Pages

Wednesday, August 3, 2011

ആങ്ങളമാരില്ലാത്ത സമൂഹം?


ദേശാഭിമാനി മുഖ പ്രസംഗം ചൂണ്ടുവിരല്‍ സ്കൂളുകളില്‍  ചര്‍ച്ചയ്ക്കായി പങ്കിടുന്നു
ഹെല്പ് ഡസ്ക് പരിശീലനം നടക്കുന്ന ഈ വേളയില്‍ ഈ അഭ്പ്രായങ്ങള്‍ക്ക് പ്രസക്തി ഏറെയുണ്ട്


ദേശാഭിമാനി എന്താണ് പറയുന്നതെന്ന് നോക്കാം.

"സാംസ്കാരികമായി ബോധം നഷ്ടപ്പെട്ട ഒരു സമൂഹമാവുകയാണോ നാം എന്നു ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് നിത്യേനയെന്നോണം കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഉണ്ടാകുന്നത്. കൊച്ചു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കൊലപ്പെടുത്തിയെന്നും ആത്മഹത്യചെയ്തെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ മിക്കവാറും എല്ലാ ദിവസവും വരുന്നു. ഇത്തരം ഒറ്റ സംഭവമുണ്ടായാല്‍പോലും ഞെട്ടിയുണരേണ്ട സമൂഹമനഃസാക്ഷി ഏതോ നിര്‍വികാരതയില്‍ ആഴ്ന്നാലെന്നവിധം മയങ്ങിക്കിടക്കുന്നു.
സ്കൂളിലേക്ക് രാവിലെ പോകുന്ന പെണ്‍കുട്ടി വൈകിട്ട് തിരിച്ചുവരുമോ എന്നുറപ്പില്ലാത്ത അവസ്ഥ കേരളത്തിലുണ്ടായിരിക്കുന്നു. പെണ്‍കുട്ടികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയിലും ആശങ്കയിലുമല്ലാതെ ഒരു ദിവസംപോലും അച്ഛനമ്മമാര്‍ക്ക് കഴിയാനാവില്ല എന്ന അവസ്ഥയ്ക്ക് അറുതിവരുത്തിയേ മതിയാവൂ. കുഞ്ഞുങ്ങള്‍ ,വികൃതമായ മാനസികാവസ്ഥയുള്ളവര്‍ക്കും സമ്പന്നന്മാര്‍ക്കും ഉപയോഗിക്കാനുള്ള ഉപകരണങ്ങളാണെന്ന സ്ഥിതി തുടര്‍ന്നുകൂടാ. ഇതിന്, സമൂഹത്തിന്റെ എല്ലാ മേഖലകളിലും ജാഗ്രതയുണ്ടാവേണ്ടതുണ്ട്.

വിദ്യാര്‍ഥിസംഘടനകള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ആങ്ങളമാരില്ലാത്തവരല്ല കേരളത്തിലെ പെണ്‍കുട്ടികള്‍ എന്നു തെളിയിച്ചുകൊടുക്കാനുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെടണം. പെണ്‍കുട്ടികള്‍ക്കു ചുറ്റും കഴുകന്‍ കണ്ണുകളുമായി കറങ്ങുന്ന സംഘങ്ങളെ കണ്ടെത്താനും അവര്‍ക്ക് ഇരയാകുന്നവരെ രക്ഷിക്കാനും വിദ്യാര്‍ഥിസംഘടനകള്‍ക്ക് ഒരു പ്രത്യേക കണ്ണുവേണം.
വിദ്യാര്‍ഥിസംഘടനകള്‍മാത്രം വിചാരിച്ചാല്‍ അവസാനിക്കുന്ന പ്രശ്നമല്ല ഇത്. കമ്പോള സംസ്കാരത്തിന്റെ വ്യാപനത്തോടെ എല്ലാം ഉപഭോഗത്തിന് എന്ന അവസ്ഥ വന്നു. ആ അവസ്ഥയ്ക്ക് അറുതി കുറിച്ചുകൊണ്ടേ പ്രശ്നത്തെ നേരിടാനാവൂ. അവിടെയാണ് ഭരണാധികാരത്തിലുള്ളവര്‍ക്ക് പലതും ചെയ്യാന്‍ കഴിയുന്നത്. പുതിയ തലമുറയ്ക്കാവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ അവരെക്കൊണ്ട് വാങ്ങിപ്പിക്കാനുള്ള വല വിരിച്ചു കാത്തിരിക്കുകയാണ് കമ്പോളം. പുതുതലമുറയെ ആര്‍ഭാട ഉല്‍പ്പന്നങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള തരം പരസ്യങ്ങള്‍ അവര്‍ പത്രങ്ങളിലും ടിവികളിലും തുടരെ നല്‍കിവരുന്നു. അത്തരം ഉല്‍പ്പന്നങ്ങളിലേക്ക് കൈയെത്താത്ത സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികളില്‍ ഒരുതരം അപകര്‍ഷബോധം ജനിപ്പിക്കാനുള്ള കമ്പോളശ്രമങ്ങള്‍ നടക്കുന്നു. നേരായ വഴിയേ കിട്ടാത്ത പണം വളഞ്ഞവഴിയേ നേടിയായാലും ആര്‍ഭാടങ്ങള്‍ കുറയ്ക്കരുത് എന്ന മിഥ്യാഭിമാനബോധം കമ്പോളം കുഞ്ഞുങ്ങളുടെ മനസ്സില്‍ കുത്തിവയ്ക്കുന്നു. ഈ കമ്പോള സംസ്കാരത്തിന് അറുതിവരുത്തിക്കൊണ്ടല്ലാതെ പ്രശ്നത്തിന് കാതലായ പരിഹാരമുണ്ടാക്കാനാവുകയില്ല. പണക്കൊതിയില്‍ പരസ്പരം മത്സരിക്കുന്ന കുത്തകകളെ വളര്‍ത്തുന്ന മുതലാളിത്തത്തിന്റെ നേര്‍സൃഷ്ടിയാണ് മലീമസമാകുന്ന നമ്മുടെ സദാചാരരംഗംപോലും.
വിജ്ഞാനവിസ്ഫോടനത്തിന്റെ ഭാഗമായി വിവരസാങ്കേതികവിദ്യയില്‍ വന്ന മാറ്റത്തിനനുബന്ധമായി സമൂഹത്തില്‍ പ്രത്യേക ജാഗ്രത പുലരണമായിരുന്നു. പുരോഗമിക്കുന്ന ഏത് സമൂഹവും നിര്‍ബന്ധമായും പുലര്‍ത്തേണ്ട ജാഗ്രതയുടെ കാര്യത്തില്‍ നമുക്ക് വീഴ്ചപറ്റുന്നുണ്ടോ എന്ന് ചിന്തിക്കണം. ഇന്റര്‍നെറ്റും അതിലൂടെ കരഗതമാവുന്ന ശ്ലീലാശ്ലീലലോകങ്ങളും മൊബൈല്‍ഫോണും അതിലൂടെ ലഭ്യമാവുന്ന സൗകര്യാസൗകര്യങ്ങളുമൊക്കെ വേര്‍തിരിച്ചുകാണാനുള്ള ബോധം പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. വിവരസാങ്കേതിക വിദ്യയുടെ മാസ്മരികലോകം നിയന്ത്രണരഹിതമായി തുറന്നിട്ടുകൊടുക്കുമ്പോള്‍ വിജ്ഞാനാര്‍ജവത്തിനുള്ള ആ ഉപാധികള്‍ അതിനുതന്നെയാണോ ഉപയോഗിക്കപ്പെടുന്നത് എന്ന് ഇടയ്ക്കിടെയെങ്കിലും അച്ഛനമ്മമാര്‍ നോക്കണം.

