ഷ്യം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍വഴി അപേക്ഷ ക്ഷണിക്കുകയും അതില്‍നിന്ന് എട്ട് സര്‍ക്കാര്‍ ഹൈസ്കൂളുകളും 17 എയ്ഡഡ് സ്കൂളുകളും തെരഞ്ഞെടുക്കുകയുംചെയ്തെന്ന് രാജീവ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി എംപി ഫണ്ട് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
- . സാമൂഹ്യപ്രതിബദ്ധത കാട്ടുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ച് എംപി ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്ന രീതിയാണ് നടപ്പാക്കുന്നത്.
- പകല്‍ 11നു ചേരുന്ന ചടങ്ങില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്കൂള്‍ മുറ്റത്തു ചേരുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷനാകും. പി രാജീവ് ആമുഖ പ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എംഎല്‍എ, കലക്ടര്‍ ഷേഖ് പരീത്, ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ്, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ നന്ദകുമാര്‍ , സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി എ സക്കീര്‍ഹുസൈന്‍ , റിഫൈനറി എച്ച്ആര്‍ ജനറല്‍ മാനേജര്‍ എം വി ഗോവിന്ദരാജന്‍ എന്നിവര്‍ സംസാരിക്കും.
കേരളത്തിലെ മറ്റു എം പി മാര്‍ക്കും, എം എല്‍ എമാര്‍ക്കും ഇത് പ്രചോദനം നല്കട്ടെ
ReplyDeleteഅവരുടെ ശ്രദ്ധയില്‍ പെടുത്തുക
ശ്രീ.രാജീവ് എം പി യ്ക്ക് അഭിവാദ്യങ്ങള്‍
സംരഭത്തിനു ആശംസകള്‍
സ്‌കൂളുകളില്‍ ശുചിത്വമുള്ള ടോയ്‌ലറ്റുകളില്ല; അധ്യാപികമാര്‍ രോഗികളാവുന്നു
ReplyDelete--------------------
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശുചിത്വമുള്ള ടോയ്‌ലറ്റുകളില്ലാത്തത് അധ്യാപികമാരിലും വിദ്യാര്‍ഥിനികളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി. അധ്യാപനസമയത്ത് പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ കഴിയാത്തതിനാല്‍ മൂത്രത്തിലെ അണുബാധയടക്കം പല രോഗങ്ങളും ബാധിക്കുന്ന അധ്യാപികമാരുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണ്ടുന്നു.
കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ വിദ്യാഭ്യാസജില്ലകളിലെ മിക്ക സ്‌കൂളുകളിലും ശുചിത്വമുള്ള ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തതാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. മിക്ക സ്‌കൂളുകളിലും ടോയ്‌ലറ്റ് സംവിധാനം ഉണ്ടെങ്കിലും അതെല്ലാം 'പേരില്‍മാത്ര'മാണെന്നതാണ് വാസ്തവം. സര്‍ക്കാര്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റുകളുടെ സ്ഥിതിയാണ് ഏറെ ദയനീയം. മിക്കവയും പൊട്ടിപ്പൊളിഞ്ഞ് കാടുമൂടിക്കിടക്കുകയാണ്. ദുര്‍ഗന്ധം കാരണം അവയുടെ അടുത്തുപോലും അധ്യാപകരും വിദ്യാര്‍ഥികളും പോകാറില്ല.
സ്വകാര്യ സ്‌കൂളുകളിലെ മൂത്രപ്പുരകളില്‍ ചിലത് വിറകുപുരയായും പാഴ്‌വസ്തുക്കളിടാനുള്ള സ്ഥലമായും മാറിയിട്ടുണ്ട്. ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും യഥാസമയം അത് ചെയ്യാറില്ലെന്നു മാത്രം. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും ഒരു ഫലവും ഉണ്ടാകുന്നില്ലെന്ന് അധ്യാപികമാരും വിദ്യാര്‍ഥിനികളും പറയുന്നു.
