Pages

Saturday, March 5, 2011

ഉണര്‍വിന്‍റെ കാഴ്ചകള്‍


വിദ്യാലയങ്ങളില്‍ ഒട്ടേറെ സര്‍ഗാത്മകമായ ഇടപെടല്‍ നടക്കുന്നു.മുന്‍പെങ്ങും ഇല്ലാത്ത വിധം വൈവിധ്യമുള്ളവ.കുട്ടികള്‍ നന്മയുടെ പാഠങ്ങള്‍ പഠിക്കുന്നതിന്റെ തെളിവുകള്‍. വിദ്യാഭ്യാസ മേഖല കൈവരിച്ച ഉത്സാഹത്തിന്റെ ദൃശ്യങ്ങള്‍.തീര്‍ച്ചയായും പുതിയ പഠന രീതിയും സമീപനങ്ങളും അധ്യാപക പരിശീലനവും പ്രസരിപ്പിച്ച ഊര്‍ജം സ്കൂളുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിന്‍റെ ഫലമാണിവ.
മാതൃ ഭൂമി പത്രത്തില്‍ വന്ന വാര്‍ത്തകള്‍ അത് വിളിച്ചോതും.

.ഭൂമിക്ക് താങ്ങായി കുട്ടികളുടെ സംഗീതശില്‌പം

ഇരിട്ടി: പ്രകൃതിവിഭവങ്ങള്‍ക്കുമേലുള്ള കടന്നാക്രമണം, ഭ്രാന്തമായ ഉപഭോഗാസക്തി, വികസനത്തിലൂടെ താളംതെറ്റിയ സന്തുലിതാവസ്ഥ- ആധുനിക മനുഷ്യന്‍ വഴിതെറ്റി നടന്നതിന്റെ ദുരന്തത്തിനുമീതെ പ്രതിരോധമതില്‍ തീര്‍ക്കുകയാണ് സംഗീതശില്പത്തിലൂടെ കുട്ടികള്‍
ചാവശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാള വിഭാഗം പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ സംഗീതശില്പമാണ് ശ്രദ്ധേയമായത്. സുഗതകുമാരിയുടെ 'ഒരേയൊരു ഭൂമി' എന്ന കവിതയാണ് വിദ്യാര്‍ഥികള്‍ നൃത്തമായി ആവിഷ്‌കരിച്ചത്. പാരിസ്ഥിതിക നാശത്തിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് കുട്ടികള്‍ സംഗീതശില്പത്തില്‍ അണിനിരന്നത്. വികസനം മര്‍ത്ത്യമനസ്സില്‍ നിന്നാണുണ്ടാവേണ്ടത് എന്ന സന്ദേശമാണ് കുട്ടികള്‍ നല്‍കിയത്. എട്ടാംക്ലാസ് മലയാളം പാഠാവലിയിലെ 'പച്ചപ്പുകള്‍ തേടി' എന്ന ഭാഗം ക്ലാസ് മുറിയില്‍ വിനിമയം ചെയ്യാനായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് സംഗീതശില്പം രൂപംകൊണ്ടത്. സര്‍വശിക്ഷ അഭിയാന്റെ 'നിലാവ്' കലാജാഥയുടെ ഭാഗമായി ഇരിട്ടി ടൗണിലാണ് കുട്ടികള്‍ പരിപാടി അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.റോസ ഉദ്ഘാടനം ചെയ്തു. ചാവശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഡോ.സി.കെ.മോഹനന്‍ സംഘാടനവും തോമസ് ദേവസ്യ സംവിധാനവും നിര്‍വഹിച്ച സംഗീതശില്പത്തില്‍ വിദ്യാര്‍ഥികളായ അമല്‍രാജ്, ജിഷ്ണു, ഋഷികിഷോര്‍, എം.നിഖില്‍, കെ.പി.ആതിര, സി.ശര്‍മ്യ, എം.വി.അരുണിമ, അഞ്ജു ഹരീന്ദ്രന്‍, എം.അഞ്ജു, കെ.അനുശ്രീ, പി.വി.അമൃത, പി.വി.അനഘ, പി.വി.ഐശ്വര്യ, ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
'ഞങ്ങളും പാടും, വരയ്ക്കും- നിങ്ങളെപ്പോലെ'
തൃക്കരിപ്പൂര്‍:ക്ലാസ് മുറിയിലെ പഠനത്തില്‍ പിന്നാക്കക്കാരാണെങ്കിലും ഞങ്ങള്‍ക്കും പലതുംചെയ്യാന്‍ കഴിയുമെന്ന് മുതിര്‍ന്നവരെയും രക്ഷിതാക്കളെയും അധ്യാപകരെയും ബോധ്യപ്പെടുത്തി, പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സഹവാസക്യാമ്പ്.

ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും പഠന പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടാന്‍ പ്രാപ്തമാക്കുന്ന സഹവാസ ക്യാമ്പ് 'മഴവില്ല്' എസ്.എസ്.എ.യാണ് സംഘടിപ്പിച്ചത്. തങ്കയം എ.എല്‍.പി. സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളോടൊപ്പം മറ്റ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു. ഞങ്ങളോട് സഹതാപമല്ല ഞങ്ങള്‍ക്കനുയോജ്യമായ പഠനാന്തരീക്ഷമാണ് വേണ്ടതെന്ന് കുട്ടികള്‍ ക്യാമ്പില്‍തെളിയിച്ചു. ഗണിതമൂല, ഭാഷാ കേളികള്‍, ചിത്രശാല, സിനിമാശാല എന്നീ വിഭാഗങ്ങളിലാണ് പരിപാടികള്‍ നടന്നത്.

രാഷ്ട്രപതിയുടെ അവാര്‍ഡിന് അര്‍ഹയായ കുമാരി ആതിരയുടെ ചിത്രപ്രദര്‍ശനവും ക്യാമ്പില്‍ നടന്നു. ബഷീര്‍ എടാട്ട്, എം.ഷമീമ, കെ.സുജാത, കെ.വി.പ്രസന്ന കുമാര്‍ എന്നിവര്‍ ക്യാമ്പില്‍ ക്ലാസുകളെടുത്തു. എ.ഇ.ഒ വി.കൃഷ്ണന്‍, ബി.പി.ഒ ഒ.രാജഗോപാലന്‍, പി.പി.വേണുഗോപാലന്‍, കെ.അബ്ദുറഹ്മാന്‍, എം.രവി, എം.അമ്പു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി

സ്‌കൂളില്‍ ബയോഗ്യാസ്ശാല കുട്ടികള്‍ ചോദിക്കുന്നു; നിങ്ങള്‍ക്കും ഇതുപോലെ ചെയ്തൂടേ..
എടവണ്ണ: മാലിന്യം സംസ്‌കരിക്കാന്‍ സ്‌കൂള്‍ വളപ്പ് - കേട്ടാല്‍ എന്ത് തോന്ന്യാസം എന്ന് തോന്നാം. പക്ഷേ. നമ്മളൊക്കെ പലപ്പോഴും ചെയ്യുമ്പോലെ ആരും അറിയാതെ മാലിന്യം കൊണ്ട് നിക്ഷേപിക്കുകയല്ല, ഐ.ഒ.എച്ച്.എസ്.എസിലെ കുട്ടികള്‍. മാലിന്യം സ്വമേധയാ വാങ്ങി ബയോഗ്യാസ് പ്ലാന്റിലിട്ട് സ്‌കൂളിനാവശ്യമായ പാചക വാതകം നിര്‍മിക്കുകയാണവര്‍.