സ്കൂളുകള്‍ക്കടുത്ത് മയക്കുമരുന്ന്-നീലച്ചിത്ര വില്‍പ്പന നടക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാന്‍ ആ പ്രദേശത്തുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍തന്നെ മുന്‍കൈ എടുക്കണം. വിദ്യാര്‍ഥി യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കണം.
അച്ഛനമ്മമാര്‍ പ്രാര്‍ഥനകള്‍ക്കും ടിവി സീരിയല്‍ കാണലിനും ഒക്കെ സമയം കണ്ടെത്തുകയും കുട്ടികളോട് അവരുടെ കൊച്ചുസന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ച് ഒന്നിച്ചിരിക്കാന്‍ സമയം കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിക്കൂടാ. അച്ഛനമ്മമാരോടു കുട്ടികള്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം വീടുകളില്‍ അനുവദിക്കണം. ആ റോള്‍ അപരിചിതരായി വരുന്ന പുറമെ നിന്നുള്ളവര്‍ക്ക് അനുവദിക്കപ്പെട്ടുകൂടാ.
ഓരോ വിദ്യാലയത്തിലും മാസത്തിലൊരിക്കലെങ്കിലും കൃത്യമായി കൗണ്‍സിലിങ്ങിനുള്ള സംവിധാനമുണ്ടാവണം. കുട്ടികളുടെ മനോവ്യാപാരങ്ങളും അതിന്റെ ഗതിവിഗതികളും അധ്യാപകരും അച്ഛനമ്മമാരും അറിയുന്ന അവസ്ഥ വേണം.
മനോവൈകൃതമുള്ള ഒറ്റപ്പെട്ട ഏതെങ്കിലുമൊരാളിന്റെ അരുതാത്ത തരത്തിലുള്ള ബന്ധം പ്രധാന്യപൂര്‍വം പത്രത്തില്‍ വായിക്കുമ്പോള്‍ , അത് സമൂഹത്തില്‍ നിലവിലുള്ള പൊതുരീതിയാണ് എന്ന് ദുര്‍ബലമാനസരായ ചിലരെങ്കിലും ധരിച്ചുവെന്നു വരാം. സഹോദരീ സഹോദരന്മാര്‍ തമ്മിലും അച്ഛനും മകളും തമ്മിലും ഒക്കെ സ്നേഹനിര്‍ഭരവും ആരോഗ്യകരവുമായ ദൃഢബന്ധം നിലനില്‍ക്കുന്ന സമൂഹമാണിത്. അവര്‍ക്കിടയില്‍പ്പോലും പരസ്പരം അവിശ്വാസവും അരക്ഷിതത്വബോധവും വളര്‍ത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ അമിതപ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത് ഉചിതമാണോ എന്നു മാധ്യമങ്ങള്‍ കൂട്ടായി ആലോചിക്കണം. ജീവിതം എന്നത് രസിക്കാനുള്ളതാണെന്നും സ്ത്രീശരീരം രസാസ്വാദനത്തിനുള്ള ഉപകരണമാണെന്നും ധരിപ്പിക്കുന്ന തരത്തിലുള്ള ടെലിവിഷന്‍ പരിപാടികള്‍ , മെഗാ ഷോകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ വൈകിയ വേളയിലെങ്കിലും പുനരാലോചന വേണം.

ശാസ്ത്ര-സാങ്കേതിക കാര്യങ്ങളിലെ അറിവിനൊപ്പം, കുഞ്ഞുങ്ങളുടെ മനസ്സിനെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള സാഹിത്യകൃതികള്‍ക്കും പ്രാധാന്യമുണ്ട് എന്നു തിരിച്ചറിഞ്ഞ് പാഠ്യപദ്ധതി ദേശീയതലത്തില്‍ത്തന്നെ പരിഷ്കരിക്കേണ്ടതുണ്ട്. മസ്തിഷ്കത്തെ മാത്രമല്ല മനസ്സിനെക്കൂടി സംബോധനചെയ്യുന്ന തരത്തിലാവണം പാഠ്യപദ്ധതി. ആണ്‍ -പെണ്‍ ബന്ധങ്ങള്‍ കേവലമായ ശരീരബന്ധങ്ങളല്ല, മാനസികബന്ധങ്ങള്‍തന്നെയാണെന്ന ബോധം കുട്ടികളില്‍ വളര്‍ത്താന്‍ കഴിയണം.

വിദ്യാലയങ്ങളുടെ സമീപപ്രദേശങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലുമൊക്കെ ഇടയ്ക്കൊക്കെയെങ്കിലും മഫ്തി പൊലീസിനെ നിയോഗിച്ചാല്‍ അവിടങ്ങളില്‍ കറങ്ങിനടക്കുന്ന പ്രാപ്പിടിയന്മാരെ പിടികൂടാന്‍ വിഷമമില്ല. അശ്ലീല സിഡി കച്ചവടംമുതല്‍ മയക്കുമരുന്നു കച്ചവടംവരെ നടക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ വിഷമമില്ല. സമരമുഖങ്ങളില്‍ വിദ്യാര്‍ഥികളുടെ തല തല്ലിക്കീറുന്ന വീറിന്റെ നൂറിലൊരംശം പൊലീസ് ഇതിനൊക്കെയായി വിനിയോഗിക്കുമെങ്കില്‍ ഇതാവില്ല കേരളത്തിന്റെ സ്ഥിതി.
 നേരാങ്ങളമാരുള്ള പെങ്ങന്മാരാണ് കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും പോകുന്ന പെണ്‍കുട്ടികള്‍ എന്ന് വികലമനസ്സുകളെ ബോധ്യപ്പെടുത്താന്‍ കേരളം, പ്രത്യേകിച്ച് കേരളത്തിലെ വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തിറങ്ങട്ടെ"
02-Aug-2011

പെണ്‍ കുട്ടികളുടെ  ശാക്തീകരനത്തിനായി ഓരോ സ്കൂളും എന്ത്  ചെയ്തു /ചെയ്യും എന്നതും പ്രധാനം. അത്തരം  അനുഭവങ്ങള്‍  ആശയങ്ങള്‍  പങ്കിടാമോ

6 comments:

  1. പറയുന്നത് ദേശാഭിമാനിയായതുകൊണ്ട് സത്യം.പാർട്ടിയും യുനജന-വിദ്യാർത്ഥി സംഘടനകളൂം ആവുന്നതെല്ലാം ചെയ്തുകഴിഞ്ഞു.ബാക്കി പിന്തിരിപ്പന്മാർ കൂടി ചെയ്യുക.

    ReplyDelete
  2. ഇങ്ങനെയാണ് വിഷയത്തില്‍ നിന്നും കേരളക്കാര്‍ ചര്‍ച്ച മാറ്റുന്നത്. (താങ്കളുടെ കമന്റ് )
    പെണ്‍കുട്ടികളുടെ ശാക്തീകരണം.അത് മനോരമയായാലും വീക്ഷനമായാലും ചന്ദ്രക ആയാലും ജന്മഭൂമി ആയാലും
    ചെവികൊടുക്കാന്‍ കഴിയണം.
    സ്കൂളുകളില്‍ എന്ത് ചെയ്തു/ചെയ്യാം എന്ന ചോദ്യത്തിനു ...എന്താ സുഹൃത്തെ പ്രതികരണം

    ReplyDelete
  3. തുറവൂര്‍: ബാലപീഡനങ്ങള്‍ക്കെതിരെ അഴീക്കല്‍ ബി.ബി.എം. എല്‍.പി.സ്‌കൂളില്‍ ഏകദിന കൗണ്‍സിലിങ്ങും രക്ഷാകര്‍ത്തൃ ബോധവത്കരണവും സംഘടിപ്പിച്ചു. 'വാടരുതീമലരുകള്‍' എന്ന പദ്ധതി പ്രകാരം രാവിലെ 9.30 മുതല്‍ കുട്ടികള്‍ക്കു കൗണ്‍സിലിങ് നടന്നു.

    ReplyDelete
  4. >>>നേരാങ്ങളമാരുള്ള പെങ്ങന്മാരാണ് കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും പോകുന്ന പെണ്‍കുട്ടികള്‍ എന്ന് വികലമനസ്സുകളെ ബോധ്യപ്പെടുത്താന്‍ കേരളം, പ്രത്യേകിച്ച് കേരളത്തിലെ വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തിറങ്ങട്ടെ">>>>>
    വിഷയത്തില്‍ നിന്നും മാറലാണോ എന്നറിഞ്ഞൂടാ..എന്നാലും ചോദിക്കുകയാണ്..ഈ വിദ്യാര്‍ഥി സംഘടനകള്‍ എന്ന് പറഞ്ഞാല്‍ ആണ്‍കുട്ടികളുടെ സംഘടന എന്നാണോ അര്‍ഥം? അതില്‍ പെന്കുട്ടികലോന്നും പ്രവര്‍ത്തിക്കുന്നില്ലേ? സംരക്ഷിക്കാന്‍ ആങ്ങളമാറുന്ടെങ്കിലെ എവിടെ പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതിയാണോ വേണ്ടത്, അതോ ആര് കൂടെയില്ലെങ്കിലും ഉപദ്രവിക്കാന്‍ വരുന്നവന്റെ കണ്ണടിച്ചു പൊട്ടിക്കാനുള്ള തന്റേടവും പരിശീലനവുമാണോ സ്കൂളില്‍ കൊടുക്കേണ്ടത്?

    ReplyDelete
  5. ല്ല ചോദ്യം.ഇടപെടലിനു നന്ദി
    പെണ്ണത്തം എന്നത് ശക്തിയും പ്രതിരോധവും ശബ്ദവും ആയി മാറണം.തനെടത്തിന്റെ കരുത്തു,തീരുമാനം എടുക്കാനുള്ള കഴുവ്,യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം,അഭിപ്രായം വെട്ടിത്തുറന്നു പ്രകടിപ്പിക്കാനുള്ള വേദികള്‍,ചോദ്യം ചെയ്യലിനെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയാന്ത്രീക്ഷം,വാര്‍പ്പുമാതൃകകളെ വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള അവസരം,നല്ല സൗഹൃദം പ്രോത്സാഹിപ്പിക്കല്‍ ഇതൊക്കെ പ്രധാനം.
    പക്ഷെ ഇരകളും ഉപഭോഗ വസ്തുവുമായി കാണുന്ന ആണ്‍ മനസ്സുകള്‍ ആങ്ങളമാനസാകണം നല്ല സുഹൃദ് മനസാകണം
    പെണ്ണത്തശാക്തീകരണം സ്കൂളില്‍ നടക്കണം
    അപ്പോള്‍ ആണ്‌കുട്ടികളും ഉണ്ടാവണം.

    ReplyDelete
  6. വീട്ടിൽ മാതൃകയുള്ള ഒരു അമ്മയുണ്ടെങ്കിൽ മാതൃകയുള്ള ഒരു പെൺകുട്ടിയെ സമൂഹത്തിനു ലഭിക്കും. 30 വർഷങ്ങൾക്ക്‌ മുൻപുള്ള 30 വയസു കാരിയെക്കാൾ അറിവുള്ളവളാണു് ഇന്നത്തെ 13 വയസ്സുകാരി എന്ന വാസ്തവം കണ്ടില്ല്ന്ന് നടിക്കരുത്‌.

    ReplyDelete

പ്രതികരിച്ചതിനു നന്ദി