കൃത്യസമയത്ത് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലും രോഗാവസ്ഥയിലും കൊണ്ടുചെന്നെത്തിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.
''മുതിര്‍ന്ന ഒരാള്‍ ജോലിസമയത്ത് ചുരുങ്ങിയത് മൂന്നുതവണയെങ്കിലും മൂത്രം ഒഴിക്കേണ്ടതുണ്ട്. അത് ചെയ്യാതെ പിടിച്ചുവച്ചാല്‍ മൂത്രത്തില്‍ അണുബാധയുണ്ടാകാനും വൃക്കയില്‍ കല്ലുണ്ടാകാനും സാധ്യത വളരെക്കൂടുതലാണെന്ന് കൊല്ലം ജില്ലാ ആസ്പത്രിയിലെ യൂറോളജിസ്റ്റ് ഡോ.മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.
എം.പി.ഫണ്ട് ഉപയോഗിച്ച് എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയ ഇ-ടോയ്‌ലറ്റ് സംവിധാനം കൊല്ലം ജില്ലയിലെ സ്‌കൂളുകളിലും നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ഇന്ത്യയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആദ്യ ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-ടോയ്‌ലറ്റില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശിക്കാനാവും. ശുചിത്വത്തിന്റെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. എത്ര സമയം ഒരാള്‍ അവിടെ ചെലവഴിക്കുന്നുവോ അതിനനുസരിച്ചുള്ള ജലം മാത്രമേ ഈ സംവിധാനത്തിലൂടെ ഉപയോഗിക്കാനാവൂ. ഏതെങ്കിലും ഒരാള്‍ ഫ്‌ളഷ് ചെയ്യാതെ പോയിട്ടുണ്ടെങ്കിലും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ശുചിയാക്കല്‍ നടക്കും.
ജില്ലയിലെ സ്‌കൂളുകളിലും ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ എം.പി.മാരും എം.എല്‍.എ.മാരും വിദ്യാഭ്യാസവകുപ്പ് അധികൃതരും മുന്‍കൈ എടുക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം.
എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു നല്‍കിവരികയാണെന്ന് കൊല്ലം വിദ്യാഭ്യാസജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ വി.രവീന്ദ്രന്‍ അറിയിച്ചു. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ പ്രകാരം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകള്‍ സ്‌കൂളുകളില്‍ നിര്‍മ്മിക്കാനും പെണ്‍കുട്ടികള്‍ക്ക് സേഫ്റ്റി നാപ്കിന്‍ നല്‍കാനുമുള്ള സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ ഇ-ടോയ്ലറ്റ് തുറന്നു
ReplyDelete--------------------------
കൊച്ചി: ടോയ്ലറ്റുകളുടെ ഉപയോഗവും വൃത്തിയും പ്രധാനമായതുകൊണ്ടാണ് താന്‍ ഈ പദ്ധതി ഉദ്ഘാടനംചെയ്യാനെത്തിയതെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. ലോകത്തിനുതന്നെ മാതൃകയാകുന്ന പദ്ധതിയാണിത്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്കുമാത്രമേ ഇത്തരം പദ്ധതികള്‍ ആസൂത്രണംചെയ്യാനാകൂ. പി രാജീവ് എംപി കാണിച്ച മാതൃക നാളെ രാജ്യം അനുകരിക്കട്ടെ എന്നും കൃഷ്ണയ്യര്‍ ആശംസിച്ചു.
--ജനപ്രതിനിധികളുടെ ഫണ്ട് വിനിയോഗത്തിനുള്ള ഉത്തമ മാതൃകയാണ് ഇ-ടോയ്ലറ്റ് പദ്ധതിയെന്ന് അധ്യക്ഷനായ മേയര്‍ ടോണി ചമ്മണി പറഞ്ഞു. രണ്ട് ഇ-ടോയ്ലറ്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി നഗരസഭയുടെ അജന്‍ഡയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു
GOOD
ReplyDelete