പരമാവധി 10,000 രൂപ ചെലവായ പ്ലാന്റ് ഒരു സന്നദ്ധ സംഘടനയാണ് നിര്‍മിച്ചുകൊടുത്തത്. പരിസര പ്രദേശത്തെ മാലിന്യങ്ങള്‍ മുഴുവന്‍ ശേഖരിച്ച് ജൈവ- അജൈവ മാലിന്യങ്ങള്‍ വേര്‍ തിരിക്കും. ജൈവ മാലിന്യങ്ങള്‍ സംസ്‌കരണ ടാങ്കില്‍ ഇടുന്നു. ലഭിക്കുന്ന വാതകം പ്രത്യേകം നിര്‍മിച്ച ബാഗില്‍ നിറച്ചശേഷം ആവശ്യാനുസരണം ഉപയോഗിക്കുകയാണ്‌ചെയ്യുന്നത്. സ്‌കൂളിലെ പാചകത്തിന് മുഴുവനായി ഉപയോഗിച്ചാലും പിന്നെയും വാതകം ബാക്കിയാണ്. ടാങ്കില്‍നിന്ന് മാറ്റുന്ന അവശിഷ്ടം മികച്ച ജൈവവളം ആണെന്ന് കുട്ടികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം ചെറുപ്ലാന്റുകള്‍ നിര്‍മിച്ചാല്‍ ഒരുപാട് മാലിന്യങ്ങള്‍ ഉപയോഗപ്രദമാക്കിത്തീര്‍ക്കാന്‍ കഴിയില്ലേ എന്ന ചോദ്യം കുട്ടികള്‍ ചോദിക്കുന്നു. 'മാതൃഭൂമി' സീഡ് പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ ഓയിസ്‌ക ലവ് ഗ്രീന്‍ ക്ലബാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അധ്യാപകനായ അലി അക്ബര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധാകരന്‍ വണ്ടൂര്‍ എന്നിവര്‍ ആവശ്യമായ മാര്‍ഗനിര്‍ദേശവും നല്‍കുന്നു


ആയിരം കുഞ്ഞിക്കൈകള്‍ വാനിലുയര്‍ത്തി മാസികാപ്രകാശനം

ആനക്കര: വാക്കുകളും വരകളും വര്‍ണങ്ങളും നിറഞ്ഞ ആയിരം മാസികകളേന്തിയ കുഞ്ഞിക്കൈകള്‍ വാനിലുയര്‍ന്നപ്പോള്‍ അത് മാസികാ പ്രകാശനത്തിന്റെ വേറിട്ടകാഴ്ചയായി. ആനക്കര സ്വാമിനാഥവിദ്യാലയം എന്ന ഡയറ്റ്‌ലാബ്‌സ്‌കൂളിലാണ് ബാല്യകൗമാരത്തിന്റെ സര്‍ഗസാക്ഷ്യമായ ആയിരം മാഗസിനുകളുടെ പ്രകാശനംനടന്നത്. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് കൗതുകവും വൈവിധ്യവുമുള്ള മാസികകള്‍ തയ്യാറാക്കിയത്. സ്വന്തംഗ്രാമത്തിന്റെ ജീവല്‍പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നവയാണ് മാഗസിനുകളില്‍ അധികവും. മണ്ണ്, മണല്‍, വെള്ളം എന്നിവയുടെ ക്ഷാമവും ദുരുപയോഗവുമാണ് കുട്ടികള്‍ അധികവും രചനയ്ക്ക് വിഷയമാക്കിയത്. ചടങ്ങില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ രാജന്‍ മുഖ്യപ്രഭാഷണംനടത്തി
.

ഈ വാര്‍ത്തകള്‍ ഇപ്പോള്‍ നല്‍കുന്നതിനു മറ്റൊരു ഉദ്ദേശ്യവും ഉണ്ട്
നല്ല പ്രവര്‍ത്തനങ്ങള്‍ ഡോക്ക്യുമെന്റ്റ് ചയ്തു സൂക്ഷിക്കാന്‍ അതതു ജില്ലകള്‍ ശ്രമിക്കണം.
എല്ലാ പത്രങ്ങളുടെയും ഓണ്‍ ലൈന്‍ ന്യുസ് പേപ്പറില്‍ നിന്നും കോപ്പി ച്യ്താല്‍ മതി. ജില്ലാ വാര്‍ത്തകള്‍ നോക്കിയാലെ കിട്ടൂ.
ജില്ല ബ്ലോഗുകള്‍ സമൃദ്ധമാകട്ടെ അത് വഴി മുന്നേറ്റങ്ങളുടെ അനുഭവം വാര്തയിലൂടെയാനെങ്കിലും മറ്റു ജില്ലക്കാര്‍ക്കും കിട്ടുമല്ലോ


1 comment:

  1. സാറിന്റെ ആത്മാര്‍ത്ഥതക്ക് പകരം വക്കാന്‍, നമുക്ക് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവക്കാന്നെ കഴിയുകയുള്ളൂ.....[ഒരു അദ്ധ്യാപിക എന്ന നിലയില്‍ ]

    ReplyDelete

പ്രതികരിച്ചതിനു നന്ദി