Pages

Friday, June 10, 2011

ഇല്ലാത്തവര്‍ക്കായി ആയിരത്തിലധികം നോട്ടുപുസ്തകങ്ങള്‍

ചിറ്റൂര്‍: ജീവകാരുണ്യപ്രവര്‍ത്തനത്തിന് പുതിയ മാനവും മാതൃകയും നല്‍കി ജംഷീന സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായി. ചിറ്റൂര്‍ വിജയമാത കോണ്‍വെന്റിലെ പ്ലസ്ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥിനിയായ എം.ജെ. ജംഷീന രണ്ടുദിവസംകൊണ്ട് കുട്ടികളില്‍നിന്ന് ശേഖരിച്ചത് ആയിരത്തിലധികം നോട്ടുപുസ്തകങ്ങളും ആയിരത്തഞ്ഞൂറിലധികം പേനകളുമാണ്.

പഠിക്കാന്‍ സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന തന്നെപ്പോലെയുള്ള കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജംഷീന ഈ ദൗത്യം ഏറ്റെടുത്തത്. പാലക്കാട് ഹോളിഫാമിലി വെല്‍നെസ്സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ 'പ്രത്യാശ' ഗ്രൂപ്പിലെ വളണ്ടിയര്‍ കൂടിയാണ് ജംഷീന.
പുതുവര്‍ഷത്തില്‍ പുത്തന്‍നോട്ടുപുസ്തകങ്ങളും പേനയും വാങ്ങുമ്പോള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കാനായി ഒരു പുസ്തകം അധികം വാങ്ങിവരണമെന്ന് ചങ്ങാതിമാരോട് അഭ്യര്‍ഥിക്കാനായിരുന്നു പ്രത്യാശയുടെ ആഹ്വാനം. അമ്പത് പുസ്തകമാണ് ഓരോ വളണ്ടിയര്‍മാരും ലക്ഷ്യമിട്ടത്. സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സുകളിലും കയറി ജംഷീന ജീവകാരുണ്യത്തെക്കുറിച്ച് സംസാരിച്ചു.
'നമ്മള്‍ ജീവിക്കുന്നത് എന്തിനുവേണ്ടിയാണ്' എന്ന ചോദ്യം ഉയര്‍ത്തി ജംഷീന നടത്തിയ പ്രസംഗം കുട്ടികള്‍ക്ക് ആവേശമായി. കൂടനിറച്ച് പുസ്തകങ്ങളും പേനയും സെ്കയിലുമൊക്കെയായാണ് അടുത്തദിവസം അവരെത്തിയത്. പ്രിന്‍സിപ്പല്‍ ആനി പോളിന്റെയും രമ, റീന എന്നീ അധ്യാപികമാരുടെയും പിന്തുണയും ജംഷീനയ്ക്കുണ്ടായിരുന്നു.

ജില്ലാ, സംസ്ഥാന തലങ്ങളില്‍ വിവിധ പ്രസംഗമത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിട്ടുള്ള ജംഷീനയുടെ ലക്ഷ്യം സിവില്‍ സര്‍വീസാണ്. പുതുനഗരം അയ്യപ്പ തിയേറ്ററിനു സമീപം താമസിക്കുന്ന കൂലിപ്പണിക്കാരനായ അബ്ദുള്‍ജബ്ബാറിന്റെയും നഴ്‌സറി ടീച്ചറായ ഷക്കീനയുടെയും മകളാണ്. സഹോദരി ജസീന ഡിഗ്രി വിദ്യാഥിനിയാണ്. പഠിക്കാനാവശ്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ വീട്ടിലാണ് താമസം. മികച്ച വിജയമാണ് പത്താംക്ലാസില്‍ ജംഷീന കൈവരിച്ചത്. ലഭിച്ച പുസ്തകങ്ങളും പേനയും എലപ്പുള്ളി 'സ്‌നേഹതീര'ത്തിലെ രോഗികളുടെ കുട്ടികള്‍ക്കും ചിറ്റൂരിലെ സര്‍ക്കാര്‍സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുമായി വിതരണംചെയ്യാനാണ് ജംഷീനയുടെ തീരുമാനം.
------------------------------------------------------------പഠിക്കാന്‍ സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി ഇടപെടല്‍ ഉണ്ടാകണം.അതിനു നാം എന്ത് ചെയ്തു എന്ന് ഓരോ സ്കൂളും ആലോചിക്കണം.ഒപ്പം സംഘടനകളും സമൂഹവും ഭരണകൂടവും .
----------------

--സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലേറെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതിനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
  • എല്ലാ വിഭാഗം അധ്യാപക സംഘടനകളും സമരത്തില്‍
  • സമരത്തിലെക്കുള്ള ജൂണ്‍
  • പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ ഒത്തുള്ള നീക്കം ശക്തിപ്പെടണം.
ഒരു ഓര്‍മപ്പെടുത്തല്‍ കൂടി.
ഉദ്ഘാടനം,ആശംസ ഇവയ്ക്കു വരുന്ന രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ പൊതു വിദ്യാലയങ്ങളില്‍ ആണെന്ന് ഉറപ്പു വരുത്തണേ..
പെയ്മെന്റ് സീറ്റുകളില്‍ അല്ലെന്നു..

